Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൊലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിച്ച എഡിജിപിക്ക് ഉടനടി പണി കൊടുത്ത് പിണറായി വിജയൻ; സുധേഷ് കുമാറിനെ പകരം നിയമനം നൽകാതെ ബറ്റാലിയൻ മേധാവി സ്ഥാനത്ത് നിന്നും മാറ്റി; പൊലീസ് സേനയ്ക്ക് പുറത്ത് നിയമിക്കാൻ നീക്കം; പൊലീസുകാരെ കൊണ്ട് ബ്രാ കഴുകിച്ചും പട്ടിയെ കുളിപ്പിച്ചും പീഡിപ്പിച്ച എഡിജിപിയെ കൈവിട്ട് പിണറായി സർക്കാർ: ഗവാസ്‌ക്കറെ തല്ലിയ മകളും കുടുങ്ങിയേക്കും

പൊലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിച്ച എഡിജിപിക്ക് ഉടനടി പണി കൊടുത്ത് പിണറായി വിജയൻ; സുധേഷ് കുമാറിനെ പകരം നിയമനം നൽകാതെ ബറ്റാലിയൻ മേധാവി സ്ഥാനത്ത് നിന്നും മാറ്റി; പൊലീസ് സേനയ്ക്ക് പുറത്ത് നിയമിക്കാൻ നീക്കം; പൊലീസുകാരെ കൊണ്ട് ബ്രാ കഴുകിച്ചും പട്ടിയെ കുളിപ്പിച്ചും പീഡിപ്പിച്ച എഡിജിപിയെ കൈവിട്ട് പിണറായി സർക്കാർ: ഗവാസ്‌ക്കറെ തല്ലിയ മകളും കുടുങ്ങിയേക്കും

തിരുവനന്തപുരം: പൊലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിച്ച എഡിജിപി സുധേഷ് കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയൻ മേധവി സ്ഥാനത്തു നിന്നും മാറ്റി. പകരം നിയമനം നൽകിയിട്ടില്ല. എഡിജിപിയുടെ മകൾ സ്‌നിഗ്ദ പൊലീസുകാരനെ മർദ്ദിച്ച് ആശുപത്രിയിലാക്കിയതിന് പിന്നാലെയാണ് എഡിജിപിയെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. പൊലീസുകാരനായ ഗവാസ്‌കർ മകളുടെ തല്ലുകൊണ്ട് ആശുപത്രിയിലായതിന് പിന്നാലെ ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. ഇതിനിടെ ഇയാളെ തൽസ്ഥാനത്ത് നിന്നും നീക്കിക്കൊണ്ട് ഉത്തരവിടുകയായിരുന്നു.

പൊലീസ് സേനയ്ക്ക് പുറത്ത് എവിടെയെങ്കിലും അദ്ദേഹത്തെ നിയമിക്കാൻ ഒരുങ്ങുന്നതെന്നാണ് ലഭ്യമായ വിവരം. സായുധ സേനകളിൽ ജീവനക്കാരെ ദാസ്യവേല അടക്കമുള്ളവയ്ക്ക് നിർബന്ധിക്കാൻ അവസരം നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്താണ് അദ്ദേഹത്തിന് സേനയ്ക്ക് പുറത്തു നിയമനം നൽകാൻ ആലോചിക്കുന്നത്. പൊലീസ് ഡ്രൈവർ ഗവാസ്‌കർക്ക് മർദ്ദനമേറ്റത് അടക്കമുള്ള പരാതികളിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നത്.

ഗവാസ്‌ക്കറെ പീഡിപ്പിച്ച സംഭവത്തിൽ കർശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. തെക്കൻ മേഖലാ എഡിജിപിയെ വിളിച്ചുവരുത്തി അദ്ദേഹം സംഭവത്തിന്റെ വിശദാംശങ്ങൾ ആരായുകയും ചെയ്തിരുന്നു. മർദ്ദനമേറ്റ പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ പൊലീസ് ഡ്രൈവറുടെ ഭാര്യയുടെ പരാതി സ്വീകരിച്ച ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഗവാസ്‌കറുടെ ഭാര്യ രേഷ്മ നൽകിയ പരാതി സ്വീകരിച്ചശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തിൽ പൊലീസ് അസോസിയേഷനും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. എന്നിട്ടും എഡിജിപിയുടെ മകൾക്കെതിരെ ചെറുവിരൽ പോലും പൊലീസ് അനക്കുന്നില്ല.

ഇതിനിടെ എഡിജിപി സുധേഷ്‌കുമാറിനെതിരോ പൊലീസിൽ നിന്ന് ഇന്നും കൂടുതൽ പരാതികൾ ഉയർന്നു. എ.ഡി.ജി.പിയുടെ ഭാര്യയും മകളും പീഡിപ്പിച്ചെന്ന് വനിതാ ക്യാമ്പ് ഫോളോവർ ആരോപിച്ചു. വീട്ടുജോലിക്കെത്താൻ വൈകിയതിന് മർദ്ദിക്കാൻ ശ്രമിച്ചു. തന്നെ പട്ടിയെ കൊണ്ട് കടിപ്പിക്കാത്തതിന് എ.ഡി.ജി.പി മറ്റ് ഫോളോവേഴ്സിനെ ശകാരിച്ചെന്നും അവർ ആരോപിച്ചു. തന്നേയും കുടുംബത്തേയും അധിക്ഷേപിച്ച് സംസാരിക്കുന്നതും പതിവായിരുന്നെന്നും ക്യാമ്പ് ഫോളോവർ വെളിപ്പെടുത്തി.

സുധേഷ് കുമാറിന്റെ മകൾ മർദ്ദിച്ചെന്ന് ആരോപിച്ച്, എ.ഡി.ജി.പി.യുടെ ഡ്രൈവർ ഗവാസകർ പരാതി നൽകിയതിന് പിന്നാലെയാണ് പുതിയ ആരോപണവുമായി വനിതാ ക്യാമ്പ് ഫോളോവർ രംഗത്ത് എത്തിയത്. ഒദ്യോഗികവാഹനത്തിന് പുറമേ അനധികൃതമായി അദ്ദേഹം ഉപയോഗിക്കുന്നത് നാലോളം സർക്കാർ വാഹനങ്ങൾ. മാടമ്പിയെ പോലെയാണ് സുധേഷ് കുമാർ പ്രവർത്തിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. സുധേഷ്‌കുമാറിന്റെ പട്ടിക്ക് യാത്ര ചെയ്യാനും പൊലീസ് വാഹനം. മകളെ ശാരീരിക ക്ഷമത പരീശിലിപ്പിക്കുന്നത് വനിത പൊലീസ് ഉദ്യോഗസ്ഥ. വീട്ടിൽ ജോലിക്ക് നിയോഗിച്ചരിക്കുന്നത് 15 ലേറെ ക്യാമ്പ് ഫോളേവറന്മാരെ-അങ്ങനെ നിരവധി പരാതികളാണ് പൊലീസ് അസോസിയേഷൻ ഉയർത്തുന്നത്. പൊലീസ് ഡ്രൈവറെ എഡിജിപിയുടെ മകൾ മർദ്ദിച്ച സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥന് അന്വേഷണചുമതല കൈമാറി. പൊലീസിലെ ദാസ്യപണി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.

എഡിജിപി സുധേഷ്‌കുമാറിതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. കേരളത്തിലെ ഒൻപത് പ്രധാന ബറ്റാലിയനുകളുടെ ചുമതലയുള്ള എഡിജിപിയായ അദ്ദേഹം നാലോളം വാഹനങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നുണ്ട്. ഔദ്യോഗകമായി സർക്കാർ നൽകിയ വാഹനത്തിന് പുറകെയാണ് ഈ വാഹനങ്ങൾ ഉപയോഗിക്കുന്നത്. വിവിധ ബറ്റാലിയനുകളിലേക്ക് ആഭ്യന്തരവകുപ്പ് നൽകിയ വാഹനങ്ങൾ ആണ് സ്വന്തം വീട്ടാവശ്യത്തനായി ഇദ്ദേഹം കസ്റ്റഡിയിൽ വെച്ചിരിക്കുന്നത്. ഇതിൽ ഒരു വാഹനത്തിൽ യാത്ര ചെയ്യുന്നത് അദ്ദേഹത്തിന്റെ പട്ടിയാണെന്നത് കൗതുകം ഉയർത്തുന്നുവെന്നും പൊലീസ് അസോസിയേഷൻ പറയുന്നു.

മകളുടെ ശരീരസംരക്ഷണത്തനും വ്യായമത്തിനുമായി ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പ്രത്യേകമായി നിയമിച്ചിട്ടുണ്ട്. മകളോടെപ്പം പ്രഭാത സവാരിക്ക് കൂടെ പോകുക വ്യായമത്തിന് ആവശ്യമായ ഉപദേശങ്ങൾ നൽകുകയാണ് ഇവരുടെ ജോലി. വാഹനങ്ങൾ ഒടിക്കുന്നതിനായി മൂന്ന് ഡ്രൈവറന്മാരെയും വീട്ടിലേയും ഓഫീസിലേയും സുരക്ഷക്കായി 11 പുരുഷ പൊലീസുകാരെയും നിയോഗിച്ചുണ്ട്. വിവിധ ബറ്റാലിയനുകളിലെ ക്യാന്റീൻ ജോലീക്കായി കൊടുത്തിരിക്കുന്ന കുക്ക് , സ്വീപ്പർ , കാർപെന്റർ , എന്നീ തസ്തികയിൽ ജോലി ചെയ്യുന്ന നിരവധി പേരെ വീട്ടുജോലിക്കായി നിയോഗിച്ചിട്ടുണ്ട്.

കൂടെ ജോലി ചെയ്യുന്ന കീഴുദ്ദേഗസ്ഥരോട് വളരെ മോശമായിട്ടാണ് സുധേഷ്‌കുമാറും കുടുംബവും പെരുമാരുന്നതെന്ന ആക്ഷേപം പൊലീസുകാർ ഉന്നയിക്കുന്നു. മാനസിക പീഡനത്തിൽ മനം നൊന്ത് അടുത്തിടെയാണ് ഒരു ഡ്രൈവർ നീണ്ട അവധിയിൽ പ്രവേശിച്ചു. മുൻ മന്ത്രിയും നിലവിൽ എംപിയുമായ ഒരു മുതിർന്ന മുസ്ലിം ലീഗ് നേതാവ് തിരുവനന്തപുരം താമസിക്കുന്ന വാടക വീട് തനിക്ക് ഇടനില നിന്ന് വാങ്ങി നൽകാത്തതിന് ഒരു മുതിർന്ന കമാൻഡിനെ പരസ്യമായി ശകാരിച്ചതും ചർച്ചയാക്കുന്നുണ്ട്.

കരാട്ടെ ബ്ളാക്ക് ബെൽറ്റ് ജേതാവായ മകൾ സ്വന്തം ഡ്രൈവറുടെ പുറത്ത് കൈതരിപ്പ് തീർത്തിട്ടും സുധേഷ്‌കുമാർ മൗനം തുടരുകയാണ്. അതിനിടെ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണചുമതല സിറ്റി ക്രൈംബ്രാഞ്ചിന് കമ്മീഷണർ കൈമാറി. അസിസ്റ്റന്റ് കമ്മീഷണർ സന്തോഷാവും കേസ് ഇനി അന്വേഷിക്കുക. ചാടി കയറി അറസ്റ്റ് വേണ്ടന്നതാണ് പൊലീസ് തൽകാലം സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇത് എഡിജിപിയുടെ മകൾക്ക് ജാമ്യം എടുക്കാൻ വേണ്ടിയാണെന്നാണ് സൂചന.

എഡിജിപിയുടെ മകളെ കുടുക്കിയ പൊലീസുകാരന്റെ പണി കളയിക്കുമെന്നാണ് ഐപിഎസ് അസോസിയേഷന്റെ നിലപാട്. ഐപിഎസുകാർക്കെതിരെ ഇനിയാരും ശബ്ദിക്കരുതെന്നാണ് ഇവരുടെ ആഗ്രഹം, ഇതിന് വേണ്ടിയാണ് പൊലീസ് ഡ്രൈവറെ എ.ഡി.ജി.പിയുടെ മകൾ മർദിച്ച കേസിൽ ഇരുകൂട്ടർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എഡിജിപിയോട് മാപ്പു പറഞ്ഞാലേ ഇയാളെ ഇനി സർവ്വീസിൽ വച്ചു പൊറുപ്പിക്കൂവെന്ന നിലപാടിലായിരുന്നു് ഐപിഎസ് ലോബി. എന്നാൽ മുഖ്യമന്ത്രി ഇടപെട്ടതോടെ കളി മാറി. പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത് റിമാൻഡിൽ അടച്ചാൽ ജോലി പോകുന്നതിന് വേണ്ടിയാണ് ഇത്. സ്ത്രീത്വത്തെ അപമാനിക്കൽ, അസഭ്യം പറയൽ എന്നീ കുറ്റങ്ങളും ഗവാസ്‌കർക്കെതിരെ ചുമത്തി. ഇത് മുഖ്യമന്ത്രിയേയും ചൊടിപ്പിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് സുധേഷ് കുമാറിന്റെ മകൾ സ്‌നിക്ത പൊലീസിൽ പരാതി നൽകിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് സ്‌നിക്തയ്‌ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സ്‌നിക്ത തന്നെ മർദ്ദിച്ചതായി ചൂണ്ടിക്കാട്ടി ഗവാസ്‌കർ നേരത്തെ പരാതി നൽകിയിരുന്നു. കനകക്കുന്നിൽ പ്രഭാത നടത്തം കഴിഞ്ഞെത്തിയ, സ്‌നിക്ത പാർക്കിലെ പൊതുപാർക്കിങ് സ്ഥലത്തു വച്ച് മർദ്ദിച്ചെന്നും തലയ്ക്ക് പിന്നിലിടിച്ച് കൊല്ലാൻ ശ്രമിച്ചെന്നുമാണ് ഗവാസ്‌കർ മ്യൂസിയം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇന്നലെ ഉച്ചയോടെ മ്യൂസിയം പൊലീസ് ഗവാസ്‌കറിന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും കേസെടുത്തിരുന്നില്ല.

അതേസമയം കൈയിൽ കയറിപിടിച്ചെന്നും ചീത്തവിളിച്ചെന്നും അമിതവേഗത്തിൽ വണ്ടിയിടിപ്പിക്കാൻ ശ്രമിച്ചെന്നും ഗവാസ്‌കറിനെതിരെ സ്‌നിക്തയും പരാതി നൽകി. ഇതേത്തുടർന്ന് വനിതാ സിഐയെ എ.ഡി.ജി.പി വീട്ടിലേക്ക് വിളിച്ചുവരുത്തി മകളുടെ മൊഴിയെടുത്തു. സ്‌നിക്ത പിന്നീട് സ്വകാര്യാശുപത്രിയിൽ ചികിത്സതേടി. ഇതോടെ കേസും വന്നു. ഇതിൽ പൊലീസ് അസോസിയേഷന് അമർഷമുണ്ട്. പരാതി കൊടുക്കാൻ പൊലീസ് സ്റ്റേഷനിൽ പോലും സ്‌നിക്ത എത്തിയില്ല. എ.ഡി.ജി.പിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറായിരുന്നു ഗവാസ്‌കർ. തലസ്ഥാനത്ത് സിവിൽസർവീസ് പരിശീലനം നടത്തുകയാണ് സ്‌നിക്ത.

കുറവൻകോണത്താണ് എ.ഡി.ജി.പിയുടെ വസതി. കഴിഞ്ഞദിവസം സ്‌നിക്തയുടെ കായികക്ഷമതാ പരിശീലനത്തിനെത്തിയ പൊലീസുകാരിയുമായി സംസാരിച്ചെന്നു പറഞ്ഞാണ് സ്‌നിക്ത തന്നോട് വഴക്കുണ്ടാക്കിയതെന്ന് ഗവാസ്‌കർ പറയുന്നു. സ്‌നികതയും അമ്മയും തുടർച്ചയായി അസഭ്യവർഷം നടത്തിയതോടെ താൻ എ.ഡി.ജി.പി യോട് പരാതി പറഞ്ഞു. ഇതിൽ പ്രകോപിതയായി ഇന്നലെ രാവിലെ കനകക്കുന്നിൽ വച്ചും ഇവർ അസഭ്യവർഷം തുടർന്നു. പാർക്കിങ് സ്ഥലത്ത് കാർ നിറുത്തിയപ്പോൾ സ്‌നിക്ത നടക്കാൻ പോയി.

തിരിച്ചെത്തിയപ്പോഴും അസഭ്യവർഷമായിരുന്നു. കനകക്കുന്ന് ഗേറ്റിലെത്തിയപ്പോൾ, ഇനിയും അസഭ്യം പറഞ്ഞാൽ വാഹനം ഓടിക്കാൻ കഴിയില്ലെന്ന് താൻ പറഞ്ഞു. സ്‌നിക്ത പ്രകോപിതയായി കാറിൽ നിന്ന് ഇറങ്ങി വാഹനത്തിന്റെ താക്കോൽ ആവശ്യപ്പെട്ടെങ്കിലും ഔദ്യോഗിക വാഹനം വിട്ടു നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഓട്ടോയിൽ കയറിപ്പോയി.

അല്പസമയത്തിനകം വീണ്ടും കാറിനടുത്തേക്ക് തിരിച്ചെത്തിയ അവർ വാഹനത്തിൽ മറന്നു വച്ച മൊബൈൽ ഫോൺ എടുത്തശേഷം മൊബൈൽ കൈയിൽ മുറുക്കിപിടിച്ച് കഴുത്തിലും ചുമലിലും മുതുകിലും ഇടിക്കുകയായിരുന്നുവെന്നാണ് ഗവാസ്‌കർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP