Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് തന്നെ; സീറ്റ് വിട്ട് നൽകാൻ രാഹുലിന്റെ പച്ചക്കൊടി; കെ എം മാണിക്ക് വേണ്ടി കടുംപിടുത്തം പിടിച്ചത് മുസ്ലിംലീഗ്; മുന്നണിയുടെ ഐക്യത്തിന് വേണ്ടി കോൺഗ്രസ് വിട്ടുവീഴ്‌ച്ച ചെയ്യണമെന്ന കുഞ്ഞാലിക്കുട്ടിയുടെ വാദത്തിന് വിജയം; മുന്നണിയെ ശക്തിപ്പെടുത്തേണ്ട സാഹചര്യമെന്ന് ചെന്നിത്തല; ഒറ്റത്തവണത്തേക്കാണ് സീറ്റ് വിട്ടുനൽകിയതെന്ന് ഉമ്മൻ ചാണ്ടി; ആത്മഹത്യാപരമായ തീരുമാനമെന്ന് സുധീരൻ; കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശന പ്രഖ്യാപനം നാളെ

രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് തന്നെ; സീറ്റ് വിട്ട് നൽകാൻ രാഹുലിന്റെ പച്ചക്കൊടി; കെ എം മാണിക്ക് വേണ്ടി കടുംപിടുത്തം പിടിച്ചത് മുസ്ലിംലീഗ്; മുന്നണിയുടെ ഐക്യത്തിന് വേണ്ടി കോൺഗ്രസ് വിട്ടുവീഴ്‌ച്ച ചെയ്യണമെന്ന കുഞ്ഞാലിക്കുട്ടിയുടെ വാദത്തിന് വിജയം; മുന്നണിയെ ശക്തിപ്പെടുത്തേണ്ട സാഹചര്യമെന്ന് ചെന്നിത്തല; ഒറ്റത്തവണത്തേക്കാണ് സീറ്റ് വിട്ടുനൽകിയതെന്ന് ഉമ്മൻ ചാണ്ടി; ആത്മഹത്യാപരമായ തീരുമാനമെന്ന് സുധീരൻ; കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശന പ്രഖ്യാപനം നാളെ

ന്യൂഡൽഹി: ഒരു ദിവസം മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിൽ കേരള കോൺഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നൽകാൻ തീരുമാനമായി. സീറ്റ് കൈമാറാൻ സംസ്ഥാന നേതൃത്വത്തിന് രാഹുൽ ഗാന്ധി അനുമതി നൽകിയതോടെയാണിത്. വി എം.സുധീരനും കെ.സി.ജോസഫും അടക്കമുള്ളവർ എതിർപ്പ് അറിയിച്ചെങ്കിലും ഹൈക്കമാൻഡ് മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു. മുന്നണിയെ ശക്തിപ്പെടുത്തേണ്ട സാഹചര്യമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനം നാളെ രാവിലെ 9 ന് ചേരുന്ന യുഡിഎഫ് യോഗത്തിലുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. തീരുമാനത്തിന് പിന്നിൽ ആരുടെയും പിടിവാശി ഇല്ലെന്നും ജനാധിപത്യ കേന്ദ്രീകരണം ലക്ഷ്യമിട്ടാണ് തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.

ഒരുതവണത്തേക്ക് മാത്രമാണ് കേരള കോൺഗ്രസിന് സീറ്റ് വിട്ടുനൽകുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കെ.എം.മാണിയുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.കോട്ടയം ലോക്‌സഭാ സീറ്റ് കേരള കോൺഗ്രസിനാണെന്ന് കെപിസിസി അദ്ധ്യക്ഷൻ എം.എം.ഹസനും വ്യക്തമാക്കി. കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും.എന്നാൽ, സീറ്റ് വിട്ടുനൽകിയതിനെതിരെ വി എം.സുധീരൻ പരസ്യമായി രംഗത്തെത്തി. കോൺഗ്രസിന്റെ അധികാരത്തെയും അവകാശത്തെയും അടിയറ വച്ചെന്ന് വിമർശിച്ചു. സീറ്റു വിട്ടുനൽകിയ തീരുമാനത്തിന് ഒരുന്യായീകരണവുമില്ല.കോൺഗ്രസ കനത്ത വില നൽകേണ്ടി വരുമെന്നും ആത്മഹത്യാപരമായ തീരുമാനമെന്നും സുധീരൻ പറഞ്ഞു.

യുഡിഎഫ് തകർച്ച നേരിടുന്ന ഘട്ടത്തിൽ രാജ്യസഭാ സീറ്റ് നൽകി കേരള കോൺഗ്രസിനെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരണം എന്ന നിർദ്ദേശമാണ് ഡൽഹിയിലെ ചർച്ചയിൽ ലീഗ് എടുത്തത്. ജെഡിയു മുന്നണി വിട്ടുപോയി. അതിന് മുന്നെ മുന്നണി വിട്ട കേരള കോൺഗ്രസിനെ എന്തുവില കൊടുത്തും യുഡിഎഫിൽ തിരിച്ചുകൊണ്ടുവരണം. മുന്നണി താത്പര്യത്തിനായി കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യണം എന്നാണ് ലീഗ് ആവശ്യപ്പെടുന്നത്. ഇതോടെ ഈ വിഷയത്തിൽ കോൺഗ്രസ് ശരിക്കും വെട്ടിലായി.

കേരള നേതാക്കൾ തമ്മിലുള്ള ചർച്ചയിലാണ് ലീഗ് മാണിക്കായി ശക്തമായി നിലപാട് എടുത്തത്. രണ്ട് സീറ്റ് ലഭിക്കുന്ന ഘട്ടത്തിൽ മാത്രമാണ് ഘടകകക്ഷികൾക്ക് സീറ്റ് നൽകിയിട്ടുള്ളത്. ഒരു സീറ്റ് മാത്രമാണെങ്കിൽ അത് കോൺഗ്രസ് ഏറ്റെടുക്കുന്ന രീതിയായിരുന്നു തുടർന്നു വന്നത്. ഈ ഒറ്റത്തവണത്തേക്ക് മാത്രമായി വിട്ടുനൽകുക എന്ന ഉപാധി വച്ച് സീറ്റ് നൽകാം എന്ന അഭിപ്രായത്തിലാണ് കേരള നേതാക്കൾ എത്തിയത്.

ജോസ് കെ. മാണിയും കോൺഗ്രസ് നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിൽ ഇത് സംബന്ധിച്ച് ധാരണ ഉടലെടുത്തു..യുഡിഎഫ് പ്രവേശനത്തിന് തയാറാണെങ്കിലും രാജ്യസഭാ സീറ്റ് വേണമെന്ന ഉറച്ച നിലപാടിലായിരുന്നു കെ.എം. മാണി. മുസ്ലിം ലീഗും ഇക്കാര്യത്തിൽ കേരള കോൺഗ്രസിനൊപ്പം ഉറച്ചു നിന്നു.രാജ്യസഭാ സീറ്റുകാര്യം മാത്രമല്ല ചർച്ച ചെയ്തതെന്ന് ജോസ് കെ.മാണി എംപി അറിയിച്ചു. യുഡിഎഫിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും ചർച്ച ചെയ്തെന്നും ജോസ് കെ.മാണി ഡൽഹിയിൽ പറഞ്ഞു. ഒന്നിലധികം സീറ്റ് ലഭിക്കുകയാണെങ്കിൽ ഒരു സീറ്റ് കോൺഗ്രസ് നിലനിർത്തി മറ്റൊരു സീറ്റ് ഘടക കക്ഷികൾക്കാണു പതിവ്. സീറ്റ് ഒന്നേയുള്ളൂ എന്നതിനാൽ അത് കോൺഗ്രസിനു തന്നെയെന്ന അവകാശവാദം ഉന്നയിച്ച് ഉമ്മൻ ചാണ്ടിയടക്കമുള്ളവർ എതിർത്തെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു.

കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി സീറ്റ് വിട്ടുകൊടുക്കാൻ അനുവദിക്കണം എന്ന നിലപാട് രാഹുലുമായുള്ള ചർച്ചയിൽ കേരള നേതാക്കൾ മുന്നോട്ടുവച്ചു. ഇതിനിടെ ഒരുകാരണവശാലും സീറ്റ് കേരള കോൺഗ്രസിന് വിട്ടുനൽകരുതെന്ന് സുധീരൻ ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. എന്നാൽ യുഡിഎഫ് കൺവീനർ സ്ഥാനം മോഹിക്കുന്ന കെ മുരളീധരൻ സീറ്റ് മാണിക്ക് നൽകുന്നതിനെ അനുകൂലിച്ചു.

രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ജോസ് കെ. മാണിയും പങ്കെടുത്തു. കെ എം മാണിയെ വീണ്ടും യുഡിഎഫിലെത്തിക്കാൻ ഇത് അനിവാര്യമാണെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടി നടത്തിയ നീക്കം കോൺഗ്രസിന് ശരിക്കും തിരിച്ചടിയാകുകയായിരുന്നു. കോൺഗ്രസ് ഹൈക്കമാണ്ടുമായുള്ള ചർച്ചയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്നറിഞ്ഞതോടെ കോൺഗ്രസ് അപകടം മണത്തിരുന്നു.

കോൺഗ്രസുമായി പിണങ്ങിയാണ് മാണി യുഡിഎഫ് വിട്ടത്. ബാർ കോഴയിലെ പിണക്കം മാറ്റി മാണിയെ വീണ്ടും യുഡിഎഫ് ക്യാമ്പിലെത്തിച്ചത് കുഞ്ഞാലിക്കുട്ടിയുടെ സമർത്ഥമായ നീക്കമാണ്. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായിരുന്നു ഇത്. രാജ്യസഭയിൽനിന്ന് ഒഴിയുന്ന മൂന്നു പേരിൽ രണ്ടു പേർ യുഡിഎഫ് അംഗങ്ങളും ഒരാൾ എൽഡിഎഫ് അംഗവുമാണ്. നിയമസഭയിൽ നിലവിലെ അംഗബലം അനുസരിച്ച് എൽഡിഎഫിന് രണ്ടു സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് ഇനി കിട്ടുക. സീറ്റൊഴിയുന്ന രണ്ടു പേരിൽ ഒരാൾ കേരളാ കോൺഗ്രസ് (എം) പ്രതിനിധിയാണെന്നും ആ സാഹചര്യത്തിൽ സീറ്റിന് കേരളാ കോൺഗ്രസിനും അവകാശവാദമുന്നയിക്കാൻ കഴിഞ്ഞു. യുഡിഎഫിൽ തിരിച്ചെത്താൻ സീറ്റ് വേണമെന്നായിരുന്നു മാണിയുടെ നിബന്ധന.

കേരളത്തിൽ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റിൽ യുഡിഎഫിനു ലഭിക്കുന്ന ഒരെണ്ണത്തിലേക്ക് ആരെ സ്ഥാനാർത്ഥിയാക്കണമെന്നതുസംബന്ധിച്ച് കോൺഗ്രസിൽ വാക്‌പോര് തുടരുന്നതിനിടെയാണ് നിർണ്ണായക നീക്കവുമായി കോൺഗ്രസിനെ ഞെട്ടിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ ഉണ്ടായത്. രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിനു (എം) നൽകണമെന്ന നിലപാടുമായി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയതാണ് ചർച്ചയുടെ ഗതി മാറ്റിയത്. മുസ്ലിം ലീഗും കേരളാ കോൺഗ്രസും മാറി നിന്നാൽ രാജ്യസഭയിൽ കോൺഗ്രസിന് ആരേയും ജയിപ്പിക്കാനാവില്ല. ഇതും കോൺഗ്രസിനെ കുഴക്കി.. അതുകൊണ്ട് തന്നെയാണ് മാണിക്ക് സീറ്റ് കൊടുക്കേണ്ടി വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP