Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനുപമ ഓഫീസിൽ നിന്നും പടിയിറങ്ങിയപ്പോൾ കണ്ണീരോടെ യാത്രയാക്കി ഡഫേദാർ എ അഫ്സൽ; ആലപ്പുഴയുടെ ഹൃദയം കവർന്ന കലക്ടറുടെ യാത്രയയപ്പ് ചിത്രങ്ങൾ സൈബർ ലോകത്തും വൈറൽ; തോമസ് ചാണ്ടിക്ക് മുമ്പിൽ മുട്ടുമടക്കാത്ത ഐഎഎസുകാരിയെ മിസ് ചെയ്ത് കളക്ടറേറ്റ്; വള്ളംകളിയുടെ നാട്ടിൽ നിന്ന് പൂരത്തിന്റെ നാട്ടിൽ പ്രിയങ്കരിയാവാൻ അനുപമ

അനുപമ ഓഫീസിൽ നിന്നും പടിയിറങ്ങിയപ്പോൾ കണ്ണീരോടെ യാത്രയാക്കി ഡഫേദാർ എ അഫ്സൽ; ആലപ്പുഴയുടെ ഹൃദയം കവർന്ന കലക്ടറുടെ യാത്രയയപ്പ് ചിത്രങ്ങൾ സൈബർ ലോകത്തും വൈറൽ; തോമസ് ചാണ്ടിക്ക് മുമ്പിൽ മുട്ടുമടക്കാത്ത ഐഎഎസുകാരിയെ മിസ് ചെയ്ത് കളക്ടറേറ്റ്; വള്ളംകളിയുടെ നാട്ടിൽ നിന്ന് പൂരത്തിന്റെ നാട്ടിൽ പ്രിയങ്കരിയാവാൻ അനുപമ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: സൈബർ ലോകത്തിന്റെ ഏറ്റവും പ്രിയങ്കരിയായ ഉദ്യോഗസ്ഥരിൽ ഒരാളാണ് തൃശ്ശൂർ കളക്ടറായി ചുമതലയേറ്റ ടി വി അനുപമ ഐഎഎഎസ്. ഇതുവരെ ഇരുന്ന കസേരയിൽ എല്ലാം കൂറുപുലർത്തി കൊണ്ടാണ് കൈയടി നേടിയിട്ടുണ്ട് മിടുക്കിയായ ഐഎഎസ് ഉദ്യോഗസ്ഥ. രാഷ്ട്രീയക്കാരുടെ ചട്ടുകമാകാതെ നിന്ന് സ്വതന്ത്രമായ തീരുമാനങ്ങൾ കൈക്കൊണ്ട് ആലപ്പുഴക്കാരുടെ കൈയടി നേടിയാണ് അവർ കലക്ടർ പദവിയിൽ നിന്നും പടിയിറങ്ങിയത്. തോമസ് ചാണ്ടി എന്ന പ്രബലന്റെ കൈയേറ്റങ്ങൾക്കതെിരെ ശക്തമായ നിലപാട് സ്വീകരിച്ച അനുപമ തന്റെ ഔദ്യോഗിക പദവിയിലെ അവസാന ദിവസവും ചാണ്ടിയെ പ്രതിരോധത്തിലാക്കിയ ഉത്തരവിട്ടാണ് വള്ളംകളിയുടെ നാട്ടിൽ നിന്നും പൂരത്തിന്റെ നാട്ടിലേക്ക് വണ്ടി കയറിയത്.

കലക്ടർ പദവിയിൽ നിരവധി ഉദ്യോഗസ്ഥരെ കണ്ട ആലപ്പുഴ കലക്ടറേറ്റിന് അനുപമയുടെ നഷ്ടം ശരിക്കും ഫീൽ ചെയ്യുന്നുണ്ട്. കണ്ണീരോടെയാണ് ആലപ്പുഴ കലക്ടറെ ജീവനക്കാർ യാത്രയാക്കിയത്. ആജ്ഞാ സ്വരത്തിൽ കാര്യങ്ങൾ പറയുകയും തലക്കനത്തോടെ പെരുമാറുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കിടയിൽ തീർത്തും വ്യത്യസ്തയായിരുന്നു അനുപമ. ഒരു കുടുംബത്തിലെ അംഗങ്ങളോട് പെരുമാറുന്നതു പോലെയുള്ള ഇടപെടൽ കൊണ്ട് അവർ ജീവനക്കാർക്കിടയിൽ ചുരുങ്ങിയ സമയം കൊണ്ട് സ്വാധീനം നേടുകയും ചെയ്തു.

ഒരു വർഷത്തോളം മാത്രമാണ് അനുപമ ആലപ്പുഴ കലക്ടറായിരുന്നത്. എങ്കിലും അനുപമ തൃശ്ശൂരിലേക്ക് പോകുമ്പോൾ പല ജീവനക്കാരും കണ്ണീർ തുടച്ചു. ജീവനക്കാർ എത്രത്തോളം നമ്മുടെ കലക്ടറെ ഇഷ്ടപ്പെട്ടിരുന്നു എന്നറിയാൻ ഒരു ചിത്രം മാത്രം ശ്രദ്ധിച്ചാൽ മതി. ബുധനാഴ്ച ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ പിന്നിൽ കണ്ണീർ തുടയ്ക്കുന്ന ഡഫേദാർ എ.അഫ്സലിന്റെ ഫോട്ടോ മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഫോട്ടോ ഗ്രാഫർ സി ബിജു എടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. അനുപമയെ എത്രത്തോളം ആലപ്പുഴ കലക്ട്രേറ്റിലെ ജീവനക്കാർ ഇഷ്ടപ്പെട്ടിരുന്നു എന്ന് വ്യക്തമാക്കുന്നാണ് ഈ ചിത്രമെന്ന് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെട്ടു.

കളക്ടർ ആലപ്പുഴ വിടുന്നത് ഇഷ്ടമല്ലാത്തവരായിരുന്നു ഏറെയും. സംഘടനകൾക്കും തസ്തികകൾക്കുമപ്പുറമായിരുന്നു ഈ മനോഭാവം. പല ജീവനക്കാരും നിറകണ്ണുകളോടെയാണ് കളക്ടർക്ക് മുന്നിൽ നിന്നത്. ശരിയുടെ പക്ഷംപിടിച്ച കളക്ടറെ അഭിനന്ദിക്കാനും യാത്രയാക്കാനും സാമൂഹികസംഘടനാ പ്രവർത്തകരും കളക്ടറേറ്റിലേക്കെത്തിയിരുന്നു. കേരള രാഷ്ട്രീയത്തിൽ പിടിച്ചു കുലുക്കിയ തീരുമാനമായിരുന്നു മുന്മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് വഴിവെച്ച കാര്യങ്ങളിലെ അനുപമയുടെ ഇടപെടലുകൾ. ഭരണപക്ഷത്തെ പ്രമുഖന് അനുകൂലമായി തീരുമാനം എടുക്കുമെന്ന് പലരും കരുതിയെങ്കിലും അനുപമ നേരെ മറിച്ചാണ് നിലപാട് സ്വീകരിച്ചത്.

താൻ കണ്ടെത്തിയ ശരികൾക്കൊപ്പമായിരുന്നു അവർ നിലകൊണ്ടത്. അതുകൊണ്ട് തന്നെയാണഅ അധികാരമൊഴയും മുമ്പ് മുൻ മന്ത്രി തോമസ് ചാണ്ടിയുടെ വിവാദമായ ലേക് പാലസ് റിസോർട്ടിന്റെ പാർക്കിങ് ഏരിയ പൊളിച്ചു നീക്കാൻ ഉത്തരവിട്ടതും. 64 സെന്റ് വിസ്തൃതിയുള്ള സ്ഥലത്തെ പാർക്കിങ് ഒഴിയണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ സഹോദരി ലീലാമ്മ ഈശോയുടെയും കമ്പനിയുടെയും പേരിലാണ് നോട്ടീസ് അയച്ചത്. റിസോർട്ടിന്റെ പാർക്കിങ് ഏരിയയും അപ്രോച്ച് റോഡും പൂർവ്വ സ്ഥിതിയിലാക്കണമെന്നാണ് ഇന്നലെ വൈകിട്ട് സ്ഥാനമൊഴിയുന്നതിന് മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. പാർക്കിങ് ഏരിയയിൽ മണ്ണിട്ട് നികത്തിയത് വാട്ടർ വേൾഡ് കമ്പനിയാണെന്ന് കണ്ടെത്തിയ കലക്ടർ ഇതുസംബന്ധിച്ച റിപ്പോർട്ട് മാസങ്ങൾക്ക് മുമ്പ് സർക്കാരിന് സമർപ്പിച്ചിരുന്നു. തണ്ണീർതട നിയമങ്ങൾ ലംഘിച്ചാണ് നിലം നികത്തിയതെന്നാണ് കണ്ടെത്തിയിരുന്നത്.

2003 ലാണ് ബണ്ടിൽ മാറ്റങ്ങൾ വരുത്തിയത്. അന്ന് സ്ഥലമുടമ ലീലാമ്മ ഈശോ ആയിരുന്നു. ഇവർ കമ്പനിയുടെ നേതൃസ്ഥാനത്തുള്ളയാളാണ്. അന്ന് നികത്തിയ ബണ്ടാണ് പിന്നീട് റിസോട്ടിന്റെ പാർക്കിങ് ഏരിയയായി മാറിയത്. 2006 ലാണ് ബണ്ടിന്റെ വീതി കൂട്ടിയതെന്നും അനുപമ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

നിശ്ചിത കാലയളവിനുള്ളിൽ പൂർവ്വ സ്ഥിതിയിലാക്കിയില്ലെങ്കിൽ തുടർ നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കുമെന്നാണ് ഇപ്പോഴത്തെ നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മന്ത്രിയായിരിക്കെ തോമസ് ചാണ്ടിക്കെതിരേ കൈയേറ്റ ആരോപണങ്ങൾ സജീവമായപ്പോഴാണ് ടി.വി. അനുപമ ആലപ്പുഴ ജില്ലാ കലക്ടറായെത്തിയത്. അന്വേഷണം തുടങ്ങുകയും രണ്ട് തവണയായി റിപ്പോർട്ട് നൽകുകയും ചെയ്തു. 

ലേക്ക് പാലസ് റിസോർട്ടിനു സമീപത്തെ വിവാദമായ റോഡു നിർമ്മാണം, ബോയ ഉപയോഗിച്ചുള്ള കായൽ കൈയേറ്റം, ദേശീയ ജലപാത ആഴംകൂട്ടലിന്റെ ഭാഗമായി ഖനനം ചെയ്ത മണ്ണു നിക്ഷേപിച്ച സംഭവം എന്നിവയിലാണു നിയമലംഘനങ്ങൾ കണ്ടെത്തിയത്. സമ്മർദങ്ങൾക്ക് കീഴടങ്ങാതെയാണ് അവർ കൈയേറ്റങ്ങൾ അക്കമിട്ടു നിരത്തിയത്. പിന്നീട് സർവേ നമ്പരിലെ പിശകിന്റെ പേരിൽ ഹൈക്കോടതിയിൽ നിന്ന് വിമർശനം ഏൽക്കേണ്ടി വന്നെങ്കിലും അത് തിരുത്തി കലക്ടർ നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു. ഇതിനിടെയാണ് സ്ഥലംമാറ്റമുണ്ടായത്.

തൃശ്ശൂർ ജില്ലാ കലക്ടറായി അനുപമ ചുമതലയേൽക്കുകയും ചെയ്തു. ഇന്നു രാവിലെ പത്തുമണിക്കു കലക്ടറുടെ ചേംബറിലെത്തിയ അനുപമ രജിസ്റ്ററിൽ ഒപ്പുവച്ചു ചുമതലയേറ്റെടുക്കുകയായിരുന്നു. സബ് കലക്ടർ രേണുരാജ്, എഡിഎം എന്നിവർ ആശംസകൾ നേർന്നു.തൃശൂർ കലക്ടർ ആയിരുന്ന ഡോ. എ. കൗശികൻ ഇന്നലെ ചുമതലയൊഴിഞ്ഞു. അനുപമ കൂടി ജില്ലയിൽ എത്തിയതോടെ കലക്ടറും സബ് കലക്ടറും മേയറും ഡപ്യൂട്ടി മേയറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമടക്കം പ്രമുഖ പദവികളിലെല്ലാം വനിതകളാണ്.

ചിത്രത്തിന് കടപ്പാട്: മാതൃഭൂമി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP