Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നല്ല ഗായകൻ എന്നതൊഴിച്ചാൽ ഒരിക്കലും ഒരു നല്ല മനുഷ്യൻ എന്ന തോന്നലുണ്ടാക്കാൻ യേശുദാസിന് സാധിച്ചിട്ടില്ല; അദ്ദേഹം ഒറ്റയ്ക്ക് പോയി അവാർഡ് വാങ്ങിയത് ശരിയായില്ല; ചർച്ച് ആക്റ്റ് നടപ്പിലാക്കാൻ ഇടതു സർക്കാർ പോലും താൽപ്പര്യം കാണിക്കാത്തത് വോട്ട് ബാങ്ക് രാഷ്ട്രീയം മൂലം; സഭയുടെ ആശുപത്രികൾ നഴ്സുമാർക്ക് മാന്യമായ ശമ്പളം നൽകാത്തത് തെറ്റ്; സഭകൾ തമ്മിലുള്ള തർക്കങ്ങൾ അപഹാസ്യം: മറുനാടനോട് മനസു തുറന്ന് ഗീവർഗീസ് മാർ കുറീലോസ്

നല്ല ഗായകൻ എന്നതൊഴിച്ചാൽ ഒരിക്കലും ഒരു നല്ല മനുഷ്യൻ എന്ന തോന്നലുണ്ടാക്കാൻ യേശുദാസിന് സാധിച്ചിട്ടില്ല; അദ്ദേഹം ഒറ്റയ്ക്ക് പോയി അവാർഡ് വാങ്ങിയത് ശരിയായില്ല; ചർച്ച് ആക്റ്റ് നടപ്പിലാക്കാൻ ഇടതു സർക്കാർ പോലും താൽപ്പര്യം കാണിക്കാത്തത് വോട്ട് ബാങ്ക് രാഷ്ട്രീയം മൂലം; സഭയുടെ ആശുപത്രികൾ നഴ്സുമാർക്ക് മാന്യമായ ശമ്പളം നൽകാത്തത് തെറ്റ്; സഭകൾ തമ്മിലുള്ള തർക്കങ്ങൾ അപഹാസ്യം: മറുനാടനോട് മനസു തുറന്ന് ഗീവർഗീസ് മാർ കുറീലോസ്

അരുൺ ജയകുമാർ

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ കൃത്യമായ അഭിപ്രായങ്ങൾ, അത് രാഷ്ട്രീയകാര്യമായാൽ പോലും തുറന്നു പറയാൻ മടിയില്ലാത്ത വ്യക്തിയാണ് യാക്കൊബായ സഭ ബിഷപ്പ് ഗീവർഗ്ഗീസ് മാർ കുറീലോസ്. സാധാരണ വൈദികരിൽ നിന്നും വ്യത്യസ്തമായി ഈ അഭിപ്രായ പ്രകടനങ്ങൾ തന്നെയാണ് കുറീലോസിനെ വ്യത്യസ്തനാക്കുന്നതും. അതുകൊണ്ട് തന്നെ സൈബർ ലോകത്ത് അദ്ദേഹത്തിന് വലിയൊരു വിഭാഗം ആരാധകരവുമുണ്ട്. ആനുകാലിക വിഷയങ്ങളിൽ അഭിപ്രായം പറയുന്ന മാർ കുറീലോസ് മറുനാടൻ മലയാളിയുമായി ഒരു ദ്വീർഘസംഭാഷണം നടത്തി.

ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിൽ ഗായകൻ യേശുദാസിനെതിരെ രൂക്ഷ വിമർശനമാണ് മാർ കുറീലോസ് അഭിമുഖത്തിൽ ഉന്നയിച്ച്. ഒരു നല്ല ഗായകൻ എന്നതൊഴിച്ചാൽ ഒരിക്കലും ഒരു നല്ല മനുഷ്യൻ എന്ന തോന്നലുണ്ടാക്കാൻ യേശുദാസിന്റെ നിലപാടിന് കഴിഞ്ഞിട്ടില്ലെന്നും ബിഷപ്പ് വിമർശിക്കുന്നു. എന്നാൽ പ്രസിഡന്റ് തന്നെ അവാർഡ് വിതരണം ചെയ്യണമെന്ന നിലപാടിനോട് യോജിപ്പില്ലെന്നും പ്രസിഡന്റ് നൽകുമെന്ന് പറഞ്ഞ ശേഷം മറ്റൊരാൾ നൽകുമ്പോഴാണ് അതിൽ പക്ഷാപാദം ഉണ്ടെന്ന് പറയേണ്ടി വരുന്നത് എന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. എല്ലാവർക്കുമൊപ്പം പ്രതിഷേധിച്ചിട്ട് യേശുദാസ് ഒറ്റയ്ക്ക് പോയി അവാർഡ് വാങ്ങിയത് തീരെ ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ സഭകളുടെ സാമ്പത്തിക ഇടപാടുകൾ സർക്കാരിന് കീഴിലെത്തിക്കുന്നതിനായി ചർച്ച് ആക്റ്റ് നടപ്പിലാക്കാൻ സർക്കാരുകൾ തയ്യാറാകണമെന്നും എന്നാൽ വോട്ട് ബാങ്ക് രാഷ്ട്രീയം മുൻനിർത്തി ഇടതുപക്ഷ സർക്കാർ പോലും അതിന് മുന്നിട്ട് ഇറങ്ങുന്നില്ലെന്നത് അതിശയമാണെന്നും ബിഷപ്പ് പറയുന്നു. സഭകളുടെ കീഴിലുള്ള ആശുപത്രികൾ പോലും നഴ്സുമാർക്ക് ശമ്പളം നൽകാൻ മടിക്കുന്നത് ക്രിസ്തുവിന്റെ ശിഷ്യർ എന്ന് പറഞ്ഞ് സ്ഥാപനങ്ങൾ നടത്തുന്നവർ ആധുര സേവനത്തെ എത്രത്തോളം വാണിജ്യവൽക്കരിച്ചുവെന്നതിന് തെളിവാണ്. ഇതൊക്കെ വലിയ തെറ്റാണ് എന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും ബിഷപ്പ് പറയുന്നു. കുടുംബയോഗങ്ങളിൽ ഇനി പങ്കെടുക്കില്ലെന്ന് തീരുമാനിച്ചത് അന്ന പങ്കെടുക്കേണ്ട കുടുംബ യോഗത്തിലെ ഒരു വ്യക്തി ഫോണിൽ വിളിച്ച് ബ്രാഹ്മണ്യ പാരമ്പര്യത്തെക്കുറിച്ച് കത്തിവെച്ചതു കൊണ്ടാണെന്നും ബിഷപ്പ് പറയുന്നു.

സ്വത്തിന്റേയും വസ്തുക്കളുടേയും പേരിൽ സഭകൾ തമ്മിൽ നടക്കുന്ന തർക്കങ്ങളും കേസുകളുമൊക്കെ സത്യം പറഞ്ഞാൽ ക്രൈസ്തവ സമൂഹത്തെ എത്രത്തോളം അപഹാസ്യമാക്കുന്നുവെന്ന തിരിച്ചറിവ് ഇല്ലാത്തതിന്റെ പ്രശ്നമാണ്. സഭയ്ക്ക് സ്വത്തുക്കൾ തന്നെ പാടില്ലെന്ന നിലപാടാണ് തനിക്കുള്ളതെന്നും ബിഷപ്പ് പറയുന്നു.

അഭിമുഖത്തിന്റെ പൂർണ രൂപം

  • പല നിലപാടുകൾ സ്വീകരിക്കുമ്പോഴും ഇടത്പക്ഷ അനുകൂലത എന്ന വിലയിരുത്തലിനെകുറിച്ച്? ഒപ്പം അതിന്മേലുള്ള വിമർശനങ്ങളും?

എന്റെ നിലപാടുകൾ ഇടത് പക്ഷത്താണോ വലത് പക്ഷത്താണോ നടുക്കാണോ എന്ന് ചിന്തിക്കാറില്ല.നീതിയുടേയും നന്മയുടേയും സത്യത്തിന്റെയും പക്ഷത്താണോ എന്നാശ്രയിച്ചാണ്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നീതിയുടേയും നേരിന്റേയും സത്യത്തിന്റേയും പക്ഷാത്താകാനാണ് ശ്രമിച്ചിട്ടുള്ളത്. അതിനെ ഏതെങ്കിലും ഒരു രാഷ്ട്രീയ പക്ഷത്തിന്റെ ഭാഗമായി കാണുന്നതിൽ താൽപര്യം ഇല്ല. എന്റെ നിലപാടുകൾ തുടരുക തന്നെ ചെയ്യും അത് സത്യത്തിന്റേയും നീതിയുടേയും പക്ഷത്തായിരിക്കും. നിലപാടുകൾ സ്വീകരിക്കുമ്പോൾ വിമർശനങ്ങൾ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. അത് സ്വീകരിക്കാൻ തയ്യാറായിട്ട് തന്നെയാണ് എല്ലായിപ്പോഴും നിലപാടുകൾ എടുത്തിട്ടുള്ളതും.വിമർശനങ്ങളെ അതിന്റെ സ്പിരിറ്റിലെടുക്കുക, അതിനെ പേടിക്കേണ്ടതില്ല. കൂടുതൽ ചിന്തിക്കാൻ വേണ്ടിയാണ് വിമർശനങ്ങളെ ഉപയോഗിക്കുന്നത്. നിലപാട് വ്യക്തമായി പറയും. അതിന് പരിമിതികൾ ഉണ്ട്. സഭയിലെ സ്ഥാനമൊക്കെ പലപ്പോഴും പരിമിതിയാണ്. അതിനുള്ളിൽ നിന്ന് കൊണ്ട് പ്രവർത്തിച്ചിട്ടുള്ളത്.

  • നിലപാടുകൾ സ്വീകരിക്കുന്നതാണോ സ്വീകാര്യതയ്ക്കും വിമർശനങ്ങൾക്കും ആധാരം

സ്വീകാര്യതയെകുറിച്ച് ഞാൻ ബോധവാനല്ല.പൊതു സമൂഹം എന്ത് പറയുന്നു എന്നതിനെ ആശ്രയിച്ചല്ല എന്റെ നിലപാടുകൾ. എന്റെ നിലപാടുകൾ പൊതുസമൂഹത്തിൽ ചർച്ചയാകുന്നുവെങ്കിൽ അത് സന്തോഷമുള്ള കാര്യമാണ്. അങ്ങനെ നമ്മുടെ നിലപാടുകളും ചിന്തകളും പൊതുസമൂഹം എങ്ങനെ സ്വീകരിക്കുന്നുവെന്നതിൽ ഞാൻ ബോധവാനല്ല, അതിനെ കുറിച്ച് വേവലാതിപ്പെടാനും താൽപ്പര്യമില്ല.

  • കുടുംബയോഗങ്ങളിൽ പങ്കെടുക്കില്ല എന്ന തീരുമാനത്തെക്കുറിച്ച്.

കുടുംബയോഗങ്ങളിൽ വലിയ തറവാടികളാണെന്നും ബ്രാഹ്മണ പാരമ്പര്യം വിളിച്ചറിയിക്കുന്നതിനായി ഉപയോഗിക്കുന്നാണെന്നുമുള്ള വിമർശനം തുറന്ന് പറഞ്ഞില്ലെങ്കിലും എനിക്ക് നേരത്തെ തന്നെ ഉള്ളതാണ്. ഞാൻ അന്ന് ആ ഫേസ്‌ബുക്ക് പോസ്റ്റിടുന്ന അന്ന് രാവിലെ നടന്ന ഒരു സംഭവമാണ് പെട്ടെന്ന് ആ നിലപാട് തുറന്ന് പറയുന്നതിലേക്കും അങ്ങനെയൊരു തീരുമാനമെടുക്കുന്നതിലേക്ക് എത്തിച്ചത്. മനസ്സില്ലാ മനസ്സോടെയാണ് അന്ന് ഒരു കുടുബയോഗത്തിൽ പങ്കെടുക്കാമെന്ന് തീരുമാനിച്ചത്. വാക്ക് കൊടുത്തിരുന്നതാണ് ചെല്ലാമെന്ന് അത് വ്യക്തി ബന്ധങ്ങളെ ആധാരമാക്കിയൊക്കെയാണ് സമ്മതിച്ചത്. എന്നാൽ അന്ന് രാവിലെ വന്ന ഒരു ഫോൺ കോൾ വല്ലാതെ മനസ്സിനെ ബുദ്ധിമുട്ടിച്ചു. ഫോൺ സംഭാഷണം നീളുന്നതനുസരിച്ച് ആ വ്യക്തി കുടുംബയോഗങ്ങളുടെ ചരിത്രത്തേയും പൗരാണിഗതയെ കുറിച്ചുമൊക്കെ വാചാലനായത് എന്നെ വല്ലാതെ ബോറടിപ്പിച്ചു എന്നതാണ് സത്യം.അസഹനീയമായ സംഭാഷണമായിരുന്നു അത്. ഞാൻ പേടിച്ച് ഇരുന്നത് പേലെയുള്ള കാര്യങ്ങൾ തന്നെയാണ് അയാൾ പറഞ്ഞതും.

മേൽജാതി ചിന്തയും മറ്റുമൊക്കെ തന്നെയാണ് ആ സംഭാഷണത്തിൽ നിറഞ്ഞ് നിന്നത്. പകലോമറ്റം കുടുംബത്തെക്കുറിച്ചും പൗരാഗണിതയെക്കുറിച്ചും പിന്നീട് ബ്രാഹ്മണ്യത്തെക്കുറിച്ചുമൊകെ പറഞ്ഞെത്തുകയായിരുന്നു. ഞാൻ അങ്ങനെ അതിൽ നിന്നും ഒഴിവായ ശേഷമാണ് ആ പോസ്റ്റ് ഇട്ടത്. കേരളത്തിൽ ഇപ്പോൾ വ്യാപിച്ച് വരുന്ന ഒരു പ്രക്രിയ ആണ് ആ ഒരുപകലോമറ്റം കുടുംബത്തിന്റെ ഒക്കെ പേര് പറഞ്ഞ് ബ്രാഹ്മണ്യതെയെകുറിച്ചും കേരളത്തിലെ ക്രൈസ്തവർക്കിടയിൽ ബ്രാഹ്മണ്യ പാരമ്പര്യമാണ് എന്ന രീതിയിൽ പലതും ഉയരുന്നു. അത്തരം പാരമ്പര്യം ഉറപ്പിക്കാനുള്ള ആ ഒരു ശ്രമത്തെ അടിച്ചമർത്തേണ്ചതാണ്, എതിർക്കപെടേണ്ടതാണ്, ചോദ്യം ചെയ്യപ്പെടേണ്ടതാണ്, പൊളിച്ചടുക്കേണ്ടതാണ്. പ്രത്യേകിച്ച് സുറിയാനികളിലാണ് ഇത് കൂടുതൽ കാണുന്നത്. സവർണ ദേശീയത ഒക്കെ ശക്തമാകുന്ന കാലത്ത് ഇത് പൊളിച്ചടുക്കേണ്ട ഒന്ന് തന്നെയാണ്.

  • എവിടെ നിന്നാണ് ഇത്തരം സവർണ ബോധം ഉണ്ടാകുന്നത്

ഈ ബോധം ഉണ്ടാകുന്നത് ജാതി ചിന്തയിൽ നിന്ന് തന്നെയാണ്.കേരളത്തിലും രാജ്യത്തും ജാതിയാണ് നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്നത്. ഒരു സവർണ മേൽകൊയ്മയാണ് ഇതിന് ആധാരം. ഇത് എല്ലാവരേയും സ്വാധീനിക്കും. മേൽതട്ടിൽ നിൽക്കുന്നവർ ഇത് സംരക്ഷിക്കാൻ താൽപര്യം ഉയരുന്നതും ഇക്കാരണത്താൽ തന്നെയാണ്. ഇത് തന്നെയാണ് ഇത്തരം പൊങ്ങച്ചം നിറഞ്ഞ കുടുംബയോഗങ്ങളിൽ ഒക്കെ എത്തിക്കുന്നത്. ഇത് തകരേണ്ട ഒന്ന് തന്നെയാണ്. ഗുരുദേവന്റെ ഒക്കെ കാലത്ത് പാടിയ പാട്ടുകളും പറഞ്ഞ് നടന്ന മൂല്യങ്ങളും ഇല്ലാതാവുകയാണ്. നമുക്കജാതിയില്ല എന്ന വിളമ്പരം വന്നിട്ട് നൂറ് വർഷം കഴിയുന്നു. ഇപ്പോൾ ജാതി മാത്രമെ ഉള്ളൂ എന്ന ചിന്തയിൽ നിന്നാണ് ഇത്തരം കുടുംബ യോഗങ്ങൾ ഉണ്ടാകുന്നത്.

  • ജാതി ചിന്താഗതിയും കേരള സമൂഹവും

ഉത്തരേന്ത്യയിലൊക്കെ ജാതി ചിന്താഗതി നേരിട്ടാണ് അനുഭവിച്ചിരുന്നത്. കേരളത്തിൽ ജാതിയൊക്കെ ചിന്തയിലുണ്ട് എന്നാൽ ഇത് പരോക്ഷമായിട്ടാണ് എന്ന് മാത്രം. എന്നാൽ ഇപ്പോൾ അങ്ങനെ പറയാൻ കഴിയില്ല. അതിന്റെ കാരണം ഗുരുദേവനും, മഹ്ത്മ അയ്യൻകാളിയും ഒക്കെയാണ് എന്ന് നിസംശയം പറയാം. പിന്നീട് വന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സാന്നിധ്യവും ഗുണം ചെയ്തു. ഒരർഥത്തിൽ പറഞ്ഞാൽ അത്തരം പ്രവർത്തനങ്ങളാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് അടിത്തറ പാകിയത് തന്നെ. സമീപകാലത്ത് പക്ഷേ കേരളത്തിലും ഉത്തരേന്ത്യയിലെ പോലെ ജാതി ചിന്തകൾ ഉയരുന്നു എന്ന് പറയാം

  • നമ്മുടെ രാഷ്ട്രീയവും ജാതിയും തമ്മിൽ പരസ്പരം ബന്ധപ്പെടുന്നതിനെകുറിച്ച്

വളരെ ദുഃഖിപ്പിക്കുന്ന ഒരു യാഥാർഥ്യമാണ് ഇവ രണ്ടും ഇപ്പോൾ ബന്ധത്തിലാണ് എന്നത്. ഏറ്റവും ദുഃഖകരമായ കാര്യംപുരോഗമന പ്രസ്ഥാനങ്ങൾ പോലും ഇപ്പോൾ അത്തരം കാർഡുകളിറക്കി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നു എന്നതാണ്. ഇടത് പക്ഷം പോലും, അൽപ്പം വ്യത്യാസം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ അവർ പോലും അത്തരം വിട്ട് വീഴ്ചകൾ ചെയ്യുന്നത് ദുഃഖത്താടെ മാത്രമെ കാണാൻ കഴിയുകയുള്ളു.

  • പരസ്പരം സ്നേഹം എന്ന് പറഞ്ഞ ശേഷം യാക്കോബായ സഭയും ഓർത്തഡോക്സ് സഭയും തമ്മിൽ നില നിൽക്കുന്ന ശത്രുതയെക്കുറിച്ച്

വളരെ ഗൗരവമായ ചോദ്യമാണ്. ഞാൻ ഭാഗമായിട്ടുള്ള യാക്കോബായ സഭയും മറുഭാഗത്ത് നിൽക്കുന്ന ഓർ്തഡോക്സ് സഭയും ചമ്മിൽ നിലനിൽക്കുന്നത് പതിറ്റാണ്ടുകൾ നീളമുള്ള പ്രശ്നങ്ങളാണ്. കോടതി വ്യവഹാരത്തിലേക്കൊക്കെ ഇതിനെ എത്തിക്കാൻ കാരണമായത് വളരെ ദുഃഖകരമാണ്.ഇപ്പോൾ എത്തി നിൽക്കുന്ന സാഹചര്യം രൂക്ഷമാണ്. ഇപ്പോൾ ഉണ്ടായിരിക്കുന്ന കോടതി വിധി യാക്കോബായ സഭയുടെ നിലനിൽപ്പിനെ പോലും ബാധിക്കുന്നതാണ്.നാല് പള്ളികളെ സംബന്ധിച്ച കാര്യങ്ങളാണ് ഇപ്പോൾ കോടതിയിൽ പോലും എത്തി നിൽക്കുന്നത്.ധാരാളം പള്ളികളെ സ്വാധീനിക്കുന്ന വിധിയാണ്, യാക്കോബായ സഭയെ ബാധിക്കുന്ന വിഷയമാണ്.

ഇതിന് ഒരു പരിഹാരമെന്തെന്നാൽ പരസ്പരം അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. രണ്ട് സഭയാണെന്നും രണ്ട് വിഭാഗദമാണെന്നും പരസ്പരം അംഗീകരിച്ച ശേഷം വേണം മറ്റ് കാര്യങ്ങൾ മു്ന്നോട്ട് ചിന്തിക്കേണ്ടത്. പരസ്പരം സഹായിച്ച് മുന്നോട്ട് പോണം. യാക്കോബായ സഭയുടെ ഭാഗമായിരുന്നു ഒരു കാലത്ത് മാർത്തോമ സഭ.പിന്നീട് കോടതി വ്യവഹാരത്തിന്റെ ഒക്കെ ഭാഗദമായിട്ടാണ് അത് പരിഹരിക്കപ്പെട്ടത്. അത് പോലെ തന്നെയാണ് യാക്കോബായ സഭയും ഓർത്തഡോക്സ് സഭയും മനസ്സിലാക്കേണ്ടതാണ്. സ്വത്തിൻേയും വിശ്വാസത്തിന്റേയും പ്രശ്നങ്ങളാണ് ഇതിന് കാരണവും. പരസ്പര ആദരവ് പ്രധാനമാണ്. പിന്നെ രണ്ട് വിഭാഗവും ഉള്ള പള്ളിയിലാണ് ഈ പ്രശ്നങ്ങൾ. അതിന് പരിഹാരമായ ഒരു ഹിത പരിശോധനയൊക്കെ നടത്തി പരിഹരികാവുന്നതാണ്. മേപ്രാൽ എന്ന സ്ഥലത്ത് രണ്ട് കൂട്ടരും നന്നായി പെരുമാറിയിരുന്നു.ഏക പരിഹാരം രണ്ട് സഭകളായി മാറി പരസ്പര സാഹോദര്യം പുലർത്തുക എന്നത് മാത്രമാണ്.

  • സ്വത്തുകളുടെ പേരിലുണ്ടാകുന്ന തർക്കം ആശാവഹമാണോ?

ഒരിക്കലും സന്തോഷകരമായ കാര്യമല്ല അത് എന്നാണ് വിശ്വാസം. ഒരു പള്ളിക്കും സ്വത്തുക്കൾ പാടില്ല എന്ന് കരുതുന്ന ആളാണ് ഞാൻ. യേശുക്രിസ്തുവിന് സ്വത്തൊന്നും ഉണ്ടായിരുന്നില്ല. സ്വത്ത് സ്വരൂപിക്കരുത് എന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത് തന്നെ. ശിഷ്യന്മാരെ പഠിപ്പിച്ചിട്ടുള്ളതും അങ്ങനെ തന്നെ. രണ്ട് ജോഡി ചെരുപ്പും വസ്ത്രവും പോലും കരുതരുതെന്നും നമുക്ക് സ്വർണ്ണവും വെള്ളിയും എന്നിവ ഒന്നും ഇല്ലെന്ന് പഠിപ്പിച്ചവരുടെ അനുയായികളും ഇപ്പോൾ ക്രൈസ്തവർ എന്ന് പറയുന്നവപും സമ്പൂർണമായി വാണിജ്യ വൽക്കരിക്കപെട്ടിരിക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് സഭകളിൽ ഈ സ്വത്ത് വൽക്കരണം ഇല്ലാതായാൽ മാത്രമെ കാര്യങ്ങൾ ശരിയാവുകയുള്ളു.

  • കോടതി വിധികളെ പോലും അനുസരിക്കില്ലെന്ന സഭകളുടെ നിലപാടുകൾ

കോടതി വിധിയെ അനുസരിക്കില്ലെന്ന് പരസ്യമായി ആരും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞാൽ അത് കോടതി അലക്ഷ്യം ആയിതീരും. ജനാധിപത്യ വ്യവസ്തയിൽ കോടതി വിധികളെ നമുക്ക് ചോദ്യം ചെയ്യാം. പക്ഷേ ജഡ്ജിമാരെ ചോദ്യം ചെയ്യരുത് എന്നാണ് മനസ്സിലാക്കുന്നത്. അത് തെറ്റാണെങ്കിൽ ക്ഷമിക്കണം. കോടതി വിധികളെ ചോദ്യം ചെയ്യാൻ പറ്റും എന്നതുകൊണ്ടാണല്ലോ നമ്മൾ അപ്പീൽ നൽകുന്നത്. ചോദ്യം ചെയ്യാനുള്ള അധികാരം ഉണ്ട്. രണ്ടാമത്തെ പ്രശ്നം വിശ്വാസത്തിന്റേതാണ്. ഏത് സഭയിൽ വിശ്വസിക്കണം, എങ്ങനെ ആരാധിക്കണം ഏത് വിശ്വസിക്കണം എന്ന് മാത്രം പറയാൻ കോടതിക്ക് കഴിയില്ല.ആരുടെ കീഴിൽ വിശ്വാസം എന്നത് സ്വാതന്ത്ര്യം ആണ്. അത് ഇല്ലെന്ന് പറയുന്നുവെങ്കിൽ അത് ചോദ്യം ചെയ്യാൻ അധികാരമുണ്ട്. അടിസ്ഥാന അവകാശങ്ങളെ സംരക്ഷിക്കാൻ കോടതി ബാധ്യസ്ഥരാണ്. അത് ഇല്ലാതാക്കാൻ ചിലപ്പോൾ കോടതിയും ശ്രമിക്കുന്നു.

  • ഒരു ശവമടക്കൽ വിഷയത്തിൽ പോലും രണ്ട് സഭകൾ തമ്മിൽ തർക്കമുണ്ടാകുന്നതിനെ കുറിച്ച്

വളരെ മോശമായ കാര്യമാണ് അത്. ഒരു സെക്കുലർ സമൂഹത്തിൽ ക്രൈസ്തവ സമൂഹം പരിഹസിക്കപ്പെടുന്ന നിലപാടാണ് അത് ശവമടക്കിൽ മാത്രമല്ല ഒരു കാര്യത്തിൽ ആശാവഹമല്ല. അത്തരം സംഘട്ടനങ്ങൾ ഉണ്ടാകരുത്. ചർച്ച ചെയ്ത് പരിഹരിക്കണം. കോടതി വിധി കൈയിലുണ്ടെന്ന ധാരണയിൽ ഹുങ്ക് കാണിക്കുന്നത് ശരിയല്ല. ഒരുപക്ഷേ ജയിച്ച് നിൽക്കുന്നവരാണ് അത്തരം നല്ല തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത്.

  • സഭയുടെ സ്വത്തുക്കൾ ആണ് പ്രശ്നം എങ്കിൽ ചർച്ച് ആക്റ്റ് നടപ്പിലാക്കുന്നതിനെ കുറിച്ച്

ചർച്ച് ആക്റ്റിനെ കുറിച്ച് ആദ്യം പ്രതിപാദിക്കുന്നത് ജസ്റ്റിസ,് വിആർ കൃഷ്ണയ്യർ സാറായിരുന്നു. പിന്നീട് പലരും ഇതിനെ അനുകൂലിച്ചു. വളരെ നല്ലൊരു തീരുമാനമാണ് ചർച്ച് ആക്ട്. പണ്ടത്തെപ്പോലെ അല്ല ഇന്നത്തെ അവസ്ഥ സാമൂഹ്യ മാധ്യമങ്ങൾ ഒക്കെ സജീവമായ ഈ കാലഘട്ടത്തിൽ അഴിമതിയും കള്ളക്കണക്കും ഒന്നും തന്നെ മറച്ച് വയ്ക്കാൻ കഴിയില്ല. പണ്ടും ഇതൊക്കെ സജീവമായിരുന്നുവെങ്കിലും വ്യാപകമായി പുറത്ത് വന്നിരുന്നില്ല. വർധിച്ച് വരുന്ന ഇത്തരം കച്ചവട താൽപര്യങ്ങളും ധൂർത്തുമൊക്കെ ചർച്ച് ആക്ട് വന്നാൽ ഒരു പരിധി വരെ മാറ്റം സംഭവിക്കും. എന്നാൽ തന്നെ ഒരു അക്കൗണ്ടബിലിറ്റി ഉണ്ടാകും. എല്ലാ സഭയിലും ചേർത്താണ് ഇത് പറയുന്നത്. ദേവസ്വം ബോർഡും വഖഫ് ബോർഡിലും ഒക്കെ അത് നടപ്പിലാക്കാമെങ്കിൽ പിന്നെ ക്രൈസ്തവർക്ക മാത്രം ഒരു പ്രത്യേക സംവിധാനം വേണമെന്ന് കരുതുന്നില്ല. പിന്നെ ഇത് നിലവിൽ വന്നാലും പൂർണമായി ശരിയാകുമെന്ന് കരുതുന്നില്ല, ദേവസ്വം ബോർഡിലെ ഒക്കെ സ്ഥിതി എല്ലാവർക്കും അറിയുന്നതാണ്.ഞാൻ ഇണതിന് അനുകൂലമാണ് എന്നാൽ വോട്ട് ബാങ്ക് ആശ്രയമായി കാണുന്ന കാലത്ത് അത് നടപ്പിലാകുമെന്ന് കരുതുന്നില്ല.

  • സഭയുടെ കീഴിലെ സ്ഥാപനങ്ങളിലെ തൊഴിൽ അവസരങ്ങൾ പോലും കച്ചവട താൽപ്പര്യത്തിനായി ഉപയോഗിക്കുന്നു.

സഭയുടെ കീഴിൽ വിദ്യാഭ്യാസവും ആരോഗ്യ സ്ഥാപനങ്ങളും ഒക്കെ തുടങ്ങുന്നത് മിഷിനറികളുടെ ഫലമായിട്ടായിരുന്നു. പ്രത്യേകിച്ച് ജാതി വ്യവസ്ഥ ഒക്കെ നിലനിന്നിരുന്ന സമയത്ത് പ്രത്യേക വിഭാഗത്തിലുള്ളവർക്ക് പരിചരിക്കാനും ചികിത്സ ലഭിക്കുവാനുമൊക്കെ വേണ്ടിയിട്ടായിരുന്നു അത് ചെയ്തത്. പഠനവും ചികിത്സയും എല്ലാവർക്കും ലഭിക്കാത്ത കാലത്ത് അയിത്തം നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് അങ്ങനെയൊരു ആശയം ഇവിടെ നടപ്പിലാകുന്നത്. അടിച്ചമർത്തലും സാമ്പത്തിക ബുദ്ധിമുട്ടുമൊക്കെ നിലനിന്നിരുന്ന കാലഘട്ടത്തിൽ ആദിവാസികൾക്കും ദളിതർക്കും ഒക്കെ വേണ്ടിയായിരുന്നു അത്തരം സംരംഭങ്ങൾ നിലവിൽവന്നതും. എന്നാൽ ഇന്നിപ്പോ സഭ നടത്തുന്ന സ്ഥാപനങ്ങളിൽ പോലും പ്രത്യേകിച്ച് സ്വാശ്രയ മേഖലകളിൽ അഴിമതിയുടെ കൂത്തരങ്ങാണ്. അന്ന് ആരംഭിക്കുന്ന സമയത്ത് ഉള്ള ഉദ്ദേശങ്ങൾ ഒന്നും അല്ല ഇന്ന് ഇപ്പോൾ ആരും നടപ്പിലാക്കി വരുന്നത് എന്ന പറഞ്ഞാലും തെറ്റില്ല. അതിന് കൂച്ച്വിലങ്ങിടാൻ സർക്കാരുകൾക്ക് കഴിയണം. ഇടതു പക്ഷ സർക്കാരുകൾ പോലും ഇതിനെ തടയാൻ മിനക്കെടുന്നില്ലെന്നത് ഇക്കൂട്ടർക്ക് കൂടുതൽ ലൈസൻസ് നൽകുകയാണ്.

  •  സഭകൾ നടത്തുന്ന ആശുപത്രികളിൽ പോലും നഴ്‌സുമാർക്ക് മാന്യമായ ശമ്പളമില്ല

ഇതൊക്കെ വളരെ തെറ്റായ കാര്യങ്ങളാണ് എന്നതിൽ തർക്കമില്ല. ഇതിന്റെയൊക്കെ പിന്നിലെ വികാരം സ്വാർഥതയും ലാഭക്കൊതിയുമാണ്. പണ്ടൊക്കെ ഇത്തരം സ്ഥാപനങ്ങൾ തുടങ്ങുന്നത് ആളുകളുടെ നന്മ ഉദ്ദേശിച്ചായിരുന്നു. പാവങ്ങൾക്ക് സഹായം ആശ്വാസം എന്നൊക്കെയായിരുന്നു ഉദ്ദേശം. പക്ഷേ ഇന്നിപ്പോ ആ നല്ല ഉദ്ദേശമൊക്കെ അങ്ങ് മാറ്റിവെച്ചിട്ട് ലാഭം മാത്രം പ്രതീക്ഷിച്ച് സ്ഥാപനങ്ങൾ നടത്തുന്നത് മാത്രമാണ് ഇത്തരം പ്രശ്‌നങ്ങൾക്ക് പ്രധാന കാരണം.ആ മേഖലയിൽ സജീവമായ മാറ്റം വരണം.

  •  35 സഭകൾ 200 ബിഷപ്പുമാർ, പൊതുസമൂഹത്തിന് ഇതുകൊണ്ടുള്ള ഗുണം?

അത് പൊതുസമൂഹം തന്നെ പറയേണ്ട ഒരു കാര്യമാണ് എന്നതാണ് ശരി. കൂടുതൽ സ്ഥാപനങ്ങൾ ഉണ്ടാകുന്നതുകൊണ്ടാണ് ഇങ്ങനെ കൂടുതൽ ബിഷപ്പുമാർ ഉണ്ടാകുന്നത്. ഒരു ബിഷപ്പിനെ പോറ്റാൻ നല്ല ചെലവാണ്. അതിനുള്ള ശേഷി പലതരം ബിസിനസുകളിൽ നിന്നും ഉയരുന്നതുകൊണ്ടാണ് ഇത്തരത്തിൽ ബിഷപ്പുമാർ വർധിച്ച് വരുന്നത്. അത് ഒരു നെഗറ്റീവ് ഇംപാക്റ്റ് ആണ് ഉണ്ടാക്കുന്നത്.

  • ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനെ കുറിച്ച്

അതിനെ കുറിച്ച് അങ്ങനെ പ്രത്യേക അഭിപ്രായം ഒന്നും ഇല്ല. അവിടെ മൂന്നും പ്രബല സ്ഥാനാർത്ഥികളാണ് മൂന്ന് മുന്നണികളുടേയും. കൂടുതൽ വോട്ട് നേടി ജനാധിപത്യം വിജയിക്കും എന്നാണ് വിശ്വാസം.

  • ദേശീയ അവാർഡ് വിതരണ ബഹിഷ്‌കരണത്തിൽ ഫഹദ് ഫാസിൽ എന്ന മുസ്ലിം നാമധാരിയെ തിരഞ്ഞ് പിടിച്ച് വേട്ടയാടിയതിനെക്കുറിച്ച്

അങ്ങനെ ഒരു വിഷയം അല്ല ഞാൻ കൂടുതൽ ശ്രദ്ധിച്ചത്. എല്ലാവർക്കുമൊപ്പം പോയി ഒപ്പിട്ട് പ്രതിഷേധം അറിയിച്ചിട്ട് ആരും അറിയാതെ പോയി അവാർഡ് വാങ്ങിച്ചത് ശരിയായില്ല എന്നാണ് എന്റെ അഭിപ്രായം. പിന്നെ ഇതിനെ ഞാൻ ശക്തമായി വിമർശിക്കുകയും ചെയ്യുന്നു. നല്ലൊരു ഗായകൻ എന്നതല്ലാതെ യേശുദാസ് ഒരു നല്ല മനുഷ്യനാണെന്ന അഭിപ്രായമൊന്നും എനിക്കില്ല. മുൻപും അദ്ദേഹത്തിന്റെ നിലപാടുകളോടും പലപ്പോഴും താൽപ്പര്യം തോന്നിയിട്ടില്ല. ഒരു നല്ല മനുഷ്യനാണ് എന്ന് തോന്നിക്കുന്ന നിലപാടെടുക്കാൻ കഴിഞ്ഞിട്ടുമില്ല. പിന്നെ പ്രസിഡന്റ് തന്നെ അവാർഡ് നൽകണമെന്ന് നിയമമൊന്നുമില്ല. പക്ഷേ പ്രസിഡന്റ് കൊടുക്കും എന്ന് പറഞ്ഞിട്ട് വേറൊരാൾ കൊടുക്കുന്നതിനെ പന്തിയിൽ പക്ഷാപാദം കാണിച്ചു എന്നേ പറയാൻ കഴിയുകയുള്ളു. പ്രസിഡന്റിന് അസൗകര്യം ഉണ്ടെങ്കിൽ വൈസ് പ്രസിഡന്റായിരുന്നു അത് നൽകേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP