Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നീരവ് മോദി ഇപ്പോഴും ഉലകം ചുറ്റുന്നത് അഞ്ചുമാസംമുമ്പ് ഇന്ത്യ റദ്ദുചെയ്ത പാസ്‌പോർട്ടുമായി; ലണ്ടനിൽനിന്നും ബ്രസ്സൽസിലേക്ക് പോയത് ഇന്ത്യൻ പാസ്‌പോർട്ട് കാണിച്ച്; ഇന്റർപോളിനും പിടിക്കാമെന്നായപ്പോൾ സിങ്കപ്പൂരിൽ പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിച്ച് തട്ടിപ്പുകാരൻ; ഇന്ത്യൻ ബാങ്കുകളെ പറ്റിച്ചുമുങ്ങുന്നവരെ കാക്കുന്ന അദൃശ്യകരങ്ങൾ ഏതൊക്കെ?

നീരവ് മോദി ഇപ്പോഴും ഉലകം ചുറ്റുന്നത് അഞ്ചുമാസംമുമ്പ് ഇന്ത്യ റദ്ദുചെയ്ത പാസ്‌പോർട്ടുമായി; ലണ്ടനിൽനിന്നും ബ്രസ്സൽസിലേക്ക് പോയത് ഇന്ത്യൻ പാസ്‌പോർട്ട് കാണിച്ച്; ഇന്റർപോളിനും പിടിക്കാമെന്നായപ്പോൾ സിങ്കപ്പൂരിൽ പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിച്ച് തട്ടിപ്പുകാരൻ; ഇന്ത്യൻ ബാങ്കുകളെ പറ്റിച്ചുമുങ്ങുന്നവരെ കാക്കുന്ന അദൃശ്യകരങ്ങൾ ഏതൊക്കെ?

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിനെ പറ്റിച്ച് 13,000 കോടി രൂപ തട്ടിച്ച വജ്രവ്യാപാരി നിരവ് മോദിയെ പിടിക്കാൻ ഇന്ത്യ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. എന്നാൽ, തട്ടിപ്പുവിവരം പുറത്തുവന്നതിനെത്തുടർന്ന് അഞ്ചുമാസം മുമ്പ് ഇന്ത്യ റദ്ദാക്കിയ പാസ്‌പോർട്ട് ഉപയോഗിച്ച് നിരവ് ഇപ്പോഴും യാത്ര ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട്. ജൂൺ 12-ന് ഈ പാസ്‌പോർട്ട് ഉപയോഗിച്ച് യൂറോസ്റ്റാർ ഹൈ-സ്പീഡ് ട്രെയിനിൽകയറി ലണ്ടനിൽനിന്ന് ബ്രസൽസിലേക്ക് യാത്ര ചെയ്തതായാണ് റിപ്പോർട്ട്.

നിരവിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം ഇന്ത്യ തേടിയതിനാൽ, വിമാനയാത്ര ഒഴിവാക്കി ട്രെയിനിൽ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. ലണ്ടനിൽനിന്ന് ബ്രസൽസിലേക്ക് നിരവ് യാത്ര ചെയ്ത കാര്യം പാസ്‌പോർട്ട് വിവരങ്ങൾ നിരീക്ഷിച്ച് യൂറോപ്യൻ ഇമിഗ്രേഷൻ അധികൃതരിൽനിന്ന് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 24-നാണ് നിരവിന്റെ പാസ്‌പോർട്ട് ഇന്ത്യ റദ്ദാക്കിയത്. ഇതിനുശേഷം ഒളിവിലായ നിരവ് അടുത്തിടെ ലണ്ടനിലുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ബ്രിട്ടനിൽ രാഷ്ട്രീയ അഭയം തേടാനുള്ള ശ്രമങ്ങളാരംഭിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജൂൺ 11-ന് സിബിഐ. നിരവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ഇന്റർപോളിനോട് ആവശ്യപ്പെട്ടത്. തൊട്ടുപിറ്റേന്നായിരുന്നു നിരവിന്റെ ബ്രസൽസ് യാത്ര.

റദ്ദാക്കിയ പാസ്‌പോർട്ടുമായി ഇപ്പോഴും നിരവ് യാത്ര ചെയ്യുന്നതെങ്ങനെയാണെന്ന കാര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനും കൃത്യമായ രൂപമില്ല. അന്വേഷണ ഏജൻസികൾ യാത്രയുടെ വിവരം പറയുമ്പോൾ മാത്രമാണ് തങ്ങളിത് അറിയുന്നതെന്ന ഒഴുക്കൻ മറുപടിയാണ് വിദേശകാര്യ മന്ത്രാലയം നൽകുന്നത്. നിരവിനെ സഹായിക്കാൻ ഇപ്പോഴും ഉന്നതങ്ങളിൽ ആളുകളുണ്ടെന്നതിന്റെ സൂചനകൂടിയാണിത്. ജനുവരി ആദ്യ ആഴ്ചയിലാണ് നിരവ് ഇന്ത്യയിൽനിന്ന് കടന്നത്. ഇക്കാലയളവിൽ സിങ്കപ്പുർ പെർമനന്റ് റെസിഡന്റിനായി നിരവ് അപേക്ഷിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. സിങ്കപ്പൂർ പാസ്‌പോർട്ടിനായും നിരവ് അപേക്ഷിച്ചിരുന്നു. എന്നാൽ, സിബിഐ. കേസെടുത്തതിനാലും ഇപ്പോൾ ഇന്റർപോളിന്റെ സഹായം തേടിയതിനാലും നിരവിന്റെ ഈ ആഗ്രഹം സാധിക്കാനിടയില്ല.

താനൊരു വ്യവസായിയാണെന്നും ഒന്നരലക്ഷം സിങ്കപ്പൂർ ഡോളറോളം (75 ലക്ഷം) മാസം ശമ്പളം പറ്റുന്നുണ്ടെന്നും സിങ്കപ്പൂർ അധികൃതർക്ക് നൽകിയ അപേക്ഷയിൽ നിരവ് പറയുന്നു. ഗ്ലോബൽ ഇൻവെസ്റ്റർ പ്രോഗ്രാം അനുസരിച്ച് തനിക്ക് പെർമനന്റ് റെസിഡൻസ് അനുവദിക്കണമെന്നാണ് ആവശ്യം. നിയമനുസരിച്ച് സിങ്കപ്പൂർ പൗരന്റെ ഭാര്യയ്‌ക്കോ മക്കൾക്കോ രക്ഷിതാക്കൾക്കോ മാത്രമേ പെർമനന്റ് റെസിഡൻസിന് അപേക്ഷിക്കാനാകൂ. സിങ്കപ്പൂർ പൗരന്റെ ബന്ധുവായ വിദേശ നിക്ഷേപകനും അപേക്ഷിക്കാം.

2027 മെയ് എട്ടുവരെ കാലാവധിയുള്ള ഇന്ത്യൻ പാസ്‌പോർട്ട് തന്റെ കൈവശമുണ്ടെന്നും അപേക്ഷയിൽ നിരവ് വ്യക്തമാക്കിയിട്ടുണ്ട്. പാസ്‌പോർട്ട് ഇന്ത്യ റ്ദ്ദാക്കിയതിനുശേഷമാണ് നിരവ് ഈ അപേക്ഷ നൽകിയതെന്ന് വ്യക്തമാണ്. നിരവിന്റെ ജീവനക്കാർതന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് സിങ്കപ്പൂർ പെർമനന്റ് റെസിഡൻസിനുള്ള അപേക്ഷയുടെ പകർപ്പ് കൈമാറിയത്. അതിനിടെ നീരവ് മോദിക്കെതിരെ പുതിയ കേസും രജിസ്റ്റർ ചെയ്തു. വിദേശത്ത് യാത്രകൾ നടത്താനായി നീരവ് മോദി ഉപയോഗിക്കുന്നത് അര ഡസൻ വ്യാജ ഇന്ത്യൻ പാസ്‌പോർട്ടുകൾ ആണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ഇന്ത്യയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തത്.

നിലവിൽ ബെൽജിയത്തിലുള്ള മോദിയുടെ യാത്രകൾ കള്ള പാസ്‌പോർട്ട് ഉപയോഗിച്ചാണ്. മോദിയുടെ കൈവശമുണ്ടായിരുന്ന യഥാർഥ പാസ്‌പോർട്ട് ഇന്ത്യ റദ്ദാക്കിയിരുന്നു. കൈവശമുള്ള ആറു കള്ള പാസ്‌പോർട്ടുകളിൽ രണ്ടെണ്ണമാണ് മോദി യാത്രകൾക്ക് ഉപയോഗിക്കുന്നത്. ഇതിൽ ഒന്നിൽ മോദിയുടെ പൂർണമായ പേരും മറ്റൊന്നിൽ പേരിന്റെ ആദ്യ ഭാഗവുമാണുള്ളതെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്കു ലഭിച്ചിരിക്കുന്ന വിവരം. ഇതിൽ ഒരു പാസ്‌പോർട്ടിൽ 40 ദിവസത്തെ ബ്രിട്ടീഷ് വിസയുള്ളതിനാൽ ഇത് ഉപയോഗിച്ചാണ് നീരവ് മോദിയുടെ യാത്രകൾ.

യഥാർഥ പാസ്‌പോർട്ടുമായാണ് നീരവ് മോദി ലണ്ടനിൽ എത്തിയതെന്നും ഇവിടെവച്ചാണ് പാസ്‌പോർട്ട് ഇന്ത്യ റദ്ദാക്കുന്നതെന്നും യു.കെ വിദേശകാര്യ അധികൃതർ അറിയിച്ചു. നീരവിന്റെ കൈവശമുള്ള വ്യാജ പാസ്‌പോർട്ടുകൾ സംബന്ധിച്ച് ഇന്ത്യ ബ്രിട്ടന് വിവരം നൽകിയിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ, മാർച്ചിൽ നീരവ് ഫ്രാൻസിലേക്ക് യാത്ര നടത്തിയത് ഇത്തരത്തിൽ ഒരു വ്യാജ പാസ്‌പോർട്ടിലാണെന്ന് വ്യക്തമായി. ഇയാളുടെ കൈവശം സിംഗപ്പുർ പാസ്‌പോർട്ട് ഉണ്ടോ എന്നു വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP