Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജന്മനാടായ കല്ലഗുഡിക്ക് ഡാൽമിയപുരം എന്ന പേരിടാനുള്ള ശ്രമത്തിനെതിരെ പോരാടി തുടങ്ങിയ സമര ജീവിതം; എംജിആർ നായകനായി തിളങ്ങിയപ്പോൾ തിരക്കഥകൃത്തായി പേരെടുത്ത് രാഷ്ട്രീയ പ്രവേശം; ഇന്ദിരാഗാന്ധിയുടെ കണ്ണിലെ കരടായിരുന്നിടത്ത് പിൻഗാമികളെ വീട്ടിലെത്തി കുമ്പീടിച്ച രാഷ്ട്രീയ ചാണക്യൻ; ജയലളിതയുടെ ചിരവൈരി; അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കലൈഞ്ജർ കരുണാനിധിയുടെ രാഷ്ട്രീയ ജീവിതം ഇങ്ങനെ

ജന്മനാടായ കല്ലഗുഡിക്ക് ഡാൽമിയപുരം എന്ന പേരിടാനുള്ള ശ്രമത്തിനെതിരെ പോരാടി തുടങ്ങിയ സമര ജീവിതം; എംജിആർ നായകനായി തിളങ്ങിയപ്പോൾ തിരക്കഥകൃത്തായി പേരെടുത്ത് രാഷ്ട്രീയ പ്രവേശം; ഇന്ദിരാഗാന്ധിയുടെ കണ്ണിലെ കരടായിരുന്നിടത്ത് പിൻഗാമികളെ വീട്ടിലെത്തി കുമ്പീടിച്ച രാഷ്ട്രീയ ചാണക്യൻ; ജയലളിതയുടെ ചിരവൈരി; അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കലൈഞ്ജർ കരുണാനിധിയുടെ രാഷ്ട്രീയ ജീവിതം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ് മക്കളുടെ ഒരോ നെഞ്ചിടിപ്പിലുമുണ്ടായിരുന്ന പേരായിരുന്നു കരുണാനിധി. 95 വർഷം നീണ്ട ജീവിതം കൊണ്ട് തമിഴ് മണ്ണിന്റെ നെഞ്ചിൽ കരുണാനിധി കുറിച്ചിട്ടത് തങ്കലിപികളിൽ തീർത്ത ചരിത്രമാണ്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന് തമിഴ് മക്കൾ കണ്ണീരോടെ വിട പറയുമ്പോൾ കാലം കാത്തു വെച്ചിരിക്കുന്ന ചരിത്രം ഇനി ലോകമുള്ളടിത്തോളം നാൾ തമിഴ് മക്കൾ വാഴ്‌ത്തിപ്പാടും. അഞ്ച് തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് കരുണാനിധി.

നാഗപട്ടണത്ത് മുത്തുവേലുവിന്റെയും അഞ്ചുവിന്റെയും മകനായി ജനിച്ചയന്ന് മുതൽ രാഷ്ട്രീയ പ്രവേശനത്തിന്റെ അര നൂറ്റാണ്ട് തികയ്ക്കുന്ന 2018 വരെയുള്ള ചരിത്രം എടുത്ത് പരിശോധിച്ചാൽ നിശ്ചയദാർഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആൾരൂപമായ കരുണാനിധിയെയാണ് നമുക്ക് കാണാൻ സാധിക്കുക. ദക്ഷിണാമൂർത്തി എന്ന പേരിൽ നിന്ന് തമിഴ് മണ്ണിന്റെ ഹൃദയതാളമുള്ള കരുണാനിധി എന്ന നിറ തേജസായി മാറാൻ അദ്ദേഹം നടത്തിയ പടയോട്ടം നാമേവരും അറിഞ്ഞിരിക്കേണ്ട ഒന്നു തന്നെയാണ്.

14ാം വയസ്സിൽ സ്പീക്കർ അഴഗിരി സാമിയുടെ വാക്കുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പൊതു പ്രവർത്തനത്തിൽ എത്തിയ കരുണാനിധി . സർവ വിദ്യാർത്ഥി ക്ലബ് എന്ന പേരിൽ രൂപപ്പെട്ട സംഘടനയിലൂടെ ദ്രാവിഡ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് തുടക്കം കുറിച്ചു. 1953ൽ കല്ലഗുഡി എന്ന സ്ഥലത്തിന് ഡാൽമിയപുരം എന്ന പേരിടാനുള്ള ശ്രമമുണ്ടായപ്പോൾ അതിനെതിരെ ശക്തമായി പോരാടി ജനമനസിൽ ഇടം നേടിത്തുടങ്ങിയ സജീവ രാഷ്ട്രീയ ജീവിതം തമിഴ് മണ്ണിന്റെ തലവര തന്നെ മാറ്റി മറിക്കുകയാണുണ്ടായത്.

ഡാൽമിയ കമ്പനിക്കെതിരെ നടത്തിയ പ്രക്ഷോഭത്തിൽ ട്രെയിൽ തടഞ്ഞ സംഭവം വരെയുണ്ടാകുകയും കരുണാനിധി അറസ്റ്റിലാകുകയും ചെയ്തിരുന്നു. പിന്നീടിങ്ങോട്ട് തമിഴ്‌നാട് കണ്ടത് കരുണാനിധിയെന്ന ശക്തനായ പോരാളിയെയാണ്. പൊതു പ്രവർത്തവും കലയുമായിരുന്നു ആ മനുഷ്യന്റെ ജീവശ്വാസം. ഭരണത്തിൽ തന്റെ കലാമികവ് തെളിയിച്ച വ്യക്തിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചാലും അത് കുറവാകില്ല.

കരുണാനിധിയുടെ കുടുംബം

നാഗപട്ടണത്ത് തിരുക്കുവളൈ ഗ്രാമത്തിൽ മുത്തുവേലുവിന്റെയും അഞ്ചുവിന്റെയും മകനായാണ് കരുണാനിധി ജനിച്ചത്. ദക്ഷിണാ മൂർത്തിയെന്നായിരുന്നു ആദ്യം അദ്ദേഹത്തിന്റെ പേര്. മൂന്നു ഭാര്യമായിരുന്നു കരുണാനിധിക്ക്. പത്മാവതി, രാസാത്തി അമ്മാൾ,ദയാലു അമ്മാൾ എന്നിവരിൽ ആറ് മക്കളാണ് ഇദ്ദേഹത്തിന്. മുത്തു, അഴഗിരി, സ്റ്റാലിൻ, തമിഴരസ്, സെൽവി, കനിമൊഴി എന്നിവരാണ് മക്കൾ. മകൻ സ്റ്റാലിൻ തമഴ്‌നാട് മുഖ്യമന്ത്രി പദത്തിലും അഴഗിരി കേന്ദ്ര മന്ത്രിയും കനിമൊഴി രാജ്യസഭാംഗവുമായിരുന്നു.

രാഷ്ട്രീയം പോലെ തന്നെ നെഞ്ചോട് ചേർത്ത സിനിമ

കലയോട് ഏറെ തൽപരനായിരുന്നു കരുണാനിധി. എഴുത്തിന് ഏറെ പ്രാധാന്യം കൊടുത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നാടകങ്ങളും, കവിതകളും സിനിമാ തിരക്കഥകളും എഴുതുന്നതിൽ തൽപരനായിരുന്നു അദ്ദേഹം. അഭിമന്യു എന്ന പുരാണ ചിത്രത്തിനായി അദ്ദേഹം ആദ്യം സംഭാഷണങ്ങൾ എഴുതിയിരുന്നെങ്കിലും ചിത്രത്തിൽ അദ്ദേഹത്തിന്റെ പേര് വന്നില്ല. അതിൽ നിരാശനായ അദ്ദേഹം തിരുവാരൂരേക്ക് മടങ്ങി രാഷ്ട്രീയത്തിൽ തന്നെ ശ്രദ്ധിച്ചു. സിനിമാ ഗാനങ്ങളെഴുതിയിരുന്ന കെ.എം ഷെരീഫിന്റെ സഹായത്തോടെ മോഡേൺ തിയേറ്ററിൽ പ്രതിമാസം 500 രൂപ ശമ്പളത്തിൽ ജോലിക്ക് ചേർന്നു. അക്കാലത്ത് തിയേറ്റർ ഉടമയായ ടി.ആർ സുന്ദരത്തിന്റെ ആഗ്രഹപ്രകാരം മന്ത്രികുമാരി എന്ന നാടകം സിനിമ തിരക്കഥയായി അദ്ദേഹം മാറ്റി.

എല്ലിസ് ആർ ഡങ്കണായിരുന്നു അത് സംവിധാനം ചെയ്തത്. ഒട്ടേറെ എതിർപ്പ് നേരിട്ടെങ്കിലും ചിത്രം വൻ വിജയമാണ് നേടിയത്. കണ്ണമ്മ, പരാശക്തി, മന്ത്രികുമാരി, പാസ പറൈവകൾ, മണ്ണിൻ മൈന്തൻ, പാടാത തേനീച്ചകൾ, മനോഹര, ഒളിയിൻ ഓസൈ തുടങ്ങിയ തിരക്കഥകളും ചിലപ്പതികാരം, മണിമകുടം, ഒരേ രക്തം നാനേ അറിവാളി തുടങ്ങിയ നാടകങ്ങളും, കുറളോവിയം, നെഞ്ചുക്ക് നീതി, തെൽപാപ്പിയ ഉരൈ, സംഗ തമിഴ്, തെൻപാണ്ടി സിങ്കം, പൊന്നർ സംഘർ തുടങ്ങിയ കൃതികളും കരുണാനിധിയുടെ തൂലികയിൽ നിന്നും ലോകത്തിന് ലഭിച്ച വലിയ സംഭാവനകളാണ്.

രാഷ്ടീയത്തിലെ അതികായൻ

തമിഴ് നാട്ടിലെ മുൻ മുഖ്യമന്ത്രിയായിരുന്ന കരുണാനിധി 1969 ജൂലൈ 27 നാണ് ഡി എം കെ പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. നാൽപ്പത്തിനാലാം വയസ്സിലാണ് ഡി എം കെയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നത്. പിന്നീട് ആ കേഡർ പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത ശബ്ദമായി പ്രസിഡന്റ്. ഡി എം കെ സ്ഥാപകനായ സി എൻ അണ്ണാദുരൈയുടെ നിര്യാണത്തെ തുടർന്ന് 1969 ഫെബ്രുവരി പത്തിനാണ് നിയമസഭാ കക്ഷി നേതാവായും പിന്നീട് മുഖ്യമന്ത്രിയായും കരുണാനിധി തിരഞ്ഞെടുക്കപ്പെടുന്നത്. പതിനാലാം വയസ്സിൽ രാഷ്ട്രീയപ്രവർത്തനത്തിലേയ്ക്ക് കടന്നു വന്ന ദ്രാവിഡ രാഷ്ട്രീയത്തിലെ ഈ തീനാവ് 94 ആം വയസ്സിലും ആ കരുത്തിന്റെ പിൻബലത്തിൽ ദേശീയതലത്തിൽ വരെ ശ്രദ്ധ പിടിച്ചുപറ്റുന്ന നേതാവായി തുടരുന്നത്. 1957ൽ മുപ്പത്തിമൂന്നാം വയസ്സിൽ കുഴിത്തലയിൽ നിന്ന് എംഎ‍ൽഎ ആയി വിജയിച്ച കരുണാനിധി പതിമൂന്ന് തവണ എംഎ‍ൽഎയും അഞ്ചു തവണ മുഖ്യമന്ത്രിയുമായി.

പ്രസിഡന്റില്ലാതെ ആരംഭിച്ച രാഷ്ട്രീയപാർട്ടിയായിരുന്നു ഡി.എം.കെ. അണ്ണാദുരൈ അതിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. പ്രസിഡന്റ് സ്ഥാനം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. ദ്രാവിഡ കഴകം സ്ഥാപകനും അണ്ണാദുരൈയുടെ നേതാവുമായിരുന്ന പെരിയാർ ഇ.വി രാമസ്വാമിക്ക് വേണ്ടിയായിരുന്നു അത്. ഡി കെയിൽ നിന്നും വേർപിരഞ്ഞ് അണ്ണാദുരൈ ഡി എം കെ സ്ഥാപിക്കുകയായിരുന്നു. പെരിയാർ ഡി.എം.കെയിലേയ്ക്ക് വരുമ്പോൾ അദ്ദേഹത്തിന് നൽകാനായിട്ടായിരുന്നു ആ സ്ഥാനം ഒഴിച്ചിട്ടിരുന്നത്. ഡി.എം.കെ 1960 സെപ്റ്റംബർ 25 ന് പ്രസിഡീയം ചെയർമാൻ എന്ന തസ്തികയാണ് സൃഷ്ടിച്ചത്. അതിൽ ആദ്യമെത്തിയത് ഇ.വി.കെ സമ്പത്ത് എന്ന നേതാവായിരുന്നു അദ്ദേഹം പാർട്ടി വിട്ടതിനെ തുടർന്ന് വി.ആർ നെടുഞ്ചേഴിയൻ ആ സ്ഥാനത്തെത്തി. കരുണാനിധിയും 1970 ൽ ചുമതലയേൽക്കുമ്പോൾ ചെയർമാൻ എന്നായിരുന്നു സ്ഥാനം. പിന്നീട് അത് പ്രസിഡന്റ് ആയി മാറുകയായിരുന്നു.

രാഷ്ട്രീയത്തിലെ ദീർഘദൃഷ്ടി, നർമ്മബോധം തമിഴ് ഭാഷയിലുള്ള സ്വാധീനം, പ്രസംഗ പാടവം, മൂർച്ചയേറിയ എഴുത്ത് ശൈലി, ഓർമ്മശക്തി എന്നിവയൊക്കെ അദ്ദേഹത്തിനെ സമാനതകളില്ലാത്ത രാഷ്ടീയ നേതാവാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. ഡി എം കെ പ്രസിഡന്റായി ചുമതലയേറ്റ ശേഷം രണ്ട് വർഷത്തിനുള്ളിൽ നടന്ന തമിഴ്‌നാട് നിയമസഭയിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ കരുണാനിധി തന്റെ കരുത്ത് തെളിയിച്ചു. 1971 ൽ ഡിഎം കെ തമിഴ് നാട് തൂത്തുവാരി. രാഷ്ട്രീയ നിലപാടുകളിൽ അതിശക്തമായി ഉറച്ചുനിൽക്കുന്ന ശീലമുള്ള കരുണാനിധി അടിന്തരാവസ്ഥക്കാലത്ത് ഇന്ത്യയിൽ നിലനിന്നിരുന്ന ഏക കോൺഗ്രസ്സിതര സർക്കാരിന്റെ മുഖ്യമന്ത്രിയായിരുന്നു. അതിനാൽ തന്നെ സോഷ്യലിസ്റ്റ് നേതാക്കളടക്കം ഇന്ദിരാഗാന്ധിയുടെ കണ്ണിലെ കരടായി നേതാക്കളുടെ അഭയസ്ഥാനവും തമിഴ് നാടായിരുന്നു. അടിയന്തരവാസ്ഥയെ എതിർത്ത് നിലകൊണ്ട കരുണാനിധിക്ക് അതിന് ബലികഴിക്കേണ്ടി വന്നത് തന്റെ മുഖ്യമന്ത്രി സ്ഥാനവും ഡി എം കെയുടെ തമിഴ്‌നാട്ടിലെ ഭരണവുമായിരുന്നു. ഇന്ദിരാഗന്ധി ഡി എം കെ സർക്കാരിനെ പിരിച്ചുവിട്ടാണ് പകവീട്ടിയത്.

1976 ൽ തന്റെ സർക്കാരിനെ പിരിച്ചുവിട്ട കോൺഗ്രസുമായി കൂട്ട് ചേർന്ന് 1980 അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിട്ടത്. എം ജി ആറും കരുണാനിധിയും വേർപിരിയുകയും അവരിരുവരും തമ്മിലുള്ള പോരാട്ടം ശക്തമാകുകുയം ചെയ്ത കാലമായിരുന്നു അത്. എം ജി ആറിന്റെ മരണശേഷമാണ് ഡി എം കെ വീണ്ടും അധികാരത്തിലെത്തുന്നത്. 1989ൽ ദേശീയ തലത്തിൽ രൂപപ്പെട്ട ഐക്യമുന്നണി സർക്കാരിൽ ഡി എം കെ യ്ക്കും ഇടമുണ്ടായി. കരുണാനിധിയുടെ ബന്ധുവായ മുരൈശൊലി മാരൻ വി പി സിങ് മന്ത്രിസഭയിൽ മന്ത്രിയായി. കോൺഗ്രസിൽ നിന്നും വിട്ട് തമ്ഴ് മാനില കോൺഗ്രസ് രൂപീകരിച്ച ജി.കെ മൂപ്പനാരെയും പി. ചിദംബരത്തെയും കൂട്ടിയായിരന്നു 1996ലെ കരുണാനിധിയുടെ പോരാട്ടം. ദേവഗൗഡയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഐക്യമുന്നണി സർക്കാരിലും 1999 രൂപീകരിച്ച എ ബി വാജ്‌പേയിയുടെ ബിജെപി സർക്കാരിലും ഡി എം കെ ഇടം കണ്ടെത്തി.

2004 ലെ തിരഞ്ഞെടുപ്പ് വന്നപ്പോൾ കോൺഗ്രസ്സിനൊപ്പം നിലപാട് സ്വീകരിച്ച ഡി എം കെ യു പി എ സർക്കാരിന്റെ ഭാഗമായി. 2014 ൽ തനിച്ച് മത്സരിച്ചുവെങ്കിലും കനത്ത പരാജയം ഏറ്റുവാങ്ങി. എന്നാൽ 2016 ലെ തമിഴ് നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ് നാട്ടിലെ പ്രധാന പ്രതിപക്ഷമായി ഡി എം കെ തങ്ങളുടെ വീര്യം നഷ്ടമായില്ലെന്ന് ഉറപ്പിച്ചു. തമിഴ് രാഷ്ട്രീയം വീണ്ടും കലങ്ങി മറിയുമ്പോഴാണ് കരുണാനിധി തന്റെ പ്രസിഡന്റ് പദവിയിൽ അമ്പത് വർഷം പൂർത്തിയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP