Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൊബൈലും ഇന്റർനെറ്റും പുറംലോകവുമായി ബന്ധവുമില്ലാതെ ഒരുമിച്ച് താമസിക്കാൻ എത്തി 16 പേർ; ഇനി ഇവരുടെ താമസം തുറന്നുവെച്ച 60 രഹസ്യ ക്യാമറകൾക്ക് മുമ്പിൽ; പത്രം പോലും കിട്ടില്ലെന്നും മലയാളം മാത്രമേ പറയാവൂ എന്നും ഓർമപ്പെടുത്തൽ; പൂമുഖത്ത് നിന്ന് 'കുടുംബാംഗങ്ങളെ' ഓരോരുത്തരെയായി ക്ഷണിച്ചും പരിചയപ്പെടുത്തിയും കാരണവരായി ലാലേട്ടൻ; ചെറിയ കാര്യങ്ങളില്ല വലിയ കളികൾ മാത്രമെന്ന് ഓർമിപ്പിച്ച് ബിഗ് ബോസിന് കിടിലൻ തുടക്കം

മൊബൈലും ഇന്റർനെറ്റും പുറംലോകവുമായി ബന്ധവുമില്ലാതെ ഒരുമിച്ച് താമസിക്കാൻ എത്തി 16 പേർ; ഇനി ഇവരുടെ താമസം തുറന്നുവെച്ച 60 രഹസ്യ ക്യാമറകൾക്ക് മുമ്പിൽ; പത്രം പോലും കിട്ടില്ലെന്നും മലയാളം മാത്രമേ പറയാവൂ എന്നും ഓർമപ്പെടുത്തൽ; പൂമുഖത്ത് നിന്ന് 'കുടുംബാംഗങ്ങളെ' ഓരോരുത്തരെയായി ക്ഷണിച്ചും പരിചയപ്പെടുത്തിയും കാരണവരായി ലാലേട്ടൻ; ചെറിയ കാര്യങ്ങളില്ല വലിയ കളികൾ മാത്രമെന്ന് ഓർമിപ്പിച്ച് ബിഗ് ബോസിന് കിടിലൻ തുടക്കം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വടിയും കുത്തിപ്പിടിച്ച് ഒരോയിടത്തും നടന്ന് പരിശോധിച്ച്, സൗകര്യങ്ങളെല്ലാം വിലയിരുത്തി, സ്വിമ്മിങ്പൂളം, കലവറയുമെല്ലാം നോക്കിക്കണ്ട് ലാലേട്ടൻ. ഉറക്കറയും പാചകസ്ഥലവും ഇടയ്ക്ക് പുകവലിക്കാനുള്ളവർക്ക് പോയി പുകവലിക്കാനുള്ള സ്ഥലവുമെല്ലാം ചുറ്റിനടന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച് കാരണവർ! പിന്നാലെ ആദ്യ എൻട്രിയുമായി ശ്വേതാമേനോൻ. അതിന് പിന്നാലെ നടൻ ദീപൻ മുരളി, നടൻ ജഗതി ശ്രീകുമാറിന്റെ മകളും നടിയുമായ ശ്രീലക്ഷ്മി, സീരിയൽ താരം ശ്രീനിഷ് അരവിന്ദ്, നടൻ അരിസ്റ്റോ സുരേഷ്... ഓരോരുത്തരായി 16 താമസക്കാർ. എല്ലാവരേയും പരിചയപ്പെടുത്തിയും പരിചയപ്പെട്ടും മോഹൻലാൽ...പ്രേക്ഷകരുടെ ആകാംക്ഷകൾക്ക് വിരാമമിട്ട് ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ മലയാളം പതിപ്പിന് ഏഷ്യാനെറ്റിൽ തുടക്കമായി.

അടിച്ച് ഫിറ്റാകാതെ.. അരിസ്റ്റോ തന്റെ ബ്രാൻഡല്ലെന്ന് പറഞ്ഞ് അരിസ്്‌റ്റോ സുരേഷും, ഹിമ ശങ്കറും, സാമൂഹ്യ പ്രവർത്തക ദിയ സനയും തമ്പുരാൻ സ്റ്റൈലിൽ വേഷമിട്ട് 'തവളയെ പറ്റി താത്വിക അവലോകനവും' എല്ലാംപറഞ്ഞ് അനൂപ് ചന്ദ്രനുമെല്ലാം പിന്നാലെ എത്തി. ഓരോരുത്തരും ബിഗ്‌ബോഗ് ഹൗസിലേക്ക് കയറിച്ചെല്ലുമ്പോൾ അകത്ത് ആദ്യമെത്തിയവരുടെ വക ചെറിയ റാഗിംഗും പരിചയംപുതുക്കലും സൗഹൃദം പങ്കിടലുമെല്ലാം. പിന്നാലെ എത്തുന്നത് തനിക്ക് ഏഴുഭാഷകൾ സംസാരിക്കാൻ അറിയാമെന്ന് പറഞ്ഞ് എത്തിയ മലയാളിയായ കന്നഡ നടി അതിഥി റായ്. അതിന് പിന്നാലെ വന്നതുകൊച്ചിയിലെ ഫ്രീക്കൻ പയ്യനെന്ന് അറിയപ്പെടുന്ന രണ്ടു ഭാര്യമാരുള്ള ബഷീർ ബഷിയും.

അതിനുശേഷം എത്തിയതുകൊച്ചി കോവിലകാംഗം കൂടിയായ മനോജ് കാർത്തിക് വർമ്മയാണ്. കന്നഡയിൽ സിനിമകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാൾ കൂടിയാണ് മനോജ് വർമ്മ. ബിസിനസുകാരനുമാണ്. പിന്നാലെ എത്തുകയായി നടിയും അവതാരകയുമെല്ലാമായ പേളി മാണി. തുടർന്ന് നടനും മോഡലുമായ ഡേവിഡ് ജോൺ, നടനും അവതാരകനുമായ തരികിട സാബു, നടി അർച്ചന സുധീരൻ അങ്ങനെ പതിനഞ്ച് മത്സരാർത്ഥികളും എത്തി. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ അവസാനത്തെ അംഗവും എത്തി. മറ്റാരുമല്ല, കേരളത്തിലെ സ്‌റ്റേജ് ഷോ രംഗങ്ങളിൽ അവതരാകയായി മംഗ്‌ളീഷ് സ്‌റ്റൈലിൽ പുതു തരംഗം തന്നെ സൃഷ്ടിച്ച സാക്ഷാൽ രഞ്ജിനി ഹരിദാസ്.

പ്രേക്ഷകരെ പോലെ മത്സരാഥികളും ആകാംക്ഷയോടെയാണ് ബിഗ് ബോസിനായി കാത്തിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു മത്സരാർത്ഥികളായി എത്തുന്നവരുടെയെല്ലാം പ്രതികരണവും. മോഹൻലാൽ അവതാരകനായി എത്തുന്നു എന്നത് ഒഴിച്ചാൽ ഷോയെ കുറിച്ചേുള്ള മറ്റു വിവരങ്ങളൊന്നും പുറത്തുവിടാതെയായിരുന്നു ഇതിന്റെ പ്രഖ്യാപനം വന്നത്. ടെലിവിഷൻ ചരിത്രത്തിൽ തന്നെ ചരിത്രം സൃഷ്ടിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. തമിഴ്, തെലുങ്ക്, കന്നട, മറാത്തി, ഹിന്ദി എന്നീ ഭാഷകളിൽ നേടിയ വൻ വിജയം നേടിയതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് മലയാളത്തിലും ബിഗ് ബോസ് എത്തിക്കുന്നത്. ഇനി ചെറിയ കാര്യങ്ങളില്ല... വലിയ കളികൾ മാത്രമെന്ന് ഓർമിപ്പിച്ച് ലാലേട്ടന്റെ അവതരണവും.

ആദ്യദിനത്തിൽ മത്സരാർത്ഥികളെ പരിചയപ്പെടുത്തലിനപ്പുറത്തേക്ക് കാര്യങ്ങൾ നീട്ടാതെ വരും ദിനങ്ങളിലും ആകാംക്ഷ നിലനിർത്തുംവിധത്തിലാണ് ബിഗ്‌ബോസിന്റെ അവതരണം തുടങ്ങിയിരിക്കുന്നത്.

 

പ്രേക്ഷകരെ പോലെ ആകാക്ഷയിലാണ് ബിഗ് ബോസിലെ മത്സരാഥികളും. 16 പേരാണ് ഷോയുടെ ഭാഗമാകുന്നത്. തിങ്കൾമുതൽ വെള്ളിവരെയാണ് ഷോ. ഓരോ ആഴ്ചയും രണ്ടുനാളിൽ ലാലും ഇവർക്കൊപ്പം എത്തും. ഓരോ ആഴ്ചയും വിലയിരുത്തലിന് പിന്നാലെ ഓരോ അംഗങ്ങളായി പുറത്താകുംവിധത്തിലാണ് ഷോയുടെ ക്രമീകരണം. മത്സരാർഥികൾക്ക് പോലും ബിഗ് ബോസിനെ കുറിച്ച് അധികം വിവരമില്ല. എന്നാൽ ഷോയിൽ പങ്കെടുക്കുന്നുണ്ടെന്ന് വ്യക്തമാക്കി ചിലർ നേരത്തെ തന്നെ ആകാംക്ഷകളും പങ്കുവച്ചിരുന്നു.

കടുകട്ടി നിയമങ്ങൾ

16 മത്സാരാഥികൾ 100 ദിവസമാണ് ബിഗ് ബോസ് ഹൗസിൽ താമസിക്കാനുള്ളത്. ഇവർക്ക് പുറം ലോകമായി യാതൊരുവിധ ബന്ധവും ഉണ്ടാവില്ല. ഇന്നത്തെ തലമുറ ഇന്റർനെറ്റും മൊബൈൽ ഫോണും കുടുതലായി ഉപയോഗിക്കുന്നവരാണെങ്കിലും ബിഗ് ബോസ് ഹൗസിനുള്ളിൽ ഇതിനൊന്നും സ്ഥാനമില്ല. പത്രമോ ടിവിയോ ഇല്ല. മൊബൈൽ ഫോണോ, സോഷ്യൽ മീഡിയയോ ആയി ഒരു ബന്ധവുമില്ലാതെ 100 ദിവസം വീട്ടിൽ ജീവിക്കണം. പത്രം പോലും ലഭിക്കുകയില്ല. അതു 60 ൽ പരം ക്യാമറയുടെ നിരീക്ഷണത്തിൽ ആയിരിക്കും മുഴുവൻ സമയവും. ഇത്തരത്തിൽ കടുകട്ടി ചലഞ്ച് തന്നെയാണ് ബിഗ്‌ബോസ് ഹൗസിൽ മത്സരാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്. കൂടാതെ മലയാളം മാത്രമേ പറയാവൂ എന്ന നിബന്ധനയുമുണ്ട്.

ബിഗ് ബോസ് ഹൗസിലെ 'താമസക്കാർ' ഇവർ

നടി ശ്വേത മേനോൻ, നടന്മാരായ ദീപൻ, ശ്രീനിഷ് അരവിന്ദ്, അരിസ്റ്റോ സുരേഷ്, അനൂപ് ചന്ദ്രൻ, നടിയും ജഗതി ശ്രീകുമാറിന്റെ മകളുമായ ശ്രീലക്ഷ്മി, നടിയും നാടൻപാട്ടുകാരിയുമായ ഹിമ ശങ്കർ, സാമൂഹ്യ പ്രവർത്തക ദിയ സന, കന്നഡ സിനിമയിൽ സജീവമായ മലയാളി കൂടിയായ നടി അതിഥി റായ്, കൊച്ചിയിലെ ഫ്രീക്കൻ പയ്യൻ എന്നറിയപ്പെടുന്ന ബഷീർ ബഷി, മനോജ് കാർത്തിക്, നടിയും അവതാരകയുമായ പേളി മാണി, നടനും മോഡലുമായ ഡേവിഡ് ജോൺ, തരികിട സാബു, നടി അർച്ചന സുധീരൻ, അവതാരക രഞ്ജിനി ഹരിദാസ് എന്നിവരാണ് ഇനി നൂറുദിവസം ബിഗ്‌ബോസ് ഹൗസിലെ താമസക്കാർ.

ആരാണ് മത്സരാർത്ഥികൾ എന്ന സൂചന പരിപാടിയുടെ സംഘാടകർ നൽകിയിരുന്നില്ലെങ്കിലും ഇതിനിടെ ചിലർ ഫേസ്‌ബുക്ക് കുറിപ്പുകളിലൂടെയും മറ്റും തങ്ങളും ബിഗ് ബോസ് ഹൗസിലേക്ക് ഉണ്ടെന്ന സൂചനകളും നൽകിയിരുന്നു. ജീവിതത്തിലെ ടേണിങ് പോയിന്റിലൂടെ കടന്നു പോവുകയാണെന്ന് നടി ഹിമാ ശങ്കർ പറഞ്ഞത്. തിരിച്ചും വരും വരെ തന്റേ ഫേസ്‌ബുക്ക് പ്രൊഫൈൽ മൗനത്തിലായിരിക്കുമെന്ന് ഹിമ കുറിച്ചു. ഇതുവരെ ഹിമ എന്ന വ്യക്തി സഞ്ചരിച്ച വഴികൾ, ചിന്തകൾ, രൂപങ്ങൾ, ഭാവങ്ങൾ, അനുഭവങ്ങൾ എല്ലാത്തിനേയും ചലഞ്ച് ചെയ്യുന്ന ഒരു സ്‌പേസിൽ ആണ് ഇനിയുള്ള കുറച്ച് നാളുകൾ.

കൂടാതെ തന്റെ ഒഫീഷ്യൽ പേജ് ഇന്നു മുതൽ പേജ് അഡ്‌മിൻസ് ആയിരിക്കും കൈകാര്യം ചെയ്യുകയെന്നും ഹിമ പറഞ്ഞു. ഹിമ എന്ന വ്യക്തിക്ക് നൽകിയ സ്‌നേഹവും പരിഗണനയും അർഹിക്കുന്നു എന്ന് തോന്നിയാൽ സപ്പോർട്ട് ചെയ്യുക എന്നും ഹിമ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ദീപൻ മുരളിയും കഴിഞ്ഞ കുറച്ചു ദിവസം മുൻപ് ഷോയെ കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതിയിരുന്നു. താൻ ഒരു വലിയൊരു പ്രോജക്ടിന്റെ ഭാഗമായിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നാണ് ദീപൻ ഫേസ്‌ബുക്കിൽ കുറിച്ചത്.

മോഹൻലാലിന്റെ പ്രതിഫലം 12 കോടി

പതിനാറ് മത്സരാർത്ഥികൾ ഇനി മുതൽ ബിഗ് ബോസിന്റെ നിർദ്ദേശമനുസരിച്ചായിരിക്കും പ്രവർത്തിക്കുക എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഷോ. തമിഴിൽ കമൽ ഹാസൻ, ഹിന്ദി സൽമാൻ ഖാൻ, തെലുങ്കിൽ ജൂനിയർ എൻടിആർ എന്നിവർക്ക് 12 കോടി രൂപയോളമാണ് പ്രതിഫലം. നൽകിയത്. മോഹൻലാലും ഇതിന് വേണ്ടി അത്രയധികം കോടികൾ വാങ്ങുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.

സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നത് മുംബൈയിൽ

ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എൻഡെമോൾ ഷൈൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്നത് മുംബൈയിൽ വച്ചാണ്. ഇതിനായി ഒരു ബിഗ് ഹൗസ് നിർമ്മിച്ചിരിക്കുകയാണ് ഇവിടെ. ഷോ നടത്തുന്നതിന് വേണ്ടി മൊത്തം 44 കോടി രൂപയോളം ചെലവാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ കൊച്ചിയിൽ ഒരു ബിഗ് ബോസ് ഹൗസ് നിർമ്മിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ചില പ്രശ്നങ്ങൾ നേരിട്ടതിനാൽ മുംബൈ ഫിലിം സിറ്റിയിലേക്ക് തന്നെ മാറ്റാൻ നിർമ്മാതാക്കൾ തീരുമാനിക്കുകയായിരുന്നു. മുൻപ് കൊച്ചിയിൽ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി 2 മുതൽ 3 കോടി വരെ നിർമ്മാതാക്കൾക്ക് നഷ്ടം വന്നിരുന്നെന്ന് വിവരങ്ങൾ വന്നതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP