Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇതുവരെ മൗനം പാലിച്ച ഫ്രാങ്കോ മുളയ്ക്കൽ വിശദീകരണവുമായി ചാനലിൽ എത്തിയത് ആരോപണം ഉന്നയിച്ച കന്യാസ്ത്രീയുമായി ഒത്തുതീർപ്പിൽ എത്തിയതിന് ശേഷമെന്ന് സൂചന; പരാതിക്കാരിയടക്കം തിരുവസ്ത്രം ഊരിപോയ 18 കന്യാസ്ത്രീകളിൽ 12 പേരേയും മലങ്കര കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് രൂപതയുടെ കീഴിലുള്ള സന്യാസ സമൂഹം ഏറ്റെടുക്കും; ഒത്തു തീർപ്പ് ചർച്ചയ്ക്കായി ഗുഡ്ഗാവ് രൂപതാ മെത്രാൻ കേരളത്തിൽ

ഇതുവരെ മൗനം പാലിച്ച ഫ്രാങ്കോ മുളയ്ക്കൽ വിശദീകരണവുമായി ചാനലിൽ എത്തിയത് ആരോപണം ഉന്നയിച്ച കന്യാസ്ത്രീയുമായി ഒത്തുതീർപ്പിൽ എത്തിയതിന് ശേഷമെന്ന് സൂചന; പരാതിക്കാരിയടക്കം തിരുവസ്ത്രം ഊരിപോയ 18 കന്യാസ്ത്രീകളിൽ 12 പേരേയും മലങ്കര കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് രൂപതയുടെ കീഴിലുള്ള സന്യാസ സമൂഹം ഏറ്റെടുക്കും; ഒത്തു തീർപ്പ് ചർച്ചയ്ക്കായി ഗുഡ്ഗാവ് രൂപതാ മെത്രാൻ കേരളത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ലത്തീൻ കത്തോലിക്കാ രൂപതയാണ് ജലന്ധർ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സിറോ മലബാർ സഭാ അംഗവും. ജലന്ധർ ബിഷപ്പായി ഫ്രാങ്കോ മുളയ്ക്കലിനെ കന്യാസ്ത്രീയെ പീഡിപ്പിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്യുന്നത് മൊത്തം കത്തോലിക്കാ സഭയ്ക്കും നാണക്കേടാണ്. അത് ദേശീയ തലത്തിൽ ചർച്ചയാകും. മാർപ്പാപ്പയുടെ ഇടപെടലിനും കാരണമാകും. ഇന്ത്യൻ സഭയ്ക്ക് തീരാ കളങ്കമുണ്ടാക്കാൻ പോന്ന ഈ സംഭവം ഒതുക്കി തീർക്കാൻ വലിയ ഇടപെടലുകളാണ് നടക്കുന്നത്. വിഷയത്തിൽ ഒത്തുതീർപ്പ് ഫോർമുല മുന്നോട്ട് വയ്ക്കുന്നത് മലങ്കര സഭയാണ്. മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള ഗുർഗാവ് രൂപതാധ്യക്ഷൻ ഡോ ജേക്കബ് മാർ ബർണാബസ് ചർച്ചകൾക്കായി കേരളത്തിലെത്തിയിട്ടുണ്ട്. കന്യാസ്ത്രീകളുമായി ബിഷപ്പ് ചർച്ച നടത്തി പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നാണ് കത്തോലിക്കാ സഭയിലെ ഉന്നതർ പങ്കുവയ്ക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആത്മവിശ്വാസത്തോടെ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.

ജലന്ധർ ബിഷപ്പിനെതിരെ 18 കന്യാസ്ത്രീകളാണ് പരാതിയുമായി തിരുവസ്ത്രം ഊരിയത്. ഇതിനൊപ്പമാണ് ഇപ്പോൾ കന്യാസ്ത്രീ ആരോപണങ്ങളുമായി രംഗത്തുള്ളത്. പീഡന ആരോപണം ഉന്നയിക്കുന്ന ഈ കന്യാസ്ത്രീയ്‌ക്കൊപ്പം 9 കന്യാസ്ത്രീകളും നിലയുറപ്പിച്ചിട്ടുണ്ട്. തിരുവസ്ത്രം ഊരിയ 18 പേരിൽ 12 പേർ വിവാഹിതരല്ല. ഇവരാണ് ബിഷപ്പിനെതിരെ അതിശക്തമായി രംഗത്തുള്ളത്. ഈ 12 പേരേയും അനുനയത്തിലൂടെ സഭയുമായി അടുപ്പിക്കാനാണ് നീക്കം. ഇതിനൊപ്പം കുറവിലങ്ങാട്ടെ കന്യാസ്ത്രീയും ഒപ്പമുള്ളവരും എത്തിയാൽ ബിഷപ്പിന് അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനാകും. ഇത് മനസ്സിൽ കണ്ടാണ് മലങ്കര രൂപതയുടെ ഇടപെടൽ. ചർച്ചകൾക്കായി ഗുർഗാവ് രൂപതാധ്യക്ഷൻ ഡോ ജേക്കബ് മാർ ബർണാബസ് കോട്ടയത്ത് എത്തികഴിഞ്ഞു. കങ്ങഴയിലെ ബന്ധുവീട്ടിലാണ് ബിഷപ്പുള്ളത്. പരാതി ഉന്നയിച്ച കന്യാസ്ത്രീകളുമായി ബിഷപ്പ് നേരിട്ട് ചർച്ച നടത്തുമെന്നാണ് സൂചന.

തിരുസ്ത്രം ഊരിയ 12 കന്യാസ്ത്രീകളേയും ഇപ്പോൾ ജലന്ധർ ബിഷപ്പിനെതിരെ നിലപാട് എടുത്ത 9 കന്യാസ്ത്രീകളേയും മലങ്കര സഭയുടെ ഭാഗമാക്കാനാണ് നീക്കം. 21 പേരേയും കന്യാസ്ത്രീകളായി ഗുർഗാവ് രൂപത ഏറ്റെടുക്കാൻ തയ്യാറാകുന്ന തരത്തിലാണ് ഒത്തുതീർപ്പ് ഫോർമുല. ഇതിന് പകരം വിവാദങ്ങളിൽ നിന്ന് പിന്നോട്ട് പോവുക. ബിഷപ്പിനെതിരെ കോടതിയിൽ മൊഴി കൊടുത്തതു കൊണ്ട് പൊലീസ് അന്വേഷണം തുടരും. എന്നാൽ ഈ കേസ് കോടതിയിൽ എത്തുമ്പോൾ ബിഷപ്പിന് അനുകൂലമായി നിലപാട് എടുക്കുക. ഇത്തരമൊരു ഒത്തുതീർപ്പിന് വഴങ്ങിയാൽ ബിഷപ്പിനെതിരെ കടുത്ത നടപടികളിലേക്ക് പൊലീസ് കടക്കില്ല. പകരം പീഡനത്തിന് പ്രത്യക്ഷ തെളിവില്ലെന്നും മൊഴി മാത്രമേ ഉള്ളൂവെന്നും പൊലീസ് കോടതിയെ അറിയിക്കും. പരാതിയിൽ കന്യാസ്ത്രീകൾ ഉറച്ചു നിന്നാൽ ഇത്തരം നീക്കങ്ങൾക്ക് പൊലീസിന് കഴിയാതെ വരും. പകരം ജാമ്യമില്ലാ കേസ് ആയതിനാൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യേണ്ടിയും വരും. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് മലങ്കര സഭയുടെ ഇടപെടൽ.

കത്തോലിക്കാ സഭയ്ക്ക് മൂന്ന് കർദിനാൾമാരാണ് ഇന്ത്യയിലുള്ളത്. ഇതിൽ രണ്ട് പേർ കേരളത്തിലും. പീഡനവുമായി ബന്ധപ്പെട്ട് സീറോ മലബാർ സഭയുടെ അധ്യക്ഷനും കർദിനാളുമായ മാർ ആലഞ്ചേരിയുടെ പേര് പല ഘട്ടത്തിലും വലിച്ചിഴയ്ക്കപ്പെട്ടു. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഇടപെടലിന് സീറോ മലബാർ സഭ തയ്യാറല്ല. ഈ സാഹചര്യത്തിലാണ് ലത്തീൻ രൂപത പുതിയ നീക്കം നടത്തിയത്. മലങ്കര സഭയെ കൂട്ടുപിടിച്ചായിരുന്നു ഇത്. കർദിനാൾ കൂടിയായ ബസേലിയേസ് ക്ലീമീസും പ്രശ്‌ന പരിഹാരത്തിന് അനുകൂലമായ നിലപാട് എടുത്തു. കത്തോലിക്കാ സഭ കൂട്ടായ്മയുടെ നേതൃത്വവും ക്ലീമീസിനാണ്. എങ്ങനേയും പീഡന ആരോപണത്തിൽ നിന്ന് ബിഷപ്പിനെ രക്ഷിക്കാനുള്ള ഒത്തുതീർപ്പിനുള്ള വഴികളും തേടി. ഇതിനൊടുവിലാണ് ബിഷപ്പിനെതിരെ ആരോപണമുന്നയിച്ച ലത്തീൻ സഭയിലെ കന്യാസ്ത്രീകളെ ഏറ്റെടുക്കാൻ മലങ്കര സഭയ്ക്കുള്ള ധാരണയായത്. ഡൽഹിയിലെ ഗുർഗാവിലുള്ള ബിഷപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

പഞ്ചാബ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബിഷപ്പ് ഫ്രാങ്ക് മുളങ്കലുമായി ഗുർഗാവിലെ മെത്രാനും നല്ല സൗഹൃദമുണ്ട്. ഇതും ബിഷപ്പിനെ രക്ഷിക്കാൻ മുന്നോട്ട് വരാൻ ഡോ ജേക്കബ് മാർ ബർണാബസിനെ പ്രേരിപ്പിച്ച ഘടകമാണ്. ഇന്ന് തന്നെ ബിഷപ്പ് കന്യാസ്ത്രീകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. എന്നാൽ ഈ ഒത്തുതീർപ്പ് ഫോർമുല കന്യാസ്ത്രീകൾ അംഗീകരിക്കുമോ എന്ന സംശയം ശക്തമാണ്. ജലന്ധർ ബിഷപ്പിനെതിരായ ആരോപണങ്ങളിൽ ഉറച്ചു നിൽക്കാനാണ് ഇവരുടെ തീരുമാനം. വിഷയത്തിനെ പൊലീസ് സ്‌റ്റേഷനിലെത്തിച്ചത് കന്യാസ്ത്രീകൾ അല്ലെന്നും വധ ഭീഷണിയിൽ കന്യാസ്ത്രീകളെ പ്രതിയാക്കി പരാതികൊടുത്ത ജലന്ധർ ബിഷപ്പാണെന്നും ഇവർ പറയുന്നു. ഇതേ തുടർന്നാണ് സഭയ്ക്ക് നൽകിയ പരാതികൾ പൊലീസിനും കൊടുക്കേണ്ടി വന്നത്. അതുകൊണ്ട് തന്നെ സഭയ്ക്കുണ്ടായ ചീത്ത പേരിന് കാരണക്കാരൻ ജലന്ധർ ബിഷപ്പാണെന്ന് ഇവർ പറയുന്നു.

സഭയ്ക്കുണ്ടാകുന്ന മാനക്കേട് കരുതി വിട്ടുവീഴ്ചയ്ക്ക് ഇവർ തയ്യാറാകുമെന്നാണ് ഇടനിലക്കാരുടെ പ്രതീക്ഷ. അതിനിടെ താൻ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കാത്തത് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുള്ളതിനാലെന്ന് പീഡന ആരോപണം നേരിടുന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതികരിച്ചിരുന്നു. വത്തിക്കാനിലേക്ക് കടക്കാൻ ശ്രമിക്കുന്നെന്നും ജലന്ധറിൽ ഒളിച്ച് താമസിക്കുകയാണെന്നുമുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ പൊലീസ് ഇതുവരെ തന്നെ ഫോണിൽ പോലും ബന്ധപ്പെട്ടിട്ടില്ല. അന്വേഷണസംഘം ജലന്ധറിൽ എത്തിയാൽ അവരോട് പൂർണമായും സഹകരിക്കും. ഈ ആരോപണം സംബന്ധിച്ച സത്യാവസ്ഥ പുറത്തുകൊണ്ടുവരികയെന്നത് തന്റെ കൂടി ഉത്തരവാദിത്വമാണ്. ഞാൻ നിരപരാധിയാണെന്ന് ഞാൻ പറഞ്ഞാൽ പോരെന്നും അത് തെളിയണമെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് ഒത്തുതീർപ്പിലെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബിഷപ്പ് മാധ്യമങ്ങളെ കണ്ടതെന്ന നിരീക്ഷണവും ശക്തമാണ്.

2016-ൽ ഇപ്പോഴത്തെ മദർ സുപ്പീരിയറിന് ആരോപണം ഉന്നയിച്ച സിസ്റ്ററിനെ കുറിച്ച് മറ്റൊരു സ്ത്രീ പരാതി നൽകിയിരുന്നു. തന്റെ കുടുംബം നശിപ്പിക്കാൻ സിസ്റ്റർ ശ്രമിക്കുന്നുവെന്നായിരുന്നു ആ കന്യാസ്ത്രീക്കെതിരേയുണ്ടായിരുന്ന ആരോപണം. വൈദ്യപരിശോധനയുടെ ഫലം ഈ ആരോപണം ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പീഡനം നടന്നുവെന്ന് ആരോപിക്കുന്ന 2014 മുതൽ 16 വരെയുള്ള കാലഘട്ടത്തിൽ കന്യാസ്ത്രീ തനിക്കൊപ്പം പല പരിപാടികളിലും പങ്കെടുത്തിരുന്നു. തന്റെ 25-ാമത് പൗരോഹിത്യ ജൂബിലിയിലും, 2016 നവംബറിൽ എന്റെ അമ്മ മരിച്ചപ്പോഴും കന്യാസ്ത്രീ പങ്കെടുത്തിരുന്നു. ആരോപണത്തിൽ പറയുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ അവർ ഈ പരിപാടികളിൽ പങ്കെടുക്കുമായിരുന്നോയെന്ന ബിഷപ്പ് ചോദിച്ചു. ആരോപണത്തിന് പിന്നിൽ ഗുഢാലോചന നടന്നിട്ടുണ്ടോയെന്ന് അറിയില്ലെന്നും സഭയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആരോപണത്തിന് പിന്നിലെന്ന് കരുതുന്നില്ല. ഇന്ത്യയിലെ കത്തോലിക്കാ സഭകൾ വളരെ ഐക്യത്തിലാണ് പ്രവർത്തിക്കുന്നത്. സഭയ്ക്കുള്ളിൽ പ്രശ്ങ്ങൾ ഉണ്ടെന്നുള്ളത് കെട്ടിചമച്ച കഥ മാത്രമാണെന്നും ബിഷപ് പറഞ്ഞു.

തനിക്കെതിരേ വധഭീഷണിയുണ്ടെന്ന് കാണിച്ച് പഞ്ചാബിലും കേരളത്തിലും പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പേര് പരാമർശിച്ചിട്ടുള്ള സിസ്റ്റർമാരാണ് കേരളത്തിലെത്തി തനിക്കെതിരേ മൊഴി നൽകിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ സ്വീകരിച്ചിരിക്കുന്നത് പോലെ കുട്ടികൾക്കും സ്ത്രീകൾക്കുമെതിരേ ഉണ്ടാകുന്ന അതിക്രമങ്ങൾ തടയണമെന്നാണ് കത്തോലിക്കാ സഭയുടെ നിലപാടെന്നും അദ്ദേഹം അറിയിച്ചു. ബിഷപ്പ് പദവിയിൽനിന്ന് മാറി നിന്ന് അന്വേഷണത്തെ നേരിടുന്നത് സംബന്ധിച്ച കാര്യങ്ങൾ താൻ ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അത് എല്ലാം സഭയുടെ തീരുമാനത്തിന് വിടുന്നതായും അദ്ദേഹം പറഞ്ഞു. കേരളാ പൊലീസിന്റെ അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ കൂട്ടിച്ചേർത്തു. സഭയെ മാനക്കേടിൽ നിന്ന് രക്ഷിക്കാൻ ബിഷപ്പിനെ കൈവിടാനാകില്ലെന്ന നിലപാടിലാണ് സഭാ നേതൃത്വം. ഈ സാഹചര്യത്തിലാണ് ഒത്തുതീർപ്പ് ശ്രമങ്ങൾ പുരോഗമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP