Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിവാഹിതയായ സ്ത്രീയുമായി സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അന്യപുരുഷന് അഞ്ചുവർഷം തടവ് നൽകുമ്പോൾ സ്ത്രീയെ നിരപരാധിയാക്കുന്ന ഐപിസിയിലെ 497 ാം വകുപ്പിനെതിരെ കോഴിക്കോട് സ്വദേശി നൽകിയ ഹർജി സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടു; വകുപ്പ് റദ്ദ് ചെയ്തില്ലെങ്കിലും സ്ത്രീയെ കൂടി കുറ്റക്കാരിയാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന്റെ സത്യവാങ് മൂലം: അഡൾട്ടറി വീണ്ടും ചർച്ചയാകുമ്പോൾ

വിവാഹിതയായ സ്ത്രീയുമായി സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അന്യപുരുഷന് അഞ്ചുവർഷം തടവ് നൽകുമ്പോൾ സ്ത്രീയെ നിരപരാധിയാക്കുന്ന ഐപിസിയിലെ 497 ാം വകുപ്പിനെതിരെ കോഴിക്കോട് സ്വദേശി നൽകിയ ഹർജി സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടു; വകുപ്പ് റദ്ദ് ചെയ്തില്ലെങ്കിലും സ്ത്രീയെ കൂടി കുറ്റക്കാരിയാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന്റെ സത്യവാങ് മൂലം: അഡൾട്ടറി വീണ്ടും ചർച്ചയാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷ നിയമത്തിലെ 497 ആം വകുപ്പ് പ്രകാരം മറ്റൊരാളുടെ ഭാര്യയും ആയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ പുരുഷന് അഞ്ച് വർഷം വരെ തടവും ശിക്ഷയും ലാഭിക്കാം. എന്നാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീക്ക് ഇര എന്ന പരിഗണന നൽകി ശിക്ഷ നൽകാൻ ആകില്ല. ഈ നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കണം എന്ന ഹർജി ആണ് സുപ്രീം കോടതി അഞ്ച് അംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു.

ഒരേ കുറ്റമാണ് പുരുഷനും സ്ത്രീയും ഏർപ്പെടുന്നത് എങ്കിലും, ഒരാളെ ശിക്ഷിക്കുകയും മറ്റൊരാളെ വെറുതെ വിടുകയും ആണ് ചെയ്യുന്നത് എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് നിരീക്ഷിച്ചു. സാമൂഹികമായ അനുമാനത്തിന്റെ അടിസ്ഥാനത്തിൽ ആകാം ഇങ്ങനെ ഒരു നിയമം എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, വിവാഹേതര ബന്ധത്തിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകളെക്കൂടി കുറ്റക്കാരാക്കാനുള്ള നിയമഭേദഗതിക്ക് അനുകൂലമാണ് കേന്ദ്ര സർക്കാർ. വിവാഹിതയുമായി അവിഹിതബന്ധം പുലർത്തിയാൽ പുരുഷനെ മാത്രം കുറ്റക്കാരാക്കുന്ന നിലവിലെ വകുപ്പ് റദ്ദാക്കില്ല. ഭാരതീയസംസ്‌കാരത്തിൽ വിവാഹത്തിന്റെ സംശുദ്ധി നിലനിർത്താൻ വകുപ്പ് അനിവാര്യമാണെന്ന് സർക്കാർ പറയുന്നു. സ്ത്രീകളെ ഇരയായിക്കണ്ട് സംരക്ഷണം നൽകേണ്ടതില്ലെന്നാണ് കേന്ദ്ര നിലപാട്.
പുരുഷനോടൊപ്പം കുറ്റംചെയ്യുന്നുണ്ടെങ്കിലും സ്ത്രീയെ മാത്രം സംരക്ഷിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ജോസഫ് ഷൈൻ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്.

പരപുരുഷബന്ധത്തിൽ ഏർപ്പെടുന്ന വിവാഹിതയായ സ്ത്രീക്ക് പൂർണസംരക്ഷണം നൽകുന്നതാണ് നിലവിലെ വകുപ്പ്. പുരുഷന്മാരെ മാത്രമല്ല, 'മറ്റൊരാളുടെ ജീവിതപങ്കാളിയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന ഏതൊരാളെയും കുറ്റക്കാരാക്കണം' എന്ന മളീമഠ് കമ്മിറ്റിയുടെ ശുപാർശയെ ആധാരമാക്കിയാണ് കേന്ദ്രം നീങ്ങുന്നത്.

വിവാഹേതരബന്ധം കുറ്റം തന്നെയാണ്. ഇന്ത്യൻ സമൂഹത്തിന്റെ സംസ്‌കാരവും ഘടനയും കണക്കിലെടുക്കുമ്പോൾ വിവാഹത്തിന്റെ സംശുദ്ധി സംരക്ഷിക്കാൻ ഈ വകുപ്പ് ആവശ്യമാണ്. എന്നാൽ, അതു ഭേദഗതി ചെയ്യുന്നതുസംബന്ധിച്ച് ലോ കമ്മിഷൻ പരിശോധിച്ചുവരികയാണെന്നും കേന്ദ്രം അറിയിച്ചു.പരപുരുഷ ബന്ധത്തിൽ ഏർപ്പെടുന്ന വിവാഹിതയായ സ്ത്രീയെ ശിക്ഷിക്കാൻ നിലവിൽ വ്യവസ്ഥയില്ല. സ്ത്രീയുടെ ഭർത്താവ് പരാതിപ്പെട്ടാൽ പുരുഷന് അഞ്ചുവർഷംവരെ ശിക്ഷ ലഭിക്കുകയും ചെയ്യും. എന്നാൽ, പരസ്ത്രീഗമനം നടത്തിയ പുരുഷന്റെ ഭാര്യയ്ക്ക് പരാതിപ്പെടാനും വകുപ്പില്ല. എൺപതോളം രാജ്യങ്ങളിൽ ഉഭയസമ്മതത്തോടെയുള്ള വിവാഹേതരബന്ധം കുറ്റകരമല്ല. പരിഷ്‌കൃത സമൂഹത്തിന് ചേരാത്തതാണ് 497-ാം വകുപ്പെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

വകുപ്പിന്റെ നിയമസാധുതയിൽ സുപ്രീംകോടതി നേരത്തേ സംശയമുന്നയിച്ചിരുന്നു. ഒരു സ്ത്രീ, ഭർത്താവിന്റെ സമ്മതത്തോടെ പരപുരുഷബന്ധത്തിലേർപ്പെട്ടാൽ കുറ്റകരമല്ല എന്നുവരുമ്പോൾ, അവൾ ഉപഭോഗവസ്തുവായിമാത്രം ചുരുങ്ങുകയല്ലേയെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചിരുന്നു. സമൂഹം പുരോഗമിക്കുന്നതിനനുസരിച്ച് നിയമങ്ങൾ പരിഷ്‌കരിക്കപ്പെടണമെന്നും 497-ാം വകുപ്പ് കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം വാക്കാൽ നിരീക്ഷിച്ചു.എന്നാൽ, അദ്ദേഹത്തിന്റെ അച്ഛൻ ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡിന്റെ ബെഞ്ചാണ് 1985-ൽ ഈ വിഷയത്തിൽ മറ്റൊരു നിലപാടെടുത്തത് എന്നതും ശ്രദ്ധേയമാണ്. സ്ത്രീയല്ല, പുരുഷനാണ് പ്രലോഭിപ്പിക്കുന്നത് എന്നകാര്യം പൊതുവേ അംഗീകരിക്കപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ വിധി.

ക്രിമിനൽ നിയമങ്ങൾ ലിംഗ സമത്വത്തിൽ ഊന്നിയാകണം. എന്നാൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 497 ആം വകുപ്പിൽ ലിംഗ സമത്ത്വം ഇല്ല. അതിനാൽ തന്നെ ഐപിസി 497 കലഹരണപെട്ടതാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് മാരായ എഎം ഖാൻവിൽക്കർ, ഡിവൈ ചന്ദ്രചൂഡ് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.1954 ൽ യൂസഫ് അബ്ദുൽ അസീസും മഹാരാഷ്ട്ര സർക്കാരും തമ്മിൽ ഉള്ള കേസിൽ നാലംഗ ബെഞ്ച് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 497 ആം വകുപ്പ് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനം അല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ അഞ്ച് അംഗ ഭരണഘടനാ ബെഞ്ച് ആണ് 497 ആം വകുപ്പിന്റെ ഭരണഘടന സാധുത പരിശോധിക്കേണ്ടത് എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എല്ലാ മേഖലകളിലും സ്ത്രീയും പുരുഷനും തുല്യർ ആണെന്ന യാഥാർഥ്യം ഉൾകൊണ്ട് വേണം ഇന്ത്യൻ ശിക്ഷ നിയമത്തിലെ 497 ആം വകുപ്പ് ഭരണഘടനയുടെ 15 ആം അനുച്ഛേദത്തിന്റെ ലംഘനം ആണോ എന്ന കാര്യം പരിശോധിക്കേണ്ടത് എന്നും കോടതി നേരത്തെ നിരീക്ഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP