Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദി സർക്കറിനെ വാനോളം പുകഴ്‌ത്തി കോഴിക്കോട് രൂപതാ ബിഷപ്പ്; മോദി ഭരണത്തെ ചീത്ത ഭരണം എന്ന് മുദ്ര കുത്താൻ ആവില്ല, ന്യൂനപക്ഷങ്ങൾക്ക് ആശങ്ക വേണ്ടെ; രാജ്യത്തുണ്ടാവുന്ന ഒറ്റപ്പെട്ട പ്രശ്നങ്ങൾ പ്രധാനമന്ത്രിയുടെ തലയിൽ കെട്ടിവെയ്ക്കാനാവില്ല; വി മുരളീധരൻ എംപിക്കൊപ്പം കേക്ക് മുറിച്ച് സൗഹൃദം പങ്കിട്ട് ബിഷപ്പ് ചക്കാലയ്ക്കൽ

മോദി സർക്കറിനെ വാനോളം പുകഴ്‌ത്തി കോഴിക്കോട് രൂപതാ ബിഷപ്പ്; മോദി ഭരണത്തെ ചീത്ത ഭരണം എന്ന് മുദ്ര കുത്താൻ ആവില്ല, ന്യൂനപക്ഷങ്ങൾക്ക് ആശങ്ക വേണ്ടെ; രാജ്യത്തുണ്ടാവുന്ന ഒറ്റപ്പെട്ട പ്രശ്നങ്ങൾ പ്രധാനമന്ത്രിയുടെ തലയിൽ കെട്ടിവെയ്ക്കാനാവില്ല; വി മുരളീധരൻ എംപിക്കൊപ്പം കേക്ക് മുറിച്ച് സൗഹൃദം പങ്കിട്ട് ബിഷപ്പ് ചക്കാലയ്ക്കൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: രാജ്യത്ത് ക്രിസ്ത്യൻ പുരോഹിതന്മാരും കന്യാസ്ത്രീകളും ഉൾപ്പെടെ സംഘപരിവാറുകാരാൽ വേട്ടയാടപ്പെടുന്നുവെന്ന വാർത്തകൾ വരുമ്പോൾ ന്യൂനപക്ഷങ്ങൾക്ക് ആശങ്കക്കുള്ള കാര്യങ്ങളൊന്നും രാജ്യത്ത് ഇല്ലെന്ന വാദവുമായി കോഴിക്കോട് രൂപതാ ബിഷപ് ഡോ.വർഗീസ് ചക്കാലയക്കൽ രംഗത്ത്. കേന്ദ്ര സർക്കാറിന്റെ ഭരണ നേട്ടങ്ങൾ പ്രമുഖരുമായി പങ്കുവെയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം തന്നെ കാണാനെത്തിയ വി.മുരളീധരൻ എംപിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ബിഷപ്പിന്റെ ഈ പ്രതികരണം.

സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾക്ക് ആശങ്കപ്പെടേണ്ട കാരണങ്ങൾ ഒന്നും തന്നെയില്ല. എന്തെങ്കിലും സംഭവങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിൽ തന്നെ മുതിർന്ന നേതാക്കൾ അതറിയുന്നതുപോലുമുണ്ടാവില്ല. പാർട്ടിയിൽ വ്യത്യസ്ത സ്വഭാവക്കാരായ ആളുകളുണ്ടാവും. താഴേക്കിടയിൽ പല സ്വഭാവത്തിലുള്ള ആളുകളുമുണ്ടാകും. അവർക്ക് പല അജണ്ടകളും ഉണ്ടാവും. ഇത്തരത്തിൽ രാജ്യത്തെ ചില സ്ഥലങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ അതിന്റെയെല്ലാം ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തലയിൽ കെട്ടിവയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിൽ നല്ല കാര്യങ്ങളും നമുക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളും ഉണ്ടാകും. ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ നമുക്ക് എതിർപ്പുണ്ടാവുക സ്വാഭാവികമാണ്. എല്ലാ കാര്യങ്ങളും നമുക്ക് അംഗീകരിക്കാനും കഴിയില്ല. എന്നുവെച്ച് അതിനെ ചീത്ത ഭരണം എന്ന് മുദ്ര കുത്താൻ സാധിക്കില്ലെല്ലോ എന്നായിരുന്നു ബിഷപ്പിന്റെ ചോദ്യം.

പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിച്ചതിന്റെ അനുഭവങ്ങളും ബിഷപ്പ് പങ്കുവെച്ചു. ബിജെപിയുടെ നാഷണൽ കൗൺസിൽയോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയപ്പോൾ നേരിൽ കണ്ട് സംസാരിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും പ്രശ്നങ്ങൾ സംസാരിച്ചു. അതിൽ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട് കോസ്റ്റൽ റഗുലേഷൻ സോൺ(സിആർസെഡ്) ആയുള്ള പ്രശ്നങ്ങൾക്ക് ഒരുപരിധിവരെയെങ്കിലും പരിഹാരം ഉണ്ടായിതുടങ്ങിയത് അതിനുശേഷമാണ്. റബ്ബർകർഷകരുടെ പ്രശനം കൊണ്ടുവരാൻ നയം രൂപീകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അതിന് എതിർപ്പുകൾ ഉയർത്തുന്നത് കേരളത്തിൽ നിന്നുള്ളവരാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചതായും ബിഷപ് പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ വികസന നേട്ടങ്ങൾ പ്രതിപാദിക്കുന്ന ബുക്ക് ലെറ്റ് വി മുരളീധരൻ എം പി ബിഷപ്പിന് നൽകി. കേക്ക് മുറിച്ച് സൗഹൃദം പങ്കുവച്ചാണ് ഇരുവരും പിരിഞ്ഞത്.

രാഷ്ട്രീയവും മതവുമായി കൂട്ടിക്കെട്ടരുതെന്നും മതത്തെ വോട്ടുബാങ്കാക്കി മാറ്റുന്നതിനോട് വിയോജിപ്പാണെന്നും വി മുരളീധരൻ പറഞ്ഞു. ഫാ.എ.ഡി.മാത്യു, ഫാ.അർജ്ജുൻ, ബിജെപി സംസ്ഥാന വക്താവ് പി.രഘുനാഥ് , ജില്ലാസെക്രട്ടറി സതീശൻ, ബി.ദിപിൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ബിജെപിക്കെതിരെ ഒരുവിഭാഗം ക്രിസ്ത്യൻ സംഘടനകളിൽനിന്ന് ശക്തമായ പ്രതിഷേധം ഉയരുമ്പോഴായിരുന്നു ബിജെപിയെയും കേന്ദ്ര സർക്കാറിനെയും പുകഴ്‌ത്തിക്കൊണ്ടുള്ള ബിഷപ്പിന്റെ സംസാരം. നേരത്തെ കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കിയാൽ ജാലിയൻ വാലാബാഗ് ആവർത്തിക്കുമെന്ന വിവാദ പ്രസ്താവന നടത്തിയ ആളാണ് വർഗ്ഗീസ് ചക്കാലയ്ക്കൽ. കഴിഞ്ഞ യു ഡി എഫ് ഭരണത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബിഷപ്പ് ഡോ: വർഗ്ഗീസ് ചക്കാലയ്ക്കലിനെ നേരിട്ടു കണ്ടിരുന്നു.

അന്ന് ബിജെപിയും മുഖപത്രമായ ജന്മഭൂമിയും ശക്തമായ ഭാഷയിലായിരുന്നു അതിനെതിരെ രംഗത്ത് വന്നത്. സഭയ പ്രീണിപ്പിക്കാൻ വേണ്ടിയായിരുന്നു സന്ദർശനമെന്നായിരുന്നു ബിജെപി അന്ന് പറഞ്ഞത്. മുസ്ലിം സമുദായത്തിന് യു ഡി എഫ് സർക്കാർ അനർഹമായ പ്രാധാന്യം നൽകിയെന്ന് ബിഷപ്പ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ അനുനയിപ്പിക്കാനാണ് ഉമ്മൻ ചാണ്ടി കാണാനെത്തിയതെന്നാണ് അന്ന് ജന്മഭൂമി വാർത്ത നൽകിയത്. കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരെയുള്ള ഹർത്താലിനോട് അനുബന്ധിച്ച് താമരശ്ശേരിയിൽ വനം വകുപ്പ് ഓഫീസ് ഉൾപ്പെടെ കത്തിച്ചിരുന്നു.

ഈ കേസുകൾക്ക് തുമ്പില്ലാതായതിന് പിന്നിൽ സഭയും ചക്കാലയ്ക്കലും നടത്തിയ ഇടപെടലാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഏതായാലും കുമ്മനത്തിന് എതിരെ ഉൾപ്പെടെ ക്രിസ്ത്യൻ വിഭാഗങ്ങളുടെ പ്രതിഷേധം ഉയരുമ്പോൾ പ്രതിരോധിക്കാൻ ബിജെപിക്ക് കിട്ടിയ ആയുധമായിരിക്കുകയാണ് ബിഷപ്പിന്റെ വാക്കുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP