Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നീറ്റിലെ 56-ാം റാങ്ക് കേരളത്തിലെ ഒന്നാം റാങ്കായപ്പോൾ ജെസ്മരിയ സൂപ്പർ ഡോക്ടറാകുമെന്ന് ഉറപ്പിച്ചു; ഒമാനിൽ നിന്നും പഠിക്കാൻ വേണ്ടി കോട്ടയത്തെത്തിയ അമലിന് എഞ്ചിനീയറിംഗിലെ ഒന്നാം റാങ്ക് വല്ലഭന്റെ പുല്ലുമായുധം: റാങ്കിൽ തിളങ്ങിയവരൊക്കെ പഠനം ലഹരിയാക്കിവയർ തന്നെ

നീറ്റിലെ 56-ാം റാങ്ക് കേരളത്തിലെ ഒന്നാം റാങ്കായപ്പോൾ ജെസ്മരിയ സൂപ്പർ ഡോക്ടറാകുമെന്ന് ഉറപ്പിച്ചു; ഒമാനിൽ നിന്നും പഠിക്കാൻ വേണ്ടി കോട്ടയത്തെത്തിയ അമലിന് എഞ്ചിനീയറിംഗിലെ ഒന്നാം റാങ്ക് വല്ലഭന്റെ പുല്ലുമായുധം: റാങ്കിൽ തിളങ്ങിയവരൊക്കെ പഠനം ലഹരിയാക്കിവയർ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ എൻട്രൻസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ തിളക്കമാർന്ന വിജയം. മെഡിക്കൽ എൻട്രൻസിൽ എറണാകുളം സ്വദേശി ജസ് മരിയ ബെന്നിക്കാണ് (നീറ്റ് റാങ്ക്- 56) ഒന്നാം റാങ്ക്. തിരുവനന്തപുരം കരമന സ്വദേശി സംറീൻ ഫാത്തിമ ആർ രണ്ടാം സ്ഥാനം കരസ്ഥമാക്കി (നീറ്റ് -89).

കോഴിക്കോട് കൊടിയത്തൂർ സ്വദേശി സേബാമ്മാ മാളിയേക്കലിനാണ് മൂന്നാം റാങ്ക് (നീറ്റ്-99). കോഴിക്കോട് വിലങ്ങാട് സ്വദേശി ആറ്റ്ലിൻ ജോർജ്ജ് നാലും (നീറ്റ് - 101), കോട്ടയം മാന്നാനം സ്വദേശി മെറിൻ മാത്യു (നീറ്റ് - 103) അഞ്ചും സ്ഥാനങ്ങൾ നേടി.

എസ്.സി വിഭാഗത്തിൽ കണ്ണൂർ ചിറക്കര സ്വദേശി രാഹുൽ അജിത്തിനാണ് (നീറ്റ് - 605) ഒന്നാം റാങ്ക്. തിരുവനന്തപുരം തോന്നക്കൽ സ്വദേശി ചന്ദന ആർ.എസിനാണ് (നീറ്റ് 707) രണ്ടാം സ്ഥാനം. എസ്.ടി വിഭാഗത്തിൽ കോഴിക്കോട് ചേവായൂർ സ്വദേശി അമാൻഡ എലിസബത്ത് സാമിനാണ് (നീറ്റ് - 5494) ഒന്നാം റാങ്ക്. തിരുവനന്തപുരം മലയടി സ്വദേശി ആദർശ് ഗോപൻ (നീറ്റ് 6103) രണ്ടാം റാങ്കും നേടി.

എഞ്ചിനിയറിങ് വിഭാഗത്തിൽ കോട്ടയം കുറുപ്പന്തറ സ്വദേശി അമൽ മാത്യു ഒന്നാം റാങ്ക് നേടി. കൊല്ലം പെരിനാട് സ്വദേശി എം.ശബരീകൃഷ്ണയ്ക്കാണ് രണ്ടാം റാങ്ക്.

നീറ്റിലെ 56-ാം റാങ്ക്കാരിക്ക് കേരളത്തിലെ ഒന്നാം റാങ്ക്
നീറ്റ് പരീക്ഷയിൽ 56-ാം റാങ്ക് ലഭിച്ച ജെസ് മരിയയ്ക്ക് കേരള എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം തന്നെ ലഭിക്കുമെന്ന് വീട്ടുകാരും അദ്ധ്യാപകരും എല്ലാം പ്രതീക്ഷിച്ചിരുന്നു. എന്നാൽ കേരളാ മെഡിക്കൽ എൻട്രൻസിൽ ഒന്നാം റാങ്ക് നേടിക്കൊണ്ട് ഇരട്ടി മധുരം സമ്മാനിച്ചിരിക്കകയാണ് ജെസ് മരിയ.

അങ്കമാലി വളവഴി മേനാച്ചേരി വീട്ടിൽ ബെന്നിയുടെയും ചെങ്ങൽ സെയ്ന്റ് ജോസഫ്സ് ഹൈസ്‌കൂളിൽ അദ്ധ്യാപികയായ ജെസീന്തയുടെയും മകളാണ് ജെസ് മരിയ. പരിശീലനത്തിന്റെ രണ്ടാം വർഷമാണ് മെഡിക്കൽ എൻട്രൻസ് എന്ന സ്വപ്‌നം ജെസ്് മേരി കൈപ്പിടിയിൽ ഒതുക്കുന്നത്. കാഞ്ഞിരപ്പള്ളി സെയ്ന്റ് ആന്റണീസ് സ്‌കൂളിൽ പഠിച്ചാണ് എൻട്രൻസ് പരിശീലനം നേടിയത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചേർന്ന് പഠിക്കാനാണ് ജെസ് മേരിക്ക് ഇഷ്ടം. എം.ബി.ബി.എസിനു ശേഷം ഓങ്കോളജിയിൽ എം.ഡി. എടുക്കാനാണ് ആഗ്രഹം. ഇന്ന് സമൂഹത്തിൽ വർധിച്ചുവരുന്ന അർബുദത്തെ നിയന്ത്രിക്കാൻ കഴിയുന്ന മേഖല തന്നെ തിരഞ്ഞെടുക്കണമെന്ന് ആഗ്രഹമുണ്ട്. ഗവേഷണത്തിനും സാധ്യതയുള്ള മേഖലയായതിനാലാണ് ഈ വിഷയം തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്''-ജെസ്ന പറയുന്നു. സഹോദരൻ ജോൺ ബെന്നി എൻജിനീയറിങ് വിദ്യാർത്ഥിയാണ്.

അമലിന് ഒന്നാം റാങ്ക് പുത്തരിയല്ല
കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ അമലിന് ഒന്നാം റാങ്ക് ഒരു പുത്തരിയല്ല. അറുന്നൂറിൽ അഞ്ഞൂറ്റി അറുപത്തി അഞ്ച് മാർക്കോടെയാണ് കേരളാ എൻട്രൻസിൽ ഒന്നാമതെത്തിയത്. ദേശീയതലത്തിലെ പ്രവേശന പരീക്ഷകളിലെല്ലാം ഉന്നത വിജയം നേടിയിട്ടുണ്ട്. ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിൽ ദേശീയതലത്തിൽ 85-ാം റാങ്ക് നേടിയപ്പോൾ അത് കേരളത്തിലെ ഒന്നാം സ്ഥാനമായി. കുസാറ്റ് പ്രവേശനപരീക്ഷയിലും എയർ ക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയറിങ് കോമൺ എൻട്രൻസ് ടെസ്റ്റിലും ഒന്നാമനായിരുന്നു.

കോട്ടയം, കുറുപ്പന്തറ പുല്ലൻകുന്നേൽ പ്രൊഫ. മാത്യു ജോസഫിന്റെയും ജാൻസിയുടെ മകനായ അമൽ പത്താം ക്ലാസ് വരെ ഒമാനിലെ ഇബ്ര ഇന്ത്യൻ സ്‌കൂളിൽ സി.ബി.എസ്.ഇ. സിലബസിലാണ് പഠിച്ചിരുന്നത്. ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പ് ലക്ഷ്യമാക്കിയാണ് കോട്ടയം, മാന്നാനം കെ.ഇ.സ്‌കൂളിൽ ചേർന്നത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസോടെയാണ് പ്ലസ്ടു പൂർത്തിയാക്കിയത്. സ്‌കൂളിൽനിന്നെത്തിയാൽ ദിവസവും മൂന്നുമുതൽ നാലുമണിക്കൂർ വരെ പഠനത്തിനായി മാറ്റിവെച്ചിരുന്നു. ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ ആവർത്തിച്ച് വായിക്കുകയും കണക്ക് ഉൾപ്പെടെയുള്ള വിഷയങ്ങൾ തുടർച്ചയായി എഴുതി പരിശീലിച്ചുമാണ് പ്ലസ്ടുവിനും എൽട്രൻസിനും പഠിച്ചിരുന്നത്.

മസ്‌കറ്റിലെ സയൻസ് ഇന്ത്യാ ഫോറത്തിന്റെ ശാസ്ത്രപ്രതിഭാ പുരസ്‌കാരം, ഒമാനിലടക്കം നടന്ന ക്വിസ് മത്സരങ്ങളിലുൾപ്പെടെ നിരവധി അംഗീകാരങ്ങളും അമലിനെ തേടിയെത്തിയിട്ടുണ്ട്. ഭൗതികശാസ്ത്രത്തോട് കമ്പമുള്ള തനിക്ക് മുംബൈ ഐ.ഐ.ടി.യിൽനിന്ന് ഗവേഷണത്തിലൂന്നിയ എൻജിനിയറിങ് ഫിസിക്‌സിൽ തുടർപഠനം നടത്താനാണ് താൽപര്യമെന്ന് അമൽ പറഞ്ഞു.

ആർക്കിടെക്ടാവാൻ ഖത്തറിൽ നിന്നെത്തിയ അഹമ്മദ് ഷബീറിന് രണ്ടാം റാങ്കിന്റെ തിളക്കം
ആർക്കിടെക്ടാവുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാനനാണ് അഹമ്മദ് ഷബീർ ഖത്തറിൽ നിന്നും കേരളത്തിൽ എത്തിയത്. പ്രവേശന പരീക്ഷയ്ക്കു വേണ്ടി മാത്രം കേരളത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ഒരു മാസത്തെ പരിശീലനത്തിന് എത്തിയ ഷബീർ ആദ്യ കടമ്പ റാങ്കോടെ പാസായതിന്റെ സന്തോഷത്തിലാണ്.

കേരള എൻജിനീയറിങ് അഗ്രികൾച്ചറൽ മെഡിക്കൽ (കെ.ഇ.എം.എ.) പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്കാണ് ആലുവ എടത്തല സ്വദേശിയും വിദേശ മലയാളിയുമായ അഹമ്മദ് ഷബീറിനെ തേടിയെത്തിയത്. ദേശീയതലത്തിൽ നടന്ന നാഷണൽ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ട് പരീക്ഷയിലും മികച്ച മാർക്ക് നേടാൻ അഹമ്മദ് ഷബീറിന് കഴിഞ്ഞിരുന്നു. ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെ ഖത്തറിലെ എം.ഇ.എസ്. സ്‌കൂളിലാണ് അഹമ്മദ് ഷബീർ പഠിച്ചത്.

എടത്തല നോർത്ത് കെ.സി. അഹമ്മദ് റോഡിലെ പുതുക്കാട് വീട്ടിൽ ഷബീർ അഹമ്മദിന്റെയും ബിൽകീസ് ഫാത്തിമയുടെയും മകനാണ് അഹമ്മദ് ഷബീർ. കെ.ഇ.എം.എ. പ്രവേശന പരീക്ഷ എഴുതിയ ശേഷം അഹമ്മദ് ഷബീർ ഖത്തറിലേക്ക് മടങ്ങിയിരുന്നു. റാങ്ക് നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അഹമ്മദ് ഷബീർ പറഞ്ഞു.

ആർക്കിടെക്ട് പഠനത്തിനായി തിരുവനന്തപുരത്തെ കോളേജ് ഓഫ് എൻജിനീയറിങ് തിരഞ്ഞെടുക്കാനാണ് താത്പര്യം. അഹമ്മദാബാദിലെ സി.ഇ.പി.ടി.യിലും ഡൽഹിയിലെ ജാമിയ മിലിയ കോളേജിലും അഡ്‌മിഷനു വേണ്ടി ശ്രമിക്കുന്നുണ്ടെന്നും അഹമ്മദ് ഷബീർ പറഞ്ഞു.

ശബരീ കൃഷ്ണയ്ക്ക് രണ്ടാം റാങ്കിന്റെ തിളക്കം
എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ രണ്ടാംറാങ്ക് നേടിയതിന്റെ ആഹ്ലാദത്തിലാണ് ശബരി കൃഷ്ണ. പരീക്ഷയിൽ അഞ്ചിനകം റാങ്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ച ശബരിക്ക് രണ്ടാം റാങ്ക് ലഭിച്ചതോടെ സന്തോഷം ഇരട്ടിച്ചു. എല്ലാ ക്ലാസിലും നൂറിൽ നൂറു മാർക്കും നേടിയുള്ള വിജയമായിരുന്നു. തന്നോടൊപ്പം ഒരേ സ്ഥാപനത്തിൽ പഠിച്ചവർക്കാണ് ആദ്യ മൂന്നു റാങ്കുകൾ ലഭിച്ചത്. കുസാറ്റിലെ പരീക്ഷയിൽ ശബരീകൃഷ്ണയ്ക്ക് പന്ത്രണ്ടാംറാങ്ക് ലഭിച്ചിരുന്നു.

കൊല്ലം, കോഴിക്കോട്, കോട്ടയം ജില്ലകളിലെ വിവിധ സ്‌കൂളുകളിലാണ് പ്ലസ് ടു വരെയുള്ള പഠനം. വാട്ടർ അഥോറിറ്റിയിൽ ഉദ്യോഗസ്ഥനായ അച്ഛൻ മധു ജി.ഉണ്ണിത്താന്റെ ജോലിസ്ഥലങ്ങൾ മാറിയതിനാലാണിത്. ചെന്നൈ ഐ.ഐ.ടി.യിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ പ്രവേശനം ലഭിച്ചിട്ടുണ്ടെന്നും അവിടെ ചേരാനാണ് താത്പര്യമെന്നും ശബരീകൃഷ്ണ പറഞ്ഞു.

മൃദംഗം, വയലിൻ തുടങ്ങിയ വാദ്യോപകരണങ്ങളിലും വിധഗ്ധനാണ്. മധു ജി.ഉണ്ണിത്താൻ വർക്കലയിൽ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥനാണ്. അമ്മ സ്വപ്ന എസ്.ബി.ഐ. ചവറ ബ്രാഞ്ച് മാനേജരുമാണ്. സഹോദരി ശ്രീലക്ഷ്മി ടി.കെ.എം. എൻജിനീയറിങ് കോളേജിലെ അവസാനവർഷ ആർക്കിടെക്ചർ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP