Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിപ്പാ വൈറസ്: രണ്ടാം ഘട്ടം സ്ഥിരീകരിച്ചതോടെ തീവ്രയത്‌നം തുടരാനുറച്ച് ആരോഗ്യ വകുപ്പ്; രണ്ടുപേർ മരിച്ച ബാലുശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും അവധി; കോഴിക്കോട് ജില്ലാ കോടതിയടക്കം കോടതികൾ ജൂൺ ആറ് വരെ നിർത്തി വയ്ക്കും; നിയന്ത്രണം വയനാട്ടിലേക്ക് നീട്ടിയതോടെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ അഞ്ച് വരെ അവധി; ജൂൺ 16 വരെയുള്ള എല്ലാ പരീക്ഷകളും പിഎസ് സി മാറ്റി; രണ്ടാം ഘട്ടത്തിൽ കൂടുതൽ കരുതൽ വേണമെന്ന് മുന്നറിയിപ്പ്

നിപ്പാ വൈറസ്: രണ്ടാം ഘട്ടം സ്ഥിരീകരിച്ചതോടെ തീവ്രയത്‌നം തുടരാനുറച്ച് ആരോഗ്യ വകുപ്പ്; രണ്ടുപേർ മരിച്ച ബാലുശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും അവധി; കോഴിക്കോട് ജില്ലാ കോടതിയടക്കം കോടതികൾ ജൂൺ ആറ് വരെ നിർത്തി വയ്ക്കും; നിയന്ത്രണം വയനാട്ടിലേക്ക് നീട്ടിയതോടെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ അഞ്ച് വരെ അവധി; ജൂൺ 16 വരെയുള്ള എല്ലാ പരീക്ഷകളും പിഎസ് സി മാറ്റി; രണ്ടാം ഘട്ടത്തിൽ കൂടുതൽ കരുതൽ വേണമെന്ന് മുന്നറിയിപ്പ്

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: കോഴിക്കോട്: സംസ്ഥാനത്തെയാകെ വീണ്ടും ഭീതിയിലാഴ്‌ത്തി നിപ്പ വൈറസ് ബാധയുടെ രണ്ടാംഘട്ടം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരെല്ലാം തന്നെ ആശുപത്രിയിലെത്തി പരിശോധനകൾക്ക് വിധേയരാകാനും ചികിത്സ തേടാനും നിർദ്ദേശിച്ചിരിക്കുകയാണ്. ഇക്കാര്യം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ തന്നെയാണ് വ്യക്തമാക്കിയത്.

 

 നിപ്പാ വൈറസ് കോടതികളുടെ പ്രവർത്തനത്തെയും ബാധിച്ചു. വൈറസ് പൂർണമായി നിയന്ത്രണവിധേയമാകാത്ത പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി. ജൂണ് ആറു വരെ കോടതികളുടെ പ്രവർത്തനം നിർത്തിവയ്ക്കാനാണു ഹൈക്കോടതി രജിസ്ട്രാർ നിർദ്ദേശം നൽകിയത്. മജിസ്‌ട്രേറ്റ് കോടതികൾക്കും കുടുംബ കോടതിക്കും നിർദ്ദേശം ബാധകമാണ്.

 

നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് കളക്ടർ റിപ്പോർട്ട് നൽകിയിരുന്നു. പത്തുദിവസത്തേക്കു കോടതി നിർത്തിവയ്ക്കണമെന്നു ചൂണ്ടിക്കാട്ടി കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ജില്ലാ കോടതി സൂപ്രണ്ട് നിപ്പാ വൈറസ് ബാധിച്ച് മരിച്ചതിനെ തുടർന്ന് കോടതിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് കളക്ടർ ഇടപെട്ടത്.

ജാഗ്രത വേണം

രണ്ടാം ഘട്ടത്തിൽ ആശങ്ക വേണ്ട ജാഗ്രത വേണമെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്.രണ്ടാമത്തെ ഘട്ടത്തിൽ രോഗം എത്രത്തോളം വ്യാപിക്കും എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ആയിരത്തോളം പേർ നിരീക്ഷണത്തിലാണ്. ജാഗ്രത ഇനിയും തുടരും. ബാലുശേരി ആശുപത്രിയിൽ സ്വീകരിച്ചത് കരുതൽ നടപടി മാത്രമാണെന്നും ഓസ്‌ട്രേലിയൻ മരുന്നുകൾ പ്രയോഗിക്കാൻ വിദഗ്ധസംഘം കേരളത്തിലെത്തുമെന്നും മന്ത്രി അറിയിച്ചു.മുൻകരുതലായി കോഴിക്കോട് ജില്ല കോടതി അടച്ചിടാൻ കലക്ടർ അനുമതി തേടി. കോടതി സീനിയർ സൂപ്രണ്ട് നിപ ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

നിപ വൈറസ് ബാധിച്ച് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന രണ്ട് പേർ മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരോട് അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയത്. നിപ വൈറസ് ബാധയുടെ രണ്ടാം ഘട്ടം ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു

മരിച്ച രണ്ടു പേർ ചികിൽസ തേടിയ ബാലുശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും അവധി നൽകി. ജപ്പാനിൽ നിന്ന് പുതിയ മരുന്നെത്തിക്കാനുള്ള നടപടികൾക്കും തുടക്കമായി.

നിപയെ പ്രതിരോധിക്കാനായി ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ അതേപടി തുടരാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. പുതിയ നിപ ബാധ സ്ഥിരീകരിച്ചതിനാൽ ഇവരുമായി ബന്ധപ്പെട്ടവരെ തിരിച്ചറിയേണ്ടി വന്നിരിക്കുന്നു. അതിനുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും ഏതെങ്കിലും തരത്തിൽ ഇവരുമായി ബന്ധപ്പെട്ടിട്ടുള്ളവർ തീർച്ചയായും ശ്രദ്ധിക്കുക തന്നെ വേണമെന്നും മന്ത്രി അറിയിച്ചു. ഇത്തരത്തിൽ സംശയമുള്ളവർ അക്കാര്യം ആരോഗ്യവകുപ്പ് അധികൃതറെ അറിയിക്കുകയും വേണം. അത് അവരുടെയും മറ്റുള്ളവരുടെയും ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മെഡിക്കൽ കോളജിൽ വന്ന് അഡ്‌മിറ്റാകണമെന്നും അവർ നിർദ്ദേശിച്ചു. ഇതാദ്യമായാണ് കേരളം നിപ വൈറസിനെ നേരിടുന്നത്. മറ്റേതിനേയുമെന്നതുപോലെ ഈ വൈറസ് ബാധയെ നേരിടാനാകില്ല. അതിനാൽ ആവശ്യമായ പരീശീലനം ഡോക്ടർമാർക്കും നഴ്സുമാർക്കും നൽകിയിട്ടുണ്ട്. അവരൊക്കെ വളരെയധികം ദിവസങ്ങളായി നിപ പ്രതിരോധവുമായി മുന്നോട്ടുപോകുകയാണ്.
ഒരാളുടെ ജീവൻപോലും അശ്രദ്ധമൂലം നഷ്ടപ്പെടാതിരിക്കാനാണ് ആരോഗ്യവകുപ്പ് ശ്രദ്ധിക്കുന്നത്. സർക്കാർ- സ്വകാര്യ ഭേദമില്ലാതെ എല്ലാ ആരോഗ്യ പ്രവർത്തകരും ഇതുമായി ബന്ധപ്പെട്ട് സഹകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ കടിഞ്ഞാണിടാമെന്ന പ്രതീക്ഷ തെറ്റി

രോഗം ആദ്യഘട്ടത്തിൽ തന്നെ നിയന്ത്രണ വിധേയമാകുമെന്ന പ്രതീക്ഷയിലായിരുന്നു ആരോഗ്യ പ്രവർത്തകർ. രോഗം പടരുന്നത് നിയന്ത്രിക്കാനായെന്ന് ആശ്വസിക്കുന്ന ഘട്ടത്തിലാണ് കൂടുതൽ പേർക്ക് രോഗം പടർന്നിരിക്കാമെന്ന ആശങ്കയേറുന്നത്. ഒന്നാം ഘട്ടത്തെ വളരെ നല്ല രീതിയിൽ നേരിട്ടെങ്കിലും അതിന്റെ ഇൻക്യുബേഷൻ പിരീഡ് ജൂൺ അഞ്ച് വരെയാണ് ആരോഗ്യ വകുപ്പ് കണക്കാക്കിയിരുന്നത്. അതിനുള്ളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ രോഗം കൂടുതൽ പേരിലേക്ക് പടർന്നില്ലെന്ന് വിലയിരുത്താമെന്നായിരുന്നു ആരോഗ്യ പ്രവർത്തകരുടെ പ്രതീക്ഷ.

എന്നാൽ കഴിഞ്ഞ ദിവസം മരിച്ച റസിലിന് രോഗം സ്ഥിരീകരിച്ചത് ഈ നിഗമനത്തിലെത്തി ദിവസങ്ങൾ കഴിഞ്ഞതിന് ശേഷം ബുധനാഴ്ചയാണ്. വ്യാഴാഴ്ച ഇയാൾ മരണപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ ആശുപത്രികളിൽ ഒരുക്കിയിരിക്കുന്ന മുഴുവൻ സംവിധാനങ്ങളും തുടരാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഐസിഎംആറിന്റെ ആദ്യം വന്ന ഡോക്ടർമാരുടെ സംഘം തിരിച്ച് പോയിട്ടുണ്ട്. മറ്റൊരു സംഘം അടുത്ത ദിവസങ്ങളിലെത്തും. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള രണ്ടാമത് സംഘവും അടുത്ത ദിവസങ്ങളിൽ വീണ്ടും കോഴിക്കോടെത്തും. എൻസിഡിസിയുടെ സംഘവും സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന സമയത്ത് വരാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

കേന്ദ്രസർക്കാർ നല്ല രീതിയിൽ ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ സഹായിച്ചിട്ടുണ്ട്. ഡോക്ടർമാരോ മറ്റ് ആരോഗ്യ വകുപ്പിലെ ജീവനക്കാരോ അനാവശ്യമായി ലീവെടുക്കാൻ പാടില്ലെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എങ്കിലും ആരോഗ്യ പ്രവർത്തകരെല്ലാം ഭീതിയിലാണ്. എന്നാൽ അതിന്റെ ഭാഗമായി ആരെയങ്കിലും ലീവെടുത്ത് കൃത്യവിലോപം നടത്തിയിട്ടുണ്ടോ എന്ന് പീന്നീട് പരിശോധിക്കും.

ഡോക്ടർമാരടക്കമുള്ള എല്ലാ ആശുപത്രി ജീവനക്കാർക്കും നിപ്പാ വൈറസ് ബാധിച്ച രോഗികളെ പരിശോധിക്കേണ്ടത് സംബന്ധിച്ച് കൃത്യമായ പരിശീലനം നൽകിയിട്ടുണ്ട്. അതനുസരിച്ച് തന്നെയാണ് അവർ രോഗികളോട് ഇടപഴകുന്നത്. അതിനാൽ അവരിലേക്ക് രോഗം പകരുമെന്ന ഭീതി അനാവശ്യമാണ്. പലയിടങ്ങളിൽ മരുന്ന് കണ്ടെത്തിയെന്ന് പറഞ്ഞുള്ള സന്ദേശങ്ങൾ വരുന്നുണ്ട്. അതെല്ലാം പ്രയോഗിക്കുന്നത് സ്ഥിതി വഷളാകുന്നതിന് കാരണമാകുമെന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. വേണ്ടപ്പെട്ട ഏജൻസികളുമായി കൂടിയാലോചിച്ചേ അത്തരം മരുന്നുകൾ നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂ ആരോഗ്യ മന്ത്രി പറഞ്ഞു.

രണ്ടാംഘട്ടത്തിൽ കൂടുതൽ കരുതൽ

വൈറസിന്റെ ഒന്നാം ഘട്ടം അവസാനിച്ചുവെന്നാണ് ഇന്നലെ വരെ ആരോഗ്യവകുപ്പ് അധികൃതർ കരുതിയിരുന്നത്. ആരോഗ്യവകുപ്പിന്റെ പ്രതീക്ഷകളെ തെറ്റിച്ച് നിപ്പാ വൈറസ് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇന്നലെ കോഴിക്കോട് ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ വാർത്താസമ്മേളനം കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് സൂചന നൽകുന്നു രണ്ടു ദിവസത്തിനിടെ മൂന്ന് പേരെയാണ് നിപ്പാ കൊണ്ടുപോയത്.

രോഗം ബാധിച്ചുവെന്ന് സംശയിക്കുന്നവരുടെ നേരത്തെയുള്ളവരുടെ ലിസ്റ്റിൽ റസിൽ ഉണ്ടായിരുന്നില്ല. ഇന്നലെയാണ് റസിലിന് രോഗം സ്ഥിരീകരിച്ചത്. ഉടനെ മരണവുമുണ്ടായി. ഈ സാഹചര്യത്തിലാണ് ഇത് വൈറസിന്റെ രണ്ടാം ഘട്ട വ്യാപനമെന്ന് ആരോഗ്യവകുപ്പ് അധികൃതർ കരുതുന്നത്. രണ്ടാം ഘട്ട വ്യാപനത്തിന് നേരത്തെ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും റസിലിന്റെ മരണത്തോടെ കൂടുതൽ ജാഗ്രത പാലിക്കാനാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നത്.

ഇതോടെ, ചങ്ങരോത്ത് സൂപ്പിക്കടയിലെ സാബിത്തിൽ നിന്ന് നേരിട്ട് രോഗം പകർന്ന 16 പേരും മരിച്ചു. ഈ 16 പേരുമായി ബന്ധപ്പെട്ടവരിൽ നിന്ന് വൈറസ് പകരാനുള്ള സാധ്യതയാണ് ആരോഗ്യ വകുപ്പ് കാണുന്നത്. നിർമ്മാണ തൊഴിലാളിയായ റസിൽ നേരത്തെ പനിയെ തുടർന്ന് ബാലുശ്ശേരി മുക്കിലെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതേസമയത്ത് നിപ്പ വൈറസ് ബാധയെ തുടർന്ന് മരിച്ച കോട്ടൂർ സ്വദേശി ഇസ്മാഈലും ഇവിടെ ചികിത്സയിലുണ്ടായിരുന്നു. ഇവിടെ നിന്നാണ് നിപ്പ വൈറസ് ബാധയേറ്റതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. റസിൽ പനി മാറി വീട്ടിലെത്തിയെങ്കിലും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 27നാണ് രോഗലക്ഷണങ്ങളോടെ റസിലിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കാര്യങ്ങൾ വിചാരിച്ചതിനേക്കാളും അപകടമാണ്. നക്കിത്തുടച്ച് പോകാൻ മാത്രം ശേഷിയുള്ളതാണ് നിപ്പാ. അതിനെ ലാഘവത്തോടെ കൈകാര്യം ചെയ്യരുത്. പരമാവധി ജാഗ്രത കാണിച്ച്, ഭയപ്പാടില്ലാതെ മുന്നോട്ടുപോകുക. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുക. ആവശ്യമായ സുരക്ഷാനടപടികൾ സ്വീകരിക്കുക. - ഇതാണ് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നത്.

മെയ് അഞ്ചിന് രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയും 14 ന് രാത്രി ഏഴ് മുതൽ ഒൻപത് വരെയും മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലും സിടി സ്‌കാൻ റൂമിലും വെയിറ്റിങ് റൂമിലും സന്ദർശിച്ചവരും മെയ് 18നും 19 ന് പകൽ രണ്ട് വരെയും ബാലുശേരി താലൂക്ക് ആശുപത്രി സന്ദർശിച്ചവരും സ്റ്റേറ്റ് നിപ്പാ സെല്ലുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഫോൺ : 04952381000. വിളിക്കുന്നവരുടെ പേര് വിവരങ്ങൾ പുറത്തറിയിക്കുന്നതല്ല. വൈറസ് ബാധയേറ്റ് മരിച്ച കൊടിയത്തൂർ നെല്ലിക്കാപറമ്പിൽ അഖിൽ (28), കോട്ടൂർ പഞ്ചായത്ത് പൂനത്ത് നെല്ലിയുള്ളതിൽ വീട്ടിൽ റസിൽ (25) എന്നിവരുമായി അടുത്ത് സമ്പർക്കം പുലർത്തിയവർ നിപ്പാ സെല്ലുമായി നിർബന്ധമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

പ്രതിരോധ പ്രവർത്തനം ഊർജ്ജിതം

നിപ്പാ വൈറസിന്റെ രണ്ടാം ഘട്ടം പ്രത്യക്ഷമായതിനാൽ സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. കോഴിക്കോട് മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചാണം് ഇപ്പോൾ പ്രവർത്തനങ്ങൾ നടക്കുന്നതെങ്കിലും ഈ രണ്ട് ജില്ലകളുടെ അതിർത്തികളിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് കോഴിക്കോട് ജില്ലയുടെ കണ്ണൂർ, വയനാട് ജില്ലാ അതിർത്തികളിലും പ്രതിരോധ പ്രവർത്തനങ്ങൾ വ്യപിപ്പിക്കും. വയനാട് ജില്ലയിലും വടകര വിദ്യാഭ്യാസ ജില്ലയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ജൂൺ അഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഥിതിഗതികൾ പ്രശ്നമാവാനുള്ള സാധ്യത മുൻകണ്ട് കേന്ദ്ര ആരോഗ്യ സംഘമായ എൻ.സി.ഡി.സി.യുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധർ ഇപ്പോഴും സ്ഥിതിഗതികൾ വിലയിരുത്തി വേണ്ട നടപടി സ്വീകരിച്ചു വരുന്നുണ്ട്. ഇതോടൊപ്പം മണിപ്പാൽ മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ ഡോക്ടമാരുടെ സംഘവുമുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർ കോഴിക്കോട് തങ്ങി എല്ലാ പ്രവർത്തനങ്ങളും ഏകോപിച്ചു വരുന്നു. നേരത്തെ നിപ്പ ബാധിച്ചിരുന്നവരുമായി ഇടപഴകിയ ആൾക്കാർക്ക് രണ്ടാം ഘട്ടത്തിൽ നിപ്പ പകരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ നിപ്പയെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നിപ്പ വൈറസ് പൂർണമായും നിയന്ത്രണ വിധേയമാകും വരെ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിലനിർത്താനും തീരുമാനിച്ചിട്ടുണ്ട്.

നിപ്പ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവരെ നിരീക്ഷിക്കുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവർക്കായി 80 ലേറെ മുറികൾ സജ്ജമാക്കി. ഇതോടൊപ്പം ഐ.സി.യു. വെന്റിലേറ്റർ സൗകര്യം എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. ഡോക്ടർമാർക്കും ജീവനക്കാർക്കും വേണ്ട സൗകര്യവും ഒരുക്കി. മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ പ്രതിരോധ ഉപകരണങ്ങൾക്കായി പ്രത്യേക സംഘത്തെ സജ്ജമാക്കി. സ്ഥിതിഗതികൾ വിലയിരുത്തി വേണ്ട നടപടികൾ അപ്പപ്പോൾ സ്വീകരിക്കാൻ വിവിധ തലങ്ങളിൽ ഉന്നതതല യോഗവും കൂടിവരുന്നു.

ഇന്ന് നടത്തിയ പ്രവർത്തനങ്ങൾ

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വച്ച് നടന്ന യോഗത്തിൽ ബാലുശേരി, കോട്ടൂർ, ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ പങ്കെടുത്ത് തുടർ നടപടികൾ ചർച്ച ചെയ്തു. കളക്ടറേറ്റിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ജില്ലാമെഡിക്കൽ ഓഫീസർമാരുടെ വീഡിയോ കോൺഫറൻസ് നടത്തി സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി. വിവിധ ഡോക്ടർമാരുടെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. 50 ഓളം റെയിൽവേ ജീവനക്കാർ പങ്കെടുത്തു. എല്ലാ ദിവസവും 6 മണിക്ക് ഗസ്റ്റ് ഹൗസിൽ ജില്ലാകളക്ടറുടെ നേതൃത്വത്തിൽ ജില്ലാതല അവലോകന യോഗം നടത്തി വരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, കോർപറേഷൻ ഹെൽത്ത് ഓഫീസർമാർ, വെറ്റിനറി ഓഫീസർമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവർ പങ്കെടുക്കുന്നു. ചില ദിവസങ്ങൾ മന്ത്രിമാരും പങ്കെടുക്കും. ഈ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് അന്നന്നത്തെ റിപ്പോർട്ട് തയ്യാറാക്കുന്നത്.ജൂൺ മാസം നടത്താനിരുന്ന എല്ലാ മീറ്റിംഗുകളും ഇനി ഒരറിയിപ്പ് വരുന്നതുവരെ മാറ്റി വച്ചു.

ഇതോടൊപ്പം ഫീൽഡ്തല പ്രവർത്തനങ്ങളും ശക്തിപ്പെടുത്തി. കോഴിക്കോടിനെ 2 സോണായും 16 ഹെൽത്ത് ബ്ലോക്കായും തിരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. അഡീഷണൽ ഡിഎംഒ, ആർസിഎച്ച് ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ ഈ ബ്ലോക്കുകൾ സന്ദർശിച്ച് പ്രതിരോധ പ്രവർത്തനം ശക്തമാക്കി. എൻസിഡിസി സംഘം കഴിഞ്ഞ ദിവസം കാരിശേരി പ്രദേശം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.

ബോധവത്കരണം വലിയൊരു ഘടകമായതിനാൽ കോഴിക്കോട്ടെ വിവിധ എഫ്.എം. റേഡിയോ പ്രതിനിധികളുടെ യോഗം വിളിച്ച് അവരുടെ സഹകരണം തേടിയിട്ടുണ്ട്. കോഴിക്കോട് സ്റ്റാന്റിലെ 100 ഓട്ടോകളിൽ ചെറിയ എൽസിഡി മോണിറ്റർ ഘടിപ്പിച്ചും അവബോധ വീഡിയോ പ്രചരിപ്പിച്ചുവരുന്നു. നിപ്പ ബോധവത്ക്കരണത്തിനായി രണ്ടര ലക്ഷത്തോളം ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.

നിയന്ത്രണം വയനാട്ടിലേക്കും

വയനാട്ടിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂൺ അഞ്ച് വരെ അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. കോഴിക്കോട് ജില്ലയിൽ പൊതുപരിപാടികൾ നടത്തുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം വയനാട്ടിലും നടപ്പിലാക്കുമെന്നാണ് സൂചനകൾ. ഇത് സംബന്ധിച്ച ശുപാർശ ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാ കളക്ടർക്ക് നൽകി. ഉത്തരവ് ഇന്നുണ്ടായേക്കും.

കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെയാണ് അതിർത്തി ജില്ലയായ വയനാട്ടിലും മുൻകരുതൽ നടപടികൾ ശക്തമാക്കുന്നത്. നിപ്പ ബാധ സംശയിക്കുന്നവരുടെ പട്ടികയിൽ വയനാട് ജില്ലയിൽ നിന്നുള്ള രണ്ട് പേരാണ് ഉള്ളത്. ഇതിൽ ഒരാളുടെ രക്തപരിശോധനഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ ഇയാൾക്ക് വീണ്ടും പനി ബാധിച്ചതിനെ തുടർന്ന് വീണ്ടും രക്തപരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് അധികൃതരുടെ തീരുമാനം.

പിഎസ് സി പരീക്ഷകൾ മാറ്റി

നിപ കണക്കിലെടുത്ത് ജൂൺ പതിനാറാം തിയതി വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും പി എസ് സി മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂൺ ഒമ്പതിന് നടത്താൻ നിശ്ചയിച്ചിരുന്ന കമ്പനി/ കോർപറേഷൻ അസിസ്റ്റന്റ്, ഇൻഫർമേഷൻ ഓഫീസർ പരീക്ഷയും മാറ്റിവച്ചവയിൽ ഉൾപ്പെടുന്നുണ്ട്.ആറുലക്ഷത്തിൽ അധികം പേരാണ് കമ്പനി/ കോർപറേഷൻ അസിസ്റ്റന്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP