Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

1220 കോടി രൂപ അടിയന്തര സഹായം ആവശ്യപ്പെട്ട് കേരളം; 100 കോടി രൂപ ഉടനടി അനുവദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി; കേരളം നേരിടുന്നത് 1924ന് ശേഷമുള്ള ഏറ്റവും വലിയ പ്രളയമെന്ന് രാജ്‌നാഥ് സിങ്; ദുരന്തത്തെ നേരിടുന്നതിന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ പൂർണ പിന്തുണ വാഗ്ദാനം; നിലവിൽ ദുരന്തത്തെ മികച്ച രീതിയിൽ സർക്കാർ നേരിട്ടെന്ന് പ്രശംസയും; മഴക്കെടുതി നേരിട്ടവർക്ക് എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി; 8316 കോടിയുടെ നാശനഷ്ടം ഉണ്ടായെന്ന് ഔദ്യോഗിക കണക്കു നൽകി

1220 കോടി രൂപ അടിയന്തര സഹായം ആവശ്യപ്പെട്ട് കേരളം; 100 കോടി രൂപ ഉടനടി അനുവദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി; കേരളം നേരിടുന്നത് 1924ന് ശേഷമുള്ള ഏറ്റവും വലിയ പ്രളയമെന്ന് രാജ്‌നാഥ് സിങ്; ദുരന്തത്തെ നേരിടുന്നതിന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ പൂർണ പിന്തുണ വാഗ്ദാനം; നിലവിൽ ദുരന്തത്തെ മികച്ച രീതിയിൽ സർക്കാർ നേരിട്ടെന്ന് പ്രശംസയും; മഴക്കെടുതി നേരിട്ടവർക്ക് എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി; 8316 കോടിയുടെ നാശനഷ്ടം ഉണ്ടായെന്ന് ഔദ്യോഗിക കണക്കു നൽകി

അർജുൻ സി വനജ്

കൊച്ചി: മഴക്കെടുതിയും ഉരുൾപൊട്ടലും മൂലമുണ്ടായ കെടുതി നേരിടുന്ന കേരളത്തിന് അടിയന്തര സഹായമായി 100 കോടി രൂപ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. 1220 കോടി രൂപയുടെ അടിയന്തര സഹായം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അടിയന്തര സഹായമായി കേരളത്തിന് നൂറ് കോടി രൂപ അനുവദിച്ചത്. കേരളത്തിന് പ്രളയത്തിൽ 8316 കോടിയുടെ നാശനഷ്ടം ഉണ്ടായെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു. കേരളത്തിന് പ്രളയക്കെടുതി നേരിടാൻ പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യവും മുഖ്യമന്ത്രി പിണറായി വിജയൻ രാജ്‌നാഥ് സിംഗിന് മുമ്പാകെ അറിയിച്ചു.

കേരളത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് പറവൂർ താലൂക്കിലെ എളന്തിക്കര ഗവൺമെന്റ് എൽ പി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ച ശേഷം രാജ്‌നാഥ് സിങ് വ്യക്തമാക്കി. മഴക്കെടുതി മൂലമുള്ള സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം സർക്കാറിന്റെ ഇതുവരെയുള്ള പ്രവർത്തനം മികച്ച രീതിയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതി ഉണ്ടായ സ്ഥലങ്ങളിൽ ഹെലികോപ്റ്ററിൽ സന്ദർശനത്തിന് ശേഷമാണ് അദ്ദേഹം ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ചത്. കേരളത്തിലെ മഴക്കെടുതി വിലയിരുത്താൻ പത്തുദിവസം മുമ്പ് കേന്ദ്രസഹമന്ത്രി കിരൺ റിജ്ജു എത്തിയിരുന്നു. അദ്ദേഹവും കേരളത്തിലെ സ്ഥിതിയെക്കുറിച്ച് ധരിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഉള്ള സ്ഥിതിഗതികളെക്കുറിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴക്കെടുതി നേരിട്ടവർക്ക് എല്ലാവിധ പിന്തുണയുമായി സർക്കാർ കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1220 കോടിയുടെ അടിയന്തര സഹയാമാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇക്കാര്യം പരിഗണിക്കാമെന്നാണ് രാജ്‌നാഥ് സിങ് വ്യക്തമാക്കിയത്. കാലവർഷ കെടുതിയിൽ സംസ്്ഥാന സർക്കാറിന് 8316 കോടിയുടെ നാശനഷ്ടമുണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

പകൽ 12.30ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ കേന്ദ്ര ആഭ്യന്തരമന്ത്രിയെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള , ഐ.ജി. വിജയ് സാക്കറെ, റൂറൽ എസ്‌പി രാഹുൽ ആർ നായർ എന്നിവർ ചേർന്ന് ടാർമാർക്കിൽ മന്ത്രിയെ സ്വീകരിച്ചു.കേന്ദ്രസഹമന്ത്രി അൽഫോൻസ് കണ്ണന്താനവും ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയിരുന്നു.

 

തുടർന്ന് ഡൊമസ്റ്റിക് ടെർമിനലിലെ വിഐപി ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ്, ജിസിസിഎ ചെയർമാൻ സി.എൻ. മോഹനൻ എന്നിവരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ പ്രളയബാധിത മേഖലകൾ കാണുന്നതിനായി കേന്ദ്ര മന്ത്രി നെടുമ്പാശ്ശേരിയിൽ നിന്നും യാത്ര തിരിച്ചു. ഇടുക്കി, ചെറുതോണി ഡാമുകളും ദുരിത ബാധിത പ്രദേശങ്ങളും ഹെലികോപ്റ്ററിൽ നിന്ന് അദ്ദേഹം വീക്ഷിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസഹമന്ത്രി അൽഫോൻസ് കണ്ണന്താനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ എന്നിവരും ഹെലികോപ്റ്ററിൽ കേന്ദ്രമന്ത്രിയ്‌ക്കൊപ്പുണ്ടായിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചത്. ജില്ലാ കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ളയും പുത്തൻ വേലിക്കര പഞ്ചായത്ത് പ്രസിഡന്റ് പി വി ലാജുവും സന്നിഹിതരായിരുന്നു ക്യാമ്പിലെ അംഗങ്ങളായ ലക്ഷ്മി നടേശനും വിജി കുമാരനും കേന്ദ്ര മന്ത്രിയോട് ക്യാമ്പിലെ സൗകര്യങ്ങളെക്കുറിച്ചും തിരിച്ച് വീട്ടിലെത്തുമ്പോൾ അവർക്കുള്ള ആശങ്കകളെ കുറിച്ചും സംസാരിച്ചു.

പുത്തൻ വേലിക്കര പഞ്ചായത്തിലെ എളന്തിക്കര കോഴി തുരുത്തിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 141 കുടുംബങ്ങളാണ് ഗവ.എൽ.പി സ്‌കൂളിലെ ക്യാമ്പിൽ ഉള്ളത്. 81 കുട്ടികളും 223 വനിതകളുമടക്കം 520 പേർ ക്യാമ്പിലുണ്ട്. നാലു ദിവസമായി ഇവർ ക്യാമ്പിലെത്തിയിട്ട്. പുത്തൻവേലിക്കര പഞ്ചായത്തിലെ എട്ടാം വാർഡിലാണ് കോഴിതുരുത്ത് . ചാലക്കുടിയാറും പെരിയാറും സംഗമിക്കുന്ന കണക്കൻ കടവിലാണ് കോഴിതുരുത്ത്. പുഴയാൽ ചുറ്റപ്പെട്ട കോഴിതുരുത്ത് വെള്ളം കയറിയാൽ ഒറ്റപ്പെടുന്ന അവസ്ഥയാണ്. ചെറിയൊരു പാലം മാത്രമാണ് ഇവർക്ക് പുറം ലോകവുമായുള്ള ബന്ധം. വെള്ളം ഒഴുകിയെത്തിയതിനെ തുടർന്ന് പാലം ഭാഗികമായി തകർന്ന നിലയിലാണ്.

കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം:കേന്ദ്രമന്ത്രിക്ക് മുഖ്യമന്ത്രി നിവേദനം സമർപ്പിച്ചു

നിവേദനം ഇങ്ങനെ: പ്രാഥമിക വിലയിരുത്തലനുസരിച്ച് കാലവർഷക്കെടുതിയിൽ സംസ്ഥാനത്തിന് ഉദ്ദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ച നിവേദനത്തിൽ പറഞ്ഞു. പുനരധിവാസത്തിനും തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാനുമുള്ള യഥാർത്ഥ നഷ്ടം വിലയിരുത്താൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ പ്രാഥമികമായ കണക്കുകളാണ് മുഖ്യമന്ത്രി സമർപ്പിച്ചത്. അടിയന്തിര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിൽ 820 കോടി രൂപ എൻ.ഡി.ആർ.എഫ് മാനദണ്ഡങ്ങൾ പ്രകാരം ആദ്യഘട്ടത്തിലുണ്ടായ കാലവർഷക്കെടുതിക്ക് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതും സംസ്ഥാനം സന്ദർശിച്ച കേന്ദ്രസംഘം ശുപാർശ ചെയ്തതുമാണ്. ഒരേ സീസണിൽ രണ്ടാംവട്ടമാണ് കേരളത്തിൽ മഴക്കെടുതിയുണ്ടാകുന്നത്. ഇത് കണക്കിലെടുത്ത് നഷ്ടം വിലയിരുത്താൻ വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിൽ ഇപ്പോഴുണ്ടായ പ്രളയക്കെടുതി അസാധാരണമാംവിധം ഗുരുതരമാണെന്ന് പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പുനർനിർമ്മാണത്തിനും പുനരധിവാസത്തിനും ആവശ്യമായ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പാക്കേജ് സംബന്ധിച്ച നിവേദനം ഒരു മാസത്തിനകം സംസ്ഥാന സർക്കാർ തയ്യാറാക്കി സമർപ്പിക്കുന്നതാണ്. ദേശീയദുരന്തനിവാരണ ഫണ്ടിന്റെ നിബന്ധനകൾ പ്രകാരം നഷ്ടപരിഹാരം തുലോം പരിമിതമാണ്. കേരളത്തിനുണ്ടായ നഷ്ടത്തിന്റെ തീവ്രതയും വ്യാപ്തിയും കണക്കിലെടുത്ത് മതിയായ നഷ്ടപരിഹാരം അനുവദിക്കണം.

1924-നു ശേഷമുള്ള ഏറ്റവും വലിയ പ്രളയക്കെടുതിയാണ് ഈ സീസണിൽ കേരളം നേരിട്ടത്. പതിനാലിൽ പത്തു ജില്ലകളെയും കെടുതി രൂക്ഷമായി ബാധിച്ചു. 27 അണക്കെട്ടുകൾ തുറന്നുവിടേണ്ടിവന്നു. കേന്ദ്രസംഘം കേരളത്തിൽ പര്യടനം നടത്തുന്നതിനിടയിലാണ് വീണ്ടും പേമാരിയും അതിന്റെ ഭാഗമായ കെടുതികളും ഉണ്ടായത്. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം ജീവനും സ്വത്തിനും ഭീമമായ നഷ്ടമാണുണ്ടായത്. ഓഗസ്റ്റ് 9 മുതൽ 12 വരെയുള്ള തീയതികളിൽ മാത്രം 37 ജീവൻ നഷ്ടപ്പെട്ടു. അഞ്ചു പോരെ കാണാതായി. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ഈ സീസണിൽ ഇതിനകം 186 പേരാണ് മരണപ്പെട്ടത്. 211 സ്ഥലങ്ങളിൽ മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഉണ്ടായി. പതിനായിരങ്ങൾ ദുരിതാശ്വാസ കേമ്പുകളിലാണ്.

കേന്ദ്രസേനാ വിഭാഗങ്ങളുടെയും എൻ.ഡി.ആർ.എഫിന്റെയും സഹായത്തോടെ സംസ്ഥാന ഭരണസംവിധാനം പൂർണ്ണമായി ദുരന്തനിവാരണ-ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുയാണ്. സംസ്ഥാനം ആവശ്യപ്പെട്ടപ്പോൾ രക്ഷാപ്രവർത്തനത്തിന് പെട്ടെന്നു തന്നെ സേനാവിഭാഗങ്ങളെ അയച്ചുതന്നതിന് കേന്ദ്രസർക്കാരിനോട് മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചു. ദുരന്തത്തിന്റെ ആഘാതം ഒരുപാട് കാലം കേരളം നേരിടേണ്ടിവരും. ഇരുപതിനായിരത്തോളം വീടുകൾ പൂർണ്ണമായി തകർന്നിരിക്കുകയാണ്. പതിനായിരത്തോളം കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ മാത്രം തകർന്നു. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ടും കണക്കുകളും താമസിയാതെ കേന്ദ്രസർക്കാരിന് സമർപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. നാശനഷ്ടങ്ങളുടെ തീവ്രത വ്യക്തമാക്കുന്ന വീഡിയോകളും ചിത്രങ്ങളും നിവേദനത്തോടൊപ്പം കേന്ദ്രമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.

പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് യുഡിഎഫ് സംഘം

അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് യു.ഡി.എഫ് നിവേദനവും നൽകി. കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം, മാനദണ്ഡങ്ങൾ മാറ്റി വച്ച് ഉദാരമായി സഹായിക്കണം എന്ന് യുഡിഎഫ് നിവേദനത്തിൽ ആവശ്യപ്പെട്ടു. കാർഷിക കടങ്ങൾ എഴുതി തള്ളണമെന്നും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കണ്ട യുഡിഎഫ് സംഘം വ്യക്തമാക്കി.

കേരളത്തെ തകർത്തു കളഞ്ഞ അതിരൂക്ഷമായ പ്രളയക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും പതിവ് മാനദണ്ഡങ്ങൾ മാറ്റി വച്ച് സംസ്ഥാനത്തെ കേന്ദ്രം കൈയയച്ചു സഹായിക്കുകയും ചെയ്യണമെന്ന് യു.ഡി.എഫ് പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ പ്രളയക്കെടുതികൾ വലയിരുത്താനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് നൽകിയ നിവേദനത്തിലാണ് യുഡി.എഫ് സംഘം ഈ ആവശ്യം ഉന്നയിച്ചത്.

കഴിഞ്ഞ അഞ്ച് ദശാബ്ദത്തിനിടിയലുണ്ടായ ഏറ്റവും രൂക്ഷമായ പ്രളയം പരിഹരിക്കാൻ കഴിയാത്തത്ര നാശനഷ്ടങ്ങളാണ് സംസ്ഥാനത്തുണ്ടാക്കിയിരിക്കുന്നത്. അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു. ലക്ഷക്കണക്കിനാളുകളാണ് ദുരിതമനുഭവിച്ചു കൊണ്ടിരിക്കുന്നത്. പലരുടെയും വീടും കൃഷിയിടങ്ങളും ഉൾപ്പടെ സർവ്വസവും നശിച്ചു. പതിനായിരക്കണക്കിന് ഹെക്ടറിലെ കൃഷിയും വ്യാപകമായി റോഡുകളും കെട്ടിടങ്ങളും വാഹനങ്ങളും നശിച്ചു. മലയോര മേഖലയിൽ ഉരുൾ പൊട്ടൽ വൻ നാശമാണ് വരുത്തി വച്ചത്. നദികൾ തന്നെ ഗതി മാറി ഒഴുകി. ഡാമുകൾ നിറഞ്ഞതിനെത്തുടർന്ന് തുറക്കേണ്ടി വന്നത് നദികളുടെ ഇരു കരകളിലും വൻനഷ്ടമുണ്ടാക്കി. ഇരുകരകളിൽ നിന്നും ജനങ്ങളെ അപ്പാടെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. ഇടുക്കി, വയനാട്, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, മലപ്പുറം തുടങ്ങി മിക്ക ജില്ലകളിലും വൻ നാശനഷ്ടമാണ് സംഭവിച്ചത്. കേരളത്തിന്റെ നെല്ലറയായ കുട്ടനാട് ആഴ്ചകളോളം വെള്ളത്തിൽ മുങ്ങിപ്പോയതു കാരണം നെൽകൃഷി അപ്പാടെ നശിച്ചു. യഥാർത്ഥ നഷ്ടം കണക്കാക്കാനാവാത്ത വിധം ഭീമമാണ്. എങ്കിലും ഇപ്പോഴത്തെ സ്ഥിതിഗതികൾ നേരിടുന്നതിന് നാലായിരം കോടി രൂപയെങ്കിലും ഉടനെ അനുവദിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രദുരന്ത നിവാരണ സേനയുടെ കൂടുതൽ ടീമുകളെ അടിയന്തിരമായി അയയ്ക്കണം. ദേശീയ ബാങ്കുകളിൽ നിന്നും സഹകരണ ബാങ്കുകളിൽ നിന്നും കർഷകർ എടുത്തിട്ടുള്ള കാർഷിക കടങ്ങൾ എഴുതി തള്ളണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രളയക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണം. വീടുകൾ പൂർണ്ണമായി നഷ്ടപ്പെട്ടവർക്ക് അവ നിർമ്മിച്ചു നൽകണം. ഭാഗീകമായി നശിച്ചവർക്ക് അറ്റകുറ്റപ്പണിക്ക് ധനസഹായം നൽകണം. കൃഷി നശിച്ചവർക്ക് വീണ്ടും കൃഷിയിറക്കുന്നതിന് പ്രത്യേക പദ്ധതി തന്നെ ആവിഷ്‌ക്കരിച്ചു നടപ്പാക്കണം. കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടം നടപ്പാക്കണം. അതിനാവശ്യമായ തുക അനുവദിക്കണം. കേരളത്തിന്റെ തെക്കേ അറ്റത്ത തിരുവനന്തപുരം മുതൽ വടക്ക് കാസർകോട് വരെ അതിരൂക്ഷമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്. മത്സ്യത്തൊഴിലാളികളുടെ പതിനായിരക്കണക്കിന് വീടുകൾ തകർന്നു. കടലാക്രമണം നേരിടുന്നതിന് കടൽ ഭിത്തി നിർമ്മിക്കാൻ പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കണം. കടൽക്ഷോഭം കാരണം കടലിൽ പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾക്ക് സഹായം നൽകണം തുടങ്ങിയവയാണ് നിവേദനത്തിലെ മറ്റ് ആവശ്യങ്ങൾ.

കെ.സി.ജോസഫ് എംഎ‍ൽഎ (കോൺഗ്രസ്), വി.കെ.ഇബ്രാഹിം കുഞ്ഞ് എംഎ‍ൽഎ (മുസ്ലിംലീഗ്), എം.എം.ഫ്രാൻസിസ്( കേരളാ കോൺഗ്രസ് എം), ജോർജ് സ്റ്റീഫൻ (ആർ.എസ്‌പി), അനൂപ് ജേക്കബ്ബ് എംഎ‍ൽഎ( കേരളാ കോൺഗ്ര് ജേക്കബ്ബ് വിഭാഗം), വി. റാംമോഹൻ (ഫോർവേർഡ് ബ്ളോക്ക്), പി. രാജേഷ് (സി.എംപി) എന്നിവരാണ് രമേശ് ചെന്നിത്തലയോടൊപ്പം നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP