Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊണ്ണൂറ്റിയഞ്ചിന്റെ ചെറുപ്പത്തിലും മലയാളിയുടെ മനസ്സിൽ നിറയുന്നത് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ; കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് സാക്ഷാൽ വി എസ് തന്നെ; രണ്ടാമൻ ഉമ്മൻ ചാണ്ടിയും; മുഖ്യമന്ത്രി പിണറായി മൂന്നാമൻ; മിസ്സോറാം ഗവർണ്ണറായ കുമ്മനത്തിന് നാലാം സ്ഥാനം; അഞ്ചാമത് എത്തിയത് രാജഗോപാൽ; ചെന്നിത്തല ഏറ്റവും പിന്നിൽ; മറുനാടൻ സർവ്വേ കൈയടിക്കുന്ന ജനകീയ നേതാക്കൾ ഇവർ

തൊണ്ണൂറ്റിയഞ്ചിന്റെ ചെറുപ്പത്തിലും മലയാളിയുടെ മനസ്സിൽ നിറയുന്നത് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ; കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് സാക്ഷാൽ വി എസ് തന്നെ; രണ്ടാമൻ ഉമ്മൻ ചാണ്ടിയും; മുഖ്യമന്ത്രി പിണറായി മൂന്നാമൻ; മിസ്സോറാം ഗവർണ്ണറായ കുമ്മനത്തിന് നാലാം സ്ഥാനം; അഞ്ചാമത് എത്തിയത് രാജഗോപാൽ; ചെന്നിത്തല ഏറ്റവും പിന്നിൽ; മറുനാടൻ സർവ്വേ കൈയടിക്കുന്ന ജനകീയ നേതാക്കൾ ഇവർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഏറ്റവും പ്രായമുള്ള വ്യക്തിയാണ് വി എസ് അച്യുതാനന്ദൻ. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി. നിലവിൽ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ. കേരള നിയമസഭയിലെ എംഎൽഎ. വയസ്സ് 95ലേക്ക് കടക്കുകയാണ് സഖാവിന്. യുവ തലമറുയ്ക്ക് വേണ്ടി വാദിക്കുന്ന ടെക്കികളുടെ ലോകവും. എന്നിട്ടും കേരളത്തിലെ ഏറ്റവും ജനകീയ നേതാവ് വി എസ് അച്യുതാനന്ദനാണ്. മറുനാടൻ സർവ്വേയിലാണ് തൊണ്ണൂറുകളിലും മലയാളി മനസ്സിൽ നിറയുന്ന നായക നേതാവായി വി എസ് അച്യുതാനന്ദൻ തെളിഞ്ഞ് നിൽക്കുന്നത്. തൊട്ട് പിന്നിലുള്ളവരെക്കാൾ ഏറെ മുന്നിലാണ് ജനപ്രീതിയിൽ വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ.

സർവ്വേയിൽ പങ്കെടുത്ത 39.7 ശതമാനം പേരും ജനകീയ നേതാവായി നെഞ്ചിലേറ്റുന്നത് തൊണ്ണൂറ്റിയഞ്ചിന്റെ ചെറുപ്പം സിരകളിൽ സൂക്ഷിച്ച് ജനകീയ വിഷയങ്ങളിൽ ഇടപെടൽ നടത്തുന്ന വി എസ് അച്യുതാനന്ദനെയാണ്. രണ്ടാം സ്ഥാനത്തുള്ളത് മുന്മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയും. 23 ശതമാനം പേരാണ് ഉമ്മൻ ചാണ്ടിയുടെ ജനകീയ ഇടപെടലുകളിൽ ഇപ്പോഴും പ്രതീക്ഷ വയ്ക്കുന്നത്. മുഖ്യമന്ത്രിയായ പിണറായി വിജയനെ 20.3ശതമാനം പേർ അംഗീകരിക്കുമ്പോൾ നാലും അഞ്ചും സ്ഥാനങ്ങളിൽ ബിജെപിക്കാരാണ്. മിസോറാം ഗവർണ്ണറാക്കി കേരളത്തിൽ നിന്ന് ബിജെപി കേന്ദ്ര നേതൃത്വം ഒഴിവാക്കിയ കുമ്മനം രാജശേഖരനെ 10.01 ശതമാനം പേർ പ്രതീക്ഷയോടെ കാണുന്നു. അഞ്ചാമൻ നിയമസഭയിലെ ഏക ബിജെപി ശബ്ദമായ രാജഗോപാലും. 6.7 ശതമാനം പേരാണ് 89 വയസുള്ള രാജഗോപാലിനെ പ്രതീക്ഷയോടെ നോക്കി കാണുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴയിൽ വിഎസിനെ സിപിഎം സ്ഥാനാർത്ഥിയാക്കി. ഇതോടെ വി എസ് മുഖ്യമന്ത്രിയാകുമെന്ന പൊതു വികാരം ശക്തമാക്കി. ഇതാണ് തെരഞ്ഞെടുപ്പിൽ ഇടതു തരംഗം ആഞ്ഞടിക്കാൻ കാരണമെന്ന വിലയിരുത്തലെത്തിയിരുന്നു. പിന്നീട് മുഖ്യമന്ത്രിയായത് പിണറായി വിജയനും. ഇതോടെ പ്രശ്‌നക്കാരനെന്ന റോളിൽ നിന്ന് ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി വി എസ് സ്വയം ഒതുങ്ങി. സർക്കാരിനെ കടന്നാക്രമിക്കുയോ പ്രതിസന്ധിയിലാക്കുകയോ ചെയ്തില്ല. പാർട്ടി വിധേയനായി മാറിയപ്പോഴും വി എസ് തന്നെയാണ് കേരളത്തിലെ ഏറ്റവും ജനകീയൻ. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സ്റ്റാർ കാമ്പൈനറായിരുന്നു വി എസ്. അവിടെ പ്രചരണ യോഗങ്ങളിൽ ഒഴുകിയെത്തിയ പതിനായിരങ്ങളും വി എസ് അച്യുതാനന്ദന്റെ ജനപ്രീതിക്ക് തെളിവാണ്. ഇത് തന്നെയാണ് മറുനാടൻ സർവ്വേയിലും പ്രതിഫലിക്കുന്നത്.

നിലവിൽ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായ അച്യുതാനന്ദൻ ജനകീയ പ്രശ്‌നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിർഭയം പ്രതികരിക്കുന്ന നേതാവാണ്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്‌നങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 2006ലെ പൊതു തെരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണിയെ അധികാരത്തിലെത്തിക്കുന്നതിൽ, പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അച്യുതാനന്ദന്റെ 5 വർഷക്കാലത്തെ തിളക്കമാർന്ന പ്രവർത്തനം പ്രയോജനപ്പെട്ടിട്ടുണ്ട്. 198092 കാലഘട്ടത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. 1967, 1970, 1991, 2001, 2006, 2011 വർഷങ്ങളിൽ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും സഭയിൽ പ്രതിപക്ഷനേതാവായിരുന്നു. 2001-ലും 2006-ലും പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2006 മെയ് 18 ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന അച്യുതാനന്ദനെ പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായഭിന്നത പരസ്യപ്രസ്താവനയിലൂടെ വെളിവാക്കിയതിന്റെ പേരിൽ സമിതിയിൽ നിന്നും 2007 മെയ്‌ 26നു താൽക്കാലികമായി പുറത്താക്കി. അച്ചടക്ക നടപടിക്കു വിധേയനായെങ്കിലും പാർട്ടി നിയോഗിച്ച മുഖ്യമന്ത്രി സ്ഥാനത്ത് അച്യുതാനന്ദൻ തുടർന്നു. പാർട്ടി അച്ചടക്കലംഘനത്തെത്തുടർന്ന് സിപിഐ.എം പോളിറ്റ് ബ്യൂറോ, 2009 ജൂലൈ 12-ന് വി.എസിനെ പോളിറ്റ് ബ്യൂറോയിൽ നിന്നു പുറത്താക്കുകയും, കേന്ദ്രകമ്മറ്റിയിലേക്ക് തരം താഴ്‌ത്തുകയും ചെയ്തു. എന്നാൽ വി.എസിന് കേരള മുഖ്യമന്ത്രിയായി തുടരാമെന്ന് പി.ബി വ്യക്തമാക്കി. അച്ചടക്കലംഘനത്തെത്തുടർന്ന് 2012 ജൂലൈ 22-ന് ചേർന്ന കേന്ദ്രകമ്മറ്റി വി.എസിനെ പരസ്യമായി ശാസിക്കാനുള്ള പോളിറ്റ് ബ്യൂറോ തീരുമാനം അംഗീകരിച്ചു. തെരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിന് ഇടതുപക്ഷം തോറ്റു. അപ്പോഴും പ്രതിപക്ഷത്തിന്റെ ശബ്ദമായി വി എസ് നിറഞ്ഞു. ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമ്പോഴും പറയേണ്ടിടത്ത് വി എസ് അഭിപ്രായം പറയുന്നു. ഇത് തന്നെയാണ് കേരളത്തിന്റെ പ്രതീക്ഷയായി വി എസ് മാറുന്നത്.

കോൺഗ്രസിലെ ജനകീയ മുഖമാണ് ഉമ്മൻ ചാണ്ടി. സോളാറിൽ പ്രതിച്ഛായ നഷ്ടമായി മുഖ്യമന്ത്രി കസേര നഷ്ടമായപ്പോഴും കോൺഗ്രസിലെ നമ്പർ വൺ നേതാവായി ഉമ്മൻ ചാണ്ടി തുടരുന്നു. കെ എം മാണിയെ മുന്നണിയിലെടുക്കാൻ ചരട് വലിച്ച് രാജ്യസഭാ സീറ്റ് നഷ്ടമാക്കിയതിന്റെ പേരു ദോഷം ഉമ്മൻ ചാണ്ടിക്ക് ഉണ്ട്. കോൺഗ്രസിൽ നിന്ന് പോലും എതിർപ്പുകളെത്തുന്നു. അപ്പോഴും മുഴുവൻ സമയവും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാഗ്രഹിക്കുന്ന ഉമ്മൻ ചാണ്ടിക്ക് കേരളത്തിലെ ജനമനസ്സുകളിൽ സ്വാധീനം ഏറെയാണ്. ഇത് തന്നെയാണ് സർവ്വേയും പ്രതിഫലിപ്പിക്കുന്നത്. പ്രതിപക്ഷത്തെ നയിക്കാൻ ഏറ്റവും മികച്ച നേതാവ് ഉമ്മൻ ചാണ്ടിയാണെന്ന സൂചനയും സർവ്വേയിലുണ്ട്. പുതുപ്പള്ളി എംഎൽഎയായ ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ പ്രതീക്ഷയോടെ കേൾക്കാൻ കാത്തിരിക്കുന്ന 23 ശതമാനം ആളുകളാണ് സർവ്വേയിൽ വികാരം പ്രതിഫലിപ്പിച്ചത്. ഈ ജനകീയ അടിത്തറ തിരിച്ചറിഞ്ഞാണ് എഐസിസി ജനറൽ സെക്രട്ടറിയായി ഉമ്മൻ ചാണ്ടിയെ കോൺഗ്രസ് മാറ്റുന്നതും.

മൂന്നാമനാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി വിജയന്റെ ഭരണത്തെ കുറിച്ച് നല്ലതെന്ന അഭിപ്രായം സജീവമായി തന്നെ സർവ്വേയിൽ പ്രതിഫലിച്ചു. അപ്പോഴും ജനകീയന്മാരുടെ പട്ടികയിൽ വിഎസിനും ഉമ്മൻ ചാണ്ടിക്കും പിന്നിലാണ് സ്ഥാനം. സിപിഎം സെക്രട്ടറിയെന്ന നിലയിലെ സംഘാടന പരിചയം മുഖ്യമന്ത്രിയുടെ കരുത്താണ്. ഇതുമായി ഭരണ ചക്രം ആത്മവിശ്വാസത്തോടെ നയിക്കുമ്പോഴും നിലപാടിലെ കാർക്കശ്യം മൂലം ജനകീയത നഷ്ടമാകുന്നു. ഇതാകണം സർവ്വേയിൽ പ്രതിഫലിക്കുന്നത്. സിപിഎമ്മിൽ ഏറ്റവും ജനകീയ നേതാവായി മലയാളിയുടെ മനസ്സിൽ വി എസ് അച്യുതാനന്ദൻ ഇപ്പോഴും നിലനിൽക്കുന്നുവെന്നത് ഇതാണ് വിശദീകരിക്കുന്നത്. എങ്കിലും ഭരണത്തിലെ പിന്തുണ പിണറായി വിജയന് മുന്നോട്ട് പോകാനുള്ള ഊർജ്ജമാണ്.

വിഎസും ഉമ്മൻ ചാണ്ടിയും പിണറായിയും പോലെ തലയെടുപ്പുള്ള നിരവധി നേതാക്കൾ ഇടത്-വലത് രാഷ്ട്രീയക്കാരായുണ്ട്. അപ്പോഴും ജനകീയരിൽ നാലാമനായി കുമ്മനം രാജശേഖരനെത്തുന്നു. ഹിന്ദു ഐക്യവേദി നേതാവായി അറിയപ്പെട്ടിരുന്ന കുമ്മനം രണ്ടരക്കൊല്ലം മാത്രമാണ് സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി അപ്രതീക്ഷിതമായി എത്തിയ കുമ്മനം സമരമുഖങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. നിലയ്ക്കൽ സമരവും മറാട് പ്രതിഷേധവുമെല്ലാം സംഘടിപ്പിച്ച് ഹൈന്ദവ നേതാവെന്ന ലേബലിൽ പൊതു പ്രവർത്തനം നടത്തിയ കുമ്മനം ആറന്മുള വിമാനത്താവള വിരുദ്ധ സമരവും മുന്നിൽ നിന്ന് നയിച്ചു. ബിജെപി അധ്യക്ഷനെന്ന പ്രവർത്തനത്തിൽ പല പോരായ്മകളും ചൂണ്ടിക്കാട്ടപ്പെട്ടു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനിടെ മിസോറാമിലെ ഗവർണ്ണറുമായി. അങ്ങനെ മൂന്ന് പതിറ്റാണ്ട് പൊതു പ്രവർത്തനം നടത്തിയ കുമ്മനത്തിന്റെ രാഷ്ട്രീയത്തിന് രണ്ടര വർഷത്തെ മാത്രം ആയുസ്സ്. ഗവർണ്ണറായി പോയപ്പോഴും കേരളീയർ കുമ്മനത്തെ നേതാവായി കാണുന്നു.

ബിജെപിയുടെ കേരളത്തിലെ പൊതു മുഖമാണ് ഒ രാജഗോപാൽ. വാജ്‌പേയി സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്ന രാജഗോപാൽ അഴിമിതിക്കറ പുരളാത്ത നേതാവാണ്. ബിജെപിയുടെ കേരളത്തിലെ ആദ്യ എംഎൽഎ. നേമത്ത് തമാര വിരിയാൻ കാരണം രാജഗോപാലിന്റെ ജനപ്രിയത മാത്രമാണ്. തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽക്കുമ്പോഴും ബിജെപിയുടെ വോട്ടുയർത്തുന്ന നേതാവായി രാജഗോപാൽ മാറി. നെയ്യാറ്റിൻകര, അരുവിക്കര ഉപതെരഞ്ഞെടുപ്പിലും രാജഗോപാൽ ക്രമാതീതമായി വോട്ട് വിഹിതം ഉയർത്തി. ബിജെപിയുടെ വോട്ട് ശതമാന വർദ്ധനവിന് പ്രധാന കാരണക്കാരൻ രാജഗോപാലാണ്. പൊതു വിഷയങ്ങളിൽ കരുതലോടെ പ്രതികരിക്കുമ്പോഴും രാജഗോപാലിനെ പ്രതീക്ഷയോടെ പലരും കാണുന്നു. ഇതാണ് സർവ്വേയും വ്യക്തമാക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആറാം സ്ഥാനത്ത്. മുഖ്യമന്ത്രി പദമോഹവുമായി മുന്നോട്ട് പോകൂന്ന ചെന്നിത്തലയെ 0.1ശതമാനം പേർമാത്രമേ നേതാവായി കാണുന്നുള്ളൂ. പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്നിട്ടും മലയാളികളെ സ്വാധീനിക്കാൻ ചെന്നിത്തലയ്ക്ക് കഴിയുന്നില്ലെന്നതാണ് സർവ്വേയിൽ നിറയുന്ന വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP