Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രൂഡ് ഓയിൽ വിലകുറയുന്നതിന്റെ ആനുകൂല്യം പാവപ്പെട്ടവന് മോദി സർക്കാർ നൽകില്ല; വിലകുറയ്ക്കാതെ എക്‌സൈസ് തീരുവ കൂട്ടി; സംസ്ഥാനവും വിൽപ്പന നികുതി കൂട്ടിയതോടെ കേരളത്തിൽ ഇന്ധനവിലയിൽ വർധന

ക്രൂഡ് ഓയിൽ വിലകുറയുന്നതിന്റെ ആനുകൂല്യം പാവപ്പെട്ടവന് മോദി സർക്കാർ നൽകില്ല; വിലകുറയ്ക്കാതെ എക്‌സൈസ് തീരുവ കൂട്ടി; സംസ്ഥാനവും വിൽപ്പന നികുതി കൂട്ടിയതോടെ കേരളത്തിൽ ഇന്ധനവിലയിൽ വർധന

ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വില പൊതുമേഖലാ എണ്ണ കമ്പനികൾ കുറച്ചാലും അതിന്റെ ഗുണം ജനങ്ങളിലെത്താതിരിക്കാൻ മോദി സർക്കാർ വീണ്ടും ഇടപെട്ടു. അന്താരാഷ്ട്ര എണ്ണ വിപണി കുത്തനെ ഇടിയുന്നതിനാൽ പെട്രോളിനും ഡീസലിനും വില കുറയുമെന്നായിരുന്നു സാധാരണക്കാരുടെ പ്രതീക്ഷ. പുതുവൽസര സമ്മാനമായി പെട്രോൾ ഡീസൽ വില കുറയുമെന്നും പ്രതീക്ഷിച്ചു. ഭാഗ്യത്തിന് വില കൂടിയില്ലെന്നു കരുതിയിരിക്കവെയാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് വില വർധിച്ചത്.

ഇന്ധനത്തിന്റെ വിൽപ്പന നികുതി സംസ്ഥാന സർക്കാർ കൂട്ടിയതോടെയാണിത്. പെട്രോളിന് 61 പൈസ വരേയും ഡീസലിന് 46 പൈസവരേയുമാണ് കൂടുക. ഇന്ധനത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രം ഇന്നലെ വർധിപ്പിച്ചതിനു പിന്നാലെയാണ് സംസ്ഥാനവും നികുതി വർധിപ്പിച്ചത്. വിലവർധന വെള്ളിയാഴ്ച അർദ്ധരാത്രി നിലവിൽ വരും.

പൊതുമേഖലാ എണ്ണ കമ്പനികൾ പെട്രോളിന് രണ്ട് രൂപ കുറച്ചപ്പോഴാണ് കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവ രണ്ട് രൂപ കൂട്ടിയത്. ഫലത്തിൽ കുറഞ്ഞ വിലയുടെ ഗുണം ഉപഭോക്താക്കൾക്ക് കിട്ടുകയില്ല. പെട്രോളിനും ഡീസലിനും രണ്ട് രൂപയാണ് എക്‌സൈസ് തീരുവ കൂട്ടയത്. ഇന്ധന വിലയിൽ മാറ്റമുണ്ടാക്കാതെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് കണ്ടെത്താനാണ് നീക്കമെന്ന് പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രഥാൻ ട്വിറ്ററിലൂടെ അറിയിച്ചു. സംസ്ഥാന സർക്കാർ കൂടി വിൽപ്പന നികുതി വർധിപ്പിച്ചതോടെ പൊതുമേഖല എണ്ണക്കമ്പനികൾ വില കുറച്ചതിന്റെ പ്രയോജനം കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കാതെയായി. മാത്രമല്ല, എണ്ണവില കുറഞ്ഞിട്ടും കൂടുതൽ പണം നൽകി ഇന്ധനം നിറയ്‌ക്കേണ്ട അവസ്ഥയിലാണ് മലയാളികൾ.

തീരുവ കൂട്ടിയ വകയിൽ 6000 കോടിരൂപ അധികമായി നടപ്പ് സാമ്പത്തിക വർഷത്തിന്റെ ബാക്കിയുള്ള മൂന്നുമാസം കേന്ദ്രസർക്കാറിന് ലഭിക്കും. റോഡ് വികസനമാണ് സർക്കാരിന്റെ ലക്ഷ്യം. ദേശീയ ഹൈവേയുടെ മുഖച്ഛായ മാറ്റാനാണ് നീക്കം. 15000 കിലോമീറ്റർ റോഡ് പണിയുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനാണ് എക്‌സൈസ് തീരുവ കൂട്ടിയതെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. രണ്ട് വർഷത്തിനുള്ളിലാണ് ഇത്രയും ദൈർഘ്യത്തിൽ റോഡ് വരിക. ഇതിന് 10500 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ തീരുവ കൂട്ടലിലൂടെ 6000 കോടി രൂപ കിട്ടും. ബാക്കി അടുത്ത സാമ്പത്തിക വർഷവും.

അന്താരാഷ്ട്ര എണ്ണവില വൻതോതിൽ കുറഞ്ഞതിനെത്തുടർന്ന് ചില്ലറവിൽപ്പന വിലകൾ കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയ്യാറായിട്ടില്ല. ഇപ്പോഴത്തെ അന്താരാഷ്ട്ര വിലകൾപ്രകാരം പെട്രോളിന് 3.22 രൂപയും ഡീസലിന് മൂന്നുരൂപയും കുറയേണ്ടതാണ്. ഇന്ധന വില ഇടിവ് തുടങ്ങിയ ശേഷം നേരത്തേ രണ്ടുതവണ എക്‌സൈസ് തീരുവ കൂട്ടിയിരുന്നു. വർധന ഉപഭോക്താവിലേക്ക് കൈമാറിയിരുന്നില്ല. കഴിഞ്ഞ ഡിസംബർ രണ്ടിന് പെട്രോളിന് 2.25 രൂപയും ഡീസലിന് ഒരു രൂപയും ലിറ്ററിന് എക്‌സൈസ് തീരുവ വർധിപ്പിച്ചിരുന്നു.

രണ്ട് മാസത്തിനിടെ മൂന്നുതവണയായി തീരുവ ഉയർത്തിയതിലൂടെ 10,500 കോടിരൂപ സർക്കാറിന് ലഭിച്ചിരുന്നു. മൂന്നുതവണത്തെ വർധനയിൽനിന്ന് ലഭിക്കുന്ന തുക അടിസ്ഥാനസൗകര്യവികസനത്തിന് നീക്കിവെക്കും. അന്താരാഷ്ട്ര വിപണിയിൽ ഒരു ബാരൽ ക്രൂഡ് ഓയിലിന് 110 ഡോളറായിരുന്നപ്പോൾ പെട്രോൾ ലിറ്ററിന് 74 രൂപയോളമായിരുന്നു രാജ്യത്തെ വില. നിലവിൽ ക്രൂഡ് ഓയിൽ ബാരലിന് 57 ഡോളറാണ് വില. അപ്പോൾ രാജ്യത്ത് പെട്രോൾ വില 67 രൂപയും. ക്രൂഡ് ഓയിൽ വില പകുതിയോളം ഇടിഞ്ഞിട്ടും അതിന്റെ ഒരു ഗുണവും സാധാരണക്കാർക്ക് കിട്ടുന്നില്ല.

അന്താരാഷ്ട്ര വിപണയിലെ വില മാറ്റത്തിന് അനുസരിച്ച് എണ്ണ കമ്പനികൾ വില കുറയ്ക്കുന്നില്ല. ഇതിനുള്ള സമ്മർദ്ദം പൊതുമേഖലാ എണ്ണ കമ്പനികളിൽ കേന്ദ്ര സർക്കാർ ചെലുത്തുന്നില്ല. ഈ സാഹചര്യം ഉപയോഗിച്ച് ആസ്തി മൂല്യം കൂട്ടാനാണ് എണ്ണ കമ്പിനികൾ ശ്രമിക്കുന്നത്. ഇതിനിടെയാണ് എക്‌സൈസ് തീരുവ കൂട്ടി കേന്ദ്ര സർക്കാരും ജനങ്ങളെ ദ്രോഹിക്കുന്നത്.

പെട്രോൾ ലിറ്ററിന് 3.22 രൂപയും ഡീസലിന് 3 രൂപയും കുറയ്ക്കാനുള്ള സാഹചര്യമാണ് ഉണ്ടായിരുന്നത്. എക്‌സൈസ് തീരുവ കൂട്ടുമ്പോൾ രണ്ട് രൂപയുടെ വിലക്കുറവ് ഫലത്തിൽ എണ്ണ കമ്പനികൾ നൽകുന്നു. അപ്പോഴും സർക്കാരിന്റെ ഇടപെടലിലൂടെ ലിറ്ററിന് പെട്രോളിന് 1 രൂപ 22 പൈസയും ഡിസലിന് 1 രൂപയുടേയും നേട്ടം പൊതുമേഖലാ എണ്ണ കമ്പനികൾക്ക് ലഭിക്കുന്നു. അതുകൊണ്ട് തന്നെ വില കുറയ്ക്കാതെയുള്ള എക്‌സൈസ് തീരുവ വർദ്ധന കേന്ദ്ര സർക്കാരിനൊപ്പം എണ്ണ കമ്പനികൾക്കും സാമ്പത്തികമായി ഗുണകരമാണ്.

സാധാരണ പെട്രോളിന് 4.95 രൂപയായിരുന്നു എക്‌സൈസ് തീരുവ. ഇത് 6.95 രൂപയായി ഇനി മാറും. ഡീസിലിന്റേത് 3.96 പൈസയിൽ നിന്ന് 5.96 രൂപയായാണ് ഉയരുന്നത്. 2009 മേയിലെ ഇന്ധന വിലയുടെ സമാനമായ രീതിയിലാണ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇപ്പോൾ. താമസിയാതെ എണ്ണ വില ബാരലിന് 50 ഡോളറിലും താഴെ പോകുമെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാലും വലിയ വിലക്കുറവ് ഇന്ത്യയിൽ ഉണ്ടാകില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടലുകൾ നൽകുന്ന സൂചന.

കാരണം റോഡ് വികസനത്തിന് അടുത്ത നാല് വർഷത്തേക്ക് 1.18 കോടി രൂപ വേണമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്. ഇതിനുള്ള ഫണ്ട് കണ്ടെത്താൻ പെട്രോൾഡീസൽ എക്‌സൈസ് തീരുവ ഉയർത്തൽ പരിപാടി മോദി സർക്കാർ തുടരനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP