Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മയിൽ നിന്നും തന്നെ പുകച്ചു പുറത്തു ചാടിച്ചതിൽ ദിലീപിനും പങ്കെന്ന് അന്ന് തിലകൻ പറഞ്ഞത് 'കൊടും വിഷം' എന്നു വിശേഷിപ്പിച്ച്; ബലാത്സംഗ കേസ് പ്രതിയെ സംഘടനയിൽ തിരിച്ചെടുത്തതോടെ 'അമ്മ' എന്നാൽ 'മാഫിയാസംഘം' എന്ന ആ പഴയ വാക്കുകളും ശരിവെച്ചു; ആഷിഖ് അബുവിന്റെ വാക്കുകൾ വിരൽ ചൂണ്ടുന്നത് മലയാളത്തിന്റെ മഹാനടനോട് സൂപ്പർതാര സംഘം കാണിച്ച കൊടിയ ചതിയുടെ ആ പഴയ കഥയിലേക്ക്

അമ്മയിൽ നിന്നും തന്നെ പുകച്ചു പുറത്തു ചാടിച്ചതിൽ ദിലീപിനും പങ്കെന്ന് അന്ന് തിലകൻ പറഞ്ഞത് 'കൊടും വിഷം' എന്നു വിശേഷിപ്പിച്ച്; ബലാത്സംഗ കേസ് പ്രതിയെ സംഘടനയിൽ തിരിച്ചെടുത്തതോടെ 'അമ്മ' എന്നാൽ 'മാഫിയാസംഘം' എന്ന ആ പഴയ വാക്കുകളും ശരിവെച്ചു; ആഷിഖ് അബുവിന്റെ വാക്കുകൾ വിരൽ ചൂണ്ടുന്നത് മലയാളത്തിന്റെ മഹാനടനോട് സൂപ്പർതാര സംഘം കാണിച്ച കൊടിയ ചതിയുടെ ആ പഴയ കഥയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ പ്രതിയായ ദിലീപിനെ കേസിന്റെ വിചാരണ തീർന്ന് കുറ്റവിമുക്തനാണോ അതോ കുറ്റവാളിയാണോ എന്ന് അറിയുന്നതിന് മുമ്പ് തിരിച്ചെടുത്തിരിക്കുന്ന താര സംഘടനയായ അമ്മ. കേസിൽ അറസ്റ്റിലായതോടെ പുറത്താക്കിയ നടനെ തിരികെ സംഘടനയിലേക്ക് പരവതാനിയിട്ട് ആനയിക്കുമ്പോൾ അതിന് പറയുന്ന ന്യായവും വിചിത്രമാണ്.

സംഘടനയുടെ ചട്ടപ്രകാരമല്ല പുറത്താക്കിയതെന്നും ആ നടപടി പിൻവലിക്കുകയാണെന്നുമാണ് ഇപ്പോൾ അമ്മയുടെ അധികാരികൾ പറയുന്ന ന്യായം. ഇരയും താരസംഘടനയിലെ തന്നെ അംഗമായിട്ടുപോലും ഇരയ്‌ക്കൊപ്പമല്ല വേട്ടക്കാരന് ഒപ്പമാണെന്ന തരത്തിലുള്ള ഉറച്ച പ്രഖ്യാപനം കൂടിയായി അമ്മയുടെ തീരുമാനം മാറുന്നതോടെ കടുത്ത വിമർശനമാണ് താരസംഘടനയ്‌ക്കെതിരെ അകത്തുനിന്നും പുറത്തുനിന്നും ഉയരുന്നത്.

എന്നാൽ എല്ലാവർക്കും ഒരേ നീതിയാണെന്നൊക്കെ വീമ്പിളക്കുമ്പോഴും മലയാളത്തിന്റെ മഹാ നടനായ തിലകനെ സംഘടനയിൽ നിന്ന് പുറത്താക്കുകയും അവസാനകാലംവരെ തീണ്ടാപ്പാടകലെ നിർത്തുകയും ചെയ്തതിന്റെ ന്യായീകരണം വീണ്ടും ചർച്ചയാവുകയാണ് താരലോകത്തും സിനിമാപ്രേമികൾക്കും പ്രവർത്തകർക്കുമിടയിലും.

ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല തിലകനെന്നും സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞ കുറ്റത്തിന് സിനിമ തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ അദ്ദേഹത്തോട് അമ്മ മാപ്പുപറയുമായിരിക്കും അല്ലേ എന്ന് ചോദിച്ച് സംവിധായകൻ ആഷിഖ് അബു രംഗത്തെത്തി. ദിലീപിനെ തിരിച്ചെടുത്ത സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി വനിതാ താരങ്ങളുടെ സംഘടന ഡബ്‌ള്യുസിസിയും രംഗത്തെത്തി. ബലാത്സംഗം പോലുള്ള ഒരു കുറ്റകൃത്യത്തിൽ ആരോപിതനായ വ്യക്തിയെ ആണ് വിചാരണപോലും പൂർത്തിയാവും മുമ്പ് നിങ്ങൾ തിരിച്ചെടുത്തതെന്നും അതിൽ നിങ്ങൾക്ക് യാതൊരു അപാകതയും തോന്നുന്നില്ലേ എന്നുമാണ് വനിതാ സംഘടന ചോദിക്കുന്നത്.

കൊടുംകുറ്റകൃത്യത്തിൽ വിചാരണ നേരിടുന്ന ദിലീപിനെ തിരിച്ചെടുക്കുകയും ഒരു തെറ്റും ചെയ്യാതിരുന്ന തിലകനെ സംഘടനയിൽ നിന്ന് പുറത്താക്കുകയും ചെയ്തതിന്റെ ഇരട്ടത്താപ്പ് ഇതോടെ വീണ്ടും ചർച്ചയാവുകയാണ്. തന്നെ അമ്മയിൽ നിന്ന് പുറത്തുചാടിച്ചതിൽ ദിലീപിനും പങ്കുണ്ടെന്ന് നടൻ തിലകൻ തന്നെ തന്റെ അവസാന കാലത്ത് ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ദിലീപിനെ കൊടുംവിഷം എന്ന് വിശേഷിപ്പിച്ചാണ് തിലകൻ സംസാരിച്ചത്.

നടിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയായതോടെ എതിർത്തവരെയെല്ലാം താരസംഘടനയുടെ അമരത്തുനിന്ന് നീക്കാനും തന്നെ അനുകൂലിച്ചവരെയെല്ലാം നേതൃത്വത്തിലെത്തിക്കാനും ദിലീപിന് കഴിഞ്ഞു. പൃത്ഥ്വീരാജും രമ്യനമ്പീശനും ഉൾപ്പെടെയുള്ളവർ പുറത്തുപോയപ്പോൾ സിദ്ദിഖും മുകേഷും ഗണേശ് കുമാറുമെല്ലാം മുൻനിരയിൽ സജീവമായി എത്തി. ഇത്തരത്തിൽ എതിർപ്പിന്റെ ശബ്ദങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കിയാണ് ദിലീപ് വീണ്ടും തിരിച്ചെത്താൻ വഴിയൊരുക്കിയതെന്നതാണ് സിനിമാ ലോകം ചർച്ചചെയ്യുന്നത്.

കൊടുംവിഷമെന്ന് വിശേഷിപ്പിച്ച് തിലകൻ

ദിലീപ് വിഷമാണെന്നും ക്രിസ്റ്റ്യൻ ബ്രദേഴ്‌സിൽ നിന്ന് ഒഴിവാക്കാൻ ഉൾപ്പെടെ ചരടുവലിച്ചെന്നുമായിരുന്നു തിലകൻ അഭിമുഖത്തിൽ ആരോപിച്ചത്. അമ്മ പ്രവർത്തിക്കുന്നത് മാഫിയാ സംഘത്തെപ്പോലെയാണെന്നും വിമർശിച്ചുള്ള അഭിമുഖം ദിലീപ് നടിയെ ആക്രമിച്ച കേസിൽ പ്രതിസ്ഥാനത്ത് എത്തിയപ്പോൾ വീണ്ടും സജീവ ചർച്ചയാവുകയും ചെയ്തിരുന്നു. ഇതുതന്നെയാണ് ഇപ്പോൾ ആഷിഖ് അബുവിന്റെ പരാമർശത്തിലൂടെ ഒരിക്കൽ കൂടി പുറത്തുവരുന്നത്. സംവിധായകൻ വിനയും മുമ്പുതന്നെ തിലകനെതിരെ അമ്മ സ്വീകരിച്ച നിലപാട് നെറികേടാണെന്ന് വ്യക്തമാക്കി രംഗത്തുവന്നിരുന്നു. ദിലീപിനെതിരെ ആരോപണം ഉയർന്നതോടെ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ദിലീപ് വിഷമാണെന്നാണ് തിലകൻ പറഞ്ഞിരുന്നത്. തന്റെ അനുഭവത്തിൽ നിന്നാണ് അങ്ങനെ പറഞ്ഞതെന്നും തിലകൻ വ്യക്തമാക്കിയിരുന്നു. അമ്മ എന്ന സംഘടനയോട് എനിക്ക് ബഹുമാനമാണ്. അമ്മയ്‌ക്കെതിരെ ഒരിക്കലും ഞാൻ സംസാരിച്ചിട്ടില്ല. പക്ഷെ അമ്മ എന്ന സംഘടനയിലെ എക്‌സിക്യുട്ടീവിലിരിക്കുന്ന ചില അംഗങ്ങൾ ചെയ്യുന്ന പ്രവൃത്തികൾ ഒരു മാഫിയ ചെയ്യുന്നതിന് സമാനവും തീവ്രവാദപരവും വളരെ മോശവുമാണെന്നും തിലകൻ അന്ന് തുറന്നടിച്ചു.

മറ്റൊരു അഭിമുഖത്തിൽ മീശാമാധവനിൽ അഭിനയിച്ച പ്രധാന നടൻ എന്റെ ശത്രുവാണെന്ന് തിലകൻ പറഞ്ഞു. പക്ഷെ ആ ചിത്രം നിർമ്മിച്ച സുബൈറുമായി എനിക്ക് നല്ല ബന്ധമാണ്. എന്നെ അച്ഛനെ പോലെയാണ് കാണുന്നത് എന്ന് സുബൈർ പറഞ്ഞിട്ടുള്ളതായി തിലകൻ പറയുന്നു. ക്രിസ്റ്റ്യൻ ബ്രദേഴ്‌സ് എന്ന ചിത്രം നിർമ്മിച്ചതും സുബൈറാണ്. ഈ ചിത്രത്തിന് വേണ്ടി എന്റെ 25 ദിവസം കരാർ ചെയ്ത് അഡ്വാൻസ് വാങ്ങിയിരുന്നു. മോഹൻലാലിന്റെയും ദിലീപിന്റെയുമൊക്കെ അച്ഛനായിട്ടാണ് അഭിനയിക്കേണ്ടത് എന്നും, ചേട്ടനല്ലാതെ മറ്റൊരു ഓപ്ഷനില്ല എന്നും സുബൈർ പറഞ്ഞു. എന്നാൽ പിന്നീട് ഈ ചിത്രത്തിൽ നിന്നും എന്നെ ഒഴിവാക്കി. അമ്മ എന്ന സംഘടന ഇടപെട്ടാണ് ആ അവസരം ഇല്ലാതാക്കിയത് എന്ന് തിലകൻ ആരോപിച്ചു.

മലയാള സിനിമയിൽ ഇന്നുള്ള ഒരു സൂപ്പർസ്റ്റാറിന്റെ നിലനിൽപിന്റെ പ്രശ്‌നമാണത്രെ എന്നെ അഭിനയിപ്പിക്കാതിരിപ്പിക്കുന്നത്. തിലകൻ ചേട്ടന് എന്നെ വിമർശിക്കാനുള്ള അധികാരമുണ്ടെന്നാണ് ഇതിനെ കുറിച്ച് ദിലീപ് പ്രതികരിച്ചത്. വീട്ടിലെ കാരണവർക്ക് നമ്മളെ എന്തും പറയാമെന്നും മലയാള സിനിമയിലെ അഭിനയ പ്രതിഭയാണ് തിലകനെന്നും എറണാകുളത്ത് വച്ച് നടന്ന പത്ര സമ്മേളനത്തിൽ ദിലീപ് പിന്നീട് പ്രതികരിക്കുകയും ചെയ്തു. വലിയവർ സംസാരിക്കുമ്പോൾ ചെറിയവർ മിണ്ടാതിരിക്കണം, തിലകൻ ചേട്ടൻ എന്റെ പേര് പറഞ്ഞതിൽ സന്തോഷമുണ്ട് എന്നും അന്നത്തെ ആരോപണത്തോട് ദിലീപ് പ്രതികരിച്ചു.

അന്ന് താരസംഘടന മാറ്റി നിർത്തിയവരുടെ കൂട്ടത്തിൽ സംവിധായകൻ വിനയനുമുണ്ടായിരുന്നു. പിന്നീട് താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ തന്റെ വിലക്ക് നീക്കുന്നതിന് മമ്മൂട്ടി അനുകൂലമായി സംസാരിച്ചിരുന്നുവെന്ന് സംവിധായകൻ വിനയൻ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ ഈ നിലപാടിനോട് ബഹുമാനം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. അമ്മയുടെ മീറ്റിങ് രഹസ്യമല്ലെന്നും അതിനകത്ത് തന്നെ ഇഷ്ടപ്പെടുന്ന ഒത്തിരി പേരുണ്ടെന്നും വിനയൻ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചകൻ ദിലീപ് ആകരുതേ എന്ന അഭിപ്രായമാണ് വിനയൻ അന്ന് പങ്കുവെച്ചതും. ദിലീപാണ് അത് ചെയ്തതെന്ന് കരുതുന്നില്ല. അങ്ങനെ നാളെ കേക്കരുത്. നമ്മളുടെ ഫാന്റസി ചിന്തയിൽ പോലും ദിലീപ് അങ്ങനെ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നു. എന്നെ വിലക്കാൻ ഒത്തിരി മുന്നിൽ നിന്നിട്ടുള്ളയാളാണ്. അതൊക്കെ സംഘടനാ പ്രശ്‌നം. പക്ഷെ ഇത് അതല്ലല്ലോ, ഇതൊരു നീചമായ പ്രവൃത്തിയല്ലേ, നിർഭയ കേസിനെക്കാൾ നീചമായ സംഭവം. ഈ ഇൻഡസ്ട്രിയിലെ കൂടെ സഹകരിക്കുന്ന ഒരു പെൺകുട്ടിയെ, ഒരു നടിയെ ആക്രമിക്കണമെങ്കിലോ, പീഡിപ്പിക്കണമെങ്കിലോ സിനിമക്കാർ പ്ലാൻ ചെയ്താൽ നടക്കും. കാരണം അത്രയ്ക്ക് പരസ്പരം കെയറുണ്ടെന്ന് വിശ്വസിച്ച് നടക്കുന്ന ഒരു മേഖലയാണിത്. ആ മേഖലയിൽ ഇങ്ങനെയൊരു സംഭവത്തിന് ഈയൊരു വ്യക്തിയുണ്ടാകരുതെ എന്ന് ചിന്തിക്കുന്നയാളാണ് ഞാൻ. - വിനയൻ ഇത്തരത്തിലാണ് പ്രതികരിച്ചത്.

പക്ഷേ, പിന്നീട് സ്ഥിതി മാറി. നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന കേസിൽ ദിലീപ് അറസ്റ്റിലായി വിചാരണ നേരിടുന്നു. അറസ്റ്റിലായതോടെ പുറത്താക്കിയെങ്കിലും മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞ് അമ്മ ഇപ്പോൾ ദിലീപിനെ തിരിച്ചെടുക്കുന്നു. ഒരു കുറ്റവും ചെയ്യാതെ താരങ്ങളുടെ ഈഗോയുടെ പേരിൽ മാത്രം പുറത്താക്കിയ മഹാനടൻ തിലകനെ അവസാനകാലംവരെ പുറത്തുനിർത്തിയ താരസംഘടന ഇപ്പോൾ കേസിൽ പ്രതിയായിട്ടുപോലും വിചാരണ തീരുംമുമ്പേ ന്യായീകരണങ്ങൾ നിരത്തി ദിലീപിന് സ്വാഗതമോതുന്നു. ഇതാണ് വീണ്ടും ചർച്ചയാകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP