Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആധുനികതയുടെ ശിരോരേഖകൾ

ആധുനികതയുടെ ശിരോരേഖകൾ

ഷാജി ജേക്കബ്‌

രിത്രത്തിന്റെ ഭൂമിശാസ്ത്രവും ഭൂമിശാസ്ത്രത്തിന്റെ ചരിത്രവും നിർമ്മിച്ചുകൊണ്ട് യൂറോപ്പിലും അമേരിക്കയിലും പിന്നീട് കോളനിരാജ്യങ്ങളിലും നടന്ന നാനാതരം സർവ്വേകൾ ലോകചരിത്രത്തിലെതന്നെ ഏറ്റവും വിസ്മയാവഹമായ ശാസ്ത്രഭാവനയുടെയും രാഷ്ട്രീയമോഹങ്ങളുടെയും സംയുക്തസൃഷ്ടിയായിരുന്നു. നിശ്ചയമായും മനുഷ്യാധ്വാനത്തിന്റെ മഹാഗാഥയും. പ്രാചീനകാലം മുതൽ ചെറിയ ചെറിയ സർവ്വേകൾ നടപ്പിലുണ്ടായിരുന്നുവെങ്കിലും, മധ്യകാലം തൊട്ടേ ഭൂപടങ്ങൾ നിലവിൽവന്നുവെങ്കിലും കൊളോണിയൽ ആധുനികതയുടെ രണ്ടാം ഘട്ടത്തിലാണ് സർവ്വേകൾ ഭൂപടനിർമ്മിതി മുതൽ ഭൂനികുതിവ്യവസ്ഥകൾ വരെയുള്ള മുഴുവൻ ഭൂരാഷ്ട്രീയങ്ങളെയും നിർണയിച്ച ഘടകമായി മാറുന്നത്. ശാസ്ത്രവും ഭാവനയും സംസ്‌കാരവും രാഷ്ട്രീയവും വഴിതിരിച്ചുവിട്ട ചരിത്രത്തിന്റെ കാലലീലകളിലൊന്നായി മാറി, അവ. ഭൂഖണ്ഡാന്തരസമുദ്രസഞ്ചാരങ്ങൾ മുതൽ ഭൂമിക്കുമേലുള്ള സകലവിധ അധിനിവേശങ്ങളും ചേർന്നു സൃഷ്ടിച്ച കൊളോണിയൽ ആധുനികതയുടെ അടിപ്പടവുകളായി മാറിയ ശാസ്ത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും അത്ഭുതകരമായ കലർപ്പായിരുന്നു, സർവ്വേകൾ. അധിനിവേശത്തിന്റെ ഹസ്തരേഖകൾ.

കൊളോണിയലിസം ഏകശിലാത്മകമായ ഒരു രാഷ്ട്രീയപദ്ധതിയായിരുന്നില്ല. അധിനിവേശത്തിന്റെയും ചൂഷണത്തിന്റെയും മുഖങ്ങൾ മാത്രമല്ല അതിനുണ്ടായിരുന്നത്. പരിഷ്‌കരണത്തിന്റെയും വിമോചനത്തിന്റെയും ഗാഥകളും അതു രചിച്ചു. പ്രൊട്ടസ്റ്റന്റ് ഹ്യൂമനിസത്തിന്റെയും ലിബറൽ ജനാധിപത്യത്തിന്റെയും പ്രത്യയശാസ്ത്രങ്ങൾക്കു ലഭിച്ച പ്രയോഗരൂപങ്ങൾ കോളനിരാജ്യങ്ങളെ ആധുനികീകരിച്ചു. ശാസ്ത്രം, നിയമ-നീതി സംഹിതകൾ, വിദ്യാഭ്യാസം, ജാതിവിരുദ്ധത, സ്ത്രീസ്വാതന്ത്ര്യം, പൗരാവകാശങ്ങൾ,..... കൊളോണിയലിസം നടപ്പാക്കിയ ആധുനികതാവ്യവസ്ഥകളാണ് ഈ ജനതകളുടെ പിൽക്കാലചരിത്രത്തെ നിർണയിച്ചത്. ഭൗമചാപത്തിന്റെ അവതാരികയിൽ ആനന്ദ് സൂചിപ്പിക്കുന്നതുപോലെ, സർവ്വേക്കുമുണ്ടായിരുന്നു, ഈയൊരു ഉഭയസാധ്യതയും ബാധ്യതയും. അദ്ദേഹം പറയുന്നു: 'ബ്രിട്ടീഷ് ഭരണം ക്രൂരതകൾകൊണ്ടും ഹിംസകൊണ്ടും സാമ്പത്തികമായ ചൂഷണം കൊണ്ടും അങ്കിതമായിരുന്നു, തീർച്ച. അമിതമായ ഭൂനികുതി, തുച്ഛമായ വിലയ്ക്ക് കയറ്റുമതി, അമിതമായ വിലയ്ക്ക് ഇറക്കുമതി, ഇങ്ങനെയിങ്ങനെ. ഓരോ ഇരുപതുകൊല്ലം കൂടുമ്പോഴും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനൊടുക്കുന്ന ക്ഷാമങ്ങൾ രാജ്യത്തെ സന്ദർശിച്ചു. ദരിദ്രവും ക്ഷാമപീഡിതവുമായ ഇന്ത്യ സമ്പന്നമായ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയെ subsidise ചെയ്യുകയായിരുന്നുവെന്നും, ഈസ്റ്റിന്ത്യാ കമ്പനിയിൽനിന്ന് ചക്രവർത്തി ഇന്ത്യ വാങ്ങിയപ്പോൾ കമ്പനിക്ക് കൊടുത്ത വിലയും ഇന്ത്യയിലെ ജനങ്ങളെക്കൊണ്ട് കൊടുപ്പിച്ചുവെന്നും രമേശ് ദത്ത് പറയുന്നത് വാസ്തവമായിരുന്നു. എന്നിരിക്കിലും ബ്രിട്ടീഷ് ഗവൺമെന്റ് തുടങ്ങിവെച്ച മൗലികമായ പരിഷ്‌കാരങ്ങൾ പലതും കൊളോണിയൽ ആവശ്യങ്ങളുടെ പരിധിവിട്ട് മുന്നോട്ടുപോയി. പലപ്പോഴും നല്ലതിനായി, ചിലപ്പോൾ വേറേ വഴിക്കും. ഭൂമിയുടെ കണക്കെടുക്കുന്ന സർവ്വേ ഓഫ് ഇന്ത്യ, ഭൂസംബന്ധമായ സമ്പത്തിന്റെ അളവെടുക്കുന്ന മറ്റ് സർവ്വേകൾ, ഭരണസംവിധാനത്തിനുവേണ്ടി നിർമ്മിച്ച റയിൽവെയും റോഡുകളും (സ്വാതന്ത്ര്യസമരത്തിന് ഏറെ സഹായം നൽകി രണ്ടും), ജലസേചനത്തിന് ഉണ്ടാക്കിയ കനാലുകൾ, കാലാവസ്ഥാനിരീക്ഷണത്തിനുള്ള meteorological വകുപ്പ് തുടങ്ങിയവ ഉദാഹരണം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വരൾച്ചകളെയും ക്ഷാമങ്ങളെയും പഠിക്കുവാനെത്തിയ വില്യം റോക്‌സ് ബർഗ് കാലാവസ്ഥാവ്യതിയാനങ്ങൾ ആഗോള പ്രതിഭാസമായിരിക്കാമെന്ന് പതിനെട്ടാം നൂറ്റാണ്ടിൽതന്നെ നിരീക്ഷിച്ചിരുന്നു. തുടർന്ന് പത്തൊമ്പതാം നൂറ്റാണ്ടിൽ നിലവിൽ വന്ന ഒഡിസ്സ ഫാമിൻ കമ്മീഷന്റെ ശുപാർശകളും imperial meteorological റിപ്പോർട്ടിലെ കണ്ടെത്തലുകളും ആഗോളതലത്തിലുള്ള അന്തരീക്ഷമർദ്ദത്തിന്റെ ചാഞ്ചാട്ടങ്ങളെക്കുറിച്ചുള്ള ആധുനിക സിദ്ധാന്തങ്ങൾക്ക് സംഭാവന നൽകിയിട്ടുണ്ട്. ക്രമസമാധാനത്തിനായി ഠഗ്ഗുകൾക്കെതിരേ നടത്തിയ സ്ലീമാന്റെ ഓപ്പറേഷനുകളെ തുടർന്ന് എഡിൻബറോയിലെ അനാട്ടമി സ്‌കൂൾ തുടങ്ങിവെച്ച criminological ഗവേഷണം, ശരീരശാസ്ത്രപരമായി ചിലയിനം മനുഷ്യർ ക്രിമിനലുകളായിരിക്കാമെന്ന സിദ്ധാന്തത്തിലേക്കും യൂജെനിസത്തിലേക്കും നയിച്ചുവെന്നത് വേറെ കാര്യം.

ശാസ്ത്രജ്ഞന്മാർക്കും അന്വേഷകർക്കുമൊപ്പം തങ്ങളുടെ കാലത്തിനും ജോലിക്കും ഏറെ മുമ്പിൽ പോയി ചിന്തിച്ച ലിബറൽ ഭരണാധികാരികൾ കോളനിയിലെ നീതിന്യായവ്യവസ്ഥയിലെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ശബ്ദമുയർത്തിക്കൊണ്ടിരുന്നു. തൽഫലമായി കൽക്കത്തയിൽ സ്ഥാപിതമായ സുപ്രീം കോർട്ടിന്റെ ഉദ്ദേശ്യം കമ്പനി ഭരണാധികാരികൾക്കെതിരായുള്ള നാട്ടുകാരുടെ പരാതി കേൾക്കുകയായിരുന്നു'.

ഇന്ത്യയിൽ ബ്രിട്ടീഷ്ഭരണം നടപ്പാക്കിയ ഏറ്റവും ബൃഹത്തും ലോകത്തെതന്നെ ഏറ്റവും സമഗ്രവും സങ്കീർണവുമായ സർവ്വേപദ്ധതിയായിരുന്നു 1800 മുതൽ 1876 വരെ നടന്ന വൻ ത്രികോണമിതിസർവ്വേ (Great Triganometrical Survey-GTS). 'കന്യാകുമാരി മുതൽ ഹിമാലയം വരെ, അക്ഷാംശം 80 ക്കും 370 ക്കും ഇടയ്ക്കുള്ള വൻ ഭൗമചാപ(Great Arc)-ത്തിന്റെ നീളം അളന്നു തിട്ടപ്പെടുത്തിയ ആ സർവ്വേ, ശാസ്ത്രലോകത്തിന്റെ ശ്രദ്ധയും അഭിനന്ദനവും പിടിച്ചുപറ്റിയ ഒന്നായിരുന്നു. വൻ രേഖാംശരേഖാശ്രേണി (Great Meridional Arc) എന്നതിന്റെ ചുരുക്കപ്പേരാണ് Great Arc ഈ ചാപം ഏതാണ്ട് 780 രേഖാംശത്തിലൂടെയാണ് കടന്നുപോകുന്നത്. ഭൂമിയുടെ ശരിയായ ആകൃതിയും അളവുകളും നിർണ്ണയിക്കുക, ഭൂമിയിലെ ഓരോ ബിന്ദുവിന്റെയും അക്ഷാംശരേഖാംശങ്ങൾ കൃത്യമായി അടയാളപ്പെടുത്തുക എന്നിവയായിരുന്നു GTS എന്ന ചുരുക്കപ്പേരിലറിയപ്പെട്ട ആ സർവ്വേയുടെ പ്രധാന ലക്ഷ്യങ്ങൾ. ബ്രിട്ടീഷ് ഇന്ത്യയുടെ പല ഭാഗങ്ങളിലായി ഏകോപനമില്ലാതെ നടന്നുകൊണ്ടിരുന്ന സർവ്വേസംരംഭങ്ങളെ GTS ഒരു കുടക്കീഴിൽ കൊണ്ടുവന്നു. ഭാരതത്തിൽ പിൽക്കാലത്ത് നടന്ന സകല സർവ്വേകൾക്കും ആധാരമായി വർത്തിച്ച ഈ ഉദാത്തസംരംഭത്തിനുവേണ്ടി നൂറുകണക്കിന് ബ്രിട്ടീഷ് സർവ്വേയർമാരും, ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികളും തങ്ങളുടെ ജീവിതംതന്നെ ഉഴിഞ്ഞുവെച്ചു'.

കൊളോണിയലിസത്തിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്കടിത്തറയായി വർത്തിച്ച ശാസ്ത്രപദ്ധതിയും ഭരണകൂടനീക്കവുമെന്ന നിലയിൽ GTSനെ കണ്ട്, അതിന്റെ മുക്കാൽ നൂറ്റാണ്ടുകാലത്തെ ചരിത്രം പ്രകൃതിയും മനുഷ്യനും തമ്മിലും സ്ഥലവും കാലവും തമ്മിലും നടന്ന സംഘർഷങ്ങളുടെയും സമന്വയങ്ങളുടെയും നാൾവഴി ജീവിതമായവതരിപ്പിക്കുകയാണ് സി.എസ്. മീനാക്ഷി. Historical Records of the Survey of India എന്ന പേരിൽ പല വാല്യങ്ങളായി R.H. Phillimore സമാഹരിച്ച ബൃഹദ്‌ഗ്രന്ഥത്തെ ആശ്രയിച്ച് GTSന്റെ ചരിത്രവും അതിന്റെ മുൻ, പിൻ കഥകളും പുനരാവിഷ്‌ക്കരിക്കുകയാണ് 'ഭൗമചാപ'ത്തിൽ മീനാക്ഷി. നിലപാടുകളിലെ സമകാലികതയും സമീപനത്തിലെ വിമർശനാത്മകതയും ചരിത്രവീക്ഷണത്തിലെ രാഷ്ട്രീയസ്വരവും കൊണ്ട് ഒരർഥത്തിൽ GTSന്റെ സാംസ്‌കാരികചരിത്രമായി മാറുന്നു, ഈ പുസ്തകം. ആമുഖത്തിൽ മീനാക്ഷി പറയുന്നു: 'വ്യാപാരികളായും ഭരണാധികാരികളായും രണ്ട് നൂറ്റാണ്ടോളം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വിരാജിച്ച ബ്രിട്ടീഷുകാർ ഇന്ത്യൻ ഭൂമിയെ സമീപിച്ചത് മൂന്നു വിധത്തിലാണ്: ഒന്നാമത്തേത്, 'അളന്നുവെച്ച ദണ്ഡ്‌പോലെ' എന്നു ഹിമാലയത്തെ കാളിദാസൻ വിവരിച്ചതിന്നു സമാനമായി, ഇന്ത്യയെ, ഭൂമിയെന്ന spheroid'-ന്റെ ഒരു ചാപമായിക്കണ്ട് Great Triganometrical Survey (GTS) എന്ന സർവ്വേയിലൂടെ അളക്കുകയും മാനകീകരിക്കുകയും ചെയ്തുകൊണ്ടായിരുന്നു. രണ്ടാമതായി, ഇന്ത്യൻ ഭൂമിയെ നികുതിസ്രോതസ്സായിക്കണ്ട് സാമ്പത്തികലാഭത്തിനുള്ള ഒരുപാധിയാക്കാനായി റവന്യൂസർവ്വേ നടത്തി; ഫലഭൂയിഷ്ഠമായ മണ്ണ്, ഊഷരഭൂമി എന്നിങ്ങനെ തരം തിരിച്ച് നികുതി ഈടാക്കി; മണ്ണിൽ വിളയുന്ന മരങ്ങൾ വെട്ടി തടിയാക്കി മലകളിൽനിന്ന് പുഴകളിലേക്കും അവിടെനിന്ന് തുറമുഖങ്ങൾ വഴി സ്വന്തം നാട്ടിലേക്കും കടത്തി; മൃഗങ്ങളെ ഭക്ഷണത്തിനും വിനോദത്തിനുമായി നായാടി. അങ്ങനെ ഇന്ത്യൻ മണ്ണിനെയും അതിലുണ്ടാകുന്ന വിഭവങ്ങളെയും പൂർണ്ണമായും ചൂഷണം ചെയ്തു. മൂന്നാമതായി ബ്രിട്ടീഷുകാർ ചെയ്തത് ഭൂമിയിൽ പ്രകൃത്യാലുള്ളതും മനുഷ്യനിർമ്മിതവുമായ അചരങ്ങളെയും നിർമ്മിതികളെയും അടയാളപ്പെടുത്തുന്ന Topographical Survey (ടോപോഗ്രഫിക്കൽ സർവ്വേ) ആണ്. ഭാരതത്തിലെ ഓരോ മലയും പുഴയും പീഠഭൂമിയും മരുപ്രദേശവും ഉൾപ്പെടെ ഓരോ മുക്കും മൂലയും അളക്കപ്പെട്ടു. നിരത്തുകളും ക്ഷേത്രങ്ങളും കനാലുകളും പള്ളികളും കൊട്ടാരങ്ങളും കോട്ടകളും അടയാളപ്പെടുത്തപ്പെട്ടു.

മേൽപ്പറഞ്ഞ സംഭവബഹുലമായ സർവ്വേകളും, അവ അരങ്ങേറിയ സ്ഥലകാലങ്ങളുമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യവിഷയം. വ്യത്യസ്തങ്ങളായ സർവ്വേകളാണെന്നിരിക്കിലും, അവ നടന്ന സമയവും ഭൂമികയും ഒന്നായതിനാൽ പല പല ഇടങ്ങളിൽ, നേരങ്ങളിൽ അവ സംയോഗം (overlap) ചെയ്തു. വിവിധ സർവ്വേകൾ ചെയ്യുന്നവർ തമ്മിൽ സൗഹൃദവും സഹായവും വിരോധവും വാശിയും മത്സരവുമുണ്ടായി. അവരിടപെടുന്ന ജനങ്ങളും രാജാക്കന്മാരും തൊഴിലാളികളും സ്ഥലകാലങ്ങളനുസരിച്ച് മാറുന്നുണ്ടെങ്കിലും പൊതുസ്വഭാവം ഒന്നുതന്നെയായിരുന്നു. പക്ഷേ, ഓരോ സർവ്വേയറും ബാഹ്യഘടകങ്ങളോട് ഇടപെട്ടത് പല രീതികളിലായിരുന്നു. എല്ലാം കൊണ്ടും സങ്കീർണ്ണമായ ഈ മൂന്ന് സർവ്വേകളെപ്പറ്റി പറയുമ്പോൾ എത്രയൊക്കെ ശ്രമിച്ചാലും ഒരുപക്ഷേ കഥനത്തിന്റെ കാലക്രമം മാറിമറിയും. സംഭവങ്ങളുടെ സത്ത അതാണിവിടെ പ്രധാനം. ലോകത്തിലെതന്നെ ഏറ്റവും മഹത്തായ ഒരു ശാസ്ത്രപ്രവർത്തനത്തിന് ഭാരതഭൂമി എങ്ങനെ വേദിയായി എന്നും സർവ്വേവഴി സാമ്രാജ്യത്വസ്ഥാപനവും, സാംസ്‌കാരികാധിനിവേശവും എങ്ങനെ സാദ്ധ്യമായി എന്നും വെളിവാക്കാനാണ് ഈ കൃതി ശ്രമിക്കുന്നത്'.

അതിർത്തിനിർണയനം, വിഭവലഭ്യത, വഴികളുടെ നിർമ്മിതി, ജലസേചനം, വൈദ്യുതിയുല്പാദനം, ഖനനം, തോട്ടങ്ങൾ, സൈനികനീക്കങ്ങൾ.... സർവ്വേകളുടെ കണ്ടെത്തലുകളാണ് സാമ്രാജ്യത്തത്തിന്റെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ആവശ്യങ്ങളും താല്പര്യങ്ങളും ഒന്നടങ്കം സാധ്യമാക്കിയത്. GTS അവയിൽ ഏറ്റവും പ്രമുഖവുമായി.

ആറധ്യായങ്ങളിലായി GTSന്റെ സാംസ്‌കാരിക ചരിത്രം മറനീക്കുകയാണ് മീനാക്ഷി. ഒന്നാമധ്യായം, 'ചരിത്രം, ഭൂമിശാസ്ത്രം, ഭാരതം' എന്ന ശീർഷകത്തിൽ സർവ്വേകളുടെ ചരിത്രവും അവ നിർമ്മിച്ചെടുത്ത ഭൂമിശാസ്ത്രജ്ഞാനങ്ങളുടെ രാഷ്ട്രീയവും വിശദീകരിക്കുന്നു. പ്രാചീനകാലം മുതലുള്ള ഭൂപടങ്ങളുടെ നിർമ്മാണകഥയാണ് ഇതിലൊന്ന്. 'ഭൂപട'(Map)-ത്തിന്റെ തന്നെ ചരിത്രവും ഭൂമിശാസ്ത്രവും രാഷ്ട്രീയവുമാണ് മറ്റൊന്ന്. 'അക്ഷരാർത്ഥത്തിലും, ആലങ്കാരികാർത്ഥത്തിലും സമഗ്രവീക്ഷണമുള്ള പ്രവർത്തനങ്ങളാണ് സർവ്വേയും ഭൂപടനിർമ്മാണവും. സ്ഥലം, സമയം, ദ്രവ്യം എന്നീ മൂന്നടിസ്ഥാന ഘടകങ്ങളെയും ഭൂപടങ്ങൾ ചിത്രീകരിക്കുന്നു. അവ ചരിത്രത്തിന്റെ ഭൂമിശാസ്ത്രവും, ഭൂമിശാസ്ത്രത്തിന്റെ ചരിത്രവും പറഞ്ഞുതരുന്നു. കാലത്തിന്റെ ഒരു കൈകുലുക്കംകൊണ്ട് ഭൂമിയെന്ന കാലിഡോസ്‌കോപ്പിലെ ഭൂതലപാറ്റേണുകൾ മാറാം. പുഴയുണ്ടായിരുന്നിടത്ത് കരയും, കുഴിയുടെ സ്ഥാനത്ത് മലയും വരാം. അധികാരത്തിന്റെ ഇളക്കങ്ങൾകൊണ്ട് അതിർത്തികൾ മാറാം. സർവ്വേ പ്രവർത്തനം ഭൗതികശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളിൽ അധിഷ്ഠിതമായിരിക്കെത്തന്നെ അത് ചെയ്യുന്ന ആളിന്റെ വിശ്വാസപ്രമാണങ്ങളുടെ പ്രതിഫലനവുമാണ്. ചെയ്യുന്ന ആളിന്റെ ദൃഷ്ടിക്കനുസരിച്ച് സർവ്വേ ഒരു നോട്ടമാവാം, കാഴ്ചയാവാം, വീക്ഷണമാവാം. നിരീക്ഷണമോ, തുറിച്ചുനോട്ടമോ, ചുഴിഞ്ഞുനോട്ടമോ ആവാം. അതിർത്തികളും അധികാരപരിധികളും നിർവചിക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല ഉപാധിയാണ് ഭൂപടങ്ങൾ. ഉപഗ്രഹസാങ്കേതികത വികസിച്ചുവരുന്ന ഈ കാലത്ത് സ്വകാര്യശക്തികൾക്ക് ഉപഗ്രഹമാപ്പുകളിൽ പുറമ്പോക്കുകളെ തങ്ങളുടേതായി അടയാളപ്പെടുത്തുവാനും എളുപ്പമാണ്. ഭൂമിയെയും ആകാശത്തെയും കാഴ്ചക്കണ്ണാൽ ഉഴിഞ്ഞ് കിട്ടുന്ന വിവരങ്ങളെ ഒരു കടലാസ്സിലുൾക്കൊള്ളിക്കുന്ന മാന്ത്രികവിദ്യയാണ് ഭൂപടനിർമ്മാണം'.

ഇന്ത്യൻ ഭൂപടവിജ്ഞാനീയത്തിന്റെ സംഗൃഹീതചരിത്രം ഇനിയൊന്ന്. വില്യം ലാംബ്ടൺ, ജയിംസ് റെനൻ തുടങ്ങിയ വിഖ്യാത സർവ്വേയർമാരെക്കുറിച്ചുള്ള കുറിപ്പുകളും ഇവിടെയുണ്ട്. 'സർവ്വേ അധിനിവേശത്തിന്' എന്നതാണ് രണ്ടാമധ്യായം. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിനിവേശചരിതങ്ങൾ സർവ്വേചരിതങ്ങൾ കൂടിയാണെന്ന നിലപാടെടുക്കുന്ന മീനാക്ഷി, യുദ്ധം, വിഭവചൂഷണം എന്നീ രണ്ടുതലങ്ങളിൽ സർവ്വേകൾ സൃഷ്ടിക്കുന്ന മാറ്റങ്ങൾ വിവരിക്കുന്നു. ഹൈദരലിയുടെയും ടിപ്പുവിന്റെയും കാലശേഷമാണ് ഡക്കാൻ സർവ്വേ കേണൽ മക്കൻസിക്കു സാധ്യമായത്. ഈ പദ്ധതി മീനാക്ഷി ഇങ്ങനെ വിവരിക്കുന്നു: 'ടിപ്പുവിന്റെ മരണശേഷം മകെൻസി സമർപ്പിച്ച സർവ്വേപദ്ധതിയുടെ ലക്ഷ്യങ്ങൾ പലതായിരുന്നു. ഇന്ത്യയുടെ പശ്ചിമപൂർവ സമുദ്രതീരങ്ങൾ ബന്ധിപ്പിക്കുക; അക്കാലത്തെ പ്രധാന രാഷ്ട്രീയ ശക്തികേന്ദ്രങ്ങളായിരുന്ന മൈസൂർ രാജാവ്, മറാഠാരാജവംശം, ഹൈദ്രാബാദുൾപ്പെടെയുള്ള പ്രദേശങ്ങൾ ഭരിച്ചിരുന്ന നൈസാം എന്നിവരുടെ അധികാരപരിധിയുടെ അതിർത്തികൾ നിശ്ചയിക്കുക; കോയമ്പത്തൂർ, മലബാർ, കാനറ, കൂർഗ്ഗ് പ്രദേശങ്ങളുടെ അതിർത്തി നിർണ്ണയിക്കുക; ദക്ഷിണേന്ത്യയിൽ വ്യാപിച്ചുകിടക്കുന്ന നിരവധി കുന്നുകളുടെയും കൊടുമുടികളുടെയും ഉച്ചിയിൽ സർവ്വേക്കുവേണ്ടിയുള്ള പ്രധാന സ്റ്റേഷനുകൾ സ്ഥാപിക്കുക; പൂർവപശ്ചിമദിക്കുകൾക്കുപുറമെ ഭാരതത്തിന്റെ ഉത്തരദക്ഷിണദിക്കുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സർവ്വേശൃംഖല യാഥാർത്ഥ്യമാക്കുക തുടങ്ങി തങ്ങളുടെ അധികാരം പ്രയോഗിക്കാൻപോകുന്ന സ്ഥലങ്ങളെക്കുറിച്ചും സംസ്‌കാരങ്ങളെക്കുറിച്ചും സമ്പ്രദായങ്ങളെക്കുറിച്ചുമുള്ള സമ്പൂർണ്ണ വിവരശേഖരണ പരിപാടിയായിരുന്നു അത്. ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ മൊത്തം ഭൂമിശാസ്ത്രപഠനത്തിന് ആധാരമാകുന്ന ഒരു സർവ്വേ ആയിരുന്നു വിഭാവന ചെയ്യപ്പെട്ടത്. അതിൽ ഇവിടത്തെ ഓരോ പർവ്വതവും പീഠഭൂമിയും പുഴയും വനവും മരുഭൂമിയും രേഖപ്പെടുത്തണമെന്നും ഭാവിയിലെ ഭൂമിശാസ്ത്രപരമായ ഏതൊരു പ്രവർത്തനത്തിനും ഈ സർവ്വേ പ്രയോജനപ്പെടണമെന്നും അദ്ദേഹം സ്വപ്നം കണ്ടു. ജ്യോതിർഗോള നിരീക്ഷണങ്ങളെയും ഭൂതല അളവുകളെയും (celestial & terrestrial observations) അടിസ്ഥാനമാക്കി, ഭൂമിയിലെ ഓരോ ബിന്ദുവും അടയാളപ്പെടുത്താനുതകുന്ന ഒരു ത്രികോണശൃംഖല രാജ്യം മുഴുവൻ വ്യാപിപ്പിക്കുക എന്നതായിരുന്നു പ്രവർത്തനത്തിന്റെ ഒരു പ്രധാന ഉദ്ദേശ്യം.

കുന്നുകൾ, പർവതങ്ങൾ, പീഠഭൂമി, കൃഷി, ചെയ്യപ്പെടുന്നവയും അല്ലാത്തവയുമായ ഭൂമി തുടങ്ങി ഭൂവിനിയോഗതരങ്ങൾ, ഓരോ വിളയുടെയും തരം, അളവ്, ആദായം, നികുതി; കനാലുകൾ, ജലസംഭരണികൾ, ജലസേചനപ്രവൃത്തികൾ എന്നിവയുടെയെല്ലാം കണക്കുകൾ ശേഖരിക്കുന്ന കാർഷികസർവ്വേയായിരുന്നു ഈ വൻപദ്ധതിയുടെ മറ്റൊരു പ്രധാന ലക്ഷ്യം. ശേഖരിക്കാൻ ഉദ്ദേശിച്ച മറ്റു ഭൗതികവിവരങ്ങൾ താഴെ കൊടുത്തവയാണ്.

1. സസ്യജാലങ്ങൾ, ധാതുസമ്പത്ത്; 2. വ്യാധികൾ, ഔഷധങ്ങൾ; 3. കാലാവസ്ഥ, ഋതുസ്വഭാവങ്ങൾ; 4. മണ്ണിന്റെ തരം, സ്വഭാവം; നാട്ടുകാരുടെ ആചാരരീതികൾ, ഭാഷ, സ്വഭാവവിശേഷങ്ങൾ; 6 വന്യവും വളർത്തുന്നവയുമായ മൃഗങ്ങൾ; 7. ജനസംഖ്യ, നികുതി'.

സർവേ ഒരു പാനൊപ്റ്റിക്കോൺ ദൗത്യം നിർവഹിക്കുന്നുവെന്നു വിശദീകരിച്ചുകൊണ്ട് അധിനിവേശത്തിന്റെ ഫൂക്കോൾഡിയൻ വ്യാഖ്യാനം നിർവഹിക്കുന്ന മീനാക്ഷി സൈന്യവും സർവ്വേയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. 'പട്ടാളത്തിന്റെ ഒരു അവിഭാജ്യഘടകമെന്ന നിലയിൽ സർവ്വേ വകുപ്പിൽ ജോലി ചെയ്തിരുന്നവരധികവും പട്ടാളക്കാർതന്നെയായിരുന്നു. ഇന്ത്യയിൽ സർവ്വേയ്ക്ക് നേതൃത്വം കൊടുത്തവരിൽ മകെൻസി മാത്രമായിരുന്നു ഒരു എഞ്ചിനീയർ. ലാംബ്ടണും ഹോഡ്ഗ്‌സണും കാലാൾപ്പടയെ നയിച്ചവരായിരുന്നു. ബ്ലാക്കർ ഒരു കുതിരപ്പട്ടാളക്കാരനും, എവറെസ്റ്റ് പീരങ്കിപ്പടത്തലവനുമായിരുന്നു.

സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഈയടുത്ത കാലംവരെയും സർവ്വേ ഓഫ് ഇന്ത്യ പ്രതിരോധവകുപ്പിന്റെ കീഴിലായിരുന്നതിന്റെ കാരണം അതിന്റെ മേൽ വിവരിച്ച ചരിത്രത്തിൽ കണ്ടെത്താവുന്നതാണ്. ഇപ്പോൾ SOI  ശാസ്ത്രവകുപ്പിന്റെ കീഴിലാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭദശയിലും ഈ വകുപ്പിന്റെ ഉന്നതപദങ്ങളലങ്കരിക്കുന്നവർ പട്ടാളസ്ഥാനപ്പേരുള്ളവർതന്നെ'.

വിഭവചൂഷണത്തിന്റെ തന്ത്രങ്ങളാവിഷ്‌കരിക്കാൻ സർവ്വേകളെക്കാൾ മികച്ച മറ്റൊരു മാർഗമില്ല. നോക്കുക: 'അധികാരം പിടിച്ചെടുക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളെപ്പറ്റിയും വിഭവസമ്പത്തിനെപ്പറ്റിയുമുള്ള അറിവ് അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കിയിരുന്നു ബ്രിട്ടീഷുകാർ. പൂർത്തീകരിച്ചതും പണിനടന്നുകൊണ്ടിരിക്കുന്നതും ഭാവിയിൽ വരാൻ പോകുന്നതുമായ റെയിൽവേ ലൈനുകളും, ഇന്ത്യയിൽ പരുത്തിയും കൽക്കരിയും കിട്ടുന്ന പ്രദേശങ്ങളും മാപ്പിൽ അടയാളപ്പെടുത്തപ്പെട്ടു.

ബ്രിട്ടീഷ്-നേപ്പാൾ യുദ്ധം നടക്കുന്നതിനിടയ്ക്ക് ഗൂർഖകളെ ഗോഗ്ര നദിക്കക്കരേക്ക് പറഞ്ഞയച്ചിട്ട് ഹിമാലയത്തിലേക്ക് ഒരു റോഡ് പണിയണമെന്നാവശ്യപ്പെടുന്നു ഹോഡ്‌സൺ (1814 ഡിസംബറിൽ ക്രോഫോഡിനെഴുതിയത്). ഗവർണ്ണർ ജനറൽ മകെൻസിതന്നെ ഹിമാലയത്തിൽപ്പോയി നടത്തിയ നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും അടിസ്ഥാനപ്പെടുത്തി ബ്രിട്ടീഷ് സർക്കാർ യുദ്ധാനന്തരം ഹിമാലയൻ പർവ്വതനിരകളുടെ ഒരു വിശദമായ സർവ്വേ നടത്താനനുവദിച്ചു.

കച്ചവടത്തെക്കാളും നല്ല വരുമാനമാർഗ്ഗം ഭൂമിയും അതിലെ വിഭവങ്ങളുമാണെന്ന് മനസ്സിലാക്കിയ അവർ ഭൂനികുതി തിട്ടപ്പെടുത്താനുള്ള റവന്യുസർവ്വേ, വിളവ് കൂട്ടാനുള്ള ജലസേചനസൗകര്യങ്ങൾ വർദ്ധിപ്പിക്കാനുതകുന്ന സർവ്വേ, തീവണ്ടിഗതാഗതവും നിരത്തുകളും ജലനിർഗമനമാർഗ്ഗങ്ങളും വികസിപ്പിക്കാനായുള്ള ലെവലിങ് സർവ്വേ എല്ലാം ആവിഷ്‌കരിച്ച് നടപ്പിലാക്കി'.

മൂന്നാമധ്യായം, സർവ്വേകൊണ്ട് ബ്രിട്ടീഷുകാരുണ്ടാക്കിയ ഇതര നേട്ടങ്ങൾ വിവരിക്കുന്നു. വ്യാപാരത്തെക്കാൾ മികച്ച വരുമാനമാർഗം നികുതിപിരിവാണെന്നുകണ്ട അവർ, റവന്യു, ടോപ്പോഗ്രഫിക്കൽ, ലെവലിങ്, ഇറിഗേഷൻ സർവ്വേകൾ കൊണ്ട് ആ ലക്ഷ്യം നടപ്പാക്കിയ കഥ പറയുന്നു, മീനാക്ഷി.

നാലാമധ്യായമാണ് ഈ പുസ്തകത്തിന്റെ അച്ചുതണ്ട്. 1800-1876 കാലത്തുനടന്ന വൻ ത്രികോണമിതി സർവ്വേയുടെ ലക്ഷ്യമെന്തായിരുന്നു? 'വിവിധ ഉദ്ദേശ്യങ്ങൾക്കായി പല സ്ഥലങ്ങളിലും നടന്ന സർവ്വേകൾ അതാത് ലക്ഷ്യങ്ങൾക്കുതകിയെങ്കിലും അതുവഴി തങ്ങൾ ഭരിക്കാൻ പോകുന്ന സ്ഥലരാശിയെക്കുറിച്ച് സമഗ്രമായ അറിവ് ബ്രിട്ടീഷുകാർക്ക് ലഭിച്ചില്ല. ഈയൊരു പോരായ്മ നികത്താൻ മകെൻസി ദക്ഷിണേന്ത്യയുടെ സർവ്വാശ്ലേഷിയായ ഒരു സർവ്വേ ആസൂത്രണം ചെയ്തു 1799-ൽ ടിപ്പുവിന്റെ അന്ത്യം കുറിച്ച യുദ്ധം നയിച്ച മകെൻസി, മൈസൂർ പട്ടണത്തിന്റെ സ്റ്റാറ്റിസ്റ്റിക്കൽ വിവരശേഖരണമടക്കമുള്ള സമഗ്ര സർവ്വേ ആരംഭിച്ചു. മകെൻസിയുടെ പ്രധാന പടത്തലവനും ശ്രീരംഗപട്ടണം കോട്ട ആക്രമിച്ച് ടിപ്പുവിനെ കീഴടക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ആളുമായ കേണൽ ലാംബ്ടൻ മറ്റൊരു സർവ്വേക്കായുള്ള നിർദ്ദേശം മുന്നോട്ടുവെച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഒരറ്റം മുതൽ മറ്റൊരറ്റം വരെ നീളുന്ന, മലബാർ തീരത്തെയും, കൊറൊമാണ്ടൽ തീരത്തെയും ബന്ധിപ്പിക്കുന്ന ശാസ്ത്രീയമായ ഒരു ഭൗമസർവ്വേ, അതിനനുയോജ്യമായ അരങ്ങൊരുങ്ങിക്കഴിഞ്ഞിരുന്നു. നവോത്ഥാനതരംഗങ്ങൾ യൂറോപ്പിലെങ്ങും അലയടിക്കുന്നുണ്ടായിരുന്നു. ശാസ്ത്രസിദ്ധാന്തങ്ങളിലൂന്നിയ സാങ്കേതികോപകരണങ്ങൾ നിർമ്മിക്കപ്പെട്ടു. വ്യവസായവൽക്കരണം അത്തരം ഉപകരണങ്ങളുടെ വൻതോതിലുള്ള ഉത്പാദനം സാദ്ധ്യമാക്കി. അങ്ങനെ ബ്രിട്ടീഷുകാർ ഒരു വലിയ ലക്ഷ്യം മുന്നിൽക്കണ്ട് ചാപം കുലച്ചു'.

എന്തായിരുന്നു GTSന്റെ പ്രത്യക്ഷ ദൗത്യം? 'എല്ലാ സർവ്വേകൾക്കും ഭൂപടനിർമ്മാണത്തിനും ആധാരമായി വർത്തിക്കുന്ന അക്ഷാംശരേഖാംശങ്ങൾ രാജ്യം മുഴുവനും അടയാളപ്പെടുത്തുക; ഭൂമിയുടെ വർത്തുളത കണ്ടുപിടിക്കുക എന്നിവയായിരുന്നു GTS-ന്റെ പ്രധാനപ്പെട്ട ദൗത്യങ്ങൾ. അളവുകളും നിരീക്ഷണങ്ങളു (observations)മെടുത്ത് ജിയോഡസിയിലെയും ഗണിതശാസ്ത്രത്തിലെയും നിയമങ്ങൾക്കും ദുരൂഹവും സങ്കീർണ്ണവും വിസ്മയാവഹവുമായ പ്രകൃതിപ്രതിഭാസങ്ങൾക്കും അനുസൃതമായി ഫലങ്ങൾ കണ്ടുപിടിക്കുക എന്ന ബൃഹത്തായ പദ്ധതിയായിരുന്നു അത്'.

രണ്ടു ഭാഗങ്ങളുണ്ട്, ഈയധ്യായത്തിന്. ഒന്നാംഭാഗം GTSന്റെ ശാസ്ത്രീയവശങ്ങൾ ചർച്ചചെയ്യുന്നു. രണ്ടാം ഭാഗം GTSന്റെ അനുഭവചരിതം പറയുന്നു. വില്യം ലാംബ്ടണായിരുന്നു GTSന്റെ തുടക്കത്തിൽ ദക്ഷിണേന്ത്യൻ സർവ്വേക്കു നേതൃത്വം നൽകിയത്. പല ഘട്ടങ്ങളിലും പല പ്രവിശ്യകളിലുമായി നടന്ന സർവ്വേക്ക് ലാംബ്ടണോടൊപ്പം ലഫ്റ്റനന്റ് വാറൻ, ലഫ്റ്റനന്റ് കേറ്റർ എന്നിവരുമുണ്ടായിരുന്നു. 1816ൽ മൂന്നാർ ഉൾപ്പെടെയുള്ള പശ്ചിമഘട്ട മേഖലകൾ സർവ്വേ ചെയ്തതും ഇവരാണ്. ഹൈദരാബാദ് തൊട്ടുള്ള കിഴക്കൻ മേഖലയും ഉത്തരേന്ത്യയും ഹിമാലയവും സർവ്വേ ചെയ്തത് ജോർജ് എവറസ്റ്റിന്റെയും തുടർന്ന് ആൻഡ്രുവോയുടെയും കേണൽ കോൾബ്രൂക്കിന്റെയും മറ്റും നേതൃത്വത്തിലും. മേജർ ബ്രാൻഫിൽ ആണ് ആനമുടി കണ്ടെത്തി, അളന്ന്, ഹിമാലയത്തിനു തെക്ക് ഏറ്റവും ഉയരമുള്ള കൊടുമുടിയായി രേഖപ്പെടുത്തുന്നത്.

മേജർ ലാംബ്ടണും ജോർജ് എവറസ്റ്റുമാണ് GTSന്റെ ഇതിഹാസനായകർ. ലാംബ്ടനെ യുളിസസ് എന്നാണ് എവറസ്റ്റ് വിശേഷിപ്പിച്ചത്. ലാംബ്ടൺന്റെ സംഭാവനകൾ മീനാക്ഷി ഇങ്ങനെ ക്രോഡീകരിക്കുന്നു. '1802-നും 1815-നുമിടയ്ക്ക് കൃഷ്ണാനദിയുടെ തെക്കുള്ള ഇന്ത്യൻ ഉപഭൂഖണ്ഡഭാഗങ്ങൾ (പശ്ചിമഘട്ടത്തിലെ ചില ചെറിയ ഭാഗങ്ങളൊഴികെ) മുഴുവനും ത്രികോണച്ചങ്ങളകളാൽ ബന്ധിപ്പിച്ചു. ലാംബ്ടന്റെ സർവ്വേയുടെ ഫലമായി രൂപംകൊണ്ട ആ ത്രികോണച്ചങ്ങളാ ചട്ടക്കൂട് ഇന്ത്യൻ ഭൂമിശാസ്ത്രപഠനത്തിനടിത്തറയായി. ആ സർവ്വേയുടെ നേട്ടങ്ങൾ താഴെപ്പറയുന്നവയാണ്:

1. കന്യാകുമാരി മുതൽ അക്ഷാംശം 18 ഡിഗ്രി വരെയുള്ള, ഭൂമദ്ധ്യരേഖയ്‌ക്കേറ്റവുമടുത്തുള്ള ഏറ്റവും നീളം കൂടിയ രേഖാംശരേഖ അളക്കപ്പെട്ടു.

2. ഇന്ത്യയിലെ ആയിരക്കണക്കിന് പ്രധാനപ്പെട്ട സ്ഥലങ്ങളുടെ അക്ഷാംശരേഖാംശങ്ങൾ അടയാളപ്പെടുത്തപ്പെട്ടു.

3. ഭൂമിയുടെ ആകൃതിയും വർത്തുളതയും നിർണ്ണയിക്കപ്പെട്ടു.

തന്റെ സർവ്വേയുടെ നിരീക്ഷണങ്ങളും നിർദ്ധാരണങ്ങളും നിർവചനങ്ങളും ഫലങ്ങളും വളരെ വിശദമായി ലാംബ്ടൻ രേഖപ്പെടുത്തി. തന്റെ വിവരണങ്ങളിലൂടെ മഹത്തായ ഒരു ശാസ്ത്രീയസർവ്വേ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് പുറംലോകത്തോട് പ്രഖ്യാപിച്ചു'.

ജോർജ് എവറസ്റ്റിന്റെ പേരാണ് 1850ൽ ഉയരം നിർണയിച്ച K15 കൊടുമുടിക്കു നൽകിയത്. എവറസ്റ്റ് കൊടുമുടി കണ്ടെത്തിയ കഥ കേൾക്കൂ: 'ഹിമാലയത്തിലെ നിരവധി കൊടുമുടികളെക്കുറിച്ച് ബ്രിട്ടീഷുകാർ വിവരശേഖരണം നടത്തി. അതിൽ പ്രധാനം ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറെസ്റ്റിനെക്കുറിച്ചുള്ളതുതന്നെ.

17, 18 നൂറ്റാണ്ടുകളിൽ പെറുവിലെ ചിംബരാസോ (Chimbarazo) കൊടുമുടി(20702 അടി)യാണ് ലോകത്തിലേക്കും ഉയരം കൂടിയ കൊടുമുടി എന്നാണ് വിശ്വസിച്ചിരുന്നത്. പിന്നീട് പല കാലങ്ങളിലായി ഹിമാലയ പർവ്വതനിരകളിലെ ധവളഗിരി (26860 അടി), നന്ദാദേവി (25645 അടി), കാഞ്ചൻജംഗ (28168 അടി) എന്നീ കൊടുമുടികളും ഏറ്റവും ഉയരം കൂടിയത് എന്ന് വിശ്വസിക്കപ്പെട്ടു.

എവറെസ്റ്റിനുശേഷം സർവ്വേയർജനറലായി ചുമതലയേറ്റ അിറൃലം ണമൗഴവ 1845-ൽ ഹിമാലയപർവ്വതനിരകളിലെ ആയിരക്കണക്കിന് കൊടുമുടികളിൽ പ്രധാനപ്പെട്ടവയുടെ ഉയരം നിർണ്ണയിക്കുവാനുള്ള പദ്ധതികളാവിഷ്‌കരിച്ചു. ഹിമാലയൻ കൊടുമുടികളിൽ അധികവും എപ്പോഴും ഹിമാവൃതമായിരുന്നു. പകുതിയെണ്ണത്തിനു മാത്രമേ പ്രാദേശിക നാമങ്ങൾ ഉണ്ടായിരുന്നുള്ളൂ.

ഒരു കൊടുമുടിയുടെ ഉയരം ശരിയായി നിർണ്ണയിക്കണമെങ്കിൽ കുറഞ്ഞത് രണ്ടു സ്ഥലങ്ങളിൽനിന്നെങ്കിലും അളവുകളെടുക്കുവാൻ പാകത്തിന് ദൃശ്യമാകണം. അത് സാധിച്ചാൽത്തന്നെ ഓരോ സ്ഥലത്തുനിന്നു നോക്കുമ്പോഴും ഒരേ കൊടുമുടിക്കുതന്നെ രണ്ടു സ്ഥലത്തുനിന്ന് രണ്ട് പേര് കൊടുത്ത അനുഭവങ്ങളുമുണ്ടായി. ണമൗഴവ, ഘമില എന്നിവർ 1847 നവംബറിൽ ഡാർജിലിങ്ങിൽനിന്ന് 'y' എന്നടയാളപ്പെടുത്തി. സർവ്വേ ചെയ്ത കൊടുമുടിതന്നെയായിരുന്നു ഏതാണ്ടതേ സമയത്ത് മുസാഫർനഗറിനടുത്തുള്ള Sawajpoorþൽ നിന്നും Armstrong 'b' എന്ന പേരിൽ നിരീക്ഷണങ്ങൾക്ക് വിധേയമാക്കിയത്.

ദൃശ്യതയുടെ പ്രശ്‌നത്തിനു പുറമെ ഡാറ്റം (ഏത് തലമടിസ്ഥാനപ്പെടുത്തിയാണോ ഉയരം നിർണ്ണയിക്കേണ്ടത് ആ തലം) എന്ന അടിസ്ഥാനത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, നിരീക്ഷണങ്ങൾ വളരെ ദൂരത്തിൽ നിന്നെടുക്കേണ്ടിവരുന്നത്, പർവ്വതനിരകളുടെ രൂപവലുപ്പങ്ങളിലുള്ള ബാഹുല്യവും സങ്കീർണ്ണതയും തുടങ്ങിയ ഘടകങ്ങളെല്ലാം തന്നെ ഹിമാലയത്തിലെ കൊടുമുടികളുടെ ഉയരനിർണ്ണയത്തിലെ കൃത്യതയെ ബാധിച്ചു. നേപ്പാളിലേക്ക് പ്രവേശിക്കുന്നതിൽനിന്ന നേപ്പാൾ സർക്കാർ ബ്രിട്ടീഷുകാരെ വിലക്കിയിരുന്നതിനാൽ മൈലുകൾക്കപ്പുറമുള്ള ഇന്തോ-ടിബറ്റൻ മേഖലകളിൽ നിന്നു മാത്രമെ ബ്രിട്ടീഷുകാർക്ക് എവറെസ്റ്റിനെ നിരീക്ഷിക്കുവാൻ സാധിച്ചിരുന്നുള്ളൂ.

വിവിധ സ്ഥലങ്ങളിൽ വിവിധ സമയങ്ങളിൽ നിരീക്ഷണങ്ങൾ നടത്തി മേൽപ്പറഞ്ഞ ഘടകങ്ങൾ മൂലം വരുന്ന പിശകുകളൊഴിവാക്കാനുള്ള സ്ഥിരാങ്കങ്ങൾ സമവാക്യങ്ങളിലുൾപ്പെടുത്തിയാണ് എവറെസ്റ്റിന്റെ ഉയരം 29,002 അടി എന്നു നിർണ്ണയിച്ചത്. 1849-50-ൽ ഉത്തരപൂർവ്വ രേഖാംശശ്രേണിയുടെ 6 പ്രധാനപ്പെട്ട സ്റ്റേഷനുകളിൽനിന്ന് ചെയ്ത കിരണസർവ്വേ വഴിയാണ് ഉയരം നിർണ്ണയിച്ചത്.

പ്രാദേശികനാമമുള്ള കൊടുമുടികളെ ആ നാമങ്ങളിലും അല്ലാത്തവയെ സംഖ്യാനാമത്തിലുമാണ് ബ്രിട്ടീഷുകാർ നാമകരണം ചെയ്തത്. അവർ ജലമസ തഢ എന്നു പേരിട്ടു വിളിച്ച കൊടുമുടിയെയാണ് പിന്നീട് എവറെസ്റ്റ് കൊടുമുടി എന്നു നാമകരണം ചെയ്തത്. ദേവദൂംഗ, ഭൈരാവതം, ഗൗരീശങ്കർ, ചോമോ, ലുംഗ്മ, സാഗർമാതാ തുടങ്ങിയ പല പ്രാദേശികനാമങ്ങളും ആ കൊടുമുടിക്കുണ്ടായിരുന്നു'.

അഞ്ചാമധ്യായത്തിൽ, ഇന്ത്യയുടെ ഭൂമിശാസ്ത്രം ഹിമാലയം, പീഠഭൂമികൾ, സമതലങ്ങൾ, പശ്ചിമഘട്ടം, മരുഭൂമികൾ, സമുദ്രതീരങ്ങൾ, ദ്വീപുകൾ എന്നിങ്ങനെ ഏഴു മേഖലകളായി വിഭജിച്ച് നടത്തിയ സർവ്വേകളുടെ കഥയാണുള്ളത്. ഓരോ മേഖലയിലും ഉണ്ടായ സർവ്വേ അനുഭവങ്ങളും പ്രതിസന്ധികളും ദുരന്തങ്ങളും സാഹസങ്ങളും ഭൂപ്രകൃതിവിവരണവും....ഹിമാലയവും ബ്രഹ്മപുത്രാതടങ്ങളും സർവ്വേചെയ്തതിന്റെ കഥയെഴുതുമ്പോൾ വിൽകോക്‌സിന്റെയും കോൾബ്രൂക്കിന്റെയും വെബ്ബിന്റെയും ഡയറിക്കുറിപ്പുകൾ നിരന്തരമുദ്ധരിക്കുന്നുണ്ട്, മീനാക്ഷി. പീഠഭൂമിയും പശ്ചിമഘട്ടവും സർവ്വേ ചെയ്ത കഥ പറയുമ്പോൾ മക്കെൻസിയുടെ കത്തുകളും കുറിപ്പുകളും.

ആറാമധ്യായം, GTS ഉൾപ്പെടെയുള്ള സർവ്വേകളുടെ കൊളോണിയൽ സാംസ്‌കാരിക രാഷ്ട്രീയഫലങ്ങളെക്കുറിച്ചാണ്. 1794ൽ സർവ്വേ സ്‌കൂൾ തുടങ്ങി, ബ്രിട്ടീഷുകാർ. യൂറോപ്യന്മാർക്ക് ഇന്ത്യൻ സ്ത്രീകളിലുണ്ടാകുന്ന കുട്ടികളെ വളർത്താനായി സ്ഥാപിക്കപ്പെട്ടിരുന്ന ബാലസദനത്തിൽനിന്നാണ് സർവ്വേസ്‌കൂളിൽ വിദ്യാർത്ഥികളെ ചേർത്തിരുന്നത്.

സർവ്വേയിൽ നായകസ്ഥാനം വഹിച്ചിരുന്ന ചില ഇന്ത്യക്കാരെക്കുറിച്ചുള്ള തൂലികാചിത്രങ്ങളാണ് ഈയധ്യായത്തിലെ ശ്രദ്ധേയമായ ഭാഗം. അവരുടെ അസാമാന്യമായ പ്രതിഭയും അവർ നേരിട്ട അത്രതന്നെ അസാമാന്യമായ തമസ്‌കരണങ്ങളും മീനാക്ഷി അനാവരണം ചെയ്യുന്നു. രാധാനാഥ് സിക്ദറുടെയും സെയ്ദ് മൊഹ്‌സിൻ ഹുസൈന്റെയും കഥകൾ ഉദാഹരണമാണ്. സിക്ദറുടെ കഥ കേൾക്കൂ: '1813-ൽ കൊൽക്കത്തയിൽ ജനിച്ച രാധാനാഥ് സിക്ദർ അവിടത്തെ ഹിന്ദുകോളേജിൽ ചേർന്നു. പരമ്പരാഗതവിദ്യാഭ്യാസസമ്പ്രദായത്തിനു പകരം ശാസ്ത്രീയവീക്ഷണത്തിലൂന്നിയ വിദ്യാഭ്യാസസമ്പ്രദായമാണ് വേണ്ടത് എന്ന് രാജാറാം മോഹൻ റായിയെപ്പോലുള്ള നേതാക്കൾ ആഹ്വാനം ചെയ്തുകൊണ്ടിരുന്ന സമയമായിരുന്നു അത്. അങ്ങനെയാണ് 1817-ൽ ഹിന്ദുകോളജ് നിലവിൽ വരുന്നത്. അവിടത്തെ അദ്ധ്യാപകനായ Henry Derozio വിപ്ലവാഭിമുഖ്യവും യുക്തിചിന്തയുമുള്ള വ്യക്തിയായിരുന്നു. സിക്ദറുടെ സ്വഭാവരൂപീകരണത്തിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. സിക്ദർ ഗോമാംസം ഭക്ഷിച്ചിരുന്നു; അവരവർക്കിഷ്ടമുള്ളതുപോലെയാണ് വിവാഹം കഴിക്കേണ്ടതെന്ന് വിശ്വസിച്ചിരുന്നു. ന്യൂട്ടോണിയൻ ഗണിതവും ഭൗതികശാസ്ത്രവും പഠിച്ച് വൈദഗ്ദ്ധ്യം നേടിയ ആദ്യ ഇന്ത്യക്കാരിലൊരാളായിരുന്നു രാധാനാഥ് സിക്ദർ. അദ്ദേഹം 1832-ൽ GTS-ൽ ചേർന്നു. Great Arc നിരീക്ഷണങ്ങളിൽ എവറെസ്റ്റിന്റെ വലംകയ്യായി പ്രവർത്തിച്ചു. 1862-ൽ സർവ്വേ ഓഫ് ഇന്ത്യയിൽനിന്ന് വിരമിച്ചു. പിന്നീട് ഗണിതാദ്ധ്യാപകനായി.

1854-ൽ സിക്ദർ മറ്റൊരു Derozio ശിഷ്യനും തന്റെ സുഹൃത്തുമായ Peary Chand Mitrabpambn ചേർന്ന് വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം എന്നിവ പ്രചരിപ്പിക്കുന്നതിനായി Masik Patrika എന്നൊരു ബംഗാളി ജേർണൽ പ്രസിദ്ധീകരിക്കാനാരംഭിച്ചു. ശാസ്ത്രാവബോധവും സ്ത്രീവിദ്യാഭ്യാസവും പ്രചരിപ്പിക്കാൻ യത്‌നിച്ച രാധാനാഥ്, 1862-ൽ സർവ്വേ ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ചശേഷം 1870-ൽ മരിക്കുന്നത് വരെ ശാസ്ത്രപ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. സ്ത്രീവിദ്യാഭ്യാസം നടപ്പിലാക്കുന്നതിന് അദ്ദേഹം പ്രത്യേകം മുൻകൈയെടുത്തു.

തമസ്‌കരണം

സർവ്വേയുടെ ശാസ്ത്രീയമേഖലയ്ക്ക് എവറെസ്റ്റ് കൊടുമുടിയുടെ ഉയരം നിർണ്ണയിക്കുന്നതുൾപ്പെടെ അനന്യമായ സംഭാവനകൾ ചെയ്തു സിക്ദർ. പക്ഷേ അദ്ദേഹത്തിനർഹമായ അംഗീകാരം കൊടുക്കുവാൻ ബ്രിട്ടീഷുകാർ തയ്യാറായില്ല. അന്നുവരെ K15 എന്നറിയപ്പെട്ടിരുന്ന കൊടുമുടിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയെന്ന് സിക്ദറാണ് അന്നത്തെ സർവ്വേയക് ജനറലായ ആൻഡ്രൂ വോവിനെ അറിയിക്കുന്നത്. എന്നാൽ ആ കൊടുമുടിക്ക് എവറെസ്റ്റിന്റെ പേരിടാമെന്നാണ് സർക്കാരിനോട് വോ ശുപാർശ ചെയ്യുന്നത്.

സിക്ദറിന്റെ പേര് തമസ്‌കരിക്കപ്പെട്ട മറ്റൊരു സംഭവം കൂടിയുണ്ടായി. 1851-ൽ പുറത്തിറങ്ങിയ സർവ്വേമാന്വലിലെ ചില ശാസ്ത്രാദ്ധ്യായങ്ങൾ എഴുതിയത് രാധാനാഥ് സിക്ദാറാണ് എന്ന് അതിന്റെ ആമുഖത്തിൽ എടുത്തു പറയുന്നുണ്ട്. എന്നാൽ ഈ മാന്വലിന്റെ മൂന്നാം ലക്കം സിക്ദറിന്റെ മരണശേഷം 1875-ൽ പുറത്തിറക്കിയപ്പോൾ അതിന്റെ ആമുഖത്തിൽ സിക്ദറിന്റെ പേരില്ലായിരുന്നു. ബ്രിട്ടീഷ് സർവ്വേയർമാർ തന്നെ ഈ നടപടിയെ അപലപിച്ചു. Friend of India എന്ന മാസികയിൽ 1876 ജൂൺ 17-നും 24-നും രണ്ടുഭാഗങ്ങളിലായി The Survey of India എന്ന പേരിൽ വന്ന ലേഖനത്തിൽ ഭീരുത്വം കലർന്ന പാപം എന്നും മരിച്ചവരെ കൊള്ളയടിക്കൽ എന്നുമാണ് ഇതിനെ കേണൽ മക്‌ഡൊണാൾഡ് (Colonel Mac Donald) വിശേഷിപ്പിച്ചത്. അതേ മാസികയുടെ 1876 ആഗസ്‌റഅറ് 16-നിറങ്ങിയ ലക്കത്തിലെ മുഖപ്രസംഗത്തിൽ സിക്ദർ ജീവിച്ചിരുന്നെങ്കിൽ അദ്ദേഹമീ അനീതിക്കും അവഗണനയ്ക്കുമെതിരെ പോരാടിയേനെ എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.

അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഇത്തരമനീതിക്കെതിരെ പോരാടിയിരുന്നു. ഒരിക്കൽ സർവ്വേവകുപ്പിലെ തൊഴിലാളികളെ Magistrate Vansittan ചൂഷണം ചെയ്തതിനെതിരെ ശക്തമായി പ്രതിഷേധിച്ച സിക്ദറിനുമേൽ ബ്രിട്ടീഷ്‌കോടതി 200 രൂപ പിഴ ചുമത്തി.

എവറെസ്റ്റിനുശേഷം സർവ്വേജനറൽ ആയി ചാർജ്ജെടുത്ത വോ 1856 ഓഗസ്റ്റ് 6-ന് ലോകത്തെ ഏറ്റവും വലിയ K15 കൊടുമുടിക്ക് Evertse  എന്ന് നാമകരണം ചെയ്തുകൊണ്ട് എവറെസ്റ്റിന് നക്ഷത്രങ്ങളുടെ തൊട്ടുതാഴെ സ്ഥാനം കൊടുത്തു. ഇതിനെസ്സംബന്ധിച്ച് യൂറോപ്യന്മാർക്കിടയിൽതന്നെ ഒരുപാട് അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ട്. Great Arc അളക്കാനായി അദ്ദേഹം ഒരുപാട് യത്‌നിച്ചിട്ടുണ്ടെങ്കിലും, Evertse കൊടുമുടിയുടെ ഉയരം നിർണ്ണയിക്കുന്നതിനുള്ള നിർണ്ണായകപ്രവൃത്തികൾ മുഴുവനും ചെയ്തത് ഭാരതീയനായ രാധാനാഥ് സിക്ദർ ആയിരുന്നു. എന്നാൽ പ്രഗല്ഭനായ ആ ശാസ്ത്രജ്ഞന് അദ്ദേഹം അർഹിക്കുന്ന സ്ഥാനവും പ്രശസ്തിയും കിട്ടിയോ എന്ന് സംശയമാണ്. ഹിമാലയത്തിലെ മറ്റു കൊടുമുടികൾ ഭാരതീയ, ടിബറ്റൻ, നേപ്പാളി, ചൈനീസ് പ്രാദേശികപേരുകളിൽ അറിയപ്പെടുമ്പോൾ എവറെസ്റ്റിനു മാത്രം എന്തിനൊരു വിദേശിയുടെ പേര് കൊടുക്കണം എന്ന സന്ദേഹം യൂറോപ്പിലെ ശാസ്ത്രലോകത്തിനുമുണ്ടായിരുന്നു. റോയൽ സൊസൈറ്റിയിലും മറ്റും ഒരുപാട് വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് അന്നത്തെ സർവ്വേയർ ജനറലും എവറെസ്റ്റിന്റെ പിൻഗാമിയുമായ കേണൽ വോയുടെ നിർദ്ദേശം സ്വീകരിച്ച് ബ്രിട്ടീഷ് ഭരണകൂടം ലോക്തതിലെ ഏറ്റവും വലിയ കൊടുമുടിയെ 'എവറെസ്റ്റ് കൊടുമുടി' എന്ന് നാമകരണം ചെയ്തത്. ഇന്ത്യൻ പ്രതിഭകൾ, ബ്രിട്ടീഷ് അധികാരപ്രഭയിൽ മങ്ങിപ്പോയതിന്റെ ഒരുദാഹരണമാണ് രാധാനാഥിന്റേത്.

പർവതങ്ങളുടെയും നദികളുടെയും സ്ഥലങ്ങളുടെയും തദ്ദേശീയമായ പേരുകൾ തന്നെ ഉപയോഗിക്കണമെന്ന കാര്യത്തിൽ അങ്ങേയറ്റം നിർബന്ധബുദ്ധിയുള്ള ഒരാളായിരുന്നു എവറെസ്റ്റ്. അളവുകളെഴുതുന്ന പുസ്തകത്തിൽ സ്ഥലപ്പേരെഴുതുമ്പോൾ പേർഷ്യൻഭാഷയിലും, പ്രാദേശിക ഭാഷയിലുമെഴുതണമെന്നും, കളക്ടറുടെയും മജിസ്‌ട്രേടിന്റെയും രേഖകളിലുള്ളതുപോലെതന്നെ എഴുതണമെന്നും എവറെസ്റ്റ് നിർദ്ദേശിച്ചിരുന്നു.

ഇത്തരുണത്തിൽ സിക്ദറുടെ ഇരുനൂറാം ജന്മദിനാഘോഷ സമയത്ത് (2013) എന്തുകൊണ്ട് എവറെസ്റ്റ് കൊടുമുടിയെ സിക്ദർ കൊടുമുടി എന്ന് പുനർനാമകരണം ചെയ്തുകൂടാ എന്നു ചോദിക്കുന്നു പ്രസിദ്ധി എഴുത്തുകാരൻ ആശിശ് ലാഹിരി'.

ഭൂപടനിർമ്മാണമുൾപ്പെടെയുള്ള ഭൗതികവിജ്ഞാനങ്ങളുടെയും ഭൂനികുതിയുൾപ്പെടെയുള്ള ഭരണകൂട നടപടികളുടെയും സൈനികനീക്കങ്ങൾ മുതൽ വിഭവലഭ്യത നിർണയം വരെയും ജലസേചനപദ്ധതികൾ മുതൽ വൈദ്യുതിയുല്പാദനം വരെയും റയിൽവേ മുതൽ പൊതുവഴികൾ വരെയുമുള്ള ജീവിതമണ്ഡലങ്ങളുടെയും പ്രയോഗസാധ്യതകൾ ഒന്നടങ്കം രൂപപ്പെടുത്തിയത് പലതരം സർവ്വേകളാണ്. ആ അർഥത്തിൽ അധിനിവേശത്തിന്റെ മാത്രമല്ല, ആധുനികതയുടെതന്നെ ശിരോരേഖകളായി അവ മാറി. ലോകത്തെതന്നെ ഏറ്റവും വിസ്മയാവഹമായ ശാസ്ത്രപ്രകടനം എന്നു വിളിക്കാവുന്ന GTSന്റെ ചരിത്രവും ഭൂമിശാസ്ത്രവും സംസ്‌കാരവും രാഷ്ട്രീയവും മറനീക്കുകയാണ് മീനാക്ഷി ഈ പുസ്തകത്തിൽ. മലയാളത്തിൽ ഇത്തരമൊരു ശാസ്ത്ര-സംസ്‌കാരപഠനം ഇതിനു മുൻപുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ മലയാളത്തിലെ വൈജ്ഞാനിക സാഹിത്യത്തിന് നിശ്ചയമായും ഒരു മുതൽക്കൂട്ടാണ് ഈ ഉദ്യമം. ഒപ്പം, ശാസ്ത്ര-സാങ്കേതികവിദ്യകളുടെ സാംസ്‌കാരിക-രാഷ്ട്രീയ വിശകലനത്തിന്റെ ശ്രദ്ധേയമായ മാതൃകയും.

പുസ്തകത്തിൽനിന്ന്:-

'1776-ൽ അമേരിക്കയിൽനിന്നും പിൻവാങ്ങിയ ബ്രിട്ടീഷുകാർ പിന്നീട് അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചത് ഇന്ത്യയിലായിരുന്നു. അമേരിക്കൻ മണ്ണിൽ യുദ്ധത്തിലും സർവ്വേയിലും അനുഭവജ്ഞാനം നേടിയ ബ്രിട്ടീഷ് പട്ടാളക്കാർ ഇന്ത്യയിൽ സമാനമായ പ്രവൃത്തികളിലേർപ്പെട്ടു.പതിനാലാം നൂറ്റാണ്ടിൽ ഉയിർകൊണ്ട നവോത്ഥാനപ്രസ്ഥാനം യൂറോപ്പിലെങ്ങും യുക്തിവാദത്തിന്റെയും ശാസ്ത്രാധിഷ്ഠിതചിന്തയുടെയും വിത്തുകൾ വിതച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം വ്യവസായവൽകരണത്തിന്റെ തംരഗങ്ങൾ യൂറോപ്പിൽ അലയടിക്കാൻ തുടങ്ങിയിരുന്നു. അതിന്റെ മാറ്റൊലി ശാസ്ത്രലോകത്തും പ്രതിദ്ധ്വനിച്ചു. അന്ധവിശ്വാസങ്ങൾക്കെതിരേ, ദുരാചാരങ്ങൾക്കെതിരേ, ശാസ്ത്രം ആഞ്ഞടിച്ചുതുടങ്ങിയിരുന്നു. യുക്തി മാത്രമാണ് സത്യം എന്ന് പാശ്ചാത്യലോകം വിശ്വസിക്കുകയും, ആ വിശ്വാസം പ്രചരിപ്പിക്കുകയും ചെയ്തുതുടങ്ങിയ കാലം. ശാസ്ത്രം സാങ്കേതികതയെയും, തിരിച്ചും തോളിലേറ്റി കണ്ടുപിടിത്തങ്ങളുടെ ഉയരങ്ങളിലേക്ക് സഞ്ചരിച്ചുതുടങ്ങിയ കാലം. ആ ഒരു പശ്ചാത്തലത്തിൽ വികസിപ്പിച്ചെടുത്ത സാങ്കേതികതയും, നൂതനോപകരണങ്ങളും, ഗണിത സമവാക്യങ്ങളും, യൂറോപ്യന്മാർ ലോകത്തിലെ പലയിടത്തും നടത്തിവന്ന സർവ്വേപ്രവർത്തനങ്ങളെ കൂടുതൽ സൂക്ഷ്മവും സുഗമവുമാക്കി. വേരിലൂടെ ജലമെന്നപോലെ, ഞരന്രിലൂടെ വിഷമെന്നപോലെ, മെല്ലെ മെല്ലെ ബ്രിട്ടീഷ് സർവ്വേ അളക്കാത്ത ഒരിഞ്ച് ഭൂമിയും അവശേഷിച്ചില്ല, ഇന്ത്യയിൽ!

അജ്ഞാതമായ ആപേക്ഷികാങ്കങ്ങളടങ്ങിയ (unknown variables), നീണ്ടതും സങ്കീർണ്ണവുമായ സമവാക്യങ്ങൾ നിർദ്ധാരണം ചെയ്യാൻ രാപകൽ തല പുണ്ണാക്കുന്ന മനുഷ്യകമ്പ്യൂട്ടർമാർ (Great Triganometrical Survey-യുടെ ഗണിതക്രിയകൾ അടങ്ങിയ താളുകൾ ഒരു വൻ ഗ്രന്ഥശാലയുടെ നൂറുകണക്കിന് അലമാരകൾ നിറയ്ക്കാൻ മാത്രം ഉണ്ടായിരുന്നു), ഭൂമിയിൽ അലഞ്ഞുതിരിഞ്ഞ് ശേഖരിച്ച വിവരങ്ങൾ മാപ്പിലൊതുങ്ങുന്ന, എന്നാൽ മനസ്സിലാക്കാൻ പറ്റുന്ന തോതിൽ അർത്ഥവത്തായ വരകളും കുറികളും വർണ്ണങ്ങളും ചിഹ്നങ്ങളും നിറഞ്ഞ വരമൊഴികളാക്കാൻ പാടുപെടുന്ന ചിത്രകാരന്മാർ (ഡ്രാഫ്റ്റ്‌സ്മാന്മാർ); ഫോട്ടോസ്റ്റാറ്റ്-പൂർവ്വ യുഗത്തിൽ ഓരോ രേഖയും എഴുതിയെഴുതി, വരച്ചു വരച്ച് പകർപ്പുകളുണ്ടാക്കിയ റൈറ്റർമാർ; മലമ്പനിയും വസൂരിയും വന്യമൃഗാക്രമണവും വിഷംതീണ്ടലും പട്ടിണിയും അത്യദ്ധ്വാനവും ദുസ്സഹമായ കാലാവസ്ഥയും ദുഷ്‌കരമായ യാത്രയുമെല്ലാം കാരണം മരിച്ചുപോയ തൊഴിലാളികൾ; വിജനമായ ഏകാന്തതകളിൽ ജീവിച്ച് മാനസികാപഭ്രംശം ബാധിച്ച സർവ്വേയർമാർ തുടങ്ങി അനേകായിരങ്ങളുടെ ശ്രമഫലമാണ് നാം കാണുന്ന ഓരോ ഭൂപടവും. ഈ ഭൂപടങ്ങൾ ഉപയോഗിച്ച് ഇന്ത്യപോലെ വൈവിദ്ധ്യമുള്ള ഒരു രാജ്യം കീഴടക്കാനും, വിഭവങ്ങൾ ചൂഷണം ചെയ്യാനുമുള്ള തന്ത്രങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യം എങ്ങനെ ആവിഷ്‌കരിച്ചു നടപ്പിലാക്കി എന്നതിന്റെ ഒരു നഖചിത്രം വരച്ചുകാട്ടാൻ ഈ രചനയിൽ ശ്രമിച്ചിട്ടുണ്ട്.

ഏകാന്തതയുടെ അപാരതീരങ്ങളിലും ഉയരങ്ങളിലും സമയം കഴിക്കാൻ വിധിക്കപ്പെട്ട സർവ്വേയർമാരും തൊഴിലാളികളും ആരാലും അറിയപ്പെടാതെ അംഗീകരിക്കപ്പെടാതെ മരിച്ച് മണ്ണടിഞ്ഞു. മനുഷ്യാദ്ധ്വാനത്തിന്റെ, കർമ്മോത്സുകതയുടെ, സഹനശേഷിയുടെ, മനഃശക്തിയുടെ ഉത്തുംഗതകൾ കാണിച്ചുതരുന്നു, ഈ ശാസ്ത്രസംരംഭങ്ങൾ. മഴയിലും വെയിലിലും കാട്ടിലും മേട്ടിലും അലഞ്ഞ ഒരുപാട് സർവ്വേയർമാരുടെ വിയർപ്പിന്റെയും കഷ്ടപ്പാടിന്റെയും രക്തച്ചൊരിച്ചിലിന്റെയും ഫലമാണ് ഓരോ സർവ്വേപ്രവർത്തനവും. കാറ് മൂടിയ അനേകം രാത്രികളിൽ കാനനവിജനതകളിൽ ആകാശത്തേക്ക് കണ്ണും നട്ടിരുന്ന് ഒടുവിലൊരു തെളിഞ്ഞ രാത്രിയിൽ ഒരു മിന്നലാട്ടംപോലെ ദർശനം തരുന്ന ജ്യോതിർഗോളത്തെ കാണാൻ കാത്തിരിക്കുന്ന ഒരു സർവ്വേയറുടെ, ഒരു ജ്യോതിശാസ്ത്രജ്ഞന്റെ ഏകാന്തജീവിതം ഈ കവിതയിൽ വരച്ച് കാണിച്ചിരിക്കുന്ന അവധൂതന്റേതുപോലെയാണ്.

Give to me the life I love,
Let the love go by me
Give the jolly heaven above
And by the by-way nigh me
Bed in the bush with stars to see
Bread I dip in the river-
There's the life for a man like me,
There's the life forever
(The Vagabound-Robert Louise Stevenson)'.

ഭൗമചാപം
സി.എസ്. മീനാക്ഷി
ഡി.സി. ബുക്‌സ്
വില: 360 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP