Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൂച്ചകളോടും മുയലുകളോടുമുള്ള സംസർഗം ഒഴിവാക്കുക; വവ്വാലുകൾ കടിച്ച പഴങ്ങൾ ഒരു കാരണവശാലും കഴിക്കരുത്; ചാമ്പങ്ങ, പേരക്ക തുടങ്ങിയ ഫലങ്ങൾ വേണ്ടെന്ന് വെക്കുക; തുറന്ന കലത്തിൽ ശേഖരിക്കുന്ന കള്ള് കുടി ഒഴിവാക്കുക; കൈകൾ സോപ്പിട്ടു കഴുകിയ ശേഷം മാത്രം എന്തും ഉപയോഗിക്കു: നിപ്പ വൈറസ് പടരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പൂച്ചകളോടും മുയലുകളോടുമുള്ള സംസർഗം ഒഴിവാക്കുക; വവ്വാലുകൾ കടിച്ച പഴങ്ങൾ ഒരു കാരണവശാലും കഴിക്കരുത്; ചാമ്പങ്ങ, പേരക്ക തുടങ്ങിയ ഫലങ്ങൾ വേണ്ടെന്ന് വെക്കുക; തുറന്ന കലത്തിൽ ശേഖരിക്കുന്ന കള്ള് കുടി ഒഴിവാക്കുക; കൈകൾ സോപ്പിട്ടു കഴുകിയ ശേഷം മാത്രം എന്തും ഉപയോഗിക്കു: നിപ്പ വൈറസ് പടരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: നിപ്പാ വൈറസ് കേരളത്തിലും എത്തിയതോടെ എങ്ങും ആശങ്കയാണ്. വവ്വാലുകൾ കടിച്ച പഴങ്ങൾ ഒഴിവാക്കുക എന്നതാണ് ഒരു മാർഗം. രോഗിയുമായി അധികം സംസർഗം പാടില്ലെന്നതാണ് നിർദ്ദേശം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.

അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ് എന്നിവയിൽനിന്നും റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കേണ്ടതാണ്. അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും.

മരണപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കലകളിൽ നിന്നെടുക്കുന്ന സാമ്പിളുകളിൽ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാൻ സാധിക്കും. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും രോഗം പകരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ:

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തിൽ ഉള്ളിലെത്തിയാൽ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങൾ ഒഴിവാക്കുക.

രോഗം ബാധിച്ച വ്യക്തിയിൽ നിന്നും രോഗം പകരാതിരിക്കാൻ വേണ്ടി എടുക്കേണ്ട മുൻകരുതലുകൾ:

രോഗിയുമായി സമ്പർക്കം ഉണ്ടായതിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.

രോഗം പടരാതിരിക്കാൻ വേണ്ടി ആശുപത്രികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ioslation wardൽ പ്രവേശിപ്പിക്കുക.
രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോളും, പരിശോധിക്കുമ്പോളും, മറ്റു ഇടപഴകലുകൾ നടത്തുമ്പോളും കയ്യുറകളും, മാസ്‌കും ധരിക്കുക.
സാംക്രമിക രോഗങ്ങളിൽ എടുക്കുന്ന എല്ലാ മുൻകരുതലുകളും ഇത്തരം രോഗികളിലും എടുക്കുക. രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്‌മിറ്റ് ആയാൽ അധികൃതരെ വിവരം അറിയിക്കുക.
??നിഷ്‌കർഷ പുലർത്തേണ്ട സുരക്ഷാ രീതികൾ:

കൈ കഴുകുക / കൈ ശുചിയാക്കുന്ന alcohol ഉള്ള hand rubകൾ ഉപയോഗിക്കുക.
രോഗി, രോഗ ചികിൽസക്കു പയോഗിച്ച ഉപകരണങ്ങൾ, രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.
നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപെഴുകൽ തീർത്തും ഒഴിവാക്കി വേർതിരിച്ച വാർഡുകളിലേക്ക് മാറ്റുക.
ഇത്തരം വാർഡുകളിൽ ആരോഗ്യരക്ഷാ പ്രവർത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
രണ്ട് രോഗികളുടെ കട്ടിലിനിടയിൽ ഒരു മീറ്റർ അകലമെങ്കിലും ഉറപ്പാക്കുക.
രോഗികളെ അല്ലെങ്കിൽ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോൾ പകരാതിരിക്കാനുള്ള മുൻ കരുതലുകൾ സ്വീകരിക്കേണ്ടത് പരമപ്രധാനമാണ്.

സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം

മാസ്‌ക്, കൈയുറ (ഗ്ലൗസ് ), ഗൗൺ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോൾ ഉടനീളം ഉപയോഗികേണ്ടതാണ്.
തീർത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളിൽ 95 ശതമാനവും ശ്വസിക്കുന്നത് തടയാൻ കഴിയുന്ന N 95 മാസ്‌കുകൾ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുള്ള ഇടപെടൽ വേളയിലും നിഷ്‌കർഷിക്കേണ്ടതാണ്.
കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായ് കഴുകുക.
അണുനാശികാരികളായ Chlorhexidine അല്ലെങ്കിൽ alcohol അടങ്ങിയ ഹസ്ത ശുചീകരണ ദ്രാവകങ്ങൾ (Hand sanitizer, ഉദാ:- Savlon) കൊണ്ട് ശുശ്രൂഷയ്ക് ശേഷം കൈ കഴുകാവുന്നതാണ്.
ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി ഡിസ്‌പോസബിൾ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കിൽ ശരിയായ രീതിയിൽ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം. ഓട്ടോക്ലേവ് ചെയ്യുക, 2% ഗ്ലൂട്ടറാൽഡിഹൈഡ് ഉപയോഗിക്കുക എന്നിവയാണ് അണു നശീകരണത്തിന് ഉപയോഗിക്കേണ്ടത്.
??രോഗം വന്നു മരണമടഞ്ഞ ആളിൽ നിന്നും രോഗം പടരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ

മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പർക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
മുഖത്തു ചുംബിക്കുക, കവിളിൽ തൊടുക എന്നിങ്ങനെയുള്ള സ്‌നേഹപ്രകടനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറക്കുക.
മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികൾ ദേഹം മുഴുവൻ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.
മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങൾ സോപ്പോ detergent ഓ ഉപയോഗിച്ചു കഴുകേണ്ടതാണ്.
കിടക്ക, തലയിണ എന്നിവ പോലെയുള്ളവ സൂര്യപ്രകാശത്തിൽ കുറച്ചധികം ദിവസം ഉണക്കേണ്ടതാണ്.
ആരോഗ്യവകുപ്പ് ഈ വിഷയത്തിൽ നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക. നിപ്പാ വൈറസ് ബാധയുടെ ചില പൊതുവായ വിവരങ്ങളും പ്രതിരോധമാർഗങ്ങളും വിവരിച്ചു എന്ന് മാത്രം. ഒരിക്കലും പരിഭ്രാന്തരാകേണ്ട കാര്യമില്ല. ഉത്തരവാദിത്തപ്പെട്ട പൗരനെന്ന നിലയിൽ നമുക്ക് കരുതൽ സ്വീകരിക്കാം. വാലും തലയുമില്ലാത്ത വാട്‌സാപ്പ് സന്ദേശങ്ങൾ വായിച്ചാശങ്കപ്പെടാതെ ശരിയായ വിവരങ്ങൾ അറിഞ്ഞു വയ്ക്കാം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാം ...

വിവരങ്ങൾക്ക് കടപ്പാട് : നിപ്പാ വൈറസിനെക്കുറിച്ച് ഡോ.അരുൺ മംഗലത്ത്, ഡോ.അഞ്ജിത് ഉണ്ണി,ഡോ.മുഹമ്മദ് അബ്ദുൾ ലത്തീഫ്, ഡോ.ജിനേഷ് പി.എസ് എന്നിവർ ഫെയ്സ് ബുക്കിൽ എഴുതിയ കുറിപ്പ് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP