Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആരോപണങ്ങൾ വന്നതു കൊണ്ടല്ലേ ഞാൻ ഞാനായത്; ആരോപണം എന്നതല്ല.. അതിൽ എത്ര തെളിവുണ്ട് എന്നതിലാണ് കാര്യം; മാങ്ങയുള്ള മരത്തിലല്ലേ കല്ലെറിയൂ; ആക്ടീവായി നിൽക്കുന്നതിന്റെ പേരിൽ ആരോപണം വരും; പൊലീസിൽ തനിക്ക് ശത്രുക്കളില്ലെന്നും തച്ചങ്കരി; സ്വപ്നത്തിലെ കെഎസ്ആർടിസിയെ കുറിച്ചു മറുനാടനോട് പറയുന്നതിനിടെ തന്നെ ചെളിവാരി എറിയുന്നതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സിഎംഡി

ആരോപണങ്ങൾ വന്നതു കൊണ്ടല്ലേ ഞാൻ ഞാനായത്; ആരോപണം എന്നതല്ല.. അതിൽ എത്ര തെളിവുണ്ട് എന്നതിലാണ് കാര്യം; മാങ്ങയുള്ള മരത്തിലല്ലേ കല്ലെറിയൂ; ആക്ടീവായി നിൽക്കുന്നതിന്റെ പേരിൽ ആരോപണം വരും; പൊലീസിൽ തനിക്ക് ശത്രുക്കളില്ലെന്നും തച്ചങ്കരി; സ്വപ്നത്തിലെ കെഎസ്ആർടിസിയെ കുറിച്ചു മറുനാടനോട് പറയുന്നതിനിടെ തന്നെ ചെളിവാരി എറിയുന്നതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സിഎംഡി

എം റിജു, ഷാജൻ സ്‌കറിയ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സമഗ്രപരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആധുനിക ടിക്കറ്റിങ് സംവിധാനം കൊണ്ടുവരാനാണ് സിഎംഡി ടോമിൻ.ജെ.തച്ചങ്കരി ലക്ഷ്യമിടുന്നത്. ഇതിന് പലരും കരുതുമ്പോലെ വലിയ ചെലവ് വരില്ലെന്ന് തച്ചങ്കരി പറയുന്നു. ചിൽ ബസ് തുടങ്ങിയത് ഇത്തരം ആലോചനകളുടെ ഭാഗമാണ്. എസി ബസുകൾ റീഷെഡ്യൂൾ ചെയ്യുന്നതിനൊപ്പം ആധുനിക ടിക്കറ്റിങ് സമ്പ്രദായവും നടപ്പാക്കും. തച്ചങ്കരിയുമായുള്ള പ്രത്യേക അഭിമുഖം( രണ്ടാം ഭാഗം) .

  • പുതിയ ടിക്കറ്റിങ് പരിഷ്‌കാരങ്ങൾ എന്തൊക്കെ?

ഓൺലൈൻ ടിക്കറ്റിങ് നടപ്പിൽ വരുന്നതോടെ യാത്രക്കാരു പണം നഷ്ടമാകുന്നുവെന്ന പരാതികൾ ഒഴിവാക്കാം. ബുക്ക്മൈ ഷോ പോലെ ടിക്കറ്റ ബുക്ക് ചെയ്താൽ ഒരു ക്യൂആർ കോഡ് കിട്ടും. ഇത് മൊബൈൽ ഫോണിൽ കാണിച്ചാൽ മതിയാകും. അതുകൂടാതെ ട്രാവൽ കാർഡുകളും ഏർപെടുത്തും. 1000, 500 രൂപയ്ക്ക് ചാർജ് ചെയ്യാം. ഇതിനുള്ള മെഷീന്റെ വില 16,000 രൂപ. അതുടൻ ഓർഡർ ചെയ്യും. എല്ലാ ഡിപ്പോയിലും എല്ലാം ബസിലും ഇതുകൊണ്ടുവരും. ഇതിനായി 7000 ഇലക്ടോണിക് ടിക്കറ്റ് മെഷീനുകൾ വാങ്ങാൻ പോവുകയാണ്. ഇത് മൂന്നുമാസത്തിനുള്ളിൽ പ്രാബല്യത്തിലാകും.

ട്രാവൽ കാർഡും ക്യുആർ കോഡ് റീഡറും വരണമെങ്കിൽ ടെൻഡർ കഴിഞ്ഞ് വരണം. പിന്നീട് ചെയ്യുന്നത് ട്രാവൽ കാർഡിൽ ഡിസ്‌കൗണ്ട് നൽകും. 950 കൊടുത്താൽ ആയിരം കിട്ടും. ഏതായാലും യാത്രക്കാർക്ക് പണം കൈയിൽ കൊണ്ടുനടക്കേണ്ട ആവശ്യം ഇല്ലാതെ വരികയാണ്. എല്ലാ വിധത്തിലും കെ.എസ്.ആർ.ടിസിക്ക് വരുമാനമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ബ്രേക്ക് ഫാസ്റ്റ് കഴിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യത്തിന് ഓൺലൈൻ ആപ്ലിക്കേഷനുകളിൽ റസ്റ്റോറന്റുകളെ ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്.

ബസുകളിലെ സീറ്റിന് പിന്നിലെ പരസ്യങ്ങൾ വഴി വരുമാനം നേടിയെടുക്കാൻ കഴിയുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതീക്ഷ. ബാംഗ്ലൂർ ട്രിപ്പ് പോകുന്ന ബസുകളിൽ ലഗേജ് ഏറ്റെടുക്കുന്നതിലൂടെയും കോർപ്പറേഷൻ വരുമാനം കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിന്റെയെല്ലാം ഗുണങ്ങൾ യാത്രക്കാർക്കാണ് ലഭിക്കുന്നത്. എല്ലാ തരത്തിലും വരുമാനം കണ്ടെത്താൻ കഴിയുന്ന സ്വർണഖനിയാണ് കെ.എസ്.ആർ.ടിസി. യാത്രക്കാർക്ക് പൈസയല്ല പ്രശ്‌നം സർവീസാണ്. യാത്രക്കാർക്ക് ആരുടെ മുമ്പിലും കുമ്പിട്ടുനിൽക്കാനൊന്നും പുതിയ കാലത്ത് താൽപര്യമില്ല. അവർക്ക് നെറ്റിൽ അടിക്കണം, സാധനം കിട്ടണം, ഇതാണ് മനോഭാവം. ഇതുമുതലാക്കാനാണ് കെഎസ്ആർടിസിയും ശ്രമിക്കുന്നത്.

  • എ.സി ബസുകളിലെ കണ്ടക്ടർമാർക്ക് ഷിഫ്റ്റ് ക്രമങ്ങൾ എങ്ങനെയാണ്?

ഇപ്പോൾ നിലവിലുള്ളത് കെഎസ്ആർടിസിയുടെ തന്നെ സ്റ്റാഫാണ്. ഒരു കോടി 30 ലക്ഷം മുതൽ മുടക്കുള്ള വോൾവോ ബസുകളാണ് സർവീസിനുള്ളത്. ദീർഘദൂര ബസുകളിൽ ക്രൂ മാറ്റിയാണ് സർവീസ് നടത്തുന്നത്. അരമണിക്കൂർ വച്ച് എസി ബസുകൾ ഓടിക്കുന്ന പരിപാടി ഇനി ഉണ്ടാവില്ല. ഇനി മുതൽ മേജർ സറ്റേഷനുകളിൽ നിന്നുമാത്രമേ ലോങ് റണ്ണിങ് ബസ്സുകൾ പോവുകയുള്ളു. സൂപ്പർ ക്ലാസ് ബസുകൾ എന്നു പറയുന്ന സൂപ്പർ ഫാസ്റ്റ്, എക്സ്‌പ്രസ്, മിന്നൽ, അങ്ങനെയുള്ള ബസുകൾ 600 എണ്ണമുണ്ട്. ഈ 600 എണ്ണവും 219 എസി ബസും വേറെ കാറ്റഗറിയാക്കിയിട്ട് വോൾവോ എസി ബസുകൾ മൂന്ന് സിറ്റികളിലും, മറ്റുള്ളത് പ്രധാന സിറ്റികളിലും മാത്രമായി ചുരുക്കും. ഇപ്പോൾ ചെറിയ സ്ഥലങ്ങളിൽ വരെ ഈ സർവീസുകൾ നടത്തുന്നുണ്ട്്. ഇതുവഴി സ്പെയർ പാർട്സ് ചെലവുകൾ അടക്കം കുറയ്ക്കാൻ കഴിയും.

  • ചെയിൻ സർവീസ് നിർത്തലാക്കുമോ?

ചെയിൻ സർവീസ് നിർത്തലാക്കില്ല. അടുത്തത് ഫാസ്റ്റ്പാസഞ്ചറിലേക്ക് വരും. 1200 ബസ് വരും. ഫാസ്റ്റ് പാസഞ്ചർ മെയിൻ സെന്ററിൽ മാത്രമായി ചുരുക്കാനാവില്ല. അത് സബ്സെന്ററുകളിലും കൊടുക്കേണ്ടി വരും. റീഷെഡ്യൂളിങ്ങിൽ ഏറ്റവും പ്രശ്നം വരുന്നത് 4000 ത്തോളം ഓർഡിനറി ബസുകളുടെ കാര്യത്തിലാണ്. പത്ത് ബസുകൾ ഓടിയാലും ഏഴ് ബസുകൾ ഓടിയാലും കിട്ടുന്ന വരുമാനം ഒരു ലക്ഷമാണ്. ഈ ബസുകളെ പുറത്തേക്ക് ഇറക്കി സർവീസ് വിപുലമാക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. ദേശസാൽകൃതമായ 71 റൂട്ടുകൾ കെഎസ്ആർടിസിക്കുണ്ടെങ്കിലും 41 റൂട്ടുകളിൽ മാത്രമേ ഇപ്പോൾ ഓടുന്നുള്ളു. ബാക്കി മുപ്പത് റൂട്ടുകളിൽ ഓടുന്നില്ല. കെകെ.റോഡിലടക്കം കെഎസ്ആർടിസിക്ക് ആധിപത്യം സ്ഥാപിക്കാൻ കഴിയും. കെഎസ്ആർടിസി ഇല്ലാത്തതുകൊണ്ടാണല്ലോ, സ്വകാര്യ ബസുകൾ അവിടെ ആധിപത്യം തുടരുന്നത്. അതായാത് വെറുതെ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന ബസുകൾ ആവശ്യക്കാർ ഏറെയുള്ള ലാഭമുണ്ടാക്കാൻ കഴിയുന്ന റൂട്ടുകളിൽ ഓടിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.

  • 70 ശതമാനം കളക്ഷനില്ലെങ്കിൽ വണ്ടിയെടുക്കരുതെന്ന ജീവനക്കാരുടെ പരാതി ?

ഇക്കാര്യത്തിൽ ജീവനക്കാരെ പഴിച്ചിട്ട് കാര്യമില്ല. മാനേജ്‌മെന്റ്തലത്തിലെ അവ്യക്തതയാണ് ഇതിനു കാരണം. 8000 രൂപ കിട്ടുമെങ്കിൽ ഓർഡിനറിയുടെ വരുമാനം കൃത്യമാണെന്നാണ് മാനേജ്‌മെന്റ് തലത്തിലുള്ളവരുടെ ധാരണ. 8000 രൂപ കൊണ്ട് സർവീസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. 15,000 രൂപയെങ്കിലും മിനിമം.വേണമെന്നാണ് എന്റെ കണക്ക്. ലാഭത്തിലോടാൻ 30,000 എങ്കിലും വേണം.

കെഎസ്ആർടിസി വലിയ അക്ഷയ ഖനിയാണെന്ന് പറഞ്ഞു. ചിലർക്ക്. വണ്ടി വാങ്ങുന്ന കാര്യത്തിൽ, സ്പെയർ പാർട്ട്സുകൾ വാങ്ങുന്ന കാര്യത്തിൽ...ഇങ്ങനെ കാശുണ്ടാക്കി കൊണ്ടിരുന്നവർ ഉടക്കുമായി വരുന്നില്ലേ?കെ.എസ്.ആർ.ടി.സി നശിക്കാൻ ആഗ്രഹിക്കുന്ന വലിയ ലോബി പുറത്തുണ്ട്. പ്രതീക്ഷിക്കാത്ത സ്ഥലത്ത് നിന്നാണ് അതൊക്കെ വരുന്നത്. യൂണിയനും തൊഴിലാളികളുമാണ് പ്രശ്നക്കാരെന്ന് ഇപ്പോൾ ഞാൻ കരുതുന്നില്ല. പക്ഷേ പുറമേയുള്ള ശത്രുക്കളുണ്ട്. സ്വകാര്യ ബസുകളേക്കാൾ കുടുതൽ ശത്രുക്കൾ വേറെയുമുണ്ട്. ഇക്കാര്യത്തിൽ വലിയ തോതിൽ സർക്കാർ സംരക്ഷണം എനിക്ക് ആവശ്യമാണ്. സർക്കാർ സംരക്ഷണം ലഭ്യമായിട്ടും അവർ എന്നെ ആക്രമിക്കാൻ നടപടികളുമായി മുന്നോട്ട് പോകുകയാണ്. കെഎസ്ആർടിസി നശിച്ചുകിടന്നപ്പോഴും ലാഭത്തിലായിരുന്നവരുണ്ട്. അവരെ സംബന്ധിച്ച് ഇത് നശിച്ചുകിടന്നാലേ ലാഭമുള്ളു.

  • ഓൺലൈൻ ബുക്കിങ് സ്വാധീനമുള്ള കമ്പനികളുടെ കൈകളിലിരുന്നതാണ്. ഇതിനെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുമ്പോൾ രാഷ്ട്രീയമായ എതിർപ്പുണ്ടാകില്ലേ?

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സർക്കാർ വളരെയധികം വഴിവിട്ട് സഹായം നൽകുന്നുണ്ട്. ഒരുതൊഴിൽ ദാതാവ് എന്ന നിലയിൽ നിൽക്കുന്നതുകൊണ്ടാണ്. ഉദാഹരണത്തിന് കെൽട്രോണിന് കൊടുക്കണമെങ്കിൽ ടെൻഡറും ക്വട്ടേഷനും ഒന്നും വേണ്ട. എന്നാൽ പല കാര്യങ്ങളും അവർക്ക് സ്വന്തമായി ചെയ്യാൻ കഴിയുന്നില്ല. അവരത് ഔട്ട് സോഴ്സ് ചെയ്യും. അവർ അതുവീണ്ടും ഔട്ടസോഴ്സ് ചെയ്യും. സബ് കരാർ നൽകുന്ന കമ്പനികൾ പോലും ഓൺലൈൻ അറ്റകുറ്റപണികൾ നേരെയല്ല പ്രവർത്തിപ്പിക്കുന്നത്. സ്വകാര്യവൽക്കരണം എന്ന പേരിൽ നല്ലതിനെ അകറ്റി നിർത്തേണ്ട സമീപനമില്ല. റെഡ് ബസ് സംവിധാനത്തിന് ഓൺലൈൻ സംവിധാനം ഒരുക്കി നൽകിയപ്പോൾ 20 ദിവസം കൊണ്ട് ഒരു കോടി രൂപയുടെ ജോലി അവർ ചെയ്തു. അത്രയും ജീവനക്കാരും അവർക്കുണ്ട്. പേ.ടി.എം സംവിധാനം കൊണ്ടുവരുന്നതിനും എതിർപ്പുവന്നു. എന്നാൽ, ഓൺലൈൻ ഇടപാട് വന്നാൽ അഴിമതി കുറയുമെന്ന് ഉറപ്പ്.

  • പുതിയ സംരംഭങ്ങൾ യൂണിയൻകാരെ ജോലി ചെയ്യാൻ നിർബന്ധിതരാക്കുകയാണ്. അവർ പ്രതിഷേധിക്കില്ലേ?

പണമിടപാട് ഓൺലൈനാകുമ്പോൾ അഴിമതി കുറയുന്നു. അതു മാത്രമല്ല പൈസ എത്രയും വേഗം ട്രാൻസ്ഫർ ചെയ്യാൻ പുതിയ സംവിധാനത്തിലൂടെ ഗുണകരമാകുകയും ചെയ്യുന്നു. കമ്പ്യൂട്ടറൈസേഷൻ കൊണ്ട് മാത്രമേ ഇത് രക്ഷപ്പെടുകയുള്ളു എന്നതാണ് വസ്തുത. ശമ്പളം മാത്രം എഴുതാൻ മാത്രമാണ് ക്ലാർക്ക്മാരിക്കുന്നത്. കമ്പ്യൂട്ടറൈസ്ഡ് ആകുന്നതോടെ അതിന്റെ ആവശ്യം ഉയർന്നുവരുന്നില്ല. എന്നാൽ ഈ മിനിസ്റ്റീരിയൽ സ്റ്റാഫിന് പകരം അനൗൺസ്‌മെന്റ് ഉൾപ്പെടുള്ള തസ്തികയിലേക്ക് പരിഗണിക്കുകയും ചെയ്യും. എന്നാൽ, ഒരാളെയും തൊഴിൽ രഹിതനാക്കുന്ന സമീപനം ആർ.ടി.സി സ്വീകരിക്കില്ല. എന്നാൽ തൊഴിലാളികലെ ഭയപ്പെടുത്തുന്ന സമീപമാണ് യൂണിയനുകൾ സ്വീകരിക്കുന്നത്.

  • സിഐടിയു യൂണിയന്റെ പ്രസിഡന്റ് പറയുന്നത് ഉറപ്പായും തച്ചങ്കരി മാറുമെന്നാണ്? സർക്കാർ സമ്മതിച്ചെന്നാണ് പറയുന്നത്.

എന്നെ പോലുള്ള ആൾക്കാർക്ക് ഇങ്ങനെയുള്ള സംസാരങ്ങളിൽ ഒന്നും ഒരുപ്രത്യേകതയുമില്ല. നാളെ മാറാൻ പറഞ്ഞാൽ മാറി. അത്രേയുള്ളു

  • പക്ഷേ പത്രക്കാർക്കിടയിൽ സംസാരമുണ്ട്...മുഖ്യമന്ത്രിയും തച്ചങ്കരിയുമാണ് യഥാർഥ കെഎസ്ആർടിസി..ഗതാഗത മന്ത്രിക്ക് യാതൊരു റോളുമില്ലെന്ന്..

അയ്യോ ..അങ്ങനെയൊന്നും പറയല്ലേ..ഗതാഗതമന്ത്രി തുറന്നുപറഞ്ഞിട്ടുണ്ടല്ലോ സർക്കാർ നയങ്ങളാണ് തച്ചങ്കരി നടപ്പാക്കുന്നത്. വെറുതെ ഗോസിപ്പുകളടിക്കുന്നതാ..രണ്ടുപേരുടെയും ഫുൾ സപ്പോർട്ടുണ്ട്.

  • കട്ടപ്പന മുണ്ടക്കയം ഭാഗത്തേക്ക് കെയ്‌റോസ് ബസ് ഓടുന്നു. റൂട്ടില്ലെങ്കിലും ബസ് ഓടുന്നത് തടയാൻ കഴിയില്ലേ ?

കെയ്്‌റോസ് മാത്രമല്ല റൂട്ടുകൾ ലംഘിച്ച് നിരവധി ബസുകളാണ് ഇത്തരത്തിൽ ഓടുന്നത്. തിരുവനന്തപുരം- ബാംഗ്ലൂർ സർവീസ് തന്നെ നിരവധിയാണ് ഓടുന്നത്. പകരം താങ്കളുടെ ബസുകൾ വിട്ടുതരൂവെന്നാണ് സാധാരണ യാത്രക്കാരന്റെ ചോദ്യം. കോർപ്പറേഷന് കയ്യിൽ പൈസ ഇല്ലാത്തതിനാൽ പഴയ ബസുകളും റൂട്ടുകളും നിലനിർത്തി പുതിയ റൂട്ടുകൾ വാടകയ്‌ക്കെടുക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.

സാധാരണ ഗതിയിൽ ബസ് ഒരുകിലോമീറ്റർ ഓടുന്നതിന് 60 രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. അതിൽ കണ്ടക്ടർ ഡ്രൈവർ ഇതെല്ലാം ഉൾപ്പടും. ടെൻഡർ വണ്ടികളിൽ കണ്ടക്ടറെ മാത്രം വിട്ട് നൽകേണ്ട ആവശ്യമേ വരുന്നുള്ളു. ബാക്കി എല്ലാം കമ്പനി ചെയ്യും. പ്രൈവറ്റ് ബസുകാരനോട് കരാർ ചോദിച്ചപ്പോൾ എല്ലാ ചെലവും കൂടി 15 രൂപ മാത്രമാണ് വരുന്നത്. എന്നിട്ടും യൂണിയൻകാർ പറയുന്നത് സ്വകാര്യവൽക്കരിക്കുകയാണെന്നാണ്. സ്വകാര്യ ബസുകളെ സർക്കാർ വണ്ടിയാക്കി ഓടിക്കുന്നതിൽ ആർക്കാണ് നഷ്ടം വരുന്നതെന്ന് ഇവർ വ്യക്തമാക്കണം.തങ്ങളുടെ പിന്മുറക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് യൂണിയൻകാർ ശാഠ്യം പിടിക്കുന്നത്.

  • ശരണ്യബസുകളുടെ അനധികൃത സർവീസ് തടയാൻ കഴിയുമോ?

കെ.എസ്.ആർ.ടി.സി അല്ല ഇത്തരം സർവീസുകൾക്കെതിരെ നടപടി സ്വീകരിക്കേണ്ടത് എന്നതാണ് വസ്തുത. എനിക്ക് പരാതിക്കാരനായിട്ട് മാത്രമേ നിൽക്കാൻ സാധിക്കു. നടപടി സ്വീകരിക്കേണ്ടത് മോട്ടോർ വാഹന വകുപ്പും പൊലീസുമാണ്. കെ,.എസ്.ആർ.ടി.സിയുടെ സെക്ടറിലല്ല ഓടുന്നത്. എയർപോർട്ടിൽ സ്വകാര്യ സർവീസുകൾ കയറുന്നത് തടയുന്നുണ്ട. ഇതിനെല്ലാം പ്രശ്‌നപരിഹാരം കെ.എസ്.ആർ.ടി.സി സേവനം മെച്ചപ്പെടുത്തി ഓടിക്കുകയാണ്.

  • മലബാറിനോട് കെ.എസ്.ആർ.ടി.സിക്ക് അവഗണനയാണോ ?

സത്യമാണ്. കെഎസ്ആർടിസിക്ക് മാത്രമല്ല, എല്ലാ സർക്കാർ സംവിധാനത്തിനും അവഗണനയാണെന്ന് ഞാൻ പരസ്യമായി പറയാറുണ്ട്.സംസ്ഥാനത്ത് നടക്കുന്ന റിക്രൂട്ട്‌മെന്റിൽ 70 ശതമാനവും തെക്കൻ ജില്ലകളിലാണ് എല്ലാക്കാലത്തും പുലർത്തി പോരുന്നത്. പൊലീസ്, എക്‌സൈസ്, തുടങ്ങി കെ.എസ്.ആർ.ടി.സിയിലും എന്നും തെക്കൻ ജില്ലകളായ തിരുവനന്തപുരം കൊല്ലം, കോട്ടയം ആലപ്പുഴ എന്നിവയ്‌ക്കൊക്കെയാണ് പ്രാതിനിധ്യം നൽകിവരുന്നത്. ഇത് കാരണം മലബാറിൽ റൂട്ടുകൾ ഏറെയുണ്ടെങ്കിലും ഇവിടെ സ്റ്റാഫുകളില്ലെന്നതാണ് വസ്തുത. ഈ അവസരം മുതലെടുത്താണ് സ്വകാര്യബസുകൾ ഇവിടെ സർവീസുമായി രംഗത്തെത്തുന്നത്. കണ്ണൂർ, കാസർകോഡ്്, മലപ്പുറം ജില്ലകളെല്ലാം തന്നെ വരുമാനമുള്ളതാണ്. പക്ഷേ വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് കോർപ്പറേഷന്റെ പ്രതിസന്ധി.

  • ഫയർഫോഴ്‌സിൽ എം.ഡിയായി സേവനമനുഷ്ടിച്ച കാലത്ത് നല്ല പ്രവർത്തനങ്ങൾ ചെയ്തിട്ടില്ലേ എന്തൊക്കെയാണവ?

ഉയർന്ന കെട്ടിടങ്ങളിലേക്കുള്ള സ്‌കൈ ലിഫ്റ്റ് സംവിധാനം അഗ്നിശമന സേനയ്ക്കില്ലായിരുന്നു.സിവിൽ ഡിഫൻസ് ഫോഴ്‌സ് (ദുരന്ത നിവാരണ സേന) മറ്റ് എല്ലാ സംസ്ഥാനങ്ങളിലും പൊലീസ് വകുപ്പിന്റെ കീഴിലാണ്. എന്നാൽ ഇത്തവണ അത് ഫയർ സ്റ്റേഷന് കീഴിലാക്കി തന്നു. 5000 അംഗസംഖ്യ മാത്രമുള്ള വിഭാഗം വളരെ ചിട്ടയോടെയാണ് പ്രവർത്തിക്കുന്നത്. അവിടെ ജീവനക്കാർക്ക് തൊഴിലെടുക്കാനുള്ള തൽപര്യമുണ്ട്.

  • ട്രാൻസ്‌പോർട്ട് കമ്മീഷണറായിട്ടിരുന്ന കാലത്തെ അതേ മന്ത്രിയുടെ കീഴിലാണ് ഇപ്പോഴും സേവനമനുഷ്ഠിക്കുന്നത്. ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ടോ?

പത്രക്കാർ എഴുതിപ്പിടിപ്പിച്ച വാർത്ത മാത്രമാണ്,. അദ്ദേഹം വളരെ നല്ല മന്ത്രിയാണ്. അദ്ദേഹത്തിന്റെ പെരുമാറ്റവും അങ്ങനെ തന്നെയാണ്. പഴയ സർക്കാർ നിയമിച്ച ആളായതിനാൽ, അഴിച്ചുപണി നടത്തിയപ്പോൾ എന്നെയും മാറ്റിയതാണ്.... അല്ലാതെ മറ്റൊന്നും അതിലില്ല.

  • ഇവിടെ ഇത്രയധികം എഡിജിപിമാരും ഡിജിപിമാരും ഉണ്ടായിട്ടും ടി.പി.
    സെൻകുമാർ സർക്കാരിന് ഭീഷണിയായി വന്നപ്പോൾ പെട്ടെന്ന് പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി കൊണ്ടുവരാൻ കാരണമെന്ത്?

എന്തുകൊണ്ടാനെന്നെ കെഎസ്ആർടിസിയിൽ പെട്ടെന്ന് കൊണ്ടുവരാൻ കാരണം? ഇതൊക്കെ സർക്കാരിന്റെ തീരുമാനങ്ങളല്ലേ? സർക്കാരിനോട് തന്നെ ചോദിക്കണം.

  • രണ്ടു രാഷ്ട്രീയ പാർട്ടികൾക്കും താങ്കൾ വളരെ പ്രിയപ്പെട്ടവനാണ്? അതെങ്ങനെ സംഭവിച്ചു?

നല്ല ഓഫീസർമാരെ ഏതുപാർട്ടിയിലുള്ളവരും ഇഷ്ടപ്പെടും. അവരുടെ ഒരുപരാതി അതാണ്. നല്ല ഓഫീസർമാരില്ല.

  • താങ്കൾക്കെതിരെ നിരവധി ആരോപണങ്ങൾ വന്നിട്ടുണ്ടല്ലോ?

ആരോപണങ്ങൾ വന്നതുകൊണ്ടല്ലേ ഞാൻ ഞാനായത്. ആരോപണം എന്നതല്ല ..അതിൽ എത്ര തെളിവുണ്ട് എന്നതാണ്. മാങ്ങയുള്ള മരത്തിലല്ലേ കല്ലെറിയൂ. ആക്ടീവായി നിൽക്കുന്നതിന്റെ പേരിൽ ആരോപണം വരും.

  • ഒരുപാട് ആരോപണങ്ങളുണ്ട്...പ്രകാശന്റെ കേസ്..അനിയന്റെ ഗോഡൗണിൽ നിന്ന് കോടിക്കണക്കിന് തോക്ക്..

നമ്മുടെ ജ്യേഷ്ഠന്മാരൊന്നും ബിസിനസ് നടത്തരുതെന്ന് എന്നോട് പറയാൻ പറ്റുമോ? ആരോപണങ്ങളെല്ലാം സമൂഹത്തിന്റെ ഭാഗമാണ്. എല്ലാകാലത്തും അത് സംഭവിക്കും. ഒരു പബ്ലിക് ഫെയ്സ് ആയി നിൽക്കുമ്പോൾ അതൊക്കെ നേരിട്ടേ മതിയാകൂ..എന്റെ ബന്ധുക്കൾക്കെതിരെ വാർത്തകൾ വന്നാൽ ഞാൻ കുറ്റവാളിയാണെന്ന് എങ്ങനെ വിലയിരുത്താൻ കഴിയും? ആരോപണങ്ങൾ വന്നിട്ടില്ലെന്ന് പറയുന്നില്ല. പക്ഷേ അവയെ തിരുത്താൻ ശ്രമിച്ചിട്ടgണ്ട്.

  • ഡി.ജി.പിയാകുമെന്ന് പ്രതീക്ഷയുണ്ടോ?

പ്രതീക്ഷ വേണമെങ്കിൽ വെയ്ക്കാം. കാരണം 2021 ആകുമ്പോൾ കേരളത്തിലെ ഏറ്റവും സീനിയോറിറ്റിയുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഞാനുമെത്തും. വേണമെങ്കിൽ ആകാം. അല്ലെങ്കിൽ അങ്ങനെയാകില്ല.

  • പൊലീസിൽ ശത്രുക്കളുണ്ടോ?അസോസിയേഷനുകൾ പിടിച്ചടക്കാൻ ശ്രമം നടത്തിയെന്നാണ് ആരോപണം ഉയർന്നത്?

പൊലീസിൽ എനിക്ക് ശത്രുക്കളില്ല. അത് ആരോപണങ്ങൾ മാത്രമാണ്. രണ്ട് വർഷം മുൻപ് ഞാൻ നടത്തിയ പ്രസ്താവനയാണ് വിവാദം തീർക്കുന്നത്. അസോസിയേഷനിൽ മികച്ച ഒരു ബൈലോ ഇല്ലെന്നായിരുന്നു ഞാൻ പറഞ്ഞത്. മറ്റ് അസോസിയേഷനുകൾക്കെല്ലാമുണ്ട്. പക്ഷേ ഇവിടെമാത്രമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP