Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വായ്പ തിരിച്ചടയ്ക്കാനുള്ള പദ്ധതി സമർപ്പിക്കാനുള്ള തീയതി ഈ മാസം 31 വരെ നീട്ടി നൽകി ബാങ്കുകൾ; ഡിസംബറിന് മുമ്പ് കടം വീട്ടണം; ഇന്ത്യയിലേയും ഗൾഫിലേയും ജൂവലറികൾ തുറന്ന് പ്രവർത്തിക്കാനും കൂടുതൽ ഫ്രാഞ്ചൈസികൾ തുടങ്ങാനും നീക്കം; ആപത്ത് കാലത്ത് ഒപ്പം നിന്നവർ നിക്ഷേപകരായി എത്തുമെന്ന് പ്രതീക്ഷിച്ച് അറ്റ്ലസ് രാമചന്ദ്രൻ

വായ്പ തിരിച്ചടയ്ക്കാനുള്ള പദ്ധതി സമർപ്പിക്കാനുള്ള തീയതി ഈ മാസം 31 വരെ നീട്ടി നൽകി ബാങ്കുകൾ; ഡിസംബറിന് മുമ്പ് കടം വീട്ടണം; ഇന്ത്യയിലേയും ഗൾഫിലേയും ജൂവലറികൾ തുറന്ന് പ്രവർത്തിക്കാനും കൂടുതൽ ഫ്രാഞ്ചൈസികൾ തുടങ്ങാനും നീക്കം; ആപത്ത് കാലത്ത് ഒപ്പം നിന്നവർ നിക്ഷേപകരായി എത്തുമെന്ന് പ്രതീക്ഷിച്ച് അറ്റ്ലസ് രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ് : നിയമക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് അറ്റ്‌ലസ് രാമചന്ദ്രൻ. വീണ്ടും സ്വർണ്ണ കച്ചവടത്തിൽ സജീവമായി പ്രശ്‌നങ്ങൾ മറികടക്കാനാണ് നീക്കം. ഏതാനും ബാങ്കുകളുമായുള്ള വായ്പാ ഇടപാടുകൾ തീർക്കാനും സമാന്തരമായി ദുബായിൽ ഒരു ഷോറൂം തുറന്നുകൊണ്ട് വ്യാപാരരംഗത്തേക്ക് സജീവമാകാനുമാണ് ശ്രമം. ബാങ്കുകൾക്ക് വായ്പാ കുടിശിഖ തിരിച്ചടയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. ഇത് നടന്നില്ലെങ്കിൽ 22 ഓളം ചെക്ക് കേസുകൾ വീണ്ടും അറ്റ്‌ലസിനെ കുടുക്കാനെത്തും.

കള്ള ചെക്ക് കേസിൽ ദുബായിലെ ജയിലിൽ കഴിയുമ്പോൾ സമാനതകളില്ലാത്ത പിന്തുണയാണ് മലയാളി സമൂഹം നൽകിയത്. ഇതിന്റെ കരുത്തിലാണ് പുതിയ പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. വീണ്ടും കച്ചവടത്തിനിറങ്ങാനാകുമെന്നും മലയാളികൾ ഒന്നടങ്കം സഹായിക്കുമെന്നുമാണ് അറ്റ്ലസ് ഗ്രൂപ്പിന്റെ പ്രതീക്ഷ. എല്ലാം നേരിട്ട് നോക്കി നടത്താനാണ് തീരുമാനം. വീണ്ടും പഴയതു പോലെ അറ്റ്ലസ് ഗ്രൂപ്പ് മാറുമെന്ന ആത്മവിശ്വാസമാണ് രാമചന്ദ്രന്റെ കൈമുതൽ. കച്ചവടത്തിൽ വീണ്ടും സജീവമായില്ലെങ്കിൽ പ്രശ്‌നങ്ങൾ സങ്കീർണ്ണമാകുമെന്ന് രാമചന്ദ്രന് അറിയാം. ഈ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി അറ്റ്‌ലസ് ഗ്രൂപ്പ് എത്തുന്നത്.

അറ്റ്‌ലസ് രാമചന്ദ്രൻ കഴിഞ്ഞദിവസം വിവിധ ബാങ്കുകളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ബാങ്കുകളുടെ വായ്പാപ്രശ്നങ്ങളും രാമചന്ദ്രന്റെ ഭാവിപരിപാടികളും സംബന്ധിച്ച ചർച്ചയായിരുന്നു ഇത്. ഈമാസം 31-നുമുമ്പ് പുതിയ പദ്ധതികളുടെ പ്രാഥമികവിവരം സമർപ്പിക്കുമെന്നാണ് ചർച്ചയിലെ ധാരണ. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഇപ്പോഴും പ്രവർത്തിക്കുന്ന അറ്റ്‌ലസ് ജൂവലറികളുടെയും അനുബന്ധകമ്പനികളുടെയും വിവരങ്ങളും ഈ ചർച്ചകളിൽ വിഷയമായി. കടം തീർക്കാനാകുമെന്ന പ്രതീക്ഷയാണ് ചർച്ചകളിൽ ബാങ്കുകൾ എടുത്തത്. കേന്ദ്ര സർക്കാരിന്റെ ഇടപെടലിന് തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായവും അറ്റ്ലസ് രാമചന്ദ്രന് ലഭിക്കുന്നുണ്ട്. മൂന്നുമാസത്തിനകം ദുബായിൽ പുതിയ ഷോറൂം തുറക്കാനാണ് ഇപ്പോഴത്തെ ആലോചന.

അറ്റ്‌ലസിനോട് ജനങ്ങൾ കാണിക്കുന്ന സ്നേഹം പുതിയ കാൽവെപ്പിൽ തനിക്ക് തുണയാകുമെന്ന വിശ്വാസത്തിലാണ് രാമചന്ദ്രൻ. ''പണമിടപാടുസംബന്ധിച്ച് ഇപ്പോൾ ക്രിമിനൽക്കേസുകളൊന്നും നിലവിലില്ല. എന്നാൽ, ബാങ്കുകളുടെ കുടിശ്ശികയുണ്ട്. ചർച്ചകളിലൂടെ അവശേഷിക്കുന്നതുകൊടുത്തുതീർക്കുകതന്നെ ചെയ്യും. അല്ലാതെ ഇവിടെനിന്ന് വിട്ടുപോകാനുള്ള ഉദ്ദേശ്യമില്ല. 1991-ൽ എട്ടുകിലോ സ്വർണവുമായി തുടങ്ങിയ ജൂവലറി ബിസിനസ്സ് 2014-ൽ നാൽപ്പതുഷോറൂമുകളായി വളർന്നിരുന്നു. ആ ആത്മവിശ്വാസം ഇപ്പോഴുമുണ്ട്'' -അറ്റ്‌ലസ് രാമചന്ദ്രൻ പറയുന്നു. ഈ വാക്കുകളിൽ മലയാളിക്കും പ്രതീക്ഷയുണ്ട്. അതുകൊണ്ട് തന്നെ ഇനിയും ഉയരങ്ങൾ അറ്റ്ലസ് കീഴടക്കുമെന്നാണ് ദുബായിലെ മലയാളികളുടെ പൊതു വികാരം.

അറ്റ്ലസിനെ ഇരു കൈയും നീട്ടി ഏവരും ഏറ്റെടുക്കുമെന്നാണ് വ്യവസായ സമൂഹത്തിന്റേയും പ്രതീക്ഷ. അതുകൊണ്ട് തന്നെ എല്ലാ കടവും അറ്റ്ലസിന് ഉടൻ വിറ്റഴിക്കാനാകുമെന്നും വിലയിരുത്തുന്നു. ഇത് തിരിച്ചറിഞ്ഞാണ് അറ്റ്ലിസിന്റെ മോചനത്തിന് കേന്ദ്രസർക്കാരും ഇടപെടലുകൾ നടത്തിയത്. രാമചന്ദ്രനുമായി ചേർന്ന് അറ്റ്‌ലസ് എന്ന ബ്രാൻഡിൽ നിക്ഷേപിക്കാൻ ഇന്ത്യയിൽനിന്നും യു.എ.ഇ.യിൽനിന്നും ഒട്ടേറെപേർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ശരിയായ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോൾ അദ്ദേഹം. അറ്റ്ലസ് ജൂവലറിയിൽ നിന്ന് സ്വർണം വാങ്ങാൻ മലയാളികളും തയ്യാറാണ്. ഇതിനായുള്ള കാമ്പൈൻ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നല്ല നിക്ഷേപകർ സഹായിക്കാനെത്തുമെന്നാണ് അറ്റ്ലസിന്റെ പ്രതീക്ഷ.

സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലെ ഷോറൂമുകൾ സാമാന്യം നന്നായി പ്രവർത്തിക്കുന്നുണ്ട്. മസ്‌കറ്റിലെ ഷോറൂമും തുടരും. ഇന്ത്യയിൽ അറ്റ്‌ലസ് ജൂവലറി എന്നപേരിൽ പ്രവർത്തിക്കുന്ന കമ്പനി വിജയകരമായി മുന്നോട്ടുപോകുന്നുണ്ട്. ബെംഗളൂരുവിലെ ഷോറൂമിൽ നല്ല വിൽപ്പനയുണ്ട്. മഹാരാഷ്ട്രയിലെ താനെയിലും ഷോറൂമുണ്ട്. അറ്റ്‌ലസ് ഇന്ത്യാ ലിമിറ്റഡ് മുംബൈ സ്റ്റോക്ക് എക്സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്ത സ്ഥാപനമാണ്. പത്തുരൂപ മുഖവിലയുള്ള ഓഹരിക്ക് ഇപ്പോൾ 154 രൂപ വരെയായി മൂല്യം ഉയർന്നിട്ടുണ്ട്. ഇതിൽ അഞ്ചുകോടി ഓഹരികൾ രാമചന്ദ്രന്റെ പേരിലുണ്ട്. ഇന്നത്തെ വിപണിവിലയനുസരിച്ച് ഇതിന് 750 കോടി രൂപയോളം വരും.

അയ്യായിരത്തോളം ഓഹരി ഉടമകളുടെ സമ്മതപ്രകാരം ഈ കമ്പനിക്ക് യു.എ.ഇ.യിൽ ഒരു അനുബന്ധകമ്പനി തുടങ്ങാൻ പ്രയാസമില്ല. ഇതിലേക്ക് കൂടുതൽ ഫണ്ടുകൾ സമാഹരിച്ച് ദുബായിൽ വീണ്ടും ഒരു തുടക്കം എന്നതാണ് പ്രധാനപദ്ധതിയായി അറ്റ്‌ലസ് രാമചന്ദ്രൻ മനസ്സില്ഡ കാണുന്നത്, ഇതോടൊപ്പം അറ്റ്‌ലസിന്റെ ഫ്രാഞ്ചൈസികൾ നൽകുന്നതും സജീവപരിഗണനയിലാണ്. അതിനു പ്രധാനമായി ആവശ്യം നല്ലൊരു ആഭരണ നിർമ്മാണശാലയാണ്. യു.എ.ഇ.യിൽത്തന്നെ അത് പെട്ടെന്ന് തുടങ്ങാനുള്ള സംവിധാനങ്ങൾ ലഭ്യമാണ്. ഇന്ത്യയിലെ കമ്പനിയുടെ അനുബന്ധമായും ഈ ഫാക്ടറി തുടങ്ങാം. പുതുതായി ദുബായിലൊരു ഷോറൂം തുടങ്ങാൻ മൂന്നുകോടി ദിർഹത്തോളം സമാഹരിക്കേണ്ടിവരും.

ബിസിനസ് ആവശ്യത്തിനായി ബാങ്കുകളിൽ നിന്നെടുത്ത പണത്തിന്റെ തിരിച്ചടവ് വൈകിയതിന്റെ പേരിലുള്ള നിയമനടപടിയുടെ ഫലമായി ദുബായിലെ ജയിലിൽ അറ്റല്സ് രാമചന്ദ്രൻ കഴിച്ചുകൂട്ടിയത് ആയിരത്തിലധികം ദിവസങ്ങളാണ്. സമൂഹത്തിനു നടുവിൽ ഇതുവരെ ഒരു പേരുദോഷവും ഉണ്ടാക്കാതെ സത്യസന്ധമായ ജീവിതം നയിച്ച, ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യത്തിലൂടെ കൊച്ചുകുട്ടികൾപ്പോലും തിരിച്ചറിയുന്ന ആളായി, സർവസ്വതന്ത്രനായി കഴിഞ്ഞ ഞാൻ പുറംലോകമറിയാതെ തണുത്തുറഞ്ഞൊരു മുറിയുടെ ഇടുക്കത്തിൽ കഴിച്ചുകൂട്ടിയ ആ ദിനങ്ങൾ എന്നെ പല പുതിയ പാഠങ്ങളും പഠിപ്പിച്ചു. ഏതു സാഹചര്യത്തിലും ഏതു പരിമിതിയിലും മനുഷ്യനു ജീവിക്കാം, അല്ലെങ്കിൽ ജീവിച്ചേ തീരൂ എന്ന പാഠമായിരുന്നു അതിൽ പ്രധാനം.-ഇതാണ് അറ്റ്ലസ് രാമചന്ദ്രന്റെ പഠിച്ച പാഠം.

2015 നവംബർ 12നായിരുന്നു അറ്റ്‌ലസ് ജൂവലറി ഗ്രൂപ്പ് ചെയർമാൻ എം.എം. രാമചന്ദ്രനെ ദുബായ് കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകൾ മടങ്ങുകയും ചെയ്തതിനെത്തുടർന്ന് ബാങ്കുകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് തൃശൂർ സ്വദേശിയായ രാമചന്ദ്രനെ ദുബായ് പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചത്. പത്തിൽപ്പരം ബാങ്കുകളിൽനിന്നാണ് അറ്റ്‌ലസ് ഗ്രൂപ്പ് വായ്പയെടുത്തത്. ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളാണു ദുബായിലുണ്ടായിരുന്നത്. പ്രശ്ന പരിഹാരത്തിന് അറ്റ്ലസ് ഗ്രൂപ്പ് ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല.

മൂന്നു പതിറ്റാണ്ട് മുൻപ് ആരംഭിച്ച അറ്റ്ലസ് ജൂവലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി 48 ശാഖകളുണ്ടായിരുന്നു; യുഎഇയിൽ മാത്രം 19 ഷോറൂമുകൾ. കേരളത്തിലും ശാഖകളുണ്ട്. ഹെൽത്ത്കെയർ, റിയൽ എസ്റ്റേറ്റ്, ചലച്ചിത്രനിർമ്മാണ മേഖലകളിലും അറ്റ്‌ലസ് സാന്നിധ്യമുറപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP