Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുരിത പെയ്ത്തിൽ 29 മരണം; ഇടുക്കി അണക്കെട്ടിൽ ഷട്ടറുകൾ 48 മണിക്കൂറും തുറന്നുവെക്കേണ്ടി വരുമെന്ന നിലയിൽ; കൂടുതൽ വെള്ളം ഒഴുക്കിവിട്ടു തുടങ്ങി; അഞ്ച് ഷട്ടറുകളും ഒരോ മീറ്റർ വീതമാണ് ഉയർത്തിയതോടെ സെക്കൻഡിൽ 800 ക്യുമെക്‌സ് വെള്ളം പുറത്തേക്ക്; അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് മാത്രം; കാലടിയിലും ആലുവയിലും ജലനിരപ്പ് ഉയർന്നു; ആലുവയിൽ ബലിതർപ്പണം നടത്തുക റോഡുകളിൽ; 48 മണിക്കൂർ അതിതീവ്ര മഴയെന്ന കാലാവസ്ഥാ റിപ്പോർട്ടോടെ കേരളം അതീവ ആശങ്കയിൽ

ദുരിത പെയ്ത്തിൽ 29 മരണം; ഇടുക്കി അണക്കെട്ടിൽ ഷട്ടറുകൾ 48 മണിക്കൂറും തുറന്നുവെക്കേണ്ടി വരുമെന്ന നിലയിൽ; കൂടുതൽ വെള്ളം ഒഴുക്കിവിട്ടു തുടങ്ങി; അഞ്ച് ഷട്ടറുകളും ഒരോ മീറ്റർ വീതമാണ് ഉയർത്തിയതോടെ സെക്കൻഡിൽ 800 ക്യുമെക്‌സ് വെള്ളം പുറത്തേക്ക്; അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് മാത്രം; കാലടിയിലും ആലുവയിലും ജലനിരപ്പ് ഉയർന്നു; ആലുവയിൽ ബലിതർപ്പണം നടത്തുക റോഡുകളിൽ; 48 മണിക്കൂർ അതിതീവ്ര മഴയെന്ന കാലാവസ്ഥാ റിപ്പോർട്ടോടെ കേരളം അതീവ ആശങ്കയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം/കൊച്ചി: സംസ്ഥാനത്ത് 11 ജില്ലകളിൽ തോരാതെ പെയ്യുന്ന കനത്തമഴ കേരളത്തെ വെള്ളത്തിൽ മുക്കുന്നു. അതിതീവ്രമായി തുടരുന്ന മഴ കനത്ത നാശനഷ്ടമാണ് എങ്ങും വരുത്തുന്നത്. നിരവധി ജീവനുകൾ പൊലിഞ്ഞതിനൊപ്പം ഉരുൾപൊട്ടലും മണ്ണിടിച്ചിലും പതിവായി. കർക്കിടവാവു ദിവസമായ നാളെയും കനത്ത മഴയുണ്ടാകുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ ആശങ്കപ്പെടുന്ന 48 മണിക്കൂർ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 29 പേർ മരിച്ചിട്ടുണ്ട്. നാലു പേരെ കാണാതായെന്നുമാണ് ഔദ്യാഗികമായുള്ള കണക്ക്. ഓഗസ്റ്റ് 10 വൈകിട്ട് നാലു വരെയുള്ള കണക്കുകളാണ് സർക്കാർ പുറത്ത് വിട്ടത്. 25 പേർ മണ്ണിടിച്ചിലിലും നാലു പേർ മുങ്ങിയുമാണ് മരിച്ചത്. പാലക്കാടും എറണാകുളത്തുമാണ് രണ്ടു പേർ വീതം മുങ്ങിമരിച്ചത്. മലപ്പുറത്ത് ആറും ഇടുക്കിയിൽ 12ഉം കോഴിക്കോട് ഒരാളും കണ്ണൂരിൽ രണ്ട് പേരും വയനാട്ടിൽ നാലും പേരും മണ്ണിടിഞ്ഞ് വീണ് മരിച്ചു. ഇടുക്കിയിൽ രണ്ടും മലപ്പുറത്തും പാലക്കാടും ഓരോരുത്തരെയും കാണാതായിട്ടുണ്ട്. 21 പേർക്ക് പരിക്കേറ്റു.

സംസ്ഥാനത്ത് ആരംഭിച്ച 439 ദുരിതാശ്വാസ ക്യാമ്പുകളിലായി 12240 കുടുംബങ്ങളിലെ 53501 പേർ കഴിയുന്നത്. ആലപ്പുഴയിൽ നേരത്തെ പ്രവർത്തിച്ചിരുന്ന ക്യാമ്പുകളിൽ ഇപ്പോഴും ജനങ്ങൾ കഴിയുന്നുണ്ട്. എറണാകുളത്ത് 68 ക്യാമ്പുകളിലായി 2795 കുടുംബങ്ങളിലെ 9476 പേർ താമസിക്കുന്നണ്ട്. മലപ്പുറത്ത് 13 ക്യാമ്പുകളിൽ 1050 പേർ കഴിയുന്നുണ്ട്. ഇടുക്കിയിൽ പത്ത് ക്യാമ്പുകളിൽ 533 പേരുണ്ട്. കോഴിക്കോട് 848 പേർ പതിനെട്ട് ക്യാമ്പുകളിൽ കഴിയുന്നു. കണ്ണൂരിൽ പത്ത് ക്യാമ്പുകളിലായി 539 പേരുണ്ട്. തൃശൂരിൽ 13 ക്യാമ്പുകളിൽ 1029 പേർ താമസിക്കുന്നു. വയനാട് 113 ക്യാമ്പുകളിലായി 7367 പേർ കഴിയുന്നു. പാലക്കാട് 19 ക്യാമ്പുകളിൽ 3000 പേരുണ്ട്. കനത്ത മഴയിൽ സംസ്ഥാനത്ത് 71 വീടുകൾ ഭാഗികമായും 29 വീടുകൾ പൂർണമായും നശിച്ചു.

ഇപ്പോഴും പലയിടത്തും കനത്ത മഴ തുടരുകയാണ്. ഇടുക്കിയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. ഇടുക്കി മുണ്ടന്മുടിയിലും വയനാട് പൊഴുതനയിലും ഉരുൾപൊട്ടി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വൻ കൃഷിനാശമുണ്ടായി. ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് ഇപ്പോഴും തുടരുകയാണ്. ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നിട്ടും നീരൊഴുക്കിൽ മാറ്റമില്ല.

ഇടുക്കിയിൽ നിന്നും കൂടുതൽ വെള്ളം ഒഴുക്കിവിടുന്നു; അഞ്ച് ഷട്ടറുകളും ഒരോ മീറ്റർ വീതം ഉയർത്തി

കനത്ത മഴയാണ് ഇടുക്കി അണക്കെട്ടിന്റെ വൃഷ്്ടിപ്രദേശത്തായുള്ളത്. അതുകൊണ്ട് തന്നെ കടുത്ത ആശങ്കയും നിലനിൽക്കുന്നു. അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും നീരൊഴുക്കു കൂടുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. അണക്കെട്ടിലെ ജലനിരപ്പ് 2401.70 അടിയായാണ് കുറഞ്ഞത്. നേരത്തെ നാല് ഷട്ടറുകൾ മിനിമം അളവിൽ തുറന്നിട്ടും ജലനിരപ്പ് താഴാതായതോടെ കൂടുതൽ വെള്ളം പുറത്തേക്കുവിടുന്നതിനായി ചരിത്രത്തിലാദ്യമായി അഞ്ചാമത്തെ ഷട്ടറും തുറന്നിരുന്നു. രണ്ട് ഷട്ടറുകൾ മിനിമം ലെവലിലും തുടർന്ന് ഇവയടക്കം മൂന്ന് ഷട്ടറുകൾ ഒരോ മീറ്റർ വീതവും ഉയർത്തി ജലം പുറത്തേക്കൊഴുക്കിയിട്ടും ജലനിരപ്പ് താഴാതായതോടെയാണ് അരമണിക്കൂർ വ്യത്യാസത്തിൽ രണ്ട് ഷട്ടറുകൾ കൂടി തുറന്നത്.

അഞ്ച് ഷട്ടറുകളും ഒരോ മീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്. ഇതോടെ സെക്കൻഡിൽ 8,00,000 ലീറ്റർ (800 ക്യുമെക്‌സ്) വെള്ളം പുറത്തേക്കുപോകുന്നു. ഈ നില 48ാം മണിക്കൂറിലേക്ക് കടക്കുമെന്നാണ് സൂചന. വെള്ളത്തിന്റെ അളവ് 2400ൽ താഴെ എത്തിക്കുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. ഇതിന് വേണ്ടിയാണ് ഷട്ടറുകൾ വഴി കൂടുതൽ വെള്ളം പുറത്തേക്കു വിട്ടു തുടങ്ങിയത്.

50 സന്റെി മീറ്റർ അളവിലാണ് വ്യാഴാഴ്ച ഉച്ചക്ക് 12.30 ന് ആദ്യം ജലം തുറന്നുവിട്ടത്. വെള്ളിയാഴ്ച രാവിലെ മൂന്നുഷട്ടറുകളും 40 സന്റെി മീറ്റർ വീതം അളവിൽ ക്രമീകരിച്ച് തുറന്നുവിട്ടു. എന്നാൽ ജലനിരപ്പ് ക്രമാതീതമായി വർധിച്ചു. ഇതോടെയാണ് ഒഴുക്കി കളയുന്ന ജലത്തിന്റെ അളവ് കുത്തനെ ഉയർത്തിയത്. ഇപ്പോൾ ഓരോ ഷട്ടറിൽ നിന്ന് ഒരുലക്ഷം ലിറ്റർ വീതമാണ് ഓരോ സെക്കന്റിലും പുറന്തള്ളുന്നത്. ഉച്ചക്ക് രണ്ടുമണിക്ക് ഇടുക്കി ഡാം ജലനിരപ്പ് 2401.72 അടിയാണ്. പരമാവധി സംഭരണശേഷി 2403 അടിയാണ്. 2400.38 അടിയായിരുന്നു വ്യാഴാഴ്ച പുലർച്ചയിലെ ജലനിരപ്പ്.

പെരിയാർ തീരത്ത് അതീവ ജാഗ്രത; കാലടിയും ആലുവയിലും വെള്ളമുയർന്നു

ഇടുക്കി - ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നതോടെ കുതിച്ചൊഴുകുകയാണ് പെരിയാർ. ഇരുകരകളിലും നാശം വിതച്ചും കരകവിഞ്ഞാണ് പെരിയാർ മുന്നോട്ടുകുതിക്കുന്നത്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ പെരിയാറിന്റെ തീരത്തുനിന്ന് 6,500 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും. തീരങ്ങളിൽ നിന്നും തൊട്ടടുത്തുള്ള കുടുംബങ്ങളെ ദുരതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഒഴുക്കു ശക്തമായ സാഹചര്യത്തിൽ ജനങ്ങൾ നദിയുടെ അടുത്തേക്കു പോകുന്നതിൽനിന്നും മുറിച്ചു കടക്കുന്നതിൽനിന്നും പിന്തിരിയണമെന്നും അറിയിച്ചു. അതേസമയം, ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റവന്യു ഓഫിസുകൾ നാളെയും ഞായറാഴ്ചയും തുറന്നു പ്രവർത്തിക്കണമെന്നും കലക്ടർ അറിയിച്ചു.

ബലിതർപ്പണം റോഡിലായേക്കും

പെരിയാർ നിറഞ്ഞൊഴുകിയതോടെ ആലുവ മഹാദേവക്ഷേത്രം ഏതാണ്ട് പൂർണമായും വെള്ളത്താൽ മുങ്ങിയ നിലയിലാണ്. ഇടമലയാർ, ചെറുതോണി അണക്കെട്ടുകളുടെ ഷട്ടർ തുറന്നതോടെയാണ് പെരിയാർ നിറകവിഞ്ഞത്. ആലുവ ശിവരാത്രി മണപ്പുറം വെള്ളത്തിനടിയിലാണ്. ഇത് ബലിതർപ്പണത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ബലിതർപ്പണം മാറ്റാൻ നിർദ്ദേശിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ആലുവയിൽ നിന്നും ക്ഷേത്രത്തിലേക്ക് വരുന്ന റോഡിൽ ബലിതൽപ്പണം നടത്താനാണ് തീരുമാനം. ഇതിന് ഇവിടെ സജ്ജികരണം ഒരുക്കുമെന്ന് ക്ഷേത്രം അധികൃതർ വ്യക്തമാക്കി. എന്നാൽ, ദുരന്ത നിവാരണ സേനയുടെ കൂടി നിർദ്ദേശത്തോടെയാകും ഈ സജ്ജീകരണങ്ങൾ ഒരുക്കക.

ശനിയാഴ്ച പുലർച്ചെ നാലു മുതൽ ഉച്ചവരെയാണ് വാവുബലി തർപ്പണം. ശിവരാത്രി മണപ്പുറം വെള്ളത്തിൽ മുങ്ങിയതോടെ ബലി തർപ്പണം ഉയർന്ന പ്രദേശത്തേക്ക് മാറ്റേണ്ടിവന്നേക്കും. 2013 ൽ ഇടമലയാർ അണക്കെട്ട് തുറന്നപ്പോൾ സമാന സാഹചര്യം ഉണ്ടായിരുന്നു. അന്ന് റോഡിൽവച്ചാണ് ബലി തർപ്പണം നടത്തിയത്. കനത്ത മഴയെ തുടർന്ന് പാലക്കാട് കൽപ്പാത്തി പുഴയും നിറകവിഞ്ഞൊഴുകുകയാണ്.

മലപ്പുറത്ത് നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

മഴക്കെടുതിയെ തുടർന്ന് മലപ്പുറം ജില്ലയിൽ നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. വിവിധ തലൂക്കുകളിലായി ഇതിനോടകം 500ൽ ഏറെ ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.നിലമ്പൂർ, പെരിന്തൽമണ്ണ, മഞ്ചേരി, കൊണ്ടോട്ടി, തിരൂർ എന്നിവിങ്ങളിലാണ് ഇപ്പോഴും മാറ്റി പാർപ്പാക്കൽ തുടർന്ന് കൊണ്ടിരിക്കുന്നത്. മലപ്പുറം ജില്ലയിലെ പ്രകൃതിക്ഷോഭങ്ങളും വരുത്തിയ ദുരന്തങ്ങളും തുറന്നു പ്രവർത്തിക്കുന്ന ക്യാമ്പുകളെ സംബന്ധിച്ചുള്ള ഔദ്യോഗിക കണക്കുകളും റിപ്പോർട്ടും ചുവടെ.

കൊണ്ടോട്ടി താലൂക്കിൽ മൂന്ന് ദുരിത്വാശ്വാസ ക്യാമ്പുകൾ; 90 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

ശക്തമായ കാലവർഷത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കം കണക്കിലെടുത്തുകൊണ്ടോട്ടി താലൂക്കിൽ 90 കുടുംബങ്ങളെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വാഴക്കാട് വില്ലേജിലെ പുൽപ്പറമ്പ്, കോലോത്തും കടവ്, കണ്ടാം തൊടി, വാഴയൂർ വില്ലേജിലെ അഴിഞ്ഞിലം മേഖലകളിൽ നിന്നുള്ള 90 കുടുംബങ്ങളിലെ 493 പേരെയാണ് വാഴക്കാട് ജി.എംയുപി, പണിക്കാർപുറായ സി.എച്ച് സ്‌കൂൾ, അഴിഞ്ഞിലം എ.യു.പി സ്‌കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. മുതുവല്ലൂർ വില്ലേജിലെ ഒറ്റപ്പെട്ട പ്രദേശമായ ചെങ്ങരാലിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഒറ്റപ്പെട്ട ഒൻപത് കുടുംബങ്ങൾ സുരക്ഷിതരാണെന്നും ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നുണ്ടെന്നും കൊണ്ടോട്ടി തഹസിൽദാർ കെ ദേവകി പറഞ്ഞു.

പ്രദേശം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സന്ദർശിച്ച് സ്ഥിഗതികൾ വിലയിരുത്തിയതായും തഹസിൽദാർ അറിയിച്ചു. വാഴക്കാട് വില്ലേജിലെ പുൽപ്പറമ്പ്, കോലോത്തും കടവ്, കണ്ടാംതൊടി, വെട്ടത്തൂർ, വാലില്ലാപ്പുഴ, എളമരം. വാഴയൂർ വില്ലേജിലെ പൊന്നേംപാടം, വടക്കുംമ്പാടം, പുഞ്ചപ്പാടം, തിരുത്തിയാട്, അഴിഞ്ഞിലം, താന്നിക്കോട്, വിരിപ്പാടം, ചീക്കോട് വില്ലേജിലെ കോലോത്തും കടവ്, മാങ്കടവ്, കാട്ടുമണ്ണിൽ, വാവൂർ, മുതുവല്ലൂർ വില്ലേജിലെ കുനിത്തലക്കടവ്, ചെങ്ങരാലി എന്നിവിടങ്ങളിലാണ് കൂടുതൽ മഴക്കെടുതിയുണ്ടായത്. മഴയുടെ ശക്തി കുറഞ്ഞതിനാൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് റവന്യൂ അധികൃതർ പറഞ്ഞു. നിലവിലെ സ്ഥിതി തുടർന്നാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അടുത്ത ദിവസം തന്നെ വീടുകളിലേക്ക് മടങ്ങിപോകാനാകുമെന്ന് തഹസിൽദാർ പറഞ്ഞു.

തിരൂർ താലൂക്കിൽ മാറ്റിപാർപ്പിച്ചത് 60 കുടുംബങ്ങളെ

ഭാരതപ്പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് തിരൂർ താലൂക്കിലെ പുറത്തൂർ, തൃപ്രങ്ങോട്, മംഗലം, തിരുന്നാവായ പഞ്ചായത്തുകളിലെ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. തൃപ്രങ്ങോട്ടെ പുറമ്പോക്ക് പ്രദേശമായ നദീനഗർ കോളനിയിലെ 17 കുടുംബങ്ങളെയും പുറത്തൂർ പഞ്ചായത്തിൽ ഭാരതപ്പുഴയുടെ സമീപത്തായി താമസിക്കുന്ന രണ്ട് കുടുംബങ്ങളെയുമാണ് ബന്ധുവീടുകളിലേക്ക് മാറ്റിപാർപ്പിച്ചത്. മംഗലം പഞ്ചായത്തിലെ പത്ത് കുടുംബങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വെള്ളപ്പൊക്കം കണക്കിലെടുത്ത് തിരുന്നാവായയിൽ രണ്ട് കുടുംബങ്ങളെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിയത്.

തൂതപ്പുഴ കരകവിഞ്ഞൊഴുകിയതിനാൽ ഇരിമ്പിളിയം പഞ്ചായത്തിൽ 29 കുടുംബങ്ങളെയും മാറ്റിപാർപ്പിച്ചിട്ടുണ്ട്. ലാന്റ് റവന്യൂ തഹസിൽദാർ പി രാജേന്ദ്രൻപിള്ളയുടെ നേത്യത്വത്തിലാണ് പുറത്തൂർ, തൃപ്രങ്ങോട് പഞ്ചായത്തുകളിൽ ദുരിതാശ്വാസ നടപടികൾ സ്വീകരിച്ചത്. വില്ലേജ് ഓഫിസർ നസീറിന്റെ മേൽനോട്ടത്തിലായിരുന്നു ഇരിമ്പിളിയം പഞ്ചായത്തിലെ നടപടികൾ. വ്യാഴാഴ്ച (9.9.18) ന് രാത്രിയോടെയാണ് വെള്ളം കയറിയ പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചത്. ഭാരതപ്പുഴയിലെ ജലനിരപ്പ് കുറഞ്ഞതിനാൽ നിലവിൽ പ്രശ്നങ്ങളില്ലെന്നും തിരൂർ ,താനൂർ തീരദേശത്ത് പലയിടങ്ങളിലായി കടൽക്ഷോഭമുണ്ടെങ്കിലും മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബാധിച്ചിട്ടില്ലെന്നും റവന്യൂ അധികൃതർ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങേണ്ട ആവശ്യം ഇപ്പോഴില്ലെന്നും അധികൃതർ അറിയിച്ചു.

പെരിന്തൽമണ്ണ- മഞ്ചേരി താലൂക്കുകളിൽ മാറ്റിപാർപ്പിച്ചത് 25 കുടുംബങ്ങളെ

പ്രകൃതിക്ഷോഭത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പെരിന്തൽമണ്ണ- മഞ്ചേരി താലൂക്കുകളിലായി 25 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പിലേക്കുമായി മാറ്റിപാർപ്പിച്ചു. ഉരുൾപൊട്ടൽ ഭീഷണിയുള്ളതിനാൽ മഞ്ചേരി താലൂക്കിലെ ഊർങ്ങാട്ടിരി പഞ്ചായത്ത് പരിധിയിൽ വരുന്ന വെറ്റിലപ്പാറ വില്ലേജ് ഓഫീസിന് കീഴിലെ ഓടക്കയത്ത് 15 പട്ടികവർഗ്ഗ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മലമ്പ്രദേശത്ത് താമസിക്കുന്ന 15 പട്ടികവർഗ്ഗ കുടുംബങ്ങളിലെ 53 പേരെയാണ് ഓടക്കയം ജി.യു.പി സ്‌കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇന്നലെ ഉച്ചയോടെ മാറ്റിപാർപ്പിച്ചത്.

ഇതിന് പുറമെ അരീക്കോട് പൂങ്കുടി മേഖലയിലേക്കുള്ള റോഡിൽ വെള്ളം കയറി ഒറ്റപ്പെട്ട 150 കുടുംബങ്ങൾക്കായി തോണി സർവ്വീസ് ഏർപ്പെടുത്തി. വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് എടവണ്ണയിലെ 10 കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റിപാർപ്പിച്ചതായി മഞ്ചേരി തഹസിൽദാർ പി സുരേഷ് പറഞ്ഞു. പ്രകൃതിക്ഷോഭ സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾക്ക് മുൻകരുതൽ നിർദ്ദേശം നൽകിയതായും തഹസിൽദാർ അറിയിച്ചു. പെരിന്തൽമണ്ണ താലൂക്കിലെ പുലാമന്തോൾ വില്ലേജ് പരിധിയിൽ വരുന്ന കട്ടുപാറ മേഖലയിൽ നിന്ന് 25 പേരടങ്ങുന്ന ആറ് കുടുംബങ്ങളെയും തിരുത്ത് പ്രദേശത്തെ മൂന്ന് കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റിപാർപ്പിച്ചിട്ടുണ്ട്. പുലാമന്തോൾ പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്നുണ്ടായ വെള്ളക്കെട്ട് കണക്കിലെടുത്തായിരുന്നു ദുരിതാശ്വാസ പ്രവർത്തനം. അതേസമയം നിലമ്പൂർ താലൂക്കിലേതു പോലുള്ള പ്രശ്നങ്ങൾ പെരിന്തൽമണ്ണ താലൂക്കിൽ ഇല്ലെന്ന് തഹസിൽദാർ എൻ.എം മെഹറലി അറിയിച്ചു.

മുല്ലപ്പെരിയാറിൽ മഴ കുറഞ്ഞു

എന്നാൽ മുല്ലപ്പെരിയാർ ഡാം പ്രദേശത്ത് ഇന്നലെ മഴ കുറഞ്ഞതു കേരളത്തിന് ആശ്വാസമായി. പെരിയാർ ഡാം പരിസരത്ത് മൂന്നു സെന്റീമീറ്റർ മഴയാണ് ഇന്നു രാവിലെ വരെ ലഭിച്ചതെന്ന് ചെന്നൈ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനം അഭൂതപൂർവ്വമായ കാലവർഷക്കെടുതി നേരിടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നൽകാൻ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. മനുഷ്യജീവനും വീടുകൾക്കും മറ്റു വസ്തുവകകൾക്കും റോഡുകൾക്കും ഭീമമായ നഷ്ടമാണ് കുറച്ചുദിവസങ്ങൾക്കകമുണ്ടായത്. ദുരന്തം നേരിടാൻ എല്ലാവരും കൈകോർത്തു നിൽക്കണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു അഭ്യർത്ഥനയുമില്ലാതെ ധാരാളം വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സംഭാവന നൽകുന്നുണ്ട്. അവരോടെല്ലാം മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചു. ദുരിതാശ്വാസത്തിന് കർണാടക സർക്കാർ 10 കോടി രൂപയും തമിഴ്‌നാട് 5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇരു സർക്കാരുകളെയും മുഖ്യമന്ത്രി നന്ദി അറിയിച്ചു. ജൂലൈ 26 മുതൽ ഓഗസ്റ്റ് 9 വരെയുള്ള ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.75 കോടി രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP