Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതേതരത്വമാണ് ഇന്ത്യയുടെ മതം; വിവിധ സംസ്‌കാരങ്ങളും മതങ്ങളും ചേർന്നുണ്ടായതാണ് നമ്മുടെ ദേശീയത; വെറുപ്പും അസഹിഷ്ണുതയും കൊണ്ടല്ല അതിനെ വിശദീകരിക്കേണ്ടത്; പാളയത്തിൽ ചെന്ന് മതസഹിഷ്ണുതയ്ക്ക് വേണ്ടി ശബ്ദമുയർത്തി വിമർശകരുടെ നാവടപ്പിച്ച് പ്രണബ് മുഖർജി

മതേതരത്വമാണ് ഇന്ത്യയുടെ മതം; വിവിധ സംസ്‌കാരങ്ങളും മതങ്ങളും ചേർന്നുണ്ടായതാണ് നമ്മുടെ ദേശീയത; വെറുപ്പും അസഹിഷ്ണുതയും കൊണ്ടല്ല അതിനെ വിശദീകരിക്കേണ്ടത്; പാളയത്തിൽ ചെന്ന് മതസഹിഷ്ണുതയ്ക്ക് വേണ്ടി ശബ്ദമുയർത്തി വിമർശകരുടെ നാവടപ്പിച്ച് പ്രണബ് മുഖർജി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസിന് ഒടുവിൽ സമാധാനമായി. ആർ എസ് എസിനെ നല്ലതു പഠിപ്പിക്കാനായിരുന്നു മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ശ്രമിച്ചത്. പാളയത്തിൽ ചെന്ന് പറയേണ്ടത് പറഞ്ഞ നേതാവ്. മതേതരത്വമാണ് ഇന്ത്യയുടെ മതമെന്ന് പ്രണബ് മുഖർജി പറയുന്നു. വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ച് രൂപപ്പെട്ടതാണ് നമ്മുടെ ദേശീയതയെന്നും വെറുപ്പ്, അസഹിഷ്ണുത, മതം എന്നിവകൊണ്ട് അതിനെ വിശദീകരിക്കാൻ ശ്രമിക്കുന്നത് ദേശീയത ശുഷ്‌കിക്കാൻ കാരണമാകുമെന്നും പ്രണബ് മുഖർജി കൂട്ടിച്ചേർത്തു. ആർഎസ്എസ് ആസ്ഥാനത്ത് സംഘടനയുടെ സംഘശിക്ഷാ വർഗിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർഎസ്എസിന്റെ ചടങ്ങിൽ പങ്കെടുക്കുന്നതിനെതിരെ വിവധ കോണുകളിൽ നിന്ന് പ്രണബ് മുഖർജിക്ക് വിമർശനമുയർന്നിരുന്നു. എന്നാൽ താനവിടെ പോകുന്നതല്ല എന്താണ് പറയുന്നത് എന്നതാണ് പ്രധാനമെന്നാണ് അദ്ദേഹം വിമർശനങ്ങളോട് പ്രതികരിച്ചത്. ദേശീയത, ദേശം, ദേശ സ്നേഹം എന്നിവയേക്കുറിച്ച് തന്റെ ബോധ്യങ്ങളെ പങ്കുവെക്കാനാണ് താനിവിടെ എത്തിയതെന്നും അദ്ദേഹം ചടങ്ങിൽ വ്യക്തമാക്കി. ഇതോടെ കോൺഗ്രസ് ആവേശത്തിലായി. ആർ എസ് എസ് പരിപാടിയിൽ പ്രണബ് പറഞ്ഞതുയർത്തി പ്രതിരോധം തീർത്തു. ആർ എസ് എസിനെ നല്ലവഴിക്ക് നടത്താനുള്ള ശ്രമമാണ് പ്രണബ് നടത്തിയതെന്നാണ് കോൺഗ്രസുകാരുടെ വാദം.

രാജ്യത്തോടുള്ള സമർപ്പണമാണ് ദേശസ്നേഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് വേണ്ടി ഇന്ത്യയുടെ വാതിൽ എപ്പോഴും തുറന്നുകിടന്നിരുന്നുവെന്ന് നാഗ്പൂരിൽ പ്രണബ് പറഞ്ഞു. അസഹിഷ്ണുത രാജ്യത്തിന്റെ സ്വത്വം തകർക്കുന്നു. വിശ്വമാനവീകതയിൽ അടിയുറച്ചതാകണം ദേശീയതയെന്നും അദ്ദേഹം വ്യക്തമാക്കി. വെറുപ്പിനേയും വിവേചനത്തിനെയും പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന്റെ സ്വത്വത്തിന് ഭീഷണിയാണ്. ഇന്ത്യൻ ദേശീയത എന്നത് മറ്റുള്ളവരെ ഒഴിവാക്കുന്നതോ നാശത്തിന് കാരണമാകുന്നതോ അല്ലെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയത എന്നതിന് വ്യക്തമായ വിശദീകരണം പണ്ഡിറ്റ് നെഹ്റു ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. - പ്രണബ് മുഖർജി കൂട്ടിച്ചേർത്തിരുന്നു. ഇതെല്ലാം ആർ എസ് എസിന്റെ വിദ്വേഷ നയത്തിന് എതിരാണ്. അതുകൊണ്ട് തന്നെ മടയിൽ പോയി പുലിയെ നേരിട്ട കടുവയാണ് പ്രണബ് എന്നാണ് കോൺഗ്രസുകാർ പറയുന്നത്.

മതേതരത്വമാണ് ഇന്ത്യയുടെ മതം. വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ച് രൂപപ്പെട്ടതാണ് നമ്മുടെ ദേശീയത. ഇതാണു നമ്മെ വിശിഷ്ടരും സഹിഷ്ണുതയുമുള്ളവരുമാക്കി മാറ്റുന്നത്. കോപത്തിൽ നിന്നും അക്രമത്തിൽ നിന്നും ശാന്തിയിലേക്കും സമാധാനത്തിലേക്കുമാണ് നാം പോകേണ്ടത്. ലോകത്തിലേറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയാണ് നമ്മുടേത്. എന്നാൽ ലോക സന്തുഷ്ടി സൂചികയിൽ ഇതുവരെ നമ്മളെത്തിയിട്ടില്ല. ജനങ്ങളുടെ സന്തോഷത്തിലാണ് ഭരണാധികാരിയുടെ സന്തോഷമിരിക്കുന്നത് എന്ന് കൂട്ടിച്ചേർത്താണ് പ്രണബ് മുഖർജി പ്രസംഗം അവസാനിപ്പിച്ചത്. ഇതെല്ലാം ആർ എസ് എസിനെ ലക്ഷ്യമിട്ടുള്ള ഒളിയമ്പാണെന്ന് കോൺഗ്രസ് ഇപ്പോൾ വിശദീകരിക്കുന്നു. ഏതായാലും നാഗ്പൂരിൽ പ്രണബ് പോകുന്നതിനെ എതിർത്ത വിമർശകരെല്ലാം തീരുമാനം നന്നായി എന്ന് പറയുകയാണ് ഇപ്പോൾ.

നേരത്തെ ആർഎസ്എസ് സ്ഥാപകൻ കേശവ ബലിറാം ഹെഡ്ഗേവാർ രാജ്യത്തിന്റെ വീരപുത്രനെന്ന് പ്രകീർത്തിച്ച് പ്രണബ് മുഖർജി രംഗത്ത് വന്നിരുന്നു. ആർഎസ്എസ് ക്ഷണം സ്വീകരിച്ച് സംഘടനയുടെ ആസ്ഥാനത്തെത്തിയ പ്രണബ് മുഖർജി ഹെഡ്ഗേവാറിന്റെ സ്മാരകം സന്ദർശിച്ചു. ഇവിടെ പുഷ്പാർച്ചന അർപ്പിച്ചതിന് ശേഷം അവിടുത്തെ സന്ദർശക ഡയറിയിലാണ് ഹെഡ്ഗേവാറിനെ പ്രണബ് മുഖർജി പ്രകീർത്തിച്ചത്. ഈ പരാമർശം കോൺഗ്രസിനെ വെട്ടിലാക്കുന്നുണ്ട്. ഭാരതമാതിന്റെ വീരപുത്രന് ആദരാഞ്ജലി അർപ്പിക്കാനാണ് താനിവിടെ എത്തിയതെന്ന് പ്രണബ് മുഖർജി ഡയറിയിൽ രേഖപ്പെടുത്തി. ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനൊപ്പമാണ് അദ്ദേഹം സ്മാരകം സന്ദർശിക്കാനെത്തിയത്. ഈ പരാമർശത്തെ കുറിച്ച് കോൺഗ്രസ് ഒന്നും പറയുന്നില്ലെന്നതാണ് വസ്തുത.

സമൂഹത്തിന്റെ ഐക്യത്തിന് വേണ്ടിയാണ് ആർഎസ്എസ് പ്രവർത്തിക്കുന്നതെന്നും ഏതെങ്കിലും ഒരു വിഭാഗത്തിനു വേണ്ടിയല്ല തങ്ങൾ പ്രവർത്തിക്കുന്നതെന്നും ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പറഞ്ഞു. ഒരു ചിന്താഗതിയെയും തങ്ങൾ വെറുക്കുന്നില്ലെന്നും രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഇന്ത്യയെന്ന മണ്ണിന്റെ മക്കളാണ് നാമെല്ലാമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP