Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നുണ പ്രചരിപ്പിച്ചും ജയിലിൽ അടച്ചും അപമാനിച്ചിട്ടും അവർക്ക് മതിയായില്ല; ഡോക്ടർ കഫീൽഖാന്റെ സഹോദരനെ വെടിവെച്ച് വീഴ്‌ത്തി കലാപക്കാർ: ഗൊരഖ്പൂർ ശിശുമരണത്തിന്റെ ദുരന്തം ലോകത്തോട് പറഞ്ഞ ഡോക്ടർ കഫീൽ ഖാനെ വിടാതെ പിന്തുടർന്ന് ആരോ ചിലർ

നുണ പ്രചരിപ്പിച്ചും ജയിലിൽ അടച്ചും അപമാനിച്ചിട്ടും അവർക്ക് മതിയായില്ല; ഡോക്ടർ കഫീൽഖാന്റെ സഹോദരനെ വെടിവെച്ച് വീഴ്‌ത്തി കലാപക്കാർ: ഗൊരഖ്പൂർ ശിശുമരണത്തിന്റെ ദുരന്തം ലോകത്തോട് പറഞ്ഞ ഡോക്ടർ കഫീൽ ഖാനെ വിടാതെ പിന്തുടർന്ന് ആരോ ചിലർ

ഗൊരഖ്പുർ: ഡോക്ടർ കഫീൽഖാനെ എത്ര ദോഹിച്ചിട്ടും ചിലർക്ക് മതി വരുന്നില്ല. ബിആർഡി മെഡിക്കൽ കോളേജിൽ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി നടന്നപ്പോൾ അത് തടയാൻ ഏറ്റവും കൂടുതൽ ഓടി നടന്നത് ഡോ. കഫീൽ ഖാൻ ആയിരുന്നു. എന്നാൽ ഡോക്ടറെ കാത്തിരുന്നത് ജയിൽ ആയിരുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയിട്ടും ആരൊക്കെയോ പിറകെ നടന്ന് ദ്രോഹിക്കുകയാണ് ഈ ഡോക്ടറെ.

കഫീൽഖാനെതിരെ വാളെടുത്തിരിക്കുന്നവർ ഒടുവിൽ അദ്ദേഹത്തിന്റെ സഹോദരനെയും തിരഞ്ഞ് പിടിച്ച് ആക്രമിച്ചിരിക്കുകയാണ്. ഡോ.കഫീൽഖാന്റെ സഹോദരൻ കാശിഫ് ജമാലിനെ ഇന്നലെ അജ്ഞാതർ വെടിവെച്ചു. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ദർഗഭാടിയിൽ വെച്ച് മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം കാശിഫ് ജമാലിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഞായറാഴ്ച രാത്രി പതിനൊന്നോടെ ഹുമയുൺപൂർ നോർത്തിൽ ജെപി ആശുപത്രിക്കു സമീപമായിരുന്നു ആക്രമണം. സംഭവത്തിൽ ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കൈയ്ക്കും, നെഞ്ചിനും, താടിയെല്ലിനുമാണ് വെടിയേറ്റത്. ഗൊരഖ്പുർ സ്റ്റാർ പ്രൈവറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാശിഫ് അപകട നില തരണം ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഗൊരഖ്പുർ ബി.ആർ.ഡി ആശുപത്രിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയെന്നാരോപിച്ചായിരുന്നു ശിശുമരണ വിവാദത്തിന് ശേഷം അന്വേഷണ സംഘം കഫീൽഖാനെ അറസ്റ്റ് ചെയ്തിരുന്നത്. എന്നാൽ സ്വന്തം ചെലവിൽ ഓക്‌സിജൻ വരുത്തി നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചത് കഫീൽ ഖാൻ ആയിരുന്നു. തുടർന്ന് ജയിലിലായ ഡോ. കഫീൽ ഖാൻ എട്ടുമാസത്തെ തടവിന് ശേഷം ഒരു മാസം മുമ്പാണ് ജാമ്യം ലഭിച്ച് പുറത്തുവന്നത്. എട്ടുമാസമായിട്ടും ഡോ. കഫീലിനെതിനെതിരെ കുറ്റം ചുമത്താൻ ഉത്തർപ്രദേശ് പൊലീസിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി കഫീലിന് ജാമ്യം അനുവദിച്ചത്.

കഫീൽ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കാതിരിക്കാൻ നിരവധി തവണ പലരും ശ്രമിച്ചിരുന്നു. തന്റെ ജീവൻ അപായപ്പെടുത്താൻ ശ്രമമുണ്ടെന്ന് ജയിലിൽനിന്ന് കഫീൽ ഖാൻ കത്തയക്കുകയും ചെയ്തതിന് ശേഷമായിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച സാഹചര്യത്തിൽ തന്നെ സർവിസിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കഫീൽ നൽകിയ കത്തിൽ നടപടിയൊന്നുമെടുത്തിട്ടില്ല. ഇതിനിടയിലാണ് ഞായറാഴ്ച കഫീലിന്റെ സഹോദരൻ കാശിഫിനുനേരെ വധശ്രമം നടന്നത്.

ഓക്സിജൻ ലഭിക്കാത്തതിനെത്തുടർന്നാണ് ഗോരഖ്പുർ മെഡിക്കൽ കോളേജിൽ കൂട്ട ശിശു മരണമുണ്ടായത്. ഓക്സിജൻ സിലിൻഡർ നൽകേണ്ട ഏജൻസിക്ക് 68 ലക്ഷം രൂപ കുടിശ്ശിക നൽകാനുള്ളതിനാൽ അവർ വിതരണം നിർത്തുകയായിരുന്നു. സ്വന്തംനിലയ്ക്ക് സിലിൻഡറെത്തിച്ച് കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടർ തന്നെ സർക്കാർ കേസിൽ കുരുക്കുകയാണുണ്ടായതെന്ന ആരോപണവും ഉന്നയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP