Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ന് ഉച്ചയോടെ അതിജാഗ്രത മുന്നറിയിപ്പ് പുറത്തിറക്കിയേക്കും; തുറന്ന് വിടണമെങ്കിൽ മൂന്നോ നാലോ അടി കൂടി വെള്ളം ഉയരണം; ചെറുതോണി മുതൽ ലോവർ പെരിയാർ വരെയുള്ളിടങ്ങളിലെ താമസക്കാരെ ഇന്ന് തന്നെ ഒഴിപ്പിച്ചേക്കും; ഡാം തുറന്നു വിടുന്നത് ഒരു ദിവസത്തെ മുന്നറിയിപ്പിന് ശേഷം മാത്രം; ഡാം തുറന്നാൽ ഏറ്റവും അധികം വെള്ളം കയറുക ഭൂതത്താൻകെട്ട്, മലയാറ്റൂർ, കാലടി, നെടുമ്പാശ്ശേരി. ആലുവ പ്രദേശങ്ങളിൽ

ഇന്ന് ഉച്ചയോടെ അതിജാഗ്രത മുന്നറിയിപ്പ് പുറത്തിറക്കിയേക്കും; തുറന്ന് വിടണമെങ്കിൽ മൂന്നോ നാലോ അടി കൂടി വെള്ളം ഉയരണം; ചെറുതോണി മുതൽ ലോവർ പെരിയാർ വരെയുള്ളിടങ്ങളിലെ താമസക്കാരെ ഇന്ന് തന്നെ ഒഴിപ്പിച്ചേക്കും; ഡാം തുറന്നു വിടുന്നത് ഒരു ദിവസത്തെ മുന്നറിയിപ്പിന് ശേഷം മാത്രം; ഡാം തുറന്നാൽ ഏറ്റവും അധികം വെള്ളം കയറുക ഭൂതത്താൻകെട്ട്, മലയാറ്റൂർ, കാലടി, നെടുമ്പാശ്ശേരി. ആലുവ പ്രദേശങ്ങളിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെറുതോണി: ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരുമെന്ന വിലയിരുത്തലിൽ സർക്കാർ. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ഉച്ചയോടെ ഓറഞ്ച് അലർട്ട് (അതിജാഗ്രതാ നിർദ്ദേശം) പ്രഖ്യപിച്ചേക്കും. ജലനിരപ്പ് 2,400 അടിയിലെത്തുന്നതിന് മുമ്പേ ഷട്ടറുകൾ തുറക്കാൻ ശനിനിയാഴ്ച മന്ത്രി എം.എം. മണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. 2400 അടിവരെ കാക്കാതെ നിയന്ത്രിത അളവിൽ വെള്ളം തുറന്നുവിടാനാണ് ആലോചിക്കുന്നത്. ഞായറാഴ്ച ജലനിരപ്പ് വീണ്ടും ഉയർന്ന് 2394 അടിയിലെത്തിയിട്ടുണ്ട്. ഒരടി കൂടി ഉയർന്നാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. 2397-2398 അടിയിലെത്തുമ്പോൾ വെള്ളം തുറന്നുവിട്ടേക്കും.

ഡാം തുറന്നാൽ ചെറുതോണി ടൗൺ മുതൽ ആലുവവരെ പെരിയാറിൽ 90 കിലോമീറ്ററിലാണ് വെള്ളമൊഴുകുക. ഷട്ടർ തുറന്ന് ഒരു മണിക്കൂറിനകം 24 കിലോമീറ്റർ അകലെ ലോവർപെരിയാർ അണക്കെട്ടിൽ വെള്ളമെത്തും. കല്ലാർകുട്ടി നിറഞ്ഞതിനാൽ തുറന്നുവിട്ടിരിക്കുന്ന വെള്ളവും നേര്യമംഗലം പവർഹൗസിൽനിന്നുള്ള വെള്ളവും പെരിയാറിലെ വെള്ളവും ലോവർ പെരിയാറിലാണ് ചേരുന്നത്. ഇടുക്കിയിൽനിന്നുള്ള വെള്ളംകൂടി എത്തുന്നതോടെ ലോവർപെരിയാറിന്റെ ഏഴ് ഷട്ടറുകൾ ഒന്നിച്ചുയർത്തേണ്ടിവരും. നിലവിൽ മൂന്ന് ഷട്ടറുകൾ തുറന്നിട്ടുണ്ട്. ലോവർപെരിയാറിൽനിന്ന് ഭൂതത്താൻകെട്ട്, മലയാറ്റൂർ, കാലടി, നെടുമ്പാശ്ശേരി. ആലുവ എന്നിവിടങ്ങളിലൂടെ ഒഴുകി വരാപ്പുഴ കായലിൽ ചേരും. അതുകൊണ്ട് തന്നെ ഭൂതത്താൻകെട്ട്, മലയാറ്റൂർ, കാലടി, നെടുമ്പാശ്ശേരി. ആലുവ എന്നിവിടങ്ങളിലാകും വെള്ളപ്പൊക്കമുണ്ടാവുക. ഇവിടെ ജനജീവിതം ദുരിതപൂർണ്ണമാകും.

മുന്നൊരുക്കങ്ങളുടെ ഭാഗമായി ചെറുതോണി അണക്കെട്ടിനു മുകളിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ഡാം സുരക്ഷാ ഗവേഷണ വിഭാഗത്തിന്റെ കൺട്രോൾ റൂം തിങ്കളാഴ്ച രാവിലെ പ്രവർത്തനം തുടങ്ങും. മണിക്കൂർതോറും സംഭരണിയിലെ ജലനിരപ്പ് വൈദ്യുതിബോർഡിന്റെ ഉന്നതകേന്ദ്രങ്ങളിൽ അറിയിക്കുക, വെള്ളം ഒഴുകിപ്പോകുന്ന സ്ഥലങ്ങളിലെ വിവരങ്ങൾ ശേഖരിക്കുക, ഒഴുക്കുമൂലം ഏതെങ്കിലും തരത്തിൽ അപകടമുണ്ടായാൽ ഷട്ടർ അടച്ച് ഒഴുക്കു നിയന്ത്രിക്കുക തുടങ്ങിയവയാണ് കൺട്രോൾ റൂമിന്റെ ചുമതലയിലുള്ളത്. ഡാം സുരക്ഷാ ഗവേഷണവിഭാഗം എക്സിക്യുട്ടീവ് എൻജിനീയറുടെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥസംഘം 24 മണിക്കൂറും കൺട്രോൾ റൂമിൽ നിരീക്ഷണം നടത്തും.

അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച ട്രയൽറൺ നടത്തുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. മതിയായ മുൻകരുതലുകൾ സ്വീകരിച്ചശേഷമെ അണക്കെട്ട് തുറക്കൂവെന്നും അധികൃതർ പറഞ്ഞു. അണക്കെട്ട് തുറക്കുന്നതിനുള്ള സാധ്യതകൾ കണക്കിലെടുത്ത് മുൻകരുതൽ നടപടികൾക്ക് അധികൃതർ തുടക്കംകുറിച്ചിരുന്നു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ചൊവ്വാഴ്ച നോട്ടീസ് നൽകും. പുഴയുടെ തീരത്ത് താമസിക്കുന്നവർ എന്തൊക്കെ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. 12 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്.

അണക്കെട്ട് തുറക്കുന്നത് കാണാൻ വരുന്നവരെ നിയന്ത്രിക്കും. പെരിയാറിന്റെ തീരത്തെ വലിയ മരങ്ങൾ മുറിച്ചു മാറ്റും. ഇടുക്കി സംഭരണി മുതൽ ലോവർ പെരിയാർ ഡാം വരെ 24 കിലോമീറ്റർ ദൂരത്തിലാണ് മുൻകരുതൽ നടപടികൾ.

ചെറുതോണി അണക്കെട്ടിൽ നാളെ ട്രയൽ റൺ

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ചൊവ്വാഴ്ച തുറക്കും. ഷട്ടറുകൾ 40 സെന്റിമീറ്റർ വരെ ഉയർത്തി ട്രയൽ റൺ നടത്തും. നാലു മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന ട്രയൽ റണ്ണാണ് നടക്കുക. ദുരന്ത നിവാരണസേനയുടെ സംഘം ഇടുക്കിയിലെത്തിയിട്ടുണ്ട്. ഓരോ സംഘങ്ങൾ ആലുവയിലും തൃശൂരിലും ക്യാംപ് ചെയ്യും. ഇടുക്കി ജലസംഭരണിയിൽ വെള്ളം ഉയരുമ്പോൾ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്. ഇതിനു മുൻപു ചെറുതോണി അണക്കെട്ടു തുറന്നതു 1992ൽ ആയിരുന്നു. വെള്ളം ഒഴുക്കുന്നതു ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളുയർത്തിയാണ്. ചെറുതോണി പുഴയിലൂടെ പെരിയാറിലേക്കു വെള്ളമെത്തും.

ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്ന് അണക്കെട്ടുകൾ തടഞ്ഞുനിർത്തുന്ന വെള്ളം ഏകദേശം 60 ചതുരശ്ര കിലോമീറ്റർ ഭാഗത്തായി വ്യാപിച്ചുകിടക്കുന്നു. 2200 ദശലക്ഷം ഘനമീറ്റർ വെള്ളം ഇവിടെ സംഭരിക്കാം. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 88.36% വെള്ളം ഇപ്പോഴുണ്ട്. 36.54 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം ഇന്നലെ അണക്കെട്ടിൽ ഒഴുകിയെത്തി. ഈ വെള്ളം തുരങ്കങ്ങളിലൂടെ മൂലമറ്റം വൈദ്യുത നിലയത്തിലേക്കാണ് എത്തുന്നത്. പ്രതിദിനം 16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഇതിലൂടെ ഉത്പാദിപ്പിക്കുന്നുണ്ട്. മൂലമറ്റം വൈദ്യുത നിലയത്തിൽ 14.703 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. ഇടുക്കി അണക്കെട്ടു പ്രദേശത്ത് ഇന്നലെ മഴ കുറഞ്ഞു. ഇത് നേരിയ പ്രതീക്ഷയാണ്.

2397 അടി വെള്ളമായാൽ റെഡ് അലർട്ട്

അണക്കെട്ടു തുറന്നുവിടുന്നതുവഴിയുള്ള നാശനഷ്ടം കുറയ്ക്കാനാണ് 2397 അടിയിലെത്തുമ്പോൾത്തന്നെ തുറക്കുന്നതെന്ന് അധികൃതർ. 40 സെന്റീമീറ്റർ തുറക്കുമ്പോൾ ഒഴുകുന്ന വെള്ളത്തിന്റെ ഗതി നിരീക്ഷിച്ചശേഷമായിരിക്കും കൂടുതൽ തുറക്കുക. മുല്ലപ്പെരിയാർ തുറക്കേണ്ടിവരുന്ന സാഹചര്യംകൂടി വിലയിരുത്തിയാണ് നടപടികൾ മുന്നേറുന്നത്. ഞായറാഴ്ച വൈകീട്ടത്തെ കണക്കുപ്രകാരം 135.9 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.

ഞായറാഴ്ച സംഭരണിയിൽ 2394.03 അടിയാണ് വെള്ളം. 2395-ൽ എത്തുമ്പോൾ ഓറഞ്ച് അലർട്ട് നൽകും. തിങ്കളാഴ്ച ഉച്ചയോടെ വെള്ളം ഈ നിലയിലെത്തുമെന്നാണ് കരുതുന്നത്. 2397 അടി വെള്ളമായാൽ റെഡ് അലർട്ട് നൽകും. ഇതോടെ പ്രദേശവാസികളോട് ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനുശേഷം ചെറുതോണിയിലെ അഞ്ച് ഷട്ടറുകളിൽ മധ്യത്തിലുള്ള ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തും. 34 അടി വീതിയും 40 അടി ഉയരവുമാണ് ഈ ഷട്ടറിനുള്ളത്. സെക്കൻഡിൽ 1750 ഘനയടി വെള്ളം ഇതിലൂടെ പുറത്തേക്കൊഴുകും.

എറണാകുളം ജില്ലയിൽ പെരിയാർ തീരത്ത് ജലനിരപ്പുയരുന്നത് നാശനഷ്ടങ്ങൾ ക്കിടയാക്കുമെന്ന് ആശങ്കയുണ്ട്. തീരത്തുള്ള ഒട്ടേറെ കുടിവെള്ള പദ്ധതികളിൽ ചെളിയും മണ്ണും നിറഞ്ഞ് പ്രവർത്തനരഹിതമാകാൻ സാധ്യതയുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലും വെള്ളം കയറിയേക്കും. അതേസമയം, ചെങ്ങൽതോടിന്റെ ആഴം കൂട്ടിയതിനാൽ വലിയ ഭീഷണിയില്ലെന്നാണ് വിമാനത്താവള അധികൃതരുടെ നിഗമനം. ഇടമലയാർ അണക്കെട്ടും ഇടുക്കിയും ഒരേ സമയം തുറന്നാൽ മാത്രമാണ് ഭീഷണിയെന്നും വിമാനത്താവളത്തിൽ ചേർന്ന യോഗം വിലയിരുത്തി.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞു. ഞായറാഴ്ച വൈകീട്ട് ആറിന് 135.9 അടിയാണ് ജലനിരപ്പ്. ശനിയാഴ്ച 135.95 അടിയിലെത്തിയിരുന്നു. രണ്ടു ദിവസമായി വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട് വെള്ളം കൊണ്ടു പോകുന്നതു കൊണ്ടാണ് ഇത്. അതിനിടെ കേരളത്തിന്റെ അഭ്യർത്ഥന മാനിച്ച് മേൽനട്ട സമിതിയുടെ യോഗം ഓഗസ്റ്റ് നാലിനു ചേരും. ചെയർമാൻ ഗുൽഷൻ രാജിന്റെ അധ്യക്ഷതയിൽ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഓരോ അംഗങ്ങൾ വീതമുള്ള കമ്മിറ്റി രാവിലെ അണക്കെട്ട് സന്ദർശിക്കും. ഉച്ചയ്ക്കുശേഷം കുമളിയിൽ യോഗം ചേരും.

അതേസമയം, ഞായറാഴ്ച വീണ്ടും മഴ തുടങ്ങിയിട്ടുണ്ട്. തേക്കടിയിൽ 16.2 മില്ലിമീറ്ററും മുല്ലപ്പെരിയാറിൽ 20 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ സെക്കൻഡിൽ 2267 ഘനയടി വെള്ളമെത്തിയിരുന്നത് വൈകുന്നേരത്തോടെ 2008 ഘനയടിയായി കുറഞ്ഞു. തമിഴ്‌നാട് 2300 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്.

ആശങ്ക വേണ്ടെന്ന് എറണാകുളം കളക്ടർ

ആശങ്ക വേണ്ടെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടർ മുഹമ്മദ് സഫീറുല്ല അറിയിച്ചു. അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച് ഊഹാപോഹങ്ങൾ പരത്തരുത്. അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തേണ്ടി വന്നാൽ ഇതുസംബന്ധിച്ച മുന്നറിയിപ്പ് ഔദ്യോഗികമായി മാധ്യമങ്ങളിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം സ്വീകരിച്ചിട്ടുള്ള മുൻകരുതലുകൾ സംബന്ധിച്ച് വിശദീകരിക്കുന്നതിനായി തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജനപ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്.

ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് കൂടുതൽ നടപടികൾ സ്വീകരിക്കും. മൂന്നു മുന്നറിയിപ്പുകൾ നൽകിയതിനു ശേഷമേ അണക്കെട്ടുകൾ തുറക്കൂ. ഇതുവരെ ആദ്യ മുന്നറിയിപ്പു മാത്രമേ ലഭിച്ചിട്ടുള്ളൂ. മൂന്നാം മുന്നറിയിപ്പു കഴിഞ്ഞ് 24 മണിക്കൂറിനുശേഷമേ ഷട്ടറുകൾ തുറക്കൂ എന്നതിനാൽ ജനവാസകേന്ദ്രങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും സമയം ലഭിക്കും. ഇടമലയാർ അണക്കെട്ടിൽ ജലനിരപ്പ് 165 മീറ്റർ കടന്നപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നൽകിയത്. ഇത് 167 മീറ്ററാകുമ്പോൾ രണ്ടാം മുന്നറിയിപ്പും 169 മീറ്ററാകുമ്പോൾ മൂന്നാം മുന്നറിയിപ്പും നൽകും.

സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദ്ദേശ പ്രകാരം വായു സേനയുടെ ഒരു എംഐ17വി ഹെലികോപ്ടറും എഎൽഎച്ച് ഹെലികോപ്ടറും സദാ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. നാവികസേനയും കരസേനയുടെയും നാല് കമ്പനി പട്ടാളക്കാരെയും തയ്യാറാക്കി നിർത്തിയിട്ടുണ്ട്. എറണാകുളത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയാൽ വിന്യസിക്കാൻ സജ്ജമായ ചെറു ബോട്ടുകളുമായി കോസ്റ്റ് ഗാർഡ് സംഘവും ഉണ്ട്ു

മുന്നറിയിപ്പുകൾ ഇങ്ങനെ

* അണക്കെട്ട് തുറക്കേണ്ടിവന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.

* 2013-ൽ ഇടമലയാർ തുറന്നുവിട്ടപ്പോൾ വെള്ളം കയറിയ പ്രദേശങ്ങളിൽ ഇത്തവണയും വെള്ളമെത്താൻ സാധ്യതയുണ്ട്.

* ഷട്ടർ തുറന്നശേഷം ആരും നദി മുറിച്ചുകടക്കാൻ പാടില്ല. പാലങ്ങളിലും നദിക്കരയിലും കൂട്ടംകൂടി നിൽക്കുകയോ സെൽഫി എടുക്കാൻ ശ്രമിക്കുകയോ ചെയ്യരുത്.

* നദിയിൽ ഒരാവശ്യത്തിനും ഇറങ്ങരുത്.

* പ്രധാനപ്പെട്ട രേഖകൾ, ആഭരണങ്ങൾ, വിലപിടിപ്പുള്ള സാധനങ്ങൾ എന്നിവ വീട്ടിലെ എളുപ്പം എടുക്കാൻപറ്റുന്ന ഉയർന്നസ്ഥലത്ത് സൂക്ഷിക്കുക.

* ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങൾ വീട്ടിൽ എല്ലാവരോടും പറഞ്ഞിരിക്കണം. അടിയന്തര സാഹചര്യങ്ങളിൽ പുറത്തുപോയവരെ കാത്തുനിൽക്കാതെ വീടുവിട്ടിറങ്ങണം.

* സുരക്ഷിതമെന്ന് നിർദ്ദേശിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് സ്വമേധയാ മാറാൻ തയ്യാറാകണം.

* വെള്ളം കെട്ടിടത്തിൽ പ്രവേശിച്ചാൽ മെയിൻ സ്വിച്ച് ഓഫാക്കുക.

* വീട്ടിൽ രോഗികളോ, അംഗപരിമിതരോ ഭിന്നശേഷിക്കാരോ പ്രായമായവരോ കുട്ടികളോ ഉണ്ടെങ്കിൽ അവരെ ആദ്യം മാറ്റണം. സഹായം ആവശ്യമുണ്ടെങ്കിൽ നേരത്തേ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.

* വാഹനങ്ങൾ ഉയർന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം.

* വളർത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം. അല്ലെങ്കിൽ അഴിച്ചുവിടണം.

* രക്ഷാപ്രവർത്തനത്തിന് പരിശീലനം ലഭിച്ചവർ മാത്രം ഇറങ്ങുക.

* പരിഭ്രാന്തരാവുകയോ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുത്.

എമർജൻസി കിറ്റ്

നദിക്കരയോടുചേർന്ന് താമസിക്കുന്നവരും മുമ്പ് വെള്ളംകയറിയ പ്രദേശങ്ങളിലുള്ളവരും അടിയന്തരസാഹചര്യം നേരിടാനുള്ള സാമഗ്രികൾ (എമർജൻസി കിറ്റ്) കരുതണം. മൊബൈൽ ഫോൺ, ടോർച്ച്, അരലിറ്റർ വെള്ളം, ഒരു പാക്കറ്റ് ഒ.ആർ.എസ്. ലായനി, അവശ്യമരുന്ന്, മുറിവിനുള്ള മരുന്ന്, കപ്പലണ്ടി, ഈന്തപ്പഴം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ, ചെറിയ കത്തി, ക്ലോറിൻ ഗുളിക, ആന്റിസെപ്റ്റിക് ലോഷൻ, അത്യാവശം പണം എന്നിവയാണ് കിറ്റിലുണ്ടാകേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP