Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എണീറ്റു നിൽക്കാൻ ത്രാണിയില്ലാത്ത ഏഴു മാവോകളെയും ഒരു കുമ്പിടിയെയും പിടിക്കാൻ എഴുന്നൂറൂ പൊലീസ് തടിയന്മാരും ഒരു ഭരണകൂടം മുഴുവനും; പാടിനടക്കാൻ മുത്തശി പത്രമുണ്ടെങ്കിൽ എന്തുമാവാം

എണീറ്റു നിൽക്കാൻ ത്രാണിയില്ലാത്ത ഏഴു മാവോകളെയും ഒരു കുമ്പിടിയെയും പിടിക്കാൻ എഴുന്നൂറൂ പൊലീസ് തടിയന്മാരും ഒരു ഭരണകൂടം മുഴുവനും; പാടിനടക്കാൻ മുത്തശി പത്രമുണ്ടെങ്കിൽ എന്തുമാവാം

വർ ഏഴുപേരെന്നായിരുന്നു ഭരണകൂടത്തിന്റെ കണക്ക്. പിടിക്കാൻ വിട്ടത് എന്തിനും പോന്ന എഴുനൂറ് കാവൽഭടന്മാരെ. എന്നിട്ടെന്തായി; പോയതുപോലെ തിരിച്ചുപോന്നു. കാട്ടിൽ ആട് പോയിട്ട് പൂട പോലുമില്ലെന്ന് ഇവർ വിധിയെഴുതി. പിന്നെ നാട്ടിൽനിന്ന് ഒന്നുരണ്ടെണ്ണത്തിനെ പിടിച്ച് ഉള്ളിലിട്ട് വിജയാരവം മുഴക്കി....!

പറഞ്ഞുവരുന്നത്, സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന ഏറ്റവും വലിയ 'ഫണ്ട് വേട്ട'യായ മവോയിസ്റ്റ് വേട്ട തന്നെ. ഛത്തിസ്ഗഢിലേയും മറ്റും മാവോയിസ്റ്റുകൾ ഇതുകേട്ടാൽ ആളെ വിട്ട് ഭരണക്കാരെ തല്ലിക്കുമെന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. മാവോയിസ്റ്റുകൾ കേരളത്തിൽ വന്നിട്ടുണ്ടെന്ന് ആദ്യം പറഞ്ഞുപരത്തിയത് ഭരണകൂടംതന്നെ. പിന്നെ ഇതേറ്റുപിടിച്ച് പാടിനടന്നത് മുത്തശി പത്രവും. ചാരക്കേസ് പടച്ചുണ്ടാക്കി ഒന്നാംതരം സദ്യയാക്കി നമുക്ക് വിളമ്പി തന്ന പത്രമാണ്. കാലമെത്ര കഴിഞ്ഞാലും നിർവ്വഹിക്കാനുള്ളത് ഒരേതരം കർമ്മം തന്നെ. അന്ന് കരുണാകരനായിരുന്നെങ്കിൽ ഇന്ന് ഇര മാവോവാദികളായി. രണ്ടു സാഹചര്യത്തിലും വേട്ടക്കാരൻ മുത്തശി പത്രത്തിന്റെ കണ്ണിലുണ്ണിയായ കുഞ്ഞൂഞ്ഞും.

ചാരക്കേസ് കുഞ്ഞൂഞ്ഞിന് മുഖ്യനാകാനുള്ള നാടകമായിരുന്നെങ്കിൽ, മാവോ പ്രചാരണവേല കുഞ്ഞുഞ്ഞിനെതിരായ ഭരണവിരുദ്ധ വികാരം ശമിപ്പിച്ച് മുന്നാട്ടുള്ള പാത സുഗമമാക്കലാണെന്ന് പലരും അടക്കം പറഞ്ഞുതുടങ്ങി. മാത്രമല്ല, കാലിയായ ഖജനാവിലേക്ക് നക്‌സൽവിരുദ്ധ കേന്ദ്രഫണ്ടുമെത്തും. ഒരു വെടിക്ക് രണ്ടുപക്ഷി. മാവോയിസ്റ്റ് വേട്ട നിർത്തണമെന്ന് സാക്ഷാൽ വിപ്പ് പി.സി ജോർജ്തന്നെ പറഞ്ഞത് ഗതികെട്ടിട്ടായിരിക്കും. ഗതികെട്ടാൽ പുലി പുല്ലും തിന്നുമെന്ന് മാത്രമല്ല, പി.സി ജോർജ് മാവോവാദിയുമാകും...!!

മാവോയുടെ ലക്ഷണങ്ങൾ

മ്യാവൂൂൂു എന്ന് ശബ്ദമുണ്ടാക്കുന്നിടത്തും ചിലപ്പോഴൊക്കെ മാവോയിസ്റ്റുകളെ കാണാൻ കഴിഞ്ഞേക്കുമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു. ആദിവാസി കോളനികളിലാണ് ഈ മാവോയിസ്റ്റുകളെ ആദ്യമായി കേരളത്തിൽ കണ്ടെത്തിയത്. കണ്ടാൽ മനുഷ്യരെ പൊലീരിക്കുമെങ്കിൽ നടപ്പിലും സംസാരത്തിലുമെല്ലാം മാറ്റങ്ങളേറെ. കൂട്ടത്തിൽ എപ്പോഴും ഒരു പെണ്ണുണ്ടാകും. കാണാത്ത പൂവിനാണ് സൗന്ദര്യം കൂടുതലെന്നതുപോലെ കൂട്ടത്തിലുള്ള പെണ്ണിനെ ഇതുവരെ കണ്ടിട്ടില്ലാത്ത ഭരണകൂടവും പൊലീസ് ഏമാന്മാരും ഇവൾക്ക് 'സുന്ദരി'യെന്നാണ് പേരിട്ടത്. തമിഴും മലയാളവും ഇടകലർത്തിയാണത്രെ സംസാരം.

കൈയിൽ തോക്കുണ്ട്. പൊട്ടുമോയെന്ന് അറിയില്ലായിരുന്നു. എന്നാൽ വയനാട്ടിൽവച്ച് ആരോ ഒരു റൗണ്ട് വെടിപൊട്ടിച്ചതോടെ മാവോ വാദികളുടെ തോക്ക് വെടിപൊട്ടുന്നതാണെന്ന് ഭരണകൂടം വിധിയെഴുതി. (പൊലീസ് തന്നെ രണ്ടുചേരിയായി വെടിപൊട്ടിച്ചതാണെന്നും അതല്ല, അതുവഴി പോയ നായാട്ടുകാർ ചുമ്മാ ഒരു റൗണ്ട് വെടിപൊട്ടിച്ചതാണെന്നും വാദമുണ്ട്). ഈ തോക്കുമായി ആദിവാസി കോളനികളിലെത്തിയാൽ മാവോ തോക്കു ചൂണ്ടി ആദിവാസി മൂപ്പനെ കുത്തനെ നിർത്തുമേ്രത. ഇനി മൂപ്പൻ വല്ല ഉൾക്കാട്ടിലോ മറ്റോ വിറക് പെറുക്കാനോ കാട്ടുതേൻ ശേഖരിക്കാനോ പോയതാണെങ്കിൽ ആദ്യം കാണുന്ന കുടിലിൽ കയറിചെന്ന് തോക്കു ചൂണ്ടി ഒറ്റ ആജ്ഞയാണ്....

''അരിയും ഉപ്പും മുളകും വേഗം എടുക്കുക...!!''

ഇതുവരെ സംസ്ഥാനത്തെ ഏതൊക്കെ ആദിവാസി കുടിലുകളിൽ മാവോവാദികൾ പോയിട്ടുണ്ടോ അവിടെ നിന്നൊക്കെ ഇവർ ആവശ്യപ്പെട്ടത് ഈ വക സാധനങ്ങളാണ്. മാവോവാദികൾ പലവ്യ്ഞ്ജന കച്ചോടം നടത്താൻ പോവുകയാണെന്ന് പോലും തെറ്റിധരിച്ചേക്കും. മാത്രമല്ല, ആന്ധ്രയിലും ഛത്തിസ്ഗഢിലും മറ്റും ഒരു രൂപയ്ക്ക് അരികിട്ടുമ്പോൾ ഈ കൊടുംകാട്ടിൽ തണുപ്പിൽ കഴിഞ്ഞ് തോക്കുചൂണ്ടിയെത്തി പത്തു മുപ്പത്തഞ്ചു രുപ വിലയുള്ള അരിയും വാങ്ങി പോകാൻ ഇവന്മാർക്കെന്നാ വട്ടുണ്ടോയെന്ന് നമ്മളിൽ ചിലരെങ്കിലും ചോദിച്ചെന്നുമിരിക്കും...!

മാവോവാദിയെ കണ്ടെന്നു പറഞ്ഞാൽ മതി, കേന്ദ്രം വിളിച്ചുവരുത്തി കാശെണ്ണിത്തരും. ഇനി മാവോവാദിയെ പിടിക്കാൻ പൊലീസിന് പരിശീലനം നൽകുകയാണെന്നും വേട്ട നടത്താൻ പദ്ധതിയിട്ടെന്നും കടത്തി പറഞ്ഞാൽ ഒന്നും നോക്കില്ല, കോടികളുടെ ഫണ്ട് ചെക്കിലെഴുതി ഒപ്പിട്ട് കൈയിൽ വച്ചുതരും. ഏതായാലും സംസ്ഥാന ഖജനാവ് കാലിയായി. ക്ഷേമനിധി ബോർഡുകാരോട് കെഞ്ചിയിട്ട് നായാപൈസ കിട്ടുന്നില്ല. എങ്കിൽ പിന്നെ രക്ഷ, മാവോവേട്ടയ്ക്ക് കിട്ടുന്ന ഫണ്ട് തന്നെ.

പലരും കണ്ടെന്നുപറയുന്ന, എന്നാൽ ആരും കണ്ടിട്ടില്ലാത്ത ഈ മാവോവാദികൾക്കായി തെരച്ചിൽ നടത്താനും വെടിവച്ചുകൊല്ലാനുമായി സംസ്ഥാനവും പ്രത്യേക സേനയുണ്ടാക്കി കാട്ടിലേക്ക് വിട്ടു. അങ്ങിനെയാണ് കാട്ടിൽ ഒളിച്ചുകഴിയുന്ന ഏഴു മാവോവാദികളെ പിടിക്കാൻ കാടിളക്കി ഏഴുനൂറ് പൊലീസുകാർ നാലുപാടും ഓടിയത്. എന്നാൽ ഒരു മാവോവാദിയുടെ രോമം പോലും കിട്ടിയില്ല. അതോടെ ഇവരെ ശബരിമലയിൽ ഭക്തർക്ക് വിരിവയ്ക്കാനും ശരണംവിളിക്കാൻ പഠിപ്പിക്കാനുമൊക്കെയായി വിട്ടു. വയറുചാടി പടു കിളവന്മാരായ പൊലീസുകാരെ കാട്ടിലേക്കും വിട്ടു. അവർ നേരെ കാട്ടിലേക്ക് കയറിചെന്നു. കാരണം, അവർക്ക് കൃത്യമായി അറിയാം, അവിടെയെങ്ങും ഒരു മാവോ പോയിട്ട് മ്യൂവൂൂൂൂൂ പോലുമില്ലെന്ന്...!

കണ്ടെന്നു പറയുന്നവരുണ്ടോ..

മാവോയെ കണ്ടെന്ന് പറയുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടിവന്നു. കണ്ടവരുടെ പേരും വയസും ഫോട്ടോയുമൊക്കെ പത്രങ്ങളിൽ അടിച്ചുവന്നതോടെ കാണാത്തവർക്ക് നിരാശയായി. ഇവരിൽ കഥ മെനയാൻ മിടുക്കുള്ളവർ കാണാതെ തന്നെ കണ്ടെന്ന മട്ടിൽ അനുഭവ വിവരണം തുടങ്ങി. മലപ്പുറം നിലമ്പൂർ കാട്ടിൽനിന്ന് ഇറങ്ങിയെത്തിയ മാവോവാദികൾ തോക്കുചൂണ്ടി അരിയും മുളകും ഉപ്പും പിടിച്ചുവാങ്ങിപോയെന്ന കഥയുമായി ഒരാൾ രംഗത്ത് വന്നു. മുത്തശി പത്രവും പിന്നെ മറ്റുള്ളവരും ഇതേറ്റു പാടി. മാവോയെ കണ്ട മാന്യദേഹത്തിന്റെ പടവും പത്രങ്ങളിൽ അടിച്ചുവന്നു.

അങ്ങ് ദൂരെ അടിമാലിയിലെ പൊലീസ് സ്‌റ്റേഷനിൽ ഒരു പി.സി ഊണൊക്കെ ഉണ്ട് ഏമ്പക്കം വിട്ട് ഒന്നു മയങ്ങുംമുമ്പെ പത്രമെടുത്ത് ചിത്രം നോക്കിയതാണ് (വായന ഏമാന്മാർക്ക് ശീലമില്ലല്ലോ...!). അപ്പോഴല്ലേ അത്ഭുതം. പത്രത്തിൽ കാണുന്ന അതേപടം സ്‌റ്റേഷനിലെ കെ.ഡി ലിസ്റ്റ് ബോർഡിലും. കണ്ണുതിരുമ്മി നോക്കിയിട്ടും മാറ്റമില്ല. സംഗതി വല്ല്യ ഏമാനോട് പറഞ്ഞപ്പോഴാണ് കാര്യം പിടികിട്ടിയത്. മാവോയെ കണ്ടെന്നും പറഞ്ഞ് പത്രത്തിൽ പടം വരുത്തിയ വിരുതൻ, അടിമാലിയിൽനിന്ന് മുങ്ങിയ കൊലക്കേസ് പ്രതിയാണ്. അടിമാലി പൊലീസ് രായ്ക്ക് രാമാനമെത്തി പുള്ളിക്കാരനെ പൊക്കി. രക്ഷപ്പെടുത്താൻ ഒരു മാവോവാദിയും വന്നതുമില്ല.

വയനാട്ടിൽ ഒരു ഗൃഹനാഥന്റെ ഫോണിലേക്ക് മാവോവാദി നേതാവ് വിളിക്കുന്നു. പതിവു പോലെ തമിഴും മലയാളവും കലർത്തിയാണ് സംസാരം. കൽപ്പറ്റയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ നുഴഞ്ഞുകയറുമെന്നുവരെ മാവോ ഫോണിലൂടെ പറഞ്ഞെന്ന് ഗുഹനാഥൻ പൊലീസിനോട് രഹസ്യം പറഞ്ഞു. പൊലീസ് സുരക്ഷാ മതിലൊരുക്കി ചുരം ഇറങ്ങുംവരെ മുഖ്യനെ കാത്തു. പിന്നേയും പിന്നേയും മുന്നറിയിപ്പുകൾ വന്നതോടെ പൊലീസ് കപ്പലിൽ തന്നെ പൊക്കി. മാവോ വാദികൾ പൊക്കിയെന്ന് ഗൃഹനാഥൻ പറഞ്ഞ ഫോൺ, വൈക്കോൽ കൂനയ്ക്കിടയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഗൃഹനാഥൻ പറഞ്ഞ മാവോ കഥകളൊക്കെയും അയാൾ തന്നെ പടച്ചുണ്ടാക്കിയതാണെന്നും കണ്ടെത്തി. വാർത്തയിൽ പേര് വരാനായിരുന്നുവത്രെ ഈ സാഹസം..! (പാവം മാവോ... ഇതൊക്കെ എങ്ങനെ സഹിക്കും...!!)

വയനാട്ടിൽ തന്നെ ഒരു പൊലീസുകാരന്റെ വീട്ടുമുറ്റത്തെ ബൈക്ക് കത്തിനശിച്ചു. ചുമരിന്മേൽ മാവോകളുടെ പോസ്റ്ററും. മാവോവേട്ടയ്ക്കിറങ്ങിയ 'സമർത്ഥനായ' പൊലീസുകാരാ.. നിന്നെ ഞങ്ങൾ വധിക്കും... എന്നൊക്കെയുള്ള വാചകങ്ങളായിരുന്നു പോസ്റ്ററിൽ. അങ്ങനെ സമർത്ഥനായ പൊലീസുകാരനായി ഇയാളെ മാദ്ധ്യമങ്ങൾ വാഴ്‌ത്തി. പിന്നീട് പൊലീസ് സേനയ്ക്കുള്ളിൽ നടത്തിയ അന്വേഷണത്തിലാണ് വാർത്തയിലൂടെ ശ്രദ്ധേയനായി മേലുദ്യോഗസ്ഥരുടെ പ്രീതി പിടിച്ചുപറ്റാനായി പൊലീസുകാരൻ സ്വയം ബൈക്ക് കത്തിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയത്...!!

ഇനിയും ഉദാഹരണങ്ങൾ ഏറെയാണ്. ഇങ്ങനെയൊക്കെ പലരും കഥകൾ മെനഞ്ഞിട്ടും പലയിടങ്ങളിലും ഒരേസമയം കണ്ടെത്തിയിട്ടും കാട്ടിൽനിന്ന് ഒരീച്ചയെ പോലും പേരിനെങ്കിലും പിടികൂടാൻ വിദഗ്ധസേനയ്ക്ക് സാധിച്ചില്ല. ഇതിൽ പരം ഒരു നാണക്കേടുണ്ടോ...? ചീഫ് വിപ്പ് ഇത്രയും കാലം പറഞ്ഞുനടന്നതിൽ പതിരില്ലാതെ കതിരു നിറഞ്ഞത് മാവോവേട്ട അവസാനിപ്പിക്കണമെന്ന മൊഴിയായിരുന്നുവെന്ന് പലരും പറയുന്നതും അതുകൊണ്ടു തന്നെ...

രൂപേഷ് എന്ന കുമ്പിടി

'നന്ദനം' എന്ന സിനിമയിൽ ജഗതിയുടെ കുമ്പിടി എന്ന കഥാപാത്രത്തെ ഒരേസമയം ഏഴിടത്തുവരെ കണ്ടവരുണ്ടത്രെ. അതേപോലെയാണ് മാവോയിസ്റ്റ് തലവൻ രൂപേഷും. എവിടെയൊക്കെ ആക്രമണം നടക്കുന്നുവോ അവിടെയൊക്കെ നേതൃത്വം നൽകുന്നത് രൂപേഷാണെന്ന് പൊലീസ് പറയും. ഒരേ സമയം രണ്ടുദൂരെയിടങ്ങളിൽ ആക്രമണം നടന്നാലും രണ്ടിലും നേതൃത്വം നൽകി പ്രത്യക്ഷപ്പെടാനുള്ള കഴിവ് രൂപേഷിനുണ്ടെന്ന് പൊലീസങ്ങ് തീരുമാനിച്ചമട്ടാണ്. കുമ്പിടിയുടെ കാര്യം പറഞ്ഞതുപോലെ പൊലീസുകാർ പറഞ്ഞുപറഞ്ഞ് അങ്ങനെ വിശ്വസിച്ച മട്ടാണ്.

മാവോയിസ്റ്റ് സംഘത്തിലെ സ്ത്രീ സാന്നിദ്ധ്യം രൂപേഷിന്റെ ഭാര്യയാണെന്നാണ് ഭാഷ്യം. കൊടുംകാട്ടിലാണ് ദമ്പതികളുടെ താമസമത്രെ. ഇപ്പോൾ ഈ ഭാഷ്യം മാറ്റി ഇവരുടെ താമസം കാടിനു വെളിയിലാണെന്നും പൊലീസ് പറയുന്നു. യഥാർത്ഥത്തിൽ രൂപേഷും ഭാര്യയും തമ്മിൽ സ്വരചേർച്ചയിലാണോയെന്ന കാര്യത്തിൽ പോലും സംശയമുണ്ട്. ദേശീയ ഗെയിംസ് അട്ടിമറിക്കാൻ പോലും കേരളത്തിലെ മാവോയിസ്റ്റുകൾ കരുത്തുനേടിക്കഴിഞ്ഞുവെന്ന് ചിലർ പ്രചരിക്കുന്നു. ഇന്റലിജൻസ് റിപ്പോർട്ടിനെയാണ് ഇതിനായി കൂട്ടുപിടിക്കുന്നത്. ഇന്റലിജൻസ് റിപ്പോർട്ടിന് ഒരു ഗുണമുണ്ട്. ആരും നിഷേധിക്കില്ല. ഇതിനെ പരിചയാക്കിപിടിച്ച് എന്തും എഴുതിപിടിപ്പിക്കാം...!!!

ക്വാറി ആക്രമണവും മാവോവാദികളും

കണ്ണൂർ പേരാവൂരിൽ ക്വാറി ഓഫീസിനു നേരെ ആക്രമണം നടന്നപ്പോൾ പൊലീസിൽ വിവരമറിയിച്ചിരുന്നു. മാവോവാദികളെ പിടികൂടാൻ ഏതു മലമുകളിൽ കൊടുംകാട്ടിലും പോകാൻ കഴിയുന്ന ലക്ഷങ്ങൾ വിലവരുന്ന വാഹനം ഷെഡിലുള്ള പേരാവൂർ പൊലീസ് ആകട്ടെ സ്ഥലത്തെത്തിയത് നാലര മണിക്കൂർ വൈകിയും. മാവോവാദികളില്ലെന്ന് വ്യക്തമായതുകൊണ്ടാണ് മറ്റു പൊലീസുകാർ കാട്ടിൽ പോയത് എന്നത് ശരിതന്നെ. ഇനി അഥവാ അവന്മാർ ഉണ്ടെങ്കിലോ..? അവരുടെ കൈയിൽ തോക്കും ഉണ്ടയുമൊക്കെ ഉണ്ടെങ്കിലോ...? പണി പാളിയതുതന്നെ. നാലര മണിക്കൂർ കഴിഞ്ഞിട്ടും പോകാത്തവർ മാവോവാദികളല്ല. അതുകൊണ്ടാണത്രെ നമ്മുടെ വിദഗ്ധ പരിശിലനം കിട്ടിയ പൊലീസ് സംഘം സ്ഥലത്തെത്താൻ നാലര മണിക്കൂർ വരെ കാത്തിരുന്നത്...!

സംഭവം നടന്നത് ഈ മാസം ആദ്യമാണെങ്കിലും ഇതുവരെ ആരേയും പിടികൂടാൻ സാധിച്ചിട്ടില്ല. പേരിനുപോലും കാടുകയറി തെരച്ചിലും നടത്തിയിട്ടില്ല. മാവോ വേട്ടയ്ക്ക് കൊണ്ടുവന്ന പൊലീസ് വാഹനം ഷെഡിൽനിന്ന് ഇറക്കിയിട്ടുമില്ല...! പൊലീസ് തന്നെ മാവോവാദികളുടെ സാന്നിദ്ധ്യത്തിന് ഇത്രയേ വില കൽപ്പിക്കുന്നുള്ളൂവെന്നല്ലേ ഇതിൽ നിന്ന് അനുമാനിക്കേണ്ടത്...?!

വേണ്ടത് ആശയ സംഘർഷം

മാവോയിസ്റ്റ് ആക്രമണങ്ങൾ ജീവനും സ്വത്തിനും രാജ്യസുരക്ഷയ്ക്കും ഭീഷണിയാകുന്ന മേഖലകളുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാവോ ഭീഷണി ഏറെയുണ്ട്. ഒട്ടേറെ പ്രഗൽഭരായ രാഷ്ട്രീയനേതാക്കളെ മാവോവാദികൾ വകവരുത്തിയിട്ടുണ്ട്. ഒട്ടേറെ പദ്ധതികൾ ഇവർ തകർത്തിട്ടുണ്ട്. ശത്രുക്കൾക്ക് വേണ്ടി ചാരപ്പണി നടത്തി നമ്മുടെ രാജ്യസുരക്ഷയെ ഒറ്റിക്കൊടുത്തിട്ടുണ്ട്.... ഇവർ ഒരു പക്ഷേ, കേരളത്തിലെ സവിശേഷ രാഷ്ട്രീയസാഹചര്യത്തേയും അരാഷ്ട്രീയ യുവ വിഭാഗത്തേയും ലക്ഷ്യമിട്ടിട്ടുണ്ടാകാം... അങ്ങനെയുണ്ടെങ്കിൽ ഇതിന് തടയിടേണ്ടത് അദൃശ്യനായ ശത്രുവിനെതിരേ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചും പ്രഹസനമായ സൈനിക നീക്കങ്ങൾ നടത്തിയുമല്ല. അവിടെയാണ് ആശയ സംഘർഷങ്ങളുടെ പ്രത്യേകത. മാവോയിസ്റ്റ്- വിധ്വംസക പ്രത്യയശാസ്ത്രങ്ങൾ വിതയ്ക്കുന്ന നശീകരണത്തെകുറിച്ച് പുതുതലമുറയെ ബോധവത്ക്കരിക്കുകയാണ് ആവശ്യം.

കാട്ടിൽനിന്ന് ഒരു എലിയെപോലും കിട്ടാതെ നാട്ടിലേക്കിറങ്ങിവന്ന പൊലീസ് സംഘം ആദ്യം പിടികൂടിയത് പെരുമ്പാവൂർ സ്വദേശിയെയായിരുന്നു. അയാൾ അത്രയും കാലം അവിടെ തന്നെയുണ്ടായിരുന്നു. എന്നാൽ കാട്ടിൽനിന്നും ഒന്നും കിട്ടാതെ വന്നതോടെ മാനം രക്ഷിക്കാൻ നമ്മുടെ പൊലീസ് ഏമാന്മാർ കണ്ടെത്തിയ മാർഗമായിരുന്നു ഇയാളുടെ അറസ്റ്റ്. എറണാകുളം പ്രസ്‌ക്ലബ്ബിലെ ബോക്‌സിൽ പട്ടാപ്പകൽ ലഘുരേഖ നിക്ഷേപിച്ചുവെന്നതാണ് കുറ്റം. ഇയാളെ മാവോവാദിയായി മുദ്രകുത്താൻ വേറേയും കാരണങ്ങളുണ്ട്. കൈയിൽ കാൽകാശില്ലെങ്കിലും ഇയാൾ ആർക്കും മുമ്പിൽ കൈനീട്ടില്ല. പിടിച്ചുപറിക്കില്ല. ബസ് ടിക്കറ്റിന് കാശില്ലെങ്കിൽ പെരുമ്പാവൂർ മുതൽ മൂവാറ്റുപുഴ വരെയൊക്കെ നടന്നുകളയും.... ഇതൊക്കെ സാധാരണ മനുഷ്യന്മാർ ചെയ്യുന്നതാണോ....? അല്ലല്ലോ... എങ്കിൽ പിന്നെ ഇയാൾ മാവോയിസ്റ്റല്ലാതെ മറ്റെന്താണ്...!!!

അട്ടപ്പാടി മുക്കാലിയിൽ ഫോറസ്റ്റ് ഓഫീസിനും ചന്ദ്രനഗറിലെ പാശ്ചാത്യ കമ്പനിയുടെ ഷോപ്പിനും നേരെ ആക്രമണമുണ്ടയപ്പോൾ പിടിച്ചതും നാട്ടിൻപുറത്തെ രണ്ടു യുവാക്കളെ. തുക്കരിപ്പൂരും കാഞ്ഞങ്ങാട്ടും ഇവർ വളരെക്കാലമായി ഉള്ളവരാണ്. ഡിവൈഎഫ്ഐയിലും മറ്റ് സംസ്‌ക്കാരിക പ്രസ്ഥാനങ്ങളിലും ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ. ഒരാൾ കണ്ണൂരിൽ ജേർണലിസം വിദ്യാർത്ഥിയാണ്. നാട്ടുകാർക്കും സഹപാഠികൾക്കുമൊന്നും ഇവരെക്കുറിച്ച് ഇതുവരെ സംശയമൊന്നുമില്ലായിരുന്നു. പുസ്തകപ്പുഴുക്കളല്ല, ബോറൻ ക്ലാസുകൾ സഹിച്ച് ഇരിക്കാറില്ല, ഹൃസ്വ സിനിമകളുടേയും ഡോക്യുമെന്ററികളുടേയും ആരാധകരാണ്.... ഇതൊന്നും ഇത്രയും കാലം നാട്ടുകാരും സഹപാഠികളും കുറ്റമായി കണ്ടിരുന്നില്ല. ഇപ്പോൾ, ഇവർ രണ്ടുപേരും പിടിയിലായതോടെ ഇതൊക്കെയും മാവോയിസ്റ്റ് ശൈലിയാണെന്ന് ഇവർ തിരിച്ചറിഞ്ഞുകഴിഞ്ഞു...!!!!

മൂർക്കൻ പാമ്പ് കടിച്ച് ജീവനു വേണ്ടി മല്ലിടുന്ന ഒരാളെ തണ്ടിലേറ്റി നാട്ടുകാർ ആശുപത്രിയിലേക്ക് ഓടുമ്പോൾ നീർക്കോലി വരമ്പത്ത് കയറി ഞെളിഞ്ഞുനിന്ന് പറഞ്ഞത്രെ; ഞങ്ങളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കുമെന്ന്... കേന്ദ്രഫണ്ടിനുവേണ്ടി സംസ്ഥാനം പൊലീസിനെ രംഗത്തിറക്കി മാവോയിസ്റ്റ് കഥകളിറക്കി ജനങ്ങളെ ആശങ്കയിലാഴ്‌ത്തിയപ്പോൾ, നമ്മുടെ പഴയകാല നക്‌സൽ വീരന്മാർക്കും ഒരു പൂതി. ഇപ്പോൾ കളിക്കാനിറങ്ങിയാൽ ഒരു പക്ഷേ, വിജയിച്ചേക്കുമെന്ന്. പത്തിയൊക്കെ ഒടിഞ്ഞുതൂങ്ങിയെങ്കിലും ഉള്ളതുകൊണ്ട് ഓണംപോലെ എന്ന മട്ടിൽ അവരും രംഗത്തിറക്കി.

അങ്ങനെയാണ് ചുംബനസമരം മാവോയിസ്റ്റ് ചുംബനമായി മാറിയത്. ഇവിടെ വേണ്ടത്, ആയുധ സംഘർഷമല്ല, ആശയസംഘർഷമാണ്. ഭരണകൂടത്തിനു നേർക്ക് അഴിമതിയുടെ കഥകൾ അനുദിനം പെരുകുമ്പോഴും അതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് നടിച്ച് പുലമ്പുന്ന ഭരണനേതൃത്വം തന്നെയാണ് ഇവിടെ അസംതൃപ്ത വിഭാഗത്തെ രൂപപ്പെടുത്തുന്നതും മാവോയിസ്റ്റുകൾക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റുന്നതും. പുലി വരുന്നേ പുലി എന്ന് വിളിച്ചുകൂവി അവസാനം യഥാർത്ഥ പുലി വരുമ്പോൾ അറിയാം.. ആരൊക്കെ അതിന്റെ വായിൽ ആകുമെന്നും എവിടെപ്പോയി ഒളിക്കുമെന്നുമൊക്കെ......

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP