Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാനഭംഗം നടന്നോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തതയില്ല; രാസപരിശോധനയിലും പീഡനം തെളിഞ്ഞില്ല; ജീർണ്ണിച്ചതും മൃതദേഹം കണ്ടെത്തും മുമ്പ് ശക്തമായ മഴയുണ്ടായതും തെളിവുകൾ നശിപ്പിച്ചു; വിദേശിയെ പനത്തുറയിലെ ചെന്തിലക്കരയിൽ എത്തിച്ചത് യോഗാ പരിശീലകനായ പുരുഷ ലൈംഗിക തൊഴിലാളി; അറസ്റ്റ് രണ്ട് ദിവസത്തിനുള്ളിൽ

മാനഭംഗം നടന്നോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തതയില്ല; രാസപരിശോധനയിലും പീഡനം തെളിഞ്ഞില്ല; ജീർണ്ണിച്ചതും മൃതദേഹം കണ്ടെത്തും മുമ്പ് ശക്തമായ മഴയുണ്ടായതും തെളിവുകൾ നശിപ്പിച്ചു; വിദേശിയെ പനത്തുറയിലെ ചെന്തിലക്കരയിൽ എത്തിച്ചത് യോഗാ പരിശീലകനായ പുരുഷ ലൈംഗിക തൊഴിലാളി; അറസ്റ്റ് രണ്ട് ദിവസത്തിനുള്ളിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലാത്വിയൻ സ്വദേശി ലിഗ സ്‌ക്രൊമനെ കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. പ്രതികളിൽ ഒരാൾ പുരുഷ ലൈംഗിക തൊഴിലാളിയും മറ്റുള്ളവർ മയക്കുമരുന്ന് വിതരണ സംഘത്തിലെ അംഗങ്ങളുമാണ്. പുരുഷ ലൈംഗിക തൊഴിലാളിയായ യുവാവാണ് ലിഗയെ പ്രലോഭിപ്പിച്ച് പനത്തുറയിലെ ചെന്തിലക്കരയിൽ എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതുവരെ കേസുമായി ബന്ധപ്പെട്ട് 170 ഓളം പേരെ ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

കസ്റ്റഡിയിലെടുത്ത ചിലർ നൽകിയ മൊഴി കള്ളമാണെന്നും തെളിഞ്ഞിരുന്നു. കൊലപാതകം നടന്നുവെന്ന് കരുതുന്ന 14ന് കോവളത്ത് പ്രതികളെന്നു സംശയിക്കുന്ന നാലു പേരെ കണ്ടവരുണ്ട്. ഇതും അന്വേഷണത്തിൽ നിർണ്ണായകമായി. കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പ് അമിതമായ അളവിൽ ലഹരി വസ്തു ഇവരുടെ ശരീരത്തിൽ എത്തിട്ടുണ്ട് എന്ന് പോസ്റ്റമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിരുന്നു. എന്നാൽ രാസപരിശോധന ഫലം വന്നാൽ മാത്രമെ ഇത് എന്തു വസ്തു ആണ് എന്നു പറയാൻ കഴിയു. ഇതിന് രണ്ട് ദിവസം കൂടി വേണ്ടി വരും. നിർണ്ണായക തെളിവുകൾ ഉടൻ ലഭിച്ചില്ലെങ്കിൽ രണ്ട് ദിവസം കഴിഞ്ഞു മാത്രമേ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തൂവെന്നാണ് സൂചന.

പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുമ്പ് തെളിവുകൾ ശേഖരിക്കുന്നതിനുള്ള തത്രപ്പാടിലാണ് അന്വേഷണ സംഘം. പനത്തുറ ആറ്റിൽ മുങ്ങി തപ്പിയും തെളിവു തേടി. ലിഗയെ പ്രലോഭിപ്പിച്ച് പനത്തുറയിലേക്ക് കൊണ്ടു പോയത് ഒരു യോഗ അദ്ധ്യാപനല്ലെന്നും പൊലീസ് പറയുന്നു. യോഗയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന ആളെയാണ് കസ്റ്റഡിയിലുള്ളത്. യോഗയുടെ പേരിൽ വിദേശികളെ പറ്റിച്ച് പണം തട്ടുന്ന ഒരാളാണ് അനിൽ. കോവളത്തും മറ്റുമെത്തുന്ന ടൂറിസ്റ്റുകളുമായി അടുപ്പമുണ്ടാക്കുകയാണ് ഇയാളുടെ രീതി. യോഗ പരിശീലനം എന്ന പേരിലാണ് ടൂറിസ്റ്റുകളെ വലയിലാക്കുന്നത്. ലിഗയുടെ മൃതദേഹം പനത്തുറയിലെ കണ്ടൽക്കാട്ടിൽ കിടന്നപ്പോഴും ഈ തട്ടിപ്പുകാരൻ അവിടെ എത്തിയിരുന്നു. ലിഗയെ ഇങ്ങോട്ട് കൊണ്ടുവന്നതും ഇയാളാണെന്ന നിഗമനത്തിലാണ് പൊലീസ്.

ലിഗ മാനഭംഗത്തിന് ഇരയായിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത വരുത്താനായിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഇത് വ്യക്തമായിട്ടുമില്ല. ലിഗയുടെ മൃതദേഹത്തിൽ നിന്നുള്ള സാംപിളുകൾ ആറു സ്ലൈഡുകളിലായി രാസപരിശോധനാ ലാബിൽ അയച്ചിരുന്നു. ഇതിലും മാനഭംഗം നടന്നിട്ടുണ്ടോയെന്നത് സംബന്ധിച്ച് വ്യക്തമായിട്ടില്ലെന്നാണ് അനൗദ്യോഗികമായി പൊലീസിന് ലഭിച്ചിരിക്കുന്നവിവരം. അതേസമയം മാനഭംഗത്തിനുള്ള ശ്രമം നടന്നിരുന്നതായും പൊലീസ് പറയുന്നു. അവരെ വലിച്ചിഴച്ചിട്ടുണ്ടെന്നതിന് തെളിവായാണ് കാലിന്റെ പിൻഭാഗത്ത് കണ്ട മുറിവിനെ കാണുന്നു. പീഡന ശ്രമത്തിനിടെ വീണുപോയ ലിഗയെ അക്രമി വലിച്ചിഴിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇത്തരം കാര്യങ്ങൾ സാധൂകരിക്കുന്നതിന് വ്യക്തമായ തെളിവുകൾ വേണം. എന്നാൽ മൃതദേഹം ജീർണ്ണിച്ചതും മൃതദേഹം കണ്ടെത്തുന്നതിന് ഏതാനും ദിവസം മുമ്പ് ശക്തമായ മഴയുണ്ടായതും തെളിവുകൾ നശിച്ചിരിക്കാൻ കാരണമായതായും പൊലീസ് പറയുന്നു.

ലിഗയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെത്തിയ ചെരുപ്പിന്റെ ജോടി കണ്ടെത്താനായാണ് കണ്ടൽക്കാടിനു സമീപമുള്ള ആറ്റിൽ മുങ്ങിത്തപ്പിയത്. സംഭവ സ്ഥലത്ത് നിന്ന് ഒരു ചെരുപ്പ് കിട്ടിയിരുന്നു. എന്നാൽ, ഈ ചെരുപ്പ് ലിഗയുടേതല്ലെന്നു സഹോദരി ഇലീസ് പറയുന്നതു പൊലീസ് സംഘത്തെ കുഴക്കുന്നുണ്ട്. കനാൽ കുറകെ കടക്കുന്നതിനു പകരം ബോട്ട് ഉപയോഗിച്ചു കണ്ടൽക്കാട് കൂടുതലുള്ള ഭാഗത്തേക്കു ലിഗയെ എത്തിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. നേരത്തെ കണ്ടൽ കാടിന് അടുത്തു നിന്നും കിട്ടിയ മുടിനാരിന്റെയും ലിഗയുടെ ആന്തരികാവയവങ്ങളുടെയും ശാസ്ത്രീയ പരിശോധനാ ഫലം കിട്ടിയ ശേഷം അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം.

ലിഗ കൊല്ലപ്പെട്ടതു സംഘം ചേർന്നുള്ള ആക്രമത്തിലാണെന്നു വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. കഴുത്തിനേറ്റ കനത്ത ക്ഷതമാണു മരണകാരണമെന്നും ശരീരത്തിൽ പത്തിലേറെ മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴുത്തിലേറ്റ ക്ഷതം മൂർച്ചയുള്ള ആയുധം കൊണ്ടുള്ളതല്ല. ചവിട്ടി ഞെരിച്ചതോ ശ്വാസം മുട്ടിച്ചതോ ആകാം. ഇതു പരിശോധിച്ചപ്പോഴാണ് ഒന്നിലധികം പേർ ചേർന്നാണ് ആക്രമിച്ചതെന്ന നിഗമനത്തിൽ എത്തിയത്. പോത്തൻകോട് നിന്ന് കോവളത്ത് എത്തിയ ലിഗയെ തന്ത്രപരമായി പനത്തുറയിൽ എത്തിച്ച് പീഡിപ്പിക്കാനായിരുന്നു ശ്രമം. ആരെയും പെട്ടെന്ന് വിശ്വസിക്കുന്ന സ്വഭാവക്കാരിയാണ് ലിഗ. ഇത് പ്രതികൾ മുതലെടുത്തു. പീഡന ശ്രമത്തിനിടെ കൊലപാതകം നടന്നു.

കസ്റ്റഡിയിലുള്ള നാലുപേരുടെ മൊഴികൾ പരസ്പരവിരുദ്ധം. ഉമേഷ്, ഉദയൻ, ലാലു, ഹരി എന്നിവരാണു പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണു സൂചന. ഇവരുടെ മൊഴികളെല്ലാം കളവാണെന്നു കേസിലെ ശാസ്ത്രീയപരിശോധനകളിൽനിന്നു വ്യക്തമായി. ലിഗ കൊല്ലപ്പെട്ട ദിവസം ഇവർ നാലുപേരും വാഴമുട്ടത്തെ കണ്ടൽക്കാട്ടിൽ ഉണ്ടായിരുന്നെന്നാണു സൂചന. ലിഗ കണ്ടൽക്കാട്ടിലേക്കു പോകുന്നതു കണ്ടെന്നാണു സമീപവാസിയായ ഉദയൻ പൊലീസിനോടു പറഞ്ഞത്. അപ്പോൾ താൻ വീട്ടിലെ ബാത്ത്റൂമിലായിരുന്നെന്നും ഉദയൻ മൊഴി നൽകി. മൃതദേഹം കിടന്ന സ്ഥലത്തുനിന്നു ലഭിച്ച മുടിനാര് കസ്റ്റഡിയിലുള്ളവരിൽ ഒരാളുടേതാണെന്നു തിരിച്ചറിഞ്ഞു. ബലാത്സംഗശ്രമം ലിഗ ചെറുത്തതാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണു പൊലീസ് നിഗമനം.

പ്രതികൾക്കു കോടതിയിൽനിന്നു സംശയത്തിന്റെ ഒരാനുകൂല്യവും ലഭിക്കാൻ പാടില്ലെന്ന് അന്വേഷണസംഘത്തിനു നിർദ്ദേശമുണ്ട്. പഴുതുകൾ അടച്ച് അന്വേഷണം പൂർത്തിയാക്കുമെന്ന് അന്വേഷണസംഘത്തലവനായ കമ്മിഷണർ പി. പ്രകാശ് പറഞ്ഞു. കൊലപാതകം നടന്ന ദിവസം തങ്ങൾ വീടുകളിലായിരുന്നെന്നു പ്രതികൾ മൊഴി നൽകിയെങ്കിലും വീട്ടുകാരുടെ മൊഴി മറിച്ചായിരുന്നു. ആദ്യത്തെ ചോദ്യംചെയ്യലിൽ, ലിഗയെ കണ്ടിട്ടില്ലെന്നായിരുന്നു ഇവരുടെ മൊഴി. പിന്നീടു പൊന്തക്കാട്ടിൽ മൃതദേഹം കണ്ടെന്നും പേടിമൂലം പുറത്തുപറഞ്ഞില്ലെന്നും തിരുത്തി. ഇതെല്ലാമാണ് കേസിൽ നിർണ്ണായകമായത്.

(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബമേളയും പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി യിൽ പ്രധാന വാർത്തകൾ മാത്രം അപ്ഡേറ്റ് ചെയ്യുന്നതാണ്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP