Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോജയുടെ മരണത്തോടെ ആശങ്ക അതിശക്തം; എല്ലാം നിയന്ത്രണ വിധേയമായെന്ന് സർക്കാർ പറയുമ്പോഴും ഒന്നും ആരോഗ്യ വകുപ്പിന് പോലും വിശ്വാസമില്ല; രോഗ സാധ്യതയുണ്ട് എന്ന് സംശയിക്കുന്നത് 2000ത്തോളം പേർക്ക്; കോഴിക്കോടിനും മലപ്പുറത്തിനും പുറമേ വയനാട്ടിലും ജാഗ്രത; പലയിടങ്ങളിലും സ്‌കൂളുകൾ തുറക്കാൻ വൈകും; നിപ്പയിൽ കടക്കുമ്പോൾ ഭീതി മാറാതെ കേരളം

റോജയുടെ മരണത്തോടെ ആശങ്ക അതിശക്തം; എല്ലാം നിയന്ത്രണ വിധേയമായെന്ന് സർക്കാർ പറയുമ്പോഴും ഒന്നും ആരോഗ്യ വകുപ്പിന് പോലും വിശ്വാസമില്ല; രോഗ സാധ്യതയുണ്ട് എന്ന് സംശയിക്കുന്നത് 2000ത്തോളം പേർക്ക്; കോഴിക്കോടിനും മലപ്പുറത്തിനും പുറമേ വയനാട്ടിലും ജാഗ്രത; പലയിടങ്ങളിലും സ്‌കൂളുകൾ തുറക്കാൻ വൈകും; നിപ്പയിൽ കടക്കുമ്പോൾ ഭീതി മാറാതെ കേരളം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പനി ബാധയിൽ കോഴിക്കോട് ഒരു മരണം കൂടി. തലശ്ശേരി സ്വദേശിയായ റോജയാണ് മരിച്ചത്. നിപ്പാ രോഗലക്ഷണവുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. ഇതോടെ ആശങ്കയും കൂടുകയാണ്. നിപ്പയുടെ രണ്ടാംഘട്ടം ഉണ്ടാകാനിടയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നു സർക്കാരിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ ഒരു മരണം കൂടി ഉണ്ടായത്. എന്നാൽ റോജ മരിച്ചത് നിപ്പാ ബാധകാരണമല്ലെന്നാണ് സർക്കാർ പറയുന്നത്. അപ്പോഴും ജനങ്ങൾ ഭീതിയിലാണ്.

ആദ്യഘട്ടത്തിൽ വളരെയേറെ ആളുകളിലേക്കു നിപ്പ വൈറസ് പകരാതെ നിയന്ത്രിക്കാൻ സാധിച്ചുവെന്ന അവകാശവാദം സർക്കാർ മുന്നോട്ട് വച്ചിരുന്നു. ഇതാണ് സംശയ നിഴിലാകുന്നത്. നിപ്പ ബാധിതരുമായി ഇടപഴകിയവർക്കു വൈറസ് പകരാൻ സാധ്യതയുണ്ടെന്ന് ആദ്യഘട്ടത്തിൽ മുന്നറിയിപ്പു നൽകിയിരുന്നു. ഇത് സംഭവിച്ചുവെന്ന സ്ഥിരീകരണമാണ് സർക്കാരിൽ നിന്ന് നൽകുന്നത്. ഈ സാഹചര്യത്തിൽ രണ്ടാംഘട്ട വൈറസ് ബാധയ്ക്കു സാധ്യതയുള്ളതിനാൽ ഇൻകുബേഷൻ പീരിയഡ് കഴിയുന്നതുവരെ ശ്രദ്ധിക്കണം. നിപ്പ ലക്ഷണങ്ങൾ കാണിക്കുന്ന സമയത്തു പരിശോധിക്കുമ്പോൾ മാത്രമേ ഇതു പോസിറ്റീവാണോ എന്നറിയാനാകൂ. രണ്ടാംഘട്ട വൈറസ് ബാധയുടെ സാധ്യത വിലയിരുത്തി ആരോഗ്യവകുപ്പ് പ്രതിരോധ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

നിപ്പ ബാധിതരുമായി അടുത്തിടപഴകിയവർ നിശ്ചിത കാലാവധി കഴിയുന്നതുവരെ കഴിവതും കൂട്ടായ്മകൾ ഒഴിവാക്കണം. ചെറിയ ലക്ഷണങ്ങൾ കണ്ടാൽപോലും ചികിൽസ തേടണം. കഴിവതും ഇടപഴകൽ ഒഴിവാക്കണം. ശരീരത്തിൽ പ്രവേശിച്ചാൽ പെട്ടെന്നു തലച്ചോറിനെ ബാധിക്കുന്ന വൈറസാണിത്. കേന്ദ്രസർക്കാരുമായും ഇത്തരം അനുഭവമുള്ള രാജ്യങ്ങളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ആരോഗ്യ ഡയറക്ടർ ഡോ. ആർ.എൽ.സരിതയുടെ നേതൃത്വത്തിലാണു കോഴിക്കോട്ട് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. നിപ്പ പൂർണ നിയന്ത്രണത്തിലാകുംവരെ ഡോക്ടർമാരുടെ സംഘം അവിടെ തുടരുമെന്നും സർക്കാർ വിശദീകരിക്കുന്നു. ഇതോടെ കോഴിക്കോട് ഭീതി ശക്തമാവുകയാണ്. കോഴിക്കോടിനൊപ്പം മലപ്പുറവും വയനാടും രോഗമെത്തിയെന്ന സംശയവും ഉണ്ട്. ഈ സാഹചര്യത്തിൽ മൂന്ന് ജില്ലകളിലും സ്‌കൂളുകൾ തുറക്കുന്നതും നീട്ടി വച്ചു.

നിപ്പ ബാധ ഒരുകാരണവശാലും വസൂരിയോ എബോളയോ മീസിൽസോ പോലെയുള്ള ദുരന്തമാകില്ലെന്ന് ആരോഗ്യ വിദഗ്ധരും വിശദീകരിക്കുന്നു.. ആദ്യം രോഗം ബാധിച്ചയാളിൽനിന്നു പകർന്നുകിട്ടിയവരും അവരുമായി ആശുപത്രികളിലും മറ്റുമായി വിവിധ രീതികളിൽ ബന്ധപ്പെട്ടവരും തന്നെയാണ് ഇപ്പോഴും രോഗബാധിതരാകുന്നത്. ഈ പട്ടികയ്ക്കു വെളിയിൽ ഒരു സ്ഥലത്തും പുതുതായി വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിരീക്ഷണത്തിലുള്ളവർ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുക എന്നതുതന്നെയാണ് ഇപ്പോഴും പ്രധാനം. രോഗികളുടെ കൂട്ടിരിപ്പുകാരാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഇവരിൽനിന്നു മറ്റുള്ളവരിലേക്കു പകരാനുള്ള സാധ്യതയും കൂടുതലാണ്. വൈറസ് ബാധിച്ചവരുടെ ഒരു മീറ്ററെങ്കിലും അടുത്ത് ഇടപഴകുന്നവർക്കാണ് രോഗസാധ്യത. ഇതു പ്രധാനമായും ഡ്രോപ്ലെറ്റ് ട്രാൻസ്മിഷനാണ്. തുമ്മൽ, ചുമ തുടങ്ങിയവയിൽനിന്നാണ് പ്രധാനമായും പകരുന്നത്. രോഗം ഇപ്പോഴും നിയന്ത്രണ വിധേയമാണെന്ന വിലയിരുത്തലാണ് ഉള്ളത്.

ആദ്യരോഗിയിൽ നിന്നു നിപ്പ രോഗപ്പകർച്ച ഉണ്ടായവർക്കു രോഗം പ്രത്യക്ഷപ്പെട്ട ശേഷം അവരിൽ നിന്നു വൈറസ് പകർന്നവരാണ് രണ്ടാംഘട്ടത്തിലെ രോഗികൾ. ഒന്നാം ഘട്ടക്കാരിലേക്കു വൈറസ് പകർന്ന സമയത്ത് രോഗത്തെക്കുറിച്ചുള്ള അറിവും ബോധവൽക്കരണവും പ്രതിരോധനടപടികളും കുറവായിരിക്കും. അതിനാൽ, രോഗം പകർന്നവരുടെ എണ്ണം കൂടും. എന്നാൽ, രണ്ടാം ഘട്ടക്കാരിലേക്കു രോഗപ്പകർച്ചയ്ക്കു സാധ്യതയുള്ള സമയത്ത് പ്രതിരോധ, ബോധവൽക്കരണ പ്രവർത്തനങ്ങൾ ഉണ്ടായതിനാൽ രോഗപ്പകർച്ചയുടെ തോത് കുറവായിരിക്കും. അതുകൊണ്ട് തന്നെ ഈ ഘട്ടത്തിലേക്ക് കൂടുതൽ പേരിലേക്ക് വൈറസ് കടക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിൽ പിഴവുണ്ടായാൽ നിപ്പ മൂന്നാം ഘട്ടത്തിലേക്ക് കടക്കും.

നിപ്പ വൈറസ് ബാധയുടെ രണ്ടാം വരവെന്ന സംശയത്തെത്തുടർന്ന് 1949 പേർ നിരീക്ഷണത്തിലാണ്. രോഗബാധിതരുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കമുണ്ടായതായി സംശയിക്കുന്നവരാണിവർ. ഭീതി വേണ്ടെന്നും അതേസമയം, അതീവജാഗ്രത പുലർത്തണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. വൈറസ് ബാധ പൂർണ നിയന്ത്രണത്തിലാകും വരെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ തുടരുമെന്നു മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അതേസമയം, രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന നഴ്സിങ് വിദ്യാർത്ഥിനിയുടെയും മലപ്പുറം സ്വദേശിയായ യുവാവിന്റെയും പുതിയ സാംപിൾ പരിശോധനാ ഫലം നെഗറ്റീവാണെന്നു തെളിഞ്ഞു.

രോഗലക്ഷണങ്ങളിൽ കുറവുണ്ടെന്നും ഇരുവരും ഭക്ഷണം കഴിച്ചെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത പറഞ്ഞു. ഇന്നലെ ലഭിച്ച ഏഴു പരിശോധനാഫലങ്ങളും നെഗറ്റീവാണ്. രോഗ ലക്ഷണങ്ങളോടെ ആറു പേരെ ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ മൊത്തം ചികിൽസയിലുള്ളവർ 17 ആയി. സംസ്ഥാനത്തു നിലവിൽ 18 പേർക്കാണു നിപ്പ സ്ഥിരീകരിച്ചത്. 16 പേർ മരിച്ചു. സ്രവപരിശോധനയിലൂടെ സ്ഥിരീകരിക്കാത്ത ഒരു മരണവുമുണ്ടായി. ഫലപ്രദമെന്നു കരുതുന്ന മോണോക്ലോണൽ ആന്റിബോഡി 102.4 മരുന്നിന്റെ 50 ഡോസ് ഓസ്ട്രേലിയയിൽനിന്ന് ഇന്നു മെഡിക്കൽ കോളജിൽ എത്തും.

രോഗലക്ഷണങ്ങളുള്ളവരുടെ ചികിൽസയ്ക്കു പ്രത്യേക സൗകര്യമൊരുക്കുമെന്നു കലക്ടർ യു.വി. ജോസ് അറിയിച്ചു. കോഴിക്കോട് ജില്ലയിലെ നിപ്പ ബാധിത മേഖലകളിലെ തിരക്ക് കൂടുതലുള്ള മജിസ്ട്രേട്ട്, കുടുംബ കോടതികളിൽ ആറു വരെ സിറ്റിങ് ഒഴിവാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. നിപ്പ ബാധിച്ച് ജില്ലാകോടതി സീനിയർ സൂപ്രണ്ട് മരിച്ച സാഹചര്യത്തിൽ കോടതികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യമുയർന്നിരുന്നു. നിലവിൽ അഞ്ചിനാണു ജില്ലയിലെ സ്‌കൂളുകൾ തുറക്കാൻ നിശ്ചയിച്ചിരിക്കുന്നത്. പുതിയ സാഹചര്യങ്ങൾ വിലയിരുത്തി തീയതി നീട്ടണോ എന്ന് ഇന്നു തീരുമാനിക്കും. പൊതുചടങ്ങുകൾക്കും സമ്മേളനങ്ങൾക്കുമുള്ള വിലക്ക് നാലുവരെയാണ്.

നിപ്പ നിയന്ത്രണവിധേയമാകുംവരെ താമരശ്ശേരി രൂപതയിൽ കുർബാന വിശ്വാസികളുടെ കയ്യിലാണു കൊടുക്കേണ്ടതെന്നു ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അറിയിച്ചു. നാവിൽ നൽകുന്നതാണു സാധാരണ രീതി. നിപ്പാ ഭീതിയിൽ കമ്പനി / കോർപറേഷൻ / ബോർഡ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ എന്നിവ ഉൾപ്പെടെ ഈ മാസം 16 വരെ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റി. നിപ്പ വൈറസ് പനിയുടെ പശ്ചാത്തലത്തിലാണു തീരുമാനം. അഞ്ച്, ഏഴ്, ഒൻപത്, 13 തീയതികളിലായി നിശ്ചയിച്ചിരുന്ന ഏഴ് എഴുത്തു പരീക്ഷകളും ഇന്നും 12നും നടത്താനിരുന്ന രണ്ട് ഓൺലൈൻ പരീക്ഷകളുമാണ് മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP