Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കല: സംസ്‌കാരവ്യവസായവും രാഷ്ട്രീയാബോധവും

കല: സംസ്‌കാരവ്യവസായവും രാഷ്ട്രീയാബോധവും

ഷാജി ജേക്കബ്

'കലയുടെ ചരിത്രം' എന്നൊന്നില്ല, 'കലകളുടെ ചരിത്രങ്ങൾ' എന്നേയുള്ളു. മനുഷ്യരുടെ ചിന്താവിപ്ലവങ്ങൾക്കു കൈവന്ന സൗന്ദര്യാത്മക വ്യവഹാരങ്ങളുടെ പേരാണ് കലകൾ. രംഗ, ശബ്ദ, ദൃശ്യ, ലിഖിത, ആവിഷ്‌ക്കാര കലകളുടെ അനന്തമായ കാലലോകങ്ങൾ മർത്യഭാവനയുടെ താരാപഥങ്ങളായി ചരിത്രത്തിലെങ്ങും പടർന്നുവളരുന്നു. നമ്മൾ അതിനെ സംസ്‌കാരത്തിന്റെ ലാവണ്യരാഷ്ട്രീയമായി വിലയിരുത്തുകയും ചെയ്യുന്നു. അച്ചടിക്കു മുൻപും പിൻപും എന്നു രണ്ടായി വിഭജിക്കപ്പെട്ട കലകളുടെ ജീവചരിത്രത്തിന് മധ്യകാലം വരെ നിലനിന്ന ഏകഛത്രാധിപത്യം പിന്നീടു കൈമോശം വന്നുവെന്നതു നേരാണ്. എങ്കിലും നവോത്ഥാനാധുനികതയുടെ താക്കോൽസ്ഥാനത്ത് കലകളുടെ ഭാവുകത്വരാഷ്ട്രീയം ഊർജ്ജസ്വലമായി പ്രവർത്തിക്കുകതന്നെ ചെയ്തു. ഇരുപതാം നൂറ്റാണ്ടിൽ സാങ്കേതിക കലകളുടെ പ്രഭാവം ദൃഢപ്പെടുന്നതോടെ കലാചരിത്രം അതിന്റെ മൂന്നാം ഘട്ടത്തിലെത്തുന്നു. ആഗോളവൽക്കരണത്തിന്റെയും ഇലക്‌ട്രോണിക്, ബഹുരാഷ്ട്ര, വിപണി മുതലാളിത്തത്തിന്റെയും കാലത്ത് നാലാം ഘട്ടത്തിലും.

ഏതു ഘട്ടവുമെടുത്തോളൂ, മലയാളത്തിൽ ഏറ്റവും കുറച്ചുമാത്രം എഴുതപ്പെട്ടിട്ടുള്ള ഒന്നാണ് ഗൗരവമുള്ള ചിത്ര-ശില്പ കലാപഠനങ്ങൾ. സംഗീത, രംഗകലാപഠനങ്ങളാകട്ടെ, താരതമ്യേന കൂടുതലുണ്ട്. കേസരി ബാലകൃഷ്ണപിള്ളയിലാരംഭിക്കുന്ന ആധുനിക കലാതത്വവിചാരങ്ങൾക്ക് സാഹിത്യത്തോടുള്ള ബന്ധം പലപ്പോഴും ഒരു പരിമിതിയായി നിലനിന്നു. യഥാർഥത്തിൽ അച്ചടിയുടെ കാലത്ത് സാഹിത്യം കൈവരിച്ച ഏതു ഭാവുകത്വമാറ്റത്തിനും പിന്നിലെ സ്വാധീനശക്തികളിൽ മുഖ്യം ചിത്ര-ശില്പകലകളായിരുന്നു. നവോത്ഥാനം മുതൽതന്നെ ഇതിങ്ങനെയാണ്. പക്ഷെ സാഹിത്യത്തിനു മേൽക്കോയ്മ കിട്ടിയ കാലത്ത് ഈ പ്രഭാവത്തിലെ മൂല്യവിചാരം തലകീഴ് മറിഞ്ഞു. വിജയകുമാർ മേനോനെപ്പോലുള്ള കലാനിരൂപകർക്കുപോലും മേൽ-കീഴ്‌നിലകൾ ആരോപിക്കപ്പെട്ട ഈ സാഹിത്യ-കലാബന്ധം മറികടക്കാൻ കഴിഞ്ഞില്ല. നന്ദകുമാറിനെപ്പോലെ ചുരുക്കം ചിലർക്കേ അതിനു കഴിഞ്ഞുള്ളു. നന്നേ വരേണ്യവും ന്യൂനപക്ഷവുമായ ചിത്ര-ശില്പകലാചിന്തകൾക്കും ഭാവുകത്വങ്ങൾക്കും ജനപ്രിയസ്വീകാര്യത നേടിക്കൊടുക്കുന്നതിന്റെ ഭാഗമായിരുന്നു, ഈ സാഹിതീയബന്ധമന്വേഷിക്കൽ എന്നുവേണം കരുതാൻ. ടി.ആർ. മുതൽ എം. മുകുന്ദൻ വരെയുള്ളവരുടെ സാഹിത്യനിരീക്ഷണങ്ങൾ ഉദാഹരണമാണ്. ആധുനികതാവാദത്തിന്റെ സാഹിതീയ-കലാബോധ്യങ്ങളുടെ സങ്കരഭാവവും ഇതിനു കാരണമായിരിക്കാം. എന്തായാലും ആഗോളവൽക്കരണകാലത്ത് പൊതുവിലും പുതിയ നൂറ്റാണ്ടാകുമ്പോൾ വിശേഷിച്ചും പലപല കാരണങ്ങൾകൊണ്ട് കേരളീയ കലാമണ്ഡലം അടിമുടി നവീകൃതമായ ചില പ്രവണതകൾ പ്രകടിപ്പിച്ചുതുടങ്ങുന്നു. ഇലക്ട്രോണിക് മാധ്യമങ്ങൾ, രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന പ്രദർശനവേദികൾ, വിപണി തുടങ്ങിയവയൊക്കെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കലാചരിത്രത്തെ പുതുക്കിയെഴുതി.

അക്കാദമികവും ചരിത്രാത്മകവും സൗന്ദര്യാത്മകവും രാഷ്ട്രീയവും മാധ്യമകേന്ദ്രിതവും സമ്പദ്‌നിഷ്ഠവും സാമൂഹികവും രൂപബദ്ധവും സൈദ്ധാന്തികവുമായി കലാപഠനരംഗത്തിടപെടുന്ന ചുരുക്കം ചില മലയാള കലാപ്രവർത്തകരിലൊരാളാണ് കവിതാബാലകൃഷ്ണൻ. ചിത്രകാരിയും ചിത്രകലാചരിത്രത്തിൽ സവിശേഷപഠനം നടത്തിയിട്ടുള്ള ഗവേഷകയും ചിത്രകലാധ്യാപികയും നിരൂപകയുമാണ് കവിത. ഇതിനൊക്കെപ്പുറമെ കവിയും. ഇന്നിപ്പോൾ മലയാളത്തിൽ കലാപഠനരംഗത്ത് ഇത്രമേൽ സജീവവും സക്രിയവുമായി വ്യാപരിക്കുന്ന മറ്റൊരാളില്ലതാനും. സജിതാമഠത്തിൽ (നാടകം), രാജശ്രീവാരിയർ (നൃത്തം), ഉഷാനങ്ങ്യാർ (അഭിനയം) എന്നിങ്ങനെ ചുരുക്കം ചിലരേയുള്ളു, ഈവിധം കലയുടെ സർഗാത്മകവും വിമർശനാത്മകവുമായ മണ്ഡലങ്ങളിൽ ഒരുപോലെ ഇടപെടുന്നവരായി. സംഗീതം, സാഹിത്യം, സിനിമ തുടങ്ങിയ മണ്ഡലങ്ങളിൽ നിന്ന് ഇങ്ങനെയൊരാളെ കണ്ടുകിട്ടാനേയില്ല.

2007 വരെയുള്ള കാലത്തെഴുതിയ കവിതയുടെ കലാപഠനങ്ങൾ പല പുസ്തകങ്ങളിലായി മുൻപു പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ അവരെഴുതിയ കലാപഠനങ്ങളുടെ തെരഞ്ഞെടുത്ത സമാഹാരമാണ് 'കലയുടെ നവലോകം'.

കലാവസ്തുവിന്റെ അർഥവിശദീകരണമല്ല കലാപഠനം. അത് കലയെക്കുറിച്ച് ഒരു സംവാദമേഖല തുറന്നിടുന്ന സാംസ്‌കാരിക പ്രക്രിയയാണ്. കലാചരിത്രം, നിർമ്മിതി, നിരൂപണം, പ്രദർശനം, വില്പന, ശേഖരണം എന്നിവയെല്ലാം നിർവഹിക്കുന്ന ഈയൊരു ദൗത്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കവിത തന്റെ പുസ്തകമവതരിപ്പിക്കുന്നത്. പ്രാദേശികത, ദേശീയത, ആഗോളത എന്നിവയുടെ ഭിന്നമാനങ്ങളിൽ കലയ്ക്കു സംഭവിക്കുന്ന വളർച്ചയുടെയും വ്യാപനത്തിന്റെയും പടർച്ചകളെ മുൻനിർത്തി, തുടർന്നങ്ങോട്ടുള്ള ലേഖനങ്ങളിൽ കവിത തന്റെ കലാവിചാരങ്ങളുടെ കഞ്ചുകം നിവർക്കുന്നു. കലയുടെ ചരിത്രം, സാങ്കേതികത, മാധ്യമപരത, ആഖ്യാനം, രാഷ്ട്രീയം, ആധുനികത, ജനകീയത, വിപണിമൂല്യം, ദൃശ്യപരത, ലാവണ്യാത്മകത എന്നീ 'ദശരൂപക'ങ്ങളെക്കുറിച്ച് കവിതയ്ക്കുള്ള സൂക്ഷ്മവും ജാഗ്രത്തുമായ തിരിച്ചറിവുകൾ ഈ പഠനങ്ങളെ സ്വതന്ത്രവും പ്രസക്തവും മൗലികവും കാലികവുമാക്കുന്നു. അർഥവത്തായ അക്കാദമിക കലാപഠനങ്ങളുടെ മലയാളത്താവഴിയിൽ കവിത തന്റെ ദൃഢവും വേറിട്ടതുമായ ചുവടുകൾ സയുക്തികം ഉറപ്പിക്കുകയും ചെയ്യുന്നു. ഏകസ്വരതയിൽ നിന്ന് ബഹുസ്വരതയിലേക്കും ഏകരൂപത്തിൽ നിന്ന് സങ്കരഘടനകളിലേക്കും വരേണ്യതയിൽ നിന്ന് ജനായത്തത്തിലേക്കും പരിണമിക്കുന്ന 'കലാത്മകത'യുടെ ചിത്രഭൂപടം കവിത വരച്ചിടുന്നതങ്ങനെയാണ്.

ഇരുപത്തൊന്നു ലേഖനങ്ങൾ. കലാചരിത്രം മുതൽ കലാവിപണിവരെ; കലാശൈലികൾ മുതൽ കലാപഠനം വരെ; കലാപരീക്ഷണങ്ങൾ മുതൽ കലാവിപ്ലവങ്ങൾ വരെ; കലാപ്രദർശനങ്ങൾ മുതൽ കലാവിമർശനം വരെ-കലാതത്വചിന്തയുടെ ഒരു മഴവിൽക്കൊടിയായി മാറുന്നു, ഈ പുസ്തകം.

ഒരു നൂറ്റാണ്ടുമുൻപ്, ആധുനിക പാശ്ചാത്യ ശില്പ-ചിത്രകലകളുടെ പശ്ചാത്തലത്തിൽ കേസരി ബാലകൃഷ്ണപിള്ള മലയാള കലാഭാവനയ്ക്കു നിർദ്ദേശിച്ച 'നവലോകം' എന്ന സങ്കല്പനത്തെ ആധുനികാനന്തരതയുടെയും ആഗോളവൽക്കരണത്തിന്റെയും പശ്ചാത്തലത്തിൽ പുനരാവിഷ്‌ക്കരിക്കുകയാണ് കവിത. അന്നത്തെ 'നവലോക'ത്തെക്കുറിച്ച് കേസരിയവതരിപ്പിച്ച കാഴ്ചപ്പാടുകൾ കേരളീയ കലാപഠനങ്ങളുടെ മാനിഫെസ്റ്റോവായി മാറി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ കേരളീയ കലകളെക്കുറിച്ചുള്ള തന്റെ പഠനങ്ങൾക്ക് കവിത കേസരിയുടെ ഈ ചിന്തകൾ അടിത്തറയാക്കുന്നു.

സംസ്‌കാരത്തിനുതന്നെ കൈവന്ന 'കലാപദവി'യാണ് ഇരുപതാം നൂറ്റാണ്ടിലെ കേരളീയസന്ദർഭത്തിൽ ഏറ്റവും പ്രസക്തമായ സംഗതി. സാഹിത്യം, നാടകം, സംഗീതം, ചിത്ര-ശില്പ-വാസ്തുവിദ്യകൾ ഏതും 'കല'യായി മാറി. കാവ്യ, ദൃശ്യകലകൾ എന്ന് അവ നെടുകെ വിഭജിതമാവുകയും ചെയ്തു. 'രമണീയത' എന്ന പേരിൽ സൗന്ദര്യശാസ്ത്രചർച്ചയും വികസിച്ചു. മൂർത്തവും അമൂർത്തവുമായ ആശയസംഹിതകൾ മുൻനിർത്തി കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ മലയാളത്തിലുണ്ടായ കലാചിന്തകൾ ക്രോഡീകരിക്കുന്നു, കവിത. കേസരിയവതരിപ്പിച്ച കലാവിചാരങ്ങൾ മലയാളിയുടെ നരവംശപുരാണത്തിലെന്നപോലെ കലാചരിത്രത്തിലും ഒരു സാർവലൗകിതാവാദം മുന്നോട്ടുവച്ചു. കവിത, കേസരിയുടെ ഈ ദർശനത്തെ സമകാലകേരളീയ കലാബോധമാക്കി വിശദീകരിക്കുന്നു. കേസരി നിർവഹിച്ച ചരിത്രദൗത്യമെന്തായിരുന്നു? കവിത എഴുതുന്നു:

'കലാകാരൻ, ഇന്ത്യൻ ഫൈൻ ആർട്ട്, പാരമ്പര്യത്തിന്റെ ആദർശങ്ങളിൽ നിരന്തരം ഭ്രാന്തമായി കെട്ടിയിടപ്പെട്ടിരിക്കുന്നു എന്നും ഇക്കാര്യംതന്നെ ഒരു 'നവലോകത്തിന്റെ' രൂപീകരണത്തിനു പരിശ്രമിക്കുന്ന കലാപ്രതിഭകളുടെ സ്വതന്ത്രവികാസത്തിനു തടസ്സമാകുന്നു എന്നുമുള്ള പ്രശ്‌നങ്ങൾ കേസരിയാണ് ആദ്യം തിരിച്ചറിഞ്ഞത്. 'ശാസ്ത്രീയവീക്ഷണമുള്ള ഭൗതികവാദ സോഷ്യലിസ്റ്റ്' കടന്നുവരുന്നതോടെ ഇന്ത്യയുടെ സാമ്പത്തിക രാഷ്ട്രീയമണ്ഡലങ്ങളിൽ പുരോഗമനപരമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം കണ്ടെത്തുകയായിരുന്നു. അത് അന്നത്തെ ചിന്തകരുടെ മണ്ഡലത്തിൽ പൊതുവിൽ നിറഞ്ഞുനിന്ന ആശയംതന്നെയായിരുന്നു. ശാസ്ത്രം, മതം, ദൈവം, സാഹിത്യം എന്നിങ്ങനെയാണ് ഒരു പുതിയ സാമൂഹികഭാവനയുടെ നിർമ്മാണത്തിന് യോഗ്യരായ മഹത്ചരിതർക്ക് വേണ്ടതായ ചിന്താപരമായ അനുസാരികളായി കരുതപ്പെട്ടിരുന്നത്. അതിൽ നേരിട്ടു കലയെ ആരും ഉൾപ്പെടുത്തിയില്ലെങ്കിലും തന്റേതായ വിധത്തിൽ കലയുടെ ഒരു മണ്ഡലം കൂടി ഉൾപ്പെടുത്തുകയും ഈ ആശയക്രമങ്ങൾക്കിടയിൽതന്നെയുള്ള പരസ്പര വൈരുധ്യങ്ങൾ തിരിച്ചറിയുകയും ചെയ്തതാണ് കേസരിയുടെ വ്യതിരിക്തത. ജനങ്ങളുടെമേൽ എന്തെങ്കിലും നീണ്ടുനിൽക്കാനാവുന്ന പ്രേരകശക്തി കലയ്ക്ക് ഉണ്ടാവണമെങ്കിൽ കാലത്തിനനുസരിച്ച മാറ്റങ്ങൾ കലയുടെ രീതികളിലും ഉണ്ടാവണം. കാലികമായ സാമൂഹിക പ്രശ്‌നങ്ങൾ നേരിടേണ്ടതിന്റെയും കലാപരമായ പരിഹാരങ്ങൾ നിർമ്മിക്കേണ്ടതിന്റെയും ആവശ്യം കേസരി ഊന്നിപ്പറഞ്ഞു.

അഭിരുചികളുടെ അധികാരി-തൊഴിലാളി ബന്ധങ്ങൾക്കിടയിൽ 'കലാപരമായ പരിഹാരം' എന്നവിധത്തിൽ കേസരി കണ്ടെത്തിയത് ഒരുപുറത്ത് ചിത്രകല ഈ സമൂഹത്തിൽ അവശ്യം നേടിയെടുക്കേണ്ടതായ സ്വതന്ത്രപ്രവർത്തനത്തിന്റെയും പദവിയുടെയും ഉള്ളടക്കംതന്നെയാണ്. എന്നിട്ടും തുടക്കത്തിൽക്കൊടുത്ത ഉദ്ധരണിയിലേതുപോലെ ഏതാണ്ട് അസാധ്യമായ ഒരു നിർദ്ദേശംകൊണ്ടു കേസരി തന്റെ സമകാലികരായ ചിത്രകാരന്മാരെയാണ് ഉദ്‌ബോധിപ്പിച്ചത് എന്ന് കരുതാനാവില്ല. തന്റെ കാലത്തിന്റെ ചിത്രകലകളുടെ വ്യത്യസ്തതകളെ നേരിട്ട് അഭിമുഖീകരിക്കാതെ ഒരു ശൂന്യതയിൽനിന്നെന്നപോലെ പറന്നുയർന്ന് ഒരു പക്ഷിക്കാഴ്ച സ്വരൂപിക്കാനാണ് കേസരി ശ്രമിച്ചത്. അന്ന് അപരിചിതമായ ദർശനങ്ങളെ സ്വന്തം ഭാഷയിലേക്ക് അന്ധമായി പരുവപ്പെടുത്തി പുതുതെന്നു തോന്നിപ്പിച്ച ദർശനം നിർമ്മിച്ച് കഷ്ടപ്പെട്ടിരുന്ന ഉപന്യാസകാരന്മാരുടെ മുന്നിൽതന്നെയാണ് അതുവഴി കേസരി വെല്ലുവിളി നടത്തിയത്. അത് കലയെഴുത്തിന്റെയും കലയെ മനസ്സിലാക്കലിന്റെയും വെല്ലുവിളിയായിരുന്നു. അക്കാര്യത്തിൽ വല്ലാതെ ദരിദ്രനായിരുന്ന നിർമമനും ആശയവാദിയുമായ വായനക്കാരനോടൊപ്പമാണ് കേസരിയും പ്രവർത്തിച്ചത്. അതുകൊണ്ടുതന്നെ വായുവിൽ കേസരി എറിഞ്ഞ ഫ്യൂചറിസത്തിന്റെ വെല്ലുവിളി തന്റേതായി അനുഭവിച്ച ഒരു ചിത്രകാരനും ഉണ്ടായില്ല എന്നു കാണാം'.

എണ്ണച്ചായചിത്രങ്ങൾ, ഹാസ്യചിത്രകല, ഫോട്ടോഫീച്ചറുകൾ, കാരിക്കേച്ചറുകൾ, ഇലസ്‌ട്രേഷൻ, പോർട്രെയ്റ്റ്, പ്രകൃതിചിത്രങ്ങൾ...... മുഖ്യമായും ചിത്രകലയെ മുൻനിർത്തി കലാകാരന്മാർ, പത്രാധിപന്മാർ, കലാനിരൂപകർ തുടങ്ങിയവരിലൂടെ കേസരിയെ പരിഗണിച്ചും അവഗണിച്ചും മുന്നോട്ടുപോയ കേരളീയ കലാമണ്ഡലത്തിന്റെ കഥ പറയുന്നു, കവിത.

ചിത്രഭാഷയുടെ സങ്കീർണമായ ഉൾപ്പിരിവുകൾ, സാങ്കേതികസംജ്ഞകൾ, സൗന്ദര്യസങ്കല്പങ്ങൾ എന്നിവയെ കേരളീയ ചിത്രമാതൃകകളിൽ വിന്യസിച്ചു വിശദീകരിക്കുകയാണ് കവിത. മിക്കതും, വിസ്തൃതരായിപ്പോയ ചിത്രകലാപ്രതിഭകളുടെ രചനകളെ ആധാരമാക്കിത്തന്നെ.

തുടർന്നുള്ള മൂന്നു ലേഖനങ്ങൾ ചിത്രകലയിലെ സ്‌ത്രൈണ പൊതുമണ്ഡലത്തിന്റെ ഭിന്നഭാവങ്ങൾ വിശദീകരിക്കുന്നു. ടി.കെ. പത്മിനിയെന്ന ചിത്രകാരിയുടെ കലയും ജീവിതവും മുൻനിർത്തി കേരളീയകലയിൽ രൂപംകൊണ്ട സ്ത്രീഭാവനയിലെ പൗരമണ്ഡലത്തിന്റെ അപൂർവമായ മാതൃക വിശകലനം ചെയ്യുന്നു, ആദ്യരചന. സവർണ, ദേശീയ, പുരുഷ സാംസ്‌കാരിക പൊതുമണ്ഡലത്തിൽ അദൃശ്യരാക്കപ്പെട്ട സ്ത്രീകളുടെ പ്രതിഭയും ഭാവനയും പത്മിനിയുടെ ഹ്രസ്വമായ കലായുസ്സിൽ എങ്ങനെ പെണ്ണുടലിന്റെയും പ്രകൃതിയുടെയും ചിത്രകാമനകളിലൂടെ വരജീവിതമായി മാറി എന്ന് കവിത വിവരിക്കുന്നു. ഒ.വി. വിജയന്റെ സഹോദരി, ഒ.വി. ശാന്തയെന്ന ചിത്രകാരിയുടെ താരതമ്യേന അജ്ഞാതമായ രചനാലോകം മറനീക്കുന്നു, മറ്റൊരു ലേഖനം. മൂന്നാം ലേഖനത്തിൽ മധ്യേന്ത്യൻ ഗോത്രവിഭാഗങ്ങളിൽപെട്ട ജപ്പാനിശ്യാം, ശാന്താബാരിയ എന്നീ രണ്ടു ചിത്രകാരികളുടെ ഭാവനാജീവിതത്തിന്റെ അതിസങ്കീർണവും നാടകീയവുമായ വംശസ്വത്വസംഘർഷങ്ങൾ വിവരിച്ചുകൊണ്ട്, കലാപഠനത്തിന്റെയും നഗരജീവിതത്തിന്റെയും ദന്തഗോപുരങ്ങളും ഗോത്ര, പ്രാദേശിക, ഗ്രാമീണകലകളുടെ താവഴികളും തമ്മിലുള്ള അന്തരമന്വേഷിക്കുന്നു. നാടോടി-നാഗരിക കലാപാരമ്പര്യങ്ങൾ തമ്മിലുള്ള വൈരുധ്യങ്ങളുടെ നരവംശശാസ്ത്രപരവും സൗന്ദര്യശാസ്ത്രപരവുമായ വിശകലനം.

സി.എൻ. കരുണാകരന്റെ വൈവിധ്യമാർന്ന ചിത്രകലാപരീക്ഷണങ്ങളെ രൂപ-മാധ്യമങ്ങൾ മുൻനിർത്തി സൂക്ഷ്മമായവലോകനം ചെയ്യുന്നു, മറ്റൊരു ലേഖനം. എ. രാമചന്ദ്രൻ മുതൽ ഗണേശ് പൈൻ വരെയുള്ളവരുമായി തുലനം ചെയ്ത് കരുണാകരന്റെ ചിത്രഭാഷയിലെ പ്രാദേശികതയും ദേശീയതയും തമ്മിലുള്ള കൊടുക്കൽവാങ്ങലുകൾ കവിത വിശദീകരിക്കുന്നു.

ചിത്രകലാനിരൂപണത്തിൽ കവിത പ്രകടിപ്പിക്കുന്ന മൗലികമായ അക്കാദമിക സമീപനം, കേരളീയ കലാചരിത്രത്തിൽ അവർക്കുള്ള സവിശേഷമായ അവഗാഹവും വിമർശനാത്മക നിലപാടുകളുമാണ്. ഈ രീതി ഏറ്റവും കൂടുതൽ പ്രകടമാകുന്ന മേഖലകളിലൊന്ന് ആനുകാലികങ്ങളിലെ ഇലസ്‌ട്രേഷന്റെ ചരിത്രാപഗ്രഥനമാകുന്നു. ഈ വിഷയം ചർച്ച ചെയ്യുന്നു, അടുത്ത ലേഖനം.

അച്ചടിയുടെ സാംസ്‌കാരിക ഉപഭോക്താക്കളെ വിളിക്കാൻ 'വായനാമനുഷ്യർ' എന്ന സംജ്ഞയുപയോഗിക്കുന്നു, കവിത. വായനാമനുഷ്യരുടെ കാഴ്ചസംസ്‌കാരത്തിന്റെ രൂപവും മാധ്യമവുമാണ് ഇലസ്‌ട്രേഷൻ. അസാധാരണമായ ഉൾക്കാഴ്ചയോടെ സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ മണ്ഡലങ്ങളിൽ ചിത്രകല സൃഷ്ടിച്ച ജനപ്രിയഭാവുകത്വത്തിന്റെ വേരുകളും ശിഖരങ്ങളും കണ്ടെടുക്കുന്നു, കവിത. ചിത്രകല, മാധ്യമപ്രവർത്തനം, സാഹിത്യം എന്നീ മൂന്നു വ്യവഹാരങ്ങളുടെ കൂടിച്ചേരലിൽനിന്നുടലെടുക്കുന്ന സാംസ്‌കാരികാനുഭൂതിയെന്ന നിലയിൽ ഇലസ്‌ട്രേഷന്റെ ചരിത്രമെഴുതുന്നു അവർ. എം വി ദേവനും എ. എസും നമ്പൂതിരിയും സി.എന്നും അരനൂറ്റാണ്ടോളം കാലം ആനുകാലികങ്ങളിലുണ്ടാക്കിയെടുത്ത ചിത്രപ്രതിനിധാനത്തെ 'ഇരുപതാം നൂറ്റാണ്ടിലെ മലയാളി സാംസ്‌കാരികതയുടെ ഫോറൻസിക് തെളിവുകൾ' എന്നാണ് കവിത വിളിക്കുന്നത്. (ഈ പുസ്തകത്തിലുടനീളമുണ്ട്, ഭാഷയിൽ കവിത സൃഷ്ടിക്കുന്ന ഇത്തരം ശൈലീവിശേഷങ്ങൾ. ഭാവത്തിൽ, കവിതയുടെ ലേഖനങ്ങൾ പുലർത്തുന്ന സങ്കല്പനപരവും സംജ്ഞാപരവുമായ സങ്കീർണതകളുടെ മറുവശമാണ് 'കാവ്യാ'ത്മകം പോലുമായ ഇത്തരം ഭാഷാവിചാരങ്ങൾ.) മറ്റൊരാളും കാണാത്തവിധം ഇലസ്‌ട്രേഷന്റെ സൂക്ഷ്മരാഷ്ട്രീയങ്ങളെ, കലയുടെയും മാധ്യമത്തിന്റെയും സാഹിത്യത്തിന്റെയും വിസ്മയകരമായ ലാവണ്യസംയുക്തങ്ങളെ, കവിത കണ്ടെടുക്കുന്നു. ഫോട്ടോഗ്രഫിയുടെയും സിനിമയുടെയും, ഇന്നിപ്പോൾ മൊബൈൽ ഫോണിന്റെയും ഡിജിറ്റൽ കാമറയുടെയും ദൃശ്യസമ്പന്നതകളെയും സാധ്യതകളെയും പോലും വെല്ലുവിളിച്ചുകൊണ്ട് ഇലസ്‌ട്രേഷൻ സാഹിത്യവായനയുടെ അനുഭൂതിലോകങ്ങൾ മാറ്റിയെടുക്കുന്നതിന്റെ കലയും പ്രത്യയശാസ്ത്രവും കവിത വിശകലനം ചെയ്യുന്നു. അതേസമയംതന്നെ നമ്പൂതിരിയുടെ ചിത്രരചനാശൈലി നേടിയ വൻ ജനപ്രീതി, കലാവരുദ്ധവും അരാഷ്ട്രീയവുമായ ഒരു ലാവണ്യലാലസയുടെ ലക്ഷണമായി തിരിച്ചറിയുകയും ചെയ്യുന്നു, കവിത. നിസംശയം പറയാം, കേരളീയാധുനികതയുടെ ദൃശ്യസംസ്‌കാരത്തിന്റെയും ഭാവുകത്വപരിണാമത്തിന്റെയും ചരിത്രത്തിന് സ്വന്തമായി ഒരധ്യായമെഴുതുകയാണ് കവിതാബാലകൃഷ്ണൻ.

സാഹിത്യത്തിന്റെയോ ഇതര അച്ചടിരൂപങ്ങളുടെയോ വായനയും ചിത്രങ്ങളുടെ കാഴ്ചയും ചേർന്നു നിർമ്മിക്കുന്ന ഉഭയഭാവങ്ങളുടെ പല മാധ്യമങ്ങളിലും പ്രതലങ്ങളിലും നിന്നുള്ള വിശകലനമാണ് തുടർന്നുള്ള ചില ലേഖനങ്ങൾ. എഴുത്തും രേഖയും തമ്മിൽ, വാക്കും വരയും തമ്മിൽ രൂപംകൊണ്ട രസസമവാക്യത്തിന്റെ കഥകൾ.

കെ.എം. മധുസൂദനന്റെ 'ബയോസ്‌കോപ്പി'നെക്കുറിച്ചാണ് മറ്റൊരു ലേഖനം. ചലച്ചിത്രകാരനെന്നതിനെക്കാൾ ചിത്രകാരൻ നിറഞ്ഞുനിൽക്കുന്നു, ബയോസ്‌കോപ്പിനു പിന്നിൽ. ചലനചിത്രങ്ങൾക്കുള്ളിൽ കവിത കണ്ടെടുക്കുന്ന നിശ്ചലച്ചിത്രങ്ങളുടെ വിചിത്രമായൊരു കൊളാഷ്.

ആഗോളവൽക്കരണത്തിന്റെ ദൃശ്യസാക്ഷാത്കാരം നടത്തുന്ന ഗോപീകൃഷ്ണ എന്ന ചിത്രകാരനെക്കുറിച്ചാണ് ഇനിയൊരു ലേഖനം. രവിവർമ മുതൽ മാധവമേനോൻ വരെയുള്ളവർ നിർമ്മിച്ച കേരളീയ ആധുനിക ചിത്രകലാഭൂമികയ്ക്കു പുറത്ത് ഗോപീകൃഷ്ണ നിർമ്മിച്ച ഒരു ചിത്രവംശപുരാണത്തിന്റെ തിരശ്ശീല നീക്കുന്ന പഠനം.

വിഖ്യാത ചിത്രകാരനായ സുരേന്ദ്രൻനായർ 1980കളിലും 90കളിലും തന്റെ ചിത്രങ്ങൾ കൊണ്ടു നിർമ്മിച്ച 'കുക്കുണേ ബുലോപോളിസ്' എന്ന വിചിത്ര നാഗരികമണ്ഡലത്തെക്കുറിച്ചാണ് അടുത്ത ലേഖനം. പൊതുവെ രാജ്യാന്തരാംഗീകാരം നേടിയ മലയാളി ചിത്രകാരന്മാരെ മലയാളമാധ്യമങ്ങളോ നിരൂപകരോ സാമാന്യമായിപ്പോലും പരിചയപ്പെടുത്താറില്ല. കവിത, സുരേന്ദ്രൻനായരുടെ കലയും പ്രതിരോധവും സമർഥമായി വിശകലനം ചെയ്യുന്നു. 'ഒറ്റക്കാലൻ കൊറ്റിമനുഷ്യൻ' മുതലുള്ള നിരവധി ചിത്രങ്ങൾ മുൻനിർത്തി ആസുരമായ തന്റെ കാലത്തിന്റെ മതരാഷ്ട്രീയത്തോടും വിധ്വംസക ദേശീയതയോടും ക്ഷുദ്രജാതീയതയോടും കലഹിക്കുന്ന കലാകാരനെ കാണിച്ചുതരുന്നു.

ലേലങ്ങൾ, ഗാലറികൾ, മ്യൂസിയങ്ങൾ, ശേഖരങ്ങൾ, പ്രദർശനങ്ങൾ... എന്നിങ്ങനെ കലയുടെ ആഗോളവിപണിയുമായി പലനിലകളിൽ ബന്ധപ്പെടുന്ന സംസ്‌കാരവ്യവസായത്തിന്റെ പ്രശ്‌നങ്ങളെ മുൻനിർത്തി കവിതയെഴുതിയ ശ്രദ്ധേയമായ ഒരുപറ്റം ലേഖനങ്ങൾ തുടർന്നു വരുന്നു.

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തുതന്നെ സോത്ബി, ക്രിസ്റ്റി തുടങ്ങിയ ലേലസ്ഥാപനങ്ങൾ കണ്ണുതള്ളിക്കുന്ന വിലയിൽ കലാസൃഷ്ടികളുടെ വിപണനം സാധ്യമാക്കുന്ന വിസ്മയം ചൂണ്ടിക്കാണിച്ചുകൊണ്ട് കവിത മലയാളത്തിൽ മുൻപാരും ചർച്ചചെയ്യാത്ത ആഗോള കലാവിപണിയുടെ സാംസ്‌കാരിക-സമ്പദ് രാഷ്ട്രീയം വിശകലനം ചെയ്യുന്നു. കലയുടെ മാധ്യമം, സങ്കേതം തുടങ്ങിയവയ്ക്ക് സംസ്‌കൃതിയിലേക്കു സംഭവിക്കുന്ന പരിണാമത്തിന്റെ കൂടി കഥയാണിത്. ആർട്ട് ക്യൂറേറ്റർമാർ, കളക്ടർമാർ, ഓക്ഷൻ എക്‌സ്‌പേർട്‌സ്, ഡീലർമാർ (ആർട്ട്‌സ്മഗ്‌ളർമാർ ഒഴികെ!) എന്നിങ്ങനെ കലാവിപണിയുടെ സൈന്യാധിപന്മാരുടെ ലോകം കവിത പരിചയപ്പെടുത്തുന്നു.

ഒരു രാഷ്ട്രത്തിനുള്ളിൽ മറ്റൊരു രാഷ്ട്രമായോ ഒരു ദേശത്തിനുള്ളിൽ മറ്റൊരു ദേശമായോ പ്രവർത്തിക്കുന്ന അസാധാരണമായ കലാമണ്ഡലത്തിന്റെ സമകാല സാംസ്‌കാരികമാനങ്ങളുടെ ചില മുഖങ്ങളാണ് ഗാലറികളെയും മ്യൂസിയങ്ങളെയും കേന്ദ്രീകരിക്കുന്ന അടുത്ത ലേഖനത്തിൽ അനാവരണം ചെയ്യപ്പെടുന്നത്. 'അൃ േുൗയഹശര' എന്ന സങ്കല്പനം വിശദീകരിച്ചുകൊണ്ട് കൊച്ചി-മുസിരിസ് ബിനാലെയുടെ ഒന്നാം എഡിഷന്റെ സാധ്യതകൾ ഈ ലേഖനത്തിൽ കവിത ചർച്ചചെയ്യുന്നു. ആധുനിക കലാസംവാദങ്ങളിൽ പ്രാമുഖ്യം നേടാതിരുന്ന കലാവിപണിയുടെ നാനാർഥങ്ങളിലേക്കിറങ്ങിച്ചെന്ന് കലാവ്യവസായത്തിന്റെ സമകാലസാധ്യതകൾ ചർച്ച ചെയ്യുന്നു, കവിത.

ആഗോളവിപണിക്കും ഡിജിറ്റൽ സാങ്കേതികതക്കും പ്രാമുഖ്യം കൈവന്ന ബിനാലെയുടെ രാഷ്ട്രീയവിവാദങ്ങൾ ചർച്ചക്കെടുക്കുന്നു, അടുത്ത ചില ലേഖനങ്ങൾ. സമീപകാല ഇന്ത്യൻ കലയുടെ രാഷ്ട്രീയാന്തർധാരകളും ദേശീയ-പ്രാദേശിക സ്വത്വഭേദങ്ങളും കലയെയും കലാപ്രദർശനങ്ങളെയും ചൊല്ലി നടക്കുന്ന തർക്കങ്ങളും ഇഴകീറി പരിശോധിക്കുന്നു, കവിത. നോക്കുക:

'അടക്കാനാകാത്ത നവീകരണാശയങ്ങളുടെ തള്ളിച്ചയിൽ സമകാലിക കല പലപ്പോഴും സമൂഹത്തിനു മുന്നിൽ ഈ പ്രദർശനത്തെപ്പോലെ പ്രഹസന കുമ്പസാരത്തിന്റെ രീതി സ്വീകരിക്കാറുണ്ട്. കലാകാരസ്വത്വം വിശുദ്ധമായ രാഷ്ട്രീയഭാവനകൾകൊണ്ട് നിർമ്മിക്കുന്ന എടുപ്പുകളായി കാണാവുന്നതിന്റെ പരിധികൾ കഴിഞ്ഞിരിക്കുന്നു. ഒരാളുടെ രാഷ്ട്രീയം മറ്റൊരാളുടെ മേലുള്ള അധിനിവേശമാകാം. അത് പിന്നെയും മറ്റൊരാൾക്ക് അസംബന്ധവുമാകാം. വ്യത്യസ്തമായ ഇത്തരം നിലപാടുതറകൾ നിലവിൽ വരാനുള്ള ഇടം എന്നത് വളരെ അസ്വാഭാവികവും അപരിചിതവും അതിനാൽതന്നെ ദുരൂഹവുമായി കാണപ്പെടാം.

ഈ പ്രദർശനത്തെ മുൻനിർത്തി പറയാം, കലയുടെ അകാല്പനികമായ ഒരു അന്തരീക്ഷത്തെ സംവാദാത്മകമായി ആവിഷ്‌കരിക്കാൻ, കാലവും ചില കലാകാരന്മാരുമെങ്കിലും പാരമായിരിക്കുന്നു. കേരളത്തിന്റെ മാത്രമല്ല, സമകാലിക കലയുടെയും രാഷ്ട്രീയസംസ്‌കാരത്തിൽ ഏറെക്കാലമായിട്ടുണ്ടായിരുന്ന ആശയക്കുഴപ്പങ്ങൾ അടുത്തറിയാനാകുന്നു. പതിവുപോലെ, ഈ ആശയക്കുഴപ്പം ആഗോള സാമ്പത്തികമാന്ദ്യമോ ഗ്ലോബലൈസേഷനോ കലയുടെ കച്ചവടവത്കരണമോ ആവിഷ്‌കാരസ്വാതന്ത്ര്യക്കേടോ മതമൗലികവാദമോ കാരണംകൊണ്ടാണെന്നു വിചാരിച്ചിട്ടും അതിലൊക്കെ സത്യങ്ങളുണ്ടായിട്ടും ഫലമില്ല. ഈ ആശയക്കുഴപ്പം, കലയെന്ന വ്യവഹാരം യഥാർത്ഥത്തിലെന്തെന്ന് ജീവിതത്തെ സാക്ഷിനിർത്തി ആലോചിക്കാതിരിക്കുന്നതുകൊണ്ടാകാം. ആധുനിക കലയും ആർട്ട് ഗാലറി പ്രവർത്തനവും ഒരു കപട ഇടമാണെന്ന് അർദ്ധസമ്മതം മൂളി ഏറെക്കാലം ഇരുന്നതുകൊണ്ടാകാം!'.

മുഖ്യമായും ഫൈൻ ആർട്‌സ് കോളേജുകൾ കേന്ദ്രീകരിച്ചു നടക്കുന്ന കലാവിദ്യാഭ്യാസത്തിന്റെ അക്കാദമിക, സൗന്ദര്യശാസ്ത്രമാനങ്ങൾ അന്വേഷിക്കുന്നു, അടുത്തുവരുന്ന രണ്ടുമൂന്നു രചനകൾ. അടുത്തകാലത്തന്തരിച്ച രാജൻ എം. കൃഷ്ണന്റെ കലാശൈലി, കവിതയും ചിത്രകലയും തമ്മിലുള്ള കലർപ്പുകൾ, ടോം വട്ടക്കുഴിയുടെ ഇലസ്‌ട്രേഷനുകളിലെ വെളിച്ചത്തിന്റെ സവിശേഷ സാന്നിധ്യം തുടങ്ങിയവ ചർച്ചചെയ്യുന്ന ലേഖനങ്ങളും ഈ ഭാഗത്തുണ്ട്. ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകരിച്ച ടോമിന്റെ 'അന്ത്യഅത്താഴ'ചിത്രത്തിന്റെ കലയും രാഷ്ട്രീയവും കവിത വിശകലനം ചെയ്യുന്നു. 'ലിയനാർഡോ ഡാവിഞ്ചിയുടെ മാസ്റ്റർ പീസായ തിരുവത്താഴത്തെ (ഘമേെ ടൗുുലൃ) ഓർമ്മിപ്പിച്ചേക്കാവുന്ന ഒരു പെയിന്റിങ്ങാണ് ഇവിടെ ഇലസ്‌ട്രേഷൻ. പക്ഷേ, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അഭ്യസ്തവിദ്യരായ വായനക്കാർ, കാഴ്ചക്കാർ, ഇത്തിരി പരിചയസമ്പന്നത കാണിക്കേണ്ടതുണ്ട്. 'അതിൽ യേശുവില്ല, പകരം നഗ്നയാം പെണ്ണാണ്. അതിൽ ശിഷ്യന്മാരില്ല, പകരം കന്യാസ്ത്രീകളാണ്' എന്നൊക്കെപ്പറഞ്ഞു പകരത്തിനു പകരം ചെയ്ത ചിത്രമാണിതെന്ന് കണ്ടവഴി പെട്ടെന്നുറപ്പിക്കുന്നതു ശരിയല്ല. ചിത്രത്തിൽ കണ്ടതെന്തെന്നു സൂക്ഷ്മമായി നോക്കാൻ മറക്കാവതല്ല. ചിത്രകാരന്മാർ സ്വതവേ കാഴ്ചയെ ചിന്തിപ്പിക്കുന്നവരാണ്. എഴുത്തുകാരനും ചിന്തിപ്പിക്കും. സാഹിത്യവും കലയും ലീലാപ്രിയവുമാണ്. അതൊക്കെയല്ലേ കലയുടെ ഒരു മഹത്ത്വം? അനുഭൂതികൊണ്ട് ഒന്നു കളിക്കാനും ചിന്തിക്കാനും കിട്ടുന്ന അവസരത്തിനുവേണ്ടിയല്ലേ അതാവശ്യമുള്ളവർ പണംകൊടുത്ത് ഒരു മാസിക വാങ്ങുന്നത്? അതിനാൽ പതിവായി പാഠാന്തരങ്ങളുടെ ഭാഷ പ്രയോഗിക്കാറുള്ള ഒരു ഇലസ്‌ട്രേറ്റർ പ്രഥമദൃഷ്ട്യാ തെറ്റിച്ച നിങ്ങളുടെ വ്യാഖ്യാനവഴിയിൽ തെറ്റിത്തന്നെ തുടർന്നുനിന്നുകൊണ്ട് വാളെടുക്കുംമുൻപ് അതോടു ചേർന്ന സാഹിത്യവും വായിക്കേണ്ടതാണ്. എന്നിട്ടു വീണ്ടും സൂക്ഷിച്ചുനോക്കേണ്ടതാണ്.

വരച്ചിരിക്കുന്നത് തിരുവത്താഴമല്ല. ഒരു നാടകത്തിലെ സെറ്റിങ് ആണത്. പഴയകാലത്തെ ഒരു ചിത്രപ്രദർശന ഉപകരണമായ ബയോസ്‌കോപ്പ് എന്ന 'പ്രമാദപടങ്ങൾ-കാണിക്കും സൂത്രം' ഒരു നാട്ടിൽ പ്രദർശിപ്പിക്കാൻ വന്ന പ്രദർശകൻ, അയാളുടെ 'മാതാഹരി' എന്ന പ്രമാദചിത്രത്തിലെ വിഷയമാകുന്ന ആ സ്ത്രീജീവിതംതന്നെ സ്വന്തം കവിതയ്ക്ക് വിഷയമാക്കിയ (വൈലോപ്പിള്ളി ശ്രീധരമേനോൻ എന്ന) അക്കാലത്തെ യുവകവി എന്നിവർക്കു പുറമേ, അവരുടെ കലാസൃഷ്ടിയിലെ ആ സ്ത്രീ കഥാപാത്രവും ജീവൻവെച്ച് ഇവരോടൊപ്പം സി. ഗോപന്റെ നാടകത്തിലെ കഥാപാത്രമാകുന്നു.

'മൃദ്വംഗിയുടെ ദുർമൃത്യു', യഥാർത്ഥത്തിൽ ഒരു നാടകാവതരണത്തെക്കുറിച്ചുതന്നെയുള്ള നാടകമാണ്. അതിൽ പല കാലങ്ങൾ പ്രവർത്തിക്കുന്നു. ഒന്നാം ലോകമഹായുദ്ധകാലം, വൈലോപ്പിള്ളിയുടെ കാലം, നാടകകൃത്ത് സി. ഗോപന്റെയും ചിത്രകാരൻ ടോമിന്റെയും നമ്മുടെയും ഒരുമിച്ചുള്ള കാലം ഒക്കെ ഇതിൽ പിണഞ്ഞുകിടക്കുന്നു. കാലദേശങ്ങളുടെ പല അടരുകൾ അഥവാ പാഠാന്തരങ്ങളുള്ള ഒരു നിർമ്മാണമാണ് ഈ നാടകവും. അതു മനസ്സിലാക്കിയ വായനക്കാരൻ കൂടിയാണ് ഇലസ്‌ട്രേറ്ററെന്നതിനാൽ ചിത്രത്തിലും കലാഭാഷയുടെ പല ചരിത്രങ്ങൾ കൂടിക്കിടക്കുന്നു. നാടകത്തിലെ തീന്മേശ എന്ന പാഠം അതിനു ചുറ്റും ഇരിക്കുന്ന ആളുകളുടെ രൂപംകൊണ്ടും സ്വഭാവം കൊണ്ടും തിരുവത്താഴമെന്ന ഒരു പാഠത്തിന് ഒരു അന്തർജീവിതം കൊടുക്കുന്നുണ്ടെങ്കിലും, ചിത്രം ഇതിലെ ഏതെങ്കിലും ഒരു പാഠത്തെ ഒറ്റയ്ക്കു നിർത്തുന്നില്ല. സാധ്യമാകുന്ന പലതരം വ്യാഖ്യാനമാണ്/ചിത്രത്തിന്റെ ലക്ഷ്യം. എന്താണ് വരയ്ക്കപ്പെട്ടിരിക്കുന്നത് എന്ന ചോദ്യത്തിന് അതിനാൽ ഉത്തരമില്ല'.

വിവേക് വിലാസിനി, ഗസ്സയിലെ ബുർക്ക ധരിച്ച പന്ത്രണ്ടു സ്ത്രീകളെ മുൻനിർത്തി വരച്ച 'അന്ത്യഅത്താഴ'വുമായി താരതമ്യം ചെയ്ത് ടോമിന്റെ രചനക്കുമേൽ മലയാളി നടപ്പാക്കിയ ചിത്രവധത്തിന് തീഷ്ണമായ വിമർശനക്കുറിപ്പെഴുതുന്നു, കവിത.

കേസരി ബാലകൃഷ്ണപിള്ള മുതൽ കവിതാബാലകൃഷ്ണൻവരെ നീളുന്ന മലയാള കലാവിമർശനത്തിന്റെ ഒരു നൂറ്റാണ്ടോടടുക്കുന്ന ചരിത്രം കലയെ, വിശേഷിച്ചും ചിത്രകലയെ ഒരു സ്വതന്ത്ര ലാവണ്യമണ്ഡലമായി അത്രയൊന്നും തിരിച്ചറിഞ്ഞിട്ടില്ല. മിക്കപ്പോഴും സാഹിത്യവുമായി ബന്ധപ്പെടുത്തിയും താരതമ്യം ചെയ്തുമാണ് കലാനിരൂപകർ ഈ രൂപത്തെ സമീപിക്കുന്നതുതന്നെ. കവിത, ചിത്രകലാനിരൂപണത്തിൽ സ്വീകരിക്കുന്ന മൗലികമായ വഴി, ഈ സമ്പ്രദായത്തിൽ നിന്നുള്ള ഒരു മാറിനടപ്പാണ്. ചിത്രകലാചരിത്രം, സാങ്കേതികത, മാധ്യമം, പ്രതലഭിന്നതകൾ, രൂപപരീക്ഷണങ്ങൾ, ഭാവരാഷ്ട്രീയങ്ങൾ, സാമൂഹ്യപ്രതിസന്ധികൾ, വിപണി, കലയ്ക്കു കൈവന്ന സ്വതന്ത്രപദവികൾ, പ്രതിരോധ ധർമങ്ങൾ, സൗന്ദര്യവിപ്ലവങ്ങൾ, കലാചിന്തയുടെ വഴിവെളിച്ചങ്ങൾ, കലാപഠനം, പ്രദർശനം, ദേശീയതയും പ്രാദേശികതയും, ആഗോളകലയുടെ സമകാല സാധ്യതകൾ..... ചിത്രകലയുടെ അക്കാദമിക പഠനപദ്ധതികളെ സശ്രദ്ധം പിന്തുടർന്നും സങ്കല്പനപരവും സംജ്ഞാപരവുമായ കൃത്യതകൾ പാലിച്ചും സൈദ്ധാന്തികതയെ സൗന്ദര്യാത്മകതയോടിണക്കിയും കവിത തന്റെ കലാനിരൂപണപദ്ധതിയിൽ മുന്മാതൃകകളില്ലാത്ത ഒരിടം സ്വന്തമാക്കുന്നു. അതുവഴി, സംസ്‌കാരവ്യവസായവും രാഷ്ട്രീയാബോധവുമായി ചിത്രകലയ്ക്ക് സമൂഹത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുള്ള ലാവണ്യനിയമങ്ങളെ സൂക്ഷ്മവും സുഭദ്രവുമായി കണ്ടെടുക്കുകയും ചെയ്യുന്നു.

പുസ്തകത്തിൽ നിന്ന്:-

'ഇലസ്‌ട്രേഷന്റെയും വായനയുടെയും ജനപ്രിയത സങ്കീർണ്ണമാണ്. ഒപ്പം ചേരുന്ന സാഹിത്യത്തിന്റെ മണം ചിത്രത്തിനും അടിക്കും. ഉദാഹരണത്തിന്, ആളുകൾ അധികം വെളിപ്പെടുത്താത്ത ഗൂഢസുഖങ്ങളുടെ വിചാരിപ്പുകളാണ് 'പൈങ്കിളിവാരികകളിലെ' ചിത്രീകരണങ്ങൾ. എന്നാൽ സാംസ്‌കാരിക പെഡിഗ്രി കൂടുതലുള്ള വാരികകളിലെ ചിത്രീകരണങ്ങൾ 'വാക്കിന്റെ ഭംഗിക്ക് വരയുടെ താങ്ങ്' എന്ന് പൊതുവേ വിശ്വസിക്കുന്നതിനാൽ അതിന്റെ അമിതമായ സാഹിത്യബന്ധം കൊണ്ടുതന്നെ ഒരു ജനപ്രിയസംസ്‌കാരത്തിലേക്ക് ദൃശ്യപരതകൊണ്ടുമാത്രം നേരിട്ടു ചെല്ലുന്നില്ല. അതിനു മറ്റു സംസ്‌കാര പ്രതിനിധാന മാതൃകകളുടെ പരാമർശസാധ്യതകൾകൂടി പരിഗണിക്കണം. വരേണ്യവും ജനപ്രിയവുമായ ചില സംസ്‌കാര സ്റ്റീരിയോടൈപ്പുകളുടെ ആവർത്തനം കൊണ്ടുള്ള വിദഗ്ദ്ധമായ ദേഹാന്തരപ്രാപ്തി വേണം. അവ നേടിയെടുത്ത് രേഖാചിത്രങ്ങളെ പ്രാദേശികസ്വത്വബോധത്തിന്റെ ആവാഹനശേഷിയുള്ള മന്ത്രച്ചിഹ്നമാക്കി മാറ്റാൻ നമ്പൂതിരി പ്രത്യേകം ശ്രമിച്ചിട്ടുണ്ട്. കലയുടെയെന്നതിനെക്കാൾ 'കലാത്മകത'(Arttsiic)യുടെ വ്യാവഹാരികത നമ്പൂതിരിയും മലയാളി വായനമനുഷ്യരും ഒരുമിച്ചുപയോഗിക്കയുണ്ടായി.

എന്നാൽ പ്രദേശമെന്ന ഒതുങ്ങിയ വികാരത്തിന്റെ ആധിക്യം മൂലവും (വിഗ്രഹാത്മകമോ സാധാരണമോ ആയ) മനുഷ്യരൂപരസം വിട്ടൊരു കളി തനിക്കു വേണ്ടതില്ലെന്ന വിചാരം മൂലവും അദ്ദേഹം തനിക്കായി സ്വയം വിധിച്ചതും ആധുനികവാദ കാലഘട്ടം അദ്ദേഹത്തിനു കല്പിച്ചടും ഒന്നുതന്നെ. അതിസൂക്ഷ്മമായി പല മാത്രകളിൽ നടന്ന ഭ്രഷ്ടകൾ. അതായത്, ആധുനിക കലയുടെ സംരക്ഷിതവും സ്വതന്ത്രവുമായ ദുർഗങ്ങളിൽവച്ച് പരിശീലിച്ച കണ്ണുകൊണ്ട് നോക്കിയാൽ മറ്റ് ഇലസ്‌ട്രേറ്റർമാർക്കെന്നപോലെതന്നെ ഈ നമ്പൂതിരിക്കും ഒരു 'ക്ഷേത്രം' കണ്ണിൽപ്പെടില്ല.

അദ്ദേഹത്തിന്റെ രൂപമാതൃകകൾ എൺപതുകളിലും തൊണ്ണൂറുകളിലും നേടിയ 'ആനന്ദതുന്തിലത്വം', പ്രത്യേകിച്ച് സ്ത്രീരൂപങ്ങൾ ചെയ്യുമ്പോഴുള്ള കളികാര്യങ്ങൾ അത്രയങ്ങു നിഷ്‌കളങ്കമായി സംഭവിച്ചതുമല്ല. മലയാളിയെന്ന നോട്ടസമൂഹത്തിന്റെ ആഗ്രഹങ്ങൾ അറിഞ്ഞുകൊണ്ട് വിദഗ്ദ്ധമായി അദ്ദേഹം സ്വരൂപിച്ചതാണ് ആ സുന്ദരിച്ചിത്രങ്ങൾ. ആധുനിക മലയാളി പൗരസമൂഹത്തിന്റെ കാഴ്ചവട്ടത്തിൽ ആനന്ദശീലത്വവും കാഴ്ചയുടെയും ആശയത്തിന്റെയും കാര്യത്തിലുമുള്ള ഇരട്ടത്താപ്പുണ്ട്. ആശയപരമായി തമ്മിൽത്തമ്മിൽ അഭിരുചിഭിന്നത പുലർത്തുന്നവരെങ്കിലും ഏതോ മാസ്മരവിദ്യ കാണുംപോലെ ചിത്രത്തെയും വരയ്ക്കുന്ന ചിത്രകാരനെയും നോക്കിനിൽക്കാവുന്ന, സ്വന്തമാക്കാവുന്ന, കാഴ്ചക്കാരനാണ് നമ്പൂതിരിയുടെ മുമ്പിലുള്ള 'വായനമനുഷ്യൻ'. തങ്ങളുടെ ഈ അഴകൊഴമ്പൻ കാഴ്ചയെക്കുറിച്ച് തികഞ്ഞ ബോധ്യമുള്ള എഴുത്തുകാരും ചിത്രീകരണക്കാരനും വായനക്കാരും തമ്മിലുള്ള ഉടമ്പടിയാണ് പിന്നെ നമ്പൂതിരിയുടെ പ്രവർത്തനത്തെ നിലനിർത്തിയത്. 'ഓളിത്ര സുന്ദര്യാച്ചാ ഇങ്ങടെയക്യാ' എന്ന ആസ്വാദനം വി.കെ.എൻ. നടത്തിയത് വെറുതേയല്ല. ഉയർന്ന കലയുടെ ഒരവകാശവാദവും വേണ്ടാത്തവിധം കേവലമായ കാഴ്ചയുടെയും ഉപഭോഗത്തിന്റെയും തലത്തിലാണ് ചിത്രീകരണം തന്നോട് സംവദിക്കുന്നതെന്നാണ് ആ എഴുത്തുകാരൻ തുറന്നുപറഞ്ഞത്.

ചിത്രകാരൻ എന്ന നിലയിൽ മാതൃഭൂമി, കലാകൗമുദി, കഥ, മലയാളം തുടങ്ങിയ വാരികകളുടെ സാംസ്‌കാരികമായ പദവി ആദ്യമൊക്കെ ഇലസ്‌ട്രേറ്റർ പ്രയോജനപ്പെടുത്തി. വഴിയെ താൻ പ്രത്യേകമായ ഒരു ദേശബോധത്തിന്റെ ക്യാൻവാസിൽ നിരന്തരം അങ്ങനെ വിക്ഷേപിച്ച രൂപമാതൃകകൾകൊണ്ട് ഇലസ്‌ട്രേഷൻ എന്ന (സാഹിത്യ) ആശ്രിതവ്യവഹാരത്തിനകത്തു മാത്രമല്ല, ഈ പൗരസമൂഹത്തിനുള്ളിലാകെത്തന്നെ 'കലയെന്ന' സ്വതന്ത്രവ്യവഹാരമെന്നപോലെ വ്യവഹരിക്കാമെന്ന സ്ഥിതി നമ്പൂതിരിക്ക് വന്നു. എൺപതുകളുടെ ഒടുവിൽ നമ്പൂതിരിചിത്രങ്ങളുടെ 'ഒറിജിനലുകളുടെ' പ്രദർശനം നടന്നു. തന്റെ അനായാസ പ്രചോദിതത്വം തുളുമ്പുന്ന മനുഷ്യരൂപസ്‌കെച്ചുകൾ ഈ വിദഗ്ദ്ധ നോട്ടക്കാരുടെ ദേശത്ത് ഉപകരിക്കുമെന്ന് നമ്പൂതിരിയും തിരിച്ചറിഞ്ഞിട്ടുണ്ട്.

ചുരുക്കത്തിൽ ഏതു സാഹിത്യം കിട്ടിയാലും ഏതാണ്ടൊരേപോലെ നമ്പൂതിരി ഇലസ്‌ട്രേഷൻ ചെയ്യാൻ തുടങ്ങിയത് ഭാവുകത്വജീർണ്ണതകൊണ്ടു മാത്രമല്ല. സാഹിത്യത്തിന്റെ കൂട്ട് തന്റെ കലയുടെ ഉന്മാദത്തിന് വലിയ ആവശ്യമില്ലാതെവന്നപ്പോഴാണ് നമ്പൂതിരി താൻ വർഷങ്ങൾ കൊണ്ട് സ്വരൂപിച്ചെടുത്ത സ്‌കെച്ചിങ്ങിന്റെ ആത്മപ്രചോദിതത്വത്തിൽ നിലയുറപ്പിച്ച് കസറിയത്. അത് സിഗ്നേച്ചർ സ്റ്റൈലായി ഗണിക്കപ്പെട്ടു. അതോടെ എല്ലാ സഹപ്രവർത്തകരുടേതിനെക്കാളും ആ കൈപ്പടയ്ക്ക് മൂല്യം കൂടി.

പക്ഷേ, ഈ ഘട്ടം ഒരു ചിത്രകാരനെന്ന നിലയ്ക്കുള്ള വേറെ ചില വെല്ലുവിളികൾ അദ്ദേഹത്തിന്റെ മുന്നിൽവച്ചു. തനിക്ക് ഇലസ്‌ട്രേറ്റർക്ക് വിധിച്ച സംവരണമില്ലാതെ സ്വതന്ത്രമായി 'കലാകാര'പദവി നൽകാൻ തയ്യാറാകുന്ന ഒരു സമൂഹം ചുറ്റും രൂപമെടുക്കുന്നത് അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാകണം. ജനകീയ വിഗ്രഹഭാഷകളുടെ പ്രകടനപരമായ പെരുമാറ്റവും ചിഹ്നവും അദ്ദേഹത്തിനറിയാം. അതുവരെ വാരികപ്പേജിന്റെ ഉള്ളിലേക്ക് കടംകൊണ്ട പ്രൗഢമോ ജനകീയമോ ആയ പാരമ്പര്യങ്ങളുടെ (കഥകളി, ഭാരതീയ ശില്പകല, പാശ്ചാത്യ നൂഡ് ജനൂസ്സ്) മിശ്രിത രൂപാന്തരങ്ങൾ വാരികപ്പേജിന്റെ നേരേ പുറത്തേക്ക് തന്റെ 'സ്വതന്ത്ര കലാകാര പെരുമാറ്റങ്ങൾ'ക്കായി (മെറ്റൽ റിലീഫുകൾ, ലോഹഭാരതം തുടങ്ങിയ സിരീസ്) പ്രയോജനപ്പെടുത്തി.

പറഞ്ഞുവരുന്നത് മിക്കവാറും നല്ല ചിത്രകാരന്മാരെയെല്ലാം നാടുകടത്തിയ മലയാളത്തിലിരുന്നുകൊണ്ട് തന്റെ ഇലസ്‌ട്രേഷൻ ശീലം ആധാരമാക്കി മറ്റൊരു സഹപ്രവർത്തകനും നിനയ്ക്കാത്തവിധം കുറെ 'കടന്ന' അനുഭവങ്ങൾ നമ്പൂതിരി ഫലത്തിലാക്കി. കേരളത്തിന്റെ പ്രാദേശിക വിനിമയത്തിനകത്തുള്ള വലിയ വിഭാഗം 'നോട്ടക്കാരെ'ക്കൊണ്ട് ഏതാണ്ടൊരു 'വിശ്വദർശനം' ചെയ്ത അനുഭൂതി അനുഭവിപ്പിക്കാൻ നമ്പൂതിരിക്ക് കഴിഞ്ഞു. നോട്ടങ്ങളുടെ സർഗ്ഗാത്മക രതിപരതയുടെ (പുരുഷന്മാരുടെ) കേന്ദ്രത്തിൽ പങ്കെടുക്കാനോ പ്രകോപിതരാകാനോ സാധിച്ച അധികം സ്ത്രീകളെയൊന്നും ഇരുപതാം നൂറ്റാണ്ട് സൃഷ്ടിച്ചതിനു തെളിവില്ല. കലയെഴുത്തും നൈരന്തര്യമുള്ളതല്ല. ഇതൊക്കെ നമ്പൂതിരിയെ 'സംസ്‌കാര വിമർശനത്തിൽ' നിന്ന് രക്ഷിച്ചിരിക്കാം.

പ്രദേശത്തെ ചിഹ്നത്തിൽ കാണിച്ചാലത് 'ലോക'ത്തിനും 'ഇന്ത്യ'യ്ക്കും പകരം നിൽക്കാമെന്നൊരു വിചാരം പ്രാദേശികതകളെ നിലനിർത്തുന്ന ഒരു ജനപ്രിയ മിത്താണ്. അങ്ങനെയൊരു മിത്തിക് ഇടത്ത് ഇന്ന് നമ്പൂതിരി വിരാജിക്കുന്നു. അരനൂറ്റാണ്ടു പിന്നിട്ട ഒരു 'പരാജയക്കളിയിൽ' നമ്പൂതിരി ഒരുതരം 'വിജയശ്രീലാളിതത്വം' അനുഭവിക്കുന്നു'.

കലയുടെ നവലോകം
കവിതാബാലകൃഷ്ണൻ
ഡി.സി. ബുക്‌സ്, 2017
വില : 250 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP