Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരസ്യ പ്രസ്താവന വിലക്കിയിട്ടും കൂസൽ ഇല്ലാതെ രംഗത്ത്; വായിൽ തോന്നിയതെല്ലാം മാധ്യമങ്ങളോട് വിളമ്പും; പേരെടുത്ത് പറഞ്ഞു നേതാക്കൾക്കെതിരെ വ്യക്തിപരമായ ആക്രമണങ്ങൾ; സഹിച്ചു മടുത്ത എ-ഐ ഗ്രൂപ്പ് നേതാക്കൾ സുധീരനെതിരെ നിലപാട് കർശനമാക്കി രംഗത്ത്; അവസാന അനുനയ ശ്രമവും പാളിയാൽ സുധീരൻ പുറത്തേക്ക് പോയേക്കും; സുധീരന്റെ കോൺഗ്രസിലെ ഭാവി അടഞ്ഞെന്ന് റിപ്പോർട്ടുകൾ

പരസ്യ പ്രസ്താവന വിലക്കിയിട്ടും കൂസൽ ഇല്ലാതെ രംഗത്ത്; വായിൽ തോന്നിയതെല്ലാം മാധ്യമങ്ങളോട് വിളമ്പും; പേരെടുത്ത് പറഞ്ഞു നേതാക്കൾക്കെതിരെ വ്യക്തിപരമായ ആക്രമണങ്ങൾ; സഹിച്ചു മടുത്ത എ-ഐ ഗ്രൂപ്പ് നേതാക്കൾ സുധീരനെതിരെ നിലപാട് കർശനമാക്കി രംഗത്ത്; അവസാന അനുനയ ശ്രമവും പാളിയാൽ സുധീരൻ പുറത്തേക്ക് പോയേക്കും; സുധീരന്റെ കോൺഗ്രസിലെ ഭാവി അടഞ്ഞെന്ന് റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കടുത്ത ഭാഷയിൽ വിമർശിച്ചും ഗ്രൂപ്പു നേതാക്കൾക്കെതിരെ തുറന്നടിച്ചിട്ടും മുൻ കെപിസിസി അധ്യക്ഷനെതിരെ രമേശ് ചെന്നിത്തലയോ ചാണ്ടിയോ മറുപടിയുമായി രംഗത്തെത്തിയിട്ടില്ല. കഴിഞ്ഞ സർക്കാറിന്റെ തെറ്റുകൾ എണ്ണി പറഞ്ഞു കൊണ്ടാണ് സുധീരൻ രംഗത്തെത്തിയിരുന്നത്. എന്നാൽ, ഗ്രൂപ്പു നേതാക്കൾ ഈ വിഷയത്തിൽ മൗനം പാലിക്കുന്നത് സുധീരനെ എന്നെന്നേക്കുമായി കോൺഗ്രസിൽ നിശബ്ധനാക്കാനുള്ള നീക്കങ്ങളുടെ ഭാഗമെന്ന് സൂചന. സുധീരന് അതേനാണയത്തിൽ മറുപടി നൽകാതെ അച്ചടക്ക പ്രശ്‌നം അടക്കം ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിനെ കൊണ്ട് ഇടപെടീക്കാനാണ് ഗ്രൂപ്പു നേതാക്കളുടെ നീക്കം. മറുപടി നൽകാതിരിക്കുമ്പോൾ കോൺഗ്രസിൽ സുധീരൻ താനെ അപ്രസക്തനാകുമെന്നും ഗ്രൂപ്പുകൾ കണക്കു കൂട്ടുന്നുണ്ട്. ഇപ്പോഴത്തെ നീക്കത്തോടെ കോൺഗ്രസിൽ സുധീരന്റെ ഭാവി ഏതാണ്ട് പൂർണമായും അടഞ്ഞെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.

വി എം.സുധീരന്റെ വിമർശനങ്ങൾ അതിരുവിടുന്നെന്നും അതിന്റെ പേരിൽ അദ്ദേഹത്തിന് മറുപടിനൽകി പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കേണ്ടെന്നും എ, ഐ ഗ്രൂപ്പുകൾ. സുധീരൻ നടത്തിയത് അച്ചടക്കലംഘനമാണെന്ന് കാണിച്ച് ഹൈക്കമാൻഡിന് പരാതി നൽകാനൊരുങ്ങുകയാണ് ഇരുഗ്രൂപ്പും. ഡൽഹിയിലുള്ള കെപിസിസി. അധ്യക്ഷൻ എം.എം.ഹസൻ ഇക്കാര്യം എ.ഐ.സി.സി. ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന്റെ ശ്രദ്ധയിൽപ്പെടുത്തി. കാര്യങ്ങൾ ഇത്രയും മോശമായ സ്ഥിതിക്ക് ഹൈക്കമാൻഡ് ഇടപെട്ടേക്കും. കെപിസിസി.ക്ക് പുതിയ അധ്യക്ഷൻ വരുമ്പോൾ തീരുമാനങ്ങളെടുക്കുന്നതിന് മുതിർന്ന നേതാക്കൾ ഉൾപ്പെടുന്ന ഏതെങ്കിലുമൊരു സമിതിയെ നിയോഗിച്ചേക്കാം. അത്തരത്തിലുള്ള ക്രമീകരണങ്ങളിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണാനാകും ഹൈക്കമാൻഡ് ശ്രമിക്കുക.

ചൊവ്വാഴ്ച രാഷ്ട്രീയകാര്യ സമിതിയിൽ ഒന്നേകാൽ മണിക്കൂറെടുത്ത് സംസാരിച്ച കാര്യങ്ങൾ വീണ്ടും പുറത്ത് ഉന്നയിക്കുന്നത് സ്ഥിതിഗതികൾ കലക്കുകയെന്ന ഉദ്ദേശ്യത്തോടെയാകുമെന്ന നിഗമനത്തിലാണ് ഇരുഗ്രൂപ്പും. സാധാരണ സുധീരന് മറുപടിയുമായി എ, ഐ ഗ്രൂപ്പ് നേതാക്കൾ അപ്പോൾത്തന്നെ രംഗത്തിറങ്ങേണ്ടതാണ്. എന്നാൽ, സുധീരൻ വീണ്ടും പത്രസമ്മേളനം നടത്തിയത്, തനിക്ക് ഒരുനിയന്ത്രണവും ബാധകമല്ലെന്ന് വരുത്താനാണെന്ന മൃദുവായ മറുപടിയിൽ കെ.സി.ജോസഫ് വിമർശനം ഒതുക്കി. മറ്റുനേതാക്കളോട് പ്രതികരിക്കരുതെന്ന് കർശനനിർദ്ദേശം നൽകി. കോൺഗ്രസിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട ചാനൽചർച്ചകളിൽ പങ്കെടുക്കരുതെന്ന് മറ്റുനേതാക്കൾക്ക് ഗ്രൂപ്പ് നേതൃത്വം മുന്നറിയിപ്പും നൽകി.

ഹൈക്കമാൻഡ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കട്ടെയെന്ന സമീപനമാണ് നേതൃത്വം പുലർത്തുന്നത്. രാജ്യസഭാസീറ്റ് കൈവിട്ടത് സംബന്ധിച്ച വിവാദം പാർട്ടി നേതൃയോഗങ്ങളോടെ കെട്ടടങ്ങുമെന്നായിരുന്നു നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാൽ, മൂന്നുനേതാക്കൾ ചേർന്ന് സ്വിച്ചിട്ടാൽ വിവാദമടങ്ങില്ലെന്ന സൂചനയാണ് സുധീരൻ നൽകുന്നത്. വേണ്ടത്ര ചർച്ചയില്ലാതെ തീരുമാനമെടുത്തതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് നേതാക്കൾക്ക് ഒഴിഞ്ഞുമാറാനാകില്ല. ഈ അവസരം ഒരു നിമിത്തമാക്കി ഹൈക്കമാൻഡ് ഇടപെടൽ ഉറപ്പിക്കാനും ഭാവിയിൽ ഗൗരവമായ തീരുമാനങ്ങൾ മുതിർന്ന നേതാക്കളോട് ആലോചിച്ച് തീരുമാനിക്കുന്നതിനുള്ള ക്രമീകരണം ഉണ്ടാക്കുകയുമാണ് സുധീരന്റെ ലക്ഷ്യമെന്ന് കരുതുന്നു.

കേരളാ കോൺഗ്രസിന് സീറ്റ് നൽകിയതിനോടും ഘടകകക്ഷികൾ കോൺഗ്രസിനുമേൽ പിടിമുറുക്കുന്നതുമായ ഗൗരവമുള്ള കാര്യങ്ങളാണ് സുധീരൻ ഉന്നയിക്കുന്നത്. ഗ്രൂപ്പ് ഭേദമെന്യേ പാർട്ടിയിൽ ഈ നിലപാടിനുള്ള പിന്തുണ അദ്ദേഹം പ്രതീക്ഷിക്കുന്നു. എന്നാൽ, പാർട്ടി പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ ഇത്തരം വിവാദങ്ങൾക്ക് പ്രസക്തിയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മറുപടിപറഞ്ഞ് പ്രശ്‌നം കൂടുതൽ വഷളാക്കേണ്ടെന്ന നിലപാട് അവരെടുത്തതും ഇതുമൂലമാണ്. ഭരണപരമായ കാര്യങ്ങളിൽ സുധീരൻ ഉന്നയിച്ച വിമർശനങ്ങളോട് ഉമ്മൻ ചാണ്ടി പ്രതികരിച്ചേക്കും; പ്രത്യേകിച്ചും വിഴിഞ്ഞം പദ്ധതി, ബാർ നിരോധനം തുടങ്ങിയ കാര്യങ്ങളിൽ. ഇക്കാര്യങ്ങളിൽ രാഷ്ട്രീയ എതിരാളികൾ ഉന്നയിക്കുന്ന വിമർശനമാണ് സുധീരൻ ഏറ്റുപിടിച്ചതെന്ന് അവർ കുറ്റപ്പെടുത്തുന്നു.

ഇന്നലെ കടുത്ത ഭാഷയിലാണ് സുധീരൻ വാർത്താസമ്മേളനം വിളിച്ച് ആഞ്ഞടിച്ചത്. തന്നെ കെപിസിസി അധ്യക്ഷനായി നിയമിച്ചതിൽ ഉമ്മൻ ചാണ്ടിക്കു നീരസമായിരുന്നുവെന്നു എന്നു പറഞ്ഞു കൊണ്ട് അക്കമിട്ട് വിമർശനം നടത്തി അദ്ദേഹം. കെപിസിസി അധ്യക്ഷനായിരിക്കെ താൻ നടത്തിയ രണ്ടു ജാഥകളും പരാജയപ്പെടുത്താൻ ഉമ്മൻ ചാണ്ടി ശ്രമിച്ചിരുന്നു. ജാഥകൾ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹത്തിനു പ്രസംഗത്തിൽ തന്റെ പേരുപറയാൻ പോലും മടിയായിരുന്നു. കാശെറിയാതെ ശംഖുമുഖത്ത് ആളുവരില്ലെന്നായിരുന്നു ഒരു നേതാവിന്റെ പ്രസ്താവന. രണ്ടു ഗ്രൂപ്പ് നേതാക്കളും സഹകരിക്കാതിരുന്നിട്ടും ശംഖുമുഖം നിറഞ്ഞുകവിഞ്ഞു. കോട്ടയത്തുവച്ച് ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ചതിനുശേഷമാണു ജാഥകളിൽ അദ്ദേഹം തന്നെ പിന്തുണച്ചത്. തന്റെ പേരു പറയാൻ പോലും തയാറായത് അതിനുശേഷമാണ്.

കരുണ എസ്റ്റേറ്റ് വിമർശനങ്ങൾ ഉയർന്നപ്പോൾ അതു ചോദ്യം ചെയ്ത തന്നോട് ഉദ്യോഗസ്ഥരെ എങ്ങനെ 'ലെറ്റ് ഡൗൺ' ചെയ്യാൻ സാധിക്കുമെന്നാണ് ഉമ്മൻ ചാണ്ടി ചോദിച്ചത്. ജനങ്ങളെ എങ്ങനെ 'ലെറ്റ് ഡൗൺ' ചെയ്യാൻ ആകുമെന്ന് താനും ചോദിച്ചു. പിന്നീടു നടന്ന യോഗത്തിൽ എംഎൽഎമാർ പോലും അദ്ദേഹത്തിനെതിരെ ശക്തമായ വിർശനമുന്നയിച്ചു. അതോടെ അദ്ദേഹം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീടാണ് ഈ കൊള്ള അനുവദിക്കാനാകില്ലെന്ന് താൻ നിലപാടെടുത്തതെന്നും സുധീരൻ പറഞ്ഞു.

മദ്യനയമാണ് തോൽവിക്ക് കാരണമെന്നാണ് ഇന്നലെത്തെ യോഗത്തിലും എ ഗ്രൂപ്പിലെ ചിലർ പറഞ്ഞത്. നിയമം പാലിക്കാത്ത ബാറുകൾ പൂട്ടാൻ മാത്രമാണു ഞാൻ പറഞ്ഞത്. എല്ലാംകൂടി പൂട്ടാൻ പറഞ്ഞിട്ടില്ല. തനിക്ക് ലഭിച്ച ജനപിന്തുണയിലെ അസൂയമൂലമാണ് ബാറുകൾ ഉമ്മൻ ചാണ്ടി പൂട്ടിയത്. പ്രതിപക്ഷം ജനങ്ങളുടെ വിശ്വാസം ആർജിക്കുന്നില്ലെന്നും സുധീരൻ വിമർശിച്ചു. കോവളം കൊട്ടാരം, ഹാരിസൺ വിഷയങ്ങളിൽ വേണ്ട രീതിയിൽ പ്രതികരിച്ചില്ല. അരുവിക്കര തിരഞ്ഞെടുപ്പിന് പത്രിക സമർപ്പിക്കുന്നതിനിടെയാണ് വിഴിഞ്ഞം കരാറിൽ അന്തിമ തീരുമാനമെടുക്കുന്നത്. എല്ലാവശങ്ങളും പരിഗണിക്കണമെന്ന എഐസിസിയുടെ നിർദ്ദേശം അവഗണിച്ചായിരുന്നു ഇത്. തിരഞ്ഞെടുപ്പായതിനാലാണ് അതിനെതിരെ ഒന്നും പറയാതിരുന്നതെന്നും സുധീരൻ പറഞ്ഞു.

അതേസമയം, ഇന്നലെ കെപിസിസി യോഗത്തിൽ അവസാനം താൻ സംസാരിക്കുമ്പോൾ ജൂനിയറായ രണ്ടുപേർ ചാടിവീഴുകയാണ്. ആ രണ്ട് യുവ സുഹൃത്തുക്കളുടെ നടപടി എന്റെ മനസസിന് ഏറ്റവും വിഷമമുണ്ടാക്കി. ആ ആഘാതത്തിലാണ് ഇന്നലെ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ രാജിയെപ്പറ്റി പറയേണ്ടിവന്നതെന്നും സുധീരൻ കൂട്ടിച്ചേർത്തു.

ാഴേത്തട്ടിലുള്ള നേതാക്കന്മാരുടെ താൽപര്യം പരിഗണിച്ച് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനാണ് കോൺഗ്രസിൽ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രാദേശിക നേതൃത്വം തന്ന സ്ഥാനാർത്ഥി പട്ടിക ഗ്രൂപ്പ് മാനേജർമാർ വെട്ടിനിരത്തി. പരസ്പരം കാലുവാരാതെ സ്ഥാനാർത്ഥി നിർണയം കൃത്യമായി നടത്തിയിരുന്നെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചേനെ. താൻ കാരണമാണ് കൊച്ചിയിൽ പരാജയപ്പെട്ടതെന്നാണു ഡൊമിനിക് പ്രസന്റേഷൻ പറയുന്നത്. അദ്ദേഹത്തോടൊരു കാര്യം മാത്രമാണ് ചോദിക്കുന്നതുകൊച്ചിയിൽ ടോണി ചെമ്മണി മൽസരിച്ചെങ്കിൽ ജയിക്കുകയില്ലായിരുന്നോ. പ്രസന്റേഷൻ തന്നെയാണ് ഇക്കാര്യം പറയേണ്ടത്. തോൽവിക്കു കാരണം തന്റെ പ്രസ്താവനകളായിരുന്നില്ല. സ്ഥാനാർത്ഥി നിർണയത്തിൽ തന്നെ എട്ടുസീറ്റുകൾ നഷ്ടപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിലൂടെ പതിനൊന്നും.

നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ രാജിവയ്ക്കാൻ താൻ തയാറായിരുന്നു. ഇതിനായി രാജിക്കത്തുവരെ തയാറാക്കി. യോഗത്തിന്റെ അവസാനം പ്രസംഗിച്ച് രാജി പ്രഖ്യാപിക്കാമെന്നാണു കരുതിയത്. എന്നാൽ യോഗത്തിന്റെ തുടക്കത്തിൽ തന്നെ എം.എം.ഹസൻ തന്റെ രാജി ആവശ്യപ്പെട്ടു. തനിക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കപ്പെട്ടു. ഇതോടെയാണ് അന്നു രാജിക്കു തയാറാകാതിരുന്നതെന്നും സുധീരൻ പറഞ്ഞു.

കേരള കോൺഗ്രസിനു രാജ്യസഭാ സീറ്റു നൽകിയത് ഹിമാലയൻ വങ്കത്തരമെന്നു കെപിസിസി മുൻ അധ്യക്ഷൻ വി എം. സുധീരൻ. രാജ്യസഭാ സീറ്റു നൽകിയത് അധാർമികമാണ്. സമാന്യബോധമുള്ള ഒരു രാഷ്ട്രീയ നേതാവും ഇത്തരമൊരു തീരുമാനമെടുക്കില്ല. ലോക്‌സഭയിൽനിന്നു രാജ്യസഭയിലേക്ക് ഒരാൾ പോകുമ്പോൾ ലോക്‌സഭയിൽ ഒരു സീറ്റ് കുറയും. യുപിഎയുടെ നഷ്ടം ബിജെപിയുടെ നേട്ടമായി മാറുന്നു.

ഭാരതത്തിന്റെ ശാപമാണു ബിജെപി. ജനങ്ങളുടെ മേൽ വന്നുപെട്ട വൻ ബാധ്യതയാണു മോദി സർക്കാർ. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇവരെ പുറന്തള്ളുന്നതിനുവേണ്ടി രാഹുൽ ഗാന്ധി മുന്നോട്ടു പോകുമ്പോൾ ആ ശ്രമങ്ങളെ പരാജയപ്പെടുത്തുന്ന സമീപനമാണു കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റേത്. ഒരേസമയം മൂന്നു പാർട്ടികളുമായി വിലപേശിയ കേരള കോൺഗ്രസ് ചെയർമാൻ നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്താണുറപ്പ്. അത്തരമൊരു ഉറപ്പെങ്കിലും അദ്ദേഹത്തിൽനിന്നു വാങ്ങേണ്ടതായിരുന്നു. ആർഎസ്‌പിയെ മുന്നണിയിലെടുത്തതു പാർട്ടിയിൽ ആലോചിച്ചാണ്. സോണിയ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കണം. ജയിച്ചുവരുന്ന പാർലമെന്റംഗം യുപിഎയ്ക്കു പിന്തുണ നൽകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP