Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡെന്റൽ കോളേജിന് കൗൺസിൽ അംഗീകാരം നിലനിർത്താൻ ഉപഹാരമായി നാലര ലക്ഷം വരുന്ന സ്വർണ നാണയങ്ങൾ; സുഖസൗകര്യമായി ഏർപ്പാടു ചെയ്തത് മംഗലൂരുവിലെ ആഡംബര ഹോട്ടലിൽ താമസവും വാഹനവും; അംഗീകാരം ആശങ്കയിലായ പൊയിനാച്ചി ഡെന്റൽ കോളേജിൽ പതിവു തെറ്റിച്ച് നേരത്തെ പരിശോധനയ്ക്കെത്തി ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ പ്രതിനിധികൾ; കോളേജിന് പൂട്ടുവീഴുന്നത് തടഞ്ഞെന്ന് സൂചനകൾ

ഡെന്റൽ കോളേജിന് കൗൺസിൽ അംഗീകാരം നിലനിർത്താൻ ഉപഹാരമായി നാലര ലക്ഷം വരുന്ന സ്വർണ നാണയങ്ങൾ; സുഖസൗകര്യമായി ഏർപ്പാടു ചെയ്തത് മംഗലൂരുവിലെ ആഡംബര ഹോട്ടലിൽ താമസവും വാഹനവും; അംഗീകാരം ആശങ്കയിലായ പൊയിനാച്ചി ഡെന്റൽ കോളേജിൽ പതിവു തെറ്റിച്ച് നേരത്തെ പരിശോധനയ്ക്കെത്തി ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ പ്രതിനിധികൾ; കോളേജിന് പൂട്ടുവീഴുന്നത് തടഞ്ഞെന്ന് സൂചനകൾ

രഞ്ജിത്ത് ബാബു

കണ്ണൂർ: തന്റെ ഉടമസ്ഥതയിലുള്ള പൊയിനാച്ചിയിലെ ഡെന്റൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടുമെന്ന ഘട്ടം വന്നതോടെ അതിന് തടയിടാൻ പണമെറിഞ്ഞ്, കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന്റെ ഉടമകൂടിയായ ജബ്ബാർ ഹാജി. ഇതിനായി പതിവായി പരിശോധനയ്ക്ക് എത്തുന്ന സമയത്തിന് മുന്നേ തന്നെ ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യയിലെ അംഗങ്ങളെ നേരത്തെ പരിശോധനയ്ക്ക് എത്തിച്ച് സൽക്കരിച്ചുവെന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. ഇവരെ സ്വാധീനിക്കാൻ വൻ സംവിധാനമൊരുക്കിയതായും മറുനാടന് വിവരം ലഭിച്ചു.

മംഗലൂരുവിലെ ആഡംബര ഹോട്ടലിൽ എല്ലാ സൗകര്യങ്ങളുമൊരുക്കി താമസം. ഉപഹാരമായി നാലര ലക്ഷം രൂപ വരുന്ന പത്ത് വീതം സ്വർണ്ണനാണയങ്ങൾ. ആഡംബര കാറിൽ യാത്രാ സൗകര്യം. ഇങ്ങനെ എല്ലാമെല്ലാം ഒരുക്കിയായിരുന്ന സൽക്കാരമെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ അംഗീകാരം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ നിന്ന് ഡെന്റൽ കോളേജ് കരകയറിയോ എന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.

ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യയിലെ പരിശോധകർക്ക് പൊയിനാച്ചിയിലെ സെഞ്ച്വറി ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിൽ മാനേജ്മെന്റ് ഒരുക്കിയ സംവിധാനങ്ങളുടെ വിവരം പുറത്തുവന്നതോടെ വീണ്ടും കോളേജിനെ ചൊല്ലി വിവാദം ശക്തമാകുകയാണ്. കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന്റെ ഉടമ ജബ്ബാർ ഹാജിയുടെ ഉടമസ്ഥതയിലാണ് പൊയിനാച്ചിയിലെ ഡെന്റൽ കോളേജും.

ഇന്ത്യയിലാദ്യം നൂറ് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ അനുമതി ലഭിച്ച ഏക ഡെന്റൽ കോളേജായിരുന്നു ഇത്. സർക്കാർ-സ്വകാര്യ മേഖലയിൽ ഇത്രയും പേർക്ക് പ്രവേശനം അനുവദിച്ചത് 2004 ലാണ്. ഇതേ മെഡിക്കൽ കോളേജിൽ നാല് മാസം മുമ്പ് ഡെന്റൽ കൗൺസിലിന്റെ പരിശോധന നടന്നിരുന്നു. ഈ പരിശോധനയിൽ വിദ്യാർത്ഥികൾക്ക് സർജറി, മെഡിസിൻ എന്നിവയിലെ പ്രവർത്തനം നടത്താൻ പാരന്റ് ആശുപത്രിയായി അന്ന് കാണിച്ചത് നൂറ് കിടക്കകളുള്ള കാസർകോട് ജില്ലാ ആശുപത്രിയാണ്. ഇതോടെ സംഭവം വിവാദമായി.
ഡെന്റൽ കൗൺസിലിന്റെ മാനദണ്ഡമനുസരിച്ച് 20 കിലോമീറ്ററിന് അപ്പുറം വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഏർപ്പെടുത്തുന്നത് അനുവദനീയമല്ല.

അതിനാൽ ഇപ്പോൾ അണങ്കൂരിലെ മറ്റൊരു ആശുപത്രിയെയാണ് ഡെന്റൽ കോളേജ് അധികാരികൾ ഫിറ്റ്നസ്സിനു വേണ്ടി കാണിച്ചിട്ടുള്ളത്. അവിടെ മതിയായ സൗകര്യങ്ങളില്ല. അതിനാൽ തന്നെ മാനദണ്ഡം പാലിക്കപ്പെടില്ല. എന്നാൽ ഇതെല്ലാം പരിശോധകരെ വിലയ്ക്കെടുത്ത് നേടിയെടുക്കാനാണ് മെഡിക്കൽ കോളേജ് അധികൃതർ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. ഇപ്പോൾ ഉപഹാരങ്ങൾ നൽകിയും പരിശോധനാ സമയക്രമം തെറ്റിച്ച് നേരത്തെ തന്നെ ക്ഷണിച്ചും ശ്രമം നടത്തിയതിലൂടെ കൗൺസിലിനെ സ്വാധീനിക്കാനാണ് ശ്രമം നടന്നതെന്നാണ് ആക്ഷേപം.

ഇന്നലേയും ഇന്നുമായാണ് ഹിമാചൽ പ്രദേശുകാരനും തമിഴ്‌നാട്ടുകാരനുമായ രണ്ട് കൗൺസിൽ പ്രതിനിധികൾ പൊയിനാച്ചി ദന്തൽ കോളേജിൽ പരിശോധകരായി എത്തിയത്. നാല് മാസം മുമ്പ് പരിശോധന നടത്തി തൃപ്തി വരാത്തതിനാൽ ഈ മെഡിക്കൽ കോളേജിന്റെ അംഗീകാരം തുലാസിലായിരുന്നു. നിലവിലുള്ള മാനദണ്ഡമനുസരിച്ച് ദന്തൽ കൗൺസിൽ ഓഫ് ഇന്ത്യ ന്യൂനതകൾ കണ്ടെത്തിയാൽ അത് പരിഹരിച്ചുവെന്ന് കാണിച്ച് വിശദീകരണം നൽകിയാൽ അനുമതി ലഭിക്കും. ഇതിനു വേണ്ടിയാണ് ഇപ്പോൾ രണ്ടുപേരെ കൊണ്ടുവന്ന് സൽക്കരിച്ച് വിട്ടതെന്നാണ് ആക്ഷേപം.

മെഡിക്കൽ കൗൺസിലിന്റേയും ഡെന്റൽ കൗൺസിലിന്റേയും ഷെഡ്യൂൾ പ്രകാരം വിദ്യാർത്ഥി പ്രവേശനം നടക്കുന്നതിന് മുമ്പാണ് പരിശോധനകളെല്ലാം നടത്തേണ്ടത്. ഇപ്പോൾ ഈ സമയം മാറി പ്രതിനിധികൾ എത്തിയതോടെയാണ് ഇക്കാര്യത്തിൽ ആക്ഷേപങ്ങൾ ഉയർന്നതും സൽക്കരിച്ചതായ വിവരങ്ങൾ പുറത്തുവരുന്നതും. അടിസ്ഥാന സൗകര്യങ്ങൾ, പേരന്റ് ആശുപത്രി, കെട്ടിടത്തിന്റെ സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങളിലുള്ള പരിശോധനയാണ് മുഖ്യം. എന്നാൽ രാജ്യത്ത് ഒരിടത്തും എം.സിഐ., ഡി.സി. ഐ. പരിശോധന ഇപ്പോൾ നടക്കുന്നില്ല. എല്ലാം ഷെഡ്യൂൾ പ്രകാരം നടന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ പൊയിനാച്ചി ദന്തൽ കോളേജിലെ ഇപ്പോഴത്തെ പരിധോധനയിൽ ദുരൂഹത ഏറെയാണ്. 2015 ൽ ഡി.സിഐ അംഗീകാരം ലഭിച്ച ഡെന്റൽ കോളേജിന് 2020 വരെ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാം. എന്നാൽ അതിന് മുമ്പ് 2018 ൽ തന്നെ ദന്തൽ കൗൺസിൽ വീണ്ടും പരിശോധനക്ക് എത്തിയതിന്റെ കാര്യമെന്തെന്ന ചോദ്യമാണ് ഉയരുന്നത്.

ഈ പരിശോധനയിൽ ഡെന്റൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെട്ടാൽ പ്രവേശനം തേടിയ വിദ്യാർത്ഥികളുടെ അവസ്ഥ എന്താകുമെന്ന ആശങ്കയും ഉയരുന്നു. 32 കുട്ടികളാണ് ഈ വർഷം പ്രവേശനം തേടിയിട്ടുള്ളത്. അദ്ധ്യയനം ആരംഭിക്കാനിരിക്കേ ഡെന്റൽ കൗൺസിൽ പരിശോധന എന്തുകൊണ്ടാണെന്ന സംശയത്തിലാണ് വിദ്യാർത്ഥികളുൾപ്പെടെയുള്ളവർ.
ജബ്ബാർ ഹാജിയുടെ ഉടമസ്ഥയതിലുള്ള കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽകോളജിൽ സമാനമായ പ്രശ്നം ഉണ്ടായിരുന്നു.ഇവിടുത്തെ ക്രമവിരുദ്ധമായ പ്രവേശനം തടഞ്ഞ രാജേന്ദ്രബാബു കമ്മിഷൻ വിദ്യാർത്ഥികളിൽനിന്ന് തലവരിയായി വാങ്ങിയ ലക്ഷക്കണക്കിന് രൂപ തിരിച്ചു കൊടുക്കാൻ ഉത്തരവിട്ടിരിക്കയാണ്.ഈ കാശ് കോളജ് ഇതുവവെ കൊടുത്ത് തീർന്നിട്ടില്ല.

ലക്ഷങ്ങൾ ഫീസടച്ച വിദ്യാർത്ഥികൾ ആവട്ടെ പെരുവഴിയിൽ ആവുകയും ചെയ്തു.കാന്തപുരം ഗ്രൂപ്പിന്റെ ബലത്തിലാണ് ജബ്ബാർ ഹാജി,മുമ്പ് കറപ്പത്തോട്ടമായിരുന്ന ഇവിടം വെട്ടിനിരത്തി അനധികൃതമായി കെട്ടിടം നിർമ്മിച്ചത്്.മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ഈ കോളജിനോാട് സിപിഎം നേതാക്കൾ മൃദുസമീപനമാണ് പുലർത്തിയതെന്നും പൊതുവെ ആക്ഷേപമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP