Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇംഗ്ലണ്ടിനെ തോൽപ്പിച്ചതോടെ എല്ലാ കളികളും ജയിച്ച് ബെൽജിയം ഗ്രൂപ്പ് ചാമ്പ്യന്മാർ; ഒരു മത്സരംപോലും ജയിക്കാതെ പാനമ മടങ്ങിയപ്പോൾ ടുണീഷ്യയുടെ മടക്കം ഒരു കളി ജയിച്ച സന്തോഷത്തോടെ; പ്രീ ക്വാർട്ടറിൽ ജപ്പാനും ബെൽജിയവും ഏറ്റുമുട്ടുമ്പോൾ ഇംഗ്ലണ്ടിന് എതിരാളികൾ കൊളംബിയ

ഇംഗ്ലണ്ടിനെ തോൽപ്പിച്ചതോടെ എല്ലാ കളികളും ജയിച്ച് ബെൽജിയം ഗ്രൂപ്പ് ചാമ്പ്യന്മാർ; ഒരു മത്സരംപോലും ജയിക്കാതെ പാനമ മടങ്ങിയപ്പോൾ ടുണീഷ്യയുടെ മടക്കം ഒരു കളി ജയിച്ച സന്തോഷത്തോടെ; പ്രീ ക്വാർട്ടറിൽ ജപ്പാനും ബെൽജിയവും ഏറ്റുമുട്ടുമ്പോൾ ഇംഗ്ലണ്ടിന് എതിരാളികൾ കൊളംബിയ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ഗ്രൂപ്പ് ചാമ്പ്യന്മാരെ നിശ്ചയിക്കാൻ വേണ്ടി മാത്രമായിരുന്നു ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടും ബെൽജിയവും കളിക്കാനിറങ്ങിയത്. എന്നാൽ, കളിക്കളത്തിൽ അവർ കളിച്ചത് ഗ്രൂപ്പ് ചാമ്പ്യന്മാരാകാതിരിക്കാനാണെന്നു തോന്നി. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ ഒമ്പതുമാറ്റങ്ങളുമായാണ് ബെൽജിയം ഇറങ്ങിയതെങ്കിൽ, ഇംഗ്ലണ്ട് ടീമിൽ എട്ടുമാറ്റങ്ങളുണ്ടായിരുന്നു. ഈ 'ബി' ടീം പരീക്ഷണം പോലും കളി ജയിച്ച് ഗ്രൂപ്പ് ജേതാക്കളാകാതിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.

ഇരുടീമുകളുടെയും മുന്മത്സരങ്ങളിലെ പ്രകടനം വിലയിരുത്തുമ്പോൾ, ഈ മത്സരത്തിന്റെ ആദ്യപകുതി നിരാശപ്പെടുത്തുന്നതായിരുന്നു. ബെൽജിയം കുറേ ആക്രമണങ്ങൾ നയിച്ചെങ്കിലും അവയ്‌ക്കൊന്നും ഗോളിലേക്കെത്താനുള്ള ആവേശമുണ്ടായിരുന്നില്ല. എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ അദ്‌നൻ ജനുസയ് നേടിയ ഗോൾ ബെൽജിയത്തിന് വിജയം സമ്മാനിച്ചു. ലോകകപ്പിൽ പിറന്ന മികച്ച ഗോളുകളിലൊന്നായി അത് മാറി. ഗോൾ പിറന്ന ഈ നീക്കമൊഴിച്ചാൽ, മത്സരം ഏറെക്കുറെ ആവേശരഹിതമായിരുന്നു.

ജയത്തോടെ, മൂന്നുകളിയിലും വിജയം കണ്ട ബെൽജിയം ഒമ്പതുപോയന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഇംഗ്ലണ്ട് രണ്ടാം സ്ഥാനക്കാരും. പ്രീക്വാർട്ടറിൽ ഗ്രൂപ്പ് എച്ച് മത്സരത്തിലെ രണ്ടാം സ്ഥാനക്കാരായ ജപ്പാനുമായാണ് ബെൽജിയത്തിന്റെ കളി. ഇംഗ്ലണ്ടിന് അതേ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ കൊളംബിയയെയും എതിരാളിയായി കിട്ടി. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർക്ക് പ്രീ-ക്വാർട്ടർ താരതമ്യേന എളുപ്പമാണെങ്കിലും, ക്വാർട്ടർ മുതൽ കടുത്ത എതിരാളികളെ നേരിടേണ്ടിവന്നേക്കാമെന്ന ആശങ്കയായിരുന്നു ബെൽജിയം-ഇംഗ്ലണ്ട് മത്സരത്തിന്റെ ആവേശം കുറച്ചത്.

ബെൽജിയം-ജപ്പാൻ മത്സരത്തിൽ ജയിച്ചുവരുന്നവർക്ക് ക്വാർട്ടറിൽ നേരിടേണ്ടിവരിക ബ്രസീൽ-മെക്‌സിക്കോ മത്സരത്തിലെ എതിരാളികളാണ്. ഇവിടം അതിജീവിച്ചാൽ, സെമിയിൽ ഉറുഗ്വായ്/പോർച്ചുഗൽ/ ഫ്രാൻസ്/ അർജന്റീന എന്നീ ടീമുകളിലൊന്നിനെയും. അതേസമയം, ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിൽ കടന്ന ഇംഗ്ലണ്ടിന് ആദ്യം കൊളംബിയയാണ് എതിരാളികൾ. ക്വാർട്ടറിൽ സ്വീഡൻ-സ്വിറ്റ്‌സർലൻഡ് മത്സര വിജയികളെയും. സെമിയിൽ സ്‌പെയിൻ/റഷ്യ/ക്രൊയേഷ്യ/ഡെന്മാർക്ക് എന്നീ ടീമുകളിലൊന്നിനെയും. താരതമ്യേന കടുപ്പം കുറഞ്ഞ ഈ വഴി ലഭിക്കുമെന്നത് ബെൽജിയം-ഇംഗ്ലണ്ട് മത്സരത്തിന് മുന്നെ ആ മത്സരത്തിന്റെ ഫലം നിർണയിക്കുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടാകാം.

ഗ്രൂപ്പിലെ രണ്ടാമത്തെ കളിയിൽ പാനമയെ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് തോൽപിച്ച് ടുണീഷ്യ ലോകകപ്പിൽ ഒരു ജയം സ്വന്തമാക്കി. ആദ്യ ലോകകപ്പിനെത്തിയ പാനമയാകട്ടെ കളിച്ച മൂന്നുമത്സരങ്ങളും തോറ്റ് നിരാശയോടെ മടങ്ങുകയും ചെയ്തു. മുന്നിലെത്തിയശേഷം രണ്ടുഗോൾ വഴങ്ങിയാണ് പാനമ മത്സരം അടിയറവെച്ചത്. നേരത്തേതന്നെ ഇരുടീമുകളുടെയും പ്രീക്വാർട്ടർ പ്രതീക്ഷകൾ അസ്തമിച്ചിരുന്നു. ലോകകപ്പിൽ 40 വർഷത്തിനുശേഷമാണ് ടുണീഷ്യ ഒരു ജയം സ്വന്തമാക്കുന്നത്. ആദ്യപകുതിയിൽ മെറിയയുടെ സെൽഫ് ഗോളിൽ പിന്നിലായ ടുണീഷ്യ, രണ്ടാം പകുതിയിൽ ബെൻ യൂസഫ്, വഹാബി ഖാസ്‌രി എ്ന്നിവരിലൂടെ തിരിച്ചടിച്ച് മത്സരം പിടിച്ചടുക്കുകയായിരുന്നു.

ഗ്രൂപ്പ് എച്ചിൽനിന്ന് കൊളംബിയയും സെനഗലുമാണ് പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്. ഈ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ ഇടംപിടിക്കുന്ന ഏക ഏഷ്യൻ ടീമായി ജപ്പാൻ മാറിയപ്പോൾ, സെനഗലിന്റെ പുറത്താകലിലൂടെ അവശേഷിച്ച ആഫ്രിക്കൻ സാന്നിധ്യവും ഇല്ലാതാവുകയും ചെയ്തു. പോളണ്ടിനോട് തോറ്റെങ്കിലും ടൂർണമെന്റിൽ കുറച്ച് മഞ്ഞക്കാർഡുകൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ ഫെയർപ്ലേ നിയമത്തിലൂടെ ജപ്പാൻ പ്രീക്വാർട്ടറിലേക്ക് കടക്കുകയായിരുന്നു.

പോളണ്ടിനോട് 1-0ന് തോറ്റതോടെ, ജപ്പാനും കൊളെബിയയോട് തോറ്റ (1-0) സെനഗലിനും നാല് പോയന്റ് വീതമായി. ഇരുവരുടെയും ഗോൾനിലയും തുല്യം. അങ്ങനെ വന്നാലാണ് ഫെയർ പ്ലേ റൂളിലൂടെ സ്ഥാനം നിർണയിക്കുന്നത്. സെനഗലിനെക്കാൾ കുറച്ച് മഞ്ഞക്കാർഡേ ഇതുവരെ കണ്ടിട്ടുള്ളൂവെന്നത് ജപ്പാന് തുണയായി. അവർ രണ്ടാം സ്ഥാനത്തേക്ക് കയറി. ജപ്പാന് മൂന്നും സെനഗലിന് അഞ്ചും മഞ്ഞക്കാർഡുകളാണ് ഇതുവരെ ലഭിച്ചിരുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു ലോകകപ്പിൽ ഫെയർ പ്ലേ റൂളിലൂടെ സ്ഥാനം നിർണയിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP