Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർഎസ്എസ് ഫാസിസത്തിനെതിരെ 'ശക്തമായി പോരാടുന്ന' എസ്ഡിപിഐ ചിക്‌പേട്ട് മണ്ഡലത്തിൽ ബിജെപിക്ക് വിജയിക്കാൻ വഴിയൊരുക്കി! എസ്ഡിപിഐ സ്ഥാനാർത്ഥി 11700 വോട്ടു പിടിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി തോറ്റത് 7934 വോട്ടിന്; കോൺഗ്രസ് പെട്ടിയിൽ വീഴേണ്ട മുസ്ലിംവോട്ടുകൾ ചിന്നിചിതറിച്ചതിൽ എസ്ഡിപിഐക്കും ഒരു പങ്കെന്ന് വിലയിരുത്തൽ; പരസ്പ്പര സഹായ സംഘമെന്ന് പറഞ്ഞ് സൈബർ ലോകം

ആർഎസ്എസ് ഫാസിസത്തിനെതിരെ 'ശക്തമായി പോരാടുന്ന' എസ്ഡിപിഐ ചിക്‌പേട്ട് മണ്ഡലത്തിൽ ബിജെപിക്ക് വിജയിക്കാൻ വഴിയൊരുക്കി! എസ്ഡിപിഐ സ്ഥാനാർത്ഥി 11700 വോട്ടു പിടിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി തോറ്റത് 7934 വോട്ടിന്; കോൺഗ്രസ് പെട്ടിയിൽ വീഴേണ്ട മുസ്ലിംവോട്ടുകൾ ചിന്നിചിതറിച്ചതിൽ എസ്ഡിപിഐക്കും ഒരു പങ്കെന്ന് വിലയിരുത്തൽ; പരസ്പ്പര സഹായ സംഘമെന്ന് പറഞ്ഞ് സൈബർ ലോകം

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: സംഘപരിവാറും എസ്ഡിപിഐയും പരസ്പ്പരം പാലൂട്ടുന്ന രാഷ്ട്രീയക്കാരാണെന്ന ആരോപണം കുറച്ചു കാലങ്ങളായി തന്നെ കേരളത്തിൽ ശക്തമാണ്. അനാവശ്യമായി വർഗീയത പരത്തി പരസ്പ്പരം തമ്മിലടിപ്പിക്കുന്ന കാര്യത്തിൽ ഇരു സംഘടനകളും ഒട്ടും പിന്നിലല്ലെന്നാണ് ആരോപണം. ഇങ്ങനെയൊക്കെ ആണെങ്കിലും ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുന്ന സംഘടനയാണ് തങ്ങളെന്നാണ് എസ്ഡിപിഐ ഇടക്കിടെ വാദിക്കാറുള്ളത്. ഈ വാദം ആവർത്തിക്കുമ്പോൾ തന്നെ നിർണായകമായ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് എസ്ഡിപിഐ ഉണ്ടാക്കിയ തലവേദന ചെറുതല്ല.

കോൺഗ്രസ് വിജയിക്കേണ്ട ഒരു മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയുടെ സാന്നിധ്യം തിരിച്ചടിയായി മാറിയപ്പോൾ ബിജെപി സ്ഥാനാർത്ഥി വിജയിച്ചു കയറി. അതേസമയം മറ്റൊരു മണ്ഡലത്തിൽ കോൺഗ്രസ് വിജയത്തിന് ഭീഷണി ഉയർത്താനും ബിജെപിക്കെതിരെ നിരന്തരം പോരാടുന്ന പാർട്ടിക്ക് കഴിഞ്ഞു. ഇത് സൈബർ ലോകത്തിന്റെ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കർണാടകത്തിൽ കോൺഗ്രസ് കടുത്ത പോരാട്ടം നടത്തിയ ബംഗളൂരുവിലെ ചിക്പേട്ട് മണ്ഡലത്തിലാണ് എസ്ഡിപിഐ സ്ഥാനാർത്ഥിയുടെ സാന്നിധ്യം വിനയായത്.

ഈ മണ്ഡലത്തിൽ മത്സരിച്ച എസ്ഡിപിഐ സ്ഥാനാർത്ഥി 11700 വോട്ടു പിടിച്ചതോടെ ബിജെപിക്ക് ഗുണകരമായി മാറി. ബിജെപി സ്ഥാനാർത്ഥി 57312 വോട്ടുകൾ നേടി. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് നേടാൻ സാധിച്ചതാകട്ടെ 49378 വോട്ടും. ഇതോടെ കോൺഗ്രസ് സ്ഥാനാർത്ഥി 7934 വോട്ടിന് പരാജയപ്പെടുകയായിരുന്നു. എസ്ഡിപിഐ മൽസരിച്ച മൂന്ന് മണ്ഡലങ്ങളിൽ രണ്ടെണ്ണത്തിൽ അവർ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. മൈസൂരുവിലെ നരസിംഹരാജ മണ്ഡലത്തിലും ചിക്‌പേട്ട് മണ്ഡലത്തിലുമാണ് പാർട്ടി മൂന്നാം സ്ഥാനത്തെത്തിയത്. നരസിംഹരാജ, ബംഗളൂരുവിലെ ചിക്‌പേട്ട്, ഗുൽബർഗ ഉത്തർ മണ്ഡലങ്ങളിലാണ് എസ്ഡിപിഐ മൽസരിച്ചിരുന്നത്.

നരസിംഹരാജ മണ്ഡലത്തിൽ കോൺഗ്രസിലെ തൻവീർ സേട്ടാണ് വിജയിച്ചത്. അദ്ദേഹത്തിന് 62268 വോട്ടുകൾ ലഭിച്ചു. 44141 വോട്ടുകളുമായി ബിജെപിയിലെ എസ് സതീഷാണ് രണ്ടാം സ്ഥാനത്ത്. എസ്ഡിപിഐയിലെ അബ്ദുൽ മജീദിന് 33284 വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. ഒരു ഘട്ടത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥി അധികം വോട്ടുപിടിച്ചത് കോൺഗ്രസിന് ഭീഷണി ആകുമോ എന്ന ആശങ്കയും ഉയർന്നിരുന്നു. എസ്ഡിപിഐ സ്ഥാനാർത്ഥിയുടെ സാന്നിധ്യം കൊണ്ട് ബിജെപി സ്ഥാനാർത്ഥി ചിക്ക്‌പേട്ടിൽ വിജയിച്ചതോടെ സൈബർ ലോകത്തിന്റെ പരിഹാസവും എസ്ഡിപിഐക്ക് നേരെയായി.

പരമ്പരാഗതമായി മുസ്ലിംവോട്ടുകൾ കോൺഗ്രസ് പെട്ടിയിൽ വീഴേണ്ടതായിരുന്നു. എന്നാൽ, അവിടെയാണ് ആ വോട്ടുകൾ വിഘടിച്ചു പോകാൻ എസ്ഡിപിഐ സാന്നിധ്യം ഇടയാക്കിയത്. നിർണായകമായ തിരഞ്ഞെടുപ്പിൽ ഇത്തരമൊരു നിലപാട് കൈക്കൊണ്ടതോടെയാണ് സൈബർ ലോകത്ത് എസ്ഡിപിഐക്കെതിരെ വിമർശനം കൊഴുത്തത്. ബിജെപിയെ സഹായിക്കലാണ് എസ്ഡിപിഐയുടെ പ്രധാന പരിപാടിയെന്ന വിമർശനമാണ് ഇതോടെ ഉയർന്നത്.

അടുത്തകാലത്ത് വാട്‌സ് ആപ്പ് ഹർത്താൽ വിഷയത്തിൽ അടക്കം ബിജെപി തുടങ്ങിവെച്ച് പ്രചരണം ഏറ്റെടുത്ത് വിജയിപ്പിച്ചത് എസ്ഡിപിഐ ആയിരുന്നു. കേരളത്തിൽ അടക്കം ബിജെപിക്ക് വളക്കൂറാകുന്നത് പലയിടത്തും എസ്ഡിപിഐയുടെ സാന്നിധ്യമാണ്. ഈ വിമർശനം ശക്തമായിരിക്കേയാണ് കർണാടക തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ കോൺഗ്രസ് വിജയം തടഞ്ഞതിന്റെ പേരിൽ എസ്ഡിപിഐ വിമർശനം നേരിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP