Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുഖം അന്വേഷിക്കാൻ പോലും ആരും തിരിഞ്ഞു നോക്കാറില്ല; വീട്ടിലുള്ളവരോട് പോലും കടുത്ത ദേഷ്യം; പത്രക്കാരെ കണ്ടാൽ ആട്ടിയോടിക്കും; ആകെ നരച്ച മുടിയും എല്ലും തോലുമായ രൂപവും; അലട്ടാൻ രോഗങ്ങളുടെ കൂമ്പാരം; വീടിന് പുറത്തിറങ്ങിയിട്ട് വർഷം ഒന്നാകാറായി; മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവനന്തപുരം കണ്ടിട്ടില്ല; രണ്ട് കൊല്ലം മുൻപ് മന്ത്രി മന്ദിരത്തിൽ വസിച്ച് കൊടി വച്ച കാറിൽ പാഞ്ഞു നടന്നിരുന്ന കെ ബാബു ഇപ്പോൾ ആരോടും ഒന്നും മിണ്ടാതെ ഇവിടെയുണ്ട്

സുഖം അന്വേഷിക്കാൻ പോലും ആരും തിരിഞ്ഞു നോക്കാറില്ല; വീട്ടിലുള്ളവരോട് പോലും കടുത്ത ദേഷ്യം; പത്രക്കാരെ കണ്ടാൽ ആട്ടിയോടിക്കും; ആകെ നരച്ച മുടിയും എല്ലും തോലുമായ രൂപവും; അലട്ടാൻ രോഗങ്ങളുടെ കൂമ്പാരം; വീടിന് പുറത്തിറങ്ങിയിട്ട് വർഷം ഒന്നാകാറായി; മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവനന്തപുരം കണ്ടിട്ടില്ല; രണ്ട് കൊല്ലം മുൻപ് മന്ത്രി മന്ദിരത്തിൽ വസിച്ച് കൊടി വച്ച കാറിൽ പാഞ്ഞു നടന്നിരുന്ന കെ ബാബു ഇപ്പോൾ ആരോടും ഒന്നും മിണ്ടാതെ ഇവിടെയുണ്ട്

പീയൂഷ് ആർ

കൊച്ചി: ബാർ കോഴക്കേസും അനധികൃത സ്വത്തു സമ്പാദനവും പിന്നെ നാണംകെട്ട തിരഞ്ഞെടുപ്പ് തോൽവിയും കൂടിയായപ്പോൾ കെ.ബാബു എന്ന മുൻ മന്ത്രി ജനങ്ങൾക്കിടയിലും രാഷ്ട്രീയ നേതാക്കൾക്കിടയിലും ഒറ്റപ്പെട്ടു. തൃപ്പൂണിത്തുറയിൽ പൂർണ്ണാ ലെയ്‌നിലെ വീട്ടിൽ തീർത്തും ഒറ്റപ്പെട്ടാണ് അദ്ദേഹത്തിന്റെ വാസം. കെ.ബാബുവിനെ നേരിൽ കാണാനായി മറുനാടൻ മലയാളി തൃപ്പൂണിത്തുറയിലെ വീട്ടിലെത്തി. മുൻപ് ഏത് സമയവും തിക്കും തിരക്കുമുണ്ടായിരുന്ന വീട്ടിൽ ആളും അനക്കവുമില്ല. ഗേറ്റിനു മുന്നിൽ കെ.ബാബു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. മൂന്ന് ഗേറ്റുകളുള്ള ഇരുനില വീട്ടിന് മുന്നിൽ ബാബുവിന്റെ ഇന്നോവ കാർ നിർത്തിയിട്ടിരിക്കുന്നു. വിക്കറ്റ് ഗേറ്റ് വഴി അകത്ത് കടന്നു. സിറ്റൗട്ടിൽ നാലഞ്ചു കസേരകൾ നിരത്തിയിട്ടിരിക്കുന്നു. വാതിലുകൾ അടഞ്ഞു തന്നെ.

മന്ത്രിപദമൊഴിഞ്ഞ് എറണാകുളത്ത് പോയ ശേഷം ബാബു തിരുവനന്തപുരത്തേക്ക് വന്നിട്ടു പോലുമില്ല. തൃപ്പുണ്ണിത്തറയിലെ അപ്രതീക്ഷിത തോൽവി കൂടിയായപ്പോൾ അദ്ദേഹം ആകെ തളർന്നു. ഇതോടെ വിവാഹങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും പോകാതെയായി. മുടിയെല്ലാം നരച്ചു. മെലിഞ്ഞു ഉണങ്ങി. പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം കഷ്ടകാലത്ത് ദുരിതവുമായെത്തി. ഉമ്മൻ ചാണ്ടി ഇപ്പോഴും ബാബുവിനെ കാണാനെത്താറുണ്ട്. അതല്ലാതൊരു ബന്ധം ആരും പുലർത്തുന്നില്ല. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ബാബു നിർത്തി. കാറും ഡ്രൈവറേയും ഒന്നും ഉപയോഗിക്കുന്നില്ല. അതുകൊണ്ട് തന്നെ വിശ്വസ്തർക്ക് പോലും ബാബുവിനെ ബന്ധപ്പെടാനാകാത്ത അവസ്ഥ. എല്ലാവരിൽ നിന്നും അകന്നു നിൽക്കാനാണ് മുൻ എക്‌സൈസ് മന്ത്രി ആഗ്രഹിക്കുന്നത്.

ബാബുവിനെ പൊതു വേദികളിൽ കാണാനില്ലെന്നത് പല അഭ്യൂഹങ്ങൾക്കും വഴി വച്ചു. ഈ സാഹചര്യത്തിലാണ് ബാബുവിനെ നേരിൽ കണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ മറുനാടൻ തീരുമാനിച്ചത്. ഇതിന് വേണ്ടിയാണ് വീട്ടിലെത്തിയത് ഞങ്ങൾ കോളിങ്ങ് ബെൽ അമർത്തി കുറച്ചു നേരം കാത്തു നിന്നിട്ടും അനക്കമില്ല. വീണ്ടും ഒന്നു കൂടി ബെൽ അമർത്തിയപ്പോൾ ആരാണ് എന്ന ചോദ്യവുമായി കെ.ബാബു ജനാലയ്ക്കരികിൽ പ്രത്യക്ഷപ്പെട്ടു. ഒറ്റ നോട്ടത്തിൽ കെ.ബാബു എന്ന് പറയാനൊക്കില്ല. ഓജസൊക്കെ നഷ്ട്ടപ്പെട്ട് മെലിഞ്ഞിരിക്കുന്നു. സാറിനെ ഒന്നു കാണാനാണ് എന്ന് പറഞ്ഞപ്പോൾ ഓഫീസ് വാതിൽ തുറന്നു. മൊസ്‌ക്കിറ്റോ വാതിൽ അടഞ്ഞു തന്നെ കിടന്നു. എന്താണ് കാര്യമെന്ന് തിരക്കിയപ്പോൾ മീഡിയയിൽ നിന്നാണ് സാറിനോട് സംസാരിക്കാൻ എത്തിയതാണ് എന്ന് ഞങ്ങൾ അറിയിച്ചു.

ഇതോടെ ഒന്നും സംസാരിക്കാനില്ല സോറി എന്ന് പറഞ്ഞ് അദ്ദേഹം ഡോർ അടച്ചു. അവിടെ നിന്നും ഞങ്ങൾ ഇറങ്ങി സമീപത്ത് ഉള്ളവരോട് ബാബുവിനെ പറ്റി അന്വേഷിച്ചു. വീടിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങാറില്ല എന്നാണ് അവർ പറഞ്ഞത്. വിരളമായി മാത്രമേ കാണാറുള്ളൂ. ഭാര്യയും ബാബുവും മാത്രമേ വീട്ടിൽ ഉള്ളൂ എന്നും അവർ പറഞ്ഞു. മുൻപ് റോഡിൽ നടക്കാനിറങ്ങുമ്പോൾ കാണാൻ കഴിയുമായിരുന്നു. ഇപ്പോൾ ആ പതിവൊന്നുമിലെന്നും അവർ കൂട്ടിച്ചേർത്തു. അവരോട് സംസാരിച്ചതിന് ശേഷം അടുത്തുള്ള ചെറിയ ചായക്കടയിൽ കയറി അന്വേഷിച്ചു. വീട്ടിൽ നേതാക്കളൊക്കെ വരുമോ എന്ന് ചോദിച്ചപ്പോൾ ചില പ്രാദേശിക നേതാക്കളല്ലാതെ മറ്റാരും എത്തുന്നത് കണ്ടിട്ടില്ല എന്നാണ് അറിഞ്ഞത്. കഴിഞ്ഞ ഇലക്ഷൻ വരെയും ദിവസവും വീടിന് മുന്നിലെ റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.എന്നാൽ ഇപ്പോൾ അതൊന്നുമില്ല.

കാണാനെത്തുന്നവരുമായി അധികനേരം സംസാരിക്കാറുമില്ല. അത്ര അടുപ്പമുള്ളവരുമായി മാത്രമേ സംസാരിക്കുകയുമുള്ളൂ. തിരഞ്ഞെടുപ്പ് തോൽവിയാണ് ഏറെ തകർത്തതെന്നാണ് ജനസംസാരം. കൂടാതെ കേസുകളും ടെൻഷനുമായപ്പോൾ രോഗങ്ങൾക്കും അടിമയായി.

ആൾക്കുട്ടങ്ങളിൽ നിന്ന് ഓടിയെളിച്ച് ബാബു

ജനങ്ങൾക്കിടയിൽ നിന്നും ഓടിയൊളിക്കുകയാണ് ബാബു ഇപ്പോൾ. സ്വന്തം പാർട്ടി നേതാക്കൾക്കും വേണ്ടാതായി. എത്ര വലിയ പദവിയുണ്ടായിരുന്നാലും അവസാനം ഒന്നുമല്ലാതാകും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കെ.ബാബു എന്ന രാഷ്ട്രീയക്കാരന്റെത്. പി. എ മാരാണ് ജനങ്ങൾക്കിടയിൽ നിന്നും അവരുടെ പ്രിയ നേതാവിനെ അടർത്തി മാറ്റിയത് എന്നാണ് നാട്ടുകാർ പറയുന്നത്. രാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ചു വരവ് ഉണ്ടാകാൻ സാധ്യതയില്ല എന്നാണ് നിലവിലെ കാര്യങ്ങൾ വച്ച് വിലയിരുത്താൻ കഴിയുന്നത്.

ബാബു തീർത്തും ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്. ബാർ കോഴയിൽ താൻ തെറ്റുകാരനല്ലെന്ന് ബാബു വിശ്വസിക്കുന്നു. എന്നിട്ടും എല്ലാവരും ഒറ്റപ്പെടുത്തി. കെ പി സി സി പ്രസിഡണ്ട് പോലും കള്ളൻ എന്ന വിളിച്ച ആഘാതത്തിൽ തന്നെയാണ് അദ്ദേഹം. ഇപ്പോൾ കണ്ടാൽ ആളെ തിരിച്ചറിയുക പോലുമില്ല. വല്ലാതെ മെലിഞ്ഞു. ചില രോഗങ്ങൾ അലട്ടുന്നുണ്ട്. കേസ് അവസാനിച്ച് നിരപരാധി എന്ന് തെളിയും വരെ പൊതു വേദിയിൽ വരേണ്ട എന്ന കടുത്ത തീരുമാനത്തിൽ ആണ്. ഒരു പരിപാടിയിലും പങ്കെടുക്കുന്നില്ല. പാർട്ടിയും നേതാക്കളും ഒറ്റപ്പെടുത്തി എന്നും നിർണായക ഘട്ടത്തിൽ എല്ലാവരും തന്നെ ഒഴിവാക്കിയെന്നും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. അത് മാനസികമായി അദ്ദേഹത്തെ തളർത്തി. ആശ്വാസവാക്കുമായി ഒരാളും അത് വഴി ചെന്നില്ല. ഒരു തെറ്റും ചെയ്യാതെ തൻ ക്രൂശിക്കപ്പെട്ടു എന്ന ഉറച്ച വിശ്വാസത്തിൽ ആണ് അദ്ദേഹം-കോൺഗ്രസിലെ പ്രമുഖൻ ബാബുവിന്റെ അവസ്ഥയെ കുറിച്ച് മറുനാടനോട് വിശദീകരിച്ചത് ഇങ്ങനെയാണ്. 

മാണിയെ വിശുദ്ധനാക്കാൻ ഓരോരുത്തർ പരക്കം പായുമ്പോൾ അദ്ദേഹത്തിന്റെ വേദനയും ധാർമികരോഷവും സ്വയം കടിച്ചമർത്തുന്നു. കോൺഗ്രസ് നേതാക്കൾ ത്രിപൂണിത്തുറ വഴി പോയാലും മൈൻഡ് ചെയ്യാറില്ല. പ്രാദേശിക നേതൃത്വം പൂർണമായും കയ്യൊഴിഞ്ഞു. ജില്ലാ നേതാക്കൾ ആരും ബാബുവിനെ വിളിക്കാറുപോലും ഇല്ല. മരണവീട്ടിലും വിവാഹങ്ങൾക്കും നൂലുകെട്ടിനും അടക്കം എല്ലാ വീട്ടിലും കയറിയിറങ്ങിയിരുന്ന ബാബുവിന്റെ അവസ്ഥ ഒരു പൊതുപ്രവർത്തകനും സംഭവിക്കാൻ പാടില്ലാത്തതാണ്. എന്നാൽ പെട്ടപ്പോൾ ഒറ്റയ്ക്കായി ശരിക്കും ബാബു വീട്ടിൽ ഒറ്റയ്ക്കായിപ്പോയി. എറണാകുളത്തു ബാബു ഒരു പ്രസംഗം നടത്തിയിട്ടു വർഷം രണ്ടാവുകയാണ്. ഇനി ബാബുവിന് കോൺഗ്രസ്സ് എന്തെങ്കിലും അവസരം നൽകുമെന്ന് ബാബുവിന്റെ ബന്ധുക്കളും വിശ്വസിക്കുന്നില്ല. ബാബു കേസിൽപ്പെട്ടു ജീവിതം ദുരിതമയമാവും എന്ന ഭയവും അവർക്കുണ്ട്-ബാബുവിന്റെ വിശ്വസ്തൻ പ്രതികരിച്ചത് ഇങ്ങനെയാണ്.

പാത്രം വലിച്ചെറിഞ്ഞും ദേഷ്യ പ്രകടനം

കെപിസിസി നിർവ്വാഹക സമിതി അംഗമായിരുന്നു ബാബു. ആ പദവി ഇപ്പോഴുമുണ്ട്. ബാർ കോഴയിലെ കേസ് നീണ്ടു പോകുമെന്ന് തന്നെയാണ് ബാബു ഇപ്പോും കരുതുന്നത്. താൻ ഒരിക്കലും തറ്റ് ചെയ്തിട്ടില്ലെന്ന് ബാബു പറയുന്നു. ഗാന്ധിയൻ ജീവിതമായിരുന്നു ബാബു നയിച്ചിരുന്നത്. എ ഗ്രൂപ്പിന്റെ പ്രധാന സാമ്പത്തിക സ്‌ത്രോതസ്സായി മാറിയപ്പോഴും ലഹരി വിരുദ്ധത പ്രകടിപ്പിച്ച നേതാവ്. മദ്യം ഉപയോഗിക്കാറേ ഇല്ലായിരുന്നു. ബിയറിനെ പോലും ജീവിതത്തിൽ നിന്ന് അകറ്റിയ നേതാവിന് എക്‌സൈസ് നൽകിയത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പ്രത്യേക താൽപ്പര്യമായിരുന്നു.

ജീവിതത്തിൽ മദ്യത്തെ അകറ്റി നിർത്തിയ നേതാവിനെ ഒടുവിൽ എക്‌സൈസ് വകുപ്പ് തന്നെ വീഴ്‌ത്തി. ബാർ കോഴയിൽ ആരോപണ വിധേയനായതോടെ അദ്ദേഹം തീർത്തും നിരാശനായി. മന്ത്രിപദം കൈവിടാതെ തൃപ്പുണ്ണിത്തുറയിൽ ജയിക്കാമെന്ന പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. യുഡിഎഫ് സർക്കാർ സരിതയുടെ ആരോപണങ്ങൾ നേരിട്ടവർ പോലും ജയിച്ചു. എന്നാൽ തൃപ്പുണ്ണിത്തുറയിൽ സ്വരാജിന് മുമ്പിൽ ബാബു തോറ്റു. ഇതിന് കാരണം കോൺഗ്രസുകാരുടെ പാലം വലിയായിരുന്നു. തോറ്റതോടെ വീട്ടിലേക്ക് ഒതുങ്ങി കൂടി. എന്തിനും ഏതിനും ദേഷ്യം. വീട്ടുകാരോടും ഇത് പ്രകടിപ്പിച്ചു. പാത്രങ്ങൾ എടുത്തെറിയുന്ന തരത്തിലേക്ക് ദേഷ്യം മാറി. ദിനചര്യകൾ തെറ്റി. ഇതോടെ അസുഖവും കൂടെ കൂടി.

നടത്തുവും എല്ലാം വിട്ട് വീട്ടിലേക്ക് ചിരിച്ച മുഖവുമായി കാൽ നൂറ്റാണ്ട് തൃപ്പുണ്ണിത്തറുയുടെ ജനപ്രതിനിധിയായിരുന്ന ബാബു മാറി. ഇതോടെ പാർട്ടിക്കാരും പൊതു സമൂഹവും അകന്നു. എന്നും വലിയ ആൾത്തിരക്കായിരുന്നു ബാബുവിന്റെ തൃപ്പുണ്ണിത്തുറയിലെ വീട്ടിൽ. ജനനായകൻ ഉൾവലിഞ്ഞതോടെ ഈ ആൾക്കൂട്ടവും മാറി. കൊച്ചിയിലെ പാർട്ടി പരിപാടികൾക്ക് പോലും ബാബു എത്താതെയായി.

വിശ്വസ്തന്റെ മകളുടെ കല്യാണത്തിനെത്തിയത് ആളെല്ലാം പോയ ശേഷം

മന്ത്രിയായിരിക്കെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വിശ്വസ്തന്റെ മകളുടെ കല്യാണത്തിൽ പങ്കെടുക്കാൻ ബാബു എത്തിയിരുന്നു. അതിവിശ്വസ്തനുമായി കുടുംബപരമായ ബന്ധവും ഉണ്ടായിരുന്നു. ബാബുവിന്റെ വീട്ടിന് തൊട്ടടുത്തായിരുന്നു ഈ കല്ല്യാണം. അതിന് പോലും ആൾക്കൂട്ടത്തെ ഒഴിവാക്കാൻ അവസാന നിമിഷമാണ് ബാബു എത്തിയത്. എന്നും എല്ലാ കല്യാണത്തിനും ഓടി നടന്ന നേതാവിന്റെ മാനസിക അവസ്ഥ കൂടെയുള്ളവർ പോലും മനസ്സിലാക്കിയത് ഈ വിവാഹത്തോടെയാണ്. വീട്ടിൽ ആരെത്തിയാലും അവരെയൊന്നും ബാബു കൂടുതലായി സൽകരിക്കാറുമില്ല. അതിഥികളെ എത്രയും വേഗം ഒഴിവാക്കും.

കെ.കെ. കുമാരന്റെയും പൊന്നമ്മയുടെയും മകനായി 1951 ജൂൺ 2-ന് ജനിച്ച കെ. ബാബു കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. 1977-ൽ കേരള യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാനായിരുന്നു. 1977-ൽ യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റായും പിന്നീടു യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായും പ്രവർത്തിച്ചു. 1982 മുതൽ 1991 വരെ ഡി.സി.സി. ജനറൽ സെക്രട്ടറിയായിരുന്നു. ഐ.എൻ.ടി.യു.സി. സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം നിരവധി ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനം വഹിച്ചിരുന്നു. അങ്കമാലി നഗരസഭയുടെ ആദ്യ ചെയർമാനായിരുന്നു ഇദ്ദേഹം. അങ്കമാലി ഫൈൻ ആർട്സ് സൊസൈറ്റി സ്ഥാപകനായ കെ. ബാബു ഇപ്പോൾ എറണാകുളം ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡണ്ടുമാണ്.

1991ൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം.എം. ലോറൻസ് എന്ന പ്രമുഖ സിപിഎം നേതാവിനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭാ സാമാജികനായ കെ. ബാബു തുടർന്നുള്ള നാലു തെരഞ്ഞെടുപ്പുകളിലും അതേ മണ്ഡലത്തിൽ നിന്നു തന്നെ വിജയിച്ചു. കോൺഗ്രസ്സ് നിയമസഭാകക്ഷി വിപ്പായി പ്രവർത്തിച്ചിട്ടുണ്ട്. 2011 മെയ്‌ 23-ന് രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരിൽ എക്‌സൈസ്, തുറുമുഖം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി അധികാരമേറ്റു. ബാർ കോഴ വിവാദത്തിൽ ബാബുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടതിനെ തുടർന്ന് 2016 ജനുവരി 23-ന് മന്ത്രി സ്ഥാനം രാജി വെച്ച് കൊണ്ടുള്ള കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

എന്നാൽ വിജിലൻസ് കോടതിയുടെ ഉത്തരവ് പിന്നീട് സംസ്ഥാന ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തതിനെ തുടർന്ന് ഇദ്ദേഹം രാജി പിൻവലിച്ചു. അതിന് ശേഷവും മന്ത്രിയായി തുടർന്നു. തൃപ്പുണ്ണിത്തുറയിൽ തെരഞ്ഞെടുപ്പിൽ തോറ്റതോടെ രാഷ്ട്രീയത്തിൽ നിന്ന് വനവാസവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP