Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലാവരുടേയും ആളായ ശ്രീധരൻപിള്ളയെ പ്രസിഡന്റാക്കിത് പൊതു സമ്മതനായ നേതാക്കളേയും സാമൂഹ്യ പ്രവർത്തകരേയും സിനിമാക്കാരേയും പാർട്ടിയിലേക്ക് കൊണ്ടു വരാൻ; ഇ ശ്രീധരൻ മുതൽ മോഹൻലാൽ വരെ സ്വപ്‌ന പട്ടികയിൽ; കോൺഗ്രസിലെ പ്രമുഖരുമായി ചർച്ച തുടരുന്നു; പാർട്ടി വിട്ടു പോയ പ്രമുഖർക്കും സ്ഥാനം നൽകി തിരികെ കൊണ്ടു വരും; വക്കീൽ പണിയുടെ തിരക്കിനിടയിലും സജീവ നീക്കങ്ങളുമായി ശ്രീധരൻ പിള്ള

എല്ലാവരുടേയും ആളായ ശ്രീധരൻപിള്ളയെ പ്രസിഡന്റാക്കിത് പൊതു സമ്മതനായ നേതാക്കളേയും സാമൂഹ്യ പ്രവർത്തകരേയും സിനിമാക്കാരേയും പാർട്ടിയിലേക്ക് കൊണ്ടു വരാൻ; ഇ ശ്രീധരൻ മുതൽ മോഹൻലാൽ വരെ സ്വപ്‌ന പട്ടികയിൽ; കോൺഗ്രസിലെ പ്രമുഖരുമായി ചർച്ച തുടരുന്നു; പാർട്ടി വിട്ടു പോയ പ്രമുഖർക്കും സ്ഥാനം നൽകി തിരികെ കൊണ്ടു വരും; വക്കീൽ പണിയുടെ തിരക്കിനിടയിലും സജീവ നീക്കങ്ങളുമായി ശ്രീധരൻ പിള്ള

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ ബിജെപിയിൽ ഒരു ഗ്രൂപ്പിന്റേയും പിന്തുണയില്ലാത്ത നേതാവാണ് പി എസ് ശ്രീധരൻ പിള്ള. ഹൈക്കോടതിയിലെ പ്രധാന അഭിഭാഷകനായ ശ്രീധരൻ പിള്ളയ്ക്ക് വക്കീൽ പണിയിലും നല്ല തിരക്കാണ്. ഇതെല്ലാം മനസ്സിലാക്കിയും ശ്രീധരൻ പിള്ളയെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാക്കിയത് പൊതു സമ്മതനെന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായ മനസ്സിലാക്കിയാണ്. കേരളത്തില എല്ലാ സമുദായ നേതാക്കളുമായും ശ്രീധരൻ പിള്ളയ്ക്ക് അടുപ്പമുണ്ട്. കക്ഷി രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങളും. കേരളത്തിലെ ബിജെപിയുടെ വളർച്ചയ്ക്ക് ഈ ബന്ധങ്ങൾ മുതൽക്കൂട്ടാകുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രതീക്ഷ. കേരളത്തിൽ സ്വാധീനമുള്ള പ്രമുഖരെ ബിജെപിക്കൊപ്പമെത്തിക്കുകയാണ് ശ്രീധരൻ പിള്ളയുടെ ലക്ഷ്യം. ഇതിനുള്ള നീക്കം പിള്ള തുടങ്ങിയതായാണ് റിപ്പോർട്ട്.

രാഷ്ട്രീയരംഗത്തും പുറത്തുമുള്ള പ്രമുഖരെ ബിജെപിയിലേക്കു കൊണ്ടുവരാനുള്ള നീക്കങ്ങൾ വേഗത്തിലാക്കും. ഇങ്ങനെ വരുന്നവർക്കു പാർട്ടിയിൽ മതിയായ അംഗീകാരം നൽകാനുള്ള അനുമതിയുണ്ടെന്നു ദേശീയ അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി. നിലവിലെ ഭാരവാഹികളിൽ പകുതി ഒഴിച്ചിട്ടാകും ശ്രീധരൻ പിള്ള ഭാരവാഹികളെ കണ്ടെത്തുക. ബിജെപിയിൽ പുതുതായെത്തുന്നവർക്ക് ഈ സ്ഥാനങ്ങൾ നൽകും. മെട്രോ മാൻ ഇ ശ്രീധരൻ, മോഹൻലാൽ തുടങ്ങിയ പ്രമുഖരാണ് അമിത് ഷാ ബിജെപി പക്ഷത്ത് എത്തിക്കാൻ ആഗ്രഹിക്കുന്നത്. ജനപ്രിയരായ കൂടുതൽ സിനിമാക്കാരെ പാർ്ട്ടിയിൽ എത്തിക്കണമെനനും നിർദ്ദേശമുണ്ട്. പ്രസിഡന്റായി ചുമതലയേറ്റ ശേഷം പി.എസ്.ശ്രീധരൻ പിള്ളയും സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ഗണേശും അമിത് ഷായെയും ജനറൽ സെക്രട്ടറി രാംലാലിനെയും ഡൽഹിയിൽ കഴിഞ്ഞ ദിവസം കണ്ടിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപായി ചില പ്രമുഖരെ ബിജെപിയിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണു ശ്രീധരൻ പിള്ള. നേരത്തേ സംസ്ഥാന പ്രസിഡന്റായിരുന്ന ഘട്ടത്തിലും അദ്ദേഹം ഇതു ചെയ്തിരുന്നു. പുറത്തുനിൽക്കുന്നവരെ അർഹിക്കുന്ന പദവി നൽകി അടുപ്പിക്കണമെന്ന നിർദ്ദേശമാണ് ഷായ്ക്കു മുന്നിൽ പിള്ള വച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചുരുക്കം സീറ്റുകളിലെങ്കിലും ജയിക്കാൻ കഴിയുന്ന നടപടികളുണ്ടായേ തീരുവെന്ന നിർദ്ദേശമാണു ഷാ നൽകിയത്. ഇതു സംബന്ധിച്ച കേന്ദ്രത്തിന്റെ പദ്ധതി അദ്ദേഹം പിള്ളയോടു വിശദീകരിച്ചു. തിരുവനന്തപുരത്ത് തോൽക്കാനാവില്ലെന്ന നിലപാടിലാണ് അമിത് ഷാ. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുന്നതു സംബന്ധിച്ച ചർച്ചകളുമുണ്ടായി. ആർഎസ്എസുമായി ഇതു സംബന്ധിച്ചു ചർച്ച ആരംഭിച്ചു കഴിഞ്ഞു. ഈ മാസം തന്നെ പുതിയ ഭാരവാഹികളെയും സംസ്ഥാന സമിതിയെയും പ്രഖ്യാപിക്കാനാണു ശ്രമം.

ബിജെപിയിലെ പഴയ നേതാക്കളെ പാർട്ടിയിൽ സജീവമാക്കണമെന്ന ആഗ്രഹം പിള്ളയ്ക്കുണ്ട്. പിപി മുകുന്ദനും കെ രാമൻപിള്ളയ്ക്കും മാന്യമായ സ്ഥാനം നൽകാനാണ് നീക്കം. എല്ലാവരേയും ഒരുമിപ്പിച്ച് മുന്നോട്ട് പോകണമെന്നതാണ് ആവശ്യം. ഗ്രൂപ്പ് പ്രവർത്തനം പൂർണ്ണമായും ഇല്ലാതായെന്ന തോന്നൽ പ്രവർത്തകർക്കും പൊതു സമൂഹത്തിനും ഉണ്ടാക്കണം. ഇതിന് മുകുന്ദനെ നേതൃത്വത്തിൽ സജീവമാക്കണമെന്നാണ് ആവശ്യം. ആർ എസ് എസിനേയും ഇക്കാര്യം പിള്ള അറിയിച്ചിട്ടുണ്ട്. ഇതിന് തന്ത്രപരമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ഭാരവാഹികളിൽ വലിയൊരു അഴിച്ചു പണിയുണ്ടാകുമെന്നാണ് സൂചന. സിപിഎമ്മിനു ബദലായി കേരളത്തിൽ എൻഡിഎ മാറുമെന്നാണ് ശ്രീധരൻ പിള്ളയുടെ പ്രഖ്യാപനം. കീഴാറ്റൂർ വയൽക്കിളി സമരത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് ശ്രീധരൻ പിള്ള രംഗത്ത് വന്നിരുന്നു.

'വയൽക്കിളി സമരത്തിൽ അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. വർഗീയ ചേരിതിരിവുണ്ടാക്കുന്ന നിലപാടാണിത്. ഖദർ കുപ്പായമിട്ട കുറേപ്പേർ ബിജെപിയിലേയ്ക്ക് വരും. പെട്രോളും ഡീസലും ജിഎസ്ടിയിൽപ്പെടുത്തുന്നതിനെ എതിർക്കുന്നതും കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക് തന്നെയാണ്' എന്നും ശ്രീധരൻപിള്ള ആരോപിച്ചിരുന്നു. സിപിഎമ്മിനെ മുഖ്യ എതിരാളിയായി ഉയർത്തിക്കാട്ടി കോൺഗ്രസിലെ അസംതൃപ്തരെ ഒപ്പം കൂട്ടാനാണ് പിള്ളയുടെ ശ്രമം. കെപിസിസി പുനഃസംഘടനയിൽ അതൃപ്തരാകുന്നവരെ മുഴുവൻ ബിജെപിയിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനൊപ്പമാണ് ശ്രീധരനേയും മോഹൻലാലിനേയും പോലുള്ള ഗ്ലാമർ മുഖങ്ങളെ ഒപ്പം കൂട്ടാനുള്ള ശ്രമം. ബിജെപിയിലെ സിനിമാക്കാർ വഴി മോഹൻലാലിനെ അടുപ്പിക്കാനാണ് നീക്കം. ലോക്‌സഭാ സ്ഥാനാർത്ഥിയായി പോലും ലാലിനെ പരിഗണിക്കണമെന്ന അഭിപ്രായമാണ് അമിത് ഷായ്ക്കുള്ളത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പായി കേരളത്തിൽ ഒരു പരീക്ഷണത്തിനാണു പാർട്ടി കേന്ദ്ര നേതൃത്വം മുതിരുന്നത്. ഇതിന്റെ ഭാഗമായിരുന്നു പിള്ളയെ അധ്യക്ഷനാക്കിയത്. കുമ്മനത്തെ ഗവർണർ പദവിയിലേക്ക് ഉയർത്തിയശേഷം യുവനിരയിലെ പ്രമുഖനായ കെ.സുരേന്ദ്രനെ അധ്യക്ഷനാക്കാനായിരുന്നു നീക്കം. പക്ഷേ വി.മുരളീധരന്റെ ഉറ്റ അനുയായിയെ പ്രസിഡന്റാക്കുന്നതിനെതിരെ പി.കെ.കൃഷ്ണദാസ് പക്ഷം വൻ എതിർപ്പുയർത്തി. തങ്ങളോടാലോചിക്കാതെ കുമ്മനത്തെ മാറ്റിയതിലുള്ള അനിഷ്ടം പ്രകടിപ്പിച്ചു സംസ്ഥാന ആർഎസ്എസും സുരേന്ദ്രനു പ്രതിബന്ധം തീർത്തു. ഇതോടെ ബിജെപി വൻ പ്രതിസന്ധിയിലായി. രണ്ടുമാസത്തോളം കേരളത്തിൽ നാഥനില്ലാത്ത അവസ്ഥ. പല തലങ്ങളിലെ ചർച്ചയ്‌ക്കൊടുവിലാണു കേരളത്തിലെ പാർട്ടിയെ നയിക്കാൻ രണ്ടാമതൊരു നിയോഗം ശ്രീധരൻ പിള്ളയ്ക്കു വന്നുചേർന്നത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ് ഒപ്പമില്ലാതിരുന്നിട്ടും 35,270 വോട്ടു നേടി പാർട്ടിയുടെ മാനം കാത്തതിനുള്ള പാരിതോഷികം കൂടിയാണ് ഈ പദവി.

മികച്ച അഭിഭാഷകനായി പേരെടുത്തിട്ടുള്ള പിള്ളയ്ക്കു മുസ്‌ലിംലീഗടക്കം ബിജെപിയുടെ രാഷ്ട്രീയ എതിരാളികളുമായി സൗഹൃദമുണ്ട്. എൻഎസ്എസുമായുള്ള ഏറ്റവുമടുത്ത ബന്ധവും സഹായിച്ചു. കേരളത്തിലെ വോട്ട്വിഹിതം 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 12% എത്തിയതു ശ്രീധരൻപിള്ള നയിച്ചപ്പോഴായിരുന്നു. അന്ന് മൂവാറ്റുപുഴയിൽ എൻഡിഎ സ്ഥാനാർത്ഥിയായി പിസി തോമസ് ജയിക്കുകയും ചെയ്തു. പിപി മുകുന്ദന്റെ നേതൃത്വത്തിലായിരുന്നു അന്ന് പ്രചരണം നടന്നത്. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയം അറിയാവുന്ന മുകുന്ദനെ പോലുള്ളവരെ തിരികെ കൊണ്ടു വന്നാൽ നേട്ടമുണ്ടാകുമെന്ന് പിള്ള നിലപാട് എടുക്കുന്നത്. ബിഡിജെഎസിനെ പിണക്കാതെ എൻഡിഎയ്‌ക്കൊപ്പം നിർത്തും. തുഷാർ വെള്ളാപ്പള്ളിയിലൂടെ ഈഴവ വോട്ടുകൾ ഉറപ്പിക്കാനാണ് നീക്കം. എൻ എസ് എസ് വോട്ടുകളേയും സ്വാധീനിക്കാൻ ശ്രമം തുടങ്ങി കഴിഞ്ഞു.

സംസ്ഥാന ഉപാധ്യക്ഷൻ, സെക്രട്ടറി, കോഴിക്കോട് ജില്ലാ അധ്യക്ഷൻ എന്നീ നിലകളിലും പാർട്ടിയെ നയിച്ചിട്ടുണ്ട് ശ്രീധരൻ പിള്ള. അഭിഭാഷകനും എഴുത്തുകാരനുമായ പിള്ള എ.ബി.വി.പി പ്രവർത്തനത്തിലൂടെ പൊതു രാഷ്ട്രീയത്തിലെത്തി. പന്തളം എൻഎസ്എസ് കോളേജ്, കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് എന്നിവിടങ്ങളിലാണ് ശ്രീധരൻ പിള്ള വിദ്യാഭ്യാസം നടത്തിയത്. അറുപതുകളിൽ വെണ്മണിയിലെ ആർഎസ്എസ് ശാഖയിലൂടെ പൊതുപ്രവർത്തനത്തിലേക്ക്. തുടർന്ന് ജനസംഘത്തിന്റെ വെണ്മണി സ്ഥാനീയസമിതി സെക്രട്ടറിയായി രാഷ്ട്രീയത്തിൽ. കോഴിക്കോട് ലോ. കോളേജ് യൂണിയൻ വൈസ് ചെയർമാൻ, 12 കൊല്ലക്കാലം കോഴിക്കോട് സർവ്വകലാശാല സെനറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള ജില്ലാ കോടതികളിലും ഹൈക്കോടതിയിലുമായി അഭിഭാഷക വൃത്തി ചെയ്തുവരുന്നു. ജന്മഭൂമി മുൻ മാനേജിങ്ങ് എഡിറ്റർ, അഞ്ച് പത്രങ്ങളിലെ സ്ഥിരംപംക്തി എഴുത്തുകാരൻ, കായിക സംഘടനകളുടെ ഭാരവാഹി, മനുഷ്യാവകാശ സംഘടനാ നേതാവ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

അടിയന്തരാവസ്ഥക്കാലത്ത് ജനസംഘത്തിന്റെ യുവവിഭാഗമായ യുവസംഘം സംസ്ഥാന കൺവീനറായിരുന്നു. എബിവിപി, യുവമോർച്ച, തുടങ്ങിയ സംഘടനകളുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിൽ ബിജെപിയുടെ സ്ഥാപകനാണ്. ഇവിടെ ബിജെപിക്ക് നേട്ടങ്ങളുണ്ടാക്കാനായതിന് പിന്നിലും പിള്ളയുടെ ഇടപെടലുകളായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് അമിത് ഷാ പിള്ളയെ അധ്യക്ഷനാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP