Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജൈവകൃഷി, യോഗ, ജ്യോതിഷം.. ഇതെല്ലാം തട്ടിപ്പാണോ? അത്ഭുത രോഗശാന്തി എങ്ങനെ ഉണ്ടാകുന്നു? ജനകീയ അന്ധവിശ്വാസങ്ങളെ എല്ലാം പൊളിച്ചടുക്കി പ്രൊഫ. രവിചന്ദ്രൻ സിയുടെ യുകെയിലെ പ്രഭാഷണങ്ങൾക്ക് സമാപനം

ജൈവകൃഷി, യോഗ, ജ്യോതിഷം.. ഇതെല്ലാം തട്ടിപ്പാണോ? അത്ഭുത രോഗശാന്തി എങ്ങനെ ഉണ്ടാകുന്നു? ജനകീയ അന്ധവിശ്വാസങ്ങളെ എല്ലാം പൊളിച്ചടുക്കി പ്രൊഫ. രവിചന്ദ്രൻ സിയുടെ യുകെയിലെ പ്രഭാഷണങ്ങൾക്ക് സമാപനം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: മനുഷ്യ മനസുകളെ തെറ്റിദ്ധരിപ്പിക്കാൻ ഏറ്റവും അനുയോജ്യം അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണ്. യുകെയിലെ മലയാളി മനസുകളിൽ നിന്നും ഇത്തരം അനാവശ്യ ചിന്തകളെല്ലാം പൊളിച്ചടുക്കി പ്രൊഫ. രവിചന്ദ്രൻ സി യുകെയിൽ നടത്തിയ പ്രഭാഷണങ്ങളെ ഇരുകൈയും നീട്ടിയാണ് കേൾവിക്കാർ സ്വീകരിച്ചത്. ഇതോടെ, ഈമാസം 14 മുതൽ യുകെയിലെയും അയർലന്റിലെയും ഏഴു നഗരങ്ങളിലായി നടന്നു വന്ന പ്രൊഫ. രവിചന്ദ്രൻ സിയുടെ പ്രഭാഷണ പരമ്പരയ്ക്ക് സമാപനം കുറിച്ചു.

ഓക്സ്ഫോർഡിൽ ചേതന യുകെ സംഘടിപ്പിച്ച സ്റ്റീഫൻ ഹോക്കിങ് അനുസ്മരണം യുകെ മലയാളികൾക്ക് പകർന്നു നൽകിയത് മറ്റൊരു തിരിച്ചറിവിന്റെ ലോകമാണ്. അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫ. രവിചന്ദ്രൻ സി മലയാളികൾ നിരന്തരം ചൂഷണത്തിന് ഇരയാകുന്ന വിഷയങ്ങളെ കുറിച്ചാണ് സംസാരിച്ചത്. ജൈവകൃഷി, യോഗ, ജ്യോതിഷം, കപട ചികിൽസ തുടങ്ങിയ പ്രധാന ജനകീയ അന്ധവിശ്വാസങ്ങളെ എല്ലാം പൊളിച്ചടുക്കികൊണ്ടുള്ള അദ്ദേഹത്തിന്റെ ഒന്നര മണിക്കൂർ പ്രഭാഷണം സദസ്യർ വളരെയധികം ആവേശത്തോടെയാണ് സ്വീകരിച്ചത്.

സാധാരണക്കാരായ മനുഷ്യരെ കൊതിപ്പിച്ചും പേടിപ്പിച്ചും സംഘടിത മതസ്ഥാപനങ്ങളും കപട ശാസ്ത്ര പ്രചാരകരും ചേർന്ന് നമ്മുടെ സമൂഹത്തെ ബഹുദൂരം പിന്നോട്ടടിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാത്തരം വിശ്വാസചൂഷണങ്ങളും മറ്റ് തട്ടിപ്പുകാരും നമ്മുടെ സമൂഹത്തിൽ തഴച്ചു വളരുന്നതിന്റെ പ്രധാന കാരണം അശാസ്ത്രീയമായ മനോഭാവം ആണ്, അതു കൊണ്ട് ചേതന പോലുള്ള പൊതു ജനാധിപത്യ പ്രസ്ഥാനങ്ങൾ ശാസ്ത്ര പ്രചാരണത്തിന് മുൻഗണന നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. തുടർന്ന് ഒന്നര മണിക്കൂർ സമയം ചോദ്യങ്ങളും, ഉത്തരങ്ങളും, വ്യത്യസ്ത അഭിപ്രായങ്ങളുമായി ഏവരും അദ്ദേഹവുമായി സംവദിച്ചു.

ഓക്സ്‌ഫോഡിൽ ജനിച്ച ബ്രിട്ടീഷുകാരനായ ഹോക്കിങിന് ഓക്സ്‌ഫോഡിൽ വച്ചു തന്നെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചതിന് മലയാളികൾക്കിടയിൽ പ്രവർത്തനം നടത്തുന്ന പുരോഗമന പ്രസ്ഥാനമായ ചേതന യുകെയെ അദ്ദേഹം പ്രശംസിച്ചു. ചേതന യുകെ പ്രസിഡന്റ് സുജൂ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ചേതന യുകെ സെക്രട്ടറി ലിയോസ് പോളും സംസാരിച്ചു.

ചേതന യുകെ ഓക്സ്‌ഫോഡ് യൂണിറ്റ് കമ്മിറ്റി അംഗം കോശി തെക്കേക്കരയുടെ അവതരണ മികവിൽ നോർത്ത് വേ ഇവാഞ്ജലിക്കൽ ചർച്ച് ഹാളിൽ ആറു മണിക്ക് ആരംഭിച്ച സമ്മേളനം സമയക്കുറവ് മൂലം രാത്രി 9.45ന് അവസാനിക്കുമ്പോഴും നിരവധി ചോദ്യങ്ങളുമായി സദസ്യർ രവിചന്ദ്രൻ സിയെ അനുഗമിക്കുന്നുണ്ടായിരുന്നു എന്നത് പ്രതീക്ഷനിർഭരമായ ഒരു അനുഭവം ആയിരുന്നു എന്ന് ചേതന യുകെ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ചേതന യുകെ ഓക്സ്‌ഫോഡ് യൂണിറ്റ് കമ്മിറ്റി അംഗം പ്രിയ രാജൻ നന്ദി രേഖപ്പെടുത്തി.

കേൾവിക്കാരുടെ മനസിൽ ഒരായിരം ചിന്തകളുണർത്തി പ്രൊ. രവിചന്ദ്രന്റെ പ്രഭാഷണം
കഴിഞ്ഞ ശനിയാഴ്‌ച്ച ലണ്ടനിൽ ഈസ്റ്റ് ഹാമിലെ ട്രിനിറ്റി സെൻട്രലിൽ നടന്ന പ്രൊ: രവിചന്ദ്രൻ സിയുടെ യുകെ പ്രഭാഷണ പരമ്പരയുടെ ഭാഗമായി അരങ്ങേറിയ പരിപാടിയും മികച്ച അഭിപ്രായമാണ് നേടിയത്. അന്ധവിശ്വാസങ്ങളിലും, അനാചാരങ്ങളിലും കടിച്ചു തൂങ്ങി 'മരിച്ചു ജീവിക്കാതെ', അതിൽനിന്നും മോചിതരായി, 'ജീവിച്ചു മരിക്കുവാൻ' ആഹ്വാനം ചെയ്യുകയാണ് പ്രൊ. രവിചന്ദ്രൻ തന്റെ പ്രസംഗത്തിലുടനീളം ചെയ്തത്. രോഗശാന്തി ശുശ്രൂഷകരുടെ പൊള്ളത്തരങ്ങളും, മൂടുപടങ്ങളും വെളിവാക്കിയും, വ്യാജ ചികിത്സകരുടെ പണ സമ്പാദന രീതികളെ വിശകലനം ചെയ്തും നടത്തിയ പ്രഭാഷണം ഏവരുടെയും മനസ്സിൽ ഒരായിരം ചിന്തകൾ ഉണർത്തിക്കാൻ പര്യാപ്തങ്ങളായിരുന്നു.

മഹായുദ്ധങ്ങളും, പകർച്ചവ്യാധികളും ഇല്ലാത്ത നാം ജീവിക്കുന്ന ഇന്നത്തെ ലോകം മനുഷ്യ ചരിത്രത്തിലെ ഏറ്റവും സുന്ദരപൂർണവും, വികാസം പ്രാപിച്ചതുമാണെന്നും അത് തുടർന്ന് കൊണ്ടുപോകണമെങ്കിൽ ജാതിമത വേലികെട്ടുകളിൽ നിന്നും പുറത്തുചാടി മാനുഷികതയുടെ പുതിയ തലങ്ങളിലേക്ക് പ്രവേശിക്കണമെന്നും അദ്ദേഹം പറഞ്ഞു. സദസ്യരുമായി നടത്തിയ സംവാദത്തിൽ അവരുടെ ചോദ്യങ്ങൾക്കും, സംശയങ്ങൾക്കും വളരെ വിജ്ഞാന പ്രദമായ മറുപടികളോടെ പ്രൊ. രവിചന്ദ്രൻ പ്രതികരിച്ചു. ശേഷം സദസ്സിൽ വച്ച് ഹോമിയോപ്പതിയും, സ്ത്രീ സ്വാതന്ത്ര്യവും, മതവും, മാനുഷികതയും അടങ്ങുന്ന മിക്ക വിഷയങ്ങളും വളരെ തന്മയത്തത്തോടെ അദ്ദേഹം വിശകലനം ചെയ്തുകൊടുത്തു.

'എസ്സെൻസ് യുകെ'യുടെയും ,'മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ' യുടെ കീഴിലുള്ള കട്ടങ്കാപ്പിയും കവിതയുടെയും, നേതൃത്വത്തിലാണ് ഈസ്റ്റ്ഹാമിൽ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ ജോഷി തെക്കേക്കുറ്റ് സ്വാഗത പ്രസംഗം നടത്തി. മലയാളി അസ്സോസിയേഷനു വേണ്ടി ഡയറക്ടർ രാജേശ്വരി പൂച്ചെണ്ട് നൽകി രവിചന്ദ്രനെ സ്വീകരിച്ചപ്പോൾ, വൈസ് പ്രസിഡന്റ് പി.അനിൽകുമാർ യുകെ മലയാളികൾക്ക് വേണ്ടി അദ്ദേഹത്തെ ഉപഹാരം നൽകി ആദരിച്ചു. ലണ്ടൻ ന്യൂഹാം കൗൺസിൽ ചെയറും, 'എസ്സൻസ് യുകെ'യുടെ സജീവ പ്രവർത്തകനുമായ സുഗതൻ തെക്കേപുര, തന്റെ അനുമോദന പ്രസംഗത്തിൽ ജാതിമത വർഗ ചിന്തകൾക്ക് അതീതമായിട്ടെ നല്ല ഒരു ജനസമൂഹം രൂപപെടുകയുള്ളുവെന്ന് പറയുകയുണ്ടായി.

'എസ്സൻസ് യു.കെ' യുടെ ആഭിമുഖ്യത്തിൽ യുകെയിലെ ഏഴു നഗരങ്ങളിലായാണ് എഴുത്തുകാരനും, പ്രഭാഷകനും, ശാസ്ത്രപ്രചാരകനും, കോളേജ് അദ്ധ്യാപകനുമായ പ്രൊഫ. രവിചന്ദ്രൻ സിയുടെ ഒരു പ്രഭാഷണ പരമ്പര അരങ്ങേറിയത്. അദ്ദേഹം നടത്തിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രഭാഷണങ്ങളും, തുടർന്നുള്ള ചോദ്യോത്തര വേളകളും ഒരു വമ്പിച്ച വിജയമാക്കിയ ആംഗ്ലേയ ദേശങ്ങളിലുള്ള എല്ലാ പ്രവാസി മലയാളികൾക്കും പ്രത്യേകം 'എസ്സൻസ് യു.കെ ' ഭാരവാഹികൾ നന്ദി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP