Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് മഴക്കെടുതിയിൽ 22 മരണം; കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഉരുൾപ്പൊട്ടൽ; വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; ഇടുക്കി മലപ്പുറം ജില്ലകളിൽ രണ്ടുകുടുംബങ്ങളിലെ 10 പേർ മരിച്ചു; അടിമാലിയിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു; ഉരുൾപൊട്ടി പലയിടത്തും റോഡ് തകർന്ന് വയനാട് ചുരം; മൂന്ന് ചുരങ്ങളും തകർന്നതോടെ ഒറ്റപ്പെട്ട് വയനാട് ജില്ല; നാല് ജില്ലകളിൽ സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടു; വ്യാപക കൃഷിനാശവും ആൾനാശവുമായി മലയോര മേഖല ദുരിതത്തിൽ

സംസ്ഥാനത്ത് മഴക്കെടുതിയിൽ 22 മരണം; കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഉരുൾപ്പൊട്ടൽ; വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; ഇടുക്കി മലപ്പുറം ജില്ലകളിൽ രണ്ടുകുടുംബങ്ങളിലെ 10 പേർ മരിച്ചു; അടിമാലിയിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു; ഉരുൾപൊട്ടി പലയിടത്തും റോഡ് തകർന്ന് വയനാട് ചുരം; മൂന്ന് ചുരങ്ങളും തകർന്നതോടെ ഒറ്റപ്പെട്ട് വയനാട് ജില്ല; നാല് ജില്ലകളിൽ സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടു; വ്യാപക കൃഷിനാശവും ആൾനാശവുമായി  മലയോര മേഖല ദുരിതത്തിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ദുരിതം വിതച്ച പേമാരി തുടരുന്നു. മഴ കനത്തതോടെ മലയോര മേഖല ഏതാണ്ട് പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇവിടങ്ങളിൽ ഉരുൾപൊട്ടലിൽ കുടുംബത്തോടെ ഒലിച്ചുപോയവരുമുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ആൾനാശവും കൃഷിനാശവും ഉണ്ടായിട്ടുണ്ട്. 22 പേർ മഴക്കെടുതിയിൽ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഉരുൾപൊട്ടിയും വീടുതകർന്നുമാണ് മരണം. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഉരുൾപൊട്ടലുണ്ടായി. ഇടുക്കി, മലപ്പുറം ജില്ലകളിൽ രണ്ടു കുടുംബങ്ങളിലെ പത്തു പേർ മരിച്ചു. വയനാട്ടിലും ഒരു മരണം റിപ്പോർട്ട് ചെയ്തു. മാനന്തവാടി തലപ്പുഴ മക്കിമലയിൽ ഉരുൾപൊട്ടി ഒരു കുടുംബം മണ്ണിനടിയിൽ കുടുങ്ങി. പെരിയാർ വാലിയിൽ രണ്ടുപേരെ കാണാനില്ല. കനത്ത മഴയെത്തുടർന്ന് വയനാട്ടിൽ ദുരന്തനിവാരണ അഥോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാനിർദ്ദേശമാണു പുറപ്പെടുവിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾക്ക് നാവികസേനയുടെ മൂന്നു സംഘവും ഹെലിക്കോപ്റ്ററും രംഗത്തുണ്ട്.

അടിമാലിയിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ നാലു പേരും കഞ്ഞിക്കുഴി പെരിയാർവാലിയിൽ ഉരുൾപൊട്ടലിൽ രണ്ടു പേരുമാണ് മരിച്ചത്. അടിമാലി- മൂന്നാർ റൂട്ടിൽ ദേശീയ പാതയ്ക്കു സമീപം പുത്തൻകുന്നേൽ ഹസൻ കോയ എന്നയാളുടെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ആറു പേരാണ് വീട്ടിലുണ്ടായിരുന്നത്. ഹസൻ കോയയും മകനും പരിക്കുകളോടെ രക്ഷപ്പെട്ടു. പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇടുക്കി കഞ്ഞിക്കുഴി പെരിയാർവാലിയിൽ ഉരുൾപൊട്ടി രണ്ട് പേർ മരിച്ചു. കഞ്ഞിക്കുഴി പെരിയാർ വാലിയിൽ കൂടക്കുന്നേൽ അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. രണ്ടു പേരുടേയും മൃതദേഹം ലഭിച്ചു.

കനത്ത മഴയിൽ വയനാട് ഒറ്റപ്പെട്ടു. വൈത്തിരിയിൽ ഉരുൾപൊട്ടി ഒരാൾ മണ്ണിനടിയിൽപ്പെട്ടു. രണ്ട് വീടുകൾ പൂർണമായും ഏഴ് വീടുകൾ ഭാഗികമായും തകർന്നു. വൈത്തിരി പൊലീസ് സ്റ്റേഷന്റെ മെസ് ഹൗസും തകർന്നു. പാൽ ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും കുറ്റ്യാടി ചുരത്തിലൂടെ ഭാഗികമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. വയനാട്ടിൽ നിന്ന് താഴേക്ക് വരാനുള്ള മൂന്ന് ചുരങ്ങളിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം മുടങ്ങി.

കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പൻകുണ്ടിൽ ഉരുൾപൊട്ടി ഒരാളെ കാണാതായി. മട്ടിക്കുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്. വട്ടിക്കുന്ന് പ്രദേശത്തുള്ള ഉരുൾ പൊട്ടിയ സ്ഥലത്തേക്ക് കാറുമായി എത്തിയ റിജിത്തിനെയാണ് പുഴയിൽ കാണാതായത്. കാറിൽ കൂടെയുണ്ടായിരുന്ന രണ്ടു പേർ രക്ഷപ്പെട്ടെങ്കിലും റിജിത്തും കാറുമടക്കം പുഴയിലേക്ക് ഒഴുകി പോവുകയായിരുന്നു. രക്ഷാ പ്രവർത്തനത്തിനായി കൂടുതൽ ദുരന്തനിവാരണ സേനാംഗങ്ങളെ നിയോഗിക്കുമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്. അറുപതിലേറെ പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. മലമുകളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഫയർ ഫോഴ്‌സും പൊലീസും ശക്തമായ തിരച്ചിൽ നടത്തുന്നുണ്ട്. ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരു സംഘം കോഴിക്കോട്ടേക്ക് പുറപ്പെട്ടു. റവന്യൂമന്ത്രി അടിയന്തരയോഗം വിളിച്ചു.

മലപ്പുറത്തും ഉരുൾപൊട്ടലുണ്ടായി. നിലമ്പൂരിന് സമീപം ചെട്ടിയം പാറയിലാണ് ആണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടലിലകപ്പെട്ട അഞ്ച് പേരാണ് ഇവിടെ മരിച്ചത്. ഇന്ന് രാവിലെയാണ് ഉരുൾപൊട്ടിയത്. ജില്ലയിൽ വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. അരീക്കോടിന് സമീപം മൂർക്കനാട് പാലത്തിന്റെ പകുതി ഒലിച്ചുപോയി. വയനാട്ടിൽ 34 ദുരിതാശ്വാസ ക്യാംപുകളിലായി 3000 -തോളം പേർ കഴിയുന്നുണ്ട്. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള അതീവ ജാഗ്രതാ നിർദ്ദേശമാണ് അധികൃതർ നൽകുന്നത്. വയനാട്ടിൽ പലയിടങ്ങളിലായി മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലുമായി ആളുകളെ കാണാതായതായി സംശയമുള്ളതിനാൽ ഫയർഫോഴ്‌സും റവന്യു ഉദ്യോഗസ്ഥരും തിരച്ചിൽ തുടരുകയാണ്.

ഇടുക്കി അടിമാലിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. ആറുപേരെ കാണാതായതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആറ് മണ്ണ് മന്ത്രി യന്ത്രങ്ങൾ ഉപയോഗിച്ച് ഫയർഫോഴ്‌സും പൊലീസുമടക്കമുള്ളവർ വ്യാപകമായി പരിശോധന തുടരുകയാണ്. പരമാവധി ജലസംഭണ ശേഷി കവിഞ്ഞതിനെ തുടർന്ന് ഇടമലയാർ ഡാം തുറന്നു. നാല് ഷട്ടറുകൾ 80 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ഇവിടെ നിന്നുള്ള വെള്ളം ഒഴുകി എത്തുന്ന ഭൂതത്താൻകെട്ട് ഡാമിന്റെ 14 ഷട്ടറുകളും തുറന്നിട്ടുണ്ട്. അതേസമയം ഇടുക്കിയിൽ ജലനിരപ്പ് 2398.66 അടിയായി ഉയർന്നു. വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ട്രെയൽ നടത്തേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്. ജലനിരപ്പ് വർധിക്കുകയും മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഡാ തുറക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ.

മലബാറിൽ കനത്ത നാശനഷ്ടം, ദുരന്ത നിവാരണ സേന രംഗത്ത്

മലബാർ മേഖയിൽ ദുരിതപ്പെയ്ത്ത് തുടർന്നുകൊണ്ടിരിക്കുന്നു. മലബാർ മേഖലയിൽ സർവ്വത്ര നാശനഷ്ടങ്ങൾ. കോഴിക്കോടും മലപ്പുറവും വയനാടും കണ്ണൂരൂം പാലക്കാടും ദുരിതത്തിൽ. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പൻകുണ്ടിൽ ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ ഉരുൾപൊട്ടി ഒരാളെ കാണാതായി. മട്ടിക്കുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്. കാറിൽ വീട്ടിലേക്ക് വരുന്നതിനിടെ മലയിൽ നിന്ന് കുതിച്ചുവന്ന മലവെള്ളപ്പാച്ചിലിൽ കാറടക്കം പുഴയിലേക്ക് ഒഴുകിപ്പോയതായാണ് വിവരം. കാറിലുണ്ടായിരുന്ന മറ്റു മൂന്ന് പേർ ചാടി രക്ഷപ്പെട്ടു. ഏറെ വൈകിയാണ് സുരക്ഷാ സേനക്ക് പോലും പ്രദേശത്തേക്ക് പ്രവേശിക്കാനായിട്ടുള്ളത്. ഇപ്പോഴും കൂടുതൽ ജനങ്ങളെ പുറത്തെത്തിക്കാനായാട്ടില്ല. ആളുകൾ ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് തന്നെയുള്ള പള്ളിയിലേക്ക് മാറിയിട്ടുണ്ട്.

അറുപതിലധികം ആളുകൾ ഇപ്പോഴും പള്ളിയിലുണ്ടെന്നാണ് വിവരം. പ്രദേശത്തേക്ക് ജനങ്ങൾക്ക് കടക്കാനായിട്ടില്ല. വെള്ളപ്പാച്ചിലിന്റെ ശക്തികുറഞ്ഞതിന് ശേഷം മാത്രമേ ഇവരെ പൂർണ്ണമായും പുറത്തെത്തിക്കാനാകൂ. പൊലീസും ഫർഫോഴ്സും സന്നദ്ധ പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. ആനക്കാംപൊയിലിലും ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സേനയെ നിയോഗിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. താമരശ്ശേരി താലൂക്കിലും നാദാപുരം, പേരാമ്പ്ര, ബാലുശ്ശേരി, മുക്കം വിദ്യാഭ്യാസ ഉപജില്ലകളിൽ ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ഏഴ് ഇടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായിരിക്കുന്നത്. കേന്ദ്ര സേന അൽപ സമയത്തിനകം കോഴിക്കോടെത്തും.

വയാനാട് തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള മൂന്ന് പാതകളും മണ്ണുവീണ് അടഞ്ഞു.കുറ്റ്യാടിച്ചുരവും പാൽചുരവും താമരശ്ശേരി ചുരവും വഴിയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. വൈത്തിരിയിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇവിടെ രണ്ട് വീടുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്. വയനാട്ടിൽ മാത്രം 34 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 2259 ആളുകളെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുള്ളത്. അതീവ ജാഗ്രതാ നിർദ്ദേശമാണ് വയനാട്ടിൽ നിലിനിൽക്കുന്നത്. സമീപകാലത്തുള്ളതിൽ ഏറ്റവും വലിയ ദുരിതമാണ് ഇപ്പോൾ വയനാട്ടിലുണ്ടായിരിക്കുന്നത്.

മലപ്പുറം ജില്ലയിലെ മലയോര മേഖലകളിൽ ഇപ്പോഴും മഴ തുടരുകയാണ് നിലമ്പൂർ, കാളികാവ് , കരുവാരക്കുണ്ട്, എടക്കര, വഴിക്കടവ് ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഇന്നലെ ഉരുൾപൊട്ടലുണ്ടായിട്ടുള്ള അടക്കാകുണ്ടിൽ നിന്നുള്ള വെള്ളമെത്തി പുഴകളെല്ലാം ദിശമാറി ഒഴുകാൻ തുടങ്ങിയിരിക്കുന്നു. നിലമ്പൂരിൽ സർവ്വത്ര നാശങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ചാലിയാറിന്റെ ഉദ്ഭവസ്ഥാനത്ത് ഇപ്പോഴും മഴ തുടരുന്നത് പുഴ ഒഴുകിയെത്തുന്ന മേഖലകളെയും സാരമായി ബാധിച്ചു. വാഴക്കാട് പഞ്ചായത്തിലെ എടശ്ശേരിക്കുന്ന്, നൂഞ്ഞിക്കര ഭാഗങ്ങളിലേക്ക് പുഴയിൽ ശക്തമായി വെള്ളമൊഴുകുന്നുണ്ട്. ആവശ്യമെങ്കിൽ വാഴക്കാട് യുപി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ തുറക്കുമെന്ന് വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഹാജറുമ്മ ടീച്ചർ അറിയിച്ചു. ഇന്നലെ സ്‌കൂൾ വിട്ട് പോവുകയായിരുന്ന വിദ്യാർത്ഥി വെള്ളത്തിൽ വീണിരുന്നു. നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്.

സ്‌കൂളിലേക്ക് പോകുമ്പോൾ വെള്ളമില്ലായിരുന്നു. വൈകിട്ടാണ് പുഴയിൽ നിന്ന് വെള്ളം കയറി റോഡ്മുങ്ങിയത്. നിലമ്പൂരിൽ ചെട്ടിയം പാറയിലും ഉരുൾപൊട്ടലുണ്ടായിരിക്കുന്നു. കനത്ത മഴയിൽ വെള്ളം പൊങ്ങി നിലമ്പൂർ പട്ടണം ഒറ്റപ്പെട്ടു കെ.എൻ ജി റോഡിൽ വെളിയംതോട്, ജനതപ്പടി, ജ്യോതിപ്പടി എന്നിവിടങ്ങിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. കുളക്കണ്ടം, ചക്കാലക്കുത്ത് ', കാരാട് വഴികളും തടസപ്പെട്ടതോടെയാണ് ഒറ്റപ്പെടൽ.

കനത്ത മഴ തുടരുകയാണ്. ചാലിയാർ പഞ്ചായത്തിലെ മതിൽ മൂല ആദിവാസി കോളനി, മൂലേപ്പാടം, ആഢ്യൻപാറ, എന്നിവടങ്ങളിൽ വീടുകളിൽ ജനങ്ങൾ കുടുങ്ങി.നിലമ്പൂർ, മഞ്ചേരി ,മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ നിന്നും രക്ഷാ സേന നിലമ്പൂരിലേക്ക് പുറപ്പെട്ടു. നിലമ്പൂർ, കൊണ്ടോട്ടി താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചാലിയാറിൽ ക്രമാതീതമായി വെള്ളമുയർന്നതിനാൽ എളമരം കടവിലെ ബോട്ട് സർവ്വീസ് നിർത്തിവെച്ചു. എരുമമുണ്ട മതിൽമൂലിയിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. നാല് പേരെ കാണാതായിട്ടുണ്ട്. പാലക്കാട് മുണ്ടൂരിൽ വെള്ളം കയറി വീടുകളെല്ലാം വെള്ളത്തിനടിയിലായി. അട്ടപ്പാടിയിൽ മഴ തുടരുന്നു. ഭവാനിപ്പുഴയും, ശിരുവാണിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അരീക്കോട് മൂർക്കനാട് ചാലിയാറിന് കുറുകെയുള്ള പാലം ഒലിച്ചുപോയി

മലപ്പുറം ജില്ലയിലെ അരീക്കോട് മൂർക്കനാട് കടവിൽ ചാലിയാറിന് കുറുകെ 2010ൽ നിർമ്മിച്ച കോൺക്രീറ്റ് നടപ്പാലം ഒലിച്ചുപോയി. 2010ൽ തോണി മറിഞ്ഞ് മൂർക്കനാട് സുബുലുസ്സലാം സ്‌കൂളിലെ 8 കുട്ടികൾ മരിക്കാനിടയായ സാഹചര്യത്തിലായിരുന്നു പാലം നിർമ്മിച്ചത്. നിർമ്മിച്ച് 8 വർഷം പൂർത്തിയാകുന്നതിന് മുന്നേയാണ് പാലം പൂർണ്ണമായും ഒലിച്ചുപോയത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് ഒരു ഭാഗവും നാല് മണിയോട് കൂടി പകുതി ഭാഗവും ഒലിച്ചുപോവുകയായിരുന്നു.

മൂർക്കനാട് കടവിൽ ചാലിയാറിന് കുറുകെ 210 മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിരുന്നത്. കോൺക്രീറ്റ് കാലുകളിൽ നിർമ്മിച്ച പാലത്തിന്റെ കാലുകളടക്കം ഒഴുകിപ്പോയിട്ടുണ്ട്. അരീക്കോട് നിന്ന് മൂർക്കനാട് സ്‌കൂളുകിലേക്ക് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഈ പാലത്തിലൂടെ പോയിരുന്നത്. ജില്ലയിൽ തന്നെ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന പൊതുവിദ്യാലയമാണ് മൂർക്കനാട് സ്‌കൂൾ. ഈ സ്‌കൂളിലെ വിദ്യാർത്ഥികളെ കൂടാതെ നാട്ടുകാരും ഈ പാലമായിരുന്നു ഉപയോഗിച്ചിരുന്നത്. മൂർക്കനാട് നിന്ന് അരീക്കോട് ടൗണിലേക്ക് ഏറ്റവും എളുപ്പത്തിലെത്താൻ സഹായിച്ചിരുന്ന പാലമാണ് ഇന്ന് പുലർച്ചെ തകർന്നത്.

കണ്ണൂരിൽ ഉരുൽപൊട്ടൽ പരമ്പര

ജില്ലയിൽ ഉരുൾപൊട്ടൽ പരമ്പര തുടരുന്നു. ഇരുപതിലേറെ സ്ഥലങ്ങളിലാണ് ഇന്നലേയും ഇന്ന് പുലർച്ചേയുമായി ഉരുൾപൊട്ടലുണ്ടായത്. ഇന്ന് രാവിലെ എടപ്പുഴ ഭാഗത്ത് ഉരുൾപൊട്ടലിൽ രണ്ട് വീടുകൾ തകർന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അയ്യം കുന്ന് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ അവിടേക്ക് തിരിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ട് ഉണ്ടായ ഉരുൾപൊട്ടലിൽ എടപ്പുഴ കീഴങ്ങാനത്ത് വീട് തകർന്ന് ഇമ്മട്ടിയിൽ തോമസ് (80) മകൻ ജയിസന്റെ ഭാര്യ (42) എന്നിവർ മരിച്ചു. വൈകീട്ട് അഞ്ച് മണിക്ക് ഉണ്ടായ ഉരുൾപൊട്ടലിൽ മരങ്ങളും കല്ലും മണ്ണും വീടിന് മുകളിലേക്ക് പതിച്ചാണ് അപകടം. രാത്രി എട്ട് മണിയോടെയാണ് നാട്ടുകാരും രക്ഷാ പ്രവർത്തകരും ചേർന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്.

തോമിസിന്റെ മകൻ ജയിസണും പേരമകൻ അഖിലും വീട്ടിലില്ലായിരുന്നു. അയ്യം കുന്ന് ആറളം മേഖലയിൽ 200 ലേറെ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരിക്കയാണ്. നൂറിൽപരം കുടുംബങ്ങൾ ഒറ്റപ്പെട്ടു പോയിട്ടുണ്ട്. പൊലീസും അഗ്‌നി ശമന സേനയും കണ്ണൂർ ടെറിട്ടോറിയൽ ആർമിയും പ്രതിരോധ സുരക്ഷാ സേനയും രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയിരിക്കയാണ്. മരിച്ച തോമസിന്റേയും മകന്റെ ഭാര്യ ഷൈനിയുടേയും മൃതദേഹങ്ങൾ പാറക്കപാറ കാരുണ്യമാതാ ദേവാലയ സെമിത്തേരിയിൽ വൈകീട്ട് നാലിന് സംസ്‌ക്കരിക്കും. അതിശക്തമായ മഴയും തുടർച്ചയായ ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും മലയോര മേഖലയിലെ പഞ്ചായത്തുകളിൽ വൻ നാശം വിതച്ചിരിക്കയാണ്. വീടുകൾ തകർന്നതോടെ ഭാഗികമായും പൂർണ്ണമായും നിരവധി വീടുകൾക്ക് നാശമുണ്ടായി.

കാർഷിക വിളകളുടെ നാശം അതിലേറെയാണ്. പുഴകൾ കരകവിഞ്ഞതിനെ തുടർന്ന് റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായതിനാൽ ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടി- വിരാജ്പേട്ട അന്തർ സംസ്ഥാന റോഡിലൂടെയുള്ള ഗതാഗതവും പൂർണ്ണമായും നിലച്ചു. കർണ്ണാടക വനത്തിലുണ്ടായ ഉരുൾപൊട്ടലിൽ പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. പാലവും റോഡും കൃഷിയിടങ്ങളുമെല്ലാം വെള്ളത്തിനടിയിലായി. ആലക്കോട് മേഖലയിലും മൂന്നിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി വൻ കൃഷിനാശമുണ്ടായി ആയിരത്തോളം വാഴയും തെങ്ങും കവുങ്ങും നശിച്ചു. മരയോര ടൗണുകളായ മണക്കടവ്, കാർത്തിക പുരം, എന്നിവിടങ്ങളിലും വെള്ളം കയറി. ഉളിക്കൽ, വട്ടിയാം തോട്, നുച്ചിയാട്, തുടങ്ങിയ ടൗണുകളിലേക്കുള്ള റോഡുകളും വെള്ളത്തിലായി.

ശ്രീകണ്ഠാപുരം ടൗണും ഉരുൾപൊട്ടലിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടിരിക്കയാണ്. വളപട്ടണം പുഴയുടെ ഇരുകരകളിലുമുള്ള നൂറിലേറെ ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പലയിടങ്ങളും ഒറ്റപ്പെട്ടു. ശ്രീകണ്ഠാപുരം മാർക്കറ്റിലെ കടകളും വെള്ളത്തിലാണ്. ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലേയും കർണ്ണാടക വനത്തിൽ മഴ തുടരുകയാണ്. കരിക്കോട്ടക്കരി കൂമന്തോടിൽ രണ്ട് വീടുകൾ ഉരുൾ പൊട്ടലിൽ നിലം പൊത്തുന്ന വിരമറിഞ്ഞ് അയ്യം കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ സെബാസ്റ്റ്യനും ഭരണ സമിതി അംഗങ്ങളും അങ്ങോട്ട് തിരിച്ചിരിക്കയാണ്. കൂടുതൽ വിരങ്ങൾ അറിവായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP