Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാരോഗം എന്നൊന്നും വാഴ്‌ത്താനില്ല; ചെറിയൊരു ജലദോഷം വന്ന ലാഘവം മാത്രം! നിറമില്ല, മീശയില്ല, താടിയില്ല, എന്നൊക്കെ പറഞ്ഞു സങ്കടപ്പെടുന്നവരേ നിങ്ങൾ എന്നെ നോക്കൂ..എനിക്കൊരു കാലില്ല എന്നിട്ടും ഞാൻ ഹാപ്പി ആണെന്ന് പറഞ്ഞ നന്ദു വീണ്ടും ഗോളടിച്ചു; കീമോ വാർഡിൽ നിന്ന് നേരേ പോയി പാടിയ പാട്ട് സോഷ്യൽ മീഡിയയിൽ കണ്ട് കൈയടിച്ചത് പത്തുലക്ഷത്തിലേറെ പേർ

മഹാരോഗം എന്നൊന്നും വാഴ്‌ത്താനില്ല; ചെറിയൊരു ജലദോഷം വന്ന ലാഘവം മാത്രം! നിറമില്ല, മീശയില്ല, താടിയില്ല, എന്നൊക്കെ പറഞ്ഞു സങ്കടപ്പെടുന്നവരേ നിങ്ങൾ എന്നെ നോക്കൂ..എനിക്കൊരു കാലില്ല എന്നിട്ടും ഞാൻ ഹാപ്പി ആണെന്ന് പറഞ്ഞ നന്ദു വീണ്ടും ഗോളടിച്ചു; കീമോ വാർഡിൽ നിന്ന് നേരേ പോയി പാടിയ പാട്ട് സോഷ്യൽ മീഡിയയിൽ കണ്ട് കൈയടിച്ചത് പത്തുലക്ഷത്തിലേറെ പേർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജീവിതത്തിന്റെ ആഘോഷങ്ങൾക്കിടയിൽ അവിചാരിതമായി ചില രസക്കേടുകൾ ജീവിതത്തിൽ സംഭവിക്കാറുണ്ട്. ക്രിക്കറ്റ് കളിക്കിടെ കാലിൽ തോന്നിയ വേദന നന്ദു മഹാദേവയ്ക്ക് വെറുമൊരു രസക്കേടായിരുന്നില്ല. ശരീരത്തെ കാർന്നുതിന്നുന്ന അർബുദമാണെന്ന് അറിഞ്ഞപ്പോഴും മനസ് തളർന്നില്ല. വിധിയോട് സുല്ലിടാൻ തുനിഞ്ഞില്ല. വേദനകളെ പിന്നിലാക്കി ചുറ്റുപാടും ഉല്ലാസം പ്രസരിപ്പിച്ച് നന്ദു വീട്ടുകാരുടെയും കൂട്ടുകാരുടെയും ദുഃഖഭാവങ്ങളെ തള്ളി.

നിനക്ക് കാല് വേണോ അതോ ജീവൻ വേണോ എന്ന് ഡോക്ടർ ചോദിച്ചപ്പോൾ എനിക്ക് കാല് വേണ്ട എന്റെ ജീവൻ മതി കാല് പോയാലും എന്റെ മുഖത്തെ പുഞ്ചിരി മായാതെ നിലനിൽക്കും എന്ന് പറഞ്ഞ പോരാളിയാണ് നന്ദു. കാലുപോയപ്പോഴും തനിക്കൊരു ജലദോഷം വന്നുപോയത് പോലെയാണെന്ന് നന്ദു പറഞ്ഞത് എല്ലാവരെയും അമ്പരിപ്പിച്ചുകാണണം. ആ ശുഭാപ്തി വിശ്വാസത്തെ മാനിച്ചുകാണണം. തന്റെ വേദനകളെ സർഗാത്മകമായി കാണുന്ന നന്ദു പാടിയ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കീമോ വാർഡിൽ നിന്ന് നേരേ പോയി താൻ പാടിയ പാട്ടെന്ന് നന്ദു ഫേസ്‌ബുക്കിൽ പരിചയപ്പെടുത്തിയ ഗാനം ചില മോഹമെന്നിൽ ബാക്കിയുണ്ട് അതിലൊന്ന് ഞാൻ ചൊല്ലീടട്ടെ എന്നുതുടങ്ങുന്നു.

കത്രീന വിജിമോൾ എഴുതിയ വരികൾക്ക് മുരളി അപ്പാടത്ത് സംഗീതം പകർന്നിരിക്കുന്നു. നന്ദു പറയുന്നു: കീമോ വാർഡിൽ നിന്ന് നേരേ പോയി പാടിയ പാട്ടാണ്...ഒത്തിരി വേദനയും ശ്വാസം മുട്ടും സഹിച്ചു പാടിയ പാട്ടാണ്..ഒരിക്കലെങ്കിലും കീമോയുടെ രുചി അറിഞ്ഞവർക്ക് ഞാൻ പറഞ്ഞത് പൂർണ്ണമായും ഉൾക്കൊള്ളാൻ പറ്റും..എങ്കിലും ഞാൻ നന്നായി ശ്രമിച്ചിട്ടുണ്ട്..പോരായ്മകൾ ഉണ്ടെങ്കിൽ നിങ്ങൾ ക്ഷമിക്കണം..ഒരു കട്ടിലിൽ 4 ചുമരുകൾക്കുള്ളിൽ എന്നന്നേക്കും കിടപ്പിലായി എന്ന അവസ്ഥയിൽ നിന്നും മനഃശക്തി കൊണ്ടും പ്രാർത്ഥനകൾ കൊണ്ടും ഉയിർത്തെഴുന്നേറ്റവനാണ് ഞാൻ...എന്നെപ്പോലെ പാറി പറന്നു നടന്നിട്ട് പെട്ടെന്നൊരു ദിവസം വിധിയുടെ പടുകുഴിയിലേക്ക് വീഴുന്നവർക്ക് ഞാനൊരു പ്രചോദനം ആകട്ടെ

നിങ്ങളുടെയൊക്കെ പ്രാർത്ഥനയുടെ ഫലമായി കിട്ടിയ ഭിക്ഷയാണ് എന്റെ ജീവൻ. ഇനിയുള്ള എന്റെ ജീവിതവും ഈ സമൂഹത്തിന് ഞാൻ സമർപ്പിക്കുന്നു...എനിക്ക് വേണ്ടി മുടി മുറിച്ച് നേർച്ചകൾ നേർന്നവർ , ഇന്നും മുടങ്ങാതെ നാരങ്ങാ വിളക്ക് കത്തിക്കുന്നവർ , അമ്പലങ്ങളിൽ മുടങ്ങാതെ അർച്ചനകൾ നടത്തുന്നവർ , സ്ഥിര നാമജപത്തിൽ എന്നെയും ഉൾപ്പെടുത്തിയവർ.. ആരെയും മറന്നിട്ടില്ല ഞാൻ...ഗുരുവായൂരപ്പനും ഒപ്പം നിങ്ങൾക്കെല്ലാവർക്കും ഞാൻ ഈ ഗാനം സമർപ്പിക്കുന്നു..തന്റെ പാട്ട് 10 ലക്ഷം പേരിലേക്ക് എത്തിയെന്നതിന്റെ സന്തോഷത്തിലാണ് നന്ദു.'ഞാൻ പാടിയ ഗാനം ഒരു മില്യൺ പേർ കണ്ടു കഴിഞ്ഞു..എനിക്ക് വേണ്ടി പ്രാർത്ഥിച്ച , എന്നെ സപ്പോർട്ട് ചെയ്ത എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഉള്ളം നിറഞ്ഞ നന്ദി അറിയിക്കുന്നു, നന്ദു കുറിച്ചു.

രോഗം മൂർച്ഛിച്ച അവസ്ഥയിലാണ് നന്ദുവിന്റെ ഇടത്തേക്കാൽ മുറിക്കേണ്ടി വന്നത്. എന്നാൽ നന്ദു തളർന്നില്ല. ഇങ്ങനെയുള്ള കുറിപ്പുകൾ കൊണ്ടാണ് നന്ദു തന്റെ നഷ്ടത്തെ നേരിട്ടത്.'അതെ എന്റെ ഒരു കാൽ നഷ്ടപ്പെട്ടിരിക്കുന്നു. എനിക്കും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല ട്ടോ...പക്ഷെ എനിക്കതിൽ ദുഃഖമൊന്നും ഇല്ല. ഞാൻ വളരെ സന്തോഷവeനാണ്. ഡോക്ടർ എന്നോട് ചോദിച്ചു കാൽ വേണോ അതോ ജീവൻ വേണോ എന്ന് ഞാൻ സന്തോഷത്തോടെ പറഞ്ഞു ജീവൻ മതിയെന്ന്. ഈ യുദ്ധത്തിൽ ഞാൻ വിജയിക്കുക തന്നെ ചെയ്യും. ട്രീറ്റ്‌മെന്റ് കഴിഞ്ഞിട്ടില്ല...

ഈ സുന്ദരമായ ഭൂമിയിൽ വീണ്ടും ജീവിക്കാൻ അനുവാദം തന്ന ദൈവത്തിന് ഒത്തിരി നന്ദി..എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപാട് നന്ദി. നിറമില്ല, മീശയില്ല, താടിയില്ല, എന്നൊക്കെ പറഞ്ഞു സങ്കടപ്പെടുന്നവരേ നിങ്ങൾ എന്നെ നോക്കൂ. എനിക്കൊരു കാലില്ല എന്നിട്ടും ഞാൻ ഹാപ്പി ആണ്. അതുകൊണ്ട് നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സങ്കടപ്പെടാതെ സന്തോഷത്തോടെ ജീവിക്കൂ...ഈ ലോകത്തിൽ 750 കോടി ആൾക്കാരിൽ നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേയുള്ളൂ.

ഒരു സഹതാപ തരംഗം ഉണ്ടാക്കുകയല്ല എന്റെ ലക്ഷ്യം..നിങ്ങളാരും സഹതാപത്തോടെ നോക്കുന്നതും എനിക്കിഷ്ടമല്ല.ഞാൻ ധീരനാണ്
അപ്രതീക്ഷിതമായ രോഗങ്ങളിലും പ്രതിസന്ധികളിലും തകർന്നു പോകുന്നവർക്ക് ഒരു ധൈര്യം കൊടുക്കുകയാണ് എന്റെ ലക്ഷ്യം .ആരും ഇനി ഒരു രോഗത്തെയും ഭയപ്പെടാൻ പാടില്ല..കൂടാതെ നിസ്സാര കാര്യങ്ങൾക്ക് ആത്മഹത്യ ചെയ്യുന്ന പുതു തലമുറയ്ക്ക് എന്റെ അനുഭവങ്ങൾ വെളിച്ചമാകട്ടെ .ജഗദീശ്വരൻ എനിക്ക് തന്ന കർമ്മമാണ് ഇത് 'നിങ്ങളുടെ സ്വന്തം  '

കീമോതെറാപ്പിക്കിടയുള്ള ശ്വാസം മുട്ടലും ക്ഷീണവും വകവയ്ക്കാതെയാണ് ഈ ഇരുപത്തഞ്ചുവയസുകാരൻ മനസ് നിറഞ്ഞുപാടിയത്. \ബി.ബി.എ കഴിഞ്ഞപ്പോൾ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. സ്വന്തം ബിസിനസ് നടത്തണം, അച്ഛനും അമ്മയ്ക്കും താങ്ങാവണം. ഇളയവർക്ക് മാതൃകയാകണം. പക്ഷേ.ഇടയ്ക്കിടെയുള്ള മുട്ട് വേദന കാൻസറിന്റേതാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു. കാൽ മുറിച്ചുമാറ്റി. പിന്നെ കീമോ തെറാപ്പി. കീമോവാർഡിൽ കിടന്ന് ഇനിയെന്തെന്ന് ചിന്തിച്ചു. ഒരു പാട്ട് പാടണം. സോഷ്യൽമീഡിയയിലെ സുഹൃത്തായ, മിലിട്ടറിയിലുള്ള പ്രജോഷിനെ നന്ദു ആഗ്രഹം അറിയിച്ചു. പ്രജോഷ് അവധിയെടുത്ത് നാട്ടിലെത്തി.

സുഹൃത്തും സംഗീതസംവിധായകനും ഗായകനുമായ മുരളി അപ്പാടത്തിനോട് കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ സുഹൃത്ത് വിജിമോൾ കത്രീന കൃഷ്ണഭക്തി ഗാനമെഴുതി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. കീമോ കഴിഞ്ഞതിന്റെ അടുത്ത ദിവസം തിരുവനന്തപുരത്തെ സ്റ്റുഡിയോയിൽ നന്ദു എത്തി പാട്ട് പാടി. സോഷ്യൽ മീഡിയയിൽ വന്നപ്പോൾ പാട്ട് സൂപ്പർ ഹിറ്റ്. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ് നന്ദു. ചികിത്സാ സൗകര്യത്തിനായി അച്ഛൻ ഹരി, അമ്മ ലേഖ, അനുജൻ അനന്തു, അനിയത്തി സായികൃഷ്ണ എന്നിവർക്കൊപ്പം ആറ്റിങ്ങലിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. നന്ദുവിന് ഇപ്പോൾ ഒരു മോഹമുണ്ട് ചികിത്സ തീരുമ്പോൾ സംഗീതം പഠിക്കണം'

'ക്യാൻസർ എന്ന രോഗം എന്നെയും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.പക്ഷേ എന്നെ അവളുടെ വരുതിയിൽ അക്കാമെന്ന് സ്വപ്നത്തിൽ പോലും കരുതേണ്ട. അതിനെ മഹാരോഗം എന്നൊന്നും വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.ചെറിയൊരു ജലദോഷം വന്ന ലഘവം മാത്രമേ ഞാൻ ഇതിന് നല്കുന്നുള്ളൂ.രോഗം ആർക്കും എപ്പോഴും വരാം..അത് ശരീരത്തിന്റെ ഒരവസ്ഥ മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു.പക്ഷേ കാർന്നു തിന്നുന്ന വേദന ഇടക്ക് കണ്ണുനീർ സമ്മാനിക്കുന്നുണ്ട്.അത് സാരമില്ല', നാലുമാസങ്ങൾക്ക് മുമ്പ് കീമോ കുത്തിവയ്പിനും മുമ്പ് നന്ദുമഹാദേവ കുറിച്ച വാക്കുകൾ മാത്രം മതി ആ ആത്മവിശ്വാസത്തിന്റെ ആഴം അളക്കാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP