Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂടെ കൂടെ വെള്ളം നടവഴിയിലേക്ക് കയറാൻ തുടങ്ങി; നോക്കി നിൽക്കേ പുഴവെള്ളം അകത്തേക്കുള്ള വാതിലിന്റെ ഉമ്മറപ്പടിയിലെത്തി : കോഴിക്കോട്ടെ വെള്ളപ്പൊക്കത്തിന്റെ ഭീതിതമായ അനുഭവം പങ്കുവെച്ച് സ്വപ്‌നാ അനിൽ

കൂടെ കൂടെ വെള്ളം നടവഴിയിലേക്ക് കയറാൻ തുടങ്ങി; നോക്കി നിൽക്കേ പുഴവെള്ളം അകത്തേക്കുള്ള വാതിലിന്റെ ഉമ്മറപ്പടിയിലെത്തി : കോഴിക്കോട്ടെ വെള്ളപ്പൊക്കത്തിന്റെ ഭീതിതമായ അനുഭവം പങ്കുവെച്ച് സ്വപ്‌നാ അനിൽ

സ്വപ്‌നാ അനിൽ

നാല് ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് ഈ മുഖ പുസ്തകം തുറന്നപ്പോൾ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ ഞങ്ങളുടെ ജീവിതം ഇവിടെ കുറിക്കണം എന്ന് തോന്നി......

ഇത് മഴക്കാലം...... മെയ് മാസം പകുതി മുതൽ പ്രകൃതി നമുക്കിത് ആവോളം നൽകുന്നുണ്ട്. എന്നാൽ ദുരന്തങ്ങളുടെ പെരുമഴക്കാലമായിരുന്നു ഈ മൂന്നു നാല് ദിവസങ്ങൾ....
വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോട് കൂടി പുന്നക്കൽ താമസിക്കുന്ന എന്റെ കസിൻ രജുലയുടെ ഫോൺ വിളിയാണ് എന്നെ ഉണർത്തിയത്. ഇന്ന് പുലർച്ചെ വീണ്ടും ഉരുൾ പൊട്ടി. സാധനങ്ങൾ എല്ലാം വേഗം പായ്ക്ക് ചെയ്തു മുകൾ നിലയിലേക്ക് വെച്ച് വേഗം പുതിയോട്ടിലേക്ക് പോയ്‌ക്കൊ. തിരുവമ്പാടി മുഴുവൻ വെള്ളത്തിൽ മുങ്ങി. ഇനീം ഉരുൾ പൊട്ടാൻ സാധ്യത ഉണ്ടെന്നാ കേട്ടത്. അവളുടെ സ്വരത്തിൽ പരിഭ്രമം പ്രകടമായിരുന്നു. ഞാൻ അതത്ര കാര്യമാക്കാതെ അടുക്കളയിലേക്കു നടന്നു.

ബ്രേക്ക് ഫാസ്റ്റും ചോറും കറിയും എല്ലാം ഉണ്ടാക്കാനുള്ള തിരക്കിനിടയിലാണ് കുഞ്ഞുണ്ണി വന്നു പറഞ്ഞത് അമ്മെ എല്ലാരും ഇടവഴിയിൽ ഉണ്ടല്ലോ എന്താ പ്രശ്‌നം.... അമ്മയ്ക്ക് സമയം ഇല്ല നീ പോയ് നോക്ക്. ചട്ണിക്കുള്ള തേങ്ങ ചിരവുന്നതിനിടയിൽ അവനെ ഒരു കുടയും കൊടുത്തു പറഞ്ഞുവിട്ടു. രണ്ടു ദിവസമായി തകർത്തു പെയ്യുന്ന മഴ അപ്പോഴും തുടരുന്നുണ്ട്. കുറെ കഴിഞ്ഞും അവനെ കാണാഞ്ഞു മഴ വകവെക്കാതെ തലയിൽ ഒരു തോർത്തുമിട്ടു ഞാനും ഇടവഴിയിലേക്ക് ചെന്നു. അപ്പോഴേക്കും പുഴവെള്ളം ഇടവഴിയും കടന്നു ഞങ്ങൾടെ പടിക്കൽ എത്തിയിരുന്നു.... കാലുകൊണ്ട് അത് തേവിക്കളിക്ക്യാണ് കുഞ്ഞുണ്ണി...കനത്ത മഴകാരണം സ്‌കൂൾ ഇല്ലെന്നു അയൽവീട്ടിലെ ചേച്ചി വിളിച്ചു പറഞ്ഞത് തെല്ലോരാശ്വാസമായി.. കൂടെ കൂടെ വെള്ളം നടവഴിയിലേക്ക് കയറാൻ തുടങ്ങി. അകെ കിട്ടിയ കുറച്ചു സമയം കൊണ്ട് പറ്റാവുന്നിടത്തോളം തുണികൾ ബാഗിലും കവറുകളിലുമായി എടുത്തു മുകളിലേക്കിട്ടു. അപ്പോഴെക്കും മുറ്റം കടന്നു ഇറയത്തെത്തിയിരുന്നു പുഴവെള്ളം...

മുന്നിൽ സമയം കുറച്ചേയുള്ളൂ എന്ന് ബോധ്യം വന്നതോടെ ഒരു ബെഡ് ഷീറ്റു നിലത്തു വിരിച്ചു എല്ലാം കൂടെ അതിലേക്ക് വാരിയിട്ടു വലിയ ബാണ്ടക്കെട്ടുകളാക്കി കോണിപ്പടിയിൽ നിന്ന് മുകളിലേക്ക് വലിച്ചെറിയാൻ തുടങ്ങി. അപ്പോഴെക്കും വരാന്തയിൽ എത്തിയിരുന്നു വെള്ളം. അമ്മയെയും മോനെയും അമ്മാവന്റെ വീട്ടിലേക്കു വേഗം പറഞ്ഞുവിട്ടു വീണ്ടും ഞങ്ങൾ സാധനങ്ങൾ മുകളിലേക്ക് കയറ്റിവെക്കാൻ തുടങ്ങി ഫർണിച്ചർ ഒഴികെ ബാക്കിയെല്ലാം ഒരുവിധം കയറ്റിവെച്ചു.

അപ്പോഴെക്കും അകത്തേക്കുള്ള വാതിലിന്റെ ഉമ്മറപ്പടി നക്കി നുണയാൻ തുടങ്ങിയിരുന്നു പുഴവെള്ളം. ഒടുവിൽ ഞങ്ങൾക്ക് മാറിയുടുക്കാനുള്ള വസ്ത്രങ്ങളും മൊബൈലും എടുത്തു ആ തണുത്തുറഞ്ഞ വെള്ളത്തിലെക്കിറങ്ങുമ്പോൾ വരാന്തയിൽ നിന്ന് അകത്തേക്ക് വെള്ളത്തിന്റെ തേരോട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു....അരുമയായി പോറ്റി വളർത്തുന്ന കോഴികൾ വെള്ളം വന്നപ്പോൾ പലവഴിക്ക് പറന്നു പൊങ്ങി.... പല പല
തൊടിയിലെയും മാലിന്യങ്ങളും പ്ലാസ്ടിക്കും ഒഴുകിനടക്കുന്ന അരക്കുമീതെ എത്തിയ ആ കലങ്ങിയ മലിനജലത്തിലൂടെ തുഴഞ്ഞു കരപറ്റി തിരിഞ്ഞുനോക്കുമ്പോൾ നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കലങ്ങിയ പുഴവെള്ളം മാത്രം ....എല്ലാ വീടുകളിലെയും പുരുഷന്മാർ അപ്പോഴും ആ മലിനജലത്തിൽ വീടിനു കാവലായി .....

വൈകുന്നേരം മുകളിലത്തെ അച്ചായന്റെ പറമ്പിൽ പോയി അനിയേട്ടനെ കൂക്കി വിളിച്ചു. ഉയർന്ന പറമ്പാണത്. അവിടേക്കും വെള്ളം ആർത്തിയോടെ കഴുത്തു നീട്ടാൻ തുടങ്ങിയിരുന്നു കഴുത്തറ്റം വെള്ളത്തിലൂടെ പുള്ളി നീന്തി വന്നപ്പോൾ ആദ്യം ചോദിച്ചത് കോഴികളെയാണ് ... വിറകുപുരയിൽ കൂട്ടിയിട്ട ചകിരിയുടെ മുകളിൽ എല്ലാവരെയും പിടിച്ചു കൊണ്ട് വെച്ചിട്ടുണ്ട്.. ഇനി അതും മുങ്ങിയാലാ.... പുള്ളി പകുതിക്ക് വെച്ച് നിർത്തി എന്നേ കാണുമ്പൊൾ ഓടിവന്നു വാശിയോടെ കൊത്തുന്ന ആ അങ്കവാലൻ പൂവൻ കോഴിയെ എനിക്കെന്നും ദേഷ്യമായിരുന്നു . തിരിച്ചൊന്നു തച്ചാൽ അതിനിരട്ടിയായി കൊത്തു കിട്ടും... കൊതുകിട്ടിയ ഭാഗം ഉഴിഞ്ഞുകൊണ്ട് .ഈ സാധനം ഒന്ന് ചത്തു കിട്ടിയാൽ എന്ന് വരെ പറഞ്ഞിട്ടുണ്ട് ഞാൻ... പക്ഷെ ഇന്ന് ആദ്യമായി അതിനെ ഓർത്ത് വല്ലാത്തൊരു നൊമ്പരം. ഇനിയും വെള്ളം കൂടിയാൽ അവറ്റകൾ എങ്ങോട്ട് കയറി നിൽക്കും.....

ഒഴുക്കിനൊപ്പം ഒലിച്ചുപോകുന്ന പത്രങ്ങളും മരത്തടികളും തേങ്ങയും പിടിച്ചു ചാക്കിലാക്കി ജനലിനോടും മറ്റും കെട്ടിവെച്ചു വെള്ളത്തിൽ ഒലിച്ചുവന്ന പാമ്പിനോടും പഴുതാരയോടും തേളിനോടും മല്ലിട്ട് ഒരു പകലും രാത്രിയും അവിടെ കഴിഞ്ഞു പലരും വീടിനു കാവലായി ... ഒടുവിൽ പിറ്റേന്ന് പത്തു മണി ആയപ്പോഴേക്കും പലവഴിക്ക് പറഞ്ഞുവിട്ട തന്റെ മക്കളെയെല്ലാം പുഴ തിരിച്ചുവിളിച്ചു.... പിന്നെ രണ്ടുദിവസം അഹോരാത്രം ക്ലീനിങ് ... ചളിയിൽ മുങ്ങിക്കിടക്കുന്ന ഫർണിച്ചർ ... ചുവരിന്നരികിലും അലമാരക്കുള്ളിലും ചുരുണ്ട് കിടക്കുന്ന പാമ്പുകളും തേളും പഴുതാരയും...ചുവരിൽ മുഴുവൻ കട്ടുറുമ്പ്... നിലത്തു കൊഴുത്ത ചളി.. ചളിയുടെ കനച്ച ഗന്ധം .... കിണർ പുഴവെള്ളം ചാടി മലിനമായ നിലയിൽ. ദാഹിക്കുമ്പോൾ കുടിക്കാൻ പോലും ഒരുതുള്ളി വെള്ളം ഇല്ല.

മഴയും പുഴയും സംഹാരമാടിപ്പോയ വീടുകൾ പഴയപോലേ ആക്കിയെടുക്കാൻ ഇപ്പോഴും പറ്റിയിട്ടില്ല. എങ്കിലും ഒരു വിധം വൃത്തിയാക്കി അവിടെ താമസം തുടങ്ങി. ഇന്നവിടെ ചുറ്റിനും നന്ദ്യാർവട്ടതിന്റെയും മരമുല്ലയുടെയും ഗന്ധമല്ല പകരം ഫിനോയിലിന്റെയും ബ്ലീച്ചിങ് പൗഡറിന്റെയും ആശുപത്രി മണം .... ഇന്ന് രാവിലെ കോഴിക്ക് തീറ്റ കൊടുക്കുമ്പോൾ അങ്ക വാലൻ പൂവൻ കോഴി എന്നെയൊന്നു നോക്കി ഓടാൻ തയ്യാറായി ഞാനും നിന്നു. പക്ഷെ ഇന്ന് അവൻ എന്നെ കൊത്തിയില്ല. ഓള് രണ്ടു ദിവസായി മരിച്ചു ജോലി ചെയ്തു തളർന്നിരിക്യല്ലേ ഒന്ന് ജീവ് വെച്ചിട്ട് കൊത്താംന്നാവും അവൻ കരുത്യേ ആവൊ ....

പല വർഷങ്ങളിലും കനത്ത മഴ, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി എന്നോകെ ന്യൂസ് കാണുമ്പൊൾ എല്ലാവരെയും പോലെ ഞാനും വെറുമൊരു കാഴച്ചക്കാരിയോ കേൾവിക്കാരിയോ മാത്രമായിരുന്നു കഴിഞ്ഞ മൂന്ന് ദിവസം മുൻപ് വരെ. ഇന്ന് അതിന്റെ ഭീകര മുഖം കണ്ടറിഞ്ഞു അടുത്തറിഞ്ഞു...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP