Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിങ്ങൾ പോലും അറിയാതെ ആധാർ ടോൾഫ്രീ നമ്പർ മൊബൈൽ ഫോൺ കോൺടാക്ടിൽ എത്തിയത് എങ്ങനെ? തങ്ങൾക്ക് പറ്റിയ പിഴവെന്ന ഏറ്റുപറച്ചിലുമായി ഗൂഗിൾ; യുഐഡിഎഐയുടെ പേരിൽ ഫോണുകളിൽ നമ്പറെത്തിയത് ആൻഡ്രോയിഡ് സോഫ്റ്റ് വെയറിലുണ്ടായ തെറ്റ് മൂലം; സ്വയം ഡിലീറ്റ് ചെയ്യാൻ സാധിക്കുമെന്നും വിശദീകരണം

നിങ്ങൾ പോലും അറിയാതെ ആധാർ ടോൾഫ്രീ നമ്പർ മൊബൈൽ ഫോൺ കോൺടാക്ടിൽ എത്തിയത് എങ്ങനെ? തങ്ങൾക്ക് പറ്റിയ പിഴവെന്ന ഏറ്റുപറച്ചിലുമായി ഗൂഗിൾ; യുഐഡിഎഐയുടെ പേരിൽ ഫോണുകളിൽ നമ്പറെത്തിയത് ആൻഡ്രോയിഡ് സോഫ്റ്റ് വെയറിലുണ്ടായ തെറ്റ് മൂലം; സ്വയം ഡിലീറ്റ് ചെയ്യാൻ സാധിക്കുമെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ മൊബൈൽ ഉപയോക്താക്കളുടെ ഫോണിലേക്ക് സവിശേഷ തിരിച്ചറിയൽ അഥോറിറ്റിയുടെ (യുഐഡിഎഐ) ടോൾ ഫ്രീ നമ്പർ പ്രത്യക്ഷപ്പെടാൻ ഇടയാക്കിയ സംഭവത്തിൽ കുറ്റമേറ്റെടുത്ത് മാപ്പു പറഞ്ഞ് ഗൂഗിൾ. ഇത് ആധാർ അഥോറിറ്റിയുടെ നിർദ്ദേശപ്രകാരമല്ലെന്ന് ഗൂഗിൾ വിശദീകരിച്ചു. ഇത്തരത്തിൽ വന്ന ഹെൽപ് ലൈൻ നമ്പർ തങ്ങളുടേതല്ലെന്ന് ആധാർ അഥോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത് ഉപയോക്താക്കൾ സേവ് ചെയ്യാത്ത നമ്പറാണ്. എന്നിരുന്നിട്ടും ഇത്തരത്തിലൊരു നമ്പർ ഫോണിൽ പ്രത്യക്ഷപ്പെട്ടത് വൻ വിവാദത്തിന് വഴിതെളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഐഡിഎഐ അധികൃർ വിശദീകരണവുമായി രംഗത്തെത്തിയത്. 1800-300-1947 അല്ല 1947 ആണ് യുഐഡിഎഐയുടെ സഹായ നമ്പറെന്നും ഇത് രണ്ടു വർഷത്തിലേറെയായി പ്രവർത്തനക്ഷമമാണെന്നും അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ വിവിധ മൊബൈൽ ഫോണുകളിൽ 2014 മുതലാണ് 1800-300-1947 എന്ന ടോൾ ഫ്രീ നമ്പർ പ്രത്യക്ഷപ്പെട്ടത്. ആൻഡ്രോയ്ഡ് സോഫ്റ്റ് വെയറിലെ സെറ്റ് അപ് സഹായത്തിൽ വിഷമഘട്ടങ്ങളിൽ ബന്ധപ്പെടേണ്ടതായി നൽകേണ്ട 112 എന്ന നമ്പരിനു പകരം കോഡിങ്ങിലെ അശ്രദ്ധ കാരണം ആധാർ സഹായ നമ്പർ കടന്നുകൂടിയതാണ് പ്രശ്നത്തിനിടയാക്കിയതെന്ന് ഗൂഗിൾ ഔദ്യോഗിക ഇ-മെയിലിലൂടെ വ്യക്തമാക്കി.
സംഭവത്തിൽ ഉപയോക്താക്കൾക്ക് ഉത്കണ്ഠയുണ്ടായതിൽ വിഷമമുണ്ടെന്നും കോൺടാക്ട് ലിസ്റ്റിൽ കയറിയ നമ്പർ സ്വയം ഡിലീറ്റ് ചെയ്യാമെന്നും ഗൂഗിൾ അറിയിച്ചു.

സാധാരണയായി ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിലേതു പോലെ ഐഫോണുകളിലും ഇത് കടന്നെത്തിയിരിക്കാമെന്നും ജിമെയിൽ അക്കൗണ്ടിൽ നിന്ന് ഐഫോണുകളിലേക്ക് കോൺടാക്ട് ലിസ്റ്റ് കൈമാറ്റം ചെയ്തവർക്കാകും ഈ പ്രശ്നമുണ്ടായിരിക്കുകയെന്നും വിശദീകരണമുണ്ട്. ആധാർ കാർഡ് അനുവദിക്കുന്ന തിരിച്ചറിയൽ അഥോറിറ്റിയുടെ (യുഐഡിഎഐ) ടോൾ ഫ്രീ നമ്പർ മൊബൈൽ ഫോൺ കോൺടാക്ട് പട്ടികയിൽ അറിയാതെ പ്രത്യക്ഷപ്പെട്ടത് ആധാർ നമ്പരുമായി ബന്ധപ്പെട്ട പോരായ്മകൾ പുറത്തുകൊണ്ടു വന്ന സൈബർ സുരക്ഷാ വിദഗ്ധൻ എലിയറ്റ് ആൽഡേഴ്സ്നാണ് പുറത്തുവിട്ടത്. ഇതിനുപിന്നാലെ കൂടുതൽ ആളുകൾ ഇതേ പരാതിയുമായെത്തുകയായിരുന്നു.

എന്നാൽ മൊബൈൽ നമ്പരും ആധാർ നമ്പറും ബന്ധിപ്പിച്ചിട്ടുള്ളവരുടെ ഫോണിലാണു ടോൾ ഫ്രീ നമ്പർ കയറിയതെന്നായിരുന്നു ചിലരുടെ കണ്ടെത്തൽ.എന്നാൽ എം ആധാർ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തത് മൂലമാണ് ഇത് സംഭവിച്ചതെന്നും ആരോപണമുണ്ടായിരുന്നു. ഏറെ വിവാദം കത്തി നിന്നിരുന്ന വിഷയത്തിൽ വിശദീകരണവുമായി ഗൂഗിൾ എത്തിയതോടെ സംഭവം തണുക്കുന്ന മട്ടാണ്.

ഫോണിൽ നമ്പറുകൾ സേവ് ചെയ്യുന്നതിങ്ങനെ

1.നാലു തരത്തിലാണ് ഫോണിൽ നമ്പറുകൾ സേവ് ചെയ്യുന്നത്. ഫോണിൽ ഒരു സിം ആക്ടിവേറ്റ് ചെയ്യുമ്പോൽ തന്നെ അതിൽ ചില നമ്പറുകൾ സേവ് ചെയ്യപ്പെട്ടിട്ടുണ്ടാം. അതത് ടെലികോം സർവ്വീസ്സ് ദാതാക്കളാണ് ഈ നമ്പറുകൾ സേവ് ചെയ്യുന്നത്.

2. മൊബൈൽ ഫോൺ കമ്പനികളും ചില നമ്പറുകൾ ഫോണിൽ സേവ് ചെയ്ത് തന്നെ വിൽപനയ്ക്കെത്തിക്കാറുണ്ട്. എന്നാൽ ചില കമ്പനികൾ ഇങ്ങനെ ചെയ്യാറില്ല.

3.ഓപ്പറേറ്റിങ്ങ് സിസ്റ്റം വഴിയും ഫോണിൽ നമ്പറുകൾ സേവ് ചെയ്യാം. ഈ നമ്പറുകളെല്ലാം ഉപഭോക്തമാവിന് വിവിധ സേവനങ്ങളിൽ സഹായങ്ങളും നിർദ്ദേശങ്ങളും ലഭിക്കാനുള്ളതാവും. അവസാനമായി ഫോൺ ഉപയോഗിക്കുന്നവർക്കാണ് കോൺടാക്ടുകൾ കൂട്ടിച്ചേർത്ത് സൂക്ഷിക്കാൻ കഴിയുന്നത്.

4.വ്യാപകമായി ഒരേ നമ്പർ മൊബൈലുകളിൽ സേവ് ചെയ്യപ്പെടാൻ സാധ്യതയുള്ളത് ആദ്യം പറഞ്ഞ മൂന്ന് മാർഗ്ഗങ്ങളാണ്. അതിൽ മൂന്നാമത് സൂചിപ്പിച്ച ഓപ്പറേറ്റിങ്ങ് സിസ്റ്റം വഴിയാണ് ഇപ്പോൾ ആധാർ നമ്പർ മൊബൈലുകളിൽ സേവ് ചെയ്യപ്പെട്ടിരിക്കുന്നത്. അത് മനപ്പൂർവ്വമല്ല സാങ്കേതിക തകരാറാണെന്നാണ് ഗൂഗിൾ വിശദീകരിക്കുന്നത്.

പുറത്തുകൊണ്ടു വന്നത് എലിയറ്റ് ആൻഡേഴ്സണെന്ന സോഫ്റ്റ്‌വെയർ പ്രതിഭ

രാജ്യത്തെ സർക്കാർ എജൻസികളുടെയും സ്ഥാപനങ്ങളുടെയും നാളുകളായി മുൾമുനയിൽ നിറുത്തിയ ആളാണ് എലിയറ്റ് ആൽഡേഴ്സൺ എന്ന അജ്ഞാത ട്വിറ്റർ പ്രൊഫൈൽ ഉടമ. ആധാർ ഡാറ്റാബേസിലെ പിഴവുകളും നമോ ആപ്പിലെ ചോർച്ചയും കോൺഗ്രസ് ആപ്പിലെ പാളിച്ചയും തുറന്നുകാട്ടിയ അജ്ഞാതനായ ഹാക്കർ, ഇന്ത്യക്കാർ ഈ പേരു കേട്ടു തുടങ്ങിയിട്ട് അധികമായിട്ടില്ലെങ്കിലും ഈ എത്തിക്കൽ ഹാക്കർ രംഗത്തെത്തിയിട്ട് ഏറെക്കാലമായെന്നാണ് വിവരം.

യുഐഡിഎഐ (ആധാർ), നമോ ആപ്പ്, കോൺഗ്രസ് ആപ്പ്, ബിഎസ്എൻഎൽ, ഫേസ്‌ബുക്, തെലങ്കാന സർക്കാർ, കേരള പൊലീസ്, വിവിധ മൊബൈൽ കമ്പനികൾ എന്നിങ്ങനെ പലരും അവരുടെ സൈബർ സുരക്ഷാവീഴ്ചകളുടെ പേരിൽ വിമർശന ശരങ്ങൾ ഏറ്റുവാങ്ങി. എംആധാർ ആപ്പ് ഒരു നിമിഷത്തിനുള്ളിൽ ഹാക്ക് ചെയ്യാമെന്നു വീഡിയോ വരെ പുറത്തിറക്കി. അമേരിക്കൻ ടെലിവിഷൻ സീരിയൽ മിസ്റ്റർ റോബോട്ടിലെ ഒരു കഥാപാത്രമാണ് എലിയറ്റ് ആൽഡേഴ്സൺ.

എഫ് സൊസൈറ്റി എന്ന ഹാക്കിങ് സംഘത്തിലെ അംഗമായ എലിയറ്റ് ആൽഡേഴ്സൺ വൻ കിട കുത്തകകൾക്കെതിരെ പ്രവർത്തിക്കുന്ന വിപ്ലവകാരിയായ ഹാക്കറാണ് . ഈ സാങ്കൽപ്പിക കഥാപാത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇപ്പോൾ പ്രശസ്തനായ ഹാക്കർ ഈ പേര് സ്വീകരിച്ചത്. യഥാർത്ഥ പേര് എന്താണെന്നതിനെ പറ്റി ഇപ്പോഴും ഊഹാപോഹങ്ങൾ നിലനിർക്കുന്നുണ്ടെങ്കിലും 28 വയസ്സുകാരനായ ഫ്രഞ്ച് സെക്യൂരിറ്റി വിദഗ്ധൻ റോബർട്ട് ബാപ്റ്റിസ്റ്റാണ് ആൽഡേഴ്സൺ എന്ന് റിപ്പോർട്ടുകളുണ്ട്. ഇടയ്ക്ക് റോബർട്ട് ബാപ്റ്റിസ്റ്റാണ് എന്ന് തന്നെയാണ് തന്റെ ശരിയായ പേരെന്ന വെളിപ്പെടുത്തലുമുണ്ടായി.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഫ്രഞ്ച് ശാസ്ത്ര ഗവേഷണസ്ഥാപനമായ സിഎൻ ആർ എസിന്റെ വെബ് സൈറ്റിലെ പിഴവ് ട്വീറ്റ് ചെയ്തുകൊണ്ടാണ് ആൽഡേഴ്സണിന്റെ രംഗ പ്രവേശം. പിന്നീടങ്ങോട്ട് ആൽഡേഴ്സണിന്റെ പടയോട്ടമായിരുന്നു ആൻഡ്രോയിഡ് ആപ്പുകളിലെയും വെബ്സൈറ്റുകളിലേയും സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നതിൽ വിദഗ്ധനായ ആൾഡേഴ്സൺ പല പ്രമുഖ കമ്പനികൾക്കും തലവേദന സൃഷ്ടിച്ചു.

ഹെൽപ്പ് ലൈൻ നമ്പർ ഉപയോഗിച്ച് വിവരങ്ങൾ ചോർത്താൻ കഴിയില്ലെന്ന് യുഐഡിഎഐ

ഗൂഗിളിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഉയർത്തിക്കാട്ടി ആധാറിന്റെ സുരക്ഷയെപ്പറ്റി ആശങ്ക സൃഷ്ടിക്കുന്നതിന് പിന്നിൽ സ്ഥാപിത താത്പര്യങ്ങളാണെന്ന് യുണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ). മൊബൈൽ ഫോണിന്റെ കോൺടാക്ട് ലിസ്റ്റിൽ സേവ് ചെയ്തിട്ടുള്ള നമ്പർ ഉപയോഗിച്ച് വിവരങ്ങൾ ചോർത്താൻ കഴിയില്ലെന്നും യു.ഐ.ഡി.എ.ഐ വ്യക്തമാക്കി. ആശങ്കപ്പെടാതെ ഫോണിലുള്ള പഴയ ഹെൽപ്പ് ലൈൻ നമ്പർ ഡിലീറ്റുചെയ്ത് പുതിയ നമ്പർ സേവ് ചെയ്താൽ മാത്രംമതി. കാലഹരണപ്പെട്ട ഒരു ഹൈൽപ്പ് ലൈൻ നമ്പർ സേവ് ചെയ്തിരുന്നതുകൊണ്ട് ഒരു ദോഷവും സംഭവിക്കാനില്ല.

ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്നും ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളിക്കളയണമെന്നും യു.ഐ.ഡി.എ.ഐ ട്വീറ്റുകളിലൂടെ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അടിസ്ഥാന രഹിതമായ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച് സമയവും പണവും കളയരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP