Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

2015ൽ 7.6 ലക്ഷം പേർ ജോലി തേടി ഗൾഫ് രാജ്യങ്ങളിൽ പോയിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം 3.7 ലക്ഷം പേരായി കുറഞ്ഞു; ഈ വർഷം വീണ്ടും ഇടിവ്; എണ്ണ വിലയിടിവും നിതാഖത്തും തലവേദനയായതോടെ ഗൾഫിനെ കൈവിട്ട് ഇന്ത്യക്കാർ; സൗദിയെ മറികടന്ന് ഇപ്പോൾ ഭൂരിപക്ഷം മലയാളികളും പോകുന്നത് യുഎഇയിലേക്ക്; പ്രവാസിപ്പണം ഇടിഞ്ഞു തുടങ്ങിയതോടെ അപകടത്തിലാകുന്നത് കേരളാ സമ്പദ് വ്യവസ്ഥ

2015ൽ 7.6 ലക്ഷം പേർ ജോലി തേടി ഗൾഫ് രാജ്യങ്ങളിൽ പോയിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം 3.7 ലക്ഷം പേരായി കുറഞ്ഞു; ഈ വർഷം വീണ്ടും ഇടിവ്; എണ്ണ വിലയിടിവും നിതാഖത്തും തലവേദനയായതോടെ ഗൾഫിനെ കൈവിട്ട് ഇന്ത്യക്കാർ; സൗദിയെ മറികടന്ന് ഇപ്പോൾ ഭൂരിപക്ഷം മലയാളികളും പോകുന്നത് യുഎഇയിലേക്ക്; പ്രവാസിപ്പണം ഇടിഞ്ഞു തുടങ്ങിയതോടെ അപകടത്തിലാകുന്നത് കേരളാ സമ്പദ് വ്യവസ്ഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല് പ്രവാസികൾ നാട്ടിലേക്ക് ഒഴുക്കുന്ന പണമാണ്. എന്നാൽ, ഈ പണത്തിന്റെ വരവ് കുറഞ്ഞു തുടങ്ങിയതോടെയാണ് കേരളം സാമ്പത്തിക ഞെരുക്കത്തിലേക്ക് നീങ്ങിയത്. ഇതോടെ ധനമന്ത്രി തോമസ് ഐസക്കിന്റെ സ്വപ്‌ന പദ്ധതിയായ കിഫ്ബി അടക്കമുള്ള പദ്ധതികൾ അവതാളത്തിലായി. സൗദിയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ അനുമതി നൽകിയതും നിതാഖത്ത് കർശനമാക്കി നടപ്പിലാക്കിയതും പ്രവാസിപ്പണത്തിന്റെ ഒഴുക്കു കുറച്ചു. സൗദിയിൽ നിന്നടക്കം ജോലി നഷ്ടമായി പതിനായിരങ്ങൾ ഇതിനോടകം കേരളത്തിൽ തിരികെ എത്തേണ്ട അവസ്ഥയിലായി. ഇതോടെ വിദേശനാണ്യത്തിൽ കാര്യമായി കുറവാണ് സംഭവിച്ചത്.

സൗദിയിലെ പരിഷ്‌ക്കാരങ്ങലെ തുടർന്ന് ജോലിക്കായി അവിടേക്ക് ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണവും പകുതിയായി കുറഞ്ഞിട്ടുണ്ട്. 2015ൽ 7.6 ലക്ഷം പേർ ജോലി തേടി ഗൾഫിലെത്തിയിരുന്ന സ്ഥാനത്ത് 2017ൽ 3.7 ലക്ഷം പേരായി അത് ചുരുങ്ങിയെന്നത്. ഗൾഫിൽ നിന്നുള്ള വിദേശപ്പണത്തിൽ ഇടിവുണ്ടായി എന്നുതന്നെ വ്യക്തമാക്കുന്നതാണ്. അടുത്ത ഏതാനും വർഷങ്ങളിലായി ഈ നിരക്ക് കുറഞ്ഞുവരുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് സംസ്ഥാനത്ത് വരാനിരിക്കുന്ന പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നതാണ്.

ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യം യുഎഇയാണ്. ഇതിൽ തന്ന ദുബായിലാണ് ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്നത്. 2017ൽ യു.എ.ഇയായിരുന്നു ഇന്ത്യക്കാരുടെ ഇഷ്ട ഗൾഫ് രാജ്യം. ഒന്നര ലക്ഷം പേരാണ് ഇവിടേക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചത്. 2015ൽ ഇന്ത്യൻ തൊഴിലന്വേഷകരുടെ ഗൾഫിലെ ഇഷ്ട രാജ്യം സഊദിയായിരുന്നു. നിതാഖത്ത് നടപ്പിലായതോടെ സൗദിയോടുള്ള പ്രിയം പോയി. 2015ൽ മൂന്നു ലക്ഷം പേരായിരുന്നു സഊദിയിലേക്ക് തൊഴിൽ തേടിപ്പോയതെങ്കിൽ ഇത് 2017 ആകുമ്പോഴേക്കും കുത്തനെ ഇടിഞ്ഞു.

78000 പേർ മാത്രമാണ് കഴിഞ്ഞ വർഷം സഊദിയിലേക്ക് പോയത്. 74 ശതമാനത്തിന്റെ കുറവ്. അതിനിടെ ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് നൽകുന്ന വിസയുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. 2015 ൽ 7.6 മില്യൺ വിസ നൽകിയിരുന്നു, എന്നാൽ 2017 ൽ അത് 3.7 മില്യൺ ആയി കുറഞ്ഞു. ഇന്ത്യക്കാർക്ക് മുൻ തൂക്കമുള്ള രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള കുവൈത്ത് 2015 ൽ 66,543 വിസകൾ അനുവദിച്ചു, എന്നാൽ 2016 ൽ 72,384 വിസയും, 2017 ൽ 56,380 ആയി കുറഞ്ഞു.

പ്രഥമ സ്ഥാനത്തുള്ള യു എ ഇ 2015 ൽ 2.2 മില്യൺ, 2016 ൽ 2.2 മില്യൺ, 2017 ൽ 1.5 മില്യൺ ആയി കുറഞ്ഞു. സഊദി അറേബ്യ 2015 ൽ 3 മില്യൺ, 2016 ൽ 1.6 മില്യൺ, 2017 ലത് 78,000 ആയി കുറഞ്ഞു. ഇതിനു പുറമെ ഒമാൻ, ഖത്തർ, ബഹറിൻ എന്നീ രാജ്യങ്ങളിലും ഇന്ത്യക്കാരുടെ വിസയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. അതേസമയം, ലോക ബാങ്കിന്റെ കണക്കുകൾ പ്രകാരം വിദേശത്തുനിന്ന് ആളുകൾ അയക്കുന്ന പണം ഏറ്റവും കൂടുതൽ ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. 2017ൽ അത് 69 ബില്യനായിരുന്നു. ഇതിൽ 56 ശതമാനവും സഊദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നീ ഗൾഫ് നാടുകളിൽ നിന്നുള്ളതാണെന്നും ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു.

വിസാനിയമത്തിൽ വന്ന മാറ്റമാണ് യു.എ.ഇയെ ഇന്ത്യൻ പ്രവാസികളുടെ ഇഷ്ടരാജ്യമാക്കി മാറ്റിയതെന്നാണ് കരുതപ്പെടുന്നത്. ഇതിലേറ്റവും പ്രധാനം 2018 അവസാനത്തോടെ പ്രഫഷനലുകൾക്കും നിക്ഷേപകർക്കും 10 വർഷത്തേക്കുള്ള റസിഡൻസി വിസ അനുവദിക്കുമെന്ന യു.എ.ഇ ഭരണകൂടത്തിന്റെ പ്രഖ്യാപനമാണ്. ജോലി നഷ്ടമായവർക്ക് മറ്റൊരു ജോലി കണ്ടെത്തുന്നതു വരെ താൽക്കാലിക വിസ നൽകുന്ന സമ്പ്രദായമാണ് മറ്റൊന്ന്.

അതേസമയം, നേരത്തേ നിർമ്മാണത്തൊഴിലാളികൾ, ആശാരിമാർ, ഇലക്ട്രീഷ്യന്മാർ, പ്ലംബർമാർ, ഡ്രൈവർമാർ തുടങ്ങിയ ബ്ലൂകോളർ ജോലിക്കാരാണ് കൂടുതലായും ഗൾഫ് നാടുകളിൽ തൊഴിൽതേടി എത്തിയിരുന്നതെങ്കിൽ ഇപ്പോൾ ഇത് മാറിവരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൽ വിദ്യാസമ്പന്നരായ യുവാക്കളാണ് കേരളത്തിൽ നിന്നും തൊഴിൽതേടി പോകുന്നത്.

കഴിഞ്ഞ നാല് വർഷമായി തുടർച്ചയായി പ്രവാസികൾ അയക്കുന്ന പണത്തിൽ ഉണ്ടായ ഇടിവിനെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്, സംസ്ഥാന തല ബാങ്കിങ് അവലോകന സമിതി, എന്നിവ പഠന വിധേയമാക്കിയപ്പോൾ പുറത്തു വന്ന വിവരങ്ങൾ സംസ്ഥാനത്തിന് ദോഷകരമായിരുന്നു. ഈ നില തുടർന്നാൽ ഏതാനും വർഷത്തിനകം തന്നെ സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗമായ ''പ്രവാസി കറവപ്പശുവിന്റെ'' പാൽ ചുരത്തൽ നിലയ്ക്കുമെന്നു വ്യക്തം. എന്നാൽ, അര നൂറ്റാണ്ടായി പ്രവാസി മലയാളികൾ നടത്തുന്ന പ്രവാസ ലോകത്തെ വേദനകൾക്കും പരിദേവനങ്ങൾക്കും മുന്നിൽ കണ്ണടച്ച കേരള സർക്കാർ ഒടുവിൽ കണ്ണ് തുറക്കാൻ തയ്യാറായപ്പോഴേക്കും വിധി പ്രവാസി മലയാളികൾക്ക് എതിരാകുന്നു എന്ന വസ്തുതയയും സർക്കാരിന് മുന്നിൽ വേണ്ട ഗൗരവത്തിൽ എത്തുന്നില്ല.

സംസ്ഥാനത്തിന്റെ നടുവൊടിക്കാൻ കാരണമായ പ്രവാസി ലോകത്തെ കാരണങ്ങൾ ഒന്നിച്ചു എത്തിയതാണ് പ്രശനം കൂടുതൽ വഷളാക്കുന്നത്. എട്ടു വർഷം മുൻപ് ലോകത്തു ആഞ്ഞടിച്ച സാമ്പത്തിക മാന്ദ്യം ഗൾഫ് മേഖലയെ ഒന്നാകെ പിടിച്ചുലച്ചപ്പോൾ കൂടെയെത്തിയ എണ്ണ വിലയിടിവ്, രാഷ്ട്രീയ അസ്ഥിരതകൾ എന്നിവ ഇപ്പോഴും പല രാജ്യങ്ങളെയും വേട്ടയാടുകയാണ്. കൂടെ യൂറോപ്പിൽ ബ്രെക്‌സിറ്റ് മൂലം ഉണ്ടായ സാമ്പത്തിക തകർച്ച യൂറോപ്യൻ മലയാളികളെ കേരളത്തിൽ നിക്ഷേപിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നതിൽ മുഖ്യ പങ്കാണ് വഹിക്കുന്നത്. ജോലികൾ പലതും ത്രിശങ്കുവിൽ ആകുന്നതു ഭാവിയെ പറ്റിയുള്ള ആശങ്ക കടുത്തതു ആകുന്നതോടെ നിക്ഷേപം ഉൾപ്പെടെയുള്ള രംഗങ്ങളിൽ നിന്ന് പ്രവാസി മലയാളികൾ ഉൾവലിയുകയാണ്. അമേരിക്കൻ മലയാളികൾ പങ്കിടുന്ന ചിന്തകളും വ്യത്യസ്തമല്ല.

സർക്കാർ കണക്കിൽ 1998 ൽ ഉണ്ടായിരുന്ന 13 ലക്ഷം പ്രവാസികളിൽ നിന്നും 2016 ളിൽ എണ്ണം 24 ലക്ഷം ആയി ഉയർന്ന സാഹചര്യമാണ് ഇപ്പോൾ താഴോട്ടിറക്കം നേരിടുന്നത്. പ്രവാസികളുടെ എണ്ണക്കണക്കിൽ ഇപ്പോഴും വിമാനത്താവളം കേന്ദ്രീകരിച്ചുള്ള കണക്കാണ് സംസ്ഥാനം പറയുന്നതെന്നും എന്നാൽ ഈ കണക്ക് അടിസ്ഥാന ഏകകമായി കരുതാൻ കഴിയില്ലെന്നും സിഡിഎസ് പഠനത്തിന് നേതൃത്വം നൽകുന്ന ഇരുദയരാജൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP