Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒടുവിൽ അഭിമന്യുവിന്റെ ജൂലി ടീച്ചറെത്തി... അഭിയുടെ വീട് കാണാൻ; നിയന്ത്രിക്കാനാവാതെ അഭിയുടെ അമ്മ ഭൂപതി കരഞ്ഞപ്പോൾ.. അമ്മേ, മാപ്പ്.. എന്ന ഒറ്റവാക്കിൽ ആശ്വസിപ്പിക്കൽ ഒതുക്കി ടീച്ചർ; അഭിയുടെ പഴയ ആ ഫിസിക്‌സ് നോട്ടിൽ രണ്ടു വാക്ക് കുറിച്ചിടാൻ തുനിഞ്ഞപ്പോൾ 'അഭിമന്യു എനിക്ക്... എന്നെഴുതിയ ശേഷം വാക്കുകൾ മുറിഞ്ഞു; അകാലത്തിൽ പൊലിഞ്ഞ വിദ്യാർത്ഥിയെ ഓർത്ത് പൊട്ടിക്കരഞ്ഞ് മഹാരാജാസിലെ അദ്ധ്യാപിക: വികാര നിർഭരമായ ഒരു കൂടിക്കാഴ്‌ച്ച

ഒടുവിൽ അഭിമന്യുവിന്റെ ജൂലി ടീച്ചറെത്തി... അഭിയുടെ വീട് കാണാൻ; നിയന്ത്രിക്കാനാവാതെ അഭിയുടെ അമ്മ ഭൂപതി കരഞ്ഞപ്പോൾ.. അമ്മേ, മാപ്പ്.. എന്ന ഒറ്റവാക്കിൽ ആശ്വസിപ്പിക്കൽ ഒതുക്കി ടീച്ചർ; അഭിയുടെ പഴയ ആ ഫിസിക്‌സ് നോട്ടിൽ രണ്ടു വാക്ക് കുറിച്ചിടാൻ തുനിഞ്ഞപ്പോൾ 'അഭിമന്യു എനിക്ക്... എന്നെഴുതിയ ശേഷം വാക്കുകൾ മുറിഞ്ഞു; അകാലത്തിൽ പൊലിഞ്ഞ വിദ്യാർത്ഥിയെ ഓർത്ത് പൊട്ടിക്കരഞ്ഞ് മഹാരാജാസിലെ അദ്ധ്യാപിക: വികാര നിർഭരമായ ഒരു കൂടിക്കാഴ്‌ച്ച

മറുനാടൻ മലയാളി ബ്യൂറോ

മുന്നാർ: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിനെ ശരിക്കും കരയിച്ചിട്ടുണ്ട്. അദ്ധ്യാപകർക്കും സഹപാഠികൾക്കും ഒരുപോലെ പ്രിയങ്കരനായ വിദ്യാർത്ഥിയുടെ മരണവാർത്ത കാമ്പസിനെ നടുക്കുന്നതായിരുന്നു. രസതന്ത്രം രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു അഭിമന്യുവെങ്കിലും കാമ്പസിൽ അത്രയ്ക്ക് സജീവമായ വ്യക്തിയായിരുന്നു. അദ്ധ്യാപകരുടെ പോലും കണ്ണിലുണ്ണിയായിരുന്ന അഭിമന്യു. രസതന്ത്രത്തിലെ അദ്ധ്യാപികയും എൻഎസ്എസിന്റ ചുമതലയുമുള്ള ജൂലി ടീച്ചർ അഭിമന്യുവുമായി വളരെ അടുത്ത സൗഹൃദം പുലർത്തിയിരുന്നു.

അഭിമന്യുവിന്റെ വിയോഗത്തിന്റെ വേദനയിൽ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കവേ പൊട്ടിക്കരഞ്ഞു ജൂലി ടീച്ചറെ സൈബർ ലോകവും ശ്രദ്ധിച്ചിരുന്നു. പ്രിയ വിദ്യാർത്ഥിയുടെ വിയോഗം കടുത്ത ആഘാതമാണ് ടീച്ചറിൽ ഉണ്ടാക്കിയത്. അഭിമന്യുവിനെ അനുമസ്മരിച്ചു കൊണ്ടി ജൂലിടീച്ചർ ഫേസ്‌ബുക്കിൽ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റും സൈബർ ലോകത്തും വൈറലായിരുന്നു. പ്രിയ വിദ്യാർത്ഥിയുടെ വട്ടവടയിലെ വീട്ടിൽ ടീച്ചർ എത്തിയപ്പോഴും സൈബർ ലോകത്ത് അത് പ്രിയപ്പെട്ട വാർത്തയായി. അഭിയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ എത്തിയ ജൂലി മിസ്സ് ഒടുവിൽ ദുഃഖം നിയന്ത്രിക്കാവാനാതെ പൊട്ടിക്കരഞ്ഞു.

സഹ അദ്ധ്യാപകർക്കൊപ്പമാണ് ജൂലി ടീച്ചർ വട്ടവടയിലെ വീട്ടിൽ എത്തിയത്. അമ്മ ഭൂപതിയെയും അച്ഛൻ മനോഹരനെയും കണ്ട് സംസാരിച്ച ടീച്ചർക്ക് അവരെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടിയില്ല. ടീച്ചറെ കണ്ട അമ്മ പൊട്ടിക്കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാൻ അമ്മേ, മാപ്പ് എന്നു ഒറ്റവാക്കുകൊണ്ട് ടീച്ചർ അഭിപ്രായം ഒതുക്കി. അഭിമന്യുവിന്റെ വീട്ടിലെ പഴയ സ്‌കൂൾ ചിത്രം അടക്കം നോക്കിക്കണ്ട ടീച്ചർ അഭിയുടെ പഴയ ഫിസിക്സ്‌ നോട്ടുബുക്കിൽ രണ്ടുവാക്ക് അവനെ കുറിച്ച് കുറിച്ചിടാനും തുനിഞ്ഞു. എന്നാൽ, ഒരു നിമിഷം അഭിയുടെ ഓർമ്മകൾ വീണ്ടും എത്തിയതോടെ അവർ വികാരാധീനയായി.

നിമിഷങ്ങളോളം ഒരു വാക്കു പോലും എഴുതാനാവാതെ ജൂലി ടീച്ചർ പൊട്ടിക്കരയുകയായിരുന്നു... എഴുതിത്ത്തുടങ്ങിയപ്പോളാകട്ടെ 'അഭിമന്യു എനിക്ക്.. എന്നു പറഞ്ഞ് വാക്കുകൾ മുറിഞ്ഞു. വീണ്ടും നിയന്ത്രണം വിട്ട ടീച്ചറെ ആശ്വസിപ്പിക്കാൻ കൂടെയുള്ള അദ്ധ്യാപികമാർ തന്നെ പാടുപേടേണ്ടി വന്നു. അദ്ധ്യാപകർ മാതാപിതാക്കളെ കണ്ടപ്പോഴാണ് കൊലയാളികളെ പിടികൂടാൻ വൈകുന്നതിലെ ആശങ്ക പിതാവ് മനോഹരൻ പങ്കുവെച്ചതും. മുരളി സാറും ജൂലി ടീച്ചറും അടങ്ങുന്ന ഇടതു അദ്ധ്യാപക സംഘത്തോട് വേണ്ടി വന്നാൽ മരണം വരെ നിരാഹാരം കിടക്കുമെന്നും പിതാവ് പറയുന്നത്.

അനുസ്മരണ വേദിയിലും അഭിമന്യുവിനെ ഓർത്ത് ജൂലി ടീച്ചർ പൊട്ടിക്കരയുകയായിരുന്നു. എൻ എസ് എസിന്റെയും വാളന്റിയർ സെക്രട്ടറിയായിരുന്ന അഭിമന്യു. കോളേജിലെ എന്ത് കാര്യത്തിനും ഓടിഎത്തുന്ന കുട്ടിയായിരുന്നു അഭിമന്യുവെന്ന് ജൂലി ടീച്ചർ പറഞ്ഞു. കഴിഞ്ഞ ആഴ്ച കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച റിഫ്രഷ്മെന്റ് കോഴ്സിന്റെ സംഘാടനത്തിലും അഭിമന്യു തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നത്. ഫ്ളെകസുകൾ കെട്ടിവെക്കാൻ മുതൽ പരിപാടി കഴിഞ്ഞ് എല്ലാമൊതുക്കിവെക്കാൻ വരെ അഭിമന്യുവായിരുന്നു മുന്നിൽ. ഒന്നാം വർഷ പ്രാക്ടിക്കലിന്റെ മോഡൽ പരീക്ഷക്കിടക്കായിരുന്നു അഭിമന്യു പരിപാടിക്കായി ഓടിനടന്നത്- ജൂലി ടീച്ചർ പറഞ്ഞു.

കോളേജിൽ ആരെങ്കിലും രക്തം ആവശ്യമുണ്ടെന്ന് പറഞ്ഞ് എത്തുമ്പോൾ അതിനുവേണ്ടിയും ഓടി നടന്നത് അഭിമന്യുവായിരുന്നു. ഇന്നലെ പ്രാക്ടിക്കൽ പരീക്ഷക്കുവേണ്ടിയാണ് തലേ ദിവസം രാത്രി തന്നെ അവൻ ഇഡുക്കിയിൽ നിന്നും വന്നത്, പക്ഷെ... ജൂലി ടീച്ചർക്കും തൊണ്ട ഇടറി. സ്‌കൂൾ തലത്തിലും പ്രാദേശിക തലത്തിലുമുള്ള പ്രസംഗ മത്സരങ്ങളിൽ വിജയിയായിരുന്ന അഭിമന്യു മികച്ച ഒരു സംഘാടകനായിരുന്നുവെന്ന് ഹിസ്റ്ററി വിഭാഗം അദ്ധ്യാപകൻ സന്തോഷ് ടി വർഗീസും പറഞ്ഞു.

മഹാരാജാസ് കോളേജിലെ അസിസ്റ്റന്റ് പ്രഫസർ ജൂലി എഴുതുന്നു അഭിയെ കുറിച്ച് മുമ്പ് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു:

അഭിമന്യു എനിക്ക് ആരായിരുന്നു ....അറിയില്ല ....ഓരോ ദിവസവും കഴിയും തോറും നെഞ്ചിലെ ഭാരം കൂടുന്നതല്ലാതെ... അവന്റെ അച്ഛനും അമ്മയ്ക്കും നഷ്ടപെട്ടത് പോലെ ആവില്ല ആർക്കും, അവരുടെ ദുഃഖത്തിന്റെ ഏഴയലത്തു വരില്ല നമ്മുടെ ദുഃഖം എന്നൊക്കെ കുട്ടികളോട് പറഞ്ഞെങ്കിലും ... അറിയില്ല എനിക്ക് അവൻ എന്റെ ആരൊക്കെ ആയിരുന്നോ ...ഭാരം കുറയുന്നില്ല്‌ലല്ലോ...ഈശ്വരാ....ഡിഗ്രി ഒന്നാം വർഷക്കാരൻ അതായത് പതിനെട്ടു വയസിൽ മുടി നരച്ചൊരു പയ്യൻ അങ്ങനെ ആണ് ആദ്യം ഞാൻ അവനെ ശ്രദ്ധിക്കുന്നത്... എസ് എഫ് ഐ യുടെ കൊടിയുമായി ഏറ്റവും മുൻപിൽ വളരെ ആത്മാർഥമായി മുഷ്ട്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു പോയപ്പോഴാണ് പിന്നെ കാണുന്നത്...

ഫ്രഷേഴ്സ് ഡേ യിൽ ഒരു സ്റ്റേജ് ഫിയറും ഇല്ലാതെ ഡാൻസ് കളിക്കുമ്പോഴാണ് ഇവൻ ആള് കൊള്ളാലോ എന്ന് തോന്നിയത്... എൻ. എസ് എസ് ആപ്പ്‌ലിക്കേഷൻ പരിശോധിക്കുമ്പോള് ഇവനെ എടുക്കണോ മിസ്സ് എന്ന് ആരോ ചോദിച്ചത് ഞാനോർക്കുന്നു...പിന്നോക്ക സമുദായത്തിന്നായതു കൊണ്ട് അവനെ ഉൾപ്പെടുത്തണമെന്ന് എന്റെ മനസ് പറഞ്ഞു. ആദ്യമൊന്നും റെഗുലർ ആയി എൻ എസ് എസ് പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നില്ലാരുന്നു...ഇനി വന്നില്ലെങ്കിൽ ഒഴിവാക്കി താല്പര്യത്തോടെ നിൽക്കുന്ന മറ്റു കുട്ടികളെ ഉൾപ്പെടുത്തുമെന്ന് ഞാൻ അവനോട് പറഞ്ഞു...

എൻ എസ്സ് എസ്സിൽ ചേർന്നാൽ അറ്റന്റൻസും മാർക്കും കിട്ടുമെന്നാണ് അവനോടു ആരൊക്കെയോ പറഞ്ഞു കൊടുത്തിരുന്നത്...എൻ എസ് എസ് എന്താണെന്ന് മിസ് ഇപ്പൊ പറഞ്ഞപ്പോഴാണ് എനിക്ക് മനസിലായത് പാവപ്പെട്ടവർക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാൻ ഇനി മുതൽ ഞാൻ ഉണ്ടാവും മിസ് എന്നെ വിളിച്ചാൽ മതിയെന്നൊക്കെ പറയുമ്പോൾ അത് വെറും വാക്കല്ലായെന്ന്‌നും അവന്റെ ആത്മാർഥതയും സ്‌നേഹവും ഞാൻ തിരിച്ചറിയുകയായിരുന്നു...

പിന്നെ എന്തിനും ഞാൻ അവനെ വിളിക്കുമാരുന്നു ...ഫോണിൽ വിളിച്ചുടനെ കാര്യം എന്താണ് എന്ന് കേൾക്കാൻ നിൽക്കാതെ മിസ് എവിടുണ്ട് ഞാൻ വരാമെന്നു പറഞ്ഞു എന്നെ കാണാനെത്തുമായിരുന്നു .....പറയുന്ന കാര്യങ്ങൾ തികച്ചും ആത്മാർഥതയോടെ ചെയ്തു തരും...
എന്നെ കാണുമ്പോൾ ആദ്യം ഒളിക്കുന്ന കുട്ടികളുണ്ട് എന്തെങ്കിലും പണി ഏൽപ്പിച്ചാലോ എന്ന് കരുതിയിട്ടു...

അവിടെ അഭിമന്യു വ്യത്യസ്തനായിരുന്നു ...

എവിടെ വച്ച് കണ്ടാലും മുൻപിലേക്ക് വരും എന്തെങ്കിലും വിശേഷം ചോദിക്കും...നമുക്ക് കോളേജിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പറയും...ഹോസ്റ്റൽ ബുദ്ധിമുട്ടുകളായിരുന്നു എപ്പോഴും പറഞ്ഞിരുന്നത് ..മിസ്സന് എന്തെങ്കിലും ഈ വിഷയത്തിൽ ചെയ്യാൻ പറ്റുവോ എന്ന് എപ്പോഴും ചോദിക്കുമായിരുന്നു ... മറ്റുള്ളവരെ നന്നായി കെയർ ചെയ്യുന്നവനായിരുന്നു...പ്രായത്തിൽ കവിഞ്ഞ പക്വതയോടെ കാര്യങ്ങളെ വീക്ഷിച്ചിരുന്നു...കൂടെയുള്ള പെൺകുട്ടികളെ കുറിച്ച് എപ്പോഴും ഒരു കരുതൽ ആയിരുന്നു....

ഈ മെയ് മാസത്തിൽ ഒരു ദിവസം ഏകദേശം ഒന്ന് രണ്ടു മണിക്കൂർ എന്റെടത്തു നിന്ന് കുറെ സംസാരിച്ചു...മൊബൈലിൽ കുറെ ഫോട്ടോസ് വീഡിയോസ് ഒക്കെ കാണിച്ചു തന്നു അതൊക്കെ ഫ്രണ്ട്‌സന്റെ ആരുന്നു... മിസ് ഇനി എന്താ പരിപാടിഎന്ന് ചോദിച്ചപ്പോ കൂടെയുള്ള ടീച്ചേഴ്സ് ഒത്തു കൊടൈക്കനാലിൽ പോകുന്ന കാര്യം പറഞ്ഞപ്പോ അവന്റെ മുഖത്തെ സന്തോഷം കാണണമായിരുന്നു ...മിസിനു റിലാക്‌സ് ചെയ്യലോ ,ടൂർ അടിപൊളി ഫോട്ടോസ് ഒക്കെ ആയിട്ട് മിസ് ഓ.ജി. ആക്കും...

(ഓ.ജി. അവന്റെ മാത്രം ഭാഷ ആയിരുന്നു..എന്താ അതിന്റെ അർഥം എന്ന് പലവെട്ടും ചോദിച്ചിട്ടും പറഞ്ഞിട്ടില്ല ...അടിപൊളി എന്നോ മറ്റോ ആണ് അതിന്റെ അർഥം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ) ... വെക്കേഷന് ലുലു കൺവെൻഷൻ സെന്ററിൽ പ്ലംബിങ് വർക്കിന് പോകാൻ ഇരുന്നവനോടാണ് ഞാൻ ടൂർ പോകുന്ന കഥയൊക്കെ പറഞ്ഞത്...കഷ്ടം ...പക്ഷെ ഇപ്പൊ ഓർക്കുമ്പോ.... ഞാനതു പറയുമ്പോ അവന്റെയ് മുഖത്തു നിരാശയോ വിഷമമോ ഒന്നും കണ്ടില്ല നിറഞ്ഞ സന്തോഷമാരുന്നു ... മറ്റുള്ളവരുടെ സന്തോഷം അവന്റെ സന്തോഷമായിരുന്നു...

ഈ മലമുകളിലെ കാടിനുള്ളിലെ ഒറ്റമുറി വീട്ടിൽ നിന്ന് നിറയെ സ്വപ്നങ്ങളുമായി മഹാരാജാസ് കോളേജിൽ വന്നത് നിറയെ സൗഹൃദങ്ങളും സ്‌നേഹവും നേടാനും അത് വഴി അവന്റെ നാടിനു തണലേകാനും... .ഞാൻ ഓർക്കുന്നു ജാതി മത രാഷ്ട്രീയ ഭേദമെന്യേ സൗഹൃദ വലയം സൃഷ്ടിച്ചിരുന്നു...നമ്മുടെ ' വട്ടവട 'എന്ന് പറയുമ്പോൾ സുഹൃത്തുക്കളുടെ മുഖത്തു ചിരിയും സന്തോഷവും... അഭിമന്യു നെ എൻ എസ് എസ് വോളന്റീർ സെക്രട്ടറി ആയി നോമിനേറ്റ് ചെയ്തപ്പോ എല്ലാരും വട്ടവട എന്നും ഓ.ജി.എന്നും പറഞ്ഞു ചിരിച്ചു കൈകൊട്ടിയതു ഞാൻ ഓർക്കുന്നു ....എല്ലാര്ക്കും സമ്മതനായിരുന്നു.. ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ എങ്ങനെ നിനക്ക് സാധിച്ചു അഭിമന്യു ... നീ ഒരു സംഭവം തന്നെ ആരുന്നു.. നിന്നെ മനസ്സിൽ കണ്ടുകൊണ്ടു വരും വർഷത്തെ പ്രവർത്തനങ്ങൾ ഞാൻ ആലോചിച്ചുകൂട്ടുകയായിരുന്നു...കഴുകന്മാർ നിന്നെ കൊത്തിക്കൊണ്ടു പോകുമെന്ന് അറിഞ്ഞിരുന്നില്ലല്ലോ ... അറിഞ്ഞിരുന്നില്ലല്ലോ മോനെ....

ഫോണിൽ അഭിമന്യു ന്റെ വാട്‌സാപ്പ് സന്ദേശങ്ങൾ ഇപ്പൊ വായിച്ചു നോക്കുമ്പോ എത്ര സത്യസന്ധനും എത്ര നല്ല മനസിന്റെ ഉടമയുമായിരുന്നു അവൻ .... ഇത്രയും നന്മയുള്ള മകനെ പെറ്റ അമ്മേ നിങ്ങൾക്കു പ്രണാമം. കോഴിക്കോട് നിന്ന് ഒരമ്മ അവർക്കു പിറക്കാതെ പോയ മകനെ ഓർത്തു വിലപിക്കുന്നു...അഭിമന്യുവിനോട്അടുത്ത് പെരുമാറിയ ടീച്ചർ എന്ന നിലയിൽ അവർ എന്നെ കാണാൻ വരുന്നു... അഭി നീ ഒരു മഹാൻ ആയിരുന്നു...എനിക്ക് വാക്കുകൾ കൊണ്ട് നിന്നെ നിർവചിക്കാൻ അറിയില്ല മോനെ...ഒന്നുറപ്പാ എനിക്കും നീ ആരൊക്കെയോ ആയിരുന്നു...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP