Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്നിഗ്ധയുടെ സിവിൽ സർവീസ് മോഹം എളുപ്പം സാധിച്ചേക്കില്ല..! പൊലീസ് ഡ്രൈവറെ തല്ലിയ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതിനിടെ കേസിലെ സുപ്രധാന സാക്ഷിയെ കണ്ടെത്തി ക്രൈംബ്രാഞ്ച്; ഗവാസ്‌ക്കെറെ തല്ലിയ ശേഷം സുദേഷ് കുമാറിന്റെ മകൾ രക്ഷപെട്ട ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്തി; പേരൂർക്കടയിലെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചതോടെ 'തല്ലുകാരി' പെൺകുട്ടി കൂടുതൽ കുരുക്കിൽ

സ്നിഗ്ധയുടെ സിവിൽ സർവീസ് മോഹം എളുപ്പം സാധിച്ചേക്കില്ല..! പൊലീസ് ഡ്രൈവറെ തല്ലിയ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതിനിടെ കേസിലെ സുപ്രധാന സാക്ഷിയെ കണ്ടെത്തി ക്രൈംബ്രാഞ്ച്; ഗവാസ്‌ക്കെറെ തല്ലിയ ശേഷം സുദേഷ് കുമാറിന്റെ മകൾ രക്ഷപെട്ട ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്തി; പേരൂർക്കടയിലെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചതോടെ 'തല്ലുകാരി' പെൺകുട്ടി കൂടുതൽ കുരുക്കിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പൊലീസ് ഡ്രൈവർ ഗവാസ്‌കറെ എഡിജിപിയുടെ മകൾ സ്‌നിഗ്ധ മർദ്ദിച്ച സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. സംഭവത്തിലെ മുഖ്യ സാക്ഷിയും ഓട്ടോ ഡ്രൈവറുമായ ആളെ പൊലീസ് കണ്ടെത്തി. എഡിജിപിയുടെ മകൾ ഗവാസ്‌കറെ മർദ്ദിച്ച ശേഷം ഇയാളുടെ ഓട്ടോയിലാണ് സഞ്ചരിച്ചത്. ഓട്ടോയും എഡിജിപിയുടെ വാഹനവും പേരൂർക്കട വഴി കടന്നുപോയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പെൺകുട്ടി മൊബൈലുമായാണ് എത്തിയെന്ന് ഓട്ടോ ഡ്രൈവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

സംഭവത്തിന് ഓട്ടോ ഡ്രൈവർ ദൃക്സാക്ഷിയാണെന്നു മർദനമേറ്റ ഗവാസ്‌കറും മൊഴി നൽകിയിരുന്നു. എഡിജിപിയുടെ ഭാര്യയെയും മകളെയും കനകക്കുന്നിൽ നടക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. അസഭ്യം പറഞ്ഞതിനെ ഗവാസ്‌കർ എതിർക്കുകയും ഇനിയും അസഭ്യം പറയൽ തുടർന്നാൽ വാഹനം ഓടിക്കില്ലെന്നും പറഞ്ഞു. ഇതിൽ പ്രകോപിതയായ യുവതി വണ്ടിയിൽ നിന്നിറങ്ങി ഗവാസ്‌കറിനോട് വാഹനത്തിന്റെ താക്കോൽ ആവശ്യപ്പെട്ടു. എന്നാൽ, ഔദ്യോഗിക വാഹനം വിട്ടുനൽകാൻ ഗവാസ്‌കർ തയ്യാറായില്ല.

ഇതോടെയാണ് യുവതി ഓട്ടോയിൽ കയറി പോയത്. എന്നാൽ, മൊബൈൽ ഫോൺ എടുക്കാൻ മറന്ന യുവതി വീണ്ടും വാഹനത്തിനടുത്തേക്കു തിരിച്ചെത്തി. വാഹനത്തിൽ നിന്ന് മൊബൈൽ എടുത്ത ശേഷം ഒരു പ്രകോപനവുമില്ലാതെ ഗവാസ്‌കറുടെ കഴുത്തിൽ മൊബൈൽ വച്ച് ഇടിക്കുകയായിരുന്നു. ഇതിന് ഓട്ടോ ഡ്രൈവർ സാക്ഷിയായിരുന്നു. എഡിജിപിയുടെ മകളുടെ അറസ്റ്റ് ഒഴിവാക്കാൻ ക്രൈംബ്രാഞ്ച് തീവ്രശ്രമം നടത്തുന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് കേസിലെ മുഖ്യസാക്ഷികളിലൊരാളായ ഓട്ടോ ഡ്രൈവറെ കണ്ടെത്തിയത്. കേസിൽ എഡിജിപിയുടെ മകൾ പ്രതിസ്ഥാനത്ത് ആയത് മകളുടെ സിവിൽ സർവീസ് മോഹത്തെ ബാധിക്കമോ എന്ന് ആശങ്കയുണ്ട്. ഇതിനാൽ തന്നെ കേസ് ഒത്തു തീർക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്.

ദാസ്യപ്പണി വിവാദത്തിൽ പദവിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട എഡിജിപി സുദേഷ് കുമാറിന് പുനർ നിയമനം നൽകിക്കൊണ്ട് വീണ്ടും പൊലീസിന്റെ തലപ്പത്ത് അഴിച്ചുപണി നടത്തിയിരുന്നു. സുദേഷ് കുമാറിനെ കോസ്റ്റൽ സുരക്ഷാ എഡിജിപിയായി നിയമിച്ചുകൊണ്ടാണ് സർക്കാർ തീരുമാനം എടുത്തത്. ഇതൊടൊപ്പം ഡിഐജി സ്പർജൻകുമാറിനെ ബിവറേജസ് കോർപ്പറേഷൻ എംഡിയായും എച്ച് വെങ്കിടേഷിനെ വിജിലൻസ് ഐജിയായും നിയമിച്ചിട്ടുണ്ട്.

സുദേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവർ ഗവാസ്‌കറെ മർദ്ദിച്ച സംഭവം വലിയ വിവാദമായിരുന്നു. ഇതിൽ ക്രൈംബ്രാഞ്ച് അന്വേഷണവും നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ പരാതി ഉയർന്നതോടെ ബറ്റാലിയൻ എഡിജിപി ആയിരുന്ന സുദേഷ് കുമാറിനെ ആ സ്ഥാനത്തുനിന്ന് മാറ്റി നിർത്തിയിരിക്കുകയാണ്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്ന ഘട്ടത്തിൽ തന്നെ സുദേഷ് കുമാറിനെ കോസ്റ്റൽ എഡിജിപിയായി നിയമിച്ചത് ചർച്ചയായിരുന്നു.

ഗവാസ്‌കറെ സന്ദർശിക്കാനും ഫോണിൽ വിളിക്കാനും തയാറായ ഉന്നത ഉദ്യോഗസ്ഥരടക്കം ആരും തന്നെ കാണുകയോ വിളിക്കുകയോ ചെയ്തില്ലെന്നായിരുന്നു സുദേഷ് കുമാറിന്റെ ആക്ഷേപം. സുദേഷിന്റെ മകൾ പൊലീസ് ഡ്രൈവർ ഗവാസ്‌കറിനെ മർദിച്ചതു വിവാദമായതോടെയാണ് പദവി നഷ്ടമായത്.

ഇതിന് പിന്നാലെ ചേർന്ന യോഗത്തിൽ സുദേഷ് കുമാർ പങ്കെടുത്തിരുന്നില്ല. ഐപിഎസ് അസോസിയേഷനിലെ അംഗങ്ങൾ പോലും തന്നെ ഫോണിൽ വിളിച്ചില്ലെന്നും ആപത്തു വന്നപ്പോൾ സംരക്ഷിക്കാത്ത അസോസിയേഷനെ തനിക്ക് ആവശ്യമില്ലെന്നും സുദേഷ് കുമാർ പറഞ്ഞു. സുദേഷിന്റെ വികാരം ഉൾക്കൊള്ളുന്നുവെന്നും വിഷയത്തിൽ സംഘടനയ്ക്കു പാളിച്ച സംഭവിച്ചെങ്കിൽ പരിശോധിക്കാമെന്നും യോഗത്തിൽ അധ്യക്ഷനായ അഗ്നിശമന സേനാ മേധാവി എ.ഹേമചന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുനർനിയമനം ഉണ്ടായിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP