Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കനത്ത മഴയിൽ സംസ്ഥാനത്ത് പത്ത് മരണം; പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; ആലപ്പുഴയിൽ അമ്പലപ്പുഴ, ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധി പ്രഖ്യാപിച്ചു; എം ജി സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കനത്ത മഴയിൽ സംസ്ഥാനത്ത് പത്ത് മരണം; പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; ആലപ്പുഴയിൽ അമ്പലപ്പുഴ, ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധി പ്രഖ്യാപിച്ചു; എം ജി സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ പത്ത് മരണം. ആലപ്പുഴയിൽ ബണ്ടു തകർന്നതോടെ വ്യാപകമായി കൃഷിനാശവും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആകുകയും ചെയ്തു. കുട്ടനാട് അടക്കം വെള്ളത്തിനടിയിലാണ്. കടൽക്ഷോഭവും കാലവർഷ കെടുതികളും ശക്തമായതോടെ നാളെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൽക്ക് അവധി പ്രഖ്യാപിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്നു ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കലക്ടർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പത്തനംതിട്ടയിലും കോട്ടയത്തും പ്രഫഷനൽ കോളജുകൾ ഉൾപ്പടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള സ്‌കൂളുകൾക്ക് നാളെ അവധിയായിരിക്കും. അമ്പലപ്പുഴ, ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിൽ പ്രഫഷനൽ കോളജുകൾ ഒഴികെ അവധി പ്രഖ്യാപിച്ചു.

ചെങ്ങന്നൂർ താലൂക്കിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അവധിയായിരിക്കും. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ ഐസിഎസ്ഇ, സിബിഎസ്ഇ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാല ചൊവ്വാഴ്ച നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ജൂലൈ 16, 17 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് പ്രസിദ്ധീകരിക്കും. കണ്ണൂർ സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട്. കാലിക്കറ്റ് സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

ആരോഗ്യ സർവകലാശാലയുടെ കീഴിൽ ചൊവ്വാഴ്ച ബി.ഫാം പരീക്ഷകൾ മാത്രമാണു നടക്കുന്നത്. അതും ഉച്ചയ്ക്കു ശേഷം. ആയതിനാൽ രാവിലത്തെ സ്ഥിതി ഗതികൾ നോക്കിയശേഷം പരീക്ഷകളുടെ കാര്യത്തിൽ തീരുമാനം എടുക്കുമെന്നു പരീക്ഷാ കൺട്രോളറും ഡീനും അറിയിച്ചു. മുണ്ടക്കയത്ത് മണിമലയാറിൽ രണ്ടുപേർ ഒഴുക്കിൽപ്പെട്ടു. കനത്ത മഴയിൽ കൊല്ലത്ത് രണ്ട് പേർ മരിച്ചു. മുറിച്ച് മാറ്റിയ മരം വീണ് ചവറ സ്വദേശി ബനഡിക്റ്റ് (49) മരിച്ചു. തേവലക്കരയിൽ വിദ്യാർത്ഥിയായ അനൂപ് ഷോക്കെറ്റും മരിച്ചു. ഇതോടെ കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം പത്തായി.

മലപ്പുറം ചങ്ങരംകുളം കാഞ്ഞിയൂരിൽ കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു. കിഴിഞ്ഞാലിൽ അബ്ദുൽ റഹീമിന്റെ മകൻ അദ്‌നാൻ ആണ് മരിച്ചത്. കണ്ണൂർ കരിയാട് തോട്ടിലെ ഒഴുക്കിൽപ്പെട്ട് വൃദ്ധ മരിച്ചു. പാർത്തുംവലിയത്ത് നാണിയാണ് മരിച്ചത്. വയനാട് പേരിയ മുപ്പത്തെട്ടാം മൈലിൽ തോട്ടിൽ കാണാതായ ഏഴുവയസുകാരൻ അജ്മൽ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി മണിമലയാറ്റിൽ മധ്യവയസ്‌കൻ മുങ്ങി മരിച്ചു. മണിമല ചെറുവള്ളി സ്വദേശി ശിവൻകുട്ടി ആണ് മരിച്ചത്. മഴയെ തുടർന്ന് ഒറ്റപ്പെട്ട കോതമംഗലം മണികണ്ഠൻ ചാലിൽ ചികിത്സ വൈകി ഒരാൾ മരിച്ചു. വെള്ളാരം കുത്ത് ആദിവാസി കോളനിയിൽ താമസിക്കുന്ന ടോമിയാണ് മരിച്ചത്.

മധ്യകേരളത്തിലാണ് ഇന്ന് മഴ കൂടുതൽ നാശം വിതച്ചത്. ഇടുക്കി,കോട്ടയം ജില്ലകളിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടി. ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് എറണാകുളത്ത് സിഗ്‌നൽ സംവിധാനം തകരാറിലായതോടെ മധ്യകേരളത്തിൽ തീവണ്ടി ഗതാഗതം താറുമാറായി. ഇടുക്കി ജില്ലയിലെ നിരവധി ഇടങ്ങളിൽ ഉരുൾപൊട്ടലിൽ വൻനാശനഷ്ടങ്ങൾ സംഭവിച്ചു. മേത്തൊട്ടിയിൽ ഒരു വീട് ഒലിച്ച് പോയി. വണ്ടിപെരിയാറിലെ റോഡുകളിൽ വെള്ളം കയറി ഗതാഗതം നിലച്ചു. ഓൾഡ് മൂന്നാർ മേഖലയിലും മിക്കയിടങ്ങളിൽ വെള്ളം കയറി. കനത്ത മഴയിൽ മൂന്നാർ ഒറ്റപ്പെട്ടു. മുതിര പുഴയാർ കരകവിഞ്ഞ് ഒഴുകുന്നു, 150 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.എഴുപുന്നയിലും മുളന്തുരുത്തിയിലും റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് എറണാകുളത്തു നിന്നും കോട്ടയം ആലപ്പുഴ റൂട്ടുകളിലൂടെയുള്ള തീവണ്ടി ഗതാഗതം സത്ംഭിച്ചു.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ഓട്ടോമാറ്റിക് സിഗ്‌നൽ സംവിധാനവും തകരാറിലായി. എറണാകുളത്തു നിന്നുള്ള 8 പാസഞ്ചറുകൾ റദ്ദാക്കി. മറ്റ് തീവണ്ടികളും മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്.കോട്ടയം തീക്കോയി മുപ്പതേക്കറിലും,ഏന്തയ്യാർ ഇടങ്കാടിലും ഉരുൾപൊട്ടി വ്യാപക കൃഷി നാശമാണ് സംഭവിച്ചത്. മീനച്ചിലാർ കരകവിഞ്ഞൊഴുകുന്നു. പാലാ,ഈരാറ്റുപേട്ട നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടയിലായി, കെഎസ്ആർടിസി സർവ്വീസ് അടക്കം നിർത്തിവെച്ചു. മണിമലയാറ്റിൽ വീണ് ഒരാൾ മരിച്ചു. കുട്ടനാട്ടിൽ കൈനകരിയിൽ രണ്ടിടങ്ങൾ മട വീണു. 700 ഏക്കർ കൃഷി നശിച്ചു.അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു, 300 അധികം പേരെ മാറ്റി പാർപ്പിച്ചു. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ വെള്ളം കയറി തീരമേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. വണ്ടാനത്തിന് സമീപം ബാർജ് തീരത്തടുത്തു.

കൊച്ചി നഗരത്തിലെ മിക്കയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഗതാഗതകുരുക്കും. എംജി റോഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, സൗത്ത് റെയിൽവേ സ്റ്റേഷൻ പ്രദേശങ്ങളിൽ വീടുകളിലും കടകളിലും വെള്ളം കയറി. പെരിയാർ കരകവിഞ്ഞൊഴുകുകയാണ്.ആലുവ മണപ്പുറത്തെ ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങി. പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരുടെ ലേബർ ക്യാംപുകളിൽ വെള്ളം കയറി.

മലബാറിലെ മലയോര മേഖലയിലും മഴ കനത്തു

രണ്ട് ദിവസമായി തുടർന്ന് കൊണ്ടിരിക്കുന്ന കാലവർഷം തെക്കൻകേരളത്തെപോലെ തന്നെ മലബാറിനെയും ദുരിതത്തിലാക്കിയിരിക്കുകയായണ്. ഇന്ന് രാവിലെ മുതൽ പെയ്യുന്ന മഴക്ക് ഇതുവരെയും ഇടവേളയുണ്ടായിട്ടില്ല. മലബാറിന്റെ മലയോര മേഖലകളെല്ലാം തന്നെ ഇതിനോടകം ഒറ്റപ്പെട്ടുകഴിഞ്ഞിരിക്കുന്നു. വയനാട്ടിലെ പ്രധാനഅണക്കെട്ടുകളെല്ലാം സംഭരണശേഷിയോടടുത്തിരിക്കുന്നതിനാൽ ഏത് സമയത്തും തുറക്കാനിടയുണ്ട്. കോഴിക്കോടിന്റെ മലയോര മേഖലകളായ തിരുവമ്പാടി, കൂടരഞ്ഞി, കൂരാച്ചുണ്ട്, കക്കയം പ്രദേശങ്ങളിലെല്ലാം ഇന്ന് രാവിലെ മുതൽ മഴതുടർന്ന് കൊണ്ടിരിക്കുകയായണ്.

തെക്കൻ ജില്ലകളിൽ തൃശൂർ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയുണ്ടായിരുന്നെങ്കിലും മലബാറിൽ ഇന്ന് പ്രവർത്തിദിനമായിരുന്നു. വയനാട്ടിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് ഇന്ന് അവധിയുണ്ടായിരുന്നത്. മലപ്പുറം ജില്ലയിലെ മലയോര മേഖലയായ നിലമ്പൂർ, കാളികാവ്, കരുവാരക്കുണ്ട് മേഖലകളിലും ഇന്ന് രാവിലെ മുതൽ തുടങ്ങിയ മഴ ഇതുവരെ അവസാനിച്ചിട്ടില്ല. നിലമ്പൂർ ടൗണിൽ ചന്തക്കുന്നിന് സമീപം റോഡിൽവെള്ളക്കെട്ടുണ്ടായി മണിക്കൂറുകളോളം ഗാതാഗതം തടസ്സപ്പെട്ടു. ചാലിയാർ പുഴ കരകവിഞ്ഞൊഴുകിയത് പലയിടത്തും താഴ്ന്നപ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. ചാലിയാറിൽ നിന്ന് വെള്ളം കയറി വാഴക്കാട് പഞ്ചായത്തിലെ നൂഞ്ഞിക്കര ഭാഗത്തേക്കുള്ള റോഡുകൾ വെള്ളത്തിനടിയിലായി.

കെഎസ്ഇബി പലയിടത്തും കരാറടിസ്ഥാനത്തിൽ കൂടുതൽ ആളുകളെ ജോലിക്കെടുത്താണ് വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നത്. മഴയിലും കാറ്റിലും മരങ്ങളൊടിഞ്ഞ് വീണ് മിക്കയിടത്തും വൈദ്യുതിക്കാലുകൾ തകർന്നു. മലപ്പുറം ജില്ലയിലെ അമരമ്പലം, നിലമ്പൂർ, വണ്ടൂർ പ്രദേശങ്ങളിൽ ശനിയാഴ്ച തുടങ്ങിയ മഴ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. ചാലിയാറിലെ രണ്ട് പ്രധാന തടയണകളായ ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജും, കവണക്കല്ല് റഗുലേറ്റർ കം ബ്രിഡ്ജും ദിവസങ്ങളോളമായി തുറന്നിട്ടിരിക്കുകയാണ്. പൂനൂർ പുഴയും കരകവിഞ്ഞൊഴുകുകയാണ്. ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് മലയോര മേഖലകളിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഉരുൾപൊട്ടൽ ഭീഷണിയുള്ള കൂടരഞ്ഞി മേഖലകളിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

വെള്ളം നിറഞ്ഞതിനെ തുടർന്ന് കക്കാടംപൊയിലിൽ പിവി അൻവർ എംഎൽഎ നിർമ്മിച്ച ചീങ്കണ്ണിപ്പാലിയിലെ അനധികൃ്ത തടയണയുടെ ഒരുഭാഗം പൊളിച്ചുനീക്കി വെള്ളം ഒഴുക്കിവിട്ടു. വയനാട്ടിൽ മഴക്കെടുതിക്കൊപ്പം പകർച്ചവ്യാധികളും ഭീഷണിയാകുന്നു. എലിപ്പനിയടക്കമുള്ള രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ വ്യാപകമാക്കാൻ ജില്ലാമെഡിക്കൽ ഓഫീസർ ആരോഗ്യ പ്രവർത്തകർക്ക് കർശനനിർദ്ദേശം നൽകിയിട്ടുണ്ട്. മലപ്പുറത്തിന്റെ മലയോര മേഖലകളിൽ മഴക്കെടുതൊക്കൊപ്പം വന്യമൃഗശല്യവും രൂക്ഷമാണ്. നിലമ്പൂർ എടക്കര മൂത്തേടത്ത് തോട്ടംകാവൽകാരനെ ആനകുത്തിക്കൊന്നതിനാൽ ജനങ്ങൾ ഭീതിയിലാണ്. കരുവാരക്കുണ്ട് ആർത്തലകോളനിയിൽ രണ്ടാംദിവസവും പുലിയിറങ്ങിയതിനാൽ പുലിയെ പിടിക്കാനുള്ള കൂട് സ്ഥാപിക്കാനുള്ള നടപടികളിലാണ് ഫോറസ്്റ്റ് അധികൃതർ.

നിരവധി വീടുകൾ രണ്ട്ദിവസമായി തുടരുന്ന കാറ്റിലുംമഴയിലും തകർന്നു. കിണറുകൾ വെള്ളം നിറഞ്ഞ് താഴ്ന്നുപോകുന്ന പ്രതിഭാസവുമുണ്ട്. മലപ്പുറം ജില്ലയിലെ അമരമ്പലം, നിലമ്പൂർ, എടക്കര, മുത്തേടം, വണ്ടൂർ, കൂരാട്, കാളികാവ്, കരുവാരക്കുണ്ട് തുടങ്ങിയ മലയോരമേഖലകളിലായി നൂറോളം വീടുകൾ കാറ്റിലും മഴയിലും തകർന്നു. കോഴിക്കോട് കൂടരഞ്ഞി, തിരുവമ്പാടി, താമരശ്ശേരി, മാവൂർ മേഖലകിൽ നിരവിധ വീടുകൾ തകർന്നു. വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകളിലെ അദ്ധ്യായനം എന്ന് തുടങ്ങുമെന്നതും തീരുമാനനമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP