Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിഐഒ കാർഡുകൾ അസാധുവായതോടെ ഇനി പ്രവാസികൾക്ക് ഒസിഐ കാർഡുകൾ മാത്രം; ഒരിക്കൽ എടുത്താൽ എന്നും അത് ഉപയോഗിക്കാം; ആറുമാസം കഴിയുമ്പോൾ പൊലീസ് സ്‌റ്റേഷനിൽ കയറി ഇറങ്ങി മെനക്കേടേണ്ട

പിഐഒ കാർഡുകൾ അസാധുവായതോടെ ഇനി പ്രവാസികൾക്ക് ഒസിഐ കാർഡുകൾ മാത്രം; ഒരിക്കൽ എടുത്താൽ എന്നും അത് ഉപയോഗിക്കാം; ആറുമാസം കഴിയുമ്പോൾ പൊലീസ് സ്‌റ്റേഷനിൽ കയറി ഇറങ്ങി മെനക്കേടേണ്ട

ന്യൂഡൽഹി: ഇന്ത്യൻ വംശജരായ വിദേശ ഇന്ത്യക്കാർക്ക് ആജീവനാന്ത വിസ നൽകുന്ന നിയമത്തിന് പ്രവാസികൾക്കിടയിൽ വ്യാപക കൈയടി. പേഴ്‌സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ), ഓവർസീസ് സിറ്റീസൺഓഫ് ഇന്ത്യ(ഒസിഐ) കാർഡുകൾ ഒന്നിപ്പിക്കുന്ന ഇന്ത്യൻ പൗരത്വ നിയമ ഭേദഗതിയാണ് പ്രവാസികൾക്ക് ആശ്വാസമായി മാറുന്നത്. ഇതുവരെ 15 വർഷമായിരുന്നു പി.ഐ.ഒ കാർഡുകളുടെ കാലാവധി. പുതിയ വിജ്ഞാപനം കേന്ദ്രം പുറത്തിറക്കിയതോടെ കാർഡുകൾ ഇനി പുതുക്കേണ്ടതില്ലെന്ന അവസ്ഥ വന്നു. ഫലത്തിൽ ഒസിഐയായി ഇവരും അംഗീകരിക്കപ്പെട്ടു. ഈ വർഷം ആദ്യമായിരുന്നു ഇതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ എടുത്തത്.

ഇതോടെ വിദേശത്തുള്ള ഇന്ത്യൻ വംശജർക്ക് ആജീവനാന്ത വിസ ലഭിക്കുന്നതിനൊപ്പം, ആറുമാസത്തിലൊരിക്കൽ പൊലീസ് സ്‌റ്റേഷനിലെത്തി റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥയും ഇല്ലാതായി. പ്രവാസികളായ ഇന്ത്യക്കാർ ദീർഘകാലമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യമാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിലാണ് ഇക്കാര്യം അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കുമെന്ന പ്രഖ്യാപനമുണ്ടായത്. തുടർന്ന് നിയമഭേദഗതിയും വന്നു. പ്രവാസികളായ ഇന്ത്യക്കാർക്ക് ഏറെ നേട്ടങ്ങളുണ്ടാക്കുന്നതാണ് ഈ നിയമം. പിഐഒഒസിഐ കാർഡുകൾ ഒന്നായതോടെ, പ്രവാസികൾക്ക് ഇന്ത്യയിൽ മുതൽമുടക്കാനും കൂടുതൽ എളുപ്പമായി. ഇത് വൻ നിക്ഷേപം എത്തിച്ചെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. ഇന്ത്യാക്കാരെയെല്ലാം മാതൃരാജ്യത്തോട് കൂടുതൽ അടുപ്പിക്കാനുള്ള ലക്ഷ്യമാണ് ഇതിലൂടെ സഫലീകരിച്ചത്.

ഏറെക്കാലമായി ഇന്ത്യൻ പ്രവാസി സമൂഹം ഇതിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടർന്നുവരികയായിരുന്നു. 180 ദിവസത്തിൽക്കൂടുതൽ നാട്ടിൽത്തങ്ങുകയാണെങ്കിൽ പൊലീസ് സ്‌റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ വിദേശ ഇന്ത്യക്കാരെ അലോസരപ്പെടുത്തുന്നതായിരുന്നു. മാത്രമല്ല, പിഐഒ കാർഡ് ഉടമകൾക്ക് 15 വർഷത്തേയ്ക്കു മാത്രമാണ് വിസ ലഭിച്ചിരുന്നതും. എന്നാൽ, 1955ലെ പൗരത്വ നിയമത്തിൽ ഭേദഗതി വന്നതോടെ, പിഐഒ കാർഡ് ഉടമകൾക്കും ഒസിഐ കാർഡ് ഉടമകളുടേതിന് സമാനമായ രീതിയിൽ ആജീവനാന്ത വിസയ്ക്ക് അർഹത ലഭിച്ചു. പുതിയ ഭേദഗതി അനുസരിച്ച് പിഐഒ, ഒസിഐ സംവിധാനങ്ങൾ ഒന്നാവുകയും പ്രവാസികൾ ഇന്ത്യൻ ഓവർസീസ് കാർഡ് ഹോൾഡർ എന്ന ഒറ്റ നിർവചനത്തിന് കീഴിലാവുകയും ചെയ്തു.

ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കണമെങ്കിൽ തുടർച്ചയായി ഒരുവർഷം ഇവിടെ താമസിക്കണമെന്ന നിഷ്‌കർഷയ്ക്കും ഇതോടെ ഇളവുവരും. ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് നിർദിഷ്ട ഒരുവർഷത്തിനിടെ 30 ദിവസത്തിൽ കവിയാത്ത വിദേശയാത്രകൾ നടത്താനും ഇതോടെ അനുമതിയുണ്ടാകും. പ്രധാനമന്ത്രിയായി ചുമതല യേറ്റശേഷം നരേന്ദ്ര മോദി നടത്തിയ വിദേശ യാത്രകളിൽ എല്ലാ രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാർ നിരന്തരമായി അദ്ദേഹത്തോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ സത്വരമായ നടപടി കൈക്കൊള്ളുമെന്നു നരേന്ദ്ര മോദി ഓസ്‌ട്രെലിയൻ സന്ദർശന വേളയിലും ഇന്ത്യൻ സമൂഹത്തിനു ഉറപ്പു നല്കിയിരുന്നു. കൂടാതെ ലൈഫ് ടൈം വിസയും നൽകുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇതാണ് ഇപ്പോൾ യാഥാർത്ഥ്യമാക്കിയത്.

ഒ.സി.ഐ, പി.ഐ.ഒ കാർഡുകളെ ഒരുമിപ്പിക്കുകയെന്നത് യു.പി.എ സർക്കാരിന്റെ കാലത്ത് തുടങ്ങിയ ആലോചനയാണ്. എന്നാൽ, അന്നത് യാഥാർഥ്യമായില്ല. വിദേശത്തുള്ള ഇന്ത്യക്കാരുടെ യാത്രകളും ഇന്ത്യയിലെ ഇടപാടുകളും കൂടുതൽ സുഗമമാക്കുന്നതിന് ഈ കാർഡുകളുടെ ഏകീകരണം വഴിതെളിക്കും. ഇന്ത്യയുടെ വിവിധങ്ങളായ വികസനപ്രവർത്തനങ്ങൾക്ക് പ്രവാസി ഇന്ത്യക്കാരുടെ കൂടുതൽ സഹകരണം ഉറപ്പാക്കാനും ഇത് വഴിതെളിക്കുമെന്ന് സർക്കാർ കരുതുന്നു. മാതാപിതാക്കൾ ഇന്ത്യക്കാരാണെങ്കിലും, മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിക്കുകയോ ജന്മനാ പൗരത്വം ലഭിക്കുകയോ ചെയ്തവരെയാണ് പേഴ്‌സൺ ഓഫ് ഇന്ത്യൻ ഒറിജിൻ വിഭാഗത്തിൽ പരിഗണിക്കുന്നത്. ഇന്ത്യൻ പൗരത്വത്തിന് പുറമെ മറ്റൊരു രാജ്യത്തെ പൗരത്വം കൂടി സ്വീകരിച്ചവരാണ് ഓവർസീസ് സിറ്റീസൺ ഓഫ് ഇന്ത്യ(ഒസിഐ) ആയി പരിഗണിക്കുന്നത്.

ഒ.സി.ഐ കാർഡുകൾ വിസയായി പരിഗണിക്കുന്നതിനാൽ, അതുള്ളവർക്ക് ഇന്ത്യയിൽ വരാനും യഥേഷ്ടം തങ്ങാനും സാധിക്കുമായിരുന്നു. എന്നാൽ, പി.ഐ.ഒ കാർഡുടമകൾക്ക് പ്രത്യേകം വിസയ്ക്ക് അപേക്ഷിക്കണം എന്നായിരുന്നു വ്യവസ്ഥ. ഇരുകാർഡുകളും സംയോജിപ്പിച്ചതോടെ, ഒ.സി.ഐ കാർഡുടമകൾക്ക് ലഭിക്കുന്ന അതേ സൗകര്യങ്ങൾ പി.ഐ.ഒ കാർഡുടമകൾക്കും ലഭിക്കുന്നു. കാർഡുകൾ ഒന്നായതോടെ, വിദേശ ഇന്ത്യക്കാർക്ക് വിസയില്ലാതെ ഇന്ത്യയിൽ വരാമെന്ന് മാത്രമല്ല, ഇവിടെ താമസിക്കുന്നതിനും ബിസിനസ്സിൽ പങ്കാളികളാകുന്നതിനും വിദ്യാഭ്യാസം നേടുന്നതിനുമൊക്കെ വഴിതുറന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP