Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റാന്നിക്കാരൻ രാജേഷിന്റേത് ആത്മഹത്യ തന്നെയെന്ന് പൊലീസ്: വയറിനുള്ളിലും രാസപരിശോധനയിലും വിഷപദാർഥം കാണാതിരുന്നത് ആശുപത്രിയിൽ വയർ കഴുകിയതിനാൽ: ആത്മഹത്യ പ്രേമം പൊളിഞ്ഞതു കൊണ്ട്: പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റിയിലും കാര്യം വ്യക്തമാക്കിയിരുന്നു: പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഒരു തിരിമറിയുമില്ലെന്നും പൊലീസ്

റാന്നിക്കാരൻ രാജേഷിന്റേത് ആത്മഹത്യ തന്നെയെന്ന് പൊലീസ്: വയറിനുള്ളിലും രാസപരിശോധനയിലും വിഷപദാർഥം കാണാതിരുന്നത് ആശുപത്രിയിൽ വയർ കഴുകിയതിനാൽ: ആത്മഹത്യ പ്രേമം പൊളിഞ്ഞതു കൊണ്ട്: പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റിയിലും കാര്യം വ്യക്തമാക്കിയിരുന്നു: പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഒരു തിരിമറിയുമില്ലെന്നും പൊലീസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: റാന്നി തോട്ടമൺ മുറിയിൽ വേലൻ പറമ്പിൽ നാരായണൻ കുട്ടി- സരസ്വതി ദമ്പതികളുടെ മകൻ രാജേഷ് (30) ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന നിലപാടിൽ ഉറച്ച് അന്ന് അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ. രാജേഷിനെ പൊലീസ് മർദിച്ചു കൊലപ്പെടുത്തിയ ശേഷം അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽച്ചെന്നുവെന്ന് വരുത്തുകയായിരുന്നുവെന്ന പിതാവ് നാരായണൻ, മാതാവ് സരസ്വതി, സഹോദരൻ അജേഷ് എന്നിവരുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അന്ന് റാന്നി സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന സിഐയും ഇപ്പോൾ പത്തനംതിട്ട നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പിയുമായ കെഎ വിദ്യാധരൻ.

ഇതു സംബന്ധിച്ച് പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റിയുടെ എല്ലാ സിറ്റിങ്ങിലും ഹാജരായി താനും ആരോപണ വിധേയരായ മറ്റു പൊലീസുകാരും മൊഴി നൽകിയിരുന്നുവെന്നും വിദ്യാധരൻ പറഞ്ഞു. രാജേഷ്, വിവാഹബന്ധം വേർപെടുത്തി നിന്ന വെച്ചൂച്ചിറ സ്വദേശിനിയുമായി പ്രണയത്തിലായിരുന്നു. പിന്നീട് യുവതി ഈ ബന്ധത്തിൽ നിന്ന് പിന്മാറി. ഈ യുവതിയെ തന്നെ വിവാഹം കഴിക്കണമെന്നും അവൾ തന്നെ ഒഴിവാക്കുന്നത് സഹിക്കാൻ കഴിയില്ലെന്നുമായിരുന്നു രാജേഷിന്റെ നിലപാട്. രാജേഷ് ജോലി ചെയ്തു കൊണ്ടുവരുന്ന പണമെല്ലാം യുവതിക്കാണ് നൽകിയിരുന്നതെന്നും പറഞ്ഞിരുന്നു.

ഒഴിവാക്കിയ ശേഷവും പല തവണ ഇയാൾ ഫോണിൽ യുവതിയെ ശല്യം ചെയ്തു. മകൾ ഫോൺ എടുക്കാതെ വന്നപ്പോൾ പിതാവിനെ വിളിച്ച് അസഭ്യം പറയാൻ തുടങ്ങി. അങ്ങനെയാണ് റാന്നി സ്റ്റേഷനിൽ പരാതി എത്തുന്നത്. ആദ്യം ഒരു തവണ സ്റ്റേഷനിൽ വിളിപ്പിച്ച് മേലാൽ ആവർത്തിക്കരുതെന്ന് താക്കീത് നൽകിയിരുന്നു. പിന്നെയും പഴയ രീതിയിൽ ഫോൺവിളിയും ഭീഷണിയും അസഭ്യ വർഷവും തുടർന്നു. ആദ്യമൊന്നും ഇക്കാര്യം രാജേഷിന്റെ വീട്ടിൽ പൊലീസ് അറിയിച്ചിരുന്നില്ല. ഒരു താക്കീതുകൊണ്ട് പിന്മാറുമെന്നാണ് കരുതിയത്. വീണ്ടും ഇയാൾ പെൺകുട്ടിയെയും പിതാവിനെയും അസഭ്യം പറയാൻ തുടങ്ങിയപ്പോഴാണ് പിതാവ് നാരായണനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയത്.

ഇനി ഇതാവർത്തിച്ചാൽ പൊലീസിന് ആക്ഷൻ എടുക്കേണ്ടി വരുമെന്ന് പിതാവിന്റെ സാന്നിധ്യത്തിൽ താക്കീത് നൽകിയാണ് രാജേഷിനെ വിട്ടയച്ചത്. പൊലീസ് അയാളെ ഒന്നു തൊടുക പോലും ചെയ്തിട്ടില്ല. അതിനു ശേഷം ദിവസങ്ങൾ കഴിഞ്ഞാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഫ്യൂരിഡാൻ കഴിച്ചായിരുന്നു മരിക്കാൻ നോക്കിയത്. ഇയാളെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രികളിൽ എല്ലാം വയർ കഴുകി വൃത്തിയാക്കിയിരുന്നു. പിന്നീട് ചികിൽസയിലിരിക്കേ മരിക്കുകയും ചെയ്തു.

ദേഹത്ത് എങ്ങും ഒരു മുറിവോ ചതവോ മരണ കാരണമായ മറ്റെന്തെങ്കിലും പാടോ കണ്ടെത്താൻ പൊലീസ് സർജന് കഴിഞ്ഞിട്ടില്ല. രാസ പരിശോധനയിലും അത് കണ്ടെത്തിയിട്ടില്ല. വയറിനുള്ളിൽ വിഷാംശം കണ്ടെത്താതിരുന്നത് പല തവണ കഴുകിയതു കൊണ്ടാകാമെന്നും ഡിവൈഎസ്‌പി പറഞ്ഞു. രാജേഷിനെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രികളിലെ അഡ്‌മിറ്റ് റിപ്പോർട്ട് പരിശോധിച്ചാൽ മതിയാകും സത്യം പുറത്തു വരാൻ. ഇങ്ങനെ ഒരു ആരോപണം പിതാവ് തുടർച്ചയായി ഉന്നയിക്കുന്ന സാഹചര്യത്തിൽ പുനരന്വേഷണം നടക്കുന്നതിൽ ഭയമില്ല. എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കുമെന്നും ഡിവൈഎസ്‌പി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP