Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഭ്യന്തര മന്ത്രി ആദിവാസി ഊരുകളിൽ എത്തിയപ്പോൾ അക്രമ പ്രതിഷേധവുമായി മാവോയിസ്റ്റുകൾ; മാനന്തവാടി ചുരത്തിന് താഴെ കരിങ്കൽ ക്വാറിയിലെത്തിയ സംഘം ഓഫീസ് അടിച്ചു തകർത്തു; ജീവനക്കാരെ ബന്ദിയാക്കി; ഒരു സ്ത്രീ അടങ്ങിയ സംഘം മാവോയിസ്റ്റ് മുദ്രാവാക്യം വിളിച്ചു നടന്ന് മറഞ്ഞു

ആഭ്യന്തര മന്ത്രി ആദിവാസി ഊരുകളിൽ എത്തിയപ്പോൾ അക്രമ പ്രതിഷേധവുമായി മാവോയിസ്റ്റുകൾ; മാനന്തവാടി ചുരത്തിന് താഴെ കരിങ്കൽ ക്വാറിയിലെത്തിയ സംഘം ഓഫീസ് അടിച്ചു തകർത്തു; ജീവനക്കാരെ ബന്ദിയാക്കി; ഒരു സ്ത്രീ അടങ്ങിയ സംഘം മാവോയിസ്റ്റ് മുദ്രാവാക്യം വിളിച്ചു നടന്ന് മറഞ്ഞു

കണ്ണൂർ: നെടുംപൊയിലിൽ കരിങ്കൽ ക്വാറിക്ക് നേരെ മാവോയിസ്റ്റ് ആക്രമണം. പേരാവൂർ 34ാം മൈലിൽ പ്രവർത്തിക്കുന്ന ന്യൂ ഭാരത് സ്‌റ്റോൺ ക്രഷറിന്റെ ഓഫീസ് ആയുധധാരികൾ അടിച്ചുതകർത്തു. അഞ്ചംഗ സംഘം പട്ടാള യൂണിഫോമിലെത്തിയാണ് ആക്രമണം നടത്തിയത്. പുലർച്ചെ രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചാണ് അക്രമികൾ എത്തിയത്. നാല് പുരുഷന്മാരും ഒരു സ്ത്രീയുമാണ് അക്രമ സംഘത്തിലുണ്ടായിരുന്നത്. ക്വാറിയിലെ ഓഫീസിലുണ്ടായിരുന്ന ജീവനക്കാരനെ ബന്ദിയാക്കിയ ശേഷമാണ് ആക്രമണം നടത്തിയത്.

കാവൽക്കാരനെ കെട്ടിയിട്ട ശേഷമായിരുന്നു ഒരു സ്ത്രീയും നാലു പുരുഷന്മാരുമടങ്ങുന്ന സംഘം ഓഫീസ് ആക്രമിച്ചത്. ക്വാറിയുടെ ഓഫിസ് മുറി അടിച്ചുതകർക്കുകയും രേഖകളും മറ്റും കത്തിക്കുകയും ചെയ്തു. ജനൽച്ചില്ലുകളും തകർത്തു. ഓഫീസിൽ സ്ഥാപിച്ചിരുന്ന സിസി.ടി.വി കാമറകൾ അക്രമികൾ എടുത്തു കൊണ്ടു പോവുകയും ചെയ്തു. കൂടാതെ മാവോയിസ്റ്റ് അനുകൂല ലഘുലേഖയും ഓഫീസിന് പുറത്ത് പതിച്ചു. അക്രമി സംഘം പട്ടാളവേഷത്തിലാണ് എത്തിയതെന്നും മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയതായും കാവൽക്കാരൻ പറഞ്ഞു. പൊലീസെത്തി അന്വേഷണം ആരംഭിച്ചു.

വയനാടിലേക്കുള്ള മാനന്തവാടി ചുരത്തിന് താഴെയുള്ള ക്വാറിയാണ് ആക്രമിക്കപ്പെട്ടത്. ആക്രമത്തിന് ശേഷം ഇവർ കാട്ടിനുള്ളിലേക്ക് കടന്നു. അക്രമികൾ എത്തിയത് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളച്ചാണെന്ന് ക്വാറിയിൽ ബന്ദിയാക്കപ്പെട്ട ജീവനക്കാർ പറഞ്ഞു. ക്വാറി ഓഫീസിന് തൊട്ടടുത്തുള്ള ഗസ്റ്റ് ഹൗസിലാണ് ഇവരെ ബന്ദിയാക്കിയത്. അതിന് ശേഷം മറ്റൊരു സംഘമാണ് ഓഫീസ് അടിച്ചു തകർത്തത്. പോസ്റ്ററും ഒട്ടിച്ചു. അനധികൃത ക്വാറികൾ അനുവദിക്കില്ലെന്നും മാവോയിസ്റ്റ് വേട്ടയ്ക്ക് എതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നുമാണ് പോസ്റ്ററിലുള്ളത്. പശ്ചിമഘട്ടത്തെ സായുധവൽക്കരിക്കാനുള്ള പൊലീസ് നീക്കവും അനുവദിക്കില്ലെന്ന് പോസ്റ്ററിൽ വ്യക്തമാക്കുന്നു.

കണ്ണൂരിലെ പശ്ചിമ ഘട്ട മലനിരകളുടെ പ്രദേശത്താണ് ആക്രമണം. ഇവിടുത്ത എട്ട് പൊലീസ് സ്‌റ്റേഷൻ അതിർത്തികൾ മാവോയിസ്റ്റ് ഭീഷണിയിലാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തണ്ടർ ബോൾട്ട് അടക്കമുള്ള സേനാ വിന്യാസവും ഉണ്ട്. ഈ മേഖലയിലെ മാവോയിസ്റ്റ് ആക്രമണം അതുകൊണ്ട് തന്നെ ഗുരുതരമായി തന്നെ വിലിയിരുത്തുന്നുണ്ട്. എന്നാൽ മാവോയിസ്റ്റ് അക്രമണമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞിട്ടും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആരും സ്ഥലത്ത് എത്തിയില്ല. കണ്ണൂരിലെ ചെറുപുഴയിലാണ് ആദ്യം മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ സ്വഭാവത്തിലുള്ള അക്രമമൊന്നും കണ്ണൂർ മേഖലയിൽ മാവോയിസ്റ്റുകൾ നടത്തിയിരുന്നില്ല.

ഇന്നലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള വയനാട്ടിലെ ആദിവാസി മേഖലകളിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തിയിരുന്നു. ആദിവാസികളുമായി അദ്ദേഹം സംസാരിച്ചു. ആദിവാസികളെ വിശ്വാസത്തിലെടുത്ത് മാവോയിസ്റ്റ് വേട്ട ശക്തമാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം. ഇതിനുള്ള തിരിച്ചടി കൂടിയാണ് ഇന്ന് പുലർച്ചെ മാവോയിസ്റ്റുകൾ നടത്തിയ ആക്രമമെന്നും വിലയിരുത്തിൽ ഉണ്ട്. മാവോയിസ്റ്റുകൾക്കെതിരെ ആദിവാസികളെ ഒരുമിപ്പിക്കാൻ പുതുവൽസരവും വയനാട്ടിലെ ആദിവാസി കോളനിയിലാണ് രമേശ് ചെന്നിത്തല ചെലവഴിച്ചത്. ഇതെല്ലാം കണ്ണൂരിലെ ആക്രമണത്തിന് കാരണമായിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തൽ.

ഡിസംബർ 22ന് പാലക്കാട് സൈലന്റ് വാലിയിലും വയനാട്ടിലെ വെള്ളമുണ്ടയിലും മാവോവാദി ആക്രമണം ഉണ്ടായിരുന്നു. മുക്കാലിയിലുള്ള വനംവകുപ്പിന്റെ സൈലന്റ് വാലി റേഞ്ച് ഓഫീസിനു പുലർച്ചെ ഒന്നരയോടെയാണ് ആക്രമണമുണ്ടായത്. വെള്ളമുണ്ടയിലെ ഫോറസ്റ്റ് ഔട്ട്‌പോസ്റ്റിന് നേർക്കാണ് ആക്രമണം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP