Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സഭ എന്നും ഒരുരാഷ്ട്രീയ പാർട്ടിയുടെ അടിമയായി കഴിയണമെന്ന ചിന്തയാണ് നിയമസഭാതിരഞ്ഞെടുപ്പിലും ചെങ്ങന്നൂരിലും തകിടം മറിഞ്ഞത്; രണ്ടു സഭകളും യോജിച്ചാൽ വൻ രാഷ്ട്രീയ ശക്തിയാകുന്നത് ചിലർക്ക് ബുദ്ധിമുട്ടാവും എന്നതിനാലാണ് യോജിപ്പിനു വലതുപക്ഷ രാഷ്ട്രീയക്കാർ ശ്രമിക്കാതിരുന്നത്; ചെങ്ങന്നൂരിൽ ഇടതുപക്ഷത്തെ പിന്തുണച്ച മലങ്കര ഓർത്തഡോക്‌സ് സഭയുടെ പോക്ക് അപകടകരമാണെന്ന വിമർശനത്തിന് ഉമ്മൻ ചാണ്ടിയെ ലാക്കാക്കി എതിർഭാഗത്തിന്റെ മറുപടി

സഭ എന്നും ഒരുരാഷ്ട്രീയ പാർട്ടിയുടെ അടിമയായി കഴിയണമെന്ന ചിന്തയാണ് നിയമസഭാതിരഞ്ഞെടുപ്പിലും ചെങ്ങന്നൂരിലും തകിടം മറിഞ്ഞത്;  രണ്ടു സഭകളും യോജിച്ചാൽ വൻ രാഷ്ട്രീയ ശക്തിയാകുന്നത് ചിലർക്ക് ബുദ്ധിമുട്ടാവും എന്നതിനാലാണ് യോജിപ്പിനു വലതുപക്ഷ രാഷ്ട്രീയക്കാർ ശ്രമിക്കാതിരുന്നത്; ചെങ്ങന്നൂരിൽ ഇടതുപക്ഷത്തെ പിന്തുണച്ച മലങ്കര ഓർത്തഡോക്‌സ് സഭയുടെ പോക്ക് അപകടകരമാണെന്ന  വിമർശനത്തിന് ഉമ്മൻ ചാണ്ടിയെ ലാക്കാക്കി എതിർഭാഗത്തിന്റെ മറുപടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിന്തുണച്ചതിന് പിന്നാലെ മലങ്കര ഓർത്തഡോക്‌സ് സഭയിലെ ഭിന്നത മറനീക്കി പുറത്തുവരികയാണ്. സഭയുടെ മാനേജിങ് കമ്മിറ്റി അംഗമായ അലക്‌സ് ബേബി ഇന്നലെ സാമൂഹിക മാധ്യമങ്ങളിലൂടെ സഭയുടെ നിലപാടിനെ വിമർശിച്ചിരുന്നു. ഈ പോക്ക് അപകടകരം എന്ന പേരിലായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ഇടതുമുന്നണിയെ പിന്തുണച്ച രാഷ്ട്രീയക്കളിയിൽ മുഖം നഷ്ടപ്പെട്ടത് സഭയ്ക്ക് മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഇതിന് മുമ്പുള്ള തിരഞ്ഞെടുപ്പുകളിൽ ഇത്തരത്തിൽ പിന്തുണയുടെ തുറന്ന പ്രകടനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു. പോസ്‌ററ് സമാഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. സഭയിലെ കോൺഗ്രസ് അനുഭാവികളുടെ എതിർപ്പാണ് അലക്‌സ് ബേബിയുടെ കുറിപ്പിലൂടെ മറനീക്കി പുറത്ത് വന്നത്.

അല്ക്‌സ് ബേബിക്ക് മറുപടിയായാണ് മരുഭൂമിയിലെ മാർത്തോമയുടെ മക്കൾ എന്ന പേരിൽ മറുപടി പോസ്റ്റ് വന്നിരിക്കുന്നത്.എന്നും ഓർത്തഡോക്സ് സഭ ഒരു രാഷ്ട്രീയ പാർട്ടിയുടെ അടിമകളായി കഴിയണമെന്നും ഞാൻ മാത്രമേ ആകാവൂ എന്ന ചിന്തയെയും തകിടം മറിയുന്നതാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ചെങ്ങന്നൂരും കണ്ടത്. അതിൽ ഹാലിളകിയവർ സഭക്ക് എതിരായി യുദ്ധം പ്രഖ്യാപിച്ചാൽ വലിയ ഭവിഷ്യത്തു നേരിടുമെന്നതിനാലാണ് ഏറാൻ മൂളികളെ കൊണ്ട് ഓലിയിടാൻ ശ്രമിക്കുന്നതെന്നും മറുപടി പോസ്റ്റിൽ പറയുന്നു.ഇത് പരോക്ഷമായി ഉമ്മൻ ചാണ്ടിയെ സൂചിപ്പിക്കുന്നു.

കോലഞ്ചേരിയിൽ കാതോലിക്കാ ബാവ ഉപവാസം ഇരുന്നപ്പോഴും, ചേലക്കരയിൽ വൈദീകരും 32 പേരും വിയ്യൂർ ജയിലിലടച്ചപ്പോഴും, സുപ്രീം കോടതി വിധി വന്നപ്പോൾ നടപ്പിലാക്കാതെ പൂട്ടിച്ചപ്പോഴും, മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയെ വഴിയിൽ തടഞ്ഞപ്പോഴും, മലങ്കര വർഗീസ് കൊല്ലപ്പെട്ടപ്പോഴും ഇങ്ങനെ അനേക സംഭവങ്ങളിൽ എവിടെയായിരുന്നു അലക്സും അങ്ങയുടെ യജമാനന്മാരും.
കാലാകാലങ്ങളിൽ മലങ്കര സഭയുടെ പ്രശ്നങ്ങളിൽ ഇടതുപക്ഷ സർക്കാർ പ്രത്യേകിച്ച് ടി കെ രാമകൃഷ്ണൻ സഹായിച്ചപ്പോൾ സഭ ഒരു രാഷ്ട്രീയ നിലപാടും എടുത്തിട്ടില്ല വേദനയും അവഗണനയും ഏറി വരുമ്പോൾ സഭ മക്കൾ ഇത്രയുമല്ലോ ചെയ്തിട്ടുള്ളൂ എന്ന് ഓർമ്മ പെടുത്തുന്നുമുണ്ട് പോസ്റ്റിൽ മലങ്കര സഭയുടെ മാനേജിങ് കമ്മിറ്റി അംഗമായ അലക്സ് ബേബി എഴുതിയ ഈ പോക്ക് അപകടം എന്ന ലേഖനനത്തിനു മരുഭൂമിയിലെ മാർത്തോമയുടെ മക്കൾ തരുന്ന മറുപടി എന്ന പേരിലാണ് പോസ്റ്റ് തുടങ്ങുന്നത്.

മറുപടി പോസ്റ്റിന്റെ പൂർണ്ണ രൂപം..

അലക്സ് ബേബി സ്വന്തമായി എഴുതിയതോ അതോ മറ്റാർക്കോ വേണ്ടി വിടുപണി ചെയ്തതോ എന്ന ചോദ്യത്തിന് ഉത്തരം ആ ലേഖനത്തിൽ തന്നെ കാണാം.. എന്നും നമ്മുടെ സഭ ഒരു രാഷ്ട്രീയ പാർട്ടിയുടെ അടിമകളായി കഴിയണമെന്നും ഞാൻ മാത്രമേ ആകാവൂ എന്ന ചിന്തയെയും തകിടം മറിയുന്നതാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ചെങ്ങന്നൂരും കണ്ടത്. അതിൽ ഹാലിളകിയവർ സഭക്ക് എതിരായി യുദ്ധം പ്രഖ്യാപിച്ചാൽ വലിയ ഭവിഷ്യത്തു നേരിടുമെന്നതിനാലാണ് ഏറാൻ മൂളികളെ കൊണ്ട് ഓലിയിടാൻ ശ്രമിക്കുന്നത്.മറ്റു ക്രൈസ്തവ സഭകൾ സമ്മർദ്ദമായി കാലാകാലങ്ങളിലെ തിരഞ്ഞെടുപ്പിൽ ഇടപെട്ടപ്പോൾ നമ്മുടെ സഭ ആ ഭാവം എടുത്തു ആടാൻ ശ്രമിച്ചിരുന്നില്ല. അതുകൊണ്ടു രാഷ്ട്രീയപാർട്ടികൾ ചവിട്ടി തേച്ചപ്പോഴെല്ലാം നമ്മുടെ സഭ നേതൃത്വം മൗനം അവലംബിച്ചു. എന്നാൽ സഭാ മക്കൾ പ്രതികരിക്കാൻ തുടങ്ങിയപ്പോൾ പലർക്കും ഹാലിളകുന്നത് എന്തിനാണ്. രാഷ്ട്രീയക്കാരൻ , അദ്ധ്യാപകർ ഇങ്ങനെ വിവിധ മേഖലയിൽ പ്രവേശിക്കുന്നതിന് മുൻപ് മാമോദീസ വെള്ളം വീണു സഭാംഗമായി എന്നതാണ് ആദ്യ നിയോഗം.

എന്നെ ആരും സഹായിച്ചില്ല എന്ന് പറയുന്നതിന് മുൻപ് സഭാംഗം ആയതിനു ശേഷമാണു പലതും ആയതു എന്ന് അലക്സ് തിരിച്ചറിയണം. കോലഞ്ചേരിയിൽ പരി.ബാവ ഉപവാസം ഇരുന്നപ്പോഴും, ചേലക്കരയിൽ വൈദീകരും 32 പേരും വിയ്യൂർ ജയിലിലടച്ചപ്പോഴും, സുപ്രീം കോടതി വിധി വന്നപ്പോൾ നടപ്പിലാക്കാതെ പൂട്ടിച്ചപ്പോഴും, പരി. മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയെ വഴിയിൽ തടഞ്ഞപ്പോഴും, മലങ്കര വർഗീസ് കൊല്ലപ്പെട്ടപ്പോഴും ഇങ്ങനെ അനേക സംഭവങ്ങളിൽ എവിടെയായിരുന്നു അലക്സും അങ്ങയുടെ യജമാനന്മാരും.കാലാകാലങ്ങളിൽ മലങ്കര സഭയുടെ പ്രശ്നങ്ങളിൽ ഇടതുപക്ഷ സർക്കാർ പ്രത്യേകിച്ച് ടി കെ രാമകൃഷ്ണൻ സഹായിച്ചപ്പോൾ സഭ ഒരു രാഷ്ട്രീയ നിലപാടും എടുത്തിട്ടില്ല.

വേദനയും അവഗണനയും ഏറി വരുമ്പോൾ സഭാ മക്കൾ ഇത്രയുമല്ലോ ചെയ്തിട്ടുള്ളു എന്ന് ഓർത്താൽ നന്ന്. വിഘടിത വിഭാഗത്തിലെ എംഎൽഎ മാർ നിയമ സഭയിലും അല്ലാതെയും ആ സഭയെ പരസ്യമായും പരോക്ഷമായും സഹായിച്ചിട്ടില്ലേ. നിയമത്തിനനുസരിച്ചിട്ടുള്ള സഹായം യുഡിഫ് നൽകിയിട്ടില്ല എന്നത് പരസ്യമായ സത്യമാണ്.ഒരു പക്ഷെ ഈ രണ്ടു സഭകളും യോജിച്ചാൽ ഒരു വൻ രാഷ്ട്രീയ ശക്തിയാകും എന്നും അത് ചിലർക്ക് ബുദ്ധിമുട്ടാവും എന്നതിനാലാണ് യോജിപ്പിനു വലതുപക്ഷ രാഷ്ട്രീയക്കാർ ശ്രമിക്കാത്തത്.

വൈദികർ രാഷ്ട്രീയത്തിൽ ഇടപെടരുത് എന്ന വാദത്തോട് യോജിക്കാൻ കഴിയുകയില്ല.സഭയുടെ അംഗങ്ങളായ വൈദികർ പഞ്ചായത്തു മുൻസിപ്പൽ മേഖലകളിലും നിയമസഭകളിലും അംഗമായിരുന്നു. സഭക്ക് ഏറ്റ മുറിവുകളുടെ എണ്ണം കൂടിയതുകൊണ്ടാണ് വൈദീകർ പ്രതികരിച്ചത്.വലതുപക്ഷ രാഷ്ട്രീയക്കാർ വൈദികരെ പ്രകോപിപ്പിക്കുന്ന രീതി ഏറിയതിനാൽ സ്വഭാവികമായി വൈദികർ പ്രതികരിക്കും. മലങ്കരയുടെ പരി.പിതാവും പരി. സഭയും ഒരു രാഷ്ട്രീയ കക്ഷിക്കും വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തിട്ടില്ല . എന്നാൽ മലങ്കര സഭയുടെ തലവൻ കഴിഞ്ഞ കാലങ്ങളിൽ അനുഭവിച്ച വേദനയും പ്രയാസവും ഇവിടുത്തെ ഓരോ മലങ്കര മക്കൾ മനസിലാക്കി.

സഭ ആരോടും ഔദാര്യം ചെയ്തു തരണം എന്ന് ആവശ്യപ്പെട്ടിട്ടില്ല . നീതി നടപ്പിലാക്കി തരണം എന്ന് മാത്രമാണ് ആവശ്യപ്പെട്ടത്.മുൻകാല സർക്കാരുകൾ രാഷ്ട്രീയ ലാഭങ്ങൾക്കു വേണ്ടി നീതി ദേവതയെ മണ്ണിൽ കുഴിച്ചുമൂടുകയാണ് ചെയ്തത്.എന്നാൽ സഭയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന് ഭരണകൂടത്തിന്റെ പിന്തുണ ലഭിച്ചപ്പോൾ മലങ്കര സഭ മക്കൾ അതിനു അനുസൃതമായി പ്രതികരിച്ചു. പരി. ബാവാതിരുമേനിയെ അഭിനന്ദിക്കാൻ അലക്സ് ശ്രെമിച്ചതു ആർക്കും മനസിലാകുന്ന സഭാ രാഷ്ട്രീയ തന്ത്രമാണ്. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് ശേഷം എന്തുകൊണ്ട് പിറവം തീർന്നില്ല എന്ന് അലക്സ് ചോദിക്കുമ്പോൾ സഭാംഗമായ അലക്സിന്റെ ദുരുദ്യേശം നമ്മുക്ക് മനസിലാകും.അലെക്സിന് മാധ്യമങ്ങളെ വിശ്വാസം ആണെന്ന് പറയുമ്പോൾ ചില സംശയങ്ങൾ ഏറി വരുന്നുണ്ട്.

ഈ തിരഞ്ഞെടുപ്പിൽ സഭയുടെ മുഖം വികൃതമായിട്ടില്ല. പിന്നെയോ സഭ ഒരു ശക്തി ആണെന്നും ദ്രോഹിച്ചാൽ പ്രതികരിക്കുമെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തിരിച്ചറിഞ്ഞു എന്നതാണ്. സഹായിക്കുന്നവരെ സഭ സഹായിക്കുമെന്ന വലിയ സന്ദേശവും ഇതിലുണ്ട്. സഭയുടെ ആത്മീയ ഭാവം ഒരിക്കലും നഷ്ടപ്പെട്ടില്ല. എന്നും സാധാരണകാരായ സഭാംഗങ്ങൾ പ്രതിസന്ധിയിൽ ഒപ്പം നിൽക്കുമെന്ന് അലക്സ് അറിയണം.സഭയെ കൊണ്ട് പ്രയോജനമുള്ള അലെക്സിന് സഭയുടെ ഇത്തരത്തിലുള്ള പ്രതികരണ സ്വഭാവം ഭാവിയിലെ കറുത്ത പാടായി എങ്കിൽ നിങ്ങളെപ്പോലുള്ളവരെയും സഭ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു . സഭയുടെ പ്രതികരണ മുഖം ഇഷ്ടമായില്ലെങ്കിൽ അലക്സ് സഭ മാനേജിങ് കമ്മിറ്റി അംഗത്വം രാജി വച്ച് പ്രതികരിക്കണമായിരുന്നു. വടക്കുള്ളവരുടെ വേദന അറിയാതെ വല്ലവർക്കുംവേണ്ടി കുഴലൂതരുത് എന്ന് മാത്രമേ മരുഭൂമിയിലെ മാർത്തോമൻ മക്കൾക്ക് അലെക്സിനോട് പറയുവാനുള്ളു

അലക്‌സ് ബേബിയുടെ പോസ്റ്റ്:

ഈ പോക്ക് അപകടകരം.ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞു. ഫലവും വന്നു. ചെങ്ങന്നൂരിൽ ആരു ജയിച്ചാലും തോറ്റാലും കേരള ഭരണത്തിനു ഒന്നും സംഭവിക്കുകയില്ല എന്നത് നേരത്തെതന്നെ വ്യക്തം. വോട്ടും ഭൂരിപക്ഷവും ഒക്കെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ ഉൾപാർട്ടി ചർച്ചയിലും തലവെട്ടിലും ഒതുങ്ങും. അതൊന്നും ഇവിടെ വിഷയമല്ല. ഈ തിരഞ്ഞെടുപ്പ് മലങ്കര സഭയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ് എന്റെ വിഷയം.

മലങ്കര സഭയുടെ ചരിത്രത്തിൽ ഇതുവരെ കാണാത്തതും കേൾക്കാത്തതുമായ രാഷ്ട്രീയ ധ്രുവീകരണവും ഇടപെടലുമാണ് ഇത്തവണ ചെങ്ങന്നൂരിൽ സംഭവിച്ചത്. സ്ഥാനാർത്ഥികൾക്ക് അതിന്റെ ഗുണമോ ദോഷമോ, ഫലമോ ദുർഫലമോ ഞാൻ ചർച്ച ചെയ്യുന്നില്ല. മലങ്കര ഓർത്തഡോക്‌സ് സഭയ്ക്ക് ഈ തിരഞ്ഞെടുപ്പ് ഉണ്ടാക്കുന്ന അപചയം മാത്രമാണ് എന്റെ വിഷയം.

തിരഞ്ഞെടുപ്പുകളും രാഷ്ട്രീയവും മുമ്പും ഉണ്ടായിരുന്നു. ഓർത്തഡോക്‌സ് സഭാംഗങ്ങളായ പലരും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. ജയിച്ചിട്ടും തോറ്റിട്ടും ഉണ്ട്. ഇ. ജോൺ ജേക്കബ്, സി. എം. സ്റ്റീഫൻ, ഇ എം. ജോർജ് ..... (ഇക്കൂട്ടത്തിൽ ഉമ്മൻ ചാണ്ടി, ജോസഫ് പുതുശ്ശേരി എന്നിവരെക്കൂടി ഉൾപ്പെടുത്തിക്കൊള്ളട്ടെ) അങ്ങിനെ പലരും.... പക്ഷേ അവരാരും സഭയെ രാഷ്ട്രീയത്തിൽ ഇറക്കിയിട്ടില്ല. അവർ മലങ്കര സഭാംഗങ്ങളാണന്നതു അവർക്കോ, സഭയ്‌ക്കോ, വോട്ടർമാർക്കോ ഒരു വിഷയം അല്ലായിരുന്നു.

മുമ്പ് മലങ്കര സഭയുടെ വൈദീക ട്രസ്റ്റി ആയിരുന്ന ഫാ. മത്തായി നൂറനാൽ സുൽത്താൻ ബത്തേരിയിൽ നിന്നും ഇടതുപക്ഷ സ്ഥാനാർത്ഥിയായി കേരള നിയമസഭയിലേയ്ക്കു മത്സരിച്ചു. സഭ എതിർത്തുമില്ല അനുകൂലിച്ചുമില്ല. അദ്ദേഹത്തിന്റെ പരാജയമോ വിജയമോ സഭയെ ബാധിച്ചുമില്ല.ഇതിൽ വലിയ അത്ഭുതമൊന്നുമില്ല. കാരണം മലങ്കര സഭാംഗങ്ങളായ അനേകം പ്രഗത്ഭ നേതാക്കൾ കാലാകാലങ്ങളിൽ ഉയർന്നു വന്നിട്ടുണ്ട്. അവരൊക്കെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് അവരുടെ രാഷ്ട്രീയ പശ്ചാത്തലത്തിലും വ്യക്തിപരമായ സംഭാവനകളിലും അവലംബിച്ചായിരുന്നു അതിനുള്ള വ്യക്തിപരമായി പിൻബലം അവർക്കുണ്ടായിരുന്നു. അത്തരം അടിസ്ഥാനമൊന്നുമില്ലാത്തവർ ഇന്നു മലങ്കരസഭയെ ചട്ടുകമാക്കി തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ - തങ്ങളുടെ വോട്ട്ബാങ്ക് ആക്കി സഭയെ മാറ്റുമ്പോഴാണ് - പ. സഭയെക്കുറിച്ചുള്ള എന്റെ ആശങ്ക പ്രസക്തമാകുന്നത്.

മലങ്കരസഭാംഗങ്ങൾക്ക് എന്നും രാഷ്ട്രീയം ഉണ്ടായിരുന്നു. അവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുകയും തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുകയകയും ചെയ്തു വന്നിരുന്നു. പക്ഷേ സഭ ഒരിക്കലും രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നില്ല. അഭി. വൈദീകർ സ്വന്തമായി രാഷ്ട്രീയ ആഭിമുഖ്യം ഉണ്ടെങ്കിലും അതു പുറത്തു കാണിച്ചിരുന്നില്ല. കേരളത്തിലെ മറ്റു ചില സഭകളേപ്പോലെ ഇടയലേഖനങ്ങൾ ഇറക്കി കുഞ്ഞാടുകളെ രാഷ്ട്രീയ ധ്രുവീകരണം നടത്തുന്ന പണി മലങ്കരസഭയ്ക്ക് ഇല്ലാതിരുന്നതിനാൽ നാണം കെടാതെ എന്നും സഭ രക്ഷപെട്ടിരുന്നു.

എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതെല്ലാം തകിടംമറിഞ്ഞു. കക്ഷിരാഷ്ട്രീയത്തിൽ വൈദീകർ ഇടപെട്ടതുപോകട്ടെ, ജയിച്ച ഒരു സ്ഥാനാർത്ഥിയുടെ ജീപ്പിനുമുകളിൽ കയറി ആനന്ദനൃത്തം ആടിയ ഒരു പുരോഹിതൻ മലങ്കര സഭയെ മാത്രമല്ല, കേരളത്തിലെ മുഴുവൻ ക്രിസ്ത്യാനികളേയുമാണ് അപമാനിച്ചത്! കേരളത്തിൽ ഇതുവരെ ഉണ്ടാകാത്ത സംഭവം.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സംഭവിച്ചതെന്താണ്? മലങ്കരസഭയിലെ ഒരുവിഭാഗം വൈദീകർ ഒരു സ്ഥാനാർത്ഥിക്കുവേണ്ടി അഴിഞ്ഞാടുകയായിരുന്നു. ആടുകളെ നയിക്കേണ്ട ഇടയൻ എന്ന നിലയിൽ തിരഞ്ഞെടുപ്പു പ്രക്രിയയിൽ കർശനമായും പങ്കെടുക്കണം എന്നു സഭാംഗങ്ങളെ ഉപദേശിക്കേണ്ട ബാദ്ധ്യത തീർച്ചയായും വൈദീകർക്കുണ്ട്. പക്ഷേ ഇവിടെ അതിനപ്പുറം തരംതാണ കക്ഷിരാഷ്ട്രീയമാണ് പ്രവർത്തിച്ചത്.

ഇത് 2017 ജൂലൈ 3-ലെ സുപ്രീം കോടതിവിധി നടപ്പാക്കി കിട്ടുവാൻ ഉള്ള നടപടിയാണന്ന വാദത്തിനു നിലനില്പില്ല. കോടതിവിധി നടപ്പാക്കാൻ രാഷ്ട്രീയം അപ്രസക്തമാണ്. അതു 2018 മെയ് വിധിയിൽ സുപ്രീം കോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ട. അത് നടത്തിക്കിട്ടുവാനായി പ്രവർത്തിക്കുവാൻ ശക്തമായ ഒരു സഭ നേതൃത്വനിര നമുക്കുണ്ട് എന്നതിൽ നമുക്ക് അഭിമാനിക്കാം. ശാശ്വത സമാധാനത്തിനായി സ്വന്തം ജീവൻ പോലും ബലി നൽകാമെന്ന് ഏറ്റം വിനയത്തോടെ എന്നാൽ ഏറ്റം ശക്തമായ ഭാഷയിൽ സമൂഹത്തോട് പ്രഖ്യാപിച്ച പരിശുദ്ധ ബാവാ തിരുമേനിയാണ് നമ്മുടെ ശക്തിയും ഊർജ്ജവും.

ഇനി ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി സഹായിച്ചിട്ട് എന്തു പ്രയോജനം സഭയ്ക്കുണ്ടായി? വ്യക്തമായ കോടതി വിധി ഉള്ള പിറവം പള്ളിക്കേസ് നിശ്ചിത ദിവസം നടത്തി കിട്ടിയോ? ഒരു വർഷം മുമ്പ് വിധി നടത്തിയ കോലഞ്ചേരിയിൽ കഴിഞ്ഞ ദിവസം റവന്യു/പൊലീസ് അധികാരികൾ കോടതിവധി പരസ്യമായി ലംഘിച്ചതോ? ആർക്കാണ് ഈ രാഷ്ട്രീയക്കളിയിൽ ലാഭം ഉണ്ടായത്? തീർച്ചയായും പ. സഭയ്ക്കല്ല. വ്യക്തമായ കോടതി വിധി നടപ്പാക്കി കിട്ടുവാൻ സഭയ്ക്ക് ഭരണകക്ഷിയുടെ കാലുപിടിക്കേണ്ടെ കാര്യമില്ല. പക്ഷേ അതു വെച്ചു വിലപേശുന്നത് രാഷ്ട്രീയക്കാരാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. മറിച്ച്, മലങ്കരസഭാംഗങ്ങളായ രാഷ്ട്രീയ ഭിക്ഷാംദേഹികളാണ്.

മാധ്യമങ്ങളെ വിശ്വസിക്കാമെങ്കിൽ, അടുത്ത തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോക്സഭാ സീറ്റ്, റാന്നി അസംബ്ലി സീറ്റ് എന്നിവയിൽ (ഇന്ന) ഓർത്തഡോക്‌സ് സഭാംഗങ്ങളെ ഇടതുപക്ഷ സ്ഥാനാർത്ഥികളാക്കണം എന്ന നിബന്ധനയിലത്രെ ചെങ്ങന്നൂരിൽ വൈദികരെയടക്കം പ്രചരണത്തിനിറക്കിയത്. സഭയ്ക്കു രാഷ്ട്രീയമോ സ്ഥാനാർത്ഥികളോ ഇല്ലാത്ത സ്ഥിതിക്ക് ആരോ വ്യക്തിപരമായ് സ്ഥാനാർത്ഥിത്വം ഉറപ്പാക്കാൻ സഭയെ ബലിയാടാക്കിയതല്ലേ?

എന്റെ വ്യക്തിപരമായ വീക്ഷണത്തിൽ ഈ നാണംകെട്ട രാഷ്ട്രീയക്കളിയിൽ മുഖം നഷ്ടപ്പെട്ടത് നമ്മുടെ സഭയ്ക്കു മാത്രമാണ്. മുമ്പ് മുഖ്യമന്ത്രിമാരടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കൾ സമയം ചോദിച്ചു ദേവലോകത്തുവന്നു മുഖംകാണിച്ചിരുന്ന സ്ഥാനത്ത് ഇന്ന് രാഷ്ട്രീയ നേതാക്കളുടെ സമയവും സൗകര്യവും നോക്കി അവരെ പോയി കാണെണ്ടതായ ഗതികേട് സഭയ്ക്കു വന്നിരിക്കുന്നു. എന്തിനു വേണ്ടി ? ആരുടെ നേട്ടത്തിനായി ?

സഭാംഗങ്ങളെ ചിന്തിക്കൂ.? നമുക്കുവേണ്ടത് എന്താണ് ?ദൈവത്തിന്റെ ശരീരമാകുന്ന സഭയെ ദൈവീക മഹത്വത്തിനായി സമർപ്പിക്കുന്ന പ്രക്രിയയിൽ ഇന്നും അവശേഷിക്കുന്ന ആത്മീയ ഭാവം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലുകൾ ഇനിയെങ്കിലും നമുക്ക് അവസാനിപ്പിക്കാം. സഭാംഗങ്ങളുടെ ഇടയിൽ എന്നും കാത്ത് സൂക്ഷിക്കേണ്ടതായ ഒരുമയുടെ ആത്മാവ് കേവലം രാഷ്ട്രീയ കാരണങ്ങളാൽ നഷ്ടപ്പെടുത്തുവാൻ നാം അനുവദിച്ചുകൂടാ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP