Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗവർണർക്ക് വരെ ഫൈൻ ഇട്ടെങ്കിലും നഗരത്തിലെ മത്സരയോട്ടം അവസാനിച്ചില്ല; കവടിയാർ-അമ്പലംമുക്ക് റോഡിലെ ബൈക്ക് റെയ്‌സിംഗിനിടെ പരിക്കേറ്റ വീട്ടമ്മ മരിച്ചു; വ്യവസായിയുടെ മകൻ കാറോട്ടത്തിനിടെ മരിച്ചിട്ടും ഇനിയും ഉണരാതെ അധികൃതർ

ഗവർണർക്ക് വരെ ഫൈൻ ഇട്ടെങ്കിലും നഗരത്തിലെ മത്സരയോട്ടം അവസാനിച്ചില്ല; കവടിയാർ-അമ്പലംമുക്ക് റോഡിലെ ബൈക്ക് റെയ്‌സിംഗിനിടെ പരിക്കേറ്റ വീട്ടമ്മ മരിച്ചു; വ്യവസായിയുടെ മകൻ കാറോട്ടത്തിനിടെ മരിച്ചിട്ടും ഇനിയും ഉണരാതെ അധികൃതർ

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ബൈക്കുകളുടെ മത്സരയോട്ടത്തിനിടെ നടന്ന അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നവരിൽ ഒരാൾ മരിച്ചു. ഇതിനിടെ മത്സരയോട്ടം തന്നെയാണ് നടന്നതെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നതോടെ പൊലീസ് മത്സരയോട്ടം കുറയ്ക്കുന്നതിന് ജനങ്ങളുടെ കൂടെ സഹായവും തേടി രംഗത്തെത്തി. വെള്ളയമ്പലം-കവടിയാർ റോഡിലാണ് രാത്രികാലങ്ങളിൽ സ്ഥിരം മത്സരയോട്ടങ്ങൾ നഗരത്തിൽ നടക്കാറുള്ളത്. എന്നാൽ ഇപ്പോൾ ഉച്ചയ്ക്കും മത്സരയോട്ടം നടക്കാറുണ്ടെന്ന് വ്യക്തമാക്കുന്നതായി ഇന്നലെ നടന്ന അപകടം.

മത്സരയോട്ടത്തിനിടെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച് പരിക്കേറ്റ മൂന്നു സ്ത്രീകളിൽ ഒരാളാണ് മരിച്ചത്. കരമന നെടുങ്കാട് തുണ്ടുവിള വീട്ടിൽ സുരേഷിന്റെ ഭാര്യ ജ്യോതി (45) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജ്യോതി ലക്ഷ്മി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജ്യോതി ലക്ഷ്മി ഐസിയുവിൽ ചികിത്സയിലായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് നർമദ ജംഗ്ഷനിൽ നടന്ന അപകടത്തിൽ ജ്യോതി ലക്ഷ്മിയെ കൂടാതെ മറ്റ് രണ്ട് സ്ത്രീകൾക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ ശാലിനി(30), തുളസി(50) എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ കൂടാതെ ബൈക്ക് ഓടിച്ചിരുന്ന വഴയില സ്വദേശി സൻവറും പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. ജ്യോതി ലക്ഷ്മിയും മറ്റ് രണ്ട് പേരും ഇന്നലെ ഉച്ചയ്ക്ക് ജോലി സ്ഥലത്ത് നിന്ന് മടങ്ങവേ റോഡ് മുറിച്ച് കടക്കുമ്പോൾ മറ്റ് വാഹനങ്ങൾ നിറുത്തി ഇവരെ കടന്നുപോകാൻ അനുവദിച്ചെങ്കിലും അമിത വേഗതയിലെത്തിയ ബൈക്ക് അടുത്തെത്തിയതോടെയാണ് കാൽനട യാത്രക്കാരെ കണ്ടത്. തുടർന്ന് ബൈക്ക് കാൽനട യാത്രക്കാരെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. ഒപ്പം മത്സരിച്ച ബൈക്കിൽ ഉണ്ടായിരുന്നവർ അപകടം കണ്ടെങ്കിലും നിർത്താതെ കടന്നുപോയി.

അപകടം സംഭവിച്ച റോഡ് വേഗ നിയന്ത്രിത മേഖലയിലാണ്. കവടിയാർ-വെള്ളയമ്പലം മേഖലയിൽ വേഗപരിധി ലംഘിച്ചതിന് ഗവർണറുടെ വാഹനത്തിന് ഉൾപ്പെടെ പിഴ ഈടാക്കിയിരുന്നു. എന്നാൽ മത്സരയോട്ടം ഇപ്പോഴും തുടരുകയാണ്.

മത്സരയോട്ടങ്ങൾക്ക് കുപ്രസിദ്ധമായ രാജവീഥി

വെള്ളയമ്പലം-കവടിയാർ റോഡ് എന്ന രാജവീഥി മത്സരയോട്ടങ്ങളുടെ പേരിൽ കുപ്രസിദ്ധമായിരുന്നു. കുറച്ച് കാലം മുൻപ് ആഡംബര കാറിൽ മത്സരയോട്ടം നടത്തിയതിനം തുടർന്നുണ്ടായ അപകടത്തിൽ നഗരത്തിലെ വ്യവസായിയുടെ മകൻ മരിച്ചു. ഇതോടെയായിരുന്നു രാജവീഥിയിൽ അധികൃതർ വേഗപ്പൂട്ടിട്ട് കാമറകൾ സ്ഥാപിച്ചത്. നിലവിൽ ഈ റോഡിലെ വേഗപരിധി പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രാജവീഥിയുടെ തുടർച്ചയായ കവടിയാർ-അമ്പലംമുക്ക്-പേരൂർക്കട റോഡിലാണ് ഇപ്പോൾ ബൈക്ക് റെയ്‌സിംഗുകാരുടെ തേരോട്ടം. അങ്ങനെയാണ് ഇന്നലെ നർമ്മദ ജംഗ്ഷനിലും അപകടം ുണ്ടായത്.

നഗരത്തിലെ സമ്പന്നരുടെ മക്കളാണ് ഇത്തരത്തിൽ മത്സരയോട്ടത്തിന് എത്തുന്നവരിൽ ഭൂരിഭാഗവും എന്നതിനാൽ അവരെ പിടികൂടാൻ പൊലീസ് തയ്യാറാവുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്്. ആധുനിക ആഡംബര ബൈക്കുകളാണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും. ഉയർന്ന എൻജിൻ ക്ഷമതയുള്ള ബൈക്കുകൾ ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും 25 വയസിന് താഴെയുള്ളവരാണ്. അമിത വേഗതയിൽ വാഹനം ഓടിക്കുന്ന യുവാക്കൾ മറ്റ് യാത്രക്കാരുടെ ജീവന് പുല്ല് വില പോലും നൽകാതെയാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

ജനങ്ങളുടെ സഹകരണം തേടി അറിയിപ്പും

ഇതിനിടെ വാട്‌സാപ്പിൽ ഉൾപ്പെടെ ജനങ്ങളുടെ സഹകരണം തേടി അറിയിപ്പും വാട്‌സ്ആപിലൂടെയും മറ്റും പുറത്തുവന്നു. നമ്പർ പ്‌ളേറ്റുകൾ വായിക്കാൻ പറ്റാത്ത രീതിയിൽ എഴുതിയും മറ്റും ആണ് ഇത്തരം ബൈക്കുകളുടെ മത്സരമെന്നും ക്യാമറകളിൽ കുടുങ്ങാതിരിക്കാനാണ് ഇത്തരത്തിൽ മാറ്റം വരുത്തുന്നതെന്നും വ്യക്തമാക്കുന്നതാണ് സന്ദേശം. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ട്രാഫിക് പൊലീസിന്റെ 9747001099 എന്ന വാട്‌സ് ആപ് നമ്പരിൽ അറിയിക്കണമെന്നും അഭ്യർത്ഥിച്ചാണ് സന്ദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP