Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിപ്പ പ്രതിരോധത്തിന് നേതൃത്വം നൽകിയവരെ ആദരിക്കുന്നതിലും രാഷ്ട്രീയം; കേന്ദ്രസംഘത്തിലെ ഡോക്ടർമാർ ആരും തന്നെ ലിസ്റ്റിലില്ല; രാപ്പകൽ പ്രവർത്തിച്ച ജില്ലാ കളക്ടറെയും ഒഴിവാക്കി; അർഹതപ്പെട്ടവർ അവഗണിക്കപ്പെട്ടാൽ ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് ബിജെപി

നിപ്പ പ്രതിരോധത്തിന് നേതൃത്വം നൽകിയവരെ ആദരിക്കുന്നതിലും രാഷ്ട്രീയം; കേന്ദ്രസംഘത്തിലെ ഡോക്ടർമാർ ആരും തന്നെ ലിസ്റ്റിലില്ല; രാപ്പകൽ പ്രവർത്തിച്ച ജില്ലാ കളക്ടറെയും ഒഴിവാക്കി; അർഹതപ്പെട്ടവർ അവഗണിക്കപ്പെട്ടാൽ ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ ആദരിക്കുന്നതിലും രാഷ്ട്രീയം കലർത്തുകയാണെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അർഹതപ്പെട്ടവർ അവഗണിക്കപ്പെട്ടാൽ ബിജെപി ആദരിക്കൽ ചടങ്ങ് ബഹിഷ്‌ക്കരിക്കും സംസ്ഥാന സർക്കാരിന്റെ സങ്കുചിത രാഷ്ട്രീയമാണ് ആദരിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് കാണുമ്പോൾ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിപ വൈറസ് ബാധ സ്ഥിരീകരിച്ച ഉടനെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയോജിത നടപടികളാണ് ഫലം കണ്ടത്. കേന്ദ്രതല വിദഗ്ദ്ധസംഘത്തെ അയച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരിന്റെ നടപടികൾക്ക് പൂർണ പിന്തുണ നൽകി. ജനീവയിലായിരുന്ന കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി. നദ്ദ നേരിട്ട് ഇടപെട്ടാണ് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി), എൻസിഡിസി എപ്പിഡമോളജി വിഭാഗം, ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തുടങ്ങിയ വിഭാഗങ്ങളുടെ സാന്നിദ്ധ്യവും നേതൃത്വവും ഉറപ്പാക്കിയത്. എൻസിഡിസി ഡയറക്ടർ ഡോ. സുജിത്കുമാർ, അസിസ്റ്റന്റ് ഡയറക്ടർ ഡോ. എസ്.കെ. ജെയിൻ, എമർജൻസി മെഡിസിൻ ഡയറക്ടർ ഡോ. രവീന്ദ്രൻ, എൻസിഡിസി മേഖലാ ഡയറക്ടർ ഡോ. രുചി, ഡോ. കെ. രഘു, എൻസിഡിസി അഡൈ്വസർ ഡോ. എം.കെ. ഷൗക്കത്തലി എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

നിപ്പയുടെ ഉറവിട പ്രദേശമായ സൂപ്പിക്കടയിലെത്തി അവിടെയുള്ള ജനങ്ങൾക്ക് ആത്മവിശ്വാസം നൽകിയത് കേന്ദ്രസംഘത്തിലെ ഡോക്ടർമാരായ ഷൗക്കത്തും രഘുവുമായിരുന്നു. പക്ഷെ ഇരുവർക്കും ആദരിക്കുന്നവരുടെ പട്ടികയിൽ ഇടമില്ല. നിപ ബാധിച്ചു മരിച്ചവരുടെ സംസ്‌കാരം എങ്ങനെയാണ് നടത്തേണ്ടതെന്ന പ്രോട്ടോകോൾ തയ്യാറാക്കി നൽകിയത് കേന്ദ്രസംഘത്തിലെ ഡോ. റിമാ സഹായി ആണ്. എന്നാൽ സ്‌നേഹാദരം ചടങ്ങിൽ നിന്ന് ഈ സംഘത്തെ പൂർണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്.

നിപ്പ വൈറസിനെതിരായ പ്രതിരോധത്തെ ഏകോപിപ്പിക്കാൻ മുന്നിൽ നിന്ന് രാപ്പകൽ പ്രവർത്തിച്ച ജില്ലാ കളക്ടറെയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. മേയറുടെ ചേംബറിൽ ഇന്നലെ ചേർന്ന സ്വാഗതസംഘയോഗത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുകയും ബിജെപി ആദരിക്കൽ പരിപാടി ബഹിഷ്‌ക്കരിക്കുമെന്ന് അറിയിക്കുകയും ചെയ്തതുകൊണ്ട് മാത്രമാണ് കേന്ദ്രസംഘ പ്രതിനിധികളെ ലിസ്റ്റിൽ ഉൾപ്പെടുത്താമെന്ന് സമ്മതിച്ചത്.

എന്നാൽ അന്തിമലിസ്റ്റിൽ അർഹതപ്പെട്ടവർ അവഗണിക്കപ്പെട്ടാൽ ബിജെപി ചടങ്ങ് ബഹിഷ്‌ക്കരിക്കും. നിപ്പ ബാധിച്ച് മരിച്ച ബാലുശ്ശേരി രസിലിന്റെ കുടുംബത്തിന് ഇതുവരെ പ്രഖ്യാപിച്ച ധനസഹായം പോലും നൽകാൻ സംസ്ഥാന സർക്കാരിനായിട്ടില്ല.
നിപ്പ പടർന്നു പിടിച്ചപ്പോഴോ കട്ടിപ്പാറയിൽ ഉരുൾപ്പൊട്ടലുണ്ടായപ്പോഴോ മുഖ്യമന്ത്രി കോഴിക്കോട്ട് വന്നിട്ടില്ല.

ഇപ്പോൾ ആദരിക്കുന്നതിനായി എത്തുമെന്നാണ് പറയുന്നത്. കേന്ദ്രസർക്കാർ പദ്ധതികളോട് ഒരു ഭാഗത്ത് മുഖം തിരിഞ്ഞു നിൽക്കുകയും മറുഭാഗത്ത് അതു തങ്ങളുടെ പദ്ധതിയാണെന്ന് വരുത്താനുള്ള ശ്രമവുമാണ് സംസ്ഥാന സർക്കാരും കോഴിക്കോട് കോർപ്പറേഷനും നടത്തുന്നത്. കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന വി.കെ. കൃഷ്ണമേനോൻ സ്മൃതി വനം പ്രവൃത്തി ഉദ്ഘാടന ചടങ്ങിന്റെ ക്ഷണപത്രം കണ്ടാൽ അത് കോർപ്പറേഷന്റെ പദ്ധതിയാണെന്നാണ് തോന്നുകയെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി. ജിജേന്ദ്രൻ, ജില്ലാ ട്രഷറർ ടി.വി. ഉണ്ണികൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP