Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തന്നെ മാറ്റിനിർത്തിയത് തലസ്ഥാനത്തെ സിനിമ രാജാക്കന്മാർ; ഗണേശിന്റെ ഗുണ്ടകളിൽ നിന്ന് ആക്രമണവും വധഭീഷണിയും ഉണ്ടെന്ന് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല; കരാറിലേർപ്പെട്ടിരുന്ന ചിത്രങ്ങളിൽ നിന്നുവരെ ഒഴിവാക്കി; ദിലീപ് അമ്മയിൽ തിരിച്ചെത്തുമ്പോൾ ചർച്ചയായി തിലകൻ മോഹൻലാലിന് അയച്ച കത്ത്; ദിലീപിനോട് സംഘടന കാണിച്ച പരിഗണന അച്ഛന് ലഭിച്ചില്ലെന്ന് മകൾ സോണിയ

തന്നെ മാറ്റിനിർത്തിയത് തലസ്ഥാനത്തെ സിനിമ രാജാക്കന്മാർ; ഗണേശിന്റെ ഗുണ്ടകളിൽ നിന്ന് ആക്രമണവും വധഭീഷണിയും ഉണ്ടെന്ന് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല; കരാറിലേർപ്പെട്ടിരുന്ന ചിത്രങ്ങളിൽ നിന്നുവരെ ഒഴിവാക്കി; ദിലീപ് അമ്മയിൽ തിരിച്ചെത്തുമ്പോൾ ചർച്ചയായി തിലകൻ മോഹൻലാലിന് അയച്ച കത്ത്; ദിലീപിനോട് സംഘടന കാണിച്ച പരിഗണന അച്ഛന് ലഭിച്ചില്ലെന്ന് മകൾ സോണിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാള സിനിമയിലെ മഹാനടനായ തിലകനെ അപമാനിച്ചതിൽ താരസംഘടനയായ അമ്മയ്ക്കുള്ള പങ്ക് വളരെ വലുതാണ്. ദിലീപിനെ തിരിച്ചെടുക്കുമ്പോഴാണ് തിലകന് ആ സംഘടന എത്രത്തോളും നീതി നിഷേധിച്ചു എന്ന കാര്യം വ്യക്തമാകുന്നത്. അസാമാന്യ പ്രതിഭയുടെ ഉടമയായ നടനെ അമ്മയിലെ ചിലരുടെ ഈഗോയുടെയും മാടമ്പിത്തരത്തിന്റെയും പേരിൽ മാറ്റി നിർത്തി അവസരം നിഷേധിക്കുകയായിരുന്നു. ബലാത്സംഗ ക്വട്ടേഷൻ നൽകിയ ദിലീപിനെ പിന്തുണച്ചു കൊണ്ട് അമ്മ രംഗത്തുവന്നപ്പോഴാണ് ഇതിന്റെ മറുഭാഗം ചർച്ചയാകുന്നത്.

മരിക്കും വരെ അമ്മയ്ക്ക് പുറത്തായിരുന്നു തിലകൻ. തനിക്ക് നീതി നിഷേധിക്കുന്നതിനെതിരെ നടൻ മോഹൻലാലിന് അദ്ദേഹം കത്തെഴുതിയിരുന്നു. ആ കത്തിലെ വിവരങ്ങൾ ഇപ്പോഴത്തെ സവിശേഷമായ സാഹചര്യത്തിൽ പുറത്തുവന്നു. അംഗങ്ങളുടെ അവകാശം ചവിട്ടി മെതിക്കുമ്പോൾ 'അമ്മ'യുടെ മൗനം അക്ഷന്തവ്യമായ തെറ്റെന്ന് 2010ൽ മോഹൻലാലിന് എഴുതിയ കത്തിൽ തിലകൻ പറയുന്നുണട്. ജനാധിപത്യ മര്യാദകളുടെ ലംഘനം ന്യായീകരിക്കുന്ന സംഘടനയാണ് 'അമ്മ'യെന്ന് തിലകൻ കത്തിൽ പറയുന്നു.

തലസ്ഥാനത്തെ ഒരു വിഭാഗം സിനിമ രാജാക്കന്മാരാണ് തന്നെ മാറ്റിനിർത്തിയതിനു പിന്നിലെന്നാണ് തിലകൻ പറയുന്നത്. ഗണേശിന്റെ ഗുണ്ടകളിൽ നിന്ന് ആക്രണവും വധഭീഷണിയും ഉണ്ടെന്ന് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. സംഘടനയിൽനിന്ന് പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞത്. വിവാദ പരാമർശങ്ങളെ തുടർന്ന് മുമ്പ് കരാറിലേർപ്പെട്ടിരുന്ന ചിത്രങ്ങളിൽ നിന്നുവരെ ഒഴിവാക്കി എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളാണ് 'അമ്മ'യ്ക്കെതിരെ തിലകൻ ഉന്നയിച്ചത്.

അന്ന് തിലകനോട് പ്രതികാര ബുദ്ധിയോടെ പെരുമാറിയ സംഘടനയാണ് ഇപ്പോൾ ബലാത്സംഗ കേസ് പ്രതിയെ സംഘടനയിലേക്ക് തിരിച്ചെടുത്തിരിക്കുന്നത. ദിലീപിനോട് സംഘടന കാണിച്ച പരിഗണന അച്ഛന് ലഭിച്ചില്ല എന്ന് മകൾ സോണിയ തിലകനും വ്യക്തമാക്കിയിട്ടുണ്ട്. അച്ചടക്ക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഒരു കേസിലും ഉൾപ്പെടാത്ത തിലകനെ പുറത്താക്കിയതെങ്കിൽ അമ്മ സംഘടനയിലെ തന്നെ അംഗത്തിനെതിരേ കുറ്റകൃത്യം നടത്തിയതിന്റെ പേരിലായിരുന്നു നടൻ ദിലീപിനെ പുറത്താക്കിയത്. എന്നാൽ വിധി വരും മുമ്പെയാണ് ഇതേ നടനെ സംഘടന തിരിച്ചെടുത്തിരിക്കുന്നത്. ഇരയ്ക്കൊപ്പമെന്ന പ്രഖ്യാപിച്ച 'അമ്മ' വേട്ടക്കാരനൊപ്പമാണെന്ന് സമൂഹമൊന്നടങ്കം ആക്ഷേപിക്കുന്നതിനിടെയാണ് തിലകൻ വിഷയത്തിൽ 'അമ്മ' പ്രതികരിച്ച രീതിയും തിലകനെഴുതിയ കത്തും ചർച്ചയാവുന്നത്.

മലയാള സിനിമയുടെ കോടാലിയാണ് സംഘടനയായ 'അമ്മ' എന്ന് തിലകൻ നടത്തിയ പ്രസ്താവനയാണ് അദ്ദേഹത്തിനെതിരേ കർശന നടപടിയെടുക്കാൻ കാരണമായി അന്ന് ചൂണ്ടിക്കാട്ടിയത്. എട്ട് വർഷം മുമ്പ് അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്ന മോഹൻലാലിന് തിലകൻ എഴുതിയ കത്താണ് ഇപ്പോൾ ചർച്ചയാവുന്നത്. അച്ചടക്ക സമിതിയിൽ ഹാജരാകാതിരുന്ന തന്റെ വിശദീകരണം കേൾക്കാതെ തന്നെ ഏകപക്ഷീയമായി പുറത്താക്കിയത് തിലകൻ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.ദിലീപിന്റെ വിശദീകരണം കേട്ടില്ലെന്ന ന്യായം പറഞ്ഞ് ദിലീപിനെ തിരിച്ചെടുക്കുമ്പോൾ ആ പരിഗണന തന്റെ അച്ഛന് ലഭിച്ചില്ലെന്ന് തിലകന്റെ മകൾ സോണിയ കുറ്റപ്പെടുത്തുന്നു.

ദിലിപിനെതിരെയും കടുത്ത വിമർശനം തിലകൻ ഉന്നയിച്ചിരുന്നു. ദിലീപ് വിഷമാണെന്നും ക്രിസ്റ്റ്യൻ ബ്രദേഴ്സിൽ നിന്ന് ഒഴിവാക്കാൻ ഉൾപ്പെടെ ചരടുവലിച്ചെന്നുമായിരുന്നു തിലകൻ അഭിമുഖത്തിൽ ആരോപിച്ചത്. അമ്മ പ്രവർത്തിക്കുന്നത് മാഫിയാ സംഘത്തെപ്പോലെയാണെന്നും വിമർശിച്ചുള്ള അഭിമുഖം ദിലീപ് നടിയെ ആക്രമിച്ച കേസിൽ പ്രതിസ്ഥാനത്ത് എത്തിയപ്പോൾ വീണ്ടും സജീവ ചർച്ചയാവുകയും ചെയ്തിരുന്നു. ഇതുതന്നെയാണ് ഇപ്പോൾ ആഷിഖ് അബുവിന്റെ പരാമർശത്തിലൂടെ ഒരിക്കൽ കൂടി പുറത്തുവരുന്നത്. സംവിധായകൻ വിനയും മുമ്പുതന്നെ തിലകനെതിരെ അമ്മ സ്വീകരിച്ച നിലപാട് നെറികേടാണെന്ന് വ്യക്തമാക്കി രംഗത്തുവന്നിരുന്നു. ദിലീപിനെതിരെ ആരോപണം ഉയർന്നതോടെ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ദിലീപ് വിഷമാണെന്നാണ് തിലകൻ പറഞ്ഞിരുന്നത്. തന്റെ അനുഭവത്തിൽ നിന്നാണ് അങ്ങനെ പറഞ്ഞതെന്നും തിലകൻ വ്യക്തമാക്കിയിരുന്നു. അമ്മ എന്ന സംഘടനയോട് എനിക്ക് ബഹുമാനമാണ്. അമ്മയ്ക്കെതിരെ ഒരിക്കലും ഞാൻ സംസാരിച്ചിട്ടില്ല. പക്ഷെ അമ്മ എന്ന സംഘടനയിലെ എക്സിക്യുട്ടീവിലിരിക്കുന്ന ചില അംഗങ്ങൾ ചെയ്യുന്ന പ്രവൃത്തികൾ ഒരു മാഫിയ ചെയ്യുന്നതിന് സമാനവും തീവ്രവാദപരവും വളരെ മോശവുമാണെന്നും തിലകൻ അന്ന് തുറന്നടിച്ചു.

മറ്റൊരു അഭിമുഖത്തിൽ മീശാമാധവനിൽ അഭിനയിച്ച പ്രധാന നടൻ എന്റെ ശത്രുവാണെന്ന് തിലകൻ പറഞ്ഞു. പക്ഷെ ആ ചിത്രം നിർമ്മിച്ച സുബൈറുമായി എനിക്ക് നല്ല ബന്ധമാണ്. എന്നെ അച്ഛനെ പോലെയാണ് കാണുന്നത് എന്ന് സുബൈർ പറഞ്ഞിട്ടുള്ളതായി തിലകൻ പറയുന്നു. ക്രിസ്റ്റ്യൻ ബ്രദേഴ്സ് എന്ന ചിത്രം നിർമ്മിച്ചതും സുബൈറാണ്. ഈ ചിത്രത്തിന് വേണ്ടി എന്റെ 25 ദിവസം കരാർ ചെയ്ത് അഡ്വാൻസ് വാങ്ങിയിരുന്നു. മോഹൻലാലിന്റെയും ദിലീപിന്റെയുമൊക്കെ അച്ഛനായിട്ടാണ് അഭിനയിക്കേണ്ടത് എന്നും, ചേട്ടനല്ലാതെ മറ്റൊരു ഓപ്ഷനില്ല എന്നും സുബൈർ പറഞ്ഞു. എന്നാൽ പിന്നീട് ഈ ചിത്രത്തിൽ നിന്നും എന്നെ ഒഴിവാക്കി. അമ്മ എന്ന സംഘടന ഇടപെട്ടാണ് ആ അവസരം ഇല്ലാതാക്കിയത് എന്ന് തിലകൻ ആരോപിച്ചു.

മലയാള സിനിമയിൽ ഇന്നുള്ള ഒരു സൂപ്പർസ്റ്റാറിന്റെ നിലനിൽപിന്റെ പ്രശ്നമാണത്രെ എന്നെ അഭിനയിപ്പിക്കാതിരിപ്പിക്കുന്നത്. തിലകൻ ചേട്ടന് എന്നെ വിമർശിക്കാനുള്ള അധികാരമുണ്ടെന്നാണ് ഇതിനെ കുറിച്ച് ദിലീപ് പ്രതികരിച്ചത്. വീട്ടിലെ കാരണവർക്ക് നമ്മളെ എന്തും പറയാമെന്നും മലയാള സിനിമയിലെ അഭിനയ പ്രതിഭയാണ് തിലകനെന്നും എറണാകുളത്ത് വച്ച് നടന്ന പത്ര സമ്മേളനത്തിൽ ദിലീപ് പിന്നീട് പ്രതികരിക്കുകയും ചെയ്തു. വലിയവർ സംസാരിക്കുമ്പോൾ ചെറിയവർ മിണ്ടാതിരിക്കണം, തിലകൻ ചേട്ടൻ എന്റെ പേര് പറഞ്ഞതിൽ സന്തോഷമുണ്ട് എന്നും അന്നത്തെ ആരോപണത്തോട് ദിലീപ് പ്രതികരിച്ചു.

അന്ന് താരസംഘടന മാറ്റി നിർത്തിയവരുടെ കൂട്ടത്തിൽ സംവിധായകൻ വിനയനുമുണ്ടായിരുന്നു. പിന്നീട് താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ തന്റെ വിലക്ക് നീക്കുന്നതിന് മമ്മൂട്ടി അനുകൂലമായി സംസാരിച്ചിരുന്നുവെന്ന് സംവിധായകൻ വിനയൻ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ ഈ നിലപാടിനോട് ബഹുമാനം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. അമ്മയുടെ മീറ്റിങ് രഹസ്യമല്ലെന്നും അതിനകത്ത് തന്നെ ഇഷ്ടപ്പെടുന്ന ഒത്തിരി പേരുണ്ടെന്നും വിനയൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP